Monday, April 25, 2011

വസൂരി കൊല്ലപ്പെടുമോ?

വസൂരികാരണം ആള്‍ക്കാര്‍ കൊല്ലപ്പെടുമോ എന്നതല്ല ലോകത്തിനു മുന്നിലെ ഇപ്പോഴത്തെ ചോദ്യം. 'വസൂരി'തന്നെ കൊല്ലപ്പെടുമോ എന്നതാണ്. ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെട്ടു എന്നു കരുതുന്ന ഭീകര പകര്‍ച്ചവ്യാധികളിലൊന്നാണ് വസൂരി (Small Pox). 1977ല്‍, സൊമാലിയയില്‍ അവസാനമായി കണ്ടെത്തിയതൊഴിച്ചാല്‍, ലോകത്തൊരിടത്തും ഇതേവരെ വസൂരി പ്രത്യക്ഷപ്പെട്ടിട്ടില്ല. 1980ല്‍, ലോകത്തുനിന്ന് വസൂരിരോഗം പൂര്‍ണമായും നിര്‍മാര്‍ജനംചെയ്യപ്പെട്ടതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതുമാണ്. പക്ഷേ, അപ്പോഴും വസൂരിരോഗാണുവിന്റെ രണ്ട് സാമ്പിള്‍ രണ്ടു രാജ്യങ്ങളുടെ പരീക്ഷണശാലകളില്‍ അതീവ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇവയെക്കൂടി നശിപ്പിക്കണമെന്നാണ് ചില മനുഷ്യാവകാശസംഘടനകളുടെ ആവശ്യം. അതു പറ്റില്ലെന്ന് പ്രസ്തുത രാജ്യങ്ങളും. വിവാദം പൊട്ടിപ്പുറപ്പെട്ടത് അങ്ങനെയാണ്. ഇതില്‍ അന്തിമതീരുമാനമെടുക്കാന്‍ ഒത്തുചേരുകയാണ് ലോകാരോഗ്യസംഘടന. മെയ് 16 മുതല്‍ 24 വരെ നടക്കുന്ന ഈ സമ്മേളനമാണ് ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
അമേരിക്കയുടെയും റഷ്യയുടെയും കൈവശമാണ് ഇപ്പോള്‍ വസൂരിരോഗാണുക്കളുള്ളത്. അറ്റ്ലാന്റയിലെ 'സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനി'ലാണ് അമേരിക്കയില്‍ അതിന്റെ സൂക്ഷിപ്പ്. റഷ്യയില്‍, മോസ്കോയ്ക്കടുത്തുള്ള 'സ്റ്റേറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈറല്‍ പ്രിപ്പറേഷന്‍സി'ലും. ഇവിടെനിന്ന് ഇത് സൈബീരിയയിലെ ഒരു രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയതായും പറയുന്നു. 1980 മുതല്‍ക്കേ ഇവ നശിപ്പിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുകയാണ് ലോകാരോഗ്യസംഘടന. എന്നാല്‍ ഇതിനു തടസ്സമായി കൈവശരാജ്യങ്ങര്‍ പറഞ്ഞത് മറ്റു ചില രാജ്യങ്ങള്‍ ജൈവായുധ (Bioweapons)  നിര്‍മാണത്തിനായി ഇവ രഹസ്യമായി സൂക്ഷിക്കുന്നു എന്നതാണ്. വടക്കന്‍ കൊറിയ, ഇറാന്‍ എന്നിവയ്ക്കെതിരെയാണ് സംശയത്തിന്റെ വിരല്‍മുന നീണ്ടത്. തീവ്രവാദസംഘടനകള്‍ ജൈവായുധങ്ങളായി ഇവ കൈവശപ്പെടുത്താനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാട്ടി. 1993ല്‍, വസൂരിരോഗാണുവിന്റെ ജനിതകശ്രേണീപഠനം പൂര്‍ത്തിയാവുന്നതുവരെ അത് കൈവശംവയ്ക്കാന്‍ അനുവദിക്കണമെന്ന് ലോകാരോഗ്യസംഘടനയോട് അഭ്യര്‍ഥിച്ചിരുന്നു. 1999ല്‍, പ്രതിരോധ വാക്സിന്‍ പരിഷ്കരിക്കാനുള്ള ഗവേഷണങ്ങള്‍ക്കായി ലോകാരോഗ്യസംഘടന കൈവശ കാലാവധി അല്‍പ്പംകൂടി നീട്ടിക്കൊടുത്തു. ഇതെല്ലാം കഴിഞ്ഞാണ് ഇപ്പോള്‍ വീണ്ടും സമ്പൂര്‍ണ നശീകരണം എന്ന ആവശ്യം ഉയരുന്നത്.
അതേസമയം, നശീകരണത്തിന് അനുകൂലമായും പ്രതികൂലമായുമുള്ള അഭിപ്രായങ്ങളുമായി ശാസ്ത്രസമൂഹത്തില്‍ പ്രകടമായ ധ്രുവീകരണം ദൃശ്യമായിട്ടുണ്ട്. നശിപ്പിക്കപ്പെട്ടാല്‍, ഇതേ രോഗാണുവിന്റെതന്നെ പരിവര്‍ത്തിത (Mutant) രൂപങ്ങളെ ചെറുക്കാനാവശ്യമായ ഗവേഷണശ്രമങ്ങള്‍ക്ക് അടിസ്ഥാനമില്ലാതാവും എന്നാണ് ഈ വിഭാഗത്തിന്റെ വാദം. ജനിതകപരമായി ലളിതഘടനയുള്ളവയാണ് വസൂരിരോഗാണുവിനെപ്പോലുള്ളവ ഉള്‍പ്പെടുന്ന വൈറസുകള്‍. ഇന്നത്തെ സാങ്കേതികസംവിധാനങ്ങളുടെ സഹായത്താല്‍, അതിനാല്‍ അവയെ എളുപ്പത്തില്‍ പുനര്‍നിര്‍മിക്കാനാവും. ഇക്കാരണത്താല്‍, നശീകരണം അത്ര ഗൌരവമുള്ളതായി കാണേണ്ടതില്ലെന്നാണ് മറുവിഭാഗത്തിന്റെ വിശദീകരണം. 2002ല്‍ ജനിതകശാസ്ത്രജ്ഞര്‍ ഇതേ മാതൃകയില്‍ ലോകത്തിലെ ആദ്യത്തെ കൃത്രിമവൈറസിനെ സൃഷ്ടിച്ചിരുന്നു. ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്ന ഒരു വൈറസ് ജനിതകശ്രേണിയെ ആധാരമാക്കിയാണ് അവരതു ചെയ്തത്. ഇത് വസൂരിവൈറസിന്റെ കാര്യത്തിലും ചെയ്യാവുന്നതേയുള്ളു എന്നാണ് നശീകരണത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. തങ്ങളുടെ ജൈവായുധശേഖരത്തിലെ മുഖ്യ ഇനമായ ഒന്നിനെ നശിപ്പിക്കാന്‍ ലോകത്തിലെ വന്‍ശക്തികള്‍ക്ക് മനസ്സില്ല എന്നതില്‍നിന്ന് ഉളവാകുന്ന ന്യായീകരണങ്ങളാണ് നശീകരണത്തിനെ എതിര്‍ക്കുന്നവരുടെതെന്നും അവര്‍ ആരോപിക്കുന്നു. എന്തായാലും തീരുമാനത്തിനായി അടുത്തമാസം 16 വരെ കാക്കണം.

വസൂരിയുടെ ചരിത്രം
മനുഷ്യരാശി ഏറ്റവും ഭയപ്പെട്ട രോഗങ്ങളിലൊന്നാണ് വസൂരി. അതോടൊപ്പം ഏറ്റവും പഴക്കമുള്ളതും. 3000 വര്‍ഷംമുമ്പ് ഇന്ത്യയിലോ ഈജിപ്തിലോ ആണ് വസൂരി ആവിര്‍ഭവിച്ചതെന്നു കരുതുന്നു. പൌരാണിക സംസ്കൃതികളിലെല്ലാം വസൂരിയെക്കുറിച്ച് പരാമര്‍ശമുണ്ട്. വൈരൂപ്യത്തോടൊപ്പം അന്ധതയും പകര്‍ന്നുനല്‍കുന്നതിനാലാണ് വസൂരിയെ ഭയപ്പെട്ടത്. 1798ല്‍ എഡ്വാര്‍ഡ് ജെന്നര്‍ എന്ന ശാസ്ത്രജ്ഞന്‍ വസൂരിയെ 'വാക്സിനേഷന്‍' (ഢമരരശിമശീിേ) മൂലം തടയാമെന്നു കണ്ടെത്തിയെങ്കിലും അത് പ്രചാരത്തിലെത്താന്‍ പിന്നെയും നൂറ്റാണ്ടുകള്‍ വേണ്ടിവന്നു. 1967 ജനുവരി ഒന്നിന് ലോകാരോഗ്യസംഘടന നടപ്പാക്കിയ 'സമ്പൂര്‍ണ വസൂരിനിര്‍മാര്‍ജന പരിപാടി'യാണ് വസൂരിബാധയെ ഏറെക്കുറെ നിയന്ത്രണവിധേയമാക്കിയത്.

വിധി കാക്കുന്ന രോഗാണു
'വേരിയോള' (Variola) എന്ന വൈറസാണ് വസൂരിക്കു കാരണക്കാരനായ രോഗാണു. 'ഓര്‍ത്തോപോക്സ് വൈറസ്' കുടുംബത്തില്‍പ്പെടുന്ന ഈ വൈറസിന് രണ്ടു വകഭേദങ്ങളുണ്ട്്. 'വേരിയോള മേജറും' (Variola major) വേരിയോള മൈനറും (Variola minor). ഇതില്‍ ആദ്യം പറഞ്ഞതില്‍നിന്നുള്ള വസൂരിബാധയാണ് മരണനിരക്കില്‍ ഭീകരന്‍. 'വേരിയോള മൈനര്‍' ഒരുശതമാനത്തോളം ജീവനാശസാധ്യതയേ സൃഷ്ടിക്കുന്നുള്ളു.

Saturday, April 16, 2011

നമ്മുടെ കണിക്കൊന്ന, അവരുടെ 'ലാബുര്‍ണം'!

മലയാളിക്ക് വിഷുക്കണിയെന്നാല്‍ കണിക്കൊന്നയാണ്. മേടച്ചൂടിന്റെ നെറുകയില്‍ മഞ്ഞച്ചാര്‍ത്തണിഞ്ഞ് സമൃദ്ധിയുടെ പൂമരമാവുന്ന കണിക്കൊന്ന. പൂവുകളുടെ ഈ സ്വര്‍ണവര്‍ണമാണ് കണിക്കൊന്നയെ വരാനിരിക്കുന്ന നല്ല നാളെയുടെ നാന്ദിയാക്കുന്നത്. ഇലകളെപ്പോലും പൂക്കളാക്കിമാറ്റി കണിക്കൊന്ന ചിലപ്പോള്‍ മീനമാസത്തിന്റെ തുടക്കത്തില്‍ത്തന്നെ മലയാളഗ്രാമങ്ങളെ മഞ്ഞയുടെ വര്‍ണശോഭകൊണ്ടു നിറയ്ക്കുന്നതുകാണാം. പക്ഷേ, ഈ കാഴ്ച നമുക്കുമാത്രം സ്വന്തമെന്നു കരുതിയാല്‍ തെറ്റി. കേരളീയര്‍ക്കായല്ലെങ്കിലും കണിക്കൊന്നപോലെ പൂത്തുലയുന്ന ഒരു മരം യൂറോപ്പിലുമുണ്ട്. ബാള്‍ക്കന്‍തീരത്തെ പര്‍വതദേശങ്ങളില്‍ കാണുന്ന 'ലാബുര്‍ണം (Laburnum) ഒറ്റനോട്ടത്തില്‍ കണിക്കൊന്നയെന്നുതോന്നുന്ന, അതുപോലെ തൊങ്ങല്‍പിടിപ്പിച്ച പൂങ്കുലകള്‍ തൂക്കിയിടുന്ന ഈ മരത്തിന് യൂറോപ്പുകാര്‍ അര്‍ഥവത്തായ വിളിപ്പേരും നല്‍കിയിട്ടുണ്ട്- 'ഗോള്‍ഡന്‍ ചെയിന്‍'!
സ്വര്‍ണത്തെ ഇതളുകളായും പരാഗങ്ങളായും പരിണമിപ്പിച്ച് അതുകൊണ്ട് ചങ്ങലതീര്‍ക്കുന്ന ഈ മരത്തിന് പൂവുകളുടെ നിറത്തിലും തരത്തിലും കണിക്കൊന്നയോടുള്ള സാദൃശ്യം അതിശയപ്പെടുത്തുന്നതാണ്. സസ്യശാസ്ത്രജ്ഞരുടെ കണക്കില്‍ രണ്ടും ഒരേ സസ്യകുടുംബത്തിലെ അംഗങ്ങളാണ്- പയറുവര്‍ഗത്തില്‍പ്പെടുന്ന ചെടികളുടെ കുടുംബമായ 'ഫാബെസിയെ' (Fabaceae)യിലെ. വ്യത്യസ്ത ജനുസ്സുകളാണ് രണ്ടും എന്ന വ്യത്യാസമേയുള്ളു. കണിക്കൊന്നയുടെ ജനുസ്സ് 'കാസിയ' (Cassia)യാണ്. ശാസ്ത്രീയനാമം കാസിയ ഫിസ്റ്റുല (Cassia fistula) എന്നും 'ലാബുര്‍ണം' എന്ന യൂറോപ്പുകാരുടെ കണിക്കൊന്നയ്ക്ക് രണ്ടിനങ്ങളുണ്ട്. രണ്ടിനും മഞ്ഞപ്പൂക്കളാണ്. കുലകുലയായി താഴേക്കു തൂങ്ങിനില്‍ക്കുന്ന തരത്തിലുള്ളവ. മഞ്ഞയുടെ പ്രഭയ്ക്ക് കുറവൊന്നുമില്ലെങ്കിലും കണിക്കൊന്നയുടെ പൂങ്കലയുടെ അത്രത്തോളം നീളമില്ലാത്തവയാണ് 'ലാബുര്‍ണ'ത്തിന്റെ പൂങ്കുലകള്‍. പക്ഷേ, ദൂരക്കാഴ്ചയില്‍ രണ്ടും ഒരുപോലെയാണ്. പോരാത്തതിന് ഇല മുഴുവന്‍ പൊഴിച്ചാണ് 'ലാബര്‍ണ'വും പൂക്കുന്നത്; കണിക്കൊന്നയെപ്പോലെ!
തെക്കന്‍ യൂറോപ്പിലെ പര്‍വതനിരകളിലും അതിന്റെ താഴ്വാരങ്ങളിലും സാധാരണ കാണുന്ന മരമാണ് 'ലാബുര്‍ണം'. സ്കോട്ട്ലന്‍ഡിലും ഫ്രാന്‍സിലും ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം 'ലാബുര്‍ണ'മുണ്ട്. പൂത്തുലഞ്ഞ 'ലാബുര്‍ണം' മരങ്ങള്‍കൊണ്ട് നിറയുന്നവയാണ് മേയിലെ ഇറ്റലിയുടെ മലഞ്ചെരിവുകള്‍. അതിനാല്‍ ആ പൂക്കാലത്തെ അവര്‍ 'മാഗിയൊ' (Maggio) എന്നു വിളിക്കുന്നു. പൂവിടല്‍ തുടങ്ങുന്ന കാര്യത്തില്‍ കണിക്കൊന്നയേക്കാള്‍ അല്‍പ്പം താമസിച്ചുള്ളതാണ് 'ലാബുര്‍ണ'ത്തിന്റെ തുടക്കം. മേയിലെ ആദ്യ ആഴ്ചയിലേ ലാബുര്‍ണങ്ങള്‍ പൂക്കൂ. അത് ജൂലൈവരെ നീണ്ടുനില്‍ക്കും. എന്നാല്‍ ഇക്കാര്യത്തില്‍ കണിക്കൊന്നയുമായി വിദൂരമായ ഒരു ചാര്‍ച്ചപ്പെടലുമുണ്ട്. വേനല്‍ച്ചൂടിന്റെ പാരമ്യത്തിലാണല്ലോ കണിക്കൊന്നയുടെ പൂക്കല്‍. 'ലാബുര്‍ണ'ത്തിനും ഇതുപോലെയുള്ള ഒരു ഋതുബദ്ധസ്വഭാവമുണ്ട്. ഫെബ്രുവരിമുതല്‍ ഏപ്രില്‍വരെയാണ് യൂറോപ്പിലെ വസന്തകാലം. പിന്നെ വേനല്‍ക്കാലമാണ്, മെയ്മുതല്‍ ജൂലൈവരെ. അപ്പോഴാണ് 'ലാബുര്‍ണ'വും പൂക്കുന്നത്, വേനലിന്റെ നാന്ദിപോലെ; വേനല്‍പ്പൂപോലെ!
'ലാബുര്‍ണ'ത്തിന്റെ രണ്ടു സ്പീഷീസുകളിലൊന്നായ 'ലാബുര്‍ണം ആല്‍പിനം' (Laburnum alpinum) ഏതാണ്ട് മൂന്നു നൂറ്റാണ്ടിലേറെയായി ബ്രിട്ടനിലെ പൂന്തോട്ടങ്ങളില്‍ വളര്‍ത്തുന്നുണ്ട്. സ്കോട്ട്ലന്‍ഡില്‍നിന്നു വന്നതെന്ന കണക്കില്‍ അവര്‍ അതിനെ 'സ്കോച്ച് ലാബുര്‍ണം' എന്നാണ് വിളിക്കുന്നത്. 16-ാം നൂറ്റാണ്ടിന്റെ തുടക്കംമുതല്‍ക്കേ ബ്രിട്ടീഷുകാര്‍ക്ക് ഇതിനെ പരിചയമുണ്ടായിരുന്നു എന്നാണ് സസ്യവിജ്ഞാനസംബന്ധമായ രേഖകള്‍ പറയുന്നത്. ഇതിനും വളരെമുമ്പ് ബ്രിട്ടനിലേക്കെത്തിയതാണ് 'ലാബുര്‍ണ'ത്തിന്റെ രണ്ടാം സ്പീഷീസായ 'ലാബുര്‍ണം അനാഗൈറോയ്ഡസ്' (Laburnum anagyroides). 1560 കളിലാണ് ഇത് ഇംഗ്ളണ്ടിലെത്തിയത്. പിന്നെയും 30 വര്‍ഷം കഴിഞ്ഞായിരുന്നു 'ലാബുര്‍ണം ആല്‍പിന'ത്തിന്റെ വരവ്. ഭംഗി പക്ഷേ 'ആല്‍പിനം' ഇനത്തിനായിരുന്നു. അതിനാല്‍ ഒരു പൂന്തോട്ടവൃക്ഷമായി അത് വേഗം പ്രചരിച്ചു. പിന്നീട് ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാര്‍ ഒരുപക്ഷേ 'ലാബുര്‍ണ'ത്തെപ്പോലെ തോന്നിച്ച കണിക്കൊന്ന കണ്ട് അന്തംവിട്ടിരിക്കാം. ആ അന്തംവിടലില്‍നിന്ന് കണിക്കൊന്നയ്ക്ക് ഒരു പേരും കിട്ടി- 'ഇന്ത്യന്‍ ലാബുര്‍ണം' (Indian Laburnum).
ഇതുകൂടാതെ മറ്റൊരു ഇംഗ്ളീഷ് പേരിലൂടെയും കണിക്കൊന്നയും 'ലാബുര്‍ണ'വും സാദൃശ്യപ്പെടുന്നുണ്ട്. 'ഗോള്‍ഡന്‍ ഷവര്‍' (Golden Shower) എന്നാണ് കണിക്കൊന്നയുടെ ഇതര ഇംഗ്ളീഷ്നാമം. 'ലാബുര്‍ണ'ത്തെ 'ഗോള്‍ഡന്‍ ചെയിന്‍' എന്നും വിളിക്കുന്നു.മാര്‍ച്ച്മുതല്‍ക്കേ ഇരുമരങ്ങളും ഇലപൊഴിച്ചുതുടങ്ങും. ജലനഷ്ടം തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു മാസത്തെ സംബന്ധിച്ചിടത്തോളം മണ്ണില്‍നിന്ന് അത് വലിച്ചെടുക്കുന്ന ജലത്തിന്റെ 90 ശതമാനത്തിലേറെയും ബാഷ്പീകരണംവഴി നഷ്ടമാവുകയാണ് ചെയ്യുന്നത്. ഇലകളിലെ സൂക്ഷ്മസുഷിരങ്ങളാണ് ഈ ബാഷ്പീകരണപ്രവര്‍ത്തനത്തിന്റെ വാതായനങ്ങള്‍. അതിനാല്‍ അവ ഇല പൊഴിക്കുന്നു. സൂര്യതാപത്തിന്റെ കാഠിന്യം താങ്ങാന്‍കഴിയാത്ത 'ഹരിതക' (Chlorophyll) വര്‍ണകത്തെ മഞ്ഞനിറത്തിന് പ്രാമുഖ്യമുള്ള മറ്റു വര്‍ണകങ്ങള്‍കൊണ്ട് പൊതിഞ്ഞുസംരക്ഷിക്കാനും കൂട്ടമായുള്ള പൂവിടല്‍ സഹായിക്കുന്നു. ഈ അതിജീവന തന്ത്രത്തിന്റെ കാര്യത്തില്‍ 'ലാബുര്‍ണ'ത്തിനും 'ഇന്ത്യന്‍ ലാബുര്‍ണ'ത്തിനും ഒരേ പാതതന്നെയാണെന്നതും ശ്രദ്ധയമായ മറ്റൊരു സാമ്യമാണ്.

Thursday, April 7, 2011

കടുവകള്‍ കാട്ടിലോ കടലാസിലോ?

ഇന്ത്യയില്‍ കടുവകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന കണ്‍െത്തലുമായി 'ടൈഗര്‍ സെന്‍സസ്'. മാര്‍ച്ച് 28ന് പുറത്തുവന്ന റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ 1,706 കടുവയുണ്‍്. 2010ലെ കണക്കെടുപ്പ് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണിത്. രണ്‍ുവര്ഷത്തിലൊരിക്കലാണ് ഇന്ത്യാ ഗവണ്‍മെന്റ് വനമേഖലയിലെ കടുവകളുടെ കണക്കെടുക്കുന്നത്. 2008ലെ കണക്കെടുപ്പില്‍ കടവുകള്‍ 1,411 ആയിരുന്നു. 2006ലെ കണക്കെടുപ്പിലും അതുതന്നെ. അതിനുശേഷം ആദ്യമായാണ് ഇത്തരമൊരു വര്‍ധന. എന്നാല്‍ രണ്‍ുവര്‍ഷംകൊണ്‍് 295 കടുവകള്‍ കൂടുതലായുണ്‍ായി എന്നതു സംബന്ധിച്ച് വന്യജീവിസംരക്ഷകര്‍ സംശയത്തിലുപരി ആശങ്കയിലാണ്.
സ്വാഭാവിക ആവാസമേഖലയുടെ നാശവും വേട്ടയാടലും, ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നതുമൂലമുണ്‍ാകുന്ന കൊല്ലപ്പെടലും കാരണം ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന വന്യജീവിയാണ് കടുവ; ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലെവിടെയും. ഇതിനിടെയാണ് എണ്ണം കൂടിയതായുള്ള സെന്‍സസ് റിപ്പോര്‍ട്ട്. കുത്തനെയുള്ള ഇത്തരമൊരു കടുവാപെരുപ്പത്തിനു കാരണമാവുന്നതരത്തില്‍ കാര്യമായ കടുവാസംരക്ഷണപ്രവര്‍ത്തനങ്ങളൊന്നും ഇക്കാലയളവില്‍ ഇന്ത്യയില്‍ നടപ്പാക്കിയിട്ടില്ല. എന്നിട്ടും കടലാസില്‍ എണ്ണം ഇത്രയും പെരുകാന്‍ ഗവണ്‍മെന്റ് പറയുന്ന കാരണം ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയിലെ 'സുന്ദര്‍ബാന്‍' വനമേഖലയിലെ കടുവകളുടെ എണ്ണം സെന്‍സസില്‍ പെടുത്തിയത് ഇതാദ്യമാണെന്നാണ്. എന്നാല്‍ വാദം പൂര്‍ണമായും ശരിയല്ല.
സുന്ദര്‍ബാന്‍മേഖലയില്‍ 70 കടുവകളുള്ളതായി കണ്‍െത്തിയെന്നാണ് കണക്കെടുപ്പുകാര്‍ പറയുന്നത്. ചില പ്രത്യേക കാരണങ്ങളാല്‍ പരമ്പരാഗതരീതിയിലുള്ള കടുവാ കണക്കെടുപ്പ് ഇവിടെ അസാധ്യമായിരുന്നു. അതിനാല്‍, പുതിയ ചില സങ്കേതങ്ങളുടെ സഹായത്താലാണ് ഇവയുടെ എണ്ണം രേഖപ്പെടുത്തിയത്. ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയിലായതിനാല്‍, കടുവകള്‍ അതിര്‍ത്തികടന്ന് അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതിലെ ബുദ്ധിമുട്ടുമുണ്‍ായിരുന്നു. ഇതൊക്കെയും പരിഹരിച്ചാണ് 70 മൊത്തം കണക്കിലേക്കുവന്നത്. എന്നാല്‍ അധികമായുണ്‍ായെന്നു പറയുന്ന 295ല്‍നിന്ന് 70 മാറ്റിനിര്‍ത്തിയാലും 225 കടുവകള്‍ രണ്‍ുവര്‍ഷംകൊണ്‍് പുതുതായുണ്‍ായതായാണ് സെന്‍സസ് പറയുന്നത്. ഇതിന്റെ സത്യാവസ്ഥയാണ് ചോദ്യംചെയ്യപ്പെടുന്നത്.
കണക്കുകള്‍ കൃത്രിമമായി പെരുപ്പിച്ചുകാണിക്കുന്നതിലൂടെ കടുവകളുടെ എണ്ണത്തിലെ യഥാര്‍ഥനില മറച്ചുവയ്ക്കാനുള്ള ശ്രമം ഇതിനുമുമ്പും ആവര്‍ത്തിക്കപ്പെട്ടതാണ് ഇക്കാര്യത്തില്‍ സംശയമുണര്‍ത്തുന്നത്. കടുവാസംരക്ഷണത്തിനായി ഇന്ത്യാ ഗവണ്‍മെന്റ് 'പ്രോജക്ട് ടൈഗറി'ന് തുടക്കമിട്ട 1973ല്‍, 1,827 ആയിരുന്നു ഇന്ത്യയിലെ ആകെ കടുവകളുടെ  എണ്ണം. WWF എന്ന (World Wide Fund for Nature) സ്വകാര്യ പരിസ്ഥിതിസംഘടനയും ഇന്ത്യാ ഗവണ്‍മെന്റും ചേര്‍ന്നുള്ള സംയുക്തപദ്ധതിയായിരുന്നു 'പ്രോജക്ട്ടൈഗര്‍'. ഇതിനെത്തുടര്‍ന്നാണ് രണ്‍ുവര്‍ഷം ഇടവിട്ടുള്ള 'കടുവാ സെന്‍സസ്' ശ്രദ്ധേയമായതും. 2002ലെ കണക്കെടുപ്പില്‍ കടുവകളുടെ എണ്ണം 3,700 എന്നാണ് വെളിപ്പെടുത്തല്‍. 'പ്രോജക്ട് ടൈഗറി'ന് ഏറെ പ്രശംസനേടിക്കൊടുക്കാന്‍ ഇതു കാരണമായെങ്കിലും 'കുതിച്ചുചാട്ടം' അത്ര വിശ്വസനീയമായില്ല, ഒരു ന്യൂനപക്ഷത്തിനെങ്കിലും അന്ന്.
തുടര്‍ന്നു നടന്ന മറ്റൊരു കണക്കെടുപ്പാണ് കടുവാ സെന്‍സസിലെ എണ്ണമെടുക്കലുകള്‍ യഥാര്‍ഥമല്ല എന്ന സത്യം വെളിച്ചത്തെത്തിച്ചത്. 'ഓള്‍ ഇന്ത്യ വൈല്‍ഡ് അനിമല്‍ സെന്‍സസ്' (All India Wild Animal Census) എന്ന പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് നാലുവര്‍ഷത്തിലൊരിക്കല്‍ നടപ്പാക്കുന്ന ബൃഹത്തായ വന്യജീവി കണക്കെടുപ്പിലാണ് ഇതു വെളിപ്പെട്ടത്. 'ക്യാമറ-ട്രാപ്പ്' (Camera-trap) പോലെയുള്ള പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ചു നടത്തിയ കണക്കെടുപ്പില്‍ കടുവകളുടെ യഥാര്‍ഥ എണ്ണം 'ടൈഗര്‍ സെന്‍സസു'കാര്‍ പറയുന്നതില്‍നിന്ന് വളരെ കുറവാണെന്നാണ് കണ്‍െത്തിയത്. 2007-2008ല്‍ നടന്ന കണക്കെടുപ്പാണ് വംശനാശത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന ഇന്ത്യയിലെ കടുവകളുടെ ദയനീയചിത്രം ആദ്യമായി തുറന്നുകാട്ടിയതും.
കടുവത്തോല്‍, നഖം, പല്ലുകള്‍, മാംസം എന്നിവയ്ക്കായി കള്ളവേട്ട നടത്തുകയും കള്ളക്കടത്തിലൂടെ ലക്ഷങ്ങള്‍ നേടുകയും ുന്നതിന് കടുവാപ്പെരുപ്പം സംബന്ധിച്ച കൃത്രിമസംഖ്യകള്‍ ഏറെക്കാലം തണലായി മാറുകയുണ്ടായി. ഒറീസമുതലായ സംസ്ഥാനങ്ങളില്‍ ശക്തിപ്രാപിച്ച തീവ്രവാദസംഘടനകളുടെ മറയും കള്ളക്കടത്തുകാര്‍ പ്രയോജനപ്പെടുത്തുകയുണ്ടായി. കടലാസിലെ കടുവാബാഹുല്യത്തില്‍ അഭിരമിച്ച ഔദ്യോഗിക സംവിധാനത്തിന്റെ ശ്രദ്ധയും ജാഗ്രതയും ദുര്‍ബലമായതും കള്ളവേട്ടക്കാര്‍ക്ക് സഹായകമായി. ആയുധവും ഭീഷണിയുമായി കള്ളവേട്ടക്കാര്‍ അരങ്ങുവാണപ്പോള്‍ ദേശീയമൃഗത്തിന്റെ കൊലക്കളമായി മാറുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ ഇന്ത്യ.
കടുവകളുടെ കണക്കെടുപ്പിനായി ഉപയോഗിക്കുന്ന ചില പരമ്പരാഗത മാര്‍ഗങ്ങളിലെ അശാസ്ത്രീയതയാണ് കണക്കെടുപ്പിലെ ഇത്തരം പാളിച്ചകള്‍ക്കു കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഉല്ലാസ് കാരന്ത് എന്ന വന്യജീവിവിദഗ്ധന്‍ തൊണ്ണൂറുകളുടെ അവസാനമുതല്‍ക്കേ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാന്‍ യത്നിച്ചിരുന്നു. കടുവകളുടെ കാലടിപ്പാടുകളെ അടിസ്ഥാനമാക്കി എണ്ണമെടുക്കുന്ന 'പഗ്മാര്‍ക്ക്' (Pug Marking) സങ്കേതമാണ് അന്ന് വ്യാപകമായി ഉപയോഗിച്ചിരുന്നത്. കാട്ടിലെ അസൌകര്യങ്ങള്‍ കണക്കിലെടുത്ത് ഇന്നും തുടരുന്ന സങ്കേതത്തിലൂടെ ഒരു കടുവയുടെ കാല്‍പ്പാടിനെത്തന്നെ ഒന്നിലധികം കടുവകളുടേതായി കണക്കാക്കപ്പെടാറുണ്ട്. ഇതിനു പകരമായി റേഡിയോമെട്രി, ക്യാമറ-ട്രാപ്പ്, ഇന്‍ഫ്രാറെഡ് ക്യാമറ തുടങ്ങിയ സങ്കേതങ്ങള്‍ സെന്‍സസിനായി ഉപയോഗിക്കണമെന്നാണ് കാരന്തിനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ള കണക്കെടുപ്പു വിവരങ്ങള്‍ ഊതിവീര്‍പ്പിച്ചതാണെന്നും അവര്‍ കരുതുന്നു.

കടുവാകണക്കെടുപ്പ് എങ്ങനെ?
വേനല്‍ക്കാലത്താണ് കടുവകളുടെ കണക്കെടുപ്പ് സാധാരണ നടത്തുന്നത്. വെള്ളത്തിന്റെ ലഭ്യത കുറയുന്നതിനാല്‍, കടുവകള്‍ കൂട്ടത്തോടെ ജലസ്രോതസ്സുകള്‍ക്കടുത്തെത്തും എന്നതിനാലാണിത്. രാത്രിയിലാണ് കടുവകള്‍ സഞ്ചരിക്കുന്നത്. അതിനാല്‍, രാവിലെയുള്ള സമയമാണ് കണക്കെടുപ്പുസംഘം യാത്രതിരിക്കുന്നത്. ജലാശയങ്ങള്‍ക്കരികിലെ പതുപതുത്ത മണ്ണില്‍ കാല്‍പ്പാടുകള്‍ തേടുന്ന അവര്‍, ഏറ്റവും വ്യക്തമായി പതിഞ്ഞ ഒന്നിനെ കണ്ടെത്തുകയും അതില്‍ 'പ്ളാസ്റ്റര്‍ ഓഫ് പാരീസ്' (ആശുപത്രികളില്‍ 'പ്ളാസ്റ്റര്‍' പൊതിയാനുപയോഗിക്കുന്ന പദാര്‍ഥം) കുഴച്ചത് അമര്‍ത്തിനിറച്ച് അതിന്റെ പകര്‍പ്പെടുക്കുകയും ചെയ്യുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് പിന്നീടുള്ള വിശകലനങ്ങളെല്ലാം. കടുവകളുടെ എണ്ണം, അവയ്ക്കിടയിലെ ആണ്‍-പെണ്‍ അനുപാതം, കുട്ടികളുടെ എണ്ണം, ശരീരഭാരം എന്നിവ അനുമാനിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.