Friday, September 16, 2011

സെപ്തംബര്‍ 16 ലോക ഓസോണ്‍ദിനം

                                                                                   
1930-കളില്‍, ശീതീകരണികളില്‍ ഉപയോഗിച്ചിരുന്ന അമോണിയപോലുള്ള വിഷവാതകങ്ങള്‍ക്കുപകരമയാണ്  'ക്ളോറോ-ഫ്ളൂറോ കാര്‍ബണുകള്‍'  അരങ്ങിലെത്തിയത്. ആരോഗ്യത്തിന് ഹാനികരമല്ല എന്ന വെളിപ്പെടുത്തല്‍ അവയ്ക്ക് കൂടുതല്‍ ഉപയോഗങ്ങള്‍ നല്‍കി. അങ്ങനെയാണ് അവര്‍ എയര്‍കണ്ടീഷനറുകളിലേക്കും സ്പ്രേകളിലേക്കും ഒരു ചേരുവയായി കടന്നത്. അപ്രതീക്ഷിതമായാണ് അപകടരഹിതമെന്നു കരുതപ്പെട്ട 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കള്‍ ഭൂമിയിലെ ജീവന് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്ന ഒന്നായി തിരിച്ചറിയപ്പെട്ടത്.

                                                                               
ഷെറി റോലന്‍ഡ്, മാറിയോ മോലിന എന്നീ രണ്ടു ഗവേഷകരാണ്, 1974ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണപ്രബന്ധത്തിലൂടെ, ഓസോണ്‍പാളിയെ കാര്‍ന്നുതിന്നുന്നവയാണ് 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കളെന്ന സത്യം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഈ വെളിപ്പെടുത്തലിന്റെ 35-ാം വാര്‍ഷികത്തില്‍ കടന്നുവരുന്ന ഓസോണ്‍ദിനമെന്ന സവിശേഷതയും 2011-ലേതിനുണ്ട്. അതേസമയം, മൂന്നുദശാബ്ദത്തിലേറെ പിന്നിട്ടിട്ടും 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കളുടെ ഉല്‍പ്പാദനവും ഉപഭോഗവും തെല്ലും കുറവുചെയ്യാന്‍ വികസിതരാജ്യങ്ങള്‍ തയ്യാറായിരുന്നില്ല എന്നതാണ് ഏറെ വിചിത്രം.

അതിനുപകരമായി അവര്‍ ചെയ്തത് ക്ളോറോ-ഫ്ളൂറോ കാര്‍ബണുകള്‍ക്കു ബദലായി മറ്റൊരുതരം രാസപദാര്‍ഥത്തെ കണ്ടെത്തുകയായിരുന്നു. അവയാണ് HCFC എന്ന ചുരുക്കപ്പേരിലറിയുന്ന "ഹൈഡ്രോ ക്ളോറോ-ഫ്ളൂറോ-കാര്‍ബണുകള്‍' (Hydro-Fluro Carbons-HCFC). എന്നാല്‍ നേരത്തെയുള്ളവയെക്കാള്‍ ഒരപകടം കൂടുതലായി ക്ഷണിച്ചുവരുത്തുന്നതായിരുന്നു ഇവ. അതായത് ആഗോളതാപനത്തിന് ആക്കംകൂട്ടല്‍. ഓസോണ്‍പാളിയെ നശിപ്പിക്കുക മാത്രമല്ല, 'ഹരിതഗൃഹവാതക' (Greenhouse Gases) ങ്ങളായി പ്രവര്‍ത്തിക്കുന്നതിലൂടെ ഭൌമാന്തരീക്ഷത്തിന്റെ ചൂടേറ്റുവാനും ലോക കാലാവസ്ഥയുടെ താളംതെറ്റിക്കാനും ഇവയ്ക്കു കഴിയുമെന്നു ചുരുക്കം. ഈ അപകടത്തിന്റെ പരസ്യപ്പെടുത്തല്‍കൂടിയാണ് നാളത്തെ ഓസോണ്‍ദിനം.
                                                                                      
"ഹൈഡ്രോ-ഫ്ളൂറോ-കാര്‍ബണുകള്‍' അവയുടെ മുന്‍ഗാമികളായ 'ക്ളോറോ-ഫ്ളൂറോ-കാര്‍ബണുക'ളെക്കാള്‍ കൂടുതല്‍ അപകടകാരികളാണെന്ന തിരിച്ചറിവ്, ഏറെ വൈകിയാണെങ്കിലും എത്തിച്ചേര്‍ന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയുടെ ഓര്‍മപുതുക്കലാണ് ഈ ദിനം. 'മോണ്ട്റിയല്‍ പ്രോട്ടോകോള്‍' എന്നറിയപ്പെടുന്ന ഈ ഉടമ്പടി 1987 സെപ്തംബര്‍ 16നാണ് ഒപ്പുവച്ചത്. 43 രാജ്യങ്ങള്‍ ഒപ്പുവച്ച ധാരണപത്രം, രണ്ട് കാലാവധികളാണ് നിശ്ചയിച്ചിരുന്നത്. 'ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ക്കായി 2000വും 'ഹൈഡ്രോ-ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ക്കായി 2040ഉം. രണ്ടിന്റെയും ഉല്‍പ്പാദനവും ഉപഭോഗവും സമയബന്ധിതമായി നിര്‍ത്തണമെന്നായിരുന്നു നിര്‍ദേശം.
                                                                                   
ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ 'യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാ' (UNEP) മിനു കീഴിലായിരുന്നു ഇതിനായുള്ള രാജ്യാന്തര നടപടികള്‍ക്കും മേല്‍നോട്ടത്തിനും രൂപരേഖയായത്. അതില്‍ ആദ്യത്തേതിന്റെ കാലാവധി 2000ത്തില്‍ അവസാനിച്ചപ്പോഴും നിര്‍ദേശങ്ങളില്‍ പലതും കടലാസില്‍ ഉറങ്ങുകയായിരുന്നു. എന്നാല്‍ ചില രാജ്യങ്ങള്‍ കരാര്‍ അനുസരിച്ച് പെരുമാറിയതിന്റെ ഗുണഫലങ്ങള്‍ 2010ല്‍ അല്‍പ്പം പ്രകടമാവുകയുണ്ടായി; ഓസോണ്‍പാളിയിലെ വിള്ളലിന്റെ വിസ്തൃതി പ്രകടമായതരത്തില്‍ ചുരുങ്ങിയതായ കണ്ടെത്തലിലൂടെ. ഈ നല്ല തുടക്കത്തെ ഒരു തുടര്‍ച്ചയായി കാണുകയും അതിനായി പ്രവര്‍ത്തിക്കുകയുമാണ്  ഈ വര്‍ഷത്തെ ഓസോണ്‍ദിനം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യത്തിലും പ്രതിഫലിക്കുന്നത്. "HCFC phase-out: a unique opportunity".
ഓസോണ്‍പാളിയുടെ നാശംമൂലം ഭൌമാന്തരീക്ഷത്തിലേക്കെത്തുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ അമിതസാന്നിധ്യം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ (വിവിധതരം ത്വക്ക്-കാന്‍സറുകള്‍), 'ഹൈഡ്രോ-ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ കാരണം ഉണ്ടാകുന്ന ആഗോളതാപനത്തിന്റെ കെടുതികള്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം എങ്ങനെ ഏറ്റവും എളുപ്പത്തില്‍ നടത്താമെന്ന് ഏതൊരാള്‍ക്കും നിര്‍ദേശിക്കാം. തെരഞ്ഞെടുക്കുന്ന നിര്‍ദേശങ്ങളും പ്രചാരണോപാധികളും UNEP-യുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. അതിനായി സന്ദര്‍ശിക്കേണ്ടത്: http://ozone.unep.org

Friday, September 2, 2011

തവളകളെ കാണാനില്ല

പരിസ്ഥിതിയുടെ ആരോഗ്യത്തിന്റെ സൂചകമായാണ് തവളകള്‍  അറിയപ്പെടുന്നത്. ഇംഗ്ളീഷില്‍ പറഞ്ഞാല്‍ ഇക്കോളജിക്കല്‍ ബാരോമീറ്ററുകള്‍. തവളകള്‍ ഇല്ലാതെയാവുന്നു എന്നാല്‍ പരിസ്ഥിതിയുടെ 'ആരോഗ്യ'ത്തിന്റെ താളംതെറ്റുന്നു എന്നര്‍ഥം. നമ്മുടെ നാട്ടിലും ഇന്ന് തവളകളെ കണ്ടെത്തുക പ്രയാസം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്നന്നേയ്ക്കുമായി കണ്‍മറഞ്ഞുപോയ തവളയിനങ്ങള്‍ അനേകമനേകം. അതില്‍ കഷ്ടിച്ച് 50 എണ്ണത്തെയെങ്കിലും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഒരു പദ്ധതി രണ്ടുമാസത്തിനുള്ളില്‍ അവസാനിക്കുകയാണ്. എന്നാല്‍, ലക്ഷ്യം വിദൂരത്താണെന്നതാണ് ഈ പദ്ധതിയെ വാര്‍ത്തകളിലെത്തിക്കുന്നത്.
ഡല്‍ഹി സര്‍വകലാശാല 2010 നവംബര്‍ രണ്ടിന് 53 ഇനം ഉഭയജീവികളെ കണ്ടെത്താന്‍ തുടക്കമിട്ട 'ലോസ്റ്റ് ആംഫിബിയന്‍സ് ഓഫ് ഇന്ത്യ' എന്ന പദ്ധതി ഇതുവരെ 70 ശതമാനം ലക്ഷ്യമേ കണ്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണുന്നവയായി രേഖപ്പെടുത്തിയവയും  എന്നാല്‍ ഇപ്പോള്‍ എവിടെയും കാണാനില്ലാത്തതിനാല്‍ വംശനാശം നേരിട്ടുവെന്നു കരുതുന്നതുമായ 52 ഇനം ഉഭയജീവികളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നമ്മള്‍ സാധാരണ കരുതുന്നതുപോലെ  പച്ചത്തവളയും ചൊറിയന്‍ തവളകളും മാത്രമല്ല, ഉഭയജീവി എന്ന വിളിപ്പേരില്‍ ഉള്‍പ്പെടുന്നത്. സിസിലിയനുകള്‍ (Caecilian) എന്നറിയപ്പെടുന്നതും ഒറ്റനോട്ടത്തില്‍ വിരപോലെ ഉള്ളതുമായ അപൂര്‍വജീവികളും ഇവയ്ക്കിടയിലുണ്ട്. കാലുകളില്ല എന്നതാണ് ഇവയുടെ സവിശേഷത. അക്കാരണത്താല്‍ത്തന്നെ വംശനാശഭീഷണി രൂക്ഷം. പാമ്പെന്നു കരുതിയുള്ള തല്ലിക്കൊല്ലലിനു വിധേയമാവുന്നവയാണ് മിക്കവയും.
ഉഭയജീവികളെ കണ്ടെത്താന്‍ ദേശവ്യാപകമായി ഒരു രാജ്യത്ത് നടപ്പാക്കുന്ന ആദ്യ പദ്ധതിയായ ഇതില്‍ 280 പേരുള്ള അന്വേഷണസംഘം 20 പേരുള്ള ചെറുസംഘങ്ങളായി തിരിഞ്ഞ് 17 സംസ്ഥാനങ്ങളിലായി നടത്തിയ തെരച്ചിലിലൂടെയാണ് പദ്ധതി പുരോഗമിച്ചത്. ആദ്യ മൂന്നുമാസത്തിനുള്ളില്‍, നഷ്ടപ്പെട്ടു എന്നു കരുതിയ അഞ്ചു തവളവംശങ്ങളെ കണ്ടെത്താന്‍ ഗവേഷകര്‍ക്കു കഴിഞ്ഞു.1874ല്‍ അവസാനം കണ്ടതായി രേഖപ്പെടുത്തിയ തവള ഇനത്തെപ്പോലും വീണ്ടും കണ്ടെത്താന്‍കഴിഞ്ഞു. തിരുവിതാംകൂറിലെ ജന്തുജീവിവൈവിധ്യത്തെ അന്വേഷിച്ച ബ്രിട്ടീഷ് ഗവേഷകര്‍ ഒരു 'ട്രാവന്‍കൂര്‍ സ്പീഷ്യസാ'യി കണ്ടെത്തി, സ്കെച്ചെടുത്ത് സൂക്ഷിച്ചിരുന്ന തവളയിനം 136 വര്‍ഷത്തിനുശേഷം  പ്രത്യക്ഷപ്പെട്ടത് തമിഴ്നാട്ടിലെ അപ്പര്‍ കോഡയാറില്‍നിന്നുമായിരുന്നു. തിളങ്ങുന്ന പച്ചനിറമുള്ള ശരീരവും ഇളം നീലനിറമുള്ള തുടകളും സ്വര്‍ണവര്‍ണം അതിരിട്ട കറുത്ത കണ്ണുകളുമുള്ള ഈ തവളയിനം (Raorchestes chalazodes) വംശനാശത്തിന്റെ വക്കിലാണ്. റെഡ് ഡാറ്റാബുക്കില്‍ ഇത് അപകടകരമാംവിധം വംശനാശം നേരിടുന്ന ഇനമാണ്.

കേരളത്തില്‍നിന്ന് പുതിയ ഇനം
സൈലന്റ്വാലി ട്രോപ്പിക്കല്‍ ഫ്രോഗ് എന്ന പേരില്‍ 1980ല്‍ കേരളത്തില്‍നിന്നു കണ്ടെത്തിയ തവളയിനമാണ് അന്തര്‍ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന പുതിയ താരം. സൈലന്റ്വാലി ദേശീയോദ്യാനത്തിനകത്തെ കുന്തിപ്പുഴയുടെ തീരത്തുനിന്നാണ് 'നാടുവിട്ടു'വെന്നു കരുതിയ ഈ കുഞ്ഞന്‍തവളയെ ഗവേഷകര്‍ക്കു കിട്ടിയത്. ഡോ. എസ് ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമ്ാ ഈ പുതിയ കണ്ടെത്തലിനു പിന്നിലും.

പങ്കാളികളാകാം...
കണ്ടെത്താനുള്ളതിന്റെ 30 ശതമാനം ബാക്കിവച്ചാണ് ലോസ്റ്റ് ആംഫിബിയന്‍സ് ഓഫ് ഇന്ത്യ പദ്ധതി അവസാനിക്കുന്നത്. ഇനിയും കണ്ടെത്താത്ത ഇനങ്ങളുടെ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: http://www.lostspeciesindia.org. സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും അവരുടെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്താനുള്ള വേദികൂടിയാണ് ഈ പദ്ധതി. താല്‍പ്പര്യമുള്ളവര്‍ക്ക് ഇ-മെയിലായും അറിയിക്കാം: lostamphibians@gmail.com