Monday, November 28, 2011

ഇനി ഡര്‍ബനിലേക്ക്

                                                                                  
എല്ലാ കണ്ണുകളും ഇനി ഡര്‍ബനിലേക്ക്.  നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒമ്പതുവരെയുള്ള 10 ദിവസത്തിനുളളില്‍, ദക്ഷിണാഫ്രിക്കയിലെ ഈ ചെറിയ പട്ടണത്തില്‍ ഒത്തുചേരുന്നവര്‍ എന്തു തീരുമാനിക്കുന്നു എന്നറിയാന്‍ കാതോര്‍ക്കുകയാണ് ലോകം.  കാലാവസ്ഥ മാറ്റം സംബന്ധിച്ച അന്തര്‍ദേശീയ ഉച്ചകോടിയാണ് അവിടെ നടക്കാനിരിക്കുന്നത്.  കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് സമയബന്ധിതമായ തരത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ 'ക്യോട്ടോ ഉടമ്പടി' യുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്.  അതേസമയം, ഉടമ്പടിയില്‍ പറഞ്ഞിരുന്ന ലക്ഷ്യങ്ങളിലേക്കെത്താന്‍ ലോകരാഷ്ട്രങ്ങളില്‍ ഒന്നിനും കഴിഞ്ഞിട്ടുമില്ല.  പുതിയ ഉടമ്പടി രൂപീകൃതമായാല്‍ തന്നെ അതും കടലാസിലൊതുങ്ങുമോ എന്ന കാര്യം സംശയവുമാണ്. 
                                                                                   
അമേരിക്കന്‍ നീക്കത്തിന്റെ ഭാഗമായി ആഗോളവ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സ്ഥിതിവിവര കണക്കനുസരിച്ച് കാര്‍ബണ്‍ മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്.  രണ്ടാമതായി അമേരിക്ക.  മൂന്നാം സ്ഥാനം ഇന്ത്യക്കും!  ഇത് എങ്ങനെ സംഭവിച്ചു എന്നതിനടിസ്ഥാനം ഒരു അമേരിക്കന്‍ തന്ത്രമായിരുന്നു.  എത്രത്തോളം കാര്‍ബണ്‍ മാലിന്യത്തെ 'നിയമവിധേയമായി' പുറന്തള്ളാം എന്നതിനെ ആളോഹരി വരുമാനത്തിന്റെ ദേശീയ ശരാശരി (GDP) യുമായി ബന്ധിപ്പിക്കുക എന്ന തന്ത്രമായിരുന്നു അവര്‍ ആവിഷ്കരിച്ചത്.  അതിനായി 'ആളോഹരി കാര്‍ബണ്‍ പുറന്തള്ളല്‍' (Gross Carbon Emission Limit) എന്നൊരു വിധി അവര്‍ നിശ്ചയിച്ചു.  അമേരിക്കയുടെ ആളോഹരി വരുമാനം കൂടുതലായതിനാല്‍ അതിനനുസരിച്ച് അമേരിക്ക പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ അളവും കൂടുതലാണ്.  അതിനാല്‍, അമേരിക്കയ്ക്ക്  കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതില്‍ കര്‍ശനനിയന്ത്രണം പാലിക്കേണ്ടതുണ്ട്.  എന്നാല്‍, ഇന്ത്യയുടെ ആളോഹരിവരുമാനം കുറവാണ്. അതുകൊണ്ട് നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ബണ്‍ മാലിന്യത്തിന്റെ അളവും കുറവാണ്.  (പട്ടിക നോക്കുക)

അമേരിക്കന്‍ വീക്ഷണം അനുസരിച്ച്, അങ്ങനെയെങ്കില്‍ ഇന്ത്യയുടേതായ ഒരു 'കാര്‍ബണ്‍ ഇടം' (Carbon Space) ലോകത്തിലുണ്ട് (ഭൌമാന്തരീക്ഷത്തിലുണ്ട്).  ആ 'ഇടം' ഇന്ത്യക്ക് മറ്റു രാജ്യങ്ങള്‍ക്ക് വില്‍ക്കാം.  ആ കാര്‍ബണ്‍ അക്കൌണ്ടിലേക്ക്, അതു വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അവരുടേതായ മാലിന്യത്തിന്റെ അളവ് നിറയ്ക്കാം.  ഇതാണ് 'കാര്‍ബണ്‍ ട്രേഡിങ്' (Carbon Trading) എന്ന പേരില്‍ അമേരിക്ക പ്രചരിപ്പിച്ച ആശയം.  ഇന്ത്യയിലെ ഒരു സാധാരണക്കാരന്‍, ഒരു വര്‍ഷം കൊണ്ട് ഭൌമാന്തരീക്ഷത്തിലേക്കെത്തിക്കുന്ന കാര്‍ബണിന്റെ ഭാരം 1300 കിലോഗ്രാം മാത്രമാണ്.  അമേരിക്കക്കാരന്‍ തള്ളിക്കയറ്റുന്നത് 20,000 കിലോഗ്രാമും.  ഈ വസ്തുത മറച്ചു വച്ചാണ് അമേരിക്ക കണക്കുകൊണ്ട് ജാലവിദ്യ കാണിച്ച്, ഇന്ത്യയെ കാര്‍ബണ്‍ മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ മുന്‍നിരയിലെത്തിച്ചത്.  കഴിഞ്ഞ ഏതാനും വര്‍ഷമായി അമേരിക്കയുടെ ആളോഹരിവരുമാനം ഇടിഞ്ഞിരുന്നു.  അതിനോ കാര്‍ബണ്‍ പുറന്തള്ളലിന് ആനുപാതികമായി കണക്കാക്കി, തങ്ങള്‍ 18 ശതമാനം കാര്‍ബണ്‍ മാലിന്യം കുറച്ചെന്ന് അവര്‍ വാദിച്ചു.
അമേരിക്കയുടെ ഇത്തരം വാദങ്ങളുടെ ആവര്‍ത്തനവേദി മാത്രമാകും ഡര്‍ബനിലെ കാലാവസ്ഥാ ഉച്ചകോടിയെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.  'കാര്‍ബണ്‍ അധിഷ്ഠിത മുതലാളിത്തം' (Carboniferous Capitalism) സൃഷ്ടിക്കുന്ന രഹസ്യ അജന്‍ഡകളാണ് ഇതിനു പിന്നില്‍.  പ്രത്യക്ഷമായിട്ടല്ലെങ്കിലും  ഇതേ ലക്ഷ്യവുമായി വന്നെത്തുകയാണ് യൂറോപ്യന്‍ യൂണിയനും.  'പാരിസ്ഥിതിക ആധുനികത' (Ecological Modernization) എന്ന പേരിലാണ് മുതലാളിത്തനയങ്ങളെ അവര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.  വിമാനങ്ങള്‍ പറക്കുന്നതിലൂടെയാണ് കാര്‍ബണ്‍മാലിന്യം കൂടുതലായി അന്തരീക്ഷത്തിലെത്തുന്നതെന്ന തെറ്റിദ്ധാരണ പരത്തിക്കൊണ്ട് വിമാന ഇന്ധനത്തിനായി നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് അവര്‍ കൊണ്ടു വരുന്നത്.  ഇത് നിലവില്‍ വന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അവിടെ ഒരു വന്‍തുക നികുതിയിനത്തില്‍ നല്‍കേണ്ടി വരും.  'ക്ളൈമറ്റ് എയിഡ്' (Climate Aid) എന്ന ഓമനപ്പേരില്‍ അവതരിപ്പിക്കുന്ന ഈ പകല്‍ക്കൊള്ള വിമാനക്കൂലി വര്‍ധിക്കാനിടയാക്കും. 1947 മുതല്‍ നിലനില്‍ക്കുന്ന അന്തര്‍ദേശീയ 'ഏവിയേഷന്‍' ചട്ടത്തിന്റെ ലംഘനവുമാണിത്.  ഇതി•ലുള്ള ശക്തമായ എതിര്‍പ്പ് ഇന്ത്യ രേഖപ്പെടുത്തിക്കഴിഞ്ഞു.

Link: http://www.cop17-cmp7durban.com/