Saturday, May 21, 2011

രോഗാണുക്കള്‍ കറന്‍സിനോട്ടിലും

Comparison of Indian and American Currency based on their germ content
Original image coutesy: www.creditnet.com
മുഷിഞ്ഞ നോട്ടുകള്‍ കൈയില്‍വന്നാല്‍ അപ്പോള്‍തന്നെ കൊടുത്തുമാറ്റുന്നവരാണ് നാം. വലിയ കേടുപാടുകളില്ലെങ്കില്‍ ചിലപ്പോള്‍ അസാരം ദുര്‍ഗന്ധമുണ്ടെങ്കില്‍ പോക്കറ്റില്‍ തിരുകാനും നമ്മള്‍ നിര്‍ബന്ധിതരാവും. എന്നാല്‍ ഇത്തരം നോട്ടുകളില്‍ പലതും രോഗകാരികളായ ബാക്ടീരിയകളെയും ഫംഗസുകളെയും വഹിക്കുന്നവയാവുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ധനസഹായത്തോടെ, കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിന്റെയും മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഗവേഷണമാണ് ഇന്ത്യയിലെ കറന്‍സിനോട്ടുകളും നാണയങ്ങളും മാരകരോഗാണുക്കളുടെ വാഹകരാവുന്നു എന്ന കണ്ടെത്തല്‍ നടത്തിയത്.ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ഗവേഷണ ജേണലായ 'കറന്റ് സയന്‍സി'ലാണ് ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചത്.

മംഗളൂരു നഗരത്തിലെ ഭിക്ഷാടകര്‍, സ്കൂള്‍കുട്ടികള്‍, റോഡരികിലെ ഭക്ഷ്യവില്‍പ്പനക്കാര്‍ എന്നിവരില്‍നിന്നു ശേഖരിച്ച കറന്‍സിനോട്ടുകളും നാണയങ്ങളുമാണ് പഠനവിധേയമാക്കിയത്. ആകെ 50 സാമ്പിളാണ് ശേഖരിച്ചത്. 25 നോട്ടും 25 നാണയവും. ഇതില്‍ 24 നോട്ടുകള്‍ രോഗാണുക്കളെ വഹിക്കുന്നവയായാണ് കണ്ടെത്തിയത്. നാണയങ്ങളില്‍ 21 എണ്ണവും. ഒന്നിലധികം ഇനത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ ഒരേ നോട്ടില്‍ വസിക്കുന്നതായും കണ്ടെത്തി. സ്റ്റഫൈലോകോക്കസ്, ക്ളെബിസിയെല്ല, ബാസിലസ്, ഇ.കോളൈ എന്നിവയായിരുന്നു ഇവയില്‍ പ്രധാനം. ഫംഗസുകളില്‍, ആസ്പര്‍ജില്ലസ്നൈഗര്‍ എന്ന ഇനത്തെയും.


വിവിധതരം രോഗങ്ങള്‍ക്കു കാരണമാവുന്നവയാണ് ഇവയെല്ലാം. മാത്രവുമല്ല, സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ഔഷധങ്ങളെ അതിജീവിക്കാനാവുംവിധം ഇവയെല്ലാം പ്രതിരോധശേഷ നേടിയതായും കണ്ടെത്തി. വിനിമയംചെയ്യുന്ന ഭൂരിഭാഗം കറന്‍സിനോട്ടിലും നാണയങ്ങളിലും, ഏതാണ്ട് 98 ശതമാനത്തോളം ഇത്തരത്തില്‍ 'രോഗവാഹരാ'വുന്നു എന്നാണ് പഠനം നല്‍കുന്ന സൂചന.
വൃത്തിഹീനമായ ചുറ്റുപാടില്‍ കറന്‍സിനോട്ടുകള്‍ സൂക്ഷിക്കുന്നതും വിവിധതരത്തില്‍ മലിനീകരിക്കപ്പെട്ട കൈകള്‍ ഉപയോഗിച്ച് നോട്ടുകള്‍ കൈകാര്യംചെയ്യുന്നതുമാണ് രോഗാണുക്കള്‍ക്ക് അവയില്‍ താവളമൊരുക്കുന്നത്.

നോട്ടുകളില്‍നിന്ന് ഇവ മറ്റുമാര്‍ഗങ്ങളിലൂടെ രോഗത്തിന്റെ പകര്‍ച്ചയിലേക്കു നയിക്കുകയും ചെയ്യുന്നു. ഭക്ഷ്യശാലകളില്‍ ഭക്ഷണം പൊതിഞ്ഞുകൊടുക്കുന്നവര്‍, ഭക്ഷണം തയ്യാറാക്കുന്നവര്‍ തുടങ്ങിയവര്‍ അതേ കൈകള്‍കൊണ്ട് നോട്ടുകള്‍ സ്വീകരിക്കുന്നതും തിരിച്ചുകൊടുക്കുന്നതും അപകടത്തിനിടയാക്കുന്നു. വൃത്തിഹീനമായ വ്യക്തിജീവിതം നയിക്കുന്നവരും നോട്ടുകളിലേക്കും നാണയങ്ങളിലേക്കും രോഗാണുക്കളെ പടര്‍ത്തുന്നു. ശരീരദ്രവങ്ങളായ വിയര്‍പ്പ്, ഉമിനീര്‍ മുതലായവയില്‍ കുതിരുന്ന നോട്ടുകള്‍ അതിലൂടെ രോഗാണുക്കളെയും സ്വന്തമാക്കുന്നു. നോട്ടിലും നാണയത്തിലും സ്പര്‍ശിച്ച കൈകള്‍ വൃത്തിയാക്കാതെ ഭക്ഷണംകഴിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു.

                                                                           
അത്യധികം അപകടകരമായ ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് കറന്‍സിനോട്ടുകളെ എത്തിക്കുന്നതില്‍ അവ നിര്‍മിക്കപ്പെട്ട അടിസ്ഥാനവസ്തുവിനും പ്രധാന പങ്കുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. നിലവില്‍ കടലാസ് അധിഷ്ഠിതമായാണ് ഇന്ത്യയില്‍ നോട്ടുകള്‍ നിര്‍മിക്കുന്നത്. ഇത് ഒരു ജൈവപദാര്‍ഥമായതിനാല്‍, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ക്ക് ഇതില്‍ വളരാനാവുന്നു. കാലപ്പഴക്കത്താല്‍ അടിഞ്ഞുകൂടുന്ന മറ്റ് 'അഴുക്കു'കള്‍, ഈര്‍പ്പം, ലവണാംശം എന്നിവ ചേര്‍ന്ന് നല്ലൊരു വളര്‍ച്ചാമാധ്യമവും ഇവയ്ക്കായി നോട്ടുകളില്‍ സൃഷ്ടിക്കപ്പെടുന്നു.

അതേസമയം, പ്ളാസ്റ്റിക്, മറ്റുതരം ബയോ പോളിമെറുകള്‍ എന്നിവയാല്‍ നിര്‍മിക്കപ്പെട്ട നോട്ടുകള്‍ ഇങ്ങനെ രോഗാണുവളര്‍ച്ച മാധ്യമങ്ങളായി മാറുന്നില്ലത്രെ. ഓസ്ട്രേലിയ, ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, നൈജീരിയ, മെക്സിക്കോ, അമേരിക്ക, ബര്‍ക്കിനോ ഫാസോ, ചൈന എന്നീ രാജ്യങ്ങളിലെ കറന്‍സിനോട്ടുകളെ അധികരിച്ചു നടന്ന സമാന പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, പ്രതിരോധശേഷി തീരെ കുറവായവരില്‍ മാത്രമേ കറന്‍സിയിലൂടെയുള്ള രോഗാണുബാധ അപകടകരമാവൂ എന്നതാണ് ഗവേഷകര്‍ നല്‍കുന്ന സമാശ്വാസം.

കറന്‍സിനോട്ടിലെ രോഗാണുക്കള്‍
1. ആസ്പെര്‍ജില്ലസ് നൈഗര്‍ (Aspergillus niger)
2. സ്റ്റഫൈലോകോക്കസ് ഓറിയസ് (Staphylococcus aureus)
3. സ്റ്റഫൈലോകോക്കസ് എപ്പിഡെര്‍മിഡിസ് (S. epidermidus)
4. എന്ററോബാക്ടര്‍ അഗ്ളോമെറന്‍സ് (Enterobacter aglomerans)
5. എസ്ചെറൈസ്ചിയ കോളൈ (Escherschia coli )
6. ക്ളൈബ്സിയെല്ല (Klebsiella spp.)
7. ക്യൂറോബാക്ടര്‍ (Curobactor spp.)
8. സ്യൂഡോമോണാസ് (Pseudomonas spp.)
9. അസിനെറ്റോബാക്ടര്‍ (Acinetobactor spp.)
10. മൈക്രോകോക്കസ് (Micrococcus spp.)
11. സ്ട്രെപ്റ്റോകോക്കസ് (Streptococcus spp.)
12. ബാസിലസ് (Bacillus spp.)

പൊതുജനങ്ങള്‍ക്കുള്ള
സുരക്ഷാ നിര്‍ദേശങ്ങള്‍
1. നോട്ടുകള്‍ തുപ്പല്‍പുരട്ടി എണ്ണുന്ന ശീലം ഒഴിവാക്കുക.
2. ഭക്ഷ്യശാലകളില്‍ പണം കൈകാര്യംചെയ്യാനും പാചകത്തിനും വെവ്വേറെ ആള്‍ക്കാരെ നിയമിക്കുക.
3. ഒരാള്‍തന്നെ രണ്ടു കാര്യവും ചെയ്യുന്നപക്ഷം, ഭക്ഷ്യവസ്തുക്കളില്‍ തൊടുന്ന കൈവിരലുകള്‍, നോട്ടി•ല്‍ പതിയാതിരിക്കാന്‍ ശ്രദ്ധിക്കുക.
4. മുഷിഞ്ഞ നോട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ബാങ്കില്‍ സമര്‍പ്പിച്ച് മാറ്റിയെടുക്കുക.
5. വൃത്തിഹീനമായ ഇടങ്ങളില്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിക്കാതിരിക്കുക.
6. നോട്ടുകള്‍ ചുരുട്ടിമടക്കാതിരിക്കാനും അവയില്‍ അഴുക്കുപുരളാതിരിക്കാനും ശ്രദ്ധിക്കുക.

Source: www.ias.ac.in/currsci/25mar2011/822.pdf

Thursday, May 5, 2011

ഹൈന്ദവ ഗ്രന്ഥങ്ങളിലെ ശാസ്ത്രം

Image Courtesy: www.dougal.union.ic.ac.uk
ഭാരതീയര്‍ ആര്‍ജ്ജിച്ചിരുന്ന ശാസ്ത്രവിജ്ഞാനം ഗ്രന്ഥരൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടത് വളരെക്കാലങ്ങള്‍ക്ക് ശേഷമാണ്. അങ്ങനെ രേഖപ്പെടുത്തപ്പെട്ട എഴുത്തുകളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടമായിരിക്കുന്നു. ശാസ്ത്രസംബന്ധമായ എന്തിനും പാശ്ചാത്യലോകത്തെ ആശ്രയിക്കുന്ന നമ്മുടെ ശീലം നമ്മുടേതായ പലതും ഇത്തരത്തില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടാന്‍ കാരണമായിട്ടുണ്ടെന്നത് ദുഃഖകരമായ സത്യമാണ്. അതേസമയം, പാശ്ചാത്യരും വിദൂരപൌരസ്ത്യദേശക്കാരുമായ അനേകം സഞ്ചാരികളും പണ്ഡിതന്‍മാരും പുതിയ ശാസ്ത്രതത്വങ്ങളെ ലോകത്തിനു പരിചയപ്പെടുത്താനായി ഉപയോഗിച്ചത് പുരാതന ഭാരതത്തിലെ വിജ്ഞാനശേഖരത്തെയാണ്.
  
അതുപോലെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വസ്തുത, ഈ വിജ്ഞാന സമ്പത്ത് ദേശാന്തരീയമായി കടന്നുവന്ന, പരസ്പരമുള്ള 'കൊടുക്കല്‍ വാങ്ങലു'കളിലൂടെയാണ് സമ്പന്നമായത് എന്നതാണ്. ഈ സമ്പന്നത തുടര്‍ന്നുകൊണ്ടുപോവുന്നതിന് ആധുനികലോകം പരിശ്രമിക്കേണ്ടതുണ്ട്. സാഗരതുല്യമായ അറിവുശേഖരമാണ് ഭാരതീയമായ വേദഗ്രന്ഥങ്ങളിലുള്ളത്. അതിന്റെ തീരത്തുനിന്ന്, അല്പനേരത്തേക്കുള്ള ഒരു വിഹഗവീക്ഷണം നടത്തിയതില്‍നിന്നും ശേഖരിക്കാനായ ചിലമൊഴിമുത്തുകളും കൌതുകങ്ങളും മാത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്.
അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, വ്യാസമഹര്‍ഷിയാണ് 'വേദങ്ങള്‍' എന്നറിയപ്പെടുന്ന വിജ്ഞാനസൂക്തങ്ങളെ ക്രോഡീകരിക്കുകയും വിഭജിക്കുകയും ചെയ്തതെന്ന് കരുതപ്പെടുന്നു. നാല് വേദങ്ങളിലായിട്ടായിരുന്നു വിഭജനം. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം. ഋഗ്വേദത്തിന് 21 ശാഖകളാണ് ഉണ്ടായിരുന്നത്. പക്ഷേ, ഇതില്‍ രണ്ടെണ്ണം മാത്രമേ (ശകല, സംഖ്യയാന) ഇന്ന് ലഭ്യമായുള്ളൂ. യജുര്‍വേദത്തിന് 100 ശാഖകളുണ്ടായിരുന്നു. അതില്‍ 4 എണ്ണം മാത്രമേ(തൈത്തരീയ, മൈത്രയാനിയ, കന്‍വ, മദ്ധ്യാന്തിന) ഇന്നുള്ളൂ. സാമവേദത്തിന് 1000 ശാഖകളായിരുന്നു. ഇപ്പോഴുള്ളത് വെറും മൂന്നെണ്ണവും: രാനയാനിയ, ജൈമിനിയ, ഗൌതമ! അഥര്‍വവേദത്തിലെ 11 ശാഖകളില്‍ ശൌനക, പിപ്പലാദ എന്നിങ്ങനെ രണ്ടെണ്ണവും! അതായത് ആകെ 1131 ശാഖകള്‍ (recessions) ഉണ്ടായിരുന്നതില്‍, 1120 എണ്ണം നഷ്ടപ്പെട്ടിരിക്കുന്നു! കാലത്തിന്റെ അനിവാര്യതയാവാം ഇത്.

ശാസ്ത്രജ്ഞരായ മഹര്‍ഷിമാര്‍
വിക്രമാദിത്യചക്രവര്‍ത്തിയുടെ രാജസദസ്സിലെ പണ്ഡിതനായിരുന്ന വരാഹമിഹിരനായിരുന്നു മറ്റൊരു വാനനിരീക്ഷകന്‍. 'ബൃഹദ്സംഹിത' എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റെതാണ്. ഉജ്ജയിനിയായിരുന്നു ഇരുവരുടെയും പ്രവര്‍ത്തന മണ്ഡലം. അവിടെയായി ഒരു വാനനിരീക്ഷണശാലയും ഉണ്ടായിരുന്നു. രസതന്ത്രത്തിലെ വിദഗ്ദനായിരുന്നു രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നാഗാര്‍ജ്ജുനന്‍. പ്രധാനമായും തത്ത്വശാസ്ത്ര സംബന്ധമായ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ രോഗചികിത്സയും വിഷയങ്ങളായിരുന്നു.
'ആര്യഭടീയം' എഴുതിയ ആര്യഭടനാണ് ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്ന സിദ്ധാന്തം ഉന്നയിച്ചത്. അന്നത്തെ വിശ്വാസ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍.ശസ്ത്രക്രിയ നടത്താനുള്ള ഉപകരണങ്ങള്‍ സ്വയം നിര്‍മ്മിച്ചുകൊണ്ട് അത് നടപ്പിലാക്കിയ ആചാര്യനായിരുന്നു ശുശ്രുതന്‍. പദാര്‍ഥങ്ങളുടെ അടിസ്ഥാന നിര്‍മ്മാണഘടകം 'ആറ്റം' എന്ന് ഇന്ന് വിളിക്കപ്പെടുന്ന 'കണം' ആണെന്ന് പറഞ്ഞത് കണാദനാണ്. അനേകം പേര്‍ ഇങ്ങനെയുണ്ടെങ്കിലും സ്ഥലപരിതമിതിമൂലം അവരുടെയെല്ലാം സംഭാവനകള്‍ അനുസ്മരിക്കുക അസാധ്യമാവുന്നു.
'മഹര്‍ഷിമാര്‍' എന്നറിയപ്പെട്ടിരുന്ന ചിന്തകന്‍മാരായിരുന്നു ഭാരതീയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാസ്കരാചാര്യരാണ് ഒരുദാഹരണം. പേരുകേട്ട ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു ഇദ്ദേഹം. 'സിദ്ധാന്തശിരോമണി', കര്‍ണകുരൂഹലം' എന്നീ ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹമാണ് വാനനിരീക്ഷണത്തിന് ഗണിതശാസ്ത്രപരമായ അടിത്തറ രൂപപ്പെടുത്തിയത്. ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ നിയമം കണ്ടുപിടിക്കുന്നതിനും 500 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാസ്കരാചാര്യര്‍ അത് വിഭാവനം ചെയ്തിരുന്നു. ആധുനിക ശാസ്ത്രം ഇന്ന് കണ്ടെത്തിയിരിക്കുന്ന പലകാര്യങ്ങളും പുരാതന ഭാരതത്തിന്റെ പലഗ്രന്ഥങ്ങളിലും സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നുവെന്നത് അതിശയകരമാണ്.


Courtesy: Pictures in this blog are from Science in Sanskrit published by Samskritabharati, New Delhi.
Link: http://www.samskritabharati.org

This article by me, in original form was published in Nava-Sasthravicharam, April 2011, Special Issue. 
Link:
http://nava-sasthravicharam.com/