Friday, September 17, 2010

ആപ്പിളിനും ഗോതമ്പിനും സമ്പൂര്‍ണ ജനിതകം


ലോകത്ത്‌ ഇന്നു കൃഷിചെയ്യുന്ന ആപ്പിള്‍ ഇനങ്ങള്‍ 7500 ഓളമുണ്ട്‌. ജനിതകഘടനയില്‍ അല്‍പ്പസൊല്‍പ്പം വ്യത്യാസമുള്ളതാണ്‌ അവയെല്ലാം. ചെറിയ വ്യത്യാസങ്ങളാവുമ്പോള്‍ അവ `ഇനങ്ങള്‍' എന്ന പരിധിയിലൊതുങ്ങും. വ്യതിയാനം കൂടുതല്‍ പ്രകടമാവുമ്പോഴാണ്‌ ഇനങ്ങള്‍ സ്‌പീഷീസുകളായി വേര്‍തിരിയുന്നത്‌. ഇങ്ങനെയുള്ള വൈജാത്യങ്ങളുടെ നീണ്ട നിരതന്നെ ആപ്പിള്‍ചെടികള്‍ക്കിടയിലുണ്ട്‌. പക്ഷേ, അപ്പോഴും ജനിതകസമാനതകള്‍ നൂലിഴപോലെ അവയ്‌ക്കിടയിലൂടെ കടന്നുപോവുന്നതു കാണാം. 

ഇതിന്റെ ഉറവിടം തിരക്കിയാല്‍, അനേകം കൈവഴികളായി പിരിഞ്ഞൊഴുകുന്ന നദി, ഒരു കൈത്തോടായി മലമുകളില്‍നിന്ന്‌ ഉത്ഭവിക്കുന്നതുപോലെ നമ്മള്‍ ഒരൊറ്റ പൈതൃക വംശത്തിലെത്തും. തെക്കന്‍ കസാഖ്‌സ്ഥാനിലെ പര്‍വതനിരകളില്‍ വളരുന്ന `മാലസ്‌ സീവേഴ്‌സി' (Malus sieversii) എന്ന വന്യസ്‌പീഷീസാണ്‌ ഇങ്ങനെ ലോകത്തിലെ മുഴുവന്‍ ആപ്പിള്‍ വംശങ്ങളുടെയും മാതാവാകുന്നത്‌. ഇപ്പോള്‍ പുറത്തുവന്ന ജനിതകശ്രേണി പഠനമാണ്‌ ധാരണകള്‍ക്കുപരിയായി ഇക്കാര്യം വെളിപ്പെടുത്തിയത്‌.


ആപ്പിളിനെ മനുഷ്യന്‍ ഭക്ഷ്യാവശ്യങ്ങള്‍ക്കായി വളര്‍ത്തിത്തുടങ്ങിയിട്ട്‌ ഏതാണ്ട്‌ 4000 വര്‍ഷമേ ആവുന്നുള്ളു. എങ്കിലും 50 മുതല്‍ 65 ദശലക്ഷം വര്‍ഷത്തോളം പഴക്കമുള്ളതാണ്‌ ആപ്പിളിന്റെ പരിണാമചരിത്രം. അത്‌ ഒരു അതിജീവനത്തിന്റെ കഥകൂടിയാണ്‌. ഇന്നും വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഒരു പ്രകൃതിദുരന്തം ദിനോസര്‍വംശത്തെയാകെ ഭൂമുഖത്തുനിന്ന്‌ തുടച്ചുമാറ്റിയ സമയത്തെ കടന്നുവന്നവയാണ്‌ ആപ്പിള്‍മരങ്ങള്‍. സര്‍വനാശത്തിന്റേതായ ആ ഇടനാഴി കടക്കുന്നതിനിടയില്‍ ആപ്പിള്‍ചെടികള്‍ക്ക്‌ ജനിതകപരമായ വലിയ മാറ്റം കൈവരികയുണ്ടായി. ഒമ്പതായിരുന്ന ക്രോമസോമുകളുടെ എണ്ണം 17 ആയതായിരുന്നു ഇത്‌. ഏതാണ്ട്‌ ഇരട്ടിയോളമെത്തിയ ഈ വര്‍ധന ജീനുകളുടെ എണ്ണത്തിലും മാറ്റമുണ്ടാക്കി. പലതിന്റെയും പതിപ്പുകള്‍ സൃഷ്ടിക്കപ്പെട്ടു. അവതന്നെ മാറിയും തിരിഞ്ഞും പലയിടങ്ങളിലായി. ഇതിലൂടെയെല്ലാമാണ്‌ 57,000 ജീനുകളുമായി ആപ്പിള്‍ ജനിതകപരമായി ഏറ്റവും സങ്കീര്‍ണമായ സസ്യങ്ങളിലൊന്നായി മാറിയത്‌.

രണ്ടുവര്‍ഷത്തോളമെടുത്താണ്‌ ആപ്പിളിന്റെ ജനിതകശ്രേണി പഠനം പൂര്‍ത്തിയാക്കിയത്‌. 7,423 ദശലക്ഷം ഡിഎന്‍എ ഘടകങ്ങളെ, അതായത്‌ ന്യൂക്ലിയോറ്റൈഡുകളെ ജീനുകളായി വേര്‍തിരിച്ചറിഞ്ഞുകൊണ്ടായിരുന് നു ഈ പഠനം. ഇത്രയും ബൃഹത്തായ ഒരു ജനിതകശ്രേണി സമ്പൂര്‍ണമായി പഠനവിധേയമാക്കപ്പെടുന്നതുതന്നെ ഇതാദ്യമായാണ്‌. 20 ഗവേഷണസ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ ശ്രമത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള എണ്‍പത്തിയഞ്ചോളം ശാസ്‌ത്രജ്ഞര്‍ പങ്കെടുത്തു. ഇറ്റലിയിലെ എഡ്‌മണ്ട്‌ മാക്‌ ഫൗണ്ടേഷനാ(Edmund Mc Foundation)യിരുന്നു ഗവേഷണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. വാഷിങ്‌ടണ്‍ സര്‍വകലാശാല ഉള്‍പ്പെടെയുള്ള അമേരിക്കന്‍ സര്‍വകലാശാലകളും സ്വകാര്യ സംരംഭകരും ഇതില്‍ പങ്കാളികളായിരുന്നു. `ഗോള്‍ഡന്‍ ഡെലിഷ്യസ്‌' എന്ന ഇനമാണ്‌ ശ്രേണീപഠനത്തിനും അനുബന്ധ വിശകലനങ്ങള്‍ക്കും ഉപയോഗിച്ചത്‌. ഇതില്‍നിന്ന്‌ രോഗ-കീട നിയന്ത്രണശേഷി പകരുന്ന 992 ജീനുകളെ തിരിച്ചറിയാന്‍ ഗവേഷകര്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. ആപ്പിള്‍കര്‍ഷകര്‍ക്ക്‌ ഗുണകരമായ അനവധി കണ്ടെത്തലുകളിലേക്ക്‌ വഴിതുറക്കാന്‍ ഇതു സഹായകമാവുമെന്നാണ്‌ പ്രതീക്ഷ. `നേച്ചര്‍ ജെനിറ്റിക്‌സ്‌' എന്ന ഗവേഷണ ജേണലിലാണ്‌ ആപ്പിളിന്റെ ജനിതകശ്രേണി പ്രസിദ്ധീകരിച്ചത്‌.

ഗോതമ്പിന്റെ ജനിതകരഹസ്യം ഇനി ആര്‍ക്കും



വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരുള്‍പ്പെട്ട `ഇന്റര്‍നാഷണല്‍ വീറ്റ്‌ ജീനോം സ്വീകന്‍സിങ്‌ കണ്‍സോര്‍ഷ്യ'ത്തിന്റെ നേതൃത്വത്തില്‍ ഗോതമ്പിന്റെ ജനിതകഘടനയും വെളിപ്പെടുത്തിയത്‌ കഴിഞ്ഞവാരം. ലിവര്‍പൂള്‍, ബ്രിസ്‌റ്റള്‍ സര്‍വകലാശാലകളിലെ ഗവേഷകരും `ജോണ്‍ ഇന്‍സ്‌ സെന്റര്‍' എന്ന ഗവേഷണ സ്ഥാപനത്തിലെ ശാസ്‌ത്രജ്ഞരുമാണ്‌ ഇതിലെ മുഖ്യ പങ്കാളികള്‍. `ചൈനീസ്‌ സ്‌പ്രിങ്‌' എന്ന ഗോതമ്പിനമാണ്‌ ജനകിതശ്രേണിപഠനത്തിന്‌ ഉപയോഗിച്ചത്‌.
 

അടിസ്ഥാന ക്രോമസോം സംഖ്യ (n=7) ആറുമടങ്ങായി ഇരട്ടിച്ചതരത്തിലായിരുന്നു (6n) ഗോതമ്പ്‌ ഇനത്തിലെ ക്രോമസോമുകളുടെ എണ്ണം. അതായത്‌ 42. `പൈറോ സീക്വന്‍സിങ്‌' എന്ന പുതിയ ജനിതകശ്രേണീ സങ്കേതമാണ്‌ ഇതിന്‌ ഉപയോഗിച്ചത്‌. സ്വിസ്‌ ഔഷധനിര്‍മാണ കമ്പനിയായ റോഷേയുമായുള്ള സാങ്കേതിക സഹകരണത്തോടെയാണിത്‌. ഏതൊരാള്‍ക്കും സൗജന്യമായി പരിശോധിക്കാനും പ്രയോജനപ്പെടുത്താനും http://www.cerealsdb.uk.net/ എന്ന വെബ്‌സൈറ്റില്‍ സൗജന്യമായി ഇതു ലഭ്യമാണ്‌. 

ജനിതകശ്രേണി പഠനം ഇങ്ങനെ

ഒരു ജീവിയുടെ ജീനുകളുടെ ആകെത്തുകയാണ്‌ ജീനോം. ജനിതകവിവരങ്ങളുടെ സമ്പൂര്‍ണ വായനയാണ്‌ ജനിതകശ്രേണീ പഠനം. അനേകം അധ്യായങ്ങളുള്ള ഒരു
പുസ്‌തകത്തിലെന്നപോലെയാണ്‌ ഇതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഓരോ അധ്യായവും ഓരോ ക്രോമസോം ആണെന്നു പറയാം. ഇതിനുള്ളിലെ വാക്യങ്ങളാണ്‌ ജീനുകള്‍. അക്ഷരങ്ങള്‍ ന്യൂക്ലിയോടൈഡുകളും. അതിനാല്‍, അക്ഷരങ്ങളെ അറിഞ്ഞാലേ വാക്കുകളിലേക്കും വാക്യങ്ങളിലേക്കും എത്താനാവു. ഇതിനായി, ഓരോ അക്ഷരവും ശരിയായ ക്രമത്തില്‍ വായിച്ചെടുക്കുന്ന പ്രവര്‍ത്തനമാണ്‌ സീക്വന്‍സിങ്‌. അഡിനിന്‍, ഗ്വാനിന്‍, തൈമിന്‍, സൈറ്റോസിന്‍ എന്നിങ്ങനെയുള്ള ന്യൂക്ലിയോറ്റൈഡുകളുടെ ക്രമം അറിയുന്നതിലൂടെയാണ്‌ ഇതു സാധിക്കുന്നത്‌.

ക്യാന്‍സര്‍ പഠനത്തിന്‌ ടര്‍ക്കിക്കോഴി


സമ്പൂര്‍ണ ജനിതകം അനാവരണംചെയ്യപ്പെട്ട ജീവികളുടെ പട്ടികയില്‍ ഏറ്റവും ഒടുവില്‍ വന്നെത്തുന്നതാണ്‌ ടര്‍ക്കിക്കോഴി.നമ്മുടെ നാട്ടില്‍ അത്ര സാധാരണമല്ലെങ്കിലും മറ്റു രാജ്യങ്ങളില്‍ ഇറച്ചിക്ക്‌ വന്‍തോതില്‍ ഇതിനെ വളര്‍ത്തുന്നുണ്ട്‌. അതോടൊപ്പം ജനിതകപരീക്ഷണങ്ങള്‍ക്കുള്ള ഒരു മാതൃകാജീവികൂടിയാണിത്‌. അഫ്‌ളാടോക്‌സിനുകള്‍ എന്ന പേരില്‍ പ്രകൃതിയില്‍ കാണപ്പെടുന്ന ക്യാന്‍സര്‍കാരികളായ രാസവസ്‌തുക്കള്‍ എങ്ങനെയാണ്‌ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തകര്‍ക്കുന്നതെന്നാണ്‌ ഗവേഷകര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്‌. ടര്‍ക്കിക്കോഴിയുടെ ജനിതകത്തെ ഇതിലേക്ക്‌ വെളിച്ചംവീശാന്‍ അവര്‍ ഉപയോഗിക്കുന്നു. ഓസ്‌ട്രിയ, ജര്‍മനി, ബ്രിട്ടണ്‍, നെതര്‍ലാന്‍ഡ്‌, ദക്ഷിണ കൊറിയ, സ്‌പെയിന്‍, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്‌ത്രജ്ഞരുടെ കൂട്ടായ്‌മയാണ്‌ ഇതിനു സഹായകമാവുന്ന തരത്തില്‍ ടര്‍ക്കിക്കോഴിയുടെ മുഴുവന്‍ ജീനുകളെയും വിവേചിച്ചറിഞ്ഞത്‌.  PLoS-Public Library of Science-ബയോളജി എന്ന ജേണലിലാണ്‌ പഠനം പ്രസിദ്ധീകരിച്ചത്‌.

(for further details, please
use these links:

Monday, September 13, 2010

കാര്‍ബണ്‍ പന്ത്‌ @ 25

അത്യപൂര്‍വമായ ഒരു വാര്‍ഷികാഘോഷത്തിന്‌ അരങ്ങൊരുക്കിയാണ്‌ സെപ്‌തംബര്‍ നാല്‌ കടന്നുപോയത്‌. ഒരു രാസതന്മാത്രയുടെ കണ്ടെത്തലിനെ സംബന്ധിക്കുന്നതായിരുന്നു അതെന്നതാണ്‌ അതിലുമതിശയം. കാര്‍ബണ്‍ ആറ്റങ്ങള്‍ ഒരു പന്തിന്റെ രൂപത്തില്‍ കൂടിച്ചേര്‍ന്നുണ്ടാവുന്ന തന്മാത്രയെക്കുറിക്കുന്നതായിരുന്നു അത്‌. `ബക്‌മിന്‍സ്‌റ്റര്‍ ഫുള്ളറീന്‍' (Buckminsterfullerene) എന്നു വിളിക്കുന്ന ഈ തന്മാത്ര 1985-ലാണ്‌ കണ്ടെത്തിയത്‌. ഇതില്‍നിന്നായിരുന്നു നാനോടെക്‌നോളജി രംഗത്തെ ചുവടുവയ്‌പുകളുടെ തുടക്കം.

                            
പെന്‍സില്‍മുനമുതല്‍ വജ്രംവരെയുളള കാര്‍ബണിന്റെ പ്രതിരൂപങ്ങളിലൊന്നാണ്‌ 60 കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന ഈ തന്മാത്ര. അടിസ്ഥാനഘടകം കാര്‍ബണാണെങ്കിലും സ്വഭാവഘടനയില്‍ പരസ്‌പരബന്ധമില്ലാത്ത ഇവ അലോട്രോപ്പുകള്‍ (Allotropes) എന്നാണറിയുന്നത്‌. മെഴുകുതിരിനാളത്തില്‍നിന്നുള്ള കരിയില്‍നിന്നാണ്‌ പുതിയൊരു അലോട്രോപ്പ്‌ എന്ന നിലയില്‍ `ബക്‌മിന്‍സ്‌റ്റര്‍ ഫുള്ളറീന്‍' കണ്ടെത്തിയത്‌. അമേരിക്കന്‍ ഗവേഷകരാണ്‌ കണ്ടെത്തിയത്‌. എങ്കിലും ഇത്രയും സങ്കീര്‍ണമായ ഒരു പേര്‌ ഇതിനു ലഭിക്കാന്‍ മറ്റൊരു കാരണംകൂടിയുണ്ട്‌.

                                                                            

















സവിശേഷമായ ആകൃതിയിലുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചുകൊണ്ട്‌ ശ്രദ്ധേയനായ ഒരു എന്‍ജിനിയറുടെ ഓര്‍മയ്‌ക്കായുള്ളതാണ്‌ `ബക്‌മിന്‍സ്‌റ്റര്‍ ഫുള്ളറീന്‍' എന്ന പേര്‌. റിച്ചാര്‍ഡ്‌ ബക്‌മിന്‍സ്‌റ്റര്‍ ഫുള്ളര്‍ (Richard Buckminster Fuller) എന്നുപേരുള്ള ഇദ്ദേഹം ഭൂമിയുടെ മാതൃകയിലാണ്‌ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്‌തത്‌. വിമാനങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമാണ്‌ ഇതിന്‌ ഉപയോഗിച്ചതെങ്കിലും എത്ര ഭാരവും താങ്ങാനുള്ള കരുത്ത്‌ അവയ്‌ക്കുണ്ടായിരുന്നു. ത്രികോണങ്ങളുടെ രൂപത്തില്‍ കമ്പിവാര്‍പ്പുകള്‍ ചേര്‍ത്തുണ്ടാക്കിയ ഇവ `ജിയോഡെസിക്‌ മകുടങ്ങള്‍' (Geodesic Domes) എന്നാണ്‌ അറിയപ്പെട്ടത്‌. 1950-കള്‍ക്കുശേഷം ലോകമെമ്പാടുമായി ഏറെ അനുകരിക്കപ്പെട്ട ഈ മാതൃകകളില്‍നിന്നുമായിരുന്നു ശാസ്‌ത്രജ്ഞര്‍ പുതിയ തന്മാത്രയ്‌ക്ക്‌ പേരു കണ്ടെത്തിയത്‌.
  മേല്‍പ്പറഞ്ഞ പേര്‌ ഉപയോഗിക്കപ്പെട്ടങ്കിലും കെട്ടിടമാതൃകയുടെ അതേ രൂപത്തിലുള്ളതല്ല `ബക്‌മിന്‍സ്‌റ്റര്‍ ഫുള്ളറീന്‍' എന്ന തന്മാത്ര. ഗോളാകൃതിയാണെങ്കിലും തൃകോണങ്ങളല്ല ഇതില്‍ കണ്ണിചേര്‍ന്നിട്ടുള്ളത്‌. ഷഡ്‌ഭുജങ്ങളും പഞ്ചഭുജങ്ങളുമാണവ. കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്ന്‌ രൂപപ്പെട്ടിുള്ളവയാണ്‌ ഇവയെല്ലാം. ഒരു കാര്‍ബണ്‍ സാധാരണയായി മറ്റ്‌ നാല്‌ കാര്‍ബണ്‍ ആറ്റങ്ങളുമായാണ്‌ ബന്ധം സ്ഥാപിക്കുക. അതിലൂടെയാണ്‌ അതിന്റെ സ്ഥിരത. എന്നാല്‍, `ബക്കിബാള്‍' (Bucky Ball) എന്ന പേരുകൂടിയുള്ള ഈ തന്മാത്രയില്‍ അത്‌ അങ്ങനെയല്ല. നാലിനുപകരം മൂന്നുപേരുമായി കൈകോര്‍ത്തശേഷം ഒരു കൈ സ്വതന്ത്രമാക്കുന്നു. ഇതുപയോഗിച്ചാണ്‌ പഞ്ചഭുജങ്ങളും ഷഡ്‌ഭുജങ്ങളും തീര്‍ക്കുന്നത്‌. ഇതിന്റെ വലയരൂപമാണ്‌ ത്രിമാനതലത്തില്‍ `ബക്കിബാള്‍' ആയി മാറുന്നത്‌.

Saturday, September 4, 2010

ഇന്ത്യന്‍ ക്ലോണിങ്ങ്‌ വീണ്ടും


`ജില്‍' എന്ന പേര്‌ ഒരുപക്ഷേ നമുക്ക്‌ പരിചയമുണ്ടാവില്ല. ഇംപീരിയല്‍ ഇന്‍സ്‌റ്റിറ്റിയൂ‌ട്ട് ഓഫ്‌ അനിമല്‍ ഹസ്‌ബന്‍ഡറി എന്ന സ്ഥാപനത്തെയും. ഇന്ത്യയുടെ ആദ്യത്തെ സങ്കരയിനം പശുക്കിടാവിനെ സൃഷ്ടിച്ച ഗവേഷണസ്ഥാപനമായിരുന്നു അത്‌. തങ്ങളുടെ സൃഷ്ടിക്ക്‌ അവര്‍ നല്‍കിയ ഓമനപ്പേരായിരുന്നു `ജില്‍'. ഇപ്പോഴൊന്നുമല്ല 1909ല്‍. നൂറ്റാണ്ടിനുശേഷം `ജില്ലി'ന്റെ ഈ ജന്മഗേഹം വീണ്ടും വാര്‍ത്തകളിലേക്കെത്തിയിരുന്നു; 2009 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ആദ്യത്തെ ക്ലോകിടാവ്‌ പിറന്നപ്പോള്‍. പക്ഷേ അതിനിടെ സ്ഥാപനത്തിന്റെ പേരും മാറിയിരുന്നു; അതിന്റെ ആസ്ഥാനവും. അന്ന്‌ ബംഗളൂര്‍ ആയിരുന്ന ഇംപീരിയല്‍ ഇന്‍സ്‌റ്റിറ്റിയൂ‌ട്ട് ഇന്ന്‌ ഹരിയാനയിലെ കര്‍ണാലിലാണ്‌. 1955ലായിരുന്നു സ്ഥാനമാറ്റം. പേരിലും മാറ്റമുണ്ടായി- നാഷണല്‍ ഡെയ്‌റി റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂ‌ട്ട്. ക്ലോണിങ്ങിലെ ഏറ്റവും നൂതനസങ്കേതമായ `ഹസ്‌തനിയന്ത്രിത ക്ലോണിങ്‌ രീതി' (Hand-directedCloning Technique) യുടെ ആവിഷ്‌കാരത്തിലൂടെ പ്രശസ്‌തിയുടെ തിരനോട്ട എന്നും ഇവിടേയ്‌ക്കുണ്ട്‌. ഇപ്പോഴിതാ ലോകമാധ്യമങ്ങളാകെ കമിഴിച്ച മറ്റൊരു നേട്ട ഇവിടെനിന്ന്‌ അരങ്ങേറ്റത്തിനെത്തുന്നു: 2010 ആഗസ്‌ത്‌ 22ന്‌ കാണ്ഡകോശങ്ങളില്‍നിന്നു സൃഷ്ടിച്ചെടുത്ത ക്ലോണിങ്‌ വിസ്‌മയം! കൃതഹസ്‌തമാവുന്ന ഇന്ത്യന്‍ ക്ലോസങ്കേതത്തിന്റെ ഏറ്റവും പുതിയ സാക്ഷിപത്രം! `ഗരിമ-2' എന്നാണ്‌ പുതിയ ക്ലോണിങ്‌സന്തതിയുടെ പേര്‌. ഊഹിക്കാവുന്നതുപോലെ ഒരു തുടര്‍ച്ചയുടെ സൂചകമാണിത്‌.


2009 ജൂണ ആറിന്‌ ഹരിയാനയിലെ ഇതേ സ്ഥാപനത്തില്‍ പിറന്ന എരുമക്കിടാവാണ്‌ ഗരിമ. അതോടൊപ്പം ഇപ്പോള്‍ പിറന്ന ക്ലോകിടാവിന്‌ `ഗരിമ രണ്ടാമന്‍' എന്ന്‌ പേരിട്ടുവിളിക്കാന്‍ മറ്റൊരു കാരണവുമുണ്ട്‌. മറ്റൊന്നുമല്ല, ഇതൊരു ആണസന്തതിയാണ്‌ എന്നതുതന്നെ. ഇക്കാര്യത്തിലുമുണ്ട്‌ ഇന്ത്യക്ക്‌ റെക്കോഡ്‌. ലോകത്തിലാദ്യമായി ക്ലോണിങ്ങിലൂടെ പിറവിയെടുക്കുന്ന പോത്തിന്‍കിടാവാണിത്‌. എന്നാല്‍ കലപ്പയും പേറി വയലിലേക്കിറങ്ങുകയല്ല ഇതിന്റെ ഭാഗധേയം; ഇന്ത്യയുടെ ക്ഷീരോല്‍പ്പാദനത്തിന്‌ ആക്കം നല്‍കുകയാണ്‌. 2008ല്‍ 104.9 ദശലക്ഷം ടണ്ണായിരുന്നു ഇന്ത്യയിലെ പാലുല്‍പ്പാദനം. ഇതില്‍ 55 ശതമാനം എരുമകളില്‍നിന്നുമാണ്‌. 2015ല്‍ ഇത്‌ 120 ദശലക്ഷം ടണ്ണാകുമെന്നാണ്‌. 2020ല്‍ 140 ദശലക്ഷവും. വര്‍ധിച്ചുവരുന്ന ഇന്ത്യന്‍ ജനസംഖ്യയാണ്‌ ഇതാവശ്യപ്പെടുന്നത്‌. അതേസമയം കന്നുകാലികള്‍ക്കുള്ള ഭക്ഷ്യസ്രോതസ്സുകളും പുല്‍പ്പാടങ്ങളും അതേ കാരണത്താല്‍ കുറഞ്ഞുവരികയും ചെയ്യുന്നു. നിലവിലുള്ളവയുടെ പാലുല്‍പ്പാദനശേഷി വര്‍ധിപ്പിക്കുകയാണ്‌ ഇതിനു പരിഹാരമായി നമുക്കു മുന്നിലുള്ള ഏക മാര്‍ഗം. ഗുണമേന്മയുള്ള കന്നുകാലികളുടെ വികാസത്തിലൂടെ ഈ വിടവുനികത്തുകയാണ്‌ ഇപ്പോഴുള്ള ക്ലോണിങ്ങിന്റെ ലക്ഷ്യം. മുന്തിയ ഇനങ്ങളെ അവയുടെ വംശമേന്മ നഷ്ടമാവാതെ ക്ഷീരകര്‍ഷകരിലേക്ക്‌ എത്തിക്കാനാവുന്നു എന്നതാണ്‌ ഇതിന്റെ പ്രയുക്തനേട്ട.


മേല്‍പ്പറഞ്ഞ ലക്ഷ്യം നേടുന്നതിനുള്ള തയ്യാറെടുപ്പാണ്‌ ക്ലോണിങ്ങിലെ ഈ ഇന്ത്യന്‍ പരീക്ഷണത്തെ പരമ്പരാഗത മാര്‍ഗങ്ങളില്‍നിന്നു വ്യത്യസ്‌തമാക്കുന്നത്‌. പൊതുവെയുള്ള ധാരണയില്‍നിന്നു വ്യത്യസ്‌തമായി ക്ലോണിങ്‌ സങ്കേതത്തിന്‌ ഒരു ന്യൂനതയുണ്ട്‌. ഒരു ജീവിയുടെ തനിപ്പകര്‍പ്പായിരിക്കില്ല അതില്‍നിന്നു സൃഷ്ടിക്കുന്ന ക്ലോപതിപ്പുകള്‍ എന്നതാണത്‌. ഡോളി എന്നു ചെമ്മരിയാടിലൂടെ ഇയാന്‍ വില്‍മു്ട്ട്‌ 1996ല്‍ പരീക്ഷിച്ച ക്ലോണിങ്‌രീതിക്കും ഈ പരിമിതി ഉണ്ടായിരുന്നു. ജീവികളിലെ പാരമ്പര്യസ്വഭാവങ്ങള്‍ പൂര്‍ണമായും അവയിലെ ഡിഎന്‍എ (nuclear DNA) യെ ആശ്രയിച്ചുള്ളതല്ല എന്നതുമൂലമുള്ള കുഴപ്പമാണിത്‌. മര്‍മത്തിനു പുറത്തായി, കോശദ്രവ്യത്തിലും ജീനുകളുണ്ട്‌. മൈറ്റോകോട്രിയപോലെയുള്ള കോശാംഗങ്ങള്‍ക്കുള്ളിലാണ്‌ ഇവയുടെ കുടിയിരിപ്പ്‌. മര്‍മത്തെ മാത്രം മാറ്റിവയ്‌ക്കുന്ന തരം ക്ലോണിങ്ങാണ്‌ ഡോളിയുടെ സ്രഷ്ടാക്കളും അവരുടെ പിന്‍മുറക്കാരും തുടര്‍ന്നുവന്നത്‌. ഇതിലൂടെ പാരമ്പര്യസ്വഭാവങ്ങളുടെ പൂര്‍ണമായ പ്രേക്ഷണം സാധ്യമായിരുന്നില്ല. ഇതിനുള്ള പരിഹാരമാണ്‌ കാണ്ഡകോശങ്ങളെ മുഴുവനായും ഉപയോഗിച്ചുള്ള ഇന്ത്യന്‍ രീതി. ഭ്രൂണത്തില്‍നിന്നു വേര്‍തിരിക്കുന്നവയാണ്‌ കാണ്ഡകോശങ്ങള്‍ ഇതിലൂടെ പാരമ്പര്യസ്വഭാവങ്ങള്‍ നഷ്ടമാവുന്നതു തടയാമെന്നാണ്‌ പ്രതീക്ഷ. പക്ഷേ, എപ്പിജനറ്റിക്‌ റിപ്രോഗ്രാമിങ്‌ അടിസ്ഥാനമാക്കിയുള്ള ഇതിന്റെ വിജയസാധ്യത തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്‌.


പുതിയ ക്ലോണിങ്‌ ഇങ്ങനെ
1. പൂര്‍ണവളര്‍ച്ച എത്താത്ത അണ്ഡകോശങ്ങളെ (Oocytes)െ വേര്‍തിരിച്ചെടുക്കുന്നു.
2. അവയിലെ പുറംപാളിയായ `സോണാപെലൂസിഡ' (Zona pellucida) നീക്കംചെയ്യുന്നു.
3. അവയിലെ മര്‍മത്തെ നീക്കംചെയ്യുന്നു. (ഇതിനാണ്‌ `ഹസ്‌തനിയന്ത്രിതസങ്കേതം' ഉപയോഗിച്ചത്‌).
4. ഏഴുദിവസം പ്രായമായ ഭ്രൂണപൂര്‍വദശ (Blastocyst) യില്‍നിന്നു വേര്‍പെടുത്തിയ പ്രാഥമിക കാണ്ഡകോശങ്ങളെ കൃത്രിമമായി വളര്‍ത്തി (117 ദിവസത്തോളം) കാണ്ഡകോശങ്ങളാക്കുന്നു.
5. കാണ്ഡകോശത്തെ മര്‍മം നീക്കംചെയ്‌ത അണ്ഡകോശവുമായി സംയോജിപ്പിക്കുന്നു. വൈദ്യുതസ്‌പന്ദനം (Electrofusion) ഉപയോഗിച്ചാണിത്‌.
6. സംയോജിക്കപ്പെട്ട കോശങ്ങളെ ഏഴു ദിവസത്തോളം പരീക്ഷണശാലയില്‍ വളര്‍ത്തി ഭ്രൂണാവസ്ഥ (Embryo) യിലേക്കെത്തിക്കുന്നു.
7. ഭ്രൂണത്തെ ഗര്‍ഭപാത്രത്തിലേക്കു മാറ്റുന്നു (SurrogateUterus).
8. ഗര്‍ഭാവസ്ഥയ്‌ക്കുശേഷം ക്ലോണിങ്‌കിടാവ്‌ പിറക്കുന്നു.

ക്ലോണിങ്‌: ഇന്ത്യന്‍ നാള്‍വഴി
2009 ഫെബ്രുവരി 6: ``സംരൂപ''- ക്ലോണിങ്ങിലൂടെ പിറവിയെടുത്ത ആദ്യത്തെ എരുമക്കിടാവ്‌.
2009 ജൂണ 6: ``ഗരിമ''- രണ്ടാമത്തെ ക്ലോ എരുമക്കിടാവ്‌.
2010 ആഗസ്‌ത്‌ 22: ``ഗരിമ 2''- കാണ്ഡകോശം ഉപയോഗിച്ചുള്ള ക്ലോണിങ്‌ സന്തതി.

അടുത്ത ക്ലോണിങ്‌ പശ്‌മിനാ ആടുകളില്‍


ഇന്ത്യന്‍ ശാസ്‌ത്രജ്ഞരുടെ ക്ലോണിങ്‌ പരീക്ഷണങ്ങള്‍ക്കായി അടുത്ത ഊഴം കാത്തിരിക്കുന്നത്‌ പശ്‌മിനാ ആടുകള്‍ (Pashmina Goat). അന്തര്‍ദേശീയ വിപണിയില്‍ ഏറ്റവും വിലപിടിപ്പുള്ള രോമകമ്പളം (ഏകദേശം രണ്ടുലക്ഷം രൂപവരെ) ഇവയില്‍നിന്നുള്ളതാണ്‌. കശ്‌മീരിലെ തണുപ്പേറിയ കാലാവസ്ഥയില്‍ മാത്രം വളരുന്ന ഇവയെ ക്ലോ ചെയ്യുന്നതിലൂടെ ഗുണമേന്മ മെച്ചപ്പെടുത്തുകയാണ്‌ ലക്ഷ്യം. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഇവയെ വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധ്യമാവുമെന്നാണ്‌ കരുതുന്നത്‌. കര്‍ണാലിലെ നാഷണല്‍ ഡെയ്‌റി റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടും ജമ്മു കശ്‌മീരിലെ ഷേര്‍-ഇ-കശ്‌മീര്‍ കാര്‍ഷിക സാങ്കേതിക സര്‍വകലാശാലയും സംയുക്തമായുള്ള പദ്ധതിയാണിത്‌.

Thursday, September 2, 2010

ബാക്‌ടീരിയ വിവാദം പേരിന്റെ പേരിലും


പേരിലാണ്‌ പ്രശ്‌നം. നിലവിലുള്ള ഒരൊറ്റ ആന്റിബയോടിക്കിനും നശിപ്പിക്കാന്‍ കഴിയാത്ത പുതിയൊരു രോഗാണുവിനു നല്‍കിയിരിക്കുന്ന പേരില്‍ `ന്യൂഡല്‍ഹി'യുണ്ട്‌. ഇന്ത്യയില്‍നിന്നാണ്‌ ആദ്യം കണ്ടെത്തിയത്‌ എന്നാണ്‌ ഈ പേരിടലുകാര്‍ അതിനു ന്യായീകരണമായി പറയുന്നത്‌. അതേസമയം, ഇത്‌ ന്യൂഡല്‍ഹിയിലല്ല കണ്ടെത്തിയതെന്നും ന്യൂഡല്‍ഹി എന്നു പേരിടതിലൂടെ ഇന്ത്യയുടെ പേര്‌ മോശമാക്കുകയാണ്‌ പേരിടലിനു പിന്നിലെന്നുള്ള ആരോപണം ശക്തമാവുകയാണ്‌. കാരണം 1200 കോടിരൂപയുടെ വരുമാനമാണ്‌ കുറഞ്ഞ ചെലവിലുള്ള ചികിത്സതേടി ഇവിടേയ്‌ക്കെത്തുന്ന വിദേശികളില്‍നിന്ന്‌ ഇന്ത്യക്കു ലഭിക്കുന്നത്‌. ഇതു തകര്‍ക്കാനുള്ള അന്തര്‍ദേശീയ ഗൂഢാലോചനയുടെ ഭാഗമാണ്‌ ഇന്ത്യയില്‍ അന്തകബാക്ടീരിയ ഉണ്ടെന്ന പ്രചാരണമെന്ന വാദവും ശക്തമാണ്‌. ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിലൂടെ നമ്മിലേക്കെത്തിയ വാര്‍ത്തകളുടെ ചുരുക്കമാണ്‌ മേല്‍വിവരിച്ചത്‌. ഇങ്ങനെയൊരു ബാക്ടീരിയയുടെ വിവരം കേന്ദ്രഗവമെന്റ്‌ ഔദ്യോഗികമായി നിഷേധിക്കുകയും ചെയ്‌തിരിക്കയാണ്‌. ഇതിനിടയില്‍ എവിടെയാണ്‌ സത്യം?
                                                                             
ബ്രിട്ടനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന `ലാന്‍സെറ്റ്‌ ഇന്‍ഫെക്‌ഷിയസ്‌ ഡിസീസെസ്‌' എന്ന ഗവേഷണ ജേണലില്‍ ആഗസ്‌ത്‌ 11ലെ പതിപ്പിലൂടെ പുറത്തുവന്ന പഠനറിപ്പോര്‍ാണ്‌(http://www.thelancet.com/journals/laninf/article/PIIS1473-3099(10)70143-2/abstract) കാരണമായത്‌. ന്യുമോണിയ, ഭക്ഷ്യവിഷബാധ എന്നിവയ്‌ക്ക്‌ കാരണമാവുന്ന ക്ലെബ്‌സിയെല്ലാ ന്യുമോണിയെ, ഇ.കോളി എന്നീ ബാക്ടീരിയകള്‍ അന്തക ബാക്ടീരിയകളായി മാറിയിരിക്കുന്നുവെന്നാണ്‌ ഇതിലൂടെയുണ്ടായ വെളിപ്പെടുത്തല്‍. ഇവ ഇന്ത്യയില്‍ ഉത്ഭവിച്ചതെന്ന്‌ അടിവരയിടുപറയുന്ന പ്രബന്ധം, ഇതിനു കാരണക്കാരായ ബാക്ടീരിയകളില്‍ കടന്നുകൂടിയിരിക്കുന്ന ജീനിനെ `ന്യൂഡല്‍ഹി മെറ്റലോ-ബീറ്റാ-ലാക്‌റ്റമേസ്‌-1' എന്നാണ്‌ വിവക്ഷിക്കുന്നത്‌. ഇതാണ്‌ എതിര്‍പ്പിനിടയാക്കിയത്‌. മദ്രാസ്‌ സര്‍വകലാശാലയില്‍നിന്നുള്ള ഗവേഷകനായ കാര്‍ത്തികേയന്‍ കെ കുമാരസ്വാമി അടക്കമുള്ള ഗവേഷകസംഘമാണ്‌ മേല്‍പ്പറഞ്ഞ പ്രബന്ധം തയ്യാറാക്കിയത്‌. യൂറോപ്യന്‍ യൂണിയന്റെയും വെല്‍കം ട്രസ്‌റ്റ്‌ എന്ന സന്നദ്ധസംഘടനയുടെയും `വെയ്‌ത്‌' എന്ന മരുന്നുകമ്പനിയുടെയും ധനസഹായത്തോടെ ബ്രിടനിലെ കാര്‍ഡിഫ്‌ സര്‍വകലാശാലയിലായിരുന്നു ഗവേഷണമെന്ന്‌ ലാന്‍സെറ്റിലെ റിപ്പോര്‍്ട്ട പറയുന്നു. എങ്കിലും `ന്യൂഡല്‍ഹി' എന്നത്‌ കൂ`ിച്ചേര്‍ത്തുകൊണ്ടുള്ള ജീന്‍ പേര്‌ രൂപീകരിച്ചത്‌ പഠനസംഘമല്ലെന്ന്‌ പ്രബന്ധത്തില്‍നിന്നുതന്നെ വ്യക്തമാണ്‌. 2008-ല്‍ ഇന്ത്യയിലെത്തിയ ഒരു സ്വീഡിഷ്‌ പൗരനാണ്‌ ആദ്യമായി അന്തകബാക്ടീരിയയുടെ ആക്രമണത്തിനു വിധേയനായതത്രേ. ന്യൂഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സക്കു വിധേയനായെങ്കിലും ഭേദമാവാതെ സ്വദേശത്ത്‌ തിരിച്ചെത്തിയ ആ വ്യക്തിയില്‍നിന്നാണ്‌ അന്തകബാക്ടീരിയയുടെ ആദ്യ സാമ്പിള്‍ ശേഖരിച്ചതെന്ന്‌ റിപ്പോര്‍ല്‍ പറയുന്നുണ്ട്‌.

എന്താണ്‌ വിവാദ ബാക്ടീരിയ?

                                                                                    
ഒരു പ്രത്യേകതരം ബാക്ടീരിയയല്ല അന്തകബാക്ടീരിയ. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ ഏതൊരു ബാക്ടീരിയക്കും അതായി മാറാനാവും. പുതിയൊരു ജീനിന്റെ രംഗപ്രവേശമാണ്‌ ഇതിനു കാരണമാവുന്നത്‌. ഈ ജീന്‍ സ്വന്തമായുള്ള ബാക്ടീരിയത്തിന്‌ `ബീറ്റാ-ലാക്‌റ്റെം' എന്ന ഇനത്തില്‍പ്പെടുന്ന ആന്റിബയോ`ിക്കുകളെ പ്രതിരോധിക്കാനാവും. `മെറ്റലോ-ബീറ്റാ-ലാക്‌റ്റമേസ്‌' (Metallo-beta-lactamase) എന്ന പേരുള്ള ഒരുതരം രാസാഗ്നി പുറപ്പെടുവിക്കുന്നതിലൂടെയാണിത്‌. സാധാരണ ആന്റിബയോടിക്കുകള്‍ പരാജയപ്പെടുന്നിടത്ത്‌, `അറ്റകൈപ്രയോ'ഗമെന്ന നിലയില്‍ നിര്‍ദേശിക്കപ്പെടുന്നതാണ്‌ `ബീറ്റാ-ലാക്‌റ്റെം' ആന്റിബയോടിക്കുകള്‍. ഇവയെയും അതിജീവിക്കുന്ന ബാക്ടീരിയകളായതിനാലാണ്‌ `അന്തകബാക്ടീരിയ' (Super Bug) എന്ന വിശേഷണം.
 
എങ്ങനെ പ്രതിരോധിക്കാം?


`ലാന്‍സെറ്റ്‌' പഠനപ്രബന്ധമനുസരിച്ച്‌ ഗുവാഹി, മുംബൈ, വാരാണസി, പുണെ, കൊല്‍ക്കത്ത, ഹൈദരാബാദ്‌, ബംഗളൂരു, പോര്‍്‌ട`െയര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ്‌ അന്തകബാക്ടീരിയയുടെ സാമ്പിളുകള്‍ ലഭിച്ചിരിക്കുന്നത്‌. ക്ലെബിസിയെല്ല, ഇ.കോളി എന്നീ ബാക്ടീരിയകളില്‍ കടന്നുകൂടിയിരിക്കുന്ന ആന്റിബയോ`ിക്‌ പ്രതിരോധ ജീന്‍, മറ്റു ബാക്ടീരിയകളിലേക്ക്‌ കടക്കാനുള്ള സാധ്യത ഏറെയാണ്‌. `GSK 299423' എന്ന കോഡ്‌നാമത്തിലറിയുന്ന ഒരു രാസസംയുക്തം ഇതിനെതിരെ പ്രവര്‍ത്തിക്കുമെന്ന്‌ കണ്ടെത്തിയി`ുണ്ടെങ്കിലും ഗവേഷണം പുരോഗമിക്കുന്നു. അതിനാല്‍ വ്യക്തിശുചിത്വമാണ്‌ ഏറ്റവും ഫലപ്രദമായ മുന്‍കരുതല്‍. ആശുപത്രികള്‍ രോഗാണുവിമുക്തമാക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുകയും വേണം. രോഗാണു നിരീക്ഷണസംവിധാനം കൂടുതല്‍ കര്‍ശനമാക്കേണ്ടതും അത്യാവശ്യമാണ്‌. 


ഇന്ത്യയില്‍നിന്ന്‌ പഠനത്തിന്‌ അന്തകബാക്ടീരിയയുടെ സാമ്പിള്‍ അയച്ചുകൊടുത്തതിന്‌ മൂന്ന്‌ സ്ഥാപനങ്ങളില്‍നിന്നുള്ള ഗവേഷകര്‍ക്ക്‌ പ്രബന്ധത്തിനൊടുവില്‍ നന്ദി രേഖപ്പെടുത്തുന്നുണ്ട്‌. അസം സര്‍വകലാശാലയില്‍നിന്നുള്ള അമിതാഭാ ഭാടചാര്‍ജി, ബനാറസ്‌ ഹിന്ദു സര്‍വകലാശാലയിലെ മലായ്‌ ആര്‍ സെന്‍, മുംബൈയിലെ ഹിന്ദുജ ഹോസ്‌പിറ്റലിലെ പായല്‍ ദേശ്‌പാണ്ഡെ എന്നിവര്‍ക്കാണത്‌. ശ്രദ്ധയര്‍ഹിക്കുന്ന മറ്റൊരു വസ്‌തുത, ഇന്ത്യയില്‍ ഇതേക്കുറിച്ചുള്ള പഠനം ആദ്യം നടത്തിയതും മുംബൈയിലെ ഹിന്ദുജ ഹോസ്‌പിറ്റലിലായിരുന്നുവെന്നതാണ്‌. 2009-ല്‍ നടന്ന പഠനത്തില്‍ 22 രോഗികളില്‍ അന്തകബാക്ടീരിയയെ കണ്ടെത്തിയിരുന്നു.
 

 ഈ വിവരങ്ങളുമായി ഇന്ത്യയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന `ജേണല്‍ ഓഫ്‌ ദി അസോസിയേഷന്‍ ഓഫ്‌ ഫിസിഷ്യന്‍സ്‌ ഇന്‍ ഇന്ത്യ' എന്ന ഗവേഷണ ജേണലിന്റെ 58-ാം വാല്യ (2010 മാര്‍ച്ച്‌)ത്തില്‍ അത്‌ വെളിച്ചംകണ്ടിരുന്നു. 2008ല്‍ തിരിച്ചറിയപ്പെ` അന്തകബാക്ടീരിയ'യിലെ ജീനിന്‌ 2009 ഡിസംബറില്‍ ഔദ്യോഗികമായി പേരു നല്‍കിയിരുന്നു. അതിനുശേഷമാണ്‌ ഹിന്ദുജ ഹോസ്‌പിറ്റലിലെ പഠനം. പ്രസ്‌തുത ജേണല്‍ വാല്യത്തിന്റെ അവതാരികയില്‍, അപ്പോളോ ഹോസ്‌പിറ്റലിലെ ഡോക്ടറും ജേണല്‍ എഡിറ്ററുമായ അബ്ദുള്‍ ഗഫൂര്‍ ഇതിനെ, അശ്രദ്ധയമായ ആന്റി ബയോട്ടിക്‌ ഉപയോഗത്തിന്റെ ഉപോല്‍പ്പന്നമായാണ്‌ ചൂണ്ടിക്കാ`ിയത്‌. മരുന്നുകമ്പനികളുടെ നിര്‍ബന്ധത്തിനു വഴങ്ങി, വേണ്ടുന്നവയ്‌ക്ക്‌ പകരം മറ്റ്‌ ആന്റി ബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്നതാണത്രേ ഇത്തരം ദുരന്തങ്ങള്‍ക്കു കാരണമാവുന്നത്‌. ഇതിലൂടെ ഒരൊറ്റ ആന്റി ബയോട്ടക്കിനും നശിപ്പിക്കാനാവാത്ത ബാക്ടീരിയകള്‍ (Mutant Bacteria) പിറക്കുന്നു. സ്വയംകൃതമായ ഈ പരിണാമത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ പുതിയ അന്തകബാക്ടീരിയകള്‍.