Monday, May 12, 2014

ജനിതകഭക്ഷ്യവിളകള്‍ ഇന്ത്യന്‍ കൃഷിയിടങ്ങളിലേക്ക്

Copyright Acknowledged:  www.seattleorganicrestaurants.com  

ജനിതകവിളകള്‍ വീണ്ടും എത്തുകയാണ് ഇന്ത്യന്‍ കൃഷിയിടങ്ങളിലേക്ക്. ചെറിയൊരു ഇടവേളയ്ക്കുശേഷമുള്ള ഈ കടന്നെത്തലിന് പക്ഷേ, ഇന്ത്യയുടെ കാര്‍ഷികഭൂപടത്തില്‍ അടയാളമിട്ടുസൂക്ഷിക്കപ്പെടാന്‍തക്കവണ്ണമുള്ള പ്രത്യേകതയുണ്ട്. കാരണം, ജനിതകവിളകള്‍ അനുവദിക്കാമെങ്കിലും ഭക്ഷ്യവിളകളില്‍ അത് അനുവദിക്കുകയില്ല എന്ന നിലപാടില്‍നിന്നുള്ള മാറ്റമാണ് പുതിയ തീരുമാനം. 

ജനിതക ഭക്ഷ്യവിള (GM Food Crop) എന്ന നിലയ്ക്കായിരുന്നു 'ബിടി വഴുതന'(Bt Brinjal)ടെ കൃഷിക്ക് 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ച് 22ന് നല്‍കിയ അനുമതിപത്രം അനുസരിച്ച്, ജനിതകവിളകളായികൃഷിചെയ്യപ്പെടാനൊരുങ്ങുന്നവയില്‍ അരിയും ഗോതമ്പും ചോളവുമുണ്ട്. ആവണക്കും പരുത്തിയും ഒഴിച്ചുനിര്‍ത്തിയാല്‍, അടുത്ത വിളവെടുപ്പുകാലത്ത് വിളവെടുക്കപ്പെടുന്ന 10 ഇനം വിളകളില്‍ എട്ടെണ്ണം ഭക്ഷ്യവിളകളാകും. 
                    
ഇനങ്ങള്‍ 10 എണ്ണം മാത്രമാണെങ്കിലും ഓരോ ഇനത്തിലും ജനിതക വ്യതികരണം വരുത്തപ്പെട്ട വകഭേദങ്ങള്‍ കണക്കിലെടുക്കുകയാണങ്കില്‍, ഇന്ത്യന്‍ കൃഷിയിടങ്ങളിലേക്കെത്തുന്ന ജനിതകവിളകളുടെ എണ്ണം ഇരുന്നൂറോളമാണ്. ഇത്രയുമധികം ജനിതകവിളകള്‍ ഒരേസമയം ഇന്ത്യന്‍ കൃഷിയിടങ്ങളിലേക്കെത്തുന്നതും ഇതാദ്യമാണ്. ഇന്ത്യയിലെ വിവിധ കാര്‍ഷിക സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും കാര്‍ഷിക ഗവേഷണ കൗണ്‍സിലും  നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യമാണ് ഇപ്പോള്‍ നടപ്പാക്കപ്പെട്ടിരിക്കുന്നത്.

അരി, പരുത്തി തുടങ്ങിയ ഓരോ കാര്‍ഷികവിളകളുടെയും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന ഒട്ടനവധി ഗവേഷണ സ്ഥാപനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ത്തന്നെ ഉണ്ട്. ഇവയ്ക്കൊക്കെയും അവ വികസിപ്പിച്ചെടുത്ത ജനിതകവിളകള്‍ ഇനിമേല്‍ സ്വതന്ത്രമായി കൃഷിചെയ്യാം. ഈ സ്ഥാപനങ്ങള്‍ ജനിതക വിളകള്‍ പരീക്ഷിക്കുന്നതാണ് രാജ്യതാല്‍പര്യത്തിനു നല്ലത്. ജനിതകവിളകള്‍ പരീക്ഷിക്കുന്നതും വിത്ത് വിതരണം ചെയ്യുന്നതും പൊതുമേഖലയിലുള്ള കാര്‍ഷിക ഗവേഷണസ്ഥാപനങ്ങളിലുടെയാകണം എന്നതും പൊതുവെ ഉയര്‍ന്ന അഭിപ്രായമാണ്. 
                                                                                             
എന്നാല്‍, ജനിതകവിളകളുടെ കൃഷിയിടവിസ്തൃതി മൊത്തമായെടുത്താല്‍, അതില്‍ ഒരു മൂലയിലൊതുങ്ങാനേയുള്ളൂ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുള്ള ജനിതകവിളകള്‍. മോണ്‍സാന്റോ, മാഹികോ, ബിഎഎസ്എഫ് എന്നീ ബഹുരാഷ്ട്ര കുത്തകകള്‍ വികസിപ്പിച്ച ജനിതക വിളകളാകും കൃഷിയിടങ്ങളില്‍ ഭൂരിഭാഗത്തും. 

ജനിതകവിളകളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍, അവയെ മറ്റു വിളകളോടൊപ്പം വേര്‍തിരിവില്ലാതെ കൃഷിചെയ്യുന്നത് അപകടകരമാണെന്ന് ചില പരിസ്ഥിതിസംഘടനകള്‍ വാദിക്കുന്നു. എന്നാല്‍, ജനിതകവിളകള്‍ക്ക് പാരിസ്ഥിതികാഘാതങ്ങള്‍ സൃഷ്ടിക്കാനാവുമെങ്കില്‍ അത് തുറന്ന കാര്‍ഷിക പരിസ്ഥിതിയില്‍ പരീക്ഷിച്ചുനോക്കാതെ എങ്ങനെയാണ് അറിയുകയെന്ന് മറുഭാഗം ചോദിക്കുന്നു. ഇന്ത്യയിലെ കാര്‍ഷിക ശാസ്ത്രജ്ഞരില്‍ ഭൂരിഭാഗവും ഈ ചോദ്യം ചോദിക്കുന്നവരാണ്.  
                                                                                                     
എം എസ് സ്വാമിനാഥന്റെ അധ്യക്ഷതയില്‍ കഴിഞ്ഞമാസം ഒത്തുചേര്‍ന്ന കാര്‍ഷിക ശാസ്ത്രജ്ഞരുടെ മേല്‍നോട്ടസമിതി ജനിതകവിളകള്‍ക്ക് അനുകൂലമായി 15 ഇന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഗവണ്‍മെന്റ് ഇപ്പോള്‍ നടത്തിയിരിക്കുന്ന അനുമതി നീക്കം. മാത്രമല്ല, ജനിതകവിളകളുടെ പാരിസ്ഥിതികമായ വേര്‍തിരിവ് നിലനിര്‍ത്തിക്കൊണ്ടുള്ള പരീക്ഷണകൃഷി  നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

എന്താണ് ജനിതകവിളകള്‍?
ജനിതക വ്യതികരണത്തിലൂടെ സൃഷ്ടിക്കുന്ന വിളസസ്യങ്ങളാണ് ജനിതകവിളകള്‍. ഒരു സാധാരണ ചെടിയില്‍ കാര്‍ഷികഗുണങ്ങള്‍ സന്നിവേശിപ്പിക്കുക, അല്ലെങ്കില്‍ ഒരു വിളസസ്യത്തിന്റെ കാര്‍ഷികഗുണങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനിതകവിള സസ്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. കീടങ്ങളുടെയും രോഗാണുക്കളുടെയും ആക്രമണത്തെ സ്വയം ചെറുക്കാനുള്ള പ്രതിരോധശേഷി ഉള്ളവയാകും ജനിതകവിളസസ്യങ്ങള്‍. അല്ലെങ്കില്‍ അവ കളകളുടെ വളര്‍ച്ചയെ സ്വയം തടയാന്‍ കഴിയുന്നവയാകും. 


ഇക്കാരണങ്ങളാല്‍ മാരകവിഷങ്ങളായ കളനാശിനികളുടെയും കീടനാശിനികളുടെയും ഉപയോഗം, ജനിതകവിളകളുടെ കൃഷിയില്‍ ആവശ്യമില്ലാതാവുന്നു. അത്യുല്‍പ്പാദനശേഷി, മണ്ണിലെ അധികലവണാംശത്തെ ചെറുക്കല്‍, വെള്ളക്കെട്ടിന്റെ ദോഷങ്ങളെ അതിജീവിക്കല്‍ തുടങ്ങിയവയ്ക്കുള്ള ജീനുകള്‍ സന്നിവേശിപ്പിക്കപ്പെട്ട ജനിതകവിളകളുമുണ്ട്. ഓരുവെള്ളം കയറുന്ന പാടങ്ങളിലെ കൃഷി, തരിശിടങ്ങളിലെ കൃഷി തുടങ്ങിയവയൊക്കെ സാധ്യമാക്കാന്‍ ജനിതകവിളകള്‍ക്കു സാധിക്കും. 
ജനിതകവിളകളെ സാമാന്യജനങ്ങളും കര്‍ഷകരും ഭയാശങ്കകളോടെ വീക്ഷിക്കുന്നതിനുപിന്നിലും കാരണങ്ങളുണ്ട്. ബിടി പരുത്തി  ആയിരുന്നു ഇന്ത്യയില്‍ കൃഷിചെയ്ത ആദ്യത്തെ ജനിതകവിള. "മോണ്‍സാന്റോ" എന്ന ബഹുരാഷ്ട്രകമ്പനികളുടെ ഇന്ത്യന്‍ പ്രതിനിധിയായ "മാഹികോ" (മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്സ് കോര്‍പറേഷന്‍) എന്ന കമ്പനിയാണ് ബിടി പരുത്തിയെ ഇന്ത്യയില്‍ എത്തിച്ചത്. 2000 മേയില്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടകം, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളില്‍ കൃഷി ആരംഭിച്ചു. പക്ഷേ, കര്‍ഷകര്‍ക്ക് താങ്ങാനാവാത്ത വിലയായിരുന്നു ബിടി പരുത്തിയുടെ വിത്തുകള്‍ക്ക് കമ്പനി ഈടാക്കിയത്. കടക്കെണിമൂലം കര്‍ഷകര്‍ ആത്മഹത്യചെയ്തുതുടങ്ങി.

2005 ജൂണ്‍മുതല്‍ക്ക് മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍നിന്ന് കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുതുടങ്ങി. ബിടി പരുത്തിയില്‍ 'അന്തകജീന്‍ സങ്കേതം' (Terminator Gene Technology)  ഉണ്ടെന്ന വാദവുമുയര്‍ന്നു. അന്തകജീനില്ലെന്നും വിത്തുകളുടെ കുത്തകവല്‍ക്കരണമാണ് കടക്കെണിയിലേക്കു നയിച്ചതെന്നും വാദമുയര്‍ന്നു. ഒരുതലമുറ കഴിയുമ്പോള്‍ ജനിതകവിളകള്‍ സ്വയം നശിക്കുന്നതിനായി സംവിധാനം ചെയ്യപ്പെടുന്നതാണ്
'അന്തകജീന്‍ സങ്കേതം'. എന്നാല്‍, യഥാര്‍ഥത്തില്‍, ബിടി പരുത്തിയിലെന്നല്ല, ഇന്ത്യയില്‍ ഇതുവരെ കൃഷിചെയ്ത ഒരൊറ്റ ജനിതകവിളയിലും 'അന്തകജീന്‍ സങ്കേതം' ഉപയോഗിക്കപ്പെട്ടിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Courtesy: The Print Edition of this article was published in Kilivathil, the Science Supplement of Deshabhimani Daily dt. 8th May 2014. Link: http://www.deshabhimani.com                                                                         


 

Saturday, May 3, 2014

ഗ്ലൂക്ക: ഇത് ഏഴാം ഡോളി

സ്വതവേ ഔഷധഗുണമുള്ളതാണ് ആട്ടിന്‍പാല്‍. എന്നാല്‍, സ്ഥിരമായി കഴിക്കേണ്ടുന്ന മരുന്നുകള്‍ ആട്ടിന്‍പാലിലൂടെ ലഭ്യമാക്കാനായാലോ? മരുന്നുവാങ്ങാന്‍ പിന്നെ പൈസ ചെലവാക്കേണ്ടതില്ല. പകരം ആട്ടിന്‍പാല്‍ കുടിച്ചാല്‍ മതി. പൊതുവേ, സാമ്പത്തികശേഷി കുറഞ്ഞവരാണ് ആടിനെ വളര്‍ത്തുന്നത്. അതുകൊണ്ട്, സാധാരണക്കാര്‍ക്കാകും കൂടുതലായും ഇതിന്റെ പ്രയോജനം ലഭിക്കുക. സാധാരണരീതിയിലുള്ള ചികിത്സ അസാധ്യമായ ജനിതകരോഗങ്ങളുടെ ചികിത്സയിലാകും ഇതില്‍നിന്നുള്ള പ്രയോജനം ഏറെയും സാധ്യമാവുന്നത്. ഉദാഹരണമായി അരിവാള്‍രോഗം  ഹീമോഫീലിയ തുടങ്ങിയവ. ഇതിനെല്ലാമായുള്ള ആദ്യ പരീക്ഷണത്തിനായി ശാസ്ത്രജ്ഞര്‍ ഒരുങ്ങുകയാണ്. അതിനുള്ള ആദ്യപടി എന്നതരത്തില്‍, ആദ്യത്തെ ആട് ക്ലോണ്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്- ഗ്ലൂക്ക എന്ന പേരില്‍.

ഗ്ലൂക്ക പിറന്നിട്ട് ഇപ്പോള്‍ ആഴ്ചകളേ ആവുന്നുള്ളു എങ്കിലും ഗ്ലൂക്കയുടെ പാല്‍ കുടിച്ചാല്‍ ഒരു പ്രത്യേകതരം ജനിതകരോഗം മാറുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഗൗച്ചര്‍ ഡിസീസ് (Gaucher's Disease)എന്നതാണ് ഈ ജനിതകരോഗത്തിന്റെ പേര്. 1882ല്‍ തിരിച്ചറിഞ്ഞ രോഗമാണെങ്കിലും 1965ല്‍ മാത്രമാണ് ഇതിന്റെ ജനിതകകാരണം വെളിപ്പെടുത്തപ്പെട്ടത്. ചികിത്സക്ക് ഉപയോഗിക്കാവുന്ന ആദ്യത്തെ മരുന്ന് വിപണിയിലെത്തിയതുപോലും 1994ല്‍ മാത്രമാണ്. സാധാരണ മനുഷ്യരുടെ ശരീരത്തില്‍ കാണുന്ന ഒരുതരം രാസാഗ്നി , ഈ രോഗമുള്ളവരുടെ ശരീരത്തില്‍ കാണില്ല. ഗ്ലൂക്കോ സെറിബ്രോസിഡേസ്  (Glucocerebrosidase)എന്ന ഈ രാസാഗ്നി ഇല്ലാതിരിക്കുന്നത് ഗുരുതരമായ പല ശാരീരിക വിഷമതകള്‍ക്കും കാരണമാവും. കരള്‍, പ്ലീഹ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുക, അസ്ഥികള്‍ ഒടിഞ്ഞുപോവുന്ന പ്രവണത ഉണ്ടാവുക, നാഡീസംബന്ധമായ കുഴപ്പങ്ങളുണ്ടാവുക തുടങ്ങിയവയൊക്കെയാണ് കുഴപ്പങ്ങള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം എന്നതു മാത്രമാണ് ഇക്കാര്യത്തിലുള്ള ഏക ആശ്വാസം.
ഗൗച്ചര്‍ രോഗമുള്ളവരുടെ ശരീരത്തില്‍ കാണപ്പെടാത്ത രാസാഗ്നി അഥവാ ഗ്ലൂക്കോ സെറിബ്രോസിഡേസ് കൃത്രിമമായി നല്‍കുക എന്നതു മാത്രമാണ് ഈ രോഗത്തിനുള്ള ചികിത്സ. എന്നാല്‍,ഇത്തരത്തിലുള്ള ചികിത്സക്ക് ചെലവ് വളരെ കൂടുതലാണ്. ബ്രസീലിലെ ഗവണ്‍മെന്റ് സ്വന്തം ഉത്തരവാദിത്തത്തില്‍ നടത്തുന്ന ചികിത്സയുടെ ചെലവ് പ്രതിവര്‍ഷം 250 ദശലക്ഷം പൗണ്ടോളം എത്തുന്നതായാണ് കണക്ക്. പൊതുജനാരോഗ്യവകുപ്പിന് ഇത് വമ്പിച്ച സാമ്പത്തികബാധ്യതയായി മാറുന്നുണ്ട്. ഇതിനു പരിഹാരമായുള്ളതായിരുന്നു ക്ലോണിങ് പരീക്ഷണം.
 
ഗ്ലൂക്കോ സെറിബ്രോസിഡേസ് രാസാഗ്നി ഉല്‍പ്പാദിപ്പിക്കുന്ന ജീന്‍ മനുഷ്യനില്‍നിന്ന് ആടുകളിലേക്ക് മാറ്റിവയ്ക്കാനുള്ള പരീക്ഷണസാധ്യത അങ്ങനെയാണ് ആദ്യമായി പരിഗണിക്കപ്പെട്ടത്. ഭ്രൂണകോശങ്ങളിലേക്കാണ് ഈ ജീന്‍ മാറ്റിവയ്ക്കപ്പെട്ടത്. അതിനാല്‍, ആടിന്റെ ശരീരത്തിലെ എല്ലാ കോശങ്ങളിലും ഈ ജീന്‍ ഉണ്ടായിരുന്നു. പിന്നീട്, അകിടുകോശങ്ങളില്‍ മാത്രമായി ഈ ജീനിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിപ്പിക്കുകയായിരുന്നു. ജീന്‍ പ്രവര്‍ത്തനത്തെ ഒരു 'സ്വിച്ച്' എന്നതുപോലെ നിയന്ത്രിക്കുന്ന 'പ്രൊമോട്ടര്‍' ഘടകം ഉപയോഗിച്ചാണ് ഇതു സാധിച്ചത്. ഇതിലൂടെ ഗ്ലൂക്ക ചുരത്തുന്ന പാലില്‍ മറ്റ് പ്രോട്ടീനുകള്‍ക്കൊപ്പം ഈ രാസാഗ്നിയുമുണ്ടായി- ഗൗച്ചര്‍ രോഗികള്‍ക്കു വേണ്ട ഗ്ലൂക്കോ സെറിബ്രോസിഡേസ്. ബ്രസീലിലെ ഫോര്‍ട്ടലേസാ സര്‍വകലാശാല  യിലാണ് ഇതിനായുള്ള ഗവേഷണങ്ങള്‍ നടന്നതും ഗ്ലൂക്ക പിറന്നതും.
ബ്രസീലിനെ സംബന്ധിച്ചിടത്തോളം, വെറുമൊരു ക്ലോണാട് മാത്രമല്ല ഗ്ലൂക്ക. ജനിതക പരിവര്‍ത്തനം വരുത്തപ്പെട്ട ആടിന്റെ ക്ലോണ്‍പതിപ്പാണ് ഗ്ലൂക്ക. ഇത്തരത്തില്‍ നോക്കുമ്പോള്‍, അത് ക്ലോണ്‍ സൃഷ്ടി എന്നതിനോടൊപ്പം ജനിതകപരിവര്‍ത്തനം വരുത്തിയ ക്ലോണ്‍പതിപ്പുകൂടിയാണ്. അതായത് 'ട്രാന്‍സ്ജീനിക് ക്ലോണ്‍'. "ജീന്‍ മാറ്റിവയ്ക്കപ്പെട്ട ക്ലോണ്‍" എന്നര്‍ഥം. നിലവില്‍ ഈ വിശേഷണത്തിന് അര്‍ഹമാകുന്ന തരത്തില്‍ 'ട്രാന്‍സ്ജീനിക്' ആയ ആടുകോണ്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അമേരിക്കയില്‍ മാത്രമാണ്. "മിറ" എന്നു പേരിട്ടു വിളിക്കപ്പെട്ട ഇതിനെ 'ആന്റി ത്രോംബിന്‍'  എന്ന ജീവാ ഔഷധം നിര്‍മിക്കാനായാണ് 'ക്ലോണ്‍'ചെയ്യപ്പെട്ടത്. ഇതേ ലക്ഷ്യത്തോടെയുള്ള പദ്ധതിയുമായി ഇപ്പോള്‍ മുന്നോട്ടുപോവുന്ന രാജ്യം ഇറാനാണ്. വെച്ചൂര്‍ പശുവില്‍നിന്ന് പോഷകാംശം വര്‍ധിപ്പിച്ച പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി, കേരളത്തിലെ ഒരു ഗവേഷണസ്ഥാപനം വിഭാവനം ചെയ്യുന്നുണ്ടെങ്കിലും അത് ഇനിയും പ്രായോഗികതലത്തില്‍ എത്തിയിട്ടില്ല.
 
ഇത് ഏഴാം ഡോളി 
ലോകത്തിലെ ആദ്യ ലക്ഷണയുക്തമായ ക്ലോണ്‍ എന്ന് അറിയപ്പെടുന്നത് 'ഡോളി'യെന്ന ചെമ്മരിയാടാണല്ലോ. 1996ലായിരുന്നു സ്കോട്ട്ലന്‍ഡിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോളിയുടെ പിറവി. (1995ല്‍, ഇതേ ഗവേഷണസ്ഥാപനം രണ്ട് ചെമ്മരിയാടുകളെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചിരുന്നുവെങ്കിലും (മേഗനും മെറാഗും) 'ലക്ഷണയുക്തമായ ക്ലോണ്‍' എന്ന ബഹുമതി ഡോളിക്കുതന്നെയാണ്). പോളി, മോളി എന്നീ പേരുകളില്‍ അറിയപ്പെട്ട ചെമ്മരിയാടുകളായിരുന്നു ഡോളിയുടെ പിന്‍ഗാമികളായത്. 1997ലായിരുന്നു ഇവ സൃഷ്ടിക്കപ്പെട്ടത്. 1998ല്‍, അമേരിക്കയിലെ 'ജെന്‍സം'ഗവേഷണശാലയില്‍ മിറ എന്ന് പേരിട്ടുവിളിച്ച ക്ലോണാട് പിറന്നു. ലോകത്തെ അഞ്ചാമത്തെ ക്ലോണാട് ആയിരുന്നു ഹന്ന. ഇറാനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ഇതിന്റെ ജനനം. ആറാമത്തെ ക്ലോണാടിനെ അവതരിപ്പിച്ചത് ഇന്ത്യയായിരുന്നു. പഷ്മിന ഇനത്തില്‍പ്പെട്ട ലോകത്തെ ആദ്യത്തെ ക്ലോണാട് ആയിരുന്നു നൂറി (2013).

Link to Original Paper published in the Journal Reproduction, Fertility and Development: http://www.publish.csiro.au

Print Edition of this was published in Kilivathil, the Science Supplement of Deshabhimani Daily dated 1st May 2014.