Thursday, July 14, 2011

സ്പേസ് ഷട്ടിലുകള്‍ക്ക് വിട


1960കളുടെ തുടക്കത്തില്‍, അമേരിക്ക അതീവരഹസ്യമായി ഒരു വിമാനം നിര്‍മിക്കുകയുണ്ടായി. വെറും വിമാനമായിരുന്നില്ല അത്. പറന്നുയരാന്‍ വിമാനത്താവളം വേണ്ടാത്ത വിമാനം. റോക്കറ്റ് ഉപയോഗിച്ചാണ് വിമാനം മുകളിലേക്കുയരുക. അതുമാത്രമല്ല, റോക്കറ്റ് ഉള്ളതുകൊണ്ട് എത്ര ഉയരംവരെയും പോവാം. തിരിച്ചിറങ്ങുന്നതു പക്ഷേ, സാധാരണ വിമാനംപോലെയും. ശാസ്ത്രനോവലുകളുടെ താളുകളില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങിവന്ന ഒരു സങ്കല്‍പ്പമായിരുന്നു അത്.

'എക്സ്-37' എന്നായിരുന്നു ഈ പരീക്ഷണ വിമാനത്തിന്റെ അന്നത്തെ പേര്. അന്ന് അതു പറപ്പിക്കാനായി അമേരിക്ക തെരഞ്ഞെടുത്ത വൈമാനികനാണ് പിന്നീട് ചന്ദ്രനില്‍ കാലുറപ്പിക്കുന്ന ആദ്യ മനുഷ്യനായത്- നീല്‍ ആംസ്ട്രോങ്. ആംസ്ട്രോങ് തുടക്കംനല്‍കിയ ഈ 'റോക്കറ്റ്-വിമാനങ്ങള്‍' പില്‍ക്കാലത്ത് മറ്റൊരു പേരിലാണ് അറിയപ്പെട്ടത്- 'സ്പേസ് ഷട്ടില്‍'.
                                                                                   
ഡിസ്കവറി, എന്‍ഡവര്‍ എന്നീ പേരുകളില്‍ ഏറെക്കാലം അവ അമേരിക്കന്‍ ബഹിരാകാശഗവേഷണങ്ങളുടെ അമരക്കാരായിരുന്നു. എന്നാല്‍ ചരിത്രത്തില്‍നിന്നു ചരിത്രത്തിലേക്കു പറഞ്ഞ 'റോക്കറ്റ്-വിമാന'ങ്ങളുടെ ഈ പദ്ധതി അമേരിക്ക അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ ജൂലൈ എട്ടിന്, 'അറ്റ്ലാന്റിസ്' എന്നുപേരുള്ള സ്പേസ് ഷട്ടില്‍ വിക്ഷേപിച്ചതോടെ വിസ്മയങ്ങളുടെ വഴിവിളക്കായിരുന്ന ഷട്ടില്‍ പദ്ധതി അമേരിക്ക ഉപേക്ഷിക്കുകയാണ്.
                                                                              
ഇത്രയും വിജയകരമായൊരു പദ്ധതി അമേരിക്കന്‍ ബഹിരാകാശ ഗവേഷണസ്ഥാപനമായ 'നാസ' എന്തിന് ഉപേക്ഷിക്കുന്നു എന്നതിന് ഔദ്യോഗികമായ വിശദീകരണങ്ങള്‍ പലതാണ്. അതില്‍ ഒന്നാമതായി പറയുന്നത് ഷട്ടിലുകള്‍ പലതും കാലപ്പഴക്കത്താല്‍ കണ്ടംചെയ്യേണ്ട അവസ്ഥയിലാണെന്നാണ്. 'ഒന്നിലധികംതവണ ഉപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശവാഹനം' എന്ന അര്‍ഥത്തിലും അതിന്റെ അവതരണം എന്ന നിലയ്ക്കുമാണ് 'നാസ' സ്പേസ് ഷട്ടില്‍ പദ്ധതിക്കു തുടക്കമിട്ടത്.
പല പേരുകളില്‍ അഞ്ചോളം സ്പേസ് ഷട്ടിലുകള്‍ സ്വന്തമായുണ്ടായിരുന്ന നാസ അവയെ ഓരോന്നിനെയും അനേകം തവണ ഉപയോഗിച്ചിട്ടുണ്ട്.
                                                                         
ഓരോ ദൌത്യവും പൂര്‍ത്തിയാക്കി തിരിച്ചെത്തുമ്പോള്‍, ചില്ലറ മിനുക്കുപണികളൊക്കെ നടത്തി അടുത്ത യാത്രയ്ക്ക് തയ്യാറാക്കും. ഇങ്ങനെ പലതവണ പറന്ന്, പഴഞ്ചനായവയ്ക്ക് സ്വയം വിരമിക്കാന്‍  അവസരമൊരുക്കുന്നു എന്നാണ് 'നാസ'യുടെ പക്ഷം.അതേസമയം താങ്ങാനാവാത്ത സാമ്പത്തികബാധ്യതയാണ് അമേരിക്കയെ ഇതിനു നിര്‍ബന്ധിക്കുന്നതെന്ന് അണിയറഭാഷ്യവുമുണ്ട്. ഒന്നരദശലക്ഷം കോടി ഡോളര്‍ ചെലവാകും ഒരു സ്പേസ് ഷട്ടില്‍ നിര്‍മിക്കാന്‍. ഒരു വിക്ഷേപണത്തിനു വേണ്ടിവരുന്ന ചെലവ് 500 ദശലക്ഷം ഡോളറോളവും. നിലവിലുള്ള സാമ്പത്തികസ്ഥിതിയില്‍ ഇത്തരമൊരു ഭാരം തുടര്‍ന്നും താങ്ങാന്‍ അമേരിക്കയ്ക്കു കഴിയില്ലെന്നതാണ് സ്പേസ് ഷട്ടിലുകളുടെ 'നിര്‍ബന്ധിത പിരിച്ചുവിടലി'നു കാരണമായത്.
                                                                                  
കൂടുതല്‍ കാര്യക്ഷമതയാര്‍ന്ന സ്പേസ് ഷട്ടിലുകള്‍ നിര്‍മിക്കാനുള്ള അവസരമൊരുക്കുന്നതിനാണ് താല്‍ക്കാലികമായ ഈ 'മാറ്റിനിര്‍ത്തലെ'ന്ന മറ്റൊരു വിശദീകരണവും സമാശ്വാസമെന്നതുപോലെ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ട്. 2004ല്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷാണ് സ്പേസ് ഷട്ടില്‍ പദ്ധതി നിര്‍ത്തുന്നതായി ആദ്യം പ്രഖ്യാപിച്ചത്. അന്ന്, അതിനനുബന്ധമായി അദ്ദേഹം പറഞ്ഞത് ചന്ദ്രനെയും ചൊവ്വയെയും കൂടുതല്‍ പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് അവസരമൊരുക്കാന്‍ താല്‍ക്കാലികമായി 'സ്പേസ് ഷട്ടില്‍' എന്ന ഭാരം അവരില്‍നിന്ന് ഒഴിവാക്കുന്നു എന്നാണ്.
                                                                           
എന്നാല്‍, ഒബാമഭരണകൂടം അതില്‍ ഒന്നിനെക്കൂടി ഒഴിവാക്കി- ചാന്ദ്രദൌത്യങ്ങള്‍ ഇനി വേണ്ടെന്ന്. പകരം ചൊവ്വയെ കൂടുതല്‍ പഠിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. പക്ഷേ, ഒരുവേള അമേരിക്ക ചൊവ്വാദൌത്യങ്ങള്‍ പുനരുജ്ജീവിച്ചാലും അതിലേക്കു പറക്കുന്ന വാഹനങ്ങളില്‍ 'നാസ' എന്ന പേര് ഇനിമേല്‍ ഉണ്ടാവില്ലെന്നതാണ് യാഥാര്‍ഥ്യം. ചില സ്വകാര്യകമ്പനികളുടെ പേരാവും ഇനി അവയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.
                                                                               
അതിലൊന്നാണ് 'സ്പേസ്-എക്സ്' എന്ന ചുരുക്കപ്പേരിലറിയുന്ന 'സ്പേസ് എക്സ്പ്ളൊറേഷന്‍ കോര്‍പറേഷന്‍' എന്ന  കമ്പനി. 'ഡ്രാഗണ്‍ ക്യാപ്സ്യൂള്‍' (Dragon Capsule) എന്നു പേരിട്ടിരിക്കുന്ന അവരുടെ സ്പേസ് ഷട്ടില്‍ തയ്യാറാവുകയാണ്. അതുവരെ റഷ്യയുടെ ബാഹ്യാകാശ വാഹനങ്ങളെയാവും അമേരിക്ക ആശ്രയിക്കുക. ബഹിരാകാശ ഗവേഷണരംഗത്ത് സോവിയറ്റ് യൂണിയനൊപ്പം നേട്ടങ്ങള്‍കൊയ്ത ഒരു മഹാരാജ്യം ഇവ്വിധം തോറ്റുപി•ാറുന്നതും ഒരുപക്ഷേ ചരിത്രത്തിലെ അനിവാര്യതയാകാം.

സോവിയറ്റ് യൂണിയന്റെ സ്പേസ് ഷട്ടില്‍
അമേരിക്ക സ്പേസ് ഷട്ടിലുകള്‍ വികസിപ്പിച്ചതിനു സമാന്തരമായി ബാഹ്യാകാശ വാഹനപദ്ധതികളുമായി ബഹുദൂരം മുന്നോട്ടുപോയത് സോവിയറ്റ് യൂണിയനായിരുന്നു. അമേരിക്ക തങ്ങളുടെ ബഹിരാകാശഗവേഷണത്തെ കുപ്രസിദ്ധമായ 'നക്ഷത്രയുദ്ധ' (Star War) പരിപാടിയുമായി ബന്ധപ്പെടുത്തിയതായിരുന്നു കാരണം. അമേരിക്ക ആദ്യകാലങ്ങളില്‍ നിര്‍മിച്ച സ്പേസ് ഷട്ടില്‍ മാതൃകകളില്‍ പലതും പരീക്ഷണാര്‍ഥം ഏറെ സമയം ചെലവഴിച്ചത് അന്ന് ഏറെ പ്രശ്നബാധിതമായിരുന്ന അഫ്ഗാനിസ്ഥാനു മുകളിലായിരുന്നു എന്നത് അവയുടെ സൈനികമുഖവും വെളിപ്പെടുത്തുന്നതായിരുന്നു.
                                                                           
'ബുറാന്‍' എന്ന പേരില്‍ സ്പേസ് ഷട്ടില്‍ നിര്‍മിച്ചുകൊണ്ടായിരുന്നു സോവിയറ്റ് യൂണിയന്‍ ഇതിനു മറുപടി പറഞ്ഞത്. റഷ്യന്‍ഭാഷയില്‍ 'മഞ്ഞുകാറ്റ്' (Snow Storm) എന്ന് അര്‍ഥംവരുന്ന ഈ സ്പേസ് ഷട്ടിലുകള്‍ ഉപയോഗിച്ചുകൊണ്ടാണ് സോവിയറ്റ് യൂണിയന്‍ 'മിര്‍' ബഹിരാകാശനിലയം നിര്‍മിച്ചത്. 'ബുറാന്‍' സ്പേസ് ഷട്ടിലുകളുടെ പിന്‍തലമുറകളെയാണ് അമേരിക്ക തങ്ങളുടെ ബാഹ്യാകാശയാത്രകള്‍ക്കായി ഇനിമേല്‍ ആശ്രയിക്കാനൊരുങ്ങുന്നതും. ഇപ്പോള്‍ റഷ്യയുടെ കൈവശമുള്ള ഈ സ്പേസ് ഷട്ടിലുകള്‍ വാടകയ്ക്ക് ഉപയോഗിക്കാനാണ് അമേരിക്കയുടെ പരിപാടി.

ഇനിയെന്ത്?
വിരമിക്കുന്ന സ്പേസ് ഷട്ടിലുകളെ വിവിധ മ്യൂസിയങ്ങളില്‍ പ്രദര്‍ശനവസ്തുവാക്കാനാണ് 'നാസ'യുടെ തീരുമാനം. (വന്‍തുകയ്ക്ക് ലേലത്തില്‍ വില്‍ക്കുകയായിരുന്നു ഇവയെ. 'ഡിസ്കവറി' യായിരുന്നു ഔദ്യോഗികമായി ആദ്യം വിരമിച്ചത്). സ്മിത്ത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രദര്‍ശനശാലയിലാകും ഡിസ്കവറി ഇനി വിശ്രമിക്കുക. 'എന്‍ഡവര്‍' ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സയന്‍സ് സെന്ററിലേക്കു പോവും. 'എന്റര്‍പ്രസ്' ന്യൂയോര്‍ക്കിലെ ഇന്ററെപിഡ് സീ, എയര്‍, സ്പെയ്സ് മ്യൂസിയത്തിലാണ് ഇനിയുണ്ടാവുക.

'അറ്റലാന്റിസ്' അതിന്റെ 12-ദിന ദൌത്യംകഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ കെന്നഡി സ്പേസ് സെന്ററില്‍ പ്രദര്‍ശനത്തിനുവയ്ക്കും. ഇതോടെ സ്പേസ് ഷട്ടിലുകളുടെ പ്രശ്നം തീരും. പക്ഷേ, സ്പേസ് ഷട്ടില്‍ പദ്ധതി അവസാനിക്കുന്നതോടെ തൊഴില്‍രഹിതരാവുന്ന അസ്ട്രോനോട്ടു (ബഹിരാകാശസഞ്ചാരി) കളെക്കുറിച്ച് 'നാസ' മൌനംപാലിക്കുകയാണ്. ബഹിരാകാശയാത്രികരും സാങ്കേതികവിദഗ്ധരുമടക്കം 24,000 പേരുടെയും തൊഴില്‍ ഇതോടെ നഷ്ടമാവുകയാണ്.