മഹാഭാരതത്തില്‍ ഒരു കഥയുണ്ട്. വനവാസകാലത്ത് ദ്രൗപദി ഒരു ഞാവല്‍മരം കണ്ടു. അതില്‍ സാധാരണയിലും വലിപ്പം കൂടിയ ഒരു ഞാവല്‍പ്പഴം ഉണ്ടായിരുന്നു. ദ്രൗപദി അത് പറിച്ചു. എന്നാല്‍ അത് ഒരു സന്യാസി തന്‍റെ പന്ത്രണ്ടുവര്‍ഷത്തെ നിരാഹാരവ്രതം അവസാനിച്ചശേഷം കഴിക്കുന്നതിനായി നോക്കിവെച്ചതായിരുന്നു. അത് പറിച്ചു എന്നറിഞ്ഞാല്‍ സന്യാസി കോപിക്കുമെന്നും ദ്രൗപദിയെ മാത്രമല്ല പാണ്ഡവരേയും ശപിക്കുമെന്നും ശ്രീക്യഷ്ണന്‍ ദ്രൗപദിയോട് പറഞ്ഞു. ഇനി എന്താണൊരു പരിഹാരം എന്ന് ചോദിച്ച ദ്രൗപദിയോട് ഇതുവരേയും ആരോടും പറയാതെ ഒളിപ്പിച്ചിരുന്ന ഒരു സത്യം വെളിപ്പെടുത്തണമെന്നും അങ്ങനെ ചെയ്താല്‍ ഞാവല്‍പ്പഴം തിരികെ മരത്തിലൊട്ടും എന്നും ശ്രീക്യഷ്ണന്‍ പറഞ്ഞു.
ദ്രൗപദിക്ക് അങ്ങനെ ഒരു രഹസ്യം ഉണ്ടായിരുന്നു. അവള്‍ വിവാഹത്തിനു മുമ്പ് കര്‍ണ്ണനെ പ്രേമിച്ചിരുന്നു. എന്നാല്‍ സ്വയംവരസമയത്ത് അവള്‍ കര്‍ണ്ണനെ അകറ്റിനിറുത്തി. കര്‍ണ്ണന്‍ സൂതവംശത്തില്‍ പിറന്നു എന്ന കാരണത്താലായിരുന്നു ഇത്. ശ്രീക്യഷ്ണന്‍റെ നിര്‍ദ്ദേശപ്രകാരം ദ്രൗപദി ഈ രഹസ്യം പാണ്ഡവരോട് പറഞ്ഞു. പാണ്ഡവര്‍ ആകെ രോക്ഷാകുലരാവുകയും ദ്രൗപദിയെ ശകാരിക്കുകയും ചെയ്തുവെങ്കിലും ആ നിമിഷം ഞാവല്‍പ്പഴം മരത്തിലേക്ക് തിരികെ ഒട്ടിച്ചേര്‍ന്നു എന്നാണ് കഥ. മഹാരാഷ്ട്രയില്‍ ഇത് ഇന്നും ഒരു നാടോടിക്കഥയായി പ്രചരിക്കുന്നുണ്ട്. 'ജംബൂല്‍ ആഖ്യാന്‍'എന്നാണ് ഇതിന്‍റെ പേര്.
സംസ്ക്യതത്തില്‍ ഞാവല്‍മരത്തിന് 'ജംബു' എന്നാണ് പറയുന്നത്. പുരാണങ്ങളില്‍ ജംബുദ്വീപ് എന്നൊരു ഭൂഭാഗത്തെക്കുറിച്ച് പറയുന്നുണ്ട്. വിവരണങ്ങള്‍ പ്രകാരം ഇതിന് ത്രികോണാക്യതിയും അതിന്‍റെ തെക്കന്‍ മുനമ്പ് സമുദ്രത്തിനോട് ചേര്‍ന്ന നിലയിലുമാണ്. ഇതിന്‍റെ മറുവശത്ത് ഹിമവാന്‍ എന്ന പര്‍വ്വതവുമുണ്ട്. ഇതില്‍ നിന്നും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡം ആണെന്ന് മനസിലാക്കാം. എന്നാല്‍ ഈ ഉപഭൂഖണ്ഡത്തിന്‍റെ നടുവിലായി അസാമാന്യവലിപ്പത്തിലുള്ള ഒരു ഞാവല്‍മരം ഉണ്ടെന്നും അതിനാലാണ് ഇതിന് ജംബുദ്വീപ് എന്ന് പേരുവന്നതെന്നും പറഞ്ഞിരിക്കുന്നു. ഇതിന് നൂറു യോജന ഉയരമുണ്ടായിരുന്നുവെന്നും അത്ര തന്നെ തണല്‍വിരിച്ചുകൊണ്ടായിരുന്നു അത് നിന്നിരുന്നതെന്നും പരാണങ്ങളില്‍ പറയുന്നു. ഇതിന്‍റെ തായ്ത്തടിക്കു തന്നെ പതിനഞ്ചു യോജന വീതിയുണ്ടായിരുന്നു.
ഇത് അവിശ്വസനീയമാണെങ്കിലും ഞാവല്‍മരം ഇന്ത്യയിലെ കാടുകളില്‍ സുലഭമായിരുന്നതിന്‍റെ സൂചനയാവാം ഇതെന്ന് കണക്കാക്കാം. ഞാവല്‍മരം കടപുഴകി വീഴുമ്പോള്‍ അതിന്‍റെ കായ്കളുടെ നീര് ഒരു നദിയായി ഒഴുകുമെന്നും അത് ജംബുദ്വീപിലൂടെ ഒഴുകി കടലില്‍ പതിക്കുമെന്നും പറയുന്നു. ജംബുനദി എന്നാണ് ഈ നദിയുടെ പേര്. ഞാവല്‍മരങ്ങളുടെ സമ്യദ്ധിയെത്തന്നെയാവാം ഇതും സൂചിപ്പിക്കുന്നത്. വനവാസ കാലത്ത് ശ്രീരാമന്‍ വര്‍ഷങ്ങളോളം ഞാവല്‍പ്പഴമാണ് ആഹരിച്ചിരുന്നത് എന്നും പറയുന്നുണ്ട്. പുരാണങ്ങളില്‍ പറയുന്ന അസാമാന്യവലിപ്പം ഒരു അതിശയോക്തി ആവാമെങ്കിലും യഥാര്‍ത്ഥത്തി ലുള്ള ഞാവല്‍മരത്തിനും 30 മീറ്ററിലേറെ പൊക്കമുണ്ട്. നൂറു വര്‍ഷത്തിലേറെയാണ് ഇതിന്‍റെ ആയുസ്.
പേരിടലിന്‍റെ ചരിത്രം
സസ്യശാസ്ത്രജ്ഞര്‍ ഞാവല്‍മരത്തിനു നല്‍കിയിരിക്കുന്ന പേര് സിസിജിയം കുമിനി (Syzygium cumini) എന്നാണ്. ഈ പേരിനു പിന്നില്‍ ഒരു ചരിത്രം ഉണ്ട്. ചെടികളുടെ വര്‍ഗീകരണത്തിലൂടെ ശ്രദ്ദേശനായ പ്രശസ്ത ശാസ്ത്രജ്ഞന്‍ കാള്‍ ലിനയസ് (Carl Linnaeus) ആണ് ഇതില്‍ കുമിനി എന്നത് ചേര്‍ത്തുവിട്ടത്. ആദ്യകാലങ്ങളില്‍ ചെടികളുടെ പേരു പറയുമ്പോള്‍ അത് ലാറ്റിന്‍ഭാഷയിലുള്ള ഒരു വാചകത്തിന്‍റെ രൂപത്തിലാണ് പറഞ്ഞിരുന്നത്. ശ്രീലങ്കയില്‍ കാണുന്ന വ്യക്ഷജാതികളെക്കുറിച്ചുള്ള ഒരു പുസ്തകം 1753-ല്‍ ലിനയസ് എഴുതുകയുണ്ടായി. ഫ്ളോറ സെയ് ലാനിക്ക (Flora Zeylanica) എന്ന ഈ പുസ്തകത്തില്‍ Arbor zeylanica cuminum redokns എന്നാണ് ഞാവലിനെക്കുറിച്ച് എഴുതിയത്. അതായത്, "ശ്രീലങ്കയില്‍ വളരുന്ന മരം, ജീരകത്തിന്‍റെ മണത്തോടുകൂടിയത്".
ലിനയസിന്‍റെ കാലത്ത് അദ്ദേഹം എഴുതിയ സ്പീഷീസ് പ്ളാന്‍റാറം (Species Plantarum) എന്ന പുസ്തകമായിരുന്നു ചെടികളുടെ പേരിടല്‍ സംബന്ധിച്ചുള്ള ആധികാരികരേഖ. അതില്‍ 471ാം പേജില്‍ ഞാവല്‍മരത്തിന്‍റെ പേര് മിര്‍ട്ടസ് കുമിനി (Myrtus cumini) എന്നതുള്‍ക്കൊള്ളുന്ന ഒരു വിശേഷണവാചകം ആയിട്ടാണ് നല്‍കിയിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് പേരിടല്‍ രണ്ടുപേരുകള്‍ മാത്രമുള്‍ക്കൊള്ളുന്ന 'ദ്വിനാമപദ്ധതി'-യിലേക്ക് ചുരുങ്ങി. ഏതൊരു ചെടിയുടേയും ശാസ്ത്രീയനാമം ആദ്യം ജനുസിന്‍റെ പേരും പിന്നീട് സ്പീഷീസിന്‍റെ പേരും വരുന്ന തരത്തില്‍ നിജപ്പെടുത്തപ്പെട്ടു. ലിനയസ് തന്നെയാണ് ഈ രീതിക്ക് പ്രചാരം നല്‍കിയതെങ്കിലും അദ്ദേഹം നല്‍കിയിരുന്ന പേരുകള്‍ പലതും പില്‍ക്കാലത്തു വന്നവര്‍ മാറ്റി.
അങ്ങനെ മിര്‍ട്ടസ് കുമിനി എന്ന പേരും മാറി. പകരം സിസീജിയം കുമിനി (Syzygium cumini) എന്ന പുതിയ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. അമേരിക്കന്‍ കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്ന ഹോമര്‍ കോളര്‍ സ്കീല്‍സ് (Homer Collar Skeels, 1873–1934) ആണ് ഈ പേരുമാറ്റം നടത്തിയത്. മറ്റു രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരപ്പെട്ട സസ്യങ്ങളെക്കുറിച്ച് അമേരിക്കന്‍ ക്യഷിവകുപ്പിന്‍റെ പ്ളാന്‍റ് ഇന്‍ഡസ്ട്രി ബുള്ളറ്റിനില്‍ 1912-ല്‍ അദ്ദേഹം ഒരു പ്രബന്ധം എഴുതുകയുണ്ടായി. അതിലാണ് സിസീജിയം കുമിനി എന്ന പേര് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. പേരിനവസാനം Skeels എന്ന് ചേര്‍ക്കുന്നതിലൂടെ ഇക്കാര്യം ഇന്നും സൂചിപ്പിക്കുന്നുണ്ട്.
ആരുമറിയാത്ത ഒരു ഞാവല്‍
ഇതൊക്കെയാണ് ഞാവലിന്‍റെ പേരിടല്‍ ചരിത്രമെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കെത്തുമ്പോള്‍ ഞാവല്‍മരങ്ങളുടെ വൈവിധ്യം ആരേയും അതിശയിപ്പിക്കും. സിസീജിയം എന്ന ജനുസില്‍പ്പെടുന്നതായി 102 സ്പീഷീസുകള്‍ ഇന്ത്യയിലുണ്ട്. അത്രയും എണ്ണത്തെയാണ് നിലവില്‍ കണ്ടെത്തപ്പെട്ടിരിക്കുന്നത് എന്ന് പറയുന്നതാവും കൂടുതല്‍ ശരി. അത്രയ്ക്ക് ജൈവവൈവിധ്യസമ്യദ്ധ മായ കാടുകളാണ് ഇന്ത്യയിലേത്. അന്വേഷണങ്ങള്‍ ചിലപ്പോള്‍ ഇനിയുമിനിയും പുതിയ സ്പീഷീസുകളെ വെളിപ്പെടുത്തിയേക്കാം. കേരളത്തിന്‍റെ ഭരണാതിര്‍ത്തിയില്‍പ്പെടുന്ന പശ്ചിമഘട്ട ഭാഗത്തുതന്നെ 54 സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 28 എണ്ണം പശ്ചിമഘട്ടത്തിലല്ലാതെ മറ്റൊരിടത്തും കാണാന്‍കഴിയാത്തവയാണ്.
ഇതൊന്നും കൂടാതെ, ഒരു ഞാവല്‍മരം ആരുടേയും കണ്ണില്‍പ്പെടാതെ തിരുവനന്തപുരം നഗരത്തിന്‍റെ ഹ്യദയഭാഗത്തുതന്നെ നില്‍പ്പുണ്ട്. ഈയിനത്തില്‍ പ്പെടുന്ന ഞാവല്‍മരം ഇപ്പോള്‍ ഈ ലോകത്തില്‍ ഇതൊന്നേയുള്ളൂ എന്ന് പറയുമ്പോള്‍ അതിന്‍റെ പ്രാധാന്യം മനസിലാവും. മറ്റൊന്നുകൂടി ഉണ്ടായിരുന്നു, വര്‍ക്കലയിലുള്ള ഭഗവതിക്കാവ് എന്ന പേരില്‍ ക്ഷേത്രാനുബന്ധമായുണ്ടായിരുന്ന ഒരു കാവില്‍. പക്ഷേ, അത് അടുത്ത കാലത്ത് മുറിച്ചുപോയി. ചുരുക്കത്തില്‍ ഇന്ന് ഭൂമിയില്‍ ഈയിനത്തില്‍പ്പെടുന്നതായി ഈ ഞാവല്‍മരം മാത്രമേയുള്ളൂ! സിസിജിയം കാരിയോഫില്ലേറ്റം എന്ന ഞാവലിനത്തിന്‍റെതന്നെ ഒരു പ്രത്യേക വകഭേദം!
ആരുടേയും കണ്ണില്‍പ്പെടാതെ നില്‍ക്കുന്നു എന്ന് പറയുന്നതുകൊണ്ട് ഈ അത്യപൂര്‍വ്വവ്യക്ഷം അത്ര ചെറുതാണെന്ന് കരുതേണ്ട. അസാമാന്യ വലിപ്പമുള്ള ഇതിന് 12 മീറ്ററിലേറെ ഉയരമുണ്ട്! ദിവസവും ആയിരക്കണക്കിന് ആള്‍ക്കാര്‍ കടന്നുപോവുന്ന രാജവീഥിക്കരികിലാണ് അതിന്‍റെ നില്‍പ്പ് എന്നുകൂടി പറയാതെതന്നെ തിരുവനന്തപുരം നിവാസികള്‍ക്ക് ഈ മരത്തിന്‍റെ സ്ഥാനം മനസിലാവും. അതേ! തിരുവനന്തപുരം ഗവണ്‍മെന്‍റ് ആയൂര്‍വേദകോളേജിനു മുന്നിലായാണ് ഈ ഞാവല്‍മരമുള്ളത്. സിസീജിയം കാരിയോഫില്ലേറ്റം (Syzygium caryophyllatum) എന്ന ഞാവല്‍ സ്പീഷീസാണിതെങ്കിലും ആയിനത്തില്‍പ്പെടുന്ന മറ്റുള്ളവയെല്ലാം ഇതിനെ അപേക്ഷിച്ച് ചെറിയ മരങ്ങളാണ്.
പൊക്കവും വലിപ്പവും തന്നെയാണ് ഈ ഞാവലിനെ വ്യത്യസ്തമാക്കുന്നത്. പിന്നീടുള്ളത് തായ്ത്തടിയെ പൊതിയുന്ന തൊലിയുടെ നിറമാണ്. മറ്റുള്ളവില്‍ അത് തവിട്ടുനിറമാവുമ്പോള്‍ ഇതില്‍ അല്‍പ്പം സായിപ്പ് നിറം കലര്‍ന്നിട്ടുണ്ട്: വെള്ള കലര്‍ന്ന ചാരനിറം. ഇലയുടെ ആക്യതിയില്‍ അല്പം വ്യത്യാസമേയുള്ളൂ. പക്ഷേ പൂവുകള്‍ താരതമ്യേന വലുതാണ്. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനിലെ ശാസ്ത്രജ്ഞരായ ഇ.എസ്. സന്തോഷ്കുമാര്‍, എം.എസ്. ഷെറീഫ് എന്നിവര്‍ ചേര്‍ന്നാണ് ഇത് ڇവ്യത്യസ്തമാരു മാമരം ഞാവല്‍ڈ ആണെന്ന് കണ്ടെത്തിയത്. അതുകൊണ്ട് ബൊട്ടാണിക് ഗാര്‍ഡന്‍റെ സ്ഥാപക ഡയറക്ടര്‍ അബ്രഹാമിന്‍റെ സ്മരണാര്‍ത്ഥമാണ് അവര്‍ അതിന് പേരുനല്‍കിയിരിക്കുന്നത്: സിസീജിയം കാരിയോഫില്ലേറ്റം വെറൈറ്റി അബ്രഹാമിയാനം (Syzygium caryophyllatum var. abrahamianum).
സസ്യശാസ്ത്രപരമായി ഇത്രയും പ്രത്യേകതകളുള്ള ഈ മരവും പക്ഷേ കാത്തിരിക്കുന്നത് മഴുവേന്തിയ കൈകളെയാണ്. 1879ല്‍ പ്രസിദ്ധീക്യതമായ ഫ്ളോറ ഓഫ് ബ്രിട്ടീഷ് ഇന്ത്യ (Flora of British India) എന്ന പുസ്തകത്തില്‍ ഞാവല്‍മരം ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ വിസ്ത്യതി ഇന്നുള്ളതിനെക്കാള്‍ ബ്യഹത്തായിരുന്നുവെങ്കിലും 131 ഞാവലിനങ്ങള്‍ ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂറിലെ സസ്യങ്ങള്‍ തീര്‍ച്ചയായും ഗ്രന്ഥകാരനായ ജെ. ഡി. ഹുക്കര്‍ പരിശോധിച്ചിട്ടുണ്ടാവും. തിരുവിതാംകൂര്‍ രാജവംശം 1889-ലാണ് 'പാഠശാല' എന്ന പേരില്‍ ആയൂര്‍വേദം പഠിപ്പിക്കുന്നതിനായി ഒരു സ്ഥാപനം ആരംഭിക്കുന്നത്. അന്നേ ഈ ഞാവല്‍മരം അവിടെ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ഇത് ആരെങ്കിലും നട്ടുപിടിപ്പിച്ചതായി രേഖകളില്ലാത്തതിനാല്‍ ഇതൊരു വനവ്യക്ഷം ആയി നിലനിന്നതാവാനാണ് സാധ്യത.
ഞാവല്‍മരത്തിന് 100 വര്‍ഷത്തിലേറെ ആയുസുണ്ടാവുന്നത് സാധാരണമാണെന്നും കരുതപ്പെടുന്നു. അങ്ങനെയെങ്കില്‍ തിരുവനന്തപുരം നഗരത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട പല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വ്യക്ഷശ്രേഷ്ഠനുമാണിത്. എന്നാല്‍ നിര്‍ഭാഗ്യവശാലോ അതിന്‍റെ പഴക്കമോ പ്രാധാന്യമോ സംബന്ധമായ ഒരു രേഖയും ബാക്കിവെക്കാതെ അപ്രത്യക്ഷമാവാനൊരുങ്ങുകയാണ്. റോഡ്വികസനമാണ് ഇതിന്‍റെ കടയ്ക്കല്‍ കോടാലി വീഴ്ത്താനിടയാക്കിയിരിക്കുന്നത്. ചെറിയൊരു കൂട്ടായ്മ അടുത്തിടെ ഇതിനെതിരെ ചില പ്രതിക്ഷേധങ്ങളൊക്കെ പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഈ പച്ചപ്പും നാടുനീങ്ങുമെന്നുതന്നെയാണ് സാധാരണജനങ്ങള്‍ ആശങ്കപ്പെടുന്നത്.
ആധാരപ്രബന്ധം: Shareef, S.M. and Kumar, E.S.S., 2021. Syzygium caryophyllatum var. abrahamianum (Myrtaceae): a new variety from Kerala, India. Journal of Non-Timber Forest Products, 28(2), pp.43-45. https://doi.org/10.54207/bsmps2000-2022-Z226M7
ലിങ്ക് : https://jntbgri.res.in/previous-director/


















