Friday, June 6, 2014

റെഡ് പ്ലസ് ഹരിതാഭമാക്കുമോ?

ഇന്ത്യ കൂടുതല്‍ ഹരിതാഭമാവുമോ? ഐക്യരാഷ്ട്രസഭ വിഭാവനംചെയ്യുന്ന 'റെഡ് പ്ലസ് '(REDD+)എന്ന പദ്ധതിയില്‍ അംഗമാവുന്നതിലൂടെയാണ് ഇന്ത്യ ഹരിതാഭമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, ഇന്തോനേഷ്യ, മ്യാന്‍മര്‍ എന്നിവയടക്കമുള്ള 52 രാജ്യങ്ങള്‍ ഇതിനകംതന്നെ റെഡ് പ്ലസ് പദ്ധതിയില്‍ അംഗങ്ങളാണ്. ഭവനവിസ്തൃതിയുടെ കാര്യത്തില്‍ ലോകത്തില്‍ 10-ാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം റെഡ് പ്ലസ് പദ്ധതിയില്‍ പങ്കാളിയാവുന്നത് പ്രത്യേകമായും പ്രാധാന്യം അര്‍ഹിക്കുന്നു. റെഡ്യൂസിങ് എമിഷന്‍സ്  ഫ്രം ഡീഫോറസ്റ്റേഷന്‍ ആന്‍ഡ് ഫോറസ്റ്റ് ഡീഗ്രഡേഷന്‍ പ്രോഗ്രാം (Reducing Emissions from Deforestation and Forest Degradation) എന്നതാണ് 'റെഡ് പ്ലസ് 'എന്നതിന്റെ പൂര്‍ണരൂപം.
വനനശീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയുകയും അതിലൂടെ അന്തരീക്ഷത്തിലേക്ക് എത്തിച്ചേരുന്ന കാര്‍ബണ്‍മാലിന്യങ്ങളുടെ അളവുകുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് വനവിഭവങ്ങള്‍ എടുക്കുന്നത് തടയാന്‍ ഇടയാക്കുമെന്നതിനാല്‍ അത് ദേശീയവരുമാനത്തെ ബാധിക്കും. ഈ നഷ്ടം പരിഹരിക്കുന്നതിനുള്ള സാമ്പത്തികസഹായം അതതു രാജ്യങ്ങള്‍ക്ക് ഐക്യരാഷ്ട്രസംഘടനയില്‍നിന്നു ലഭിക്കുമെന്നാണ് പറയുന്നത്. ഇതാണ് റെഡ് പ്ലസ്  എന്ന പദ്ധതിയില്‍ അംഗമാവുന്നതിന്റെ നേട്ടം.
                                                   

ഇന്ത്യ റെഡ് പ്ലസ്  പദ്ധതിയില്‍ അംഗമാവുന്നതു സംബന്ധമായ കരടുവിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. 2008ല്‍ വാര്‍സായില്‍ നടന്ന കാലാവസ്ഥാമാറ്റ ഉച്ചകോടിയിലാണ് റെഡ് പ്ലസ് പദ്ധതി ആദ്യമായി രാജ്യാന്തരവേദിയില്‍ സമര്‍പ്പിക്കപ്പെടുന്നത്. വനങ്ങള്‍ നടത്തുന്ന കാര്‍ബണ്‍ സീക്വസ്ട്രേഷന്‍(Carbon Sequestration) എന്ന പ്രവര്‍ത്തനം മുഖ്യ പ്രമേയമാവുന്ന പ്രവര്‍ത്തനരൂപരേഖയായിരുന്നു അത്. കാട്ടിലെ മരങ്ങളും ചെടികളും പ്രകാശസംശ്ലേഷണത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ പിടിച്ചുവയ്ക്കുന്ന പ്രക്രിയയാണ് കാര്‍ബണ്‍ സീക്വസ്ട്രേഷന്‍. ഇതിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലെത്താതെ കാടിന്റെ പച്ചപ്പിനുള്ളിലൊതുങ്ങുന്നു.
                                                         

ആഗോളതാപനത്തിനു കാരണമാവുന്ന ഹരിതഗൃഹവാതകങ്ങളിലൊന്നാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്. ആകാശം കാര്‍ബണുള്ള കരിമ്പുകയില്ലാതെ വെളുത്തിരുന്നാല്‍ അന്തരീക്ഷം ചൂടാവുന്നത് കുറയും. അതിലൂടെ അന്റാര്‍ട്ടിക്കയിലെപ്പോലും മഞ്ഞുരുക്കുന്ന, വന്‍കരകളെപ്പോലും വെള്ളത്തിലാഴ്ത്തുന്ന ആഗോളതാപനത്തെ നമ്മള്‍ ഭയപ്പെടേതില്ലാത്ത അവസ്ഥയുണ്ടാവും. പക്ഷേ, ഇത് സാധ്യമാവണമെങ്കില്‍, 1000 ദശലക്ഷം ടണ്‍ കാര്‍ബണെങ്കിലും പിടിച്ചുവയ്ക്കാന്‍തക്കവണ്ണമുള്ള കാടുകള്‍ നിലനില്‍ക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമമാണ് റെഡ് പ്ലസ് പദ്ധതി. ഓരോ രാജ്യവും ഈ പദ്ധതി നടപ്പാക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ എങ്ങനെ പരിഹരിക്കുമെന്നതു പ്രശ്നമാണ്. അതത് രാജ്യങ്ങളുടെ കരട് രൂപരേഖയില്‍ ജനപങ്കാളിത്തത്തോടെയുള്ള ചര്‍ച്ചകള്‍ കൂടി ഉണ്ടായാലേ ഇത് ജനങ്ങള്‍ക്കു ദുരിതമില്ലാതെ നടപ്പാക്കാന്‍ കഴിയൂ.


Website: http://www.un-redd.org

Print Edition of this was published in Kilivathil, the Science Supplement of Deshabhimani dt. 05.06.2014 
Link: http://www.deshabhimani.com