Saturday, December 27, 2014

2014ലെ ശാസ്ത്രനേട്ടങ്ങള്‍

2014 കടന്നുപോവുമ്പോള്‍ ഓര്‍മിക്കാന്‍ ശാസ്ത്രനേട്ടങ്ങള്‍ ഏറെയാണ് ഇന്ത്യക്ക്. വിരളിലെണ്ണാവുന്ന ചുരുക്കം രാജ്യങ്ങള്‍ക്കുമാത്രം അംഗത്വമുള്ള സ്പേസ് ക്ലബ്ബിലേക്ക് ഇന്ത്യ അഭിമാനപുരസരം കടന്നുചെന്ന വര്‍ഷമായിരുന്നു ഇത്. ആദ്യത്തെ തവണയില്‍ത്തന്നെ ചൊവ്വാദൗത്യം വിജയിപ്പിക്കാനായതാണ് ഇന്ത്യയെ അതുല്യമായ ഈ ഇരിപ്പിടത്തിലേക്കു നയിച്ചത്. ടൈംമാഗസിന്‍ 2014ലെ ഏറ്റവും മികച്ച 50 ശാസ്ത്രനേട്ടങ്ങളിലൊന്നായി തെരഞ്ഞെടുത്തവയുടെ കൂട്ടത്തില്‍ മംഗള്‍യാനിന്റെ (Mars Orbiter Mission-MOMവിജയവും ഉള്‍പ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. വിടപറഞ്ഞ വര്‍ഷത്തില്‍ ശാസ്ത്രലോകത്തില്‍നിന്നും വാര്‍ത്തയില്‍ നിറഞ്ഞ മറ്റു ചില വിശേഷങ്ങള്‍ ഇതാ:

7 ജനുവരി 2014തദ്ദേശീയമായി ിര്‍മ്മിച്ച ബലൂണ്‍(Stratospheric Balloon), ഇന്ത്യ ആദ്യമായി അന്തരീക്ഷപഠങ്ങള്‍ക്കായി ഉപയോഗിച്ചു. ഹൈദ്രാബാദ് ആസ്ഥാമായുള്ള ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ആണ് ബലൂണ്‍വിക്ഷേപണം ടത്തിയത്.

15 ജനുവരി 2014: ചൈനയുടെ ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ പേടകമായ ചാങ്ഇ3 (Chang’e3), ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി. ഇതില്‍നിന്നു പുറത്തുവന്ന യൂടു (Yutu) എന്ന വാഹനം, ആദ്യം ഉണ്ടായ കുഴപ്പങ്ങളെ അതിജീവിച്ച് പിന്നീട് പ്രവര്‍ത്തനസജ്ജമായി.

15 ഫെബ്രുവരി 2014: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനു കീഴില്‍, തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരിയില്‍ പ്രവര്‍ത്തിക്കുന്ന ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (Liquid Propulsion Systems Centre- LPSC) സ്വതന്ത്രചുമതലയുള്ള ഗവേഷണകേന്ദ്രമായി മാറി.

22 ഫെബ്രുവരി 2014: ചുഴലിക്കാറ്റുകളുടെ മുന്നറിയിപ്പ് അടക്കമുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി, നാസ ഉപയോഗിക്കുന്ന തരത്തിലുള്ള മക്ഡോണെല്‍ ഡഗ്ലാസ് ഡിസി8 (McDonnell Douglas DC8) എന്ന വിമാനം വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി പ്രഖ്യാപനം.

7 മാര്‍ച്ച് 2014: ഓസോണ്‍കവചത്തെ നശിപ്പിക്കുന്നവ എന്നതരത്തില്‍ അറിയപ്പെടുന്നവ കൂടാതെ, അത്തരത്തിലുള്ള നാല് വാതകങ്ങള്‍കൂടി ഭൗമാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതായി കണ്ടെത്തല്‍. ആഗോളതാപനത്തിനു വഴിയൊരുക്കാന്‍ കഴിയുന്നവകൂടിയാണ് ഈ വാതകങ്ങള്‍. 

28 മാര്‍ച്ച് 2014: ലോകാരോഗ്യസംഘടന (World Health Organisation) ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും നൈജീരിയയുമാണ് ലോകത്തില്‍ ഇപ്പോഴും പോളിയോവിമുക്തമാവാതെ നില്‍ക്കുന്ന  മൂന്നേമൂന്നു രാജ്യങ്ങള്‍.

6 ഏപ്രില്‍ 2014: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസി (Enceladus)-ന്റെ ഉപരിതലത്തിനു താഴെയായി, ജലസമുദ്രം നിലനില്‍ക്കുന്നതായി കണ്ടെത്തി. നാസയുടെ കാസിനി (Cassini)എന്ന പര്യവേക്ഷണ വാഹനമാണ് ഈ നിരീക്ഷണം നടത്തിയത്. 

14 ജൂണ്‍ 2014: താജ്മഹലിലെ വെണ്ണക്കല്ലുകള്‍ക്ക് സംഭവിച്ച നിറഭേദങ്ങള്‍ മാറ്റിയെടുക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ രസതന്ത്രജ്ഞര്‍ ശ്രമം തുടങ്ങി. ഫുള്ളേര്‍സ് എര്‍ത്ത് എന്ന പദാര്‍ഥത്തെയാണ് ഇതിനായി ഉപയോഗിക്കുന്നത്. 

20 ജൂണ്‍ 2014: ചൈനയുടെ ടിയാന്‍ഹെ2 (Tianhe-2), ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കംപ്യൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയില്‍ നടന്ന സൂപ്പര്‍ കംപ്യൂട്ടിങ് കോണ്‍ഫറന്‍സിലാണ് ഈ അംഗീകാരം ലഭിച്ചത്.

2 ജൂലൈ 2014: ഇന്ത്യയില്‍ പുതിയൊരു കടുവാസങ്കേതംകൂടി നിലവില്‍വന്നു. മഹാരാഷ്ട്രയിലെ ബോര്‍ (Bor). രാജ്യത്തെ 47-ാമത്തെയും മഹാരാഷ്ട്രയിലെ ആറാമത്തെയും കടുവാസങ്കേതമായ ഇത് ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവാസങ്കേതങ്ങളിലൊന്നുമാണ്. 

23 ജൂലൈ 2014: 10 വര്‍ഷത്തിലേറെയായി ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ബീജത്തില്‍നിന്ന് ഒരു കിടാവിനെ സൃഷ്ടിക്കുന്നതില്‍ ഹരിയാനയിലെ നാഷണല്‍ ഡെയ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ വിജയിച്ചു. രജത് എന്നാണ് കിടാവിന്റെ പേര്. 

1 ആഗസ്ത് 2014: ഇന്ത്യയിലെ ആദ്യത്തെ ജെല്ലി മത്സ്യതടാകം ഗുജറാത്തില്‍ കണ്ടെത്തി. ഗുജറാത്തിലെ അര്‍മബാഡാ (Arambada)-പട്ടണത്തിനടുത്തുള്ള ഈ തടാകത്തില്‍, കാസിയോപ്പിയ (Cassiopea)- ഇനത്തില്‍പ്പെട്ട ജെല്ലിത്സ്യങ്ങളാണ് കാണപ്പെട്ടത്. 

12 ആഗസ്ത് 2014: ആര്‍ട്ടിക്മേഖലയിലെ ആദ്യ ഇന്ത്യന്‍ ദൂരദര്‍ശിനി ഇന്‍ഡാര്‍ക് (IndARC), ഉത്തരധ്രുവത്തിനും നോര്‍വേക്കും ഇടയിലായി സ്ഥാപിക്കപ്പെട്ടു. ആര്‍ട്ടിക് കാലാവസ്ഥയ്ക്ക് ഇന്ത്യന്‍ മണ്‍സൂണിലുള്ള സ്വാധീനം പഠനവിധേയമാക്കുകയാണ് ലക്ഷ്യം. 

22 സെപ്തംബര്‍ 2014: നാസയുടെ  ചൊവ്വാപര്യവേക്ഷണ ദൗത്യമായ മാവെന്‍ (മാര്‍സ് അറ്റ്മോസ്ഫിയര്‍ ആന്‍ഡ് വോളറ്റൈല്‍ ഇവല്യൂഷന്‍: Mars Atmosphere and Volatile Evolution MAVEN), ചൊവ്വയെ ചുറ്റിയുള്ള ഭ്രമണപഥത്തിലേക്കെത്തി. 

24 സെപ്തംബര്‍ 2014: ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേക്ഷണദൗത്യമായ മംഗള്‍യാന്‍,  ചൊവ്വയെ ചുറ്റിയുള്ള ഭ്രമണപഥത്തിലേക്കെത്തി. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍(Mars Orbiter Mission) അഥവാ മോം(MOM) എന്നതാണ് മംഗള്‍യാനിന്റെ ഔദ്യോഗികനാമം. 

9 ഒക്ടോബര്‍ 2014: എയ്ഡ്സ് (AIDS)  ഉത്ഭവിച്ചത്, ഏകദേശം 30 വര്‍ഷം മുമ്പ് കോംഗോയുടെ തലസ്ഥാനമായ കിന്‍സ്ഹാസ(Kinshasa) യില്‍നിന്നുമാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇവിടെനിന്നും ഇത് മധ്യആഫ്രിക്കയുടെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. 

11 ഒക്ടോബര്‍ 2014: ലോകത്തിലെ ഏറ്റവും വലിയ ഭൗമദൂരദര്‍ശിനിയായ തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ് (Thitry Meter Telescope TMT)  പദ്ധതിയില്‍ ഇന്ത്യയും പങ്കാളിയായി. ഹവായ് ദ്വീപിലെ മൗനാകീ അഗ്നിപര്‍വതത്തിനു മുകളിലായാണ് ഇത് സ്ഥാപിക്കുന്നത്. 

12 നവംബര്‍ 2014: ഫില (Philae);വാല്‍നക്ഷത്രത്തിലിറങ്ങുന്ന ആദ്യത്തെ മനുഷ്യനിര്‍മിത പേടകമായി. ചുര്‍യുമൊവ് ഗെറാസിമെന്‍കൊ എന്ന വാല്‍നക്ഷത്രത്തിലാണ് യൂറോപ്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടേതായ ഈ പര്യവേക്ഷണ പേടകം ഇറങ്ങിയത്. 

12 ഡിസംബര്‍ 2014: അടുത്തവര്‍ഷം പ്ലൂട്ടോയിലിറങ്ങാന്‍ തയ്യാറെടുക്കുന്ന ന്യൂഹൊറൈസണ്‍സ് (New Horizons) എന്ന പേടകം, ദീര്‍ഘനാളത്തെ അതിന്റെ വിശ്രാന്താവസ്ഥയില്‍നിന്ന് ഉണര്‍ത്തപ്പെട്ടു. 2015 ജൂലൈ 14നാകും ന്യൂഹൊറൈസണ്‍സ് പ്ലൂട്ടോയിലിറങ്ങുക.

18 ഡിസംബര്‍ 2014: നാലു ടണ്ണിലധികം ഭാരമുള്ള, ഭാരമേറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ സഹായിക്കുന്ന ജിഎസ്എല്‍വി (Geo Synchronous Satellite Launch Vehicle GSLV-MIII)റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നിര്‍വഹിച്ചു. 

A Print-Edition of this can be found inhttp://www.deshabhimani.com

അറക്കപ്പൊടി താരമാവുന്നു!

അറക്കപ്പൊടി താരമാവുന്നു!അതെ, തടി അറക്കവാള്‍കൊണ്ടു മുറിക്കുമ്പോള്‍ താഴെ വീഴുന്ന പൊടിതന്നെ. നിലവില്‍ ഇത് ഒരു പാഴ്വസ്തുവായാണ് കണക്കാക്കുന്നത്. വളരെ ചെറിയൊരു ശതമാനം മാത്രം കാര്‍ഡ്ബോര്‍ഡ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നു. "പൊടിയടുപ്പുകള്‍' സാധാരണമായിരുന്ന കാലത്ത് ഉണ്ടായിരുന്ന പ്രചാരവും ഇപ്പോള്‍ കുറഞ്ഞുവരികയാണ്. ഫലത്തില്‍ ഒരു പാഴ്വസ്തുതന്നെ. എന്നാല്‍, അറക്കപ്പൊടിയില്‍നിന്ന് പെട്രോള്‍ നിര്‍മിക്കാമെന്നു പറയുകയാണ് ശാസ്ത്രജ്ഞരിപ്പോള്‍. എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റ്' എന്ന ജേണലിലാണ് ഇതുസംബന്ധമായ പ്രബന്ധം പ്രസിദ്ധീകരിച്ചത്. 

അറക്കപ്പൊടിയുടെ അടിസ്ഥാനഘടകങ്ങളിലൊന്ന് സെല്ലുലോസാണ്. ഇതിന്റെ രാസഘടനയില്‍നിന്ന് ഓക്സിജന്‍ ആറ്റത്തെ മാറ്റിയെടുത്താല്‍ അത് ഹൈഡ്രജനും കാര്‍ബണും മാത്രം അടങ്ങുന്ന സംയുക്തമായി മാറും. മാലമാലയായി കാണുന്ന ഇതുതന്നെയാണ് ഹൈഡ്രജന്റെയും കാര്‍ബണിന്റെയും നിശ്ചിത അനുപാതത്തിലേക്കെത്തുമ്പോള്‍ പെട്രോളായി മാറുന്നത്. ഇന്ത്യയിലാകമാനമായി പ്രതിവര്‍ഷം രണ്ടു ദശലക്ഷം ടണ്‍ അറക്കപ്പൊടി ഉല്‍പ്പാദിപ്പിക്കുണ്ടെന്നാണ് കണക്ക്. ഇതത്രയും പെട്രോളാക്കി മാറ്റാന്‍കഴിയുകയാണെങ്കില്‍, പെട്രോള്‍വിലയുടെ കാര്യത്തില്‍ നമുക്ക് തിരിഞ്ഞുനോട്ടം പിന്നീട് ആവശ്യമായിവരില്ല. 
ബല്‍ജിയത്തിലെ ല്യൂവെന്‍ കത്തോലിക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ശാസ്ത്രനേട്ടം എന്നു വിശേഷിപ്പിക്കാവുന്ന ഈ കണ്ടെത്തല്‍ നടത്തിയത്. സെല്ലുലോസ് അറക്കപ്പൊടിയില്‍ മാത്രമല്ല അടങ്ങിയിരിക്കുന്നത്. പരുത്തിനൂലിലും പഴംതുണിയിലും വൈക്കോലില്‍പ്പോലും ഒരു അനുബന്ധഘടകമോ മുഖ്യഘടകമോ ആയി സെല്ലുലോസുണ്ട്. എന്നാല്‍, ഏറ്റവും ലാഭകരമായ സ്രോതസ്സ് എന്ന നിലയ്ക്കാണ് അറക്കപ്പൊടി പരിഗണിക്കുന്നത്. മാത്രമല്ല, അത് ഉപയോഗിക്കുന്നതിലൂടെയുള്ള പരിസ്ഥിതിദൂഷ്യവും കുറവാണ്. 

ജൈവപെട്രോള്‍ അഥവാ ജൈവഡീസല്‍തരുന്ന ചെടികള്‍ വന്‍തോതില്‍ നട്ടുപിടിപ്പിച്ചാണ് അവയെ ഇന്ധനിര്‍മാണത്തിന് ഉപയോഗിക്കുന്നത്. കാര്‍ഷിക ഭക്ഷ്യവിളകള്‍ക്കായി നീക്കിവച്ച വിളഭൂമിയാണ് അവയെ നീക്കംചെയ്ത് പലപ്പോഴും ഇതിനായി ഉപയോഗിക്കുന്നത്. ഇതുമൂലമുള്ള സാമ്പത്തിക/ജീവീയ പ്രത്യാഘാതങ്ങള്‍ കെനിയപോലുള്ള രാജ്യങ്ങളില്‍ വലിയ വാര്‍ത്തയാവുകയാണിന്ന്. എന്നാല്‍, ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കൊന്നും നേരിട്ട് വഴിയൊരുക്കാത്തതാണ് പകുതിയും പാഴ്വസ്തുപോലെയായ അറക്കപ്പൊടിയെ പ്രയോജനപ്പെടുത്താനുള്ള ശ്രമം. 
 പ്രകൃതിയിലെ ഭൗതികമണ്ഡലത്തില്‍നിന്ന് ജൈവമണ്ഡലത്തിലേക്കെത്തിയ കാര്‍ബണ്‍, തികച്ചും പ്രയോജനക്ഷമതയാര്‍ന്ന പാതയിലൂടെ തിരിച്ചയക്കപ്പെടുന്നു എന്ന മേന്മയും ഇതിനുണ്ട്. " തുടക്കം ജര്‍മനിയില്‍കല്‍ക്കരിയില്‍നിന്നു പെട്രോള്‍ നിര്‍മിക്കാമെന്നു തെളിയിച്ചത് ജര്‍മനിയായിരുന്നു. ഫ്രെഡെറിച്ച് ബെര്‍ജിയസ് എന്ന ജര്‍മന്‍കാരനായിരുന്നു ഇതു വികസിപ്പിച്ചത്. 1913ല്‍ ഇദ്ദേഹം ഇതിന്റെ പേരില്‍ പേറ്റന്റ് നേടുകയും ഒരു സുഹൃത്തിന്റെ സഹായത്തോടെ 1919ല്‍ വ്യാവസായികോല്‍പ്പാദനം ആരംഭിക്കുകയും ചെയ്തു. ബെര്‍ജിയസ് പ്രക്രിയ എന്നാണ് ഇത് അറിയപ്പെട്ടത്. 

വിമാനത്തില്‍ ഉപയോഗിക്കാന്‍കഴിയുന്ന തരത്തിലുള്ള സംശുദ്ധമായ പെട്രോ ഇന്ധനം നിര്‍മിക്കാര്‍ ബെര്‍ജിയസ് പ്രക്രിയക്ക് സാധിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്, അടിസ്ഥാനമാക്കിയുള്ള ഇന്ധനഫാക്ടറികളെയാണ് യുദ്ധവിമാനങ്ങള്‍ പറപ്പിക്കാന്‍ ജര്‍മനി മുഖ്യമായും ഉപയോഗിച്ചത്. കല്‍ക്കരിയില്‍നിന്ന് ഇതേ പ്രക്രിയയിലൂടെ ഭക്ഷ്യഎണ്ണ നിര്‍മിച്ച് അതിന്റെ ഭക്ഷ്യയോഗ്യത യുദ്ധത്തടവുകാരില്‍ പരീക്ഷിച്ച ക്രൂരതയുടെ ചരിത്രവും ഇതിന്റെ ഭാഗമാവുന്നുണ്ട്. ജര്‍മനി യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ അവ്വിധംതന്നെ അവസാനിച്ച പരീക്ഷണങ്ങളാണ് കല്‍ക്കരിക്കുപകരം വെറുംതടിയും തടിയില്‍നിന്നുള്ള അറക്കപ്പൊടിയും ഉപയോഗിച്ചാല്‍ മതിയാവുന്നതരത്തില്‍ ഇപ്പോള്‍ പരിഷ്കരിക്കപ്പെട്ടത്. 
അറക്കപ്പൊടിയെ വായുവിന്റെ അസാന്നിധ്യത്തില്‍ ചൂടാക്കുകയും അതില്‍നിന്ന് ഒരു ജൈവഎണ്ണ വേര്‍തിരിക്കുകയുമാണ് ആദ്യം ചെയ്യുന്നത്. അതിനുശേഷം ഇതിനെ രാസാഗ്നികളുടെ സഹായത്തോടെ ഇതില്‍നിന്ന് ഓക്സിജനെ നീക്കംചെയ്യുകയും അപ്പോള്‍ ഉണ്ടാവുന്ന താല്‍ക്കാലിക രാസഘടനയെ രാസാഗ്നികളെ ഉപയോഗിച്ച് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. പെട്രോള്‍ അല്ലെങ്കില്‍ മറ്റുതരത്തില്‍ ഉപയോഗക്ഷമമായ ഇന്ധനമാകും ഇതില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്. 

Details can be had from: E-mail: bert.sels@biw.kuleuven.be

Link to Paper in Energy and Environmental Science Journal: http://pubs.rsc.org


A Print-Edition of this article can be found inhttp://www.deshabhimani.com