Wednesday, March 24, 2010

ഒരു ഡി.എന്‍.എ കേസ്‌ ഡയറി


ജനുവരിയുടെ തണുത്ത പ്രഭാതത്തിന്‌ ഉത്‌കണ്‌ഠയുടെ തീനാമ്പുകള്‍ തീര്‍ത്തു കൊടുത്തുകൊണ്ടാണ്‌ വാര്‍ത്ത പരന്നത്‌. നഗരത്തില്‍ നിന്നും വളരെ മാറിയുള്ള തരിശുഭൂമിയുടെ വിജനതയില്‍ ഒരു സ്‌ത്രീയുടെ മൃതശരീരം. നോക്കുകുത്തികളായി നില്‍ക്കുന്ന ചില ഇലപൊഴിയും മരങ്ങളൊഴിച്ചാല്‍ ഇരുവശവും അനന്തമായി നീണ്ടുകിടക്കുന്ന ഒറ്റവരിപ്പാത മാത്രം. ചരക്കുവണ്ടികള്‍ പോലും അപൂര്‍വ്വമായി കടന്നെത്തുന്ന കാലിഫോര്‍ണിയ മരുഭൂമിയുടെ തുടക്കം. സമീപ വാസികളായി ആരും തന്നെയില്ല. ആള്‍പ്പാര്‍പ്പുള്ള പ്രദേശങ്ങള്‍ പോലും കാതങ്ങള്‍ അകലെ മാത്രം. സവിശേഷമായ ഒരു `ഡി.എന്‍.എ കേസ്‌ ഡയറി'യുടെ തുടക്കം അവിടെ നിന്നായിരുന്നു.

സംഭവസ്ഥലം പരിശോധിച്ച കുറ്റാന്വേഷകര്‍ക്ക്‌ കണ്ടെത്താനായത്‌ ശവശരീരത്തിന്‌ കുറച്ചുദൂരെയായി കിടന്നിരുന്ന ഒരു പേജര്‍ ഉപകരണം മാത്രമായിരുന്നു. യേള്‍ ബൊഗാന്‍ എന്നയാളിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒന്നായിരുന്നു അത്‌. പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ ശ്വാസം മുട്ടിയുള്ള കൊലപാതകം അടിവരയിട്ടതോടെ പോലീസുദ്യോഗസ്ഥര്‍ പേജറിന്റെ ഉടമയെത്തേടിയിറങ്ങി. കുറ്റകൃത്യം നടന്ന സമയത്തിനോടടുപ്പിച്ച്‌ ഒരു വെളുത്ത പിക്‌അപ്‌ ട്രക്ക്‌ വേഗതയില്‍ പാഞ്ഞുപോകുന്നതായി കണ്ടെന്ന ഒരു സാക്ഷിമൊഴിയും കൂട്ടിച്ചേര്‍ത്തപ്പോള്‍ അവരെത്തിയത്‌ യേള്‍ ബൊഗാന്റെ വീട്ടില്‍ തന്നെയായിരുന്നു. അയാളുടെ മ കന്‍ മാര്‍ക്‌ ബൊഗാന്‌ ഒരു വെള്ള പിക്‌അപ്‌ ട്രക്ക്‌ സ്വന്തമായുണ്ടായിരുന്നു. പക്ഷേ, ഇരുവരും കുറ്റം നിഷേധിക്കുകയാണുണ്ടായത്‌.

തന്റെ പേജര്‍ ഉപകരണം, നഗരത്തിലെ തിരക്കിനിടയില്‍ വെച്ച്‌, ഒരാഴ്‌ച മുമ്പ്‌, ഒരു സ്‌ത്രീ തട്ടിപ്പറിക്കുകയായിരുന്നുവെന്നും അവരെക്കുറിച്ച്‌ തനിക്കൊന്നുമറിയില്ലെന്നുമായിരുന്നു മാര്‍ക്‌ ബൊഗാന്റെ മൊഴി. ഇത്തവണ കുടുങ്ങിയത്‌ പോലീസായിരുന്നു. കുറ്റവാളി മറ്റാരോ ആണെന്ന ദിശയിലേക്കാണ്‌ കാര്യങ്ങള്‍ വിരല്‍ച്ചൂണ്ടുന്നത്‌. എന്നാല്‍, തിരിച്ചുപോകുന്നതിനുമുമ്പ്‌ മാര്‍ക്‌ ബൊഗാന്റെ വാഹനം പരിശോധിച്ച അന്വേഷണ സംഘത്തിലെ സമര്‍ത്ഥനായ ഒരുദ്യോഗസ്ഥന്‌ പിക്‌ അപ്‌ ട്രക്കിന്റെ പുറകിലെ പ്ലാറ്റ്‌ഫോമില്‍ നിന്നും ചതഞ്ഞ രണ്ട്‌ വൃക്ഷക്കായ്‌കള്‍ കണ്ടെടുക്കാനായി. അവിടങ്ങളില്‍ സാര്‍വ്വത്രികമായി വളര്‍ന്നിരുന്ന പാലൊ വെര്‍ഡേ എന്ന പാഴ്‌മരത്തിന്റെ കായ്‌കളായിരുന്നു അവ. ശവശരീരം കിടന്നിരുന്ന സ്ഥലത്ത്‌ ഈയിനത്തില്‍ പെട്ട ഒന്നുരണ്ടു മരങ്ങള്‍ ഉണ്ടായിരുന്നു എന്നകാര്യം സംശയം വീണ്ടുമുണര്‍ ത്തുന്നതായിരുന്നുവെങ്കിലും അക്കാര്യം രഹസ്യമായി സൂക്ഷിച്ചുകൊണ്ടാണ്‌ അന്വേഷണോദ്യോഗസ്ഥര്‍ ബൊഗാന്റെ കുടുംബത്തോട്‌ വിടവാങ്ങിയത്‌.

ഒരിക്കല്‍ കൂടി സംഭവസ്ഥലം പരിശോധിച്ച കുറ്റാന്വേഷകര്‍ക്ക്‌ മറ്റൊരു സുപ്രധാന തെളിവുകൂടി ലഭിച്ചു. താഴേക്ക്‌ വളഞ്ഞുവളര്‍ന്നിരുന്ന പാലോ വെര്‍ഡേ മരത്തിന്റെ ശിഖരങ്ങളിലൊന്നില്‍ ഒരു വാഹനം ഉരഞ്ഞാലുണ്ടാകുന്നതിനു സമാനമായ പരിക്കുകള്‍ അവര്‍ കണ്ടെത്തി. ഇക്കാര്യങ്ങള്‍ മുഖ്യതെളിവുകളായി രേഖപ്പെടുത്തിക്കൊണ്ട്‌ മുന്നോട്ടുപോയ പോലീസിന്‌ പക്ഷേ, കോടതിയില്‍ പരാജയമാണ്‌ നേരിട്ടത്‌. കാലിഫോര്‍ണിയ മരുഭൂമിയിലും സമീപ പ്രദേശങ്ങളിലും സര്‍വ്വസാധാരണമായി കാണുന്ന ഒന്നാണ്‌ സെര്‍സിഡിയം മൈക്രോഫില്ലം (Cercidium microphyllum) എന്ന ശാസ്‌ത്രീയ നാമത്തിലറിയപ്പെടുന്ന പാലോ വെര്‍ഡേ വൃക്ഷം. ഇതിന്‌ സമാനസ്‌പീഷീസുകളും നിലവിലുണ്ടെന്നിരിക്കെ, കുറ്റകൃത്യം നടന്ന സ്ഥലത്തിനടുത്തുള്ള വൃക്ഷത്തിന്റെ കായ്‌ തന്നെയാണ്‌ മാര്‍ക്‌ ബൊഗാന്റെ വാഹനത്തില്‍ കണ്ടത്‌ എന്ന്‌ ഉറപ്പിച്ചുപറയുന്നതെങ്ങനെ എന്നതായിരുന്നു ചോദ്യം.

ഭാഗ്യവും ബൊഗാന്‍ കുടുംബത്തിന്റെ പക്ഷത്തായിരുന്നു. സം ഭവം നടന്നതായി പറയുന്ന സമ യം താന്‍ സ്ഥലത്തില്ലായിരുന്നുവെന്ന്‌ രേഖകള്‍ മൂലം കോടതി യെ ബോധ്യപ്പെടുത്താന്‍ ബൊ ഗാന്‌ കഴിഞ്ഞു. പ്രതിയെയും കുറ്റകൃത്യത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏക തെളിവ്‌ വൃക്ഷക്കായ്‌കള്‍ ആണെന്നിരിക്കെ പോലീ സ്‌ ശരിക്കും വെട്ടിലാവുകയും ചെയ്‌തു. ബാലിശമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന്‌ മാന്യരായി ജീവിക്കുന്നവരെ തേ ജോവധം ചെയ്യുകയും യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ്‌ പോലീസ്‌ ചെയ്യുന്നത്‌ തുടങ്ങിയുള്ള വിമര്‍ശനങ്ങള്‍ കൂടിയായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പുലിവാലു പിടിക്കുകയായിരുന്നു പോലീസ്‌. ഈ സാഹചര്യത്തിലാ ണ്‌ സംഭത്തിലെ ഏക `ദൃക്‌സാക്ഷിയായ' പാലോ വെര്‍ഡേ വൃക്ഷത്തിന്റെ ഡി.എന്‍.എ ഫിംഗര്‍ പ്രിന്റിംഗ്‌ നടത്തുന്നതിലേക്ക്‌ കാര്യങ്ങള്‍ ചെന്നെത്തിയത്‌.

കുറ്റാന്വേഷണ രംഗത്തെ ഡി.എന്‍.എ ഫിംഗര്‍ പ്രിന്റിന്റെ പ്ര യോഗം അത്ര കണ്ട്‌ പുതുമയൊ ന്നും അവകാശപ്പെടാനില്ലാത്ത താണെങ്കിലും ഒരു സസ്യത്തിന്റെ വ്യക്തിത്വനിര്‍ണ്ണയത്തിന്‌ അതുപയോഗിക്കപ്പെടുക എന്നത്‌ നീതിന്യായ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു. ഫിംഗര്‍ പ്രിന്റിംഗ്‌ ചെടികളില്‍ നടത്താന്‍ കഴിയുമോ എന്ന ചോദ്യം പോ ലും ഉയര്‍ന്നു വന്നിരുന്നു. ജീവികളിലെയെല്ലാം അടിസ്ഥാന പാരമ്പര്യ ഘടകമായ ഡി.എന്‍.എയുടെ തന്മാത്രാ തല ചേരുവകളായ നൈട്രജന്‍ സംയുക്തങ്ങളുടെ ക്രമത്തെ സമഗ്രമായും ചില സവിശേഷ സ്ഥാനങ്ങളില്‍ സൂ ക്ഷ്‌മമായും താരതമ്യം ചെയ്യുന്ന പ്രക്രിയയാണ്‌ ഡി.എന്‍.എ ഫിം ഗര്‍ പ്രിന്റിംഗ്‌. അഡിനിന്‍, ഗ്വാനി ന്‍, തൈമിന്‍, സൈറ്റോസിന്‍ എന്നിങ്ങനെയുള്ള ഈ നൈട്രജന്‍ സംയുക്തങ്ങളുടെ എണ്ണമറ്റ തുടര്‍ച്ചകളിലെവിടെയോ പതിയിരിക്കുന്ന അതീവക്ലിപ്‌തമായ ചിലതരം തനിയാവര്‍ത്തനങ്ങളെ കണ്ടെത്തുക വഴിയാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌.

രക്തക്കറയില്‍ നിന്നോ തലനാരിഴയില്‍നിന്നുപോലുമോ വ്യക്തികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഡി.എന്‍.എ ഫിംഗര്‍ പ്രിന്റിംഗ്‌ പക്ഷേ, സസ്യങ്ങളില്‍ പരീക്ഷിക്കാനോ അതിന്റെ പ്രയോഗസാധ്യതകള്‍ മനസ്സിലാക്കാനോ ലാബറട്ടരി തലത്തില്‍പോലും ശ്രമങ്ങള്‍ നടത്തിയിട്ടില്ലാത്ത സമയമായിരുന്നു പോലീസിന്‌ കൂട്ടിനുണ്ടായത്‌. ഇത്തരത്തിലൊരു ചിന്തപോലും മുളപൊട്ടാതിരുന്ന ഫോറന്‍സിക്‌ ലബോറട്ടറികളില്‍നിന്നും അങ്ങനെയാണ്‌ അവര്‍ അരിസോണ സര്‍വകലാശാലയിലെ തന്മാത്ര തല ജനിതക (Molecular Genetics) വിഭാഗത്തിലെത്തിയത്‌. അവിടെ ഡോ. തിമോതി ഹെലന്റ്‌ ജാരിസ്‌ പോലീസിന്‌ ഇക്കാര്യത്തില്‍ എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുകയായിരുന്നു. ഡോ. ഹെലന്റ്‌ ജാരിസിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ്‌ അവിടം മുതല്‍ ബൊഗാന്‍ കേസിന്റെ ദുരൂഹതകള്‍ ഒന്നൊന്നായി അനാവൃതമാക്കിയത്‌.

കാലിഫോര്‍ണിയയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പാലോ വെര്‍ഡേ വൃക്ഷത്തിന്റെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ച ഡോ. ഹെലന്റ്‌ ജാരിസും സം ഘവും അവയെ ചില പ്രത്യേക രാസാഗ്നികള്‍ (Restriction Enzymes) ഉപയോഗിച്ച്‌ മുറിക്കുകയാണ്‌ ആദ്യം ചെയ്‌തത്‌. സവിശേഷമായ ഒരു ക്രമത്തില്‍ നൈട്രജന്‍ ഘടകങ്ങള്‍ ചേര്‍ ന്നിരിക്കുന്ന ഭാഗങ്ങളില്‍ മാത്രം രൂപപ്പെടുന്ന ഇത്തരം മുറിപ്പെടലുകള്‍, ഡി.എന്‍.എ തന്തുവിനെ വലുതും ചെറുതുമായ അനേകം കഷണങ്ങളാക്കുകയാണ്‌ ചെയ്യുക. ഒരു നൈലോണ്‍ പ്രതലത്തിലേക്ക്‌ ഒപ്പിയെടുക്കപ്പെടുന്ന ഇത്തരം കഷണങ്ങളില്‍ പിന്നീട്‌ റേഡിയോ പ്രസരണശേഷിയുളള ചില `മിനുക്കു'കള്‍ പതിച്ചെടുക്കും. ഈ മിനുക്കുകളെ റേഡിയോഗ്രാഫി ഉപയോഗിച്ച്‌ പകര്‍ത്തിയെടുത്താണ്‌ ഒരു ചെടിയുടെ `ഫിംഗര്‍ പ്രിന്റ്‌' തയ്യാറാക്കിയത്‌.

ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ഒരു ഫിംഗര്‍ പ്രിന്റില്‍ റേഡിയോ പ്രസരണ ശേഷിയുള്ള `മിനുക്കു'കളുടെ സ്ഥാനം അതിലെ ഡി.എന്‍.എ കണങ്ങളുടെ വലിപ്പത്തിന്‌ അനുസരണമായിരിക്കും. ഈ കഷണങ്ങളുടെ വലിപ്പം അത്‌ ഏതൊക്കെ സ്ഥാനങ്ങളില്‍ മുറിഞ്ഞുവെന്നതിനെ ആശ്രയിക്കുന്നതായിരിക്കും. ഈ മുറിപ്പാടുകളുണ്ടായത്‌ ഒരു വിശേഷ തരം ആവര്‍ ത്തന ക്രമത്തെയായിരിക്കും സൂചിപ്പിക്കുക. ചുരുക്കത്തില്‍, ഒരു ജീവിയുടെ തനത്‌ ഡി.എന്‍എക്കുള്ളില്‍, അടിസ്ഥാന നിര്‍മ്മാണ ഘടകങ്ങളായ നൈട്രജന്‍ സംയുക്തങ്ങളെ (A,T,C,G മുതലായവ) അടുക്കിവെച്ചിരിക്കുന്ന ക്രമത്തിന്റെ വിദൂരചിത്രമായിരിക്കും ഓരോ ഫിംഗര്‍പ്രിന്റും വെളിപ്പെടുത്തുക. ഇത്‌ ഓരോ ജീവിയുടെയും കാര്യത്തില്‍ അനന്യമായിരിക്കും. ഓരോ പാലോ വെര്‍ഡേ മരവും അതിന്റേതായ ഒരു ഫിംഗര്‍ പ്രിന്റ്‌ സൂക്ഷിക്കുന്നതാണ്‌ എന്നര്‍ത്ഥം. അങ്ങനെ, മാര്‍ക്‌ ബെഗാന്റ്‌ വാദമുഖങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന്‌ തെളിയിക്കുന്നതായിരുന്നു ഡോ. ഹെലന്റ്‌ ജാരിസ്‌ കോടതിയില്‍ ഹാജരാക്കിയ സാക്ഷ്യപത്രം. ബെഗാന്റ്‌ വാഹനത്തില്‍ നിന്നും കണ്ടെടുത്ത വൃക്ഷക്കായ്‌കള്‍ കൊലപാതകം നടന്ന സ്ഥലത്തുണ്ടായിരുന്ന പാ ലോ വെര്‍ഡേ വൃക്ഷത്തിന്റേതു തന്നെയാണെന്ന്‌ അസന്നിഗ്‌ധമായി വെളിപ്പെടുത്തുന്നതായിരുന്നു അത്‌. തന്നെയുമല്ല, ഇതര പ്രദേശങ്ങളില്‍ വളര്‍ന്നിരുന്ന പാലോ വെര്‍ഡേ വൃക്ഷങ്ങളിലൊന്നു പോലും ബെഗാന്റ്‌ വണ്ടിയി ല്‍ നിന്നുകിട്ടിയ വൃക്ഷക്കായ്‌ക്കളുടെ ഫിംഗര്‍ പ്രിന്റുമായി സാമ്യമേതുമില്ലാത്തവയായിരുന്നു. ഈ തെളിവുകള്‍ അംഗീകരിച്ചുകൊ ണ്ട്‌ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

1980 മുതലുള്ള ഒട്ടുവളരെ ദുരൂഹമായ കേസുകളില്‍ പലതിലും ഒരു ആത്യന്തിക തെളിവെന്ന നി ലയില്‍ ഡി.എന്‍.എ ഫിംഗര്‍ പ്രിന്റിംഗ്‌ പ്രയോജനപ്പെടുത്തിയിരുന്നു. കുറ്റാന്വേഷണ ശാസ്‌ത്രവും ഫോറന്‍സിക്‌ മെഡിസിനും ഒട്ടുവളരെ പുരോഗതി പ്രാപിച്ച ദിനങ്ങളാണ്‌ കടന്നു പോയത്‌. സുപ്രസിദ്ധ കുറ്റാന്വേഷക കഥാപാത്രമായി ഷെര്‍ലക്‌ ഹോംസിന്റെ അ നുയായിയായി ഡോക്‌ടര്‍ വാട്‌സ നെ അവതരിപ്പിച്ചുകൊണ്ട്‌ കോനന്‍ ഡോയല്‍ സൂചിപ്പിച്ച മെഡിക്കല്‍ ജൂറിസ്‌ പ്രൂഡന്‍സിന്റെ വികാസവും അത്ഭുതാവഹം തന്നെയാണ്‌. ഫോറന്‍സിക്‌ സയന്‍സും സൈബര്‍ സയന്‍സും കൈകോര്‍ക്കുന്ന ഡാറ്റാബെയ്‌സുകളുടെ ലോകത്തിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. പക്ഷേ, അപ്പോഴും നിയമത്തിന്റെ ഇഴക്കുരുക്കുകള്‍ വ്യാ ഖ്യാനിച്ച്‌ രക്ഷ പ്രാപിക്കുന്ന കുറ്റവാളികള്‍ സുരക്ഷിതരായി തുടരുകയുമാണ്‌.