Friday, December 16, 2011

ചൊവ്വയില്‍ ജീവന്‍ തേടി ക്യൂരിയോസിറ്റി

ചൊവ്വയില്‍ ജീവസാന്നിധ്യമുണ്ടോ എന്നറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസ അവസാനിക്കുന്നില്ല.  'ക്യൂരിയോസിറ്റി' എന്ന പുതിയ ചൊവ്വാ ദൌത്യവും ലക്ഷ്യമിടുന്നതു അതു തന്നെ.  'നാസ' ചൊവ്വയിലേക്ക് അയച്ചിരിക്കുന്ന ആദ്യത്തെ 'അസ്ട്രോബയോളജി' (Astrobiology) ദൌത്യം കൂടിയാണിത്.  ഭൂമിയിലല്ലാതെ, പ്രപഞ്ചത്തിലുള്ള ജീവികളെ കണ്ടെത്തുക ലക്ഷ്യമാകുന്ന ശാസ്ത്രശാഖയാണ് 'അസ്ട്രോബയോളജി.
നവംബര്‍ 26നായിരുന്നു 'ക്യൂരിയോസിറ്റി' അടങ്ങുന്ന മാതൃപേടകം വിക്ഷേപിച്ചത്. ചൊവ്വയിലെ 'ഗെയില്‍ക്രേറ്റര്‍' (Gale Crater ) എന്ന സ്ഥലത്തായിരിക്കും 'ക്യൂരിയോസിറ്റി' ഇറങ്ങുക.
1970കളിലെ 'വൈക്കിങ്' ദൌത്യങ്ങള്‍ക്കുശേഷം ആദ്യമായാണ് അമേരിക്ക ചൊവ്വയില്‍ ജീവികളെ തേടുന്നത്. അതിനുശേഷം അമേരിക്കയുടേതായി പര്യവേഷണവാഹനങ്ങളൊന്നും അവിടെ എത്താഞ്ഞതിനാലല്ല- 2004ല്‍ വിഷേപിച്ച 'ഓപ്പര്‍ച്യുണിറ്റി' എന്ന പേടകം ഇപ്പോഴും ചൊവ്വാപ്രതലത്തിലുണ്ട് .
പുതിയ ചൊവ്വാദൌത്യം 'മാര്‍സ് സയന്‍സ് ലബോറട്ടറി'' എന്ന പേരിലാണ് അറിയപ്പെടുന്നത്. 2009 മുതല്‍, ഇനിയുള്ള ചൊവ്വാ ദൌത്യത്തിനായി അമേരിക്ക നിശ്ചയിച്ചിരുന്ന പേരായിരുന്നു അത്. എന്നാല്‍, ചൊവ്വയ്ക്കു ചുറ്റുമായി ഭ്രമണംചെയ്യുന്ന ഇതില്‍നിന്നും ചൊവ്വയുടെ ഉപരിതലത്തിലേക്കിറങ്ങുന്ന വാഹനത്തിന്റെ പേര് 'ക്യൂരിയോസിറ്റി' (Curiosity) എന്നാണ്. 'ക്ളാരാ മാ' (Clara Ma) എന്ന ആറാംക്ളാസുകാരിയായിരുന്നു ഇത് നിര്‍ദേശിച്ചത്.
ചൊവ്വയിലേക്ക് ആദ്യമായി പര്യവേഷണവാഹനമയയ്ക്കുന്നത് സോവിയറ്റ് യൂണിയനായിരുന്നു- 1960 ഒക്ടോബറില്‍. 'മാര്‍സ്'  എന്നായിരുന്നു ഈ വാഹനത്തിന്റെ (പരമ്പരയുടെ) പേര്. ചൊവ്വയുടെ ഉപരിതലത്തിലിറങ്ങിയ ആദ്യവാഹനങ്ങളും സോവിയറ്റ് യൂണിയന്റേതായിരുന്നു. 'മാര്‍സ്- 2' ഉം 'മാര്‍സ്-3'ഉം 1971ല്‍. എന്നാല്‍, അതിനുമുമ്പ് അമേരിക്കയുടേതായ ഒരു വാഹനം ചൊവ്വയുടെ അടുത്തുകൂടി പറന്നിരുന്നു. 'മാരിനര്‍ - 4' -1965 ജൂലൈ 14ന്.
ചൊവ്വയെ ഭ്രമണംചെയ്ത വാഹനവും അമേരിക്കയുടേതായിരുന്നു - 'മാരിനര്‍ 9'- 1971 നവംബറില്‍. പക്ഷേ, അപ്പോള്‍ സോവിയറ്റ് യൂണിയന്റെ 'മാര്‍സ് 2'-ഉം 3-ഉം ചൊവ്വയുടെ പ്രതലത്തിലുണ്ടായിരുന്നു. ആദ്യമായി ചൊവ്വാ പ്രതലത്തിന്റെ ഫോട്ടോയെടുത്തത് അമേരിക്കയുടെ "വൈകിങ്''  ആയിരുന്നു. ചൊവ്വയില്‍ ജലമുണ്ടെന്ന ആദ്യസൂചന നല്‍കിയത് 'വൈക്കിങ്' ആയിരുന്നു. ചൊവ്വയിലെത്തിയ ആദ്യത്തെ 'സഞ്ചരിക്കുന്ന വാഹന' (Rover) മായിരുന്നു 'സോജോണര്‍'- 1977 ജൂലൈയില്‍.                  

Links:
Mars Science Laboratory: http://www.nasa.gov
Marshttp://burro.astr.cwru.edu
Mariner: http://solarsystem.nasa.gov
Mariner 9:http://solarsystem.nasa.gov
Viking: http://www.nasa.gov 
Sojourner: http://mpfwww.jpl.nasa.gov 
Opportunityhttp://solarsystem.nasa.gov