Friday, May 28, 2010

കാറ്റുകള്‍ക്കുമുണ്ട്‌ പേരിടല്‍

                                                                        
ചുഴലിക്കാറ്റുകള്‍ക്ക്‌ പേരിടുന്ന രീതിക്ക്‌ നൂറ്റാണ്ടുകളോളം പഴക്കമുണ്ട്‌. പുതിയ തീരങ്ങള്‍ തേടി യൂറോപ്പുകാര്‍ കപ്പല്‍യാത്രകള്‍ നടത്തിയിരുന്ന കാലംമുതല്‍ക്കേ അതിനും തുടക്കമായി. ആദ്യകാലങ്ങളില്‍ ചുഴലിക്കാറ്റുകള്‍ പുണ്യാളന്മാരുടെ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ ഇതിനു മാറ്റമുണ്ടായത്‌. കാലാവസ്ഥാ ശാസ്‌ത്രജ്ഞനായ ക്ലെമെന്റ്‌ ലിന്‍ഡ്‌ലി വ്രാഗ്‌ (Clement Lindley Wragg) ആണ്‌ വ്യക്തികളുടെ പേര്‌ കാറ്റുകള്‍ക്ക്‌ നല്‍കിത്തുടങ്ങിയത്‌.


രണ്ടാം ലോകമഹായുദ്ധകാലത്താണ്‌, ചുഴലിക്കാറ്റുകളുടെ പേരുകള്‍ വ്യക്തമായി വിനിമയംചെയ്യുന്നതിലെ പ്രാധാന്യം മനസ്സിലാക്കപ്പെട്ടത്‌. വാര്‍ത്താവിനിമയബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതിലൂടെ ചുഴലിക്കാറ്റുകളുടെ വരവും സംഹാരപാതയും പ്രവചിക്കാമെന്നായതും പേരിടലിന്റെ പ്രസക്തി വര്‍ധിപ്പിച്ചു. കപ്പലുകളെ സാധാരണയായി ഇംഗ്ലീഷുകാര്‍ `സ്‌ത്രീലിംഗ'മായാണ്‌ പ്രയോഗിച്ചിരുന്നത്‌. അതിനാല്‍ ചുഴലിക്കാറ്റുകളും പെണ്‍പേരുകളിലാണ്‌ അറിയപ്പെട്ടിരുന്നത്‌. 1979ല്‍ ലോക കാലാവസ്ഥാ സംഘടന(World Meteorological Organisation) യാണ്‌ ഈ കീഴ്‌വഴക്കത്തിനു മാറ്റംവരുത്തി, ആണ്‍പേരുകളും പെണ്‍പേരുകളും ഇടകലര്‍ത്തി ഉപയോഗിച്ചുതുടങ്ങിയത്‌.


ചുഴലിക്കാറ്റുകളുടെ പേരിടല്‍ സംബന്ധിച്ച ഏറ്റവും ശ്രദ്ധേയമായ വസ്‌തുത ഉറവിടത്തെ അടിസ്ഥാനമാക്കിയല്ല, ഏതു ഭൂമേഖലയെയാണോ അതു ബാധിക്കുന്നത്‌, അവിടുത്തെ ഔദ്യോഗിക സംവിധാനമാണ്‌ അതിനു പേരു നല്‍കേണ്ടത്‌. ഇതിന്റെ അടിസ്ഥാനത്തില്‍, ലോക കാലാവസ്ഥാ സംഘടനയ്‌ക്കു കീഴില്‍ മേഖലാധിഷ്‌ഠിത പേരിടല്‍ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ടൈഫൂണ്‍ കമ്മിറ്റി, പാനല്‍ ഓണ്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍സ്‌, ട്രോപ്പിക്കല്‍ സൈക്ലോണ്‍ കമ്മിറ്റി, ഹരികേയ്‌ന്‍ കമ്മിറ്റി, എന്നിവയാണവ. ഇതിന്‌ ഉപസമിതികളുമുണ്ട്‌.


ഇതില്‍ പാനല്‍ ഓണ്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍സിന്റെ 27-ാം സമ്മേളന ( ഒമാന്‍ 2000)ത്തിലെ തീരുമാനപ്രകാരമാണ്‌ ബംഗാള്‍ ഉള്‍ക്കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റുകളുടെ പേരിടല്‍ സംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനമായത്‌. ബംഗ്ലാദേശ്‌, ഇന്ത്യ, മാലദ്വീപ്‌, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്‌ എന്നിവയായിരുന്നു പാനലിലെ അംഗരാജ്യങ്ങള്‍. 2004 സെപ്‌തംബര്‍മുതലാണ്‌ ഈ പട്ടിക അടിസ്ഥാനമാക്കി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകള്‍ക്ക്‌ പേരിട്ടു തുടങ്ങിയത്‌. പട്ടികയിലെ പേരുകള്‍ തീര്‍ന്നുപോയാല്‍, പുതിയവ കൂട്ടിച്ചേര്‍ക്കുകയോ തുടക്കംമുതല്‍ പഴയ പേരുകള്‍ ആവര്‍ത്തിച്ച്‌ ഉപയോഗിക്കുകയോ ചെയ്യും. എന്നാല്‍ വന്‍കിട നാശനഷ്ടങ്ങള്‍ വരുത്തുന്ന ചുഴലിക്കാറ്റുകളെ `വിരമിച്ച'തായി കണക്കാക്കുകയാണ്‌ പതിവ്‌. ഇവയുടെ പേരുകള്‍ പിന്നീട്‌ ആവര്‍ത്തിക്കില്ല.


അടുത്തിടെ നാശംവിതച്ച ചുഴലിക്കാറ്റായ `ലൈല'യ്‌ക്ക്‌ `കറുത്ത തലമുടിയുള്ള സുന്ദരി' എന്നാണര്‍ഥം. അന്താരാഷ്‌ട്ര കീഴ്‌വഴക്കമനുസരിച്ച്‌, ചുഴലിക്കാറ്റിനാല്‍ ബാധിതമാവുന്ന രാഷ്‌ട്രത്തിലെ ഔദ്യോഗിക സംവിധാനത്തിനാണ്‌ അതിനു പേരുനല്‍കേണ്ട ചുമതല. അതിനാലാണ്‌ പേരിടല്‍ കര്‍മം ഇന്ത്യയില്‍ നിക്ഷിപ്‌തമായത്‌. എങ്കിലും ഈ പേരു നിര്‍ദേശിച്ചത്‌ പാകിസ്ഥാനാണ്‌.

 ഇതു കൂടാതെ വരുംകാലങ്ങളിലേക്ക്‌ മാലദ്വീപ്‌, മ്യാന്‍മര്‍, ഒമാന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക, തായ്‌ലന്‍ഡ്‌ എന്നിവയും പേരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. അടുത്ത ചുഴലിക്കാറ്റിന്റെ പേരായ `ബന്ധു' നിര്‍ദേശിച്ചിരിക്കുന്നത്‌ ശ്രീലങ്കയാണ്‌. അതിനടുത്തത്‌ `െഫറ്റ്‌' എന്ന വിളിപ്പേരിലാണ്‌ അറിയപ്പെടുക. തായ്‌ലന്‍ഡാണ്‌ ഇതു നിര്‍ദേശിച്ചിരിക്കുന്നത്‌. 2015വരെയുള്ള ചുഴലിക്കാറ്റുകള്‍ക്കുള്ള പേരുകള്‍ ഇങ്ങനെ പട്ടികയായി സൂക്ഷിച്ചിട്ടുണ്ട്‌.

Saturday, May 15, 2010

ഓസോണ്‍ വിള്ളലിന്‌ 25

                                                                                
ഓസോണ്‍ പാളിയിലെ `വിള്ളല്‍' കണ്ടെത്തിയിട്ട്‌ 25 വര്‍ഷം തികയുന്നു. 1985 മേയില്‍ പുറത്തിറക്കിയ നേച്ചര്‍ എന്ന ഗവേഷണ ജേണലിലാണ്‌ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്‌. അന്റാര്‍ട്ടിക്‌ മേഖലയിലാണ്‌ ഓസോണ്‍ കവചത്തിലെ വിള്ളല്‍ ആദ്യം നിരീക്ഷിക്കപ്പെട്ടത്‌. ബ്രിട്ടീഷ്‌ അന്റാര്‍ട്ടിക്‌ സര്‍വേയിലെ ശാസ്‌ത്രജ്ഞരായ ജോയ്‌ ഫാര്‍മാന്‍, ബ്രിയാന്‍ ഗാര്‍ഡിനെര്‍, ജോനാതന്‍ ഷാങ്‌ക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ അതു കണ്ടെത്തിയത്‌.


ഓസോണ്‍പാളിയുടെ നാശത്തിനു കാരണമാവുന്ന പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നുണ്ടെന്ന്‌ നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിലും അത്‌ പ്രതീക്ഷിച്ചതിലേറെ ഭീകരമായ ആക്രമണമാണെന്നു തെളിയിച്ചത്‌ നേച്ചറിലെ പഠനപ്രബന്ധമായിരുന്നു. ശാസ്‌ത്രലോകത്തും പുറത്തും ഇതു സൃഷ്ടിച്ച പ്രതികരണങ്ങളായിരുന്നു 1987ലെ `മോണ്‍ട്രിയല്‍ ഉടമ്പടി'യിലേക്കുനയിച്ചത്‌. ഓസോണ്‍പാളിയെ നശിപ്പിക്കുന്ന വസ്‌തുക്കളുടെ ഉല്‍പ്പാദനവും വിപണനവും നിയന്ത്രിക്കുന്നതിനുള്ള അന്തര്‍ദേശീയ ഉടമ്പടിയായിരുന്നു `മോണ്‍ട്രിയല്‍'.

ഭൂമിയുടെ ബാഹ്യാന്തരീക്ഷത്തിലാണ്‌ ഓസോണ്‍കവചമുള്ളത്‌. സ്‌ട്രാറ്റോസ്‌ഫിയര്‍ എന്നാണ്‌ ഈ മേഖലയുടെ പേര്‌. ഇവിടെയുള്ള ഓക്‌സിജന്‍ തന്മാത്രകള്‍ അള്‍ട്രാവയലറ്റ്‌ വികിരണങ്ങളുടെ പ്രേരണയാല്‍ രണ്ട്‌ ഓക്‌സിജന്‍ ആറ്റങ്ങളായി വേര്‍തിരിയും. ഇവയിലൊന്ന്‌ മറ്റൊരു ഓക്‌സിജന്‍ തന്മാത്രയുമായി ഒത്തുചേരാനിടയായാല്‍, അതിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ്‌ 03 എന്ന `ഓസോണ്‍'. ഇവ ഭൗമാന്തരീക്ഷത്തില്‍ ഒരു ആവരണമായി നിലനില്‍ക്കുന്നുവെന്നത്‌ ആദ്യമായി കണ്ടെത്തിയത്‌ സിഡ്‌നി ചാപ്‌മാന്‍ എന്ന ശാസ്‌ത്രജ്ഞനായിരുന്നു- 1930ല്‍. തുടര്‍ന്നു നടന്ന പഠനങ്ങളില്‍, ഓക്‌സിജനില്‍നിന്ന്‌ ഓസോണ്‍ രൂപമെടുക്കുന്നതിന്‌ തടസ്സംനില്‍ക്കുന്ന ചില രാസഘടകങ്ങളും അവിടെത്തന്നെ ഉള്ളതായി കണ്ടെത്തുകയുണ്ടായി. ഓസോണിനെ തിരിച്ച്‌ ഓക്‌സിജനായി മാറ്റുന്നതിലൂടെ ഓസോണ്‍പാളിയുടെ കട്ടി കൂടാതെ നോക്കുകയാണ്‌ ഇവയുടെ ജോലി. അല്ലെങ്കില്‍, കടന്നെത്തുന്ന സൂര്യപ്രകാശത്തിലെ ഊര്‍ജാംശത്തെ മുഴുവന്‍ വലിച്ചെടുത്ത്‌ ഓസോണ്‍പാളി ഭൂമിയിലെ ജീവനെ കഷ്ടത്തിലാക്കിയേനെ.

മേല്‍പ്പറഞ്ഞ തരത്തില്‍, ഓസോണ്‍-ഓക്‌സിജന്‍ സന്തുലനം നിലനിര്‍ത്തുന്നതിനായി ബാഹ്യാന്തരീക്ഷത്തിലുള്ളത്‌ ഹൈഡ്രോക്‌സില്‍ അയോണു(OH)കളും നൈട്രിക്‌ ഓക്‌സൈഡു(NO)മാണ്‌. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍മൂലം അവിടെ എത്തുന്നവയല്ല ഇവ . എന്നാല്‍, പില്‍ക്കാലത്ത്‌ നൈട്രജന്‍വളങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഇവ സൃഷ്ടിക്കപ്പെടാമെന്ന്‌ കണ്ടെത്തുകയുണ്ടായി. പക്ഷേ, ഇവയല്ല ഓസോണിന്റെ യഥാര്‍ഥ ശത്രുക്കളെന്നു മനസ്സിലാക്കാനായത്‌ 1974ല്‍ മാത്രമാണ്‌. `ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍' ആണ്‌ പുതിയ വില്ലനായത്‌. സ്‌ട്രാറ്റോസ്‌ഫിയര്‍ എന്ന ഓസോണ്‍മേഖലയിലെത്തുമ്പോള്‍ ഇവ അള്‍ട്രാവയലറ്റ്‌ വികിരണങ്ങളുടെ സ്വാധീനത്താല്‍ ക്ലോറിനെ പുറത്തുവിടും. ക്ലോറിന്‍ ഓസോണിനെ നശിപ്പിച്ചുതുടങ്ങുകയും ചെയ്യും. ഇതിലൂടെ കട്ടികുറയുന്ന ഓസോണ്‍പാളിയിലൂടെ അള്‍ട്രാവയലറ്റ്‌ വികിരണങ്ങള്‍ വന്‍തോതില്‍ അകത്തുകടക്കും. തൊലിപ്പുറത്തെ ക്യാന്‍സര്‍, തിമിരം എന്നിവ ഇതിലൂടെ ഉണ്ടാവും. സസ്യങ്ങളുടെ വളര്‍ച്ചയെയും ദോഷകരമായി ബാധിക്കാം.

Monday, May 3, 2010

ക്ഷയരോഗാണുവിന്റെ സമ്പൂര്‍ണ ജനിതകം

ക്ഷയരോഗത്തിനു കാരണമാവുന്ന ബാക്ടീരിയയുടെ സമ്പൂര്‍ണ ജനിതകം വെളിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ വിജയിച്ചു. സര്‍വകലാശാല വിദ്യാര്‍ഥികളും ശാസ്‌ത്രജ്ഞരും ഒത്തുചേര്‍ന്ന പ്രവര്‍ത്തനത്തിലൂടെയാണ്‌ ജനിതകഘടന അനാവരണം ചെയ്യപ്പെട്ടത്‌. ലോകമെങ്ങുമുള്ള ഗവേഷകര്‍ക്ക്‌ പ്രയോജനപ്പെടുന്ന തരത്തില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയെന്നതും ഈ രംഗത്തെ മാതൃകാപരമായ ചുവടുവയ്‌പാണ്‌. വിപണനമൂല്യമുള്ള വിവരങ്ങള്‍, പണം നല്‍കാതെ ആര്‍ക്കും ഉപയോഗിക്കാവുന്നതരത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുന്ന ആദ്യ രാജ്യമായി മാറുകയാണ്‌ ഇതിലൂടെ ഇന്ത്യ.


വിവിധ ഇന്ത്യന്‍ സര്‍വകലാശാലകളിലെ നാനൂറോളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള `കണക്ട്‌ ടു ഡീകോഡ്‌' പദ്ധതിക്ക്‌ പശ്‌ചാത്തലമൊരുക്കിയത്‌ ഡല്‍ഹി ആസ്ഥാനമായുള്ള `ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ജീനോമിക്‌സ്‌ ആന്‍ഡ്‌ ഇന്റഗ്രേറ്റീവ്‌ ബയോളജി' (IGIB) യാണ്‌. ക്ഷയരോഗത്തിനു കാരണമാവുന്ന ``മൈക്കോബാക്ടീരിയം ടുബെര്‍കുലോസിസ്‌' (Mycobacterium tuberculosis) എന്ന ബാക്ടീരിയയുടെ ജനിതകം 1998ല്‍ വെളിപ്പെട്ടിരുന്നു. നാലു ദശലക്ഷം അക്ഷരങ്ങളുള്ള ഒരു പുസ്‌തകമായാണ്‌ അതു വിവക്ഷിക്കപ്പെട്ടത്‌. ഇവയ്‌ക്കിടയില്‍ അവിടവിടങ്ങളിലായി ഒളിച്ചിരിക്കുന്നതരത്തിലായിരുന്നു നാലായിരത്തോളം ജീനുകള്‍. അഞ്ചു സംഘങ്ങളായിത്തിരിഞ്ഞ്‌ ഇവയിലോരോന്നിന്റെയും പ്രവര്‍ത്തനധര്‍മം കണ്ടെത്തുകയായിരുന്നു വിദ്യാര്‍ഥികള്‍ ചെയ്‌തത്‌.

ലോകത്തില്‍ ഓരോ വര്‍ഷവും 17 കോടി പേര്‍ ക്ഷയരോഗബാധയാല്‍ മരിക്കുന്നുവെന്നാണ്‌ ലോകാരോഗ്യസംഘടനയുടെ കണക്ക്‌. ഓരോ മൂന്നുമിനിറ്റിലും രണ്ടുപേരെന്ന നിരക്കില്‍ അത്‌ ഇന്ത്യയിലുമെത്തുന്നു. അടുത്തകാലത്തായി വാക്‌സിനുകളെ അതിജീവിച്ച്‌ ക്ഷയരോഗം കൂടുതല്‍ ശക്തവുമായിരുന്നു. ഔഷധങ്ങളെ എതിര്‍ത്തുതോല്‍പ്പിക്കാനാവുന്നതരത്തില്‍ ക്ഷയരോഗാണുക്കള്‍ പ്രതിരോധശേഷി നേടിയതായിരുന്നു കാരണം. പരിണാമത്തിലൂടെ മാറിമറഞ്ഞ രോഗാണുജനിതകം അജ്ഞാതമായത്‌ ഈ രംഗത്തെ ഗവേഷണപ്രവൃത്തികള്‍ക്ക്‌ തടസ്സംസൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവസരോചിതമായ കൈത്താങ്ങാണ്‌ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരുടെ കണ്ടെത്തല്‍. ഇതിലേക്കുള്ള കര്‍മോത്സുകതയെ മുന്‍നിര്‍ത്തി, ഹേമന്ത്‌വര്‍മ, ഗീതികമേത്ത എന്നീ രണ്ടു വിദ്യാര്‍ഥികളെ സിഎസ്‌ഐആര്‍ ആദരിക്കുകയും ചെയ്‌തിട്ടുണ്ട്‌.


മൈക്കോബാക്ടീരിയം ടുബെര്‍കുലോസിസ്‌1882-ല്‍ റോബര്‍ട്ട്‌കോച്ച്‌ എന്ന ശാസ്‌ത്രജ്ഞനായിരുന്നു ക്ഷയരോഗത്തിനു കാരണമാകുന്ന ബാക്ടീരിയയായ `ട്യൂബെര്‍ക്കിള്‍ ബാസിലസ്‌' (Tubercle bacillus) കണ്ടെത്തിയത്‌. ഓക്‌സിജന്റെ യഥേഷ്ടമായ സാന്നിധ്യത്തില്‍ മാത്രം ജീവിക്കാനാവുന്ന ഇത്‌ മനുഷ്യനിലെ ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട അവയവങ്ങളാണ്‌ ആവാസത്തിനായി തെരഞ്ഞെടുക്കുന്നത്‌. സവിശേഷമായ ഒരുതരം കൊഴുപ്പുകൊണ്ടു നിര്‍മിച്ച കട്ടിയായ ആവരണം ഉള്ളതിനാല്‍, ശരീരത്തിന്റെ സ്വാഭാവികമായ രോഗാണുനശീകരണ സംവിധാനത്തിന്‌ ഇവയെ നശിപ്പിക്കാന്‍ കഴിയില്ല. കൃത്രിമമായ രോഗാണുനാശകങ്ങളെയും വരണ്ട കാലാവസ്ഥയെയും അതിജീവിക്കാനും ഇവയ്‌ക്കു കഴിയും. ഇതാണ്‌ ക്ഷയരോഗത്തെ ഏറെ മാരകമാക്കുന്നത്‌. 1998-ലാണ്‌ ക്ഷയരോഗാണുവിന്റെ ജനിതകം ആദ്യമായി വിശകലനം ചെയ്യപ്പെട്ടത്‌. H37Rv എന്ന ഇനത്തിന്റെ ജനിതകശ്രേണിയായിരുന്നു വെളിപ്പെടുത്തപ്പെട്ടത്‌.


വിവരസാങ്കേതിക വിദ്യയുടെ വീഥിയിലൂടെ എല്ലാവര്‍ക്കും


വിവരസാങ്കേതികവിദ്യയുമായി കൈകോര്‍ക്കുന്നതിലൂടെ ഗവേഷണ നേട്ടങ്ങളെ എങ്ങനെ സ്വതന്ത്രവും സംവേദനക്ഷമവുമാക്കാമെന്നതിന്റെ പ്രായോഗിക വിജയംകൂടിയാണ്‌ ഇന്ത്യയുടെ ഈ നേട്ടം. ക്ഷയരോഗത്തിനെതിരെയുള്ള ഔഷധ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരാള്‍ക്കും ഒരു പാഠപുസ്‌തകംപോലെ പ്രയോജനപ്പെടുന്നതരത്തിലാണ്‌ ഇതു സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ വിന്യസിച്ചിരിക്കുന്നത്‌.(http://www.osdd.net/) ലഭ്യമാകുന്ന മുറയ്‌ക്ക്‌ കൂട്ടിച്ചേര്‍ക്കാനും പരിഷ്‌കരിക്കാനും അവസരമൊരുക്കുന്നതരത്തിലാണ്‌ വെബ്‌സൈറ്റിന്റെ രൂപകല്‍പ്പന. ഏറ്റവും പുതിയ `വെബ്‌ 3.0' സങ്കേതമാണ്‌ ഇതിന്‌ ഉപയോഗിച്ചിരിക്കുന്നത്‌.

ഔഷധഗവേഷണരംഗത്തെ വിവരവിനിമയം സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ ശ്രമം `ഓപ്പണ്‍ സോഴ്‌സ്‌ ഡ്രഗ്‌ ഡിസ്‌കവറി' (Open Source Drug Discovery) എന്ന പദ്ധതിയിലൂടെയാണ്‌ അവതരിപ്പിക്കുന്നത്‌. ഇന്ത്യയിലെ ശാസ്‌ത്ര ഗവേഷണങ്ങളുടെ ഏകോപനസമിതിയായ `കൗണ്‍സില്‍ ഓഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചാ(CSIR) ണ്‌ ഇതിനു ചുക്കാന്‍പിടിക്കുന്നത്‌. ക്ഷയരോഗം അടക്കമുള്ള മാരകരോഗങ്ങള്‍ക്കു കാരണമാവുന്ന സൂക്ഷ്‌മ ജീവികളുടെ ജനിതകം വെളിപ്പെടുത്താനുള്ള ഒരു അനുബന്ധപദ്ധതിയിലൂടെയാണ്‌ ഇതിനാവശ്യമായ വിവരങ്ങള്‍ സ്വരൂപിക്കപ്പെടുന്നത്‌. `കണക്ട്‌ ടു ഡീകോഡ്‌' (Connect-to-Decode) എന്നാണ്‌ ഇതിന്റെ പേര്‌.