Tuesday, February 24, 2026

മിന്നാമിനുങ്ങുകളെ കണ്ടവരുണ്ടോ?!

ഹാകവി കുമാരനാശാന്‍ 'പുഷ്പവാടി' എന്ന കവിതാസമാഹാരത്തില്‍ "ഇതെന്തൊരാനന്ദമിതെന്തുകൗതുകം.." എന്ന് തുടങ്ങുന്ന ഒരു ചെറുകവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. "സ്ഫുരിക്കുമീ നിന്നുടലിന്‍ പദാര്‍ത്ഥമെന്തുരയ്ക്ക, മിന്നല്‍പ്പിണരിന്‍ സ്ഫുലിംഗമോ? വിരഞ്ഞുപോം താരാഗണങ്ങള്‍ തമ്മിലാഞ്ഞുരഞ്ഞുപാറും പൊടിയോ, നിലാവതോ?" എന്നാണ് കവി ചോദിക്കുന്നത്. മിന്നാമിനുങ്ങിനെക്കുറിച്ചുള്ളതാണ് കവിത. നമ്മളില്‍ മിക്കവരും കുട്ടിക്കാലത്ത് മിന്നാമിനുങ്ങുകളെ കണ്ടിട്ടുണ്ടാവും.. വയല്‍വരമ്പിലും തോട്ടുവക്കത്തുമൊക്കെ  അവ നിത്യസാന്നിധ്യമായിരുന്നു. രാത്രിയുടെ ഇരുട്ടില്‍ മുറിയിലെ ചുമരില്‍ വന്നിരുന്നു മിന്നുന്ന ഇവയെനോക്കിഅത്ഭുതപ്പെടാത്തആരുമുണ്ടാവില്ല. തീപോലെ പ്രകാശിക്കുന്ന എന്നാല്‍ തീപിടിപ്പിക്കാത്ത ഈ പച്ചവെളിച്ചം മിന്നാമിനുങ്ങുകള്‍ക്ക് മാത്രം സ്വന്തമാണ്. ജൈവദീപ്തി എന്നറിയപ്പെടുന്ന ഈ പ്രതിഭാസം അവകാശമാക്കുന്ന ജീവികള്‍ വേറെയുമുണ്ടെങ്കിലും ജൈവദീപ്തിയെ ഇത്രകണ്ട് 'ജനകീയ'മാക്കിയത് മിന്നാമിനുങ്ങുകള്‍ മാത്രമാണ്. എന്നാല്‍ ഈ 'ജീവനുള്ള വിളക്കു'കള്‍ കൂട്ടവംശനാശത്തിലേക്കടുക്കുകയാണെന്നും ഇനി വരാനിരിക്കുന്ന തലമുറയ്ക്ക് ഇത്തരമൊരു പ്രക്യതികൗതുകം അന്യമായിത്തീരുമെന്നുമാണ് പുതിയൊരു പഠനം പറയുന്നത്.
തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങള്‍ക്കരികിലുള്ള കാടുകളും നാശോന്‍മുഖമായതാണ് മിന്നാമിനുങ്ങുകളുടെ നിലനില്‍പ്പിന് ഭീഷണിയായത്. ഭൂമിയില്‍ ഉഷ്ണമേഖലയിലും മിതശീതോഷ്ണമേഖലയിലുമുള്ള ചതുപ്പുകളും നനവാര്‍ന്ന കാടുകളും വെള്ളക്കെട്ടുകളുമാണ് മിന്നാമിനുങ്ങുകളുടെ ആവാസയിടങ്ങള്‍. മണ്ണില്‍ വീണുകിടക്കുന്ന ഇലകള്‍ക്കടിയിലും മണ്‍പൊത്തുകള്‍ക്കുള്ളിലായുമൊക്കെയാണ് ഇവ കഴിയുന്നത്. ഇത്തരം ഇടങ്ങളൊക്കെയും ഇപ്പോള്‍ വന്‍തോതിലുള്ള ശോഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നഗരവല്‍ക്കരണം, ക്യഷിഭൂമിയുടെ വികസനം, വനനശീകരണം തുങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇത്തരം ആവാസവ്യവസ്ഥകള്‍ സമ്പൂര്‍ണ്ണമായിത്തന്നെ നശിക്കുന്നതിന് കാരണമാവുന്നു. ഇതിലൂടെ മിന്നാമിനുങ്ങു കള്‍ക്ക് നഷ്ടമാവുന്നത് അവയുടെ പ്രജനനഭൂമി തന്നെയാണ്. ഇണ ചേരാനും മുട്ടയിടാനുമുള്ള സാഹചര്യങ്ങള്‍ നശിക്കുന്നു. അവയുടെ ലാര്‍വകള്‍ക്ക് വളരാനും ജീവിതചക്രം പൂര്‍ത്തീകരിക്കാനും കഴിയാതെ വരുന്നു. ഫലത്തില്‍ പരിസ്ഥിതി സംതുലനത്തിന്‍റെ ഈ വിളക്കുമാടങ്ങള്‍ എന്നെന്നേക്കുമായി കണ്ണടയ്ക്കുന്നു. 

ക്യത്രിമവെളിച്ചവും കീടനാശിനികളും 
ഇണയെ ആകര്‍ഷിക്കുന്നതിനാണ് മിന്നാമിനുങ്ങുകള്‍ പ്രകാശിക്കുന്നത്. വളരെ ദീര്‍ഘവും സങ്കീര്‍ണ്ണവുമായ പ്രക്രിയകളിലൂടെയാണ് ഇണയെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നത്. പൂര്‍ണ്ണമായ ഇരുട്ട് ഉണ്ടെങ്കില്‍ മാത്രമേ മിന്നിത്തിളങ്ങുന്നതിലൂടെയുള്ള ഈ ആശയവിനിമയം സാധ്യമാവൂ. എന്നാല്‍ ക്യത്രിമവെളിച്ചത്തിന്‍റെ പ്രളയത്തില്‍ മുങ്ങുന്നതാണ് ആധുനികലോകം.രാത്രിയെ പകലാക്കി മാറ്റാന്‍ കഴിയുന്ന അതിശക്തമായ വൈദ്യുതവിളക്കുകള്‍ ഇന്ന് സര്‍വ്വസാധാരണമാണ്. ഇതുകൂടാതെയുള്ളതാണ് രാത്രി മുഴുവന്‍ കത്തിനില്‍ക്കുന്ന പരസ്യബോര്‍ഡുകളിലെ വെളിച്ചം, തെരുവുവിളക്കുകളിലെ വെളിച്ചം, ഇടതടവില്ലാതെ ചീറിപ്പായുന്ന വാഹനങ്ങളിലെ വെളിച്ചം തുടങ്ങിയവ. ഇത്തരത്തിലുള്ള പ്രകാശമലിനീകരണം ആവാസയിടങ്ങളുടെ ശോഷണത്തെക്കാള്‍ പതിന്‍മടങ്ങായി മിന്നാമിനുങ്ങുകളുടെ നിലനില്‍പ്പിനെ അപായപ്പെടുത്തുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്യഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന രാസകീടനാശിനികള്‍ വെള്ളത്തില്‍ കലരുന്നതും ജലാശയങ്ങള്‍ക്ക് അനുബന്ധമായുള്ള ആവാസവ്യവസ്ഥകളെ തകര്‍ക്കുന്നു. മിന്നുമിനുങ്ങളെ കാണാതാവുന്നു എന്നത് പരിസ്ഥിതിനാശത്തിന്‍റെ ആദ്യമണിമുഴക്കമായാണ് കണക്കാക്കപ്പെടുന്നതും. 

കാലാവസ്ഥാമാറ്റവും 
ആഗോളകാലാവസ്ഥയില്‍ വന്നുചേര്‍ന്നിട്ടുള്ള മാറ്റങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ അളവില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. താപനിലയില്‍ വന്ന മാറ്റങ്ങള്‍ മിന്നാമിനുങ്ങുകളുടെ പ്രജനനകാലത്തില്‍പ്പോലും മാറ്റങ്ങളുണ്ടാക്കി. ഇതിലൂടെ ഇവയുടെ പ്രത്യുല്‍പ്പാദന പ്രക്രിയ തന്നെ തകരാറിലാവുന്നു. മഴയില്‍ വന്നുചേരുന്ന കുറവ് സ്വാഭാവിക ആവാസയിടങ്ങള്‍ വരണ്ടുപോവുന്നതിന് കാരണമാവുന്നു. പരിസ്ഥിതിയിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും മിന്നാമിനുങ്ങുകളെ ദോഷകരമായി ബാധിക്കുന്നു. ഇക്കോടൂറിസം എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതികളും മിന്നാമിനുങ്ങുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്നു. തിരക്കേറുന്നത് പലപ്പോഴും നിലം ചവിട്ടയുറപ്പിക്കപ്പെടുന്നതിന് കാരണമാവുന്നു. ഇതിലൂടെ ഇലകള്‍ക്കടിയിലും ഇളകിയ മണ്ണിലും ജീവിക്കുന്ന ലാര്‍വകള്‍ നശിപ്പിക്കപ്പെടുന്നു. ചിലയിനം മിന്നാമിനുങ്ങുകളിലെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ പെണ്ണിന് ചിറകുണ്ടാവില്ല. ഇവയും കാലടികള്‍ക്കടിയില്‍പ്പെട്ട് ചത്തുപോവാറുണ്ട്. പ്രകാശമലിനീകരണം മൂലം മിന്നാമിനുങ്ങുകളിലെ ആശയവിനിമയം അസാദ്ധ്യമാവുന്നതായും അവയുടെ കാഴ്ചശക്തി തകരാറിലാവുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്: ഇവയെക്കുറിച്ചെല്ലാം പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് മിന്നാമിനുങ്ങുകളെ വംശനാശത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ഏക പോംവഴി. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടണം, കീടനാശിനികളെ ഒഴിവാക്കിക്കൊണ്ടുള്ള ജൈവക്യഷി പ്രോത്സാഹിപ്പിക്കുകയും വേണം. 

മിന്നാമിനുങ്ങുകളുടെ അത്ഭുതലോകം 
ലാംപൈറിഡേ (Lampyridae) എന്ന കുടുംബത്തില്‍പ്പെടുന്നതും പ്രകാശം പുറപ്പെടുവിക്കാന്‍ കഴിയുന്നതുമായ ജീവികളാണ് മിന്നാമിനുങ്ങുകള്‍ അഥവാ മിന്നാമിന്നികള്‍. ഇംഗ്ളീഷില്‍ 'ഫയര്‍ഫ്ളൈ' (Firefly) എന്ന പേരില്‍ അറിയപ്പെടുന്ന ഇവയുടെ ലാര്‍വയും ചിലപ്പോള്‍ പ്രകാശിക്കുന്നതിനാല്‍ 'ഗ്ളോവേം' (Glow-worm) എന്ന പേരിലും ഇവ അറിയപ്പെടുന്നു. മിന്നാമിനുങ്ങുകളില്‍ ഏകദേശം 2200 സ്പീഷീസുകള്‍ നിലനില്‍ക്കുന്നതായി ശാസ്ത്രജ്ഞര്‍ കരുതുന്നു. അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ സ്വീകരിക്കുകയും അതിനെ ലൂസിഫെറിന്‍ (Luciferin) എന്ന ജൈവസംയുക്തവുമായി സംയോജിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് മിന്നാമിനുങ്ങുകള്‍ പ്രകാശം സ്യഷ്ടിക്കുന്നത്. 'ജൈവദീപ്തി' (Bioluminescence) എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസത്തിലൂടെ പ്രകാശം ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ താപം ഉണ്ടാവുന്നില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. 

അന്‍റാര്‍ട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും മിന്നാമിനുങ്ങുകളെ കാണാം. ഹിന്ദിയില്‍ 'ജുഗ്നു' എന്നും ബംഗാളിയില്‍ 'ജോനകിപൊക' എന്നും ആസാമീസ് ഭാഷയില്‍ 'ജോനകിപറുവ' എന്നും അറിയപ്പെടുന്ന മിന്നാമിനുങ്ങുകളെ ചികിത്സാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. ചൈനയില്‍ പ്രചാരത്തിലുള്ള പരമ്പരാഗതചികിത്സാവിധികളിലാണ് ഇതേക്കുറിച്ചുള്ള വിവരണമുള്ളത്. കാഴ്ചശക്തിയുമായി ബന്ധപ്പെട്ട കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനായാണ് മിന്നാമിനുങ്ങുകളെ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ കാണപ്പെടുന്ന മിന്നാമിനുങ്ങുകളെക്കുറിച്ച് വളരെ കുറച്ചു പഠനങ്ങളേ നടന്നിട്ടുള്ളൂ. ലൂസിയോലിനെ (Luciolinae)  എന്ന ഉപകുടുംബത്തില്‍പ്പെടുന്ന മിന്നാമിനുങ്ങുകളാണ് ഇന്ത്യയില്‍ സാധാരണം എന്ന് കരുതപ്പെടുന്നു.

മുപ്പത് ജനുസുകളിലായി 235 സ്പീഷീസുകള്‍ ലൂസിയോലിനെ ഉപകുടുംബത്തില്‍ ഉള്‍പ്പെടുന്നവയായി ലോകത്തിലുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നും ആകെ 27 സ്പീഷീസുകള്‍ മാത്രമേ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ളൂ. ഇവ തന്നെ ആകെ 7 ജനുസുകളെ മാത്രം പ്രതിനിധീകരിക്കുന്നവയാണ്. ആന്‍ഡമാന്‍നിക്കോബാര്‍, കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ഗോവ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലായാണ് ഇവ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. പൈഗോലൂസിയോല ഇന്‍സുലാരിസ് (Pygoluciola insularis)  എന്ന ഇനം ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളില്‍ നിന്നുമാത്രമേ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളൂ. ടെറോപ്റ്റിക്സ് മലാക്കേ (Pteroptyx malaccae)  ചെന്നൈയില്‍ കാണപ്പെടുന്നതായി ഒരു പഠനം പറയുന്നു. ഇന്ത്യയില്‍ കാണുന്ന മിന്നാമിനുങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും സമഗ്രമായിട്ടില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്. 

ജൈവദീപ്തി 

മിന്നാമിനുങ്ങിന്‍റെ ഉദരഭാഗത്തുള്ള ഒരു പ്രത്യേക അവയവത്തിനുള്ളിലാണ് ജൈവദീപ്തി പുറപ്പെടുവിക്കുന്നതിനാവശ്യമായ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജൈവദീപ്തി പ്രകടിപ്പിക്കുന്ന ഇതരജീവികളില്‍ നിന്നും വ്യത്യസ്തഘടനയോടുകൂടിയ ലൂസിഫെറിന്‍ (C11H8N2O3S2) ആണ് മിന്നാമിനുങ്ങുകളില്‍ കാണുന്നത്. കാര്‍ബോക്സിലിക് ആസിഡ് അടിസ്ഥാനമാവുന്നതും സങ്കീര്‍ണ്ണഘടനയുള്ളതുമായ ഇത് ഫയര്‍ഫ്ളൈ ലൂസിഫെറിന്‍ (Firefly Luciferin/Beetle Luciferin)  എന്നാണ് അറിയപ്പെടുന്നത്. ശ്വസനനാളികള്‍ (Trachae)  വഴി ഉള്ളിലേക്കെത്തുന്ന ഓക്സിജന്‍റെ സാന്നിധ്യത്തില്‍ ലൂസിഫെറേസ് (Luciferase) എന്ന രാസാഗ്നി ലൂസിഫെറിനില്‍ പ്രവര്‍ത്തിക്കുകയും അത് ഉയര്‍ന്ന ഊര്‍ജ്ജാവസ്ഥയിലുള്ള 'ഓക്സിലൂസിഫെറിന്‍' (1,2-dioxetane) ആയി പരിവര്‍ത്തനപ്പെടുകയും ചെയ്യുന്നു. മെഗ്നീഷ്യവും എ.റ്റി.പി. (ATP) എന്ന ഊര്‍ജ്ജതന്‍മാത്രയും ഈ പരിവര്‍ത്തനത്തിന് ആവശ്യമാണ്.

ഉയര്‍ന്ന ഊര്‍ജ്ജാവസ്ഥഅസ്ഥിരമാകയാല്‍ അത് ഒരു കാര്‍ബണ്‍ ആറ്റത്തെ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ രൂപത്തില്‍ പുറന്തള്ളി താഴ്ന്ന ഊര്‍ജ്ജാവസ്ഥയിലേക്കെത്താന്‍ ശ്രമിക്കുന്നു. പുറത്തുവിടപ്പെടുന്ന ഊര്‍ജ്ജം ആണ് ദ്യശ്യപ്രകാശം ആയി പ്രകടമാവുന്നത്. ഈ പ്രകാശം അള്‍ട്രാവയലറ്റോ ഇന്‍ഫ്രാറെഡോ ആയ തരംഗദൈര്‍ഘ്യപരിധിയില്‍ വരുന്നതല്ല. 510 മുതല്‍ 670 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യം വരെയെത്തുന്ന ഇത് മഞ്ഞയോ തിളങ്ങുന്ന പച്ചയോ മങ്ങിയ ചുവപ്പോ ആയിട്ടാവും പ്രകടമാവുന്നത്. "സ്ഫുരിക്കുമീ നിന്നുടലിന്‍ പദാര്‍ത്ഥമെന്തുരയ്ക്ക, മിന്നല്‍പ്പിണരിന്‍ സ്ഫുലിംഗമോ? വിരഞ്ഞുപോം താരാഗണങ്ങള്‍ തമ്മിലാഞ്ഞുരഞ്ഞുപാറും പൊടിയോ, നിലാവതോ?" എന്നാണ് കവി ചോദിക്കുന്നത്. എന്ന് കുമാരനാശാന്‍ ചോദിച്ചുപോയത് അതുകൊണ്ടാണ്. അദ്ദേഹത്തിന്‍റെ കാലത്ത് ഇതിന് ഉത്തരം പറയാന്‍ തക്കവണ്ണം ജൈവരസതന്ത്രം അത്രകണ്ട് പുരോഗതി പ്രാപിച്ചിരുന്നില്ല.

വിവിധ സ്പീഷീസുകളില്‍പ്പെട്ട മിന്നാമിനുങ്ങുകളും ഒരേ ലൂസിഫെറിന്‍ ആണ് ഉപയോഗിക്കുന്നതെങ്കിലും അവയില്‍ നിന്നും പുറത്തുവരുന്ന പ്രകാശത്തിന്‍റെ തരംഗദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും. ഉദാഹരണമായി, ഫോട്ടൂണിസ് പെന്‍സില്‍വാനിക്ക (Photunis pennsylvanica) യില്‍ അത് 552 നാനോമീറ്റര്‍ ആയിരിക്കും. അതായത് പച്ചകലര്‍ന്ന മഞ്ഞനിറം. എന്നാല്‍ മറ്റൊരു സ്പീഷീസില്‍ അത് ഓറഞ്ച് നിറം (582 നാനോമീറ്റര്‍) ആയാണ് കാണപ്പെടുന്നത്. ലൂസിഫെറേസ് എന്ന രാസാഗ്നിയുടെ ഘടനയില്‍ വരുന്ന മാറ്റങ്ങളോ കോശാന്തരസ്ഥലത്തെ പിഎഛ് (pH) മൂല്യത്തില്‍ വന്നുചേരുന്ന വ്യത്യാസങ്ങളോ ആണ് ഇതിന് കാരണമാവുന്നതെന്ന് കരുതപ്പെടുന്നു. മിന്നാമിനുങ്ങുകളിലെ ജൈവദീപ്തിക്കു കാരണമാവുന്ന ജീനുകളെ വേര്‍തിരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജൈവസാങ്കേതികവിദ്യ ഉപയോഗിച്ച് ക്യാന്‍സര്‍ബാധിച്ച കോശങ്ങളെ തിളക്കമുള്ളവയാക്കുകയും അതിലൂടെ അവയെ തിരിച്ചറിഞ്ഞ് നശിപ്പിക്കുകയും ഇതിലൂടെ സാധ്യമായിട്ടുണ്ട്. കുറ്റാന്വേഷണത്തിന്‍റെ ഭാഗമായുള്ള ചിലതരം ഫോറന്‍സിക് പരിശോധനകളിലും ലൂസിഫെറിന്‍റെ രസതന്ത്രത്തെ ഉപയോഗിക്കുന്നു.

ഔഷധമൂല്യം  


ഇന്ത്യയില്‍ കാണപ്പെടുന്ന മിന്നാമിനുങ്ങുകളെക്കുറിച്ച് വളരെ കുറച്ചു പഠനങ്ങളേ നടന്നിട്ടുള്ളൂ. ആണിലും പെണ്ണിലും പ്രകാശം പുറപ്പെടുവിക്കാന്‍  വളരെ അപൂര്‍വ്വമായി മിന്നാമിനുങ്ങുകളെ ചികിത്സാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. ചൈനയില്‍ പ്രചാരത്തിലുള്ള പരമ്പരാഗതചികിത്സാവിധികളിലാണ് ഇതേക്കുറിച്ചുള്ള വിവരണമുള്ളത്. ഉദാഹരണമായി, ലൂസിയോള വിറ്റികോല്ലിസ് (Luciola vitticollis)  എന്ന മിന്നാമിനുങ്ങിനത്തെ കാഴ്ചശക്തിയുമായി ബന്ധപ്പെട്ട കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്നു. ചൈനീസ് ഭാഷയില്‍ 'യിങ് ഹുവൊ' (Ying Huoവിളിക്കപ്പെടുന്ന ഇതിന് നിശാന്ധത, മങ്ങിയ കാഴ്ച, കണ്ണിലെ മുറിവുകള്‍, തീപ്പൊള്ളല്‍ എന്നിവയെ പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അക്വാട്ടിക്ക ലാറ്റെറാലിസ് (Aquatica lateralis) എന്ന പേരില്‍ പുനര്‍വര്‍ഗീകരിക്കപ്പെട്ടിരിക്കുന്ന ഈ മിന്നാമിനുങ്ങിന്‍റെ സമ്പൂര്‍ണ്ണജനിതകം വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എങ്കിലും ചികിത്സാപരമായ ഗുണങ്ങള്‍ക്ക് കാരണമാവുന്ന സ്വഭാവങ്ങള്‍ക്കുള്ള ശാസ്ത്രീയമായ വിശദീകരണം നല്‍കാന്‍ ആധുനികശാസ്ത്ര ത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. 

വിനോദസഞ്ചാരം 

മിന്നാമിനുങ്ങുകളെ കാണുന്നതിനായി മാത്രം രാജ്യാന്തരമായ യാത്രയിലേര്‍പ്പെടുക എന്നത് ലോകവിനോദസഞ്ചാര ഭൂപടത്തില്‍ ഒരു പുതുമയായി കണക്കാക്കപ്പെടുന്നു ണ്ടെങ്കിലും ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള സാംസ്കാരിക പരിസരങ്ങളില്‍ അത്തരം ശീലങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും പഴമ അവകാശമാക്കുന്നത് ജാപ്പനീസ് ജനതയാണ്. മിന്നാമിനുങ്ങുകള്‍ക്ക് തങ്ങാനായി പ്രത്യേകം പൂന്തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന രീതി ജപ്പാനില്‍ പണ്ടു മുതല്‍ക്കേ നിലവിലുണ്ടായിരുന്നു. ഇന്ത്യയിലും മിന്നാമിനുങ്ങുകളെ കണ്ടാസ്വദിക്കുന്നതിനായി ജനങ്ങള്‍ ആഘോഷപൂര്‍വ്വം ഒത്തുകൂടാറുണ്ട്. പശ്ചിമഘട്ടത്തിന്‍റെ ഭാഗമാവുന്നതും മഹാരാഷ്ട്രയില്‍ പെടുന്നതുമായ പുരുഷ്വാഡി, ഭണ്ഡാര്‍ദാര, രാജ്മഛി എന്നീ ഗ്രാമങ്ങളില്‍ മെയ്ജൂണ്‍ മാസങ്ങളില്‍ വിദൂരങ്ങളില്‍ നിന്നുപോലും സഞ്ചാരികള്‍ എത്താറുണ്ട്. കൊറിയ, തെയ്വാന്‍, മലേഷ്യ, ഇന്ത്യ, മെക്സിക്കോ, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളും ഇന്ന് ഫയര്‍ഫ്ളൈ ടൂറിസത്തിന്‍റെ പേരില്‍ പ്രശസ്തമായിക്കഴിഞ്ഞു. 

Reference
  1. Lewis, S. M., Jusoh, W. F. A., Walker, A. C., Fallon, C. E., Joyce, R., & Yiu, V. (2024). Illuminating Firefly Diversity: Trends, Threats and Conservation StrategiesInsects, 15(1), 71. https://doi.org/10.3390/insects15010071
  2. Ghosh S et al., Two newrecords of the subfamily Luciolinae Lacordaire,1857 (Coleoptera: Lampyridae) with a checklist of genus Abscondita from India, Journal of Asia-Pacific Biodiversity, https://doi.org/10.1016/j.japb.2020.10.004
  3. Deyrup, Stephen T. et al., (2021) Drug Discovery Insights from Medicinal Beetles in Traditional Chinese Medicine, Reiew Article, Biomolecules and Therapeutics, 29(2), 105-126. https://doi.org/10.4062/biomolther.2020.229
  4. Lewis SM. 2016. Silent sparks: The wondrous world of fireflies. Princeton University Press, Princeton, NJ

Saturday, February 21, 2026

ചെടികളും മിണ്ടും

ചെടികള്‍ക്ക് മനുഷ്യരെപ്പോലെ സംസാരിക്കാനാവുമോ? മരം കഥ പറയുന്നു എന്നൊക്കെ പഴയ ചിത്രകഥകളില്‍ നാം വായിച്ചിട്ടുണ്ട്. പക്ഷേ, സസ്യങ്ങള്‍ പരസ്പരം ആശയവിനിമയം നടത്താറുണ്ട് എന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അവ ശബ്ദരൂപത്തിലല്ല എന്ന വ്യത്യാസം മാത്രമേയുള്ളൂ. അപായസൂചന നല്‍കുന്ന ചില സന്ദേശങ്ങളാണ് ചുറ്റുപാടുമുള്ള ചെടികള്‍ക്ക് അവ നല്‍കുന്നത്. ബാഷ്പീകരണശേഷിയുള്ള ചിലതരം രാസസംയുക്തങ്ങള്‍ വായുവിലേക്ക് പടര്‍ത്തിക്കൊണ്ടാണ് ചെടികള്‍ ഇത് ചെയ്യുന്നത്. തൊട്ടടുത്തുള്ള ചെടി ഈ രാസപദാര്‍ത്ഥത്തിന്‍റെ സാന്നിധ്യം മനസിലാക്കുകയും അതിനെ പ്രതിരോധിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. ഈ പ്രതിരോധം വിജയിക്കണമെന്നില്ല. പക്ഷേ, അപായസൂചന ലഭിക്കുമ്പോള്‍ ഒരു പ്രതികരണം ഉണ്ടാവുന്നു എന്നതാണ് പ്രധാനം. പുല്ലുവെട്ടുമ്പോള്‍ ഒരു പ്രത്യേകതരം ഗന്ധം ചുറ്റിലും പരക്കുന്നത് ഇതിന് ഉദാഹരണമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഈ രാസസന്ദേശം ലഭിക്കുമ്പോള്‍ തൊട്ടടുത്തുള്ള ചെടിയില്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുന്നു. ഇലയോ തണ്ടോ കാര്‍ന്നുതിന്നു നശിപ്പിക്കുന്ന ഒരു കീടമോ പുഴുവോ അടുത്തുവരുമ്പോഴും അതിന് വിധേയമാവാന്‍ പോവുന്ന ചെടി ഇത്തരത്തില്‍ അപായസൂചന പുറപ്പെടുവിക്കും. ഇത് തൊട്ടടുത്തുള്ള ചെടി അറിയുകയും പ്രതികരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നത് ഒരു പുതിയ അറിവാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സൂക്ഷ്മതലത്തിലുള്ള ഈ പ്രതികരണത്തിന്‍റെ വീഡിയോ കൂടി ചിത്രീകരിക്കുകയും പുറത്തുവിടുകയും ചെയ്തു എന്നതാണ് പുതിയ ഗവേഷണപഠനത്തിന്‍റെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന പ്രശസ്തമായ അന്തര്‍ദേശീയ ജേര്‍ണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.
ജപ്പാനിലെ സെയ്ട്ടാമൊ യൂണിവേഴ്സിറ്റിയിലാണ് ഇതിനടിസ്ഥാനമായ പഠനം നടന്നത്. ഇവിടെയുള്ള യൂറി അറാറ്റാമി (Yuri Aratani), ടക്കുയ യുറേമുറ (Takuya Uemura) എന്നീ ഗവേഷകരാണ് ലളിതമായ ഒരു പരീക്ഷണത്തിലൂടെ ചെടികള്‍ തമ്മിലുള്ള ആശയവിനിമയത്തിനുള്ള തെളിവുകണ്ടെത്തിയത്. രണ്ട് സ്ഫടികക്കൂടുകളുള്ള ഒരു പരീക്ഷണസംവിധാനമാണ് ഇതിനായി ഉപയോഗിച്ചത്. ഇതില്‍ ഒന്നാമത്തെ കൂട്ടില്‍ തക്കാളിച്ചെടിയില്‍ നിന്നും മുറിച്ചെടുത്ത ഉണങ്ങാത്ത ഇലകള്‍ വെച്ചു. ഈ കൂട്ടിനുള്ളിലേക്ക് ഇല തിന്നുന്ന അനേകം പുഴുക്കളേയും ഇട്ടു. ഒന്നാമത്തെ കൂടും രണ്ടാമത്തെ കൂടും തമ്മില്‍ വായുസമ്പര്‍ക്കം ഉറപ്പാക്കുന്ന ഒരു കുഴല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ കൂട്ടിലാവട്ടെ എന്തെങ്കിലും തരത്തിലുള്ള രാസപ്രതികരണം ഉണ്ടായാല്‍ അത് കണ്ടറിയാന്‍ കഴിയുന്ന തരത്തില്‍ ജനിതകവ്യതികരണം വരുത്തിയ ഒരു ചെടിയേയും വെച്ചു.
ഒന്നാമത്തെ കൂട്ടിലെ ചെടിയുടെ ഇലകള്‍ പുഴുക്കള്‍ തിന്നുതുടങ്ങിയപ്പോള്‍ രണ്ടാമത്തെ കൂട്ടിലെ ചെടിയില്‍ പൊടുന്നനെയുള്ള ചില മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അരാബിഡോപ്സിസ് താലിയാന (Arabidopsis thaliana) എന്ന ഇനത്തില്‍പ്പെടുന്ന ചെടിയായിരുന്നു രണ്ടാമത്തെ കൂട്ടില്‍ ഉണ്ടായിരുന്നത്. എന്തെങ്കിലും തരത്തിലുള്ള രാസമാറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ തിളക്കമുള്ള പച്ചനിറത്തിലുള്ള പ്രകാശം പുറപ്പെടുവിക്കുന്ന തരത്തിലായിരുന്നു ഈ ചെടിയില്‍ ജനിതകമാറ്റം വരുത്തിയിരുന്നത്. ഒന്നാമത്തെ കൂട്ടിലെ പുഴുക്കള്‍ ഇലകളെ ആക്രമിച്ചു തുടങ്ങുമ്പോള്‍ത്തന്നെ രണ്ടാമത്തെ കൂട്ടിലെ ചെടിയുടെ ഇലകള്‍ പ്രകാശം പൊഴിച്ചുതുടങ്ങിയിരുന്നു. ഇലയുടെ തുമ്പില്‍ നിന്നും മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന തരത്തിലായിരുന്നു ഈ പ്രകാശിക്കല്‍ പടര്‍ന്നുപോയത്.
പുഴുവിന്‍റെ ആക്രമണത്തിന് വിധേയമായ ഇലകള്‍ വായുവിലൂടെ പടര്‍ന്നുപോവാന്‍ കഴിയുന്ന രണ്ട് രാസപദാര്‍ത്ഥങ്ങള്‍ പുറപ്പെടുവിച്ചു എന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ബാഷ്പീകരണശേഷി യുള്ള ഈ ജൈവസംയുക്തങ്ങള്‍ക്ക് Z-3-HAL, E-2-HAL  എന്നിങ്ങനെയാണ് ശാസ്ത്രജ്ഞര്‍ പേരുനല്‍കിയിരിക്കുന്നത്. ഇവ വായുവിലൂടെ പടര്‍ന്ന് രണ്ടാമത്തെ കൂട്ടിലെ ചെടിയുടെ അടുത്തെത്തി. ഇലകളിലെ സൂക്ഷ്മസുഷിരങ്ങളായ ആസ്യരന്ധ്രങ്ങള്‍ (Stomata) വഴി അവ ഇലയ്ക്ക് അകത്തേക്ക് കടന്നു. ആസ്യരന്ധ്രങ്ങളുടെ തുറക്കലും അടയ്ക്കലും നിയന്ത്രിക്കുന്ന കാവല്‍കോശങ്ങള്‍ (Guard Cells) വായുവിലൂടെയെത്തിയ ഈ ജൈവസംയുക്തങ്ങളുടെ സാന്നിധ്യം തിരിച്ചറിയുകയും ഒരു പ്രത്യേകതരത്തിലുള്ള ഉദ്ദീപനത്തിന് തുടക്കമിടുകയും ചെയ്തു.
കാല്‍സ്യം അയോണുകളുടെ വലിയൊരു പ്രവാഹം സ്യഷ്ടിക്കുകയായിരുന്നു അത്. ഇത് കാവല്‍കോശങ്ങളില്‍ നിന്നും ഇലയുടെ ഉപരിതലത്തിലുള്ള കോശങ്ങളിലേക്കും അതിനു താഴെയുള്ള കോശങ്ങളിലേക്കും വ്യാപിച്ചു. സാധാരണഗതിയില്‍ കാല്‍സ്യം അയോണുകളുടെ ഈ പ്രവാഹവും അതിനുള്ള പ്രതികരണവും നമുക്ക് കാണാനാവില്ല. പക്ഷേ, രണ്ടാമത്തെ കൂട്ടിലെ സസ്യം ഇവ്വിധമുള്ള മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ പച്ചനിറത്തിലുള്ള പ്രകാശം അഥവാ ഫ്ളൂറസെന്‍സ് (Fluorescence) പുറപ്പെടുവിക്കുന്ന തരത്തില്‍ ജനിതകമാറ്റം വരുത്തിയതായിരുന്നു. ഫ്ളൂറസെന്‍സ് നോക്കിക്കാണാന്‍ കഴിയുന്ന ഒരു സൂക്ഷ്മദര്‍ശിനി ഉപയോഗിച്ചുകൊണ്ട് ഉദ്ദീപനത്തിന് പ്രതികരണമായുണ്ടായ രാസമാറ്റം സഞ്ചരിക്കുന്ന ദിശയും ക്യത്യമായി മനസിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു.
ഉദ്ദീപനങ്ങള്‍ക്ക് അനുസരണമായി കാല്‍സ്യം അയോണുകളുടെ പ്രവാഹം ഉണ്ടാവുന്നത് മനുഷ്യരുടെ കാര്യത്തിലും സംഭവിക്കുന്ന ഒന്നാണ്. ഇതാണ് പേശീചലനത്തിന്‍റെ അടിസ്ഥാനം. കാല്‍സ്യം അയോണുകളുടെ പ്രവാഹമോ പ്രവാഹഗതിയില്‍ മാറ്റമോ ഉണ്ടാവുമ്പോള്‍ പേശികള്‍ ചലിക്കുന്നു. പേശീചലനം വളരെ സങ്കീര്‍ണ്ണമായി നടക്കുന്ന പ്രവര്‍ത്തനം ആണെങ്കിലും എല്ലാത്തിന്‍റേയും തുടക്കം നിശ്ചയിക്കുന്നത് കാല്‍സ്യം അയോണുകളുടെ പ്രവാഹമാണ്. സസ്യങ്ങളിലും ഇതേ പ്രവര്‍ത്തനം തന്നെയാണ് നിലനില്‍ക്കുന്നത് ജീവല്‍പ്രവര്‍ത്തനങ്ങള്‍ ആത്യന്തികമായ ഒന്നാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് ശാസ്ത്രലോകം കരുതുന്നു. സസ്യങ്ങളും ജന്തുക്കളും പരിണാമപരമായി ഒരൊറ്റ ബിന്ദുവില്‍ നിന്നും വേര്‍തിരിഞ്ഞവയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇപ്പോള്‍ ഈ കണ്ടെത്തലിലൂടെ ശ്രദ്ധേയരായിത്തീര്‍ന്ന സെയ്ട്ടാമൊ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പോയ വര്‍ഷത്തില്‍ തൊട്ടാവാടിച്ചെടിയില്‍ ഇതേ പരീക്ഷണം നടത്തിയിരുന്നു. കൈതൊടുമ്പോള്‍ തൊട്ടാവാടിച്ചെടി യുടെ ഇലകള്‍ ഉടനടി വാടുന്നത് കാല്‍സ്യം അയോണുകളുടെ കുത്തൊഴുക്കുകൊണ്ടാണെന്ന് അവര്‍ കണ്ടെത്തിയിരുന്നു. വില്ലോ മരത്തിന്‍റെ ഒരിലയെ ഇലത്തീനിപ്പുഴുക്കള്‍ തിന്നാന്‍ തുടങ്ങിയാല്‍ ആ ഇല മാത്രമല്ല, ആ മരത്തിലെ മുഴുവന്‍ ഇലകളും അരുചി ഉണ്ടാക്കുന്ന ഒരുതരം വിഷപദാര്‍ത്ഥം ഉത്പാദിപ്പിക്കും എന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മാത്രമല്ല, 40 50 മീറ്റര്‍ അകലെ നില്‍ക്കുന്ന അതേ ഇനത്തില്‍പ്പെട്ട മരങ്ങളും ഈ വിഷസംയുക്തം ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കുന്നതായും കണ്ടെത്തുക യുണ്ടായി. ഇതൊക്കെയും വായുവിലൂടെ പടര്‍ന്നെത്തുന്ന രാസപദാര്‍ത്ഥങ്ങള്‍ വഴിയുണ്ടാവുന്ന മാറ്റങ്ങളാണെന്ന് അനിഷേധ്യമായി തെളിയിക്കപ്പെട്ടത് ഇപ്പോഴാണ്.

Reference

Aratani, Y., Uemura, T., Hagihara, T. et al. (2023). Green leaf volatile sensory calcium transduction in Arabidopsis. Nature Communications 14, 6236. doi.org/10.1038/s41467-023-41589-9. 

Yoneya, K., & Takabayashi, J. (2013). Interaction–information networks mediated by plant volatiles: a case study on willow trees. Journal of Plant Interactions, 8(3), 197–202. doi.org/10.1080/17429145.2013.782514

Thursday, February 19, 2026

അരളി വിഷസസ്യമോ?

തിരുവിതാംകൂര്‍ മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അവയ്ക്ക് കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന്‍റെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്. കേരളത്തിലുടനീളമുള്ള 2500 ക്ഷേത്രങ്ങളില്‍ ഈ നിരോധനം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലുടനീളം ഇത്തരത്തില്‍ ഒരു നിരോധനം നിലവിലില്ല. ശകവര്‍ഷക്കലണ്ടര്‍ അനുസരിച്ച് ആറാം മാസമായ ഭാദ്രപദയില്‍ നടത്തപ്പെടുന്ന സവിശേഷമായ ചില പൂജകള്‍ക്ക് അരളിയുടെ ഇല നിര്‍ബന്ധമായതാവാം ഒരുപക്ഷേ ഇതിന് കാരണം. വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് നടത്തുന്ന പൂജാകര്‍മ്മത്തില്‍ 21 ദേവതമാര്‍ക്ക് 21 ഇലകള്‍ അര്‍പ്പിച്ചുകൊണ്ട് പൂജാവിധിയാണുള്ളത്. "ഓം ശ്രീ വികടായ നമഃ കരാവിപത്രം സമര്‍പ്പയാമി" എന്ന് പറഞ്ഞുകൊണ്ടാണ് ചുവന്ന അരളിയുടെ ഇല സമര്‍പ്പിക്കുന്നത്. എന്നാല്‍ കേരളത്തിലെ നിരോധനം നിത്യപൂജയുമായി ബന്ധപ്പെട്ട് നൈവേദ്യം അര്‍പ്പിക്കുമ്പോള്‍ അരളിപ്പൂ ജപിച്ചിടുന്നതും ചന്ദനത്തോടൊപ്പം പൂജാപുഷ്പങ്ങള്‍ നല്‍കുമ്പോള്‍ അതില്‍ അരളിപ്പൂ ഉള്‍പ്പെടുന്നതുമാണ് വിഷയമായത്. പായസത്തില്‍ വീണുകിടക്കുന്ന അരളിപ്പൂ പലരും വിഷമായി കണ്ട് എടുത്തുമാറ്റാറില്ല. ചന്ദനത്തോടൊപ്പം കിട്ടുന്ന അരളിപ്പൂ അകത്തുപോവാന്‍ സാധ്യത കുറവാണെങ്കിലും കുട്ടികള്‍ ചിലപ്പോള്‍ അത് കഴിച്ചുനോക്കിയെന്ന് വരാം. അരളിയുടെ പൂവ്, ഇല, വേര് എന്നിവയെല്ലാം വിഷമാണെന്നത് ഒരു വസ്തുതയാണെങ്കിലും ആയൂര്‍വേദം അതിനെ ഔഷധപ്രയോഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നുണ്ട് എന്നത് ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം ആവശ്യപ്പെടുന്നുണ്ട്. ഗണേശപൂജയ്ക്ക് ഉപയോഗിക്കുന്ന അരളി ഉള്‍പ്പെടെയുള്ള 21 ഇലകളും ആയൂര്‍വേദത്തിലെ ഔഷധങ്ങളാണെന്നതും ഇവിടെ പ്രത്യേകം പ്രസ്താവ്യമാവുന്നു.

പൂജാപുഷ്പമായ വിഷപ്പൂവ്

ഗണേശപൂജയ്ക്ക് ഉപയോഗിക്കുന്നതിനാല്‍ 'ഗണേശകുസുമം' എന്നും ദുര്‍ഗാപൂജയ്ക്ക് ഉത്തമമായതിനാല്‍ 'ഗൗരീപുഷ്പം' എന്നും ശിവന് പ്രിയപ്പെട്ടതായി കരുതപ്പെടുന്നതിനാല്‍ 'ഹരപ്രിയ' എന്നും അറിയപ്പെടുന്ന ചുവന്ന അരളിയുടെ ശാസ്ത്രീയനാമം നീരിയം ഒലിയാന്‍ഡര്‍ (Nerium oleander L.)  എന്നാണ്.  ദുര്‍ഗാപൂജയ്ക്ക് ചുവപ്പുനിറമുള്ള പൂക്കള്‍ നിര്‍ബന്ധമായ തിനാല്‍ പണ്ടുകാലത്ത് കേരളത്തിലെ ക്ഷേത്രാങ്കണങ്ങളില്‍ ചുവന്ന അരളി നട്ടുവളര്‍ത്തിയിരുന്നു. വീടുകളിലും തൊടികളില്‍ ചുവന്ന അരളി ഒരു സാന്നിധ്യമായിരുന്നു. ഇതിന്‍റെ ഇലകളില്‍ മിനുക്കംപതിച്ച ചെറിയ സഞ്ചികള്‍പോലെ ചിത്രശലഭകള്‍ പ്യൂപ്പകളായി ഉറങ്ങുന്നത് അടര്‍ത്തിമാറ്റി അവയ്ക്കുള്ളില്‍ നിന്നും ശലഭം പുറത്തുവരുന്നത് കാണുക കുട്ടികള്‍ക്കിടയിലും ഒരു വിനോദമായിരുന്നു. എന്നാല്‍ അരളി ഒരു വിഷച്ചെടിയാണെന്നത് ഏറ്റവും സുപരിചിതമായ ഒരു നാട്ടറിവായിരുന്നു. ഇക്കാരണത്താല്‍ കിണറില്‍ നിന്നും അകലെയായിട്ടായിരുന്നു ഇവ നട്ടിരുന്നത്. ആയൂര്‍വേദത്തില്‍ څകരവീരچ എന്നറിയപ്പെടുന്ന ഇതിനെ څഉപവിഷവര്‍ഗംچ എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അതോടൊപ്പം ഇതിനെ څമൂലവിഷംچ ആയാണ് കണക്കാക്കുന്നത്. അതായത് വേരാണ് വിഷം. എങ്കിലും അരളിയുടെ എല്ലാ ഭാഗങ്ങളിലും വിഷമുണ്ട്. ഇലകള്‍, പൂവുകള്‍, തണ്ട് എന്നിവ വിഷമയമാണ്. ഇവ ഭക്ഷിക്കുന്നത് അപകടമാണെന്ന് പറഞ്ഞ് ആയൂര്‍വേദാചാര്യന്‍മാര്‍ അത് വിലക്കിയിട്ടുണ്ട് (ഭക്ഷിതം വിഷവത് മതം). എന്നാല്‍ അമ്യതവള്ളി (Tinospora cordifolia), അമുക്കുരം (Withania somnifera) തുടങ്ങിയ സസ്യങ്ങളുടെ ഭാഗങ്ങള്‍ ഔഷധമായി ഉപയോഗിച്ചു വരുന്നുണ്ട്. ഇവ വിഷസ്വഭാവമുള്ളവയാണ് [1].  എന്നാല്‍ ഒറ്റയ്ക്കും അതേപടിയുമല്ല ഉപയോഗിക്കുന്നത്. ആയൂര്‍വേദമരുന്നുകളിലെ ചേരുവകളിലൊന്നായാണ് ഇവ ഉപയോഗിക്കുന്നത്.


ഔഷധമെന്ന നിലയ്ക്കുള്ള അരളിയുടെ ഉപയോഗം മെസപൊട്ടോമിയന്‍ സംസ്ക്യതിയുടെ കാലത്തോളം പഴക്കമുള്ളതാണ്. പില്‍ക്കാലത്ത് നാട്ടറിവുകളായി നിലനിന്ന ഇവ ദേശാന്തരണം ചെയ്ത് റഷ്യ, ചൈന, ടര്‍ക്കി, ഇറ്റലി, കെനിയ, മെറോക്കോ, അള്‍ജീരിയ, ഫിലിപ്പീന്‍സ്, ഇന്ത്യ എന്നിവിടങ്ങളിലേക്ക് പ്രചരിച്ചു. പ്രമേഹം മുതല്‍ ക്യാന്‍സര്‍വരെയുള്ള രോഗങ്ങളുടെ ചികിത്സ യില്‍ ചുവന്ന അരളി ഉപയോഗിച്ചിരുന്നു. ഇന്ത്യന്‍ ആയൂര്‍വേദിക് ഫാര്‍മകോപിയയില്‍ ഇലയുടേയോ വേരിന്‍റേയോ 30-125   മില്ലീഗ്രാം ചൂര്‍ണ്ണം ആണ് ഔഷധമായി ഉപയോഗിക്കുന്നത.് ചുവന്ന അരളിയില്‍ മൂന്ന് പ്രധാന വിഷസംയുക്തങ്ങളാണുള്ളത്. ഒലിയാന്‍ഡ്രിന്‍ (Oleandrin), നീരൈന്‍ (Neriin), ഒലിയോന്‍ഡ്രസൈഡ് (Oleondroside) എന്നിവയാണവ. ഇതില്‍ ഒലിയാന്‍ഡ്രിന്‍ ഇലകളിലാ ണുള്ളത്. എന്നാല്‍ പൂക്കുന്ന സമയത്ത് ഇതിന്‍റെ അളവ് അധികരിക്കുകയും പൂവുകള്‍ മുതല്‍ വേരുവരേയും ഉയര്‍ന്ന അളവില്‍ ഇത് കാണപ്പെടുകയും ചെയ്യുന്നു. തണ്ടിലെന്നല്ല വിത്തില്‍ പ്പോലും ഇതിന്‍റെ സാന്നിധ്യം ഉണ്ടാവും. ഒരുതരം കാര്‍ഡിയാക് ഗ്ളൈക്കൊസൈഡ് ആയ ഒലിയാന്‍ഡ്രിന്‍ ഹ്യദയത്തിന്‍റെ പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്. ഹ്യദയപേശീകോശങ്ങളെ പൊതിയുന്ന സ്തരത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സോഡിയം അയോണുകളുടേയും പൊട്ടാസ്യം അയോണുകളുടേയും കോശാന്തരസ്ഥലങ്ങളിലേക്കുള്ള പുറന്തള്ളലും സംതുലനവും നിയന്ത്രിക്കുന്ന രാസാഗ്നിയുടെ (Na+ K+ ATPase)  പ്രവര്‍ത്തനത്തെ ഇത് തകരാറിലാക്കുന്നു. ഇതിലൂടെ കോശാന്തരഇടങ്ങളില്‍ സോഡിയം അയോണുകളുടെ സാന്ദ്രത വര്‍ദ്ധിക്കുന്നു. ഇത് കാല്‍സ്യം അയോണുകളുടെ കടന്നുകയറ്റത്തിനിടയാക്കുകയും ഹ്യദയപേശികള്‍ പെട്ടെന്ന് സങ്കോചിക്കാനിടയാക്കുകയും ചെയ്യുന്നു. ഇത് തുടരുന്നത് ഹ്യദയത്തിന്‍റെ പ്രവര്‍ത്തനം താളംതെറ്റുന്നതിനിടയാക്കുകയും കുഴപ്പങ്ങളുടെ തോത് അധികരിക്കാനിടയാക്കുകയും ചെയ്യുന്നു. പൊട്ടാസ്യം അയോണുകളുടെ സംതുലനം സാധ്യമല്ലാതാവുമ്പോള്‍ അത് ഹൈപ്പര്‍കലേമിയ (Hyperkalemia) എന്ന അപായാവസ്ഥയും വരുത്തിവെക്കുന്നു. ഉയര്‍ന്ന അളവില്‍ ഒലിയാന്‍ഡ്രിന്‍ ഉള്ളില്‍ച്ചെന്നാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
അരളി മരണകാരണമാവുന്നത് അപൂര്‍വ്വമല്ല. ആത്മഹത്യചെയ്യാനായി ഉപയോഗിക്കുന്നതു മുതല്‍ അറിയാതെ ആഹരിക്കുന്നതുവരെ ഇതില്‍ ഉള്‍പ്പെടുന്നു. ഔഷധമെന്നു കരുതി ഉപയോഗിച്ച് അപകടം പറ്റിയ സംഭവങ്ങളുമുണ്ട്. ഇത് മനുഷ്യരില്‍ നിന്നുമാത്രമല്ല, മ്യഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിലാണ് ഇത് കൂടുതല്‍ മാരകമായി കണ്ടിട്ടുള്ളത്. പേരമരത്തിന്‍റെ ഇലയാണെന്ന് കരുതി അരളിയുടെ ഇല കഴിച്ച ഒരു കുട്ടി മരണപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. 5 ഇലകള്‍ വരെ കഴിച്ചാല്‍ത്തന്നെ മരണം സംഭവിക്കാം. ചിലരില്‍ ഇത് 15 ഇലകള്‍ വരെയാകാം. വേര് ആണെങ്കില്‍ വെറും 15  ഗ്രാം മതിയാവും. മുതിര്‍ന്ന സ്ത്രീകളിലാണ് വിഷത്തെ പ്രതിരോധി ക്കാനുള്ള ശേഷി കൂടുതലായി കാണപ്പെടുന്നത്. അഞ്ച് ഇലകള്‍ കഴിച്ചശേഷവും പറയത്തക്ക കുഴപ്പമൊന്നും വരാത്ത കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.  ചുവന്ന അരളിപ്പൂക്കള്‍ പിഴിഞ്ഞെ ടുത്ത നീര് രക്തക്കുഴലുകള്‍ സങ്കോചിക്കാന്‍ കാരണമാവുന്നതായി കണ്ടെത്തുകയുണ്ടായി. അതുപോലെ അന്നപഥത്തില്‍ നീര്‍ക്കെട്ടുണ്ടാവുകയും ചെയ്തു. എന്നാല്‍ ഇവ രണ്ടും ഉയര്‍ന്ന അളവില്‍ അരളിപ്പൂക്കള്‍ ഉള്ളില്‍ച്ചെന്നപ്പോഴാണ് സംഭവിച്ചത്. അതായത് ഒരു കിലോഗ്രാം ശരീരഭാരത്തിന് 33 മില്ലീഗ്രാം എന്ന അളവില്‍ ഉള്ളിലെത്തിയപ്പോള്‍ മാത്രം. ഇത് സംഭവിക്കണ മെങ്കില്‍ ശരാശരി ശരീരഭാരം 50 കിലോഗ്രാം ആയ ഒരാള്‍ അരളിപ്പൂവില്‍ നിന്നും മാരകമായ തരത്തില്‍ വിഷമേല്‍ക്കാന്‍ ഒന്നര കിലോഗ്രാമിലധികം ഭക്ഷിക്കേണ്ടിവരും [2]. ഇത് വളരെ അസ്വാഭാവികായ ഒരു കാര്യമാണെന്ന് കാണാവുന്നതാണ്. മനഃപൂര്‍വ്വം ഒന്നരക്കിലോയോളം കഴിച്ചാലല്ലാതെ അരളിപ്പൂവിന്‍റെ ഒരിതളോ മറ്റോ ഉള്ളില്‍ച്ചെന്നാല്‍പ്പോലും അത് ശരീരത്തില്‍ വിഷം എന്ന തരത്തിലുള്ള ഒരു പ്രതികരണവും ഉളവാക്കില്ല. ഇക്കാര്യത്തില്‍ അന്തിമമായ വിലയിരുത്തല്‍ നടത്താന്‍ തക്കവണ്ണമുള്ള പഠനങ്ങള്‍ ഇപ്പോഴും ഉണ്ടായിട്ടില്ല [3].

വിഷം ഔഷധമാവുമ്പോള്‍ 

എല്ലാ സസ്യങ്ങളും ആയൂര്‍വേദത്തിന്‍റെ ദ്യഷ്ടിയില്‍ ഔഷധസ്വഭാവമുള്ളതാണ്. അവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്നത് അവയുടെ ഔഷധമൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ആയൂര്‍വേദം ഒരു വിഷയമായി കണക്കാക്കുന്നില്ല. അതേസമയം പൊതുവേ വിഷസ്വഭാവമില്ലാത്തതായി കരുതപ്പെടുന്ന ഔഷധസസ്യങ്ങള്‍ ശരിയായ മാത്രയിലല്ലാതെ ഉള്ളിലെത്തുന്നത് അപകടമാവുന്ന സാഹചര്യവുമുണ്ട്. ശരിയായ അളവിലും മാത്രയിലും ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ഇവ ഔഷധമായി പ്രവര്‍ത്തിക്കുന്നത്. ചുവന്ന അരളിക്ക് മാനസികസംഘര്‍ഷം ലഘൂകരിക്കാനുള്ള ശേഷിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിന് നീരിനെ നീക്കാനുള്ള കഴിവുമുണ്ട്. ഒരു പരിധി വരെ അത് ഒരു ഹ്യദയൗഷധമാണ്. നാഡീകോശങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കാനും ചുവന്ന അരളിക്ക് കഴിയും. എന്നാല്‍ മുന്‍പറഞ്ഞതുപോലെ ഇതൊക്കെയും ഔഷധപ്രയോഗത്തിലെ മാത്രയേയും ഇതര ചേരുവകളു മായി ചേരുമ്പോഴുള്ള ക്രിയാശേഷിയേയും ആശ്രയിച്ചിരിക്കുന്നു. ചുവന്ന അരളിക്ക് ക്യാന്‍സറി നെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതില്‍ നിന്നും അതിന്‍റെ ഔഷധമൂല്യം അത്ര നിസ്സാരമല്ല എന്ന് മനസിലാക്കാമല്ലോ. ചുവന്ന അരളിയില്‍ നിന്നുള്ള ഒലിയാന്‍ഡ്രിന്‍ എന്ന സംയുക്തത്തിന് അര്‍ബുദകോശങ്ങളെ നശിപ്പിക്കാനാവും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ആന്‍വിര്‍സെല്‍ (Anvirzel™) എന്ന മരുന്ന് ഇപ്പോള്‍ വിപണിയിലെത്തിക്കഴിഞ്ഞു [4].

നേരിട്ടുള്ള ഉപയോഗത്തില്‍ നിന്നുള്ള വിഷാംശം കുറയ്ക്കാന്‍ അരളിവേര് പശുവിന്‍ പാലിലിട്ട് മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി തിളപ്പിച്ച് ആവിയില്‍ പുഴുങ്ങിയ ശേഷമാണ് ഉപയോഗിക്കുന്നത്. څശോധനچ എന്നാണ് ഇത്തരത്തിലുള്ള വിഷാംശംകുറയ്ക്കല്‍ അറിയപ്പെടുന്നത്. തുടര്‍ന്ന് വെള്ളത്തില്‍ കഴുകി ഉണക്കിയെടുക്കുന്നു. ഇതിലൂടെ ഒലിയാന്‍ഡ്രിന്‍, കാര്‍ഡിനോലൈഡ് എന്നിവയുടെ അളവ് വളരെയധികം കുറയുന്നു. എന്നാല്‍ ഔഷധസ്വഭാവം നിലനില്‍ക്കുകയും ചെയ്യുന്നു. അതേസമയം, ചുവന്ന അരളിയുടെ വേരോ പുറന്തൊലിയോ കൊണ്ടുള്ള കഷായം ബാഹ്യചികിത്സക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന് ആയൂര്‍വേദആചാര്യന്‍മാര്‍ പറയുന്നു.

ചുവന്ന അരളി കൊണ്ടുള്ള ഔഷധങ്ങള്‍ ഉള്ളില്‍ കഴിക്കാനുള്ള നിര്‍ദ്ദേശം പക്ഷേ സുശ്രുതന്‍ നല്‍കുന്നുണ്ട്. വിരേചനൗഷധപ്രയോഗശേഷം 'കരവീരകല്‍ക്കം' പ്രയോഗിക്കാമെന്നാണ് സുശ്രുതന്‍ പറയുന്നത്. മൂത്രാശയത്തിലെ കല്ലിന്‍റെ ചികിത്സക്കായി തേന്‍, പാല്‍, നെയ്യ് എന്നിവ ചേര്‍ത്തുള്ള 'കരവീരക്ഷാരപാനം' നടത്താമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ത്വക്രോഗ ങ്ങളുടെ ചികിത്സയില്‍ 'കരവീരസ്നാന''വും കഷായപാനവും നടത്താമെന്നും അദ്ദേഹം പറയുന്നു. ത്വക്രോഗചികിത്സയില്‍ ഉപയോഗിക്കുന്ന പത്ത് ഔഷധച്ചെടികളിലൊന്നായി (കുഷ്ഠാഘ്നദശാമണി) ചരകനും ചുവന്ന അരളിയെ നിര്‍ദ്ദേശിക്കുന്നു. ഇവ ഓരോന്നും ഉള്ളില്‍ കഴിക്കാനുള്ളതോ പുറംചികിത്സക്കുള്ളതോ എന്ന് വൈദ്യര്‍ക്ക് അദ്ദേഹത്തിന്‍റെ യുക്തിക്കനുസരിച്ച് തീരുമാനിക്കാമെന്നും ചരകന്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ അരളി ഉള്ളില്‍ കൊടുക്കുമ്പോള്‍ څകുഷ്ഠാഘ്കഷായچത്തോടൊപ്പം څഹരീതകിچ അഥവാ കടുക്ക (Terminalia chebula) നല്‍കേണ്ടതാണ്. ഇത് അരളിയിലെ വിഷാംശത്തിനുള്ള മറുമരുന്നായി പ്രവര്‍ത്തിക്കും. അതുപോലെ, څകരവീരക്ഷാരപാനംچ നിര്‍ദ്ദേശിക്കുമ്പോള്‍ പാല്‍ ഒപ്പമുപയോഗിക്കണം. അനുപാന മഞ്ജരി, ക്രിയാകൗമുദി തുടങ്ങിയവയിലെ ചികിത്സാനിര്‍ദ്ദേശങ്ങളില്‍ അരളിയുടെ വിഷാംശം കുറയ്ക്കാന്‍ ഹരീതകികഷായമോ എരുമപ്പാലോ (മഹിഷക്ഷീരം), എരുമപ്പാലില്‍ നിന്നുള്ള തൈരോ (മഹിഷധാതി), കരിമ്പിന്‍പഞ്ചസാരയോ (സിത), ചിറ്റെരിക്കിന്‍റെ  (Calotropis procera) പുറന്തൊലിയോ  ഉപയോഗിച്ചിരിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കരവീരം എന്ന അരളി ഉപയോഗിച്ചുള്ള ചികിത്സ അറ്റകൈപ്രയോഗമെന്ന തരത്തില്‍ അവസാനമേ ഉപയോഗിക്കാവൂ പാടുള്ളൂ എന്നാണ് പറഞ്ഞിരിക്കുന്നത്. അത്യാസന്നനിലയിലെ രോഗിയെ രക്ഷിക്കാനുള്ള അവസാനശ്രമം എന്ന നിലയില്‍ മാത്രമാണ് കരവീരം ഉപയോഗിക്കുന്നത്.

അരളി മാത്രമല്ല വിഷം 


അരളിപ്പൂ ക്ഷേത്രങ്ങളില്‍ നിരോധിക്കാനായി പറയുന്ന കാരണം അതൊരു വിഷസസ്യം ആണെന്നതാണ്. ചുവന്ന അരളി ആയൂര്‍വേദത്തില്‍ ഔഷധമായി ഉപയോഗിക്കപ്പെടുന്നു എന്നത് ഈ നിരോധനം നീക്കാനുള്ള ഒരു ന്യായീകരണമായി പരിഗണിക്കപ്പെടുന്നില്ല. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനം അനുസരിച്ച് (Abhilash K.P. et al., 2021), ദക്ഷിണേന്ത്യയില്‍ മാത്രം വിഷച്ചെടികള്‍ ഉള്ളില്‍ച്ചെന്നുള്ള 150 മരണങ്ങള്‍ ഉണ്ടായതില്‍ 65 ശതമാനവും അരളിയില്‍ നിന്നായിരുന്നു. അമേരിക്കയിലെ ടോക്സിക് എക്സ്പോഷര്‍ സര്‍വൈലന്‍സ് സിസ്റ്റം പ്രസിദ്ധപ്പെടുത്തിയ കണക്കനുസരിച്ച് 2004-ല്‍ 785 പേര്‍ക്ക്  അരളിയില്‍ നിന്നുമുള്ള വിഷബാധ ഏല്‍ക്കുകയുണ്ടായി. 1940-ലെ ഡ്രഗ്സ് ആന്‍റ് കോസ്മെറ്റിക്സ് ആക്ട്  ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഔഷധസസ്യങ്ങളില്‍ വിഷസ്വഭാവമുള്ളവ യെ പ്രത്യേകം പട്ടികയായിത്തിരിച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷെഡ്യൂള്‍ E1-ല്‍ ആണ് ഇവ ഉള്‍പ്പെടു ത്തിയിരിക്കുന്നത്. ഇതിന്‍പ്രകാരംം, ഒരു അംഗീക്യത മെഡിക്കല്‍ പ്രാക്റ്റീഷണറുടെ മേല്‍നോട്ടത്തിലല്ലാതെ ഇവ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഈ പട്ടികയിലെ വിഷച്ചെടികളിലൊന്നായി അരളിയും ഉള്‍പ്പെടുന്നുണ്ട്.

പക്ഷേ, ശ്രദ്ധേയമായ കാര്യം അരളിയോടൊപ്പം ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ചെടികളില്‍ ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന മറ്റു ചെടികളും ഉള്‍പ്പെടുന്നുണ്ട് എന്നതത്രേ! ഇതിന് ഒരുദാഹരണമാണ് ഉമ്മം (Datura metel). "ഓം ശ്രീ ഹര്‍സുനവേ നമഃ ഥത്തൂരപത്രം സമര്‍പ്പയാമി" എന്ന് ജപിച്ചുകൊണ്ടാണ് ഗണേശപൂജയ്ക്ക് ഉമ്മത്തിന്‍റെ ഇല സമര്‍പ്പിക്കുന്നത്. അരളി പോലെ ഇതും ഗണേശപൂജയ്ക്കുള്ള 21 ഇലകളില്‍ ഒന്നാണ്. ശിവക്ഷേത്രങ്ങളിലും അതിന്‍റെ പരിസരങ്ങളിലും വളര്‍ത്തപ്പെടുന്ന ചിറ്റെരിക്കും വിഷസസ്യമെന്ന നിലയില്‍ പുകള്‍പെറ്റതാണ്. ഇല, പൂവ് എന്നിവ അടര്‍ത്തിയാല്‍ ഊറിവരുന്ന പാലുപോലുള്ള കറയില്‍ ഹ്യദയത്തിന്‍റെ പ്രവര്‍ത്തനത്തെ തകരാറിലാക്കാനുള്ള വിഷസംയുക്തങ്ങള്‍ അടങ്ങിയി ട്ടുണ്ട്. കാര്‍ഡിയാക് അഗ്ളൈക്കോണുകള്‍ (Cardiac aglycones)  എന്നറിയപ്പെടുന്ന ഇവ സ്റ്റിറോയി ഡുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കലോട്രോപ്പിന്‍, കലോടോക്സിന്‍, കലാക്റ്റിന്‍, തുടങ്ങി വിഷസംയുക്തങ്ങളുടെ ഒരു നീണ്ടനിര തന്നെ ഇതിലുണ്ട്. എന്നാല്‍, ചിറ്റെരിക്കിന്‍റെ ഇലയോ പൂവോ ആരും കഴിക്കാറില്ല. അതുകൊണ്ടുതന്നെ അവ അമ്പലപരിസരങ്ങളിലെ ഒരു സാന്നിധ്യമാവുന്നതിനെ കുറ്റപ്പെടുത്താനാവില്ല.

ക്ഷേത്രവിശ്വാസങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു വിഷസസ്യമാണ് കുന്നി (Abrus  precatorious).  ഇതിന്‍റെ വിത്തുകള്‍ 'കുന്നിമണി' എന്ന പേരില്‍ പ്രശസ്തമാണ്. ഇവയുടെ ഭാരം വളരെ ക്യത്യതയുള്ളതാകയാല്‍ സ്വര്‍ണ്ണം തൂക്കാനായി മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നു. ഗുരുവായൂരമ്പലത്തില്‍ കുന്നിക്കുരു വാരിയെടുക്കുന്ന ഒരു ചടങ്ങുണ്ട്. നാണയത്തുട്ടുകള്‍ ഇട്ടശേഷമാണ് രണ്ടു കൈകള്‍ കൊണ്ടും കുന്നിമണികള്‍ വാരുന്നത്. ഇത് രണ്ടുതവണയായി തിരിച്ചിടുകയും ചെയ്യുന്നു. എന്നാല്‍ കുന്നിക്കുരു ഉള്ളില്‍ച്ചെല്ലുന്നത് മാരകമാണ്. അബ്രിന്‍ (Abrin) എന്ന വിഷസംയുക്തത്തിന്‍റെ സാന്നിധ്യമാണ് കാരണം. ഇത് കോശസ്തരം വഴി കോശത്തിനുള്ളില്‍ക്കടന്ന് പ്രോട്ടീന്‍ സംശ്ളേഷണം നടത്തുന്ന റൈബോസോമുകളെ നശിപ്പിക്കും. ഒരു സെക്കന്‍ഡില്‍ 1500 റൈബോസോമുകള്‍ എന്ന കണക്കിലാണ് നശീകരണം. ഇക്കാരണത്താല്‍ കുന്നിക്കുരു ഉഗ്രവിഷമാണ്. ജൈവായുധമായി ഉപയോഗിക്കുന്ന റൈസിന്‍ (Ricin) എന്ന ജൈവസംയുക്തത്തെക്കാള്‍ 75 ഇരട്ടി ശക്തിയുള്ളതാണ് കുന്നിക്കുരുിലെ അബ്രിന്‍. എന്നാല്‍ കുരു ചവച്ചുപൊട്ടിച്ചു കഴിച്ചാല്‍മാത്രമേ വിഷം ഏല്‍ക്കുകയുള്ളൂ. അല്ലെങ്കില്‍ അത് അതേപടി അന്നപഥത്തിലൂടെ കടന്ന് പുറത്തുപോവും.

പരിഹാരമെന്ത്?

     അരളി വിഷസസ്യമാണെന്നത് പുതിയ അറിവല്ല [5]. നമ്മുടെ നാട്ടില്‍ ഒരുകാലത്ത് കുട്ടികള്‍ക്കു പോലും സുപരിചിതമായിരുന്ന നാട്ടറിവുകളിലൊന്നാണ് അരളിക്ക് വിഷമുണ്ട് എന്നത്. എന്നാല്‍ കാലാന്തരത്തില്‍ നമ്മുടെ ഗ്രാമാന്തരങ്ങളില്‍ നിന്നുപോലും ഇത്തരം അറിവുകള്‍ മാഞ്ഞുപോയി. പാഠപുസ്തകങ്ങളില്‍ ഇത്തരം അറിവുകള്‍ എന്തുകൊണ്ടോ സ്ഥാനംപിടിക്കാതെ പോയി. ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന്‍റെ ചവടുപിടിച്ച് നീങ്ങിയതുകാരണം നമ്മുടെ പാഠ്യപദ്ധതികള്‍ സ്വന്തം സംസ്കാരവും പാരമ്പര്യവിജ്ഞാനവും രണ്ടാം തരമായി കരുതി. ഫലമോ, എന്തിനുമേതിനും അവസാനവാക്കായി ഇന്‍റര്‍നെറ്റും ഗൂഗിളും അവതരിച്ചു. അരളി മരണകാരണമായി എന്നൊരു വാര്‍ത്ത കണ്ടപ്പോള്‍ പലരും അതിന്‍റെ വസ്തുത തിരക്കാതെ അരളിച്ചെടികളെ മുച്ചൂടും നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി. ക്ഷേത്രങ്ങളില്‍ നിന്നും അരളി ഒരിക്കലും ഭക്ഷിക്കാനായി കൊടുക്കുന്നില്ല എന്നൊന്നും ആലോചിക്കാന്‍ ആരും മിനക്കെട്ടില്ല. പായസത്തില്‍ കിടക്കുന്ന അരളിപ്പൂവിന്‍റെ ഒരിതള്‍ ഒരാളിനെക്കൊല്ലാന്‍ ധാരാളം മതിയാവും എന്നുപോലും ചാനല്‍വാര്‍ത്താപ്പെരുമഴയിലൂടെ ജനം വിശ്വസിച്ചു. തിരുവിതാംകൂര്‍/മലബാര്‍ ദേവസ്വംബോര്‍ഡുകള്‍ക്ക് ആ 'ഭീകരസത്യ'ത്തെ അപ്പാടി വിഴുങ്ങാനും കഴിഞ്ഞില്ല. അരളിപ്പൂ കേരളത്തിലെ ക്ഷേത്രങ്ങളില്‍ സമ്പൂര്‍ണ്ണമായി നിരോധിക്കപ്പെട്ടു. പക്ഷേ, ഒരല്‍പ്പം ബോധവല്‍ക്കരണം മാത്രമല്ലേ ഇക്കാര്യത്തില്‍ വേണ്ടിയിരുന്നുള്ളൂ? ചന്ദനത്തോടൊപ്പമോ മറ്റോ അരളിപ്പൂവിന്‍റെ ഇതള്‍ കിട്ടിയാല്‍ ദൂരേക്കെറിഞ്ഞുകളയുക. ചന്ദനം ആരും ഉള്ളില്‍ കഴിക്കാറില്ലല്ലോ, അതുപോലെ അരളിപ്പൂവും നമുക്ക് കഴിക്കണ്ട! അങ്ങനെയാവാമെങ്കില്‍ ക്ഷേത്രങ്ങളില്‍ നിന്നും അരളിയെ കുടിയിറക്കിയ നടപടി പുനഃപരിശോധിക്കേണ്ടതല്ലേ?

Literature Cited

[1] Unnikrishnan V, Rengarajan K. From ritual to regulation: The ban on Nerium oleander L. in Kerala temples – A factual overview with an Ayurvedic perspective. Int J Ayurveda Res 2024;5:133-6.

[2] Majeed LJ. Histopathological effects of aqueous extract of oleander (Nerium oleander) flower in albino male mice. Al Mustansiriyah J Sci 2012; 23:29‑38.

[3] Farkhondeh T, Kianmehr M, Kazemi T, Samarghandian S, Khazdair MR. Toxicity effects of Nerium oleander, basic and clinical evidence: A comprehensive review. Hum Exp Toxicol 2020;39: 773‑84.

[4] Pathak S, Multani AS, Narayan S, Kumar V, Newman RA. Anvirzel, an extract of Nerium oleander, induces cell death in human but not murine cancer cells. Anticancer Drugs 2000;11:455‑63.

[5] Langford SD, Boor PJ. Oleander toxicity: An examination of human and animal toxic exposures. Toxicology 1996;109:1‑13

Other Papers

Francischini CRD, Mendonça CR, Barcelos KA, Silva MAM, Botelho AFM. Antitumor effects of oleandrin in different types of cancers: Systematic review. Toxicon. 2022 Sep;216:15-27. doi: 10.1016/j.toxicon.2022.06.010. Epub 2022 Jun 27. PMID: 35772506.

Farooqui S and Tyagi T (2018) Nerium oleander: It's application in basic and applied science: A Review. International Journal of Pharmacy and Pharmaceutical Sciences, 10(3), 1-4. doi:10.22159/ijpps.2018v10i3.22505

Photo Courtesy: Photo Courtesy: https://www.nparks.gov.sg/florafaunaweb/flora/1/9/1923



Thursday, February 12, 2026

നിപയ്ക്ക് വാക്സിന്‍ വരുന്നു


കേ
രളമുള്‍പ്പെടെ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയിരിക്കുന്ന നിപവൈറസ് (Nipah Virus)-നെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്സിന്‍ വരുന്നു. മനുഷ്യരിലെ ഇതിന്‍റെ പരീക്ഷണം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വര്‍ഷംതോറും നിപവൈറസ് പടര്‍ന്നുപിടിക്കുന്ന തിലൂടെ മരണനിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന ബംഗ്ളാദേശിലാണ് വാക്സിന്‍ പരീക്ഷിക്കപ്പെടുന്നത്. അമേരിക്കന്‍ കമ്പനിയായ പബ്ളിക് ഹെല്‍ത്ത് വാക്സിന്‍സ് (Public Health Vaccines) വികസിപ്പിച്ച വാക്സിനാണ് പരീക്ഷിക്കപ്പെടുന്നത്. 2026-ന്‍റെ പകുതിയോടെ നിപ്പാവാക്സിന്‍ വിപണിയില്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷ. PHV-02 എന്നാണ് ഈ പുതിയ വാക്സിന് പേരുനല്‍കിയിരിക്കുന്നത്.


പാരാമിക്സോവൈറസ് (Paramyxovirus) എന്ന വിഭാഗത്തില്‍പ്പെടുന്ന വൈറസുകള്‍ മൂലമുണ്ടാ വുന്ന ഒരു ജന്തുജന്യരോഗമാണ് നിപ്പ. പഴവാവലുകള്‍ ആണ് ഈ വൈറസുകളെ പരത്തുന്നത്. ഇവ ഇവയുടെ ശരീരത്തിലെ താപനില ഉയര്‍ത്തുന്നതിനുവേണ്ടിയാണ് വൈറസുകളെ ഒപ്പംകൂട്ടുന്നത്. ഉയര്‍ന്ന ശരീരതാപനില ഇവയെ പറക്കാന്‍ സഹായിക്കുന്ന പേശികളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ഊര്‍ജജസ്വലമാക്കുന്നതാണ് കാരണം. എന്നാല്‍ ഈ വാവലുകള്‍ പഴങ്ങളില്‍ അള്ളിപ്പിടിച്ചിരുന്നത് അവയെ ഭക്ഷിക്കുമ്പോള്‍ നിപ്പാവൈറസ് പഴങ്ങളിലേക്ക് കടക്കുന്നു. ഇവയെ സ്പര്‍ശിക്കുകയോ കഴിക്കുകയോ ചെയ്യുന്ന മനുഷ്യര്‍ക്ക് വൈറസ് ബാധയുണ്ടാവുന്നു.


നിപ്പവൈറസ് ബാധയ്ക്കെതിരെ നിലവില്‍ വാക്സിനുകളൊന്നും തന്നെ ലഭ്യമല്ല. ഇക്കാരണത്താല്‍ രോഗബാധക്കെതിരെയുള്ള പ്രതിരോധം സാധ്യമല്ല. നിപ്പവൈറസ് ബാധയേറ്റ 75 ശതമാനം രോഗികളും മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്. ഇന്ത്യയും ബംഗ്ളാദേശുമാണ് നിപ്പാവൈറസ് ബാധ ഏറ്റവും സാധാരണമായ രാജ്യങ്ങളെങ്കിലും നിപ്പവൈറസിനെ പരത്തുന്ന തരത്തിലുള്ള പഴവാവലുകള്‍ ലോകത്തിലുടനീളം കാണപ്പെടുന്നവയാണ്. ഇത് കാരണം നിപ്പാവൈറസ് മൂലം രണ്ട് ശതകോടിയിലേറെ ജനങ്ങള്‍ മരണത്തിന്‍റെ നിഴലില്‍ കഴിയേണ്ടിവരുന്ന അവസ്ഥയാണിപ്പോള്‍. അതിനാല്‍ ഈ ആദ്യനിപ്പാവാക്സിന്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.


പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള വാക്സിന്‍ വികസനം വേഗത്തിലാക്കാനായി രൂപീകരിക്കപ്പെട്ട കൊയലേഷന്‍ ഫോര്‍ എപ്പിഡെമിക് പ്രിപ്പയേര്‍ഡ്നെസ് ഇന്നൊവേഷന്‍സ് (Coalition for Epidemic Preparedness Innovations) അഥവാ ഇഋജക എന്ന രാജ്യാന്തരകൂട്ടായ്മയാണ് നിപ്പാവാക്സിന്‍ പരീക്ഷിക്കുന്നതിനാവശ്യമായ ധനസഹായം നല്‍കുന്നത്. ഇതിനായി 17.3 ദശലക്ഷം ഡോളര്‍ ആണ് ഇഋജക അമേരിക്കന്‍ കമ്പനിയായ പബ്ളിക് ഹെല്‍ത്ത് വാക്സിന്‍സിന് നല്‍കുന്നത്. പരീക്ഷണത്തി ലൂടെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടാല്‍ വൈറസ്ബാധയ്ക്ക് സാധ്യത യേറിയ രാജ്യങ്ങളില്‍ അത് സംഭരിക്കപ്പെടും.


ഇത്തരത്തില്‍ നിപ്പാവാക്സിന്‍ നേരത്തേ സംഭരിക്കപ്പെടുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗ ബാധ തടയാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കും വാക്സിന്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കും. ഇതിലൂടെ നിപ്പയുടെ പകര്‍ച്ചാശേഷി കുറവുചെയ്യാന്‍ സഹായിക്കും. നിപ്പാബാധ യ്ക്ക് സാധ്യത ഏറെയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മുന്‍കൂറായി വാക്സിനേഷന് വിധേയമാക്കുകയും ഇത് സാധ്യമാക്കും. ഇതിനുവേണ്ടി 100 ദശലക്ഷം ഡോളര്‍ ആണ് ചിലവഴിക്കാനായി CEPI  മാറ്റിവെച്ചിരിക്കുന്നത്. നൂറു ദിവസത്തിനുള്ളില്‍ നിപ്പയ്ക്കെതിരെ വാക്സിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാനാണ് ഇത് ചിലവഴിക്കുക. ദേശീയവരുമാനം വളരെ കുറവായ രാജ്യങ്ങള്‍ക്കും ഇടത്തരം സാമ്പത്തികശേഷിയുള്ള രാജ്യങ്ങള്‍ക്കും ഈ വാക്സിന്‍ സാങ്കേതികവിദ്യക്കുമേല്‍ തുല്യമായ അവകാശം ഉണ്ടായിരിക്കും.

നിപാവാക്സിന്‍റെ പ്രത്യേകതകള്‍ 


എബോള വൈറസ് ബാധയ്ക്കെതിരെ ഉപയോഗിക്കപ്പെടുന്ന വാക്സിന്‍റെ ഒരു പ്രവര്‍ത്തനഘടക ത്തെ ഉള്‍ക്കൊള്ളുന്നു എന്നതാണ് പുതിയ നിപ്പാവാക്സിന്‍റെ പ്രധാന സവിശേഷത. കോശത്തിനു ള്ളിലേക്ക് എളുപ്പത്തില്‍ കടന്നുകയറാനാണ് ഇത് ഉപയോഗപ്പെടുത്തുന്നത്. ഘടനാപരമായി ഇത് എബോളാവൈറസിനെ പൊതിയുന്ന പ്രോട്ടീന്‍കവചം മാത്രമാണ്. പക്ഷേ, ഇതിന്‍റെ സാന്നിധ്യം ശരീരത്തിന്‍റെ രോഗപ്രതിരോധസംവിധാനം പെട്ടെന്ന് ഉണരുന്നതിന് കാരണമാവുന്നു. രണ്ടാം ഘടകം നിപ്പാവൈറസിന്‍റെ തന്നെ പ്രോട്ടീന്‍കവചമാണ്. ഇത് നിപ്പാവൈറസിനെതിരെയുള്ള പ്രതിദ്രവ്യങ്ങള്‍ ശരീരത്തില്‍ സ്യഷ്ടിക്കപ്പെടാന്‍ കാരണമാവുന്നു. ഇതിലൂടെ യഥാര്‍ത്ഥത്തിലുള്ള നിപ്പാവൈറസ് ശരീരത്തിലേക്ക് കടക്കുമ്പോള്‍ത്തന്നെ അത് നിര്‍വീര്യമാക്കപ്പെടുന്നു.


അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍റ് ഇന്‍ഫെക്ഷിയസ് ഡിസീസ (National Institute of Allergy and Infectious Diseases)-സിന് കീഴില്‍ വരുന്ന വൈറോളജി ലബോറട്ടറി യായിരുന്നു നിപ്പാവാക്സിന്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ടത്. ഹെയ്ന്‍സ് ഫെല്‍ഡ്മാന്‍ ((Heinz Feldmann) എന്ന ജര്‍മ്മന്‍അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ നേത്യത്വം നല്‍കുന്നതായിരുന്നു ഈ പരീക്ഷണശാല.‘rVSV-നിപ്പാവാക്സിന്‍' എന്ന് പേരിട്ടിരുന്ന ഈ വാക്സിന്‍ മനുഷ്യരിലെ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കന്‍ കമ്പനിയായ പബ്ളിക് ഹെല്‍ത്ത് വാക്സിന്‍സിന് നല്‍കുകയായിരുന്നു. നിപ്പയ്ക്കെതിരെ മാത്രമല്ല, അടുത്തുതന്നെ ലോകത്തെ ബാധിക്കുമെന്ന് കരുതപ്പെടുന്നതും ഇനിയും പേരിട്ടിട്ടില്ലാത്തതുമായ 'എക്സ്' (Disease X) എന്ന പകര്‍ച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കാനും പുതിയ നിപ്പാവാക്സിന് കഴിയുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ നിപ്പ 


25 വര്‍ഷങ്ങള്‍ക്കുമുമ്പ് മലേഷ്യയിലാണ് നിപ്പാവൈറസ് ബാധ ആദ്യമായി തിരിച്ചറിയപ്പെടുന്നത്. തുടര്‍ന്ന് ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിപ്പാബാധയുണ്ടായി. വൈകാതെ ഇന്ത്യയിലും. തലച്ചോറിന് വീക്കമുണ്ടാക്കുന്ന ഒരുതരം പനിയാണ് നിപ്പാവൈറസ് മൂലം ഉണ്ടാവുന്നത്. ഇത് വരെയധികം മാരകമാണ്. പേശികള്‍ക്ക് ബലക്ഷയവും ചുമയും ഒപ്പം കടുത്ത ശ്വാസംമുട്ടലും ഉണ്ടാവുന്നു. ഹ്യദയപേശികള്‍ ശരിയായി പ്രവര്‍ത്തിക്കാതാവുന്നതോടെ ഹ്യദയസ്തംഭനം ഉണ്ടാവുന്നു. വൈറസ്ബാധയേല്‍ക്കുന്നവരില്‍ 94.4 ശതമാനവും മരണത്തിന് കീഴടങ്ങുന്നതായാണ് 2018-ല്‍ കേരളത്തിലുണ്ടായ നിപ്പാവൈറസ് ബാധ സൂചിപ്പിക്കുന്നത്. 2022-ല്‍ ലോകാരോഗ്യസംഘടന നിപ്പാവൈറസ്ബാധയെ ലോകത്തിലെ മുന്‍നിര പകര്‍ച്ചവ്യാധികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.


ലോകത്തില്‍ നിപ്പാവൈറസിന്‍റെ രണ്ട് വകഭേദങ്ങള്‍ (Strain) നിലനില്‍ക്കുന്നു എന്നാണ് ഈ മേഖലയില്‍ നടന്ന ഗവേഷണപഠനങ്ങള്‍ പറയുന്നത്. മലേഷ്യന്‍ വകഭേദം, ബംഗ്ളാദേശ് വകഭേദം എന്നിവയാണവ. നിലവില്‍ ഇന്ത്യയില്‍ പടര്‍ന്നുപിടിച്ചിട്ടുള്ളത് ബംഗ്ളാദേശ് വകഭേദമാണ്. രോഗലക്ഷണങ്ങളുടേയും മരണനിരക്കിന്‍റേയും കാര്യത്തില്‍ കൂടുതല്‍ തീവ്രമാണ് ബംഗ്ളാദേശ് വകഭേദം. 2001ലാണ് ബംഗ്ളാദേശ് വകഭേദം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പക്ഷേ, 69 ശതമാനം മാത്രമായിരുന്നു അതിലൂടെയുള്ള മരണനിരക്ക്. 2013ല്‍ അത് വീണ്ടുമെത്തിയപ്പോള്‍  മരണനിരക്ക് 83 ശതമാനമായി ഉയര്‍ന്നു. 2018-ലെ വരവില്‍ പക്ഷേ മരണനിരക്ക് വീണ്ടും കൂടി: 94.4 ശതമാനം! എന്നാല്‍ ബംഗ്ളാദേശില്‍ എല്ലാ വര്‍ഷവും ഇതേ വകഭേദം മരണം വിതച്ചിരുന്നു. 2023-ല്‍ ആയിരുന്നു മരണനിരക്ക് ഏറ്റവും കൂടുതല്‍. 

നിപ്പബാധ മനുഷ്യജന്യമോ? 


വലിയൊരളവുവരെ പ്രക്യതിയില്‍ മനുഷ്യന്‍റെ ഇടപെടലുകളാണ് നിപ്പാവൈറസ് ബാധയ്ക്ക് കാരണമാവുന്നത് എന്നാണ് കണ്ടെത്തല്‍. കാടുകള്‍ വെട്ടിനശിപ്പിക്കപ്പെടുകയും പാറക്കൂട്ടങ്ങള്‍ തകര്‍ക്കുകയും ചെയ്യുമ്പോള്‍ മരങ്ങളിലും ഗുഹകളിലും ഒതുങ്ങിക്കഴിഞ്ഞിരുന്ന വാവലുകള്‍ ജനവാസകേന്ദ്രങ്ങളിലേക്കെത്താന്‍ നിര്‍ബന്ധിതമാവുന്നു. പഴങ്ങളേയും പച്ചക്കറികളേയും ഭക്ഷിക്കുന്നതിനിടെ വാവലുകളുടെ ഉമിനീര്‍, മൂത്രം എന്നിവ പഴങ്ങളിലും മറ്റും പതിയുന്നതി നിടയാവുന്നു. പനന്നൊങ്ക് ഇത്തരത്തില്‍ മലിനപ്പെടുന്നതിലൂടെ പനങ്കള്ളില്‍ നിപ്പാവൈറസുകള്‍ എത്തിച്ചേരുന്നു. ഇങ്ങനെ മനുഷ്യരിലേക്ക് എത്തിക്കഴിഞ്ഞാല്‍ വൈറസ്ബാധയുള്ളവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ഇത് മറ്റൊരാളിലേക്ക് പകരുന്നു. ശരീരദ്രവങ്ങളുമായി സമ്പര്‍ക്കത്തിലെത്തുന്നതിലൂടെയും വൈറസ് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Reference: https://www.ovg.ox.ac.uk/news/worlds-first-phase-ii-nipah-virus-vaccine-trial-launch


Friday, February 6, 2026

കപ്പലപകടങ്ങളുടെ 'ഹരിത'രാഷ്ട്രീയം

ടുത്ത കാലത്തായി എംഎസ്സി എല്‍സ-3 (MSC ELSA3), വാന്‍ ഹൈ-503 (WAN HAI 503) എന്നീ പേരുകളിലുള്ള രണ്ട് ചരക്കുകപ്പലുകള്‍ കേരളതീരത്ത് മുങ്ങുകയുണ്ടായി. ഈ രണ്ട് കപ്പല്‍ അപകടങ്ങളും വളരെ ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ തീരദേശജനതയും മത്സ്യബന്ധനം ഉപജീവനമാക്കിയവരും അനുഭവി ക്കേണ്ടിവരുന്ന ദുരിതങ്ങള്‍ പ്രവചനാതീതമാണ്. വളരെ പ്രദേശികമായ ഒരു പ്രശ്നം എന്ന തരത്തില്‍ വിലയിരുത്തപ്പെടുമ്പോഴും ഈ കപ്പലപകടങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍പ്പോലും ശ്രദ്ധ നേടുകയാണ്.


28 വര്‍ഷത്തെ പഴക്കമുള്ളതായിരുന്നു ലൈബീരിയന്‍ കപ്പലായ എംഎസ്സി എല്‍സ-3. സിംഗപ്പൂര്‍കപ്പലായ വാന്‍ ഹൈ503  ഇരുപതുവര്‍ഷത്തെ പഴക്കമുള്ളതും. മുങ്ങിയ കപ്പലുകളില്‍ നിന്നും ഒഴുകിപ്പരന്ന ഇന്ധനം കടലില്‍ വലിയ എണ്ണപ്പാട സ്യഷ്ടിച്ചിരിക്കയാണ്. കപ്പലിലെ കണ്ടെയ്നറു കളില്‍ നിറച്ചിരുന്ന വിഷമയമായ രാസവസ്തുക്കള്‍ കടല്‍ജലത്തില്‍ കലര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ,  പ്ളാസ്റ്റിക് നിര്‍മ്മാണത്തിനുപയോഗിക്കുന്ന വളരെ ചെറിയ  'നര്‍ഡിലുകള്‍' (Plastic Nurdles) തീരക്കടലിലേക്ക് വലിയ തോതില്‍ എത്തുകയാണ്. 

സമുദ്രജീവികള്‍ ഇവയെ മത്സ്യമുട്ടകളായി തെറ്റിദ്ധരിക്കുകയും ആഹാരമാക്കുക യും ചെയ്യുന്നു. തീരത്ത് അടിഞ്ഞുകൂടുന്ന പ്ളാസ്റ്റിക് നര്‍ഡിലുകളെ നീക്കംചെയ്യുക പ്രയാസമാണ്. ഇവ ജൈവവിഘടനത്തിന് വിധേയമാവുകയിലെന്ന് മാത്രമല്ല, പലതരം വിഷവസ്തുക്കളും പിന്നേയും തങ്ങിനില്‍ക്കുന്നതിന് കാരണമാവും. എണ്ണപ്പാടയുടെ തുള്ളികള്‍ കടലിന്‍റെ അടിത്തട്ടിലേക്കെത്തുകയും പവിഴപ്പുറ്റുകളുടെ നാശത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. പവിഴപ്പുറുകള്‍ക്കിടയിലെ ചെറുജീവികള്‍ നശിക്കുന്നതിലൂടെ അടിത്തട്ടിലെ മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ ആഹാരശ്യംഖല തന്നെ തകരാറിലാവുന്നു. പ്ളാസ്റ്റിക്കും ലോഹഭാഗങ്ങളും മത്സ്യബന്ധനത്തിനുള്ള വല നശിക്കുന്നതിന് കാരണമാവുന്നു.


ചരക്കുകപ്പലുകള്‍ അപകടത്തില്‍പ്പെട്ടാല്‍ അവ ഏത് രാജ്യത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണെന്ന് കണ്ടെത്തുക പ്രയാസമാവുന്ന സ്ഥിതിവിശേഷവുമുണ്ട്. കപ്പല്‍ വരുന്ന രാജ്യത്തിന്‍റെ പേരില്‍ ആയിരിക്കില്ല അതിന്‍റെ രജിസ്ട്രേഷന്‍. ഇതു സംബന്ധമായ അന്താരാഷ്ട്രനിയമത്തിലെ അവ്യക്തത മുതലെടുത്തുകൊണ്ട് മറ്റേതെങ്കിലും രാജ്യത്തിന്‍റെ പേരിലായിരിക്കും കപ്പലിന്‍റെ ഉടമസ്ഥാവകാശം രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്ളാഗ്സ് ഓഫ് കണ്‍വീനിയന്‍സ്  (Flags of Convenience) എന്ന ഈ ചട്ടം നഷ്ടപരിഹാരമീടാക്കുന്നതിന് പലപ്പോഴും തടസമായിത്തീരാറുണ്ട്.


2024-ലെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവുമധികം ചരക്കുകപ്പലുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് ലൈബീരിയ, പനാമ, മാര്‍ഷല്‍ ഐലന്‍ഡസ് എന്നീ രാജ്യങ്ങളിലാണ്. ഇവയില്‍ത്തന്നെ ഏറ്റവുമധികം ഭാരമുള്ള ചരക്കുകപ്പലുകള്‍ വരുന്നത് ലൈബീരിയയുടെ പേരിലാണ്. ചരക്കുകപ്പലുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് പനാമയും. ലോകത്തിലെ പ്രധാന ചരക്കുകമ്പനികളെല്ലാം അവരുടെ ചരക്കുകപ്പലുകള്‍ ഇത്തരം രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കും. ഇത്തരം രാജ്യങ്ങളില്‍ ചരക്കുകപ്പലുകള്‍ പാലിച്ചിരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധമായി ഒട്ടേറെ ഇളവുകള്‍ നിലനില്‍ക്കുന്നതാണ് കാരണം. ഇത്തരം രാജ്യങ്ങളില്‍ പരിശോധനകള്‍ നടത്താനും സര്‍ട്ടിഫിക്കറ്റ് നല്‍കാനും സ്വകാര്യ ഏജന്‍സികളെയാണ് നിയോഗിച്ചിട്ടുള്ളത്. പരിസ്ഥിതിസുരക്ഷ ഉറപ്പുവരുത്തുന്ന തിനായി പാലിച്ചിരിക്കേണ്ട ചട്ടങ്ങള്‍ ഇതിലൂടെ ഏട്ടിലെ പശുവായിത്തീരുന്നു. കപ്പലപകടങ്ങള്‍ തുടര്‍ക്കഥയുമാവുന്നു.
 

കപ്പലുകള്‍ മുഖേനയുള്ള പാരിസ്ഥിതികാഘാതങ്ങള്‍ കുറയ്ക്കുന്നതിനുള്ള അന്തര്‍ദേശീയനിയമങ്ങള്‍ ശക്തമാണെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന രാജ്യത്തിലെ നിയമാവലികള്‍ അതിന്‍റെ പാലനത്തിന് തടസമായിത്തീരുന്നു. ഇതിലൂടെ ചരക്കു കപ്പലുകളുടെ കാര്യത്തില്‍ യന്ത്രത്തകരാറും അപകടങ്ങളും സാധാരണമായി ത്തീരുന്നു. കപ്പല്‍ജീവനക്കാര്‍ക്ക് പറ്റുന്ന കൈപ്പിഴവുകള്‍ വിഷയമാവാറുണ്ടെങ്കിലും കപ്പലിന്‍റെ കാലപ്പഴക്കം പലതരം അപായങ്ങള്‍ക്ക് കാരണമായിത്തീരുന്നു. ഉദാഹരണമായി ലൈബീരിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എംഎസ്സി എല്‍സ3 പഴക്കത്തിന്‍റെ കാര്യത്തില്‍ മുപ്പതുവര്‍ഷത്തോട് അടുക്കുകയായിരുന്നു.
 

കപ്പലോട്ടം സംബന്ധമായ അന്താരാഷ്ട്രചട്ടങ്ങള്‍ പ്രകാരം ഈ ചരക്കുകപ്പല്‍ പൂര്‍ണ്ണമായ സുരക്ഷാമാനദണ്ഡ പരിശോധനകള്‍ക്ക് വിധേയമാകേണ്ടിയിരുന്നതാണ്. ഇത് സംബന്ധമായി അന്താരാഷ്ട്ര കപ്പല്‍ഗതാഗത സംഘടന (International Maritime Organization) കര്‍ശനമായ ചട്ടങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. സിംഗപ്പൂറിന്‍റെ കാര്യത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ കപ്പലുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നതെങ്കിലും വാന്‍ ഹൈ503ന്‍റെ ഇരുപതു വര്‍ഷത്തെ പഴക്കം എല്ലാത്തിനേയും തകര്‍ക്കുന്നതായി.


ഇന്ത്യയില്‍ നിയമമില്ല! 


സിംഗപ്പൂരിന്‍റെ സ്വന്തം കപ്പലായിരുന്നു വാന്‍ ഹൈ-503.  അതുകൊണ്ട് അന്താരാഷ്ട്ര സമുദ്രസഞ്ചാര ഉച്ചകോടിയിലെ ചട്ടങ്ങള്‍ (United Nations Convention on the Law of the Sea) വാന്‍ ഹൈ-503 പൂര്‍ണ്ണമായും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സിംഗപ്പൂറിന് ഉണ്ടായിരുന്നു. സമുദ്രമലിനീകരണം തടയുന്നതിനുള്ള ചട്ടങ്ങള്‍ (MARPOL : Convention on Marine Pollution)  പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും സിംഗപ്പൂറിന് ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം പാരിസ്ഥിതിക സുരക്ഷാചട്ടങ്ങളൊന്നും വാന്‍ ഹൈ-503 പാലിച്ചിരുന്നില്ല. കപ്പലപകടം മൂലം സമുദ്രപരിസ്ഥിതിക്ക് സംഭവിച്ച ആഘാതങ്ങള്‍ കുറവുചെയുന്നതിനും തീരത്തടി യുന്ന വിഷപദാര്‍ത്ഥങ്ങള്‍ നീക്കംചെയ്യുന്നതിനും സിംഗപ്പൂര്‍ പ്രതിജ്ഞാബന്ധമായിരുന്നു.


ഇതിനായി ഇന്ത്യാഗവണ്‍മെന്‍റുമായി സഹകരിക്കുന്നതിനും സാമ്പത്തിക സഹായം സുതാര്യമായിപ്പന്നെ ഉറപ്പുവരുന്നതിനും സിംഗപ്പൂര്‍ നിര്‍ബന്ധിതമായി രുന്നു. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല. ആഗോളകാലാവസ്ഥാമാറ്റ ഉച്ചകോടി (Paris Climate Agreement, 2015)-യില്‍ ഒപ്പുവെച്ച രാജ്യമായതിനാല്‍ പരിസ്ഥിതിയില്‍ ഏല്‍പ്പിക്കപ്പെടുന്ന ആഘാതങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയ്ക്ക് നയപരമായ നടപടികള്‍ കൈക്കൊള്ളാമായിരുന്നു. എന്നാല്‍, സമുദ്രപരിസ്ഥിതിയില്‍ കപ്പലപകടങ്ങള്‍ സ്യഷ്ടിക്കുന്ന കെടുതികള്‍ ഇതിന്‍റെ പരിധിയില്‍ വരാത്തത് നിയമപരമായ ഇടപെടലുകള്‍ക്ക് വിഘാതമായിത്തീര്‍ന്നു.


വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവികസനവും ആഗോളസമ്പദ്വ്യവസ്ഥയിലെ പങ്കാളിത്തവും ലക്ഷ്യമാക്കുന്ന രാജ്യാന്തരസംഘടന-(United Nations Conference on Trade and Development, UNCTAD)-യും ലോകവ്യാപാരസംഘടന-(World Trade Organization, WTO)-യും കപ്പല്‍ഗതാഗതത്തില്‍ 'ഹരിതഇടനാഴികള്‍' (Green Shipping Corridors) എന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. കാര്‍ബണ്‍ മലിനീകരണം കുറവായ ഇന്ധനങ്ങള്‍ ഉപയോഗിക്കുക, പുതിയ കപ്പലുകളെ മാത്രം ചരക്കുനീക്ക ത്തിനായി ഉപയോഗിക്കുക, കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കുക തുടങ്ങിയവയിലൂടെ 'ഹരിതഇടനാഴികള്‍' പ്രവര്‍ത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. ഇത്തരം ചട്ടങ്ങള്‍ പാലിക്കുന്ന കപ്പലുകള്‍ ക്കായി നികുതിഇളവുകള്‍ നല്‍കുന്നതിലൂടെയും തുറമുഖമടുക്കുന്നതില്‍ മുന്‍ഗണന നല്‍കുന്നതിലൂടെയും ഹരിതസുരക്ഷാചട്ടങ്ങളുടെ പാലനം പ്രോത്സാഹിപ്പിക്കാനാവുമെന്ന് UNCTAD  കരുതുന്നു.


എന്നാല്‍ ഇക്കാര്യത്തില്‍ അതതു രാജ്യങ്ങള്‍ക്കാണ് തീരുമാനമെടുക്കാന്‍ അധികാരം. ഇന്ത്യയില്‍ വിഴിഞ്ഞം അടക്കം 13 പ്രധാന തുറമുഖങ്ങള്‍ ഉണ്ടെങ്കിലും കപ്പല്‍ഗതാഗതത്തില്‍ നിന്നുമുള്ള പരിസ്ഥിതിയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു നിയമവും ഇന്ത്യാ ഗവണ്‍മെന്‍റ് നാളിതുവരെയായും പാസാക്കിയിട്ടില്ല. ഇത് ഇന്ത്യന്‍ സമുദ്രങ്ങളിലെ മത്സ്യസമ്പത്തിനെത്തന്നെ നശിപ്പിക്കുന്ന തരത്തിലുള്ള സ്ഥിതിവിശേഷമാണ് സ്യഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല, കപ്പല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യം ഉണ്ടായിട്ടും  തീരദേശജനതയുടെ സാമ്പത്തിക സംരക്ഷണം ഉറപ്പുവരുപ്പുന്നതിനായി പ്രത്യേകമായ ഒരു ദുരിതാശ്വാസ നിധി (Marine Disaster Relief Fund) പോലും കേന്ദ്രസര്‍ക്കാര്‍ ഇനിയും രൂപീകരിച്ചിട്ടില്ല. 

പതിയിരിക്കുന്ന മറ്റൊരപകടം 


കപ്പലുകളില്‍ ഭാരം ക്രമീകരിക്കുന്നതിനായി തീരക്കടലില്‍ നിന്നും പമ്പുചെയ്ത് നിറയ്ക്കുന്ന വെള്ളമാണ് ബലാസ്റ്റ് വാട്ടര്‍ (Ballast Water). കപ്പലിലേക്ക് ചരക്ക് കയറ്റുന്ന സമയത്താണ് ഇതിനാവശ്യമായ വെള്ളവും കയറ്റുന്നത്. ഇത് കപ്പലിന്‍റെ എന്‍ജിന്‍ തണുപ്പിക്കുന്നതിനായും ഡ്രെയിനേജ് അടക്കമുള്ള ജൈവമാലിന്യങ്ങളെ മിശ്രണംചെയ്ത്ശേഖരിക്കുന്നതിനായും ഉപയോഗിക്കുന്നു. തീരക്കടലില്‍ നിന്നും കയറ്റുമ്പോള്‍ തന്നെ അതില്‍ രോഗകാരികളായ സൂക്ഷ്മജീവികള്‍ മുതല്‍ വലിപ്പത്തില്‍ ചെറുതായ പ്ളവകജീവികള്‍ മുതല്‍ മത്സ്യക്കുഞ്ഞുങ്ങള്‍, മറ്റു ജലജീവികള്‍ എന്നിവ ഉള്‍പ്പെട്ടേക്കാം


ഈ ബലാസ്റ്റ് വാട്ടര്‍ ലക്ഷ്യസ്ഥാനമായ തുറമുഖത്തെത്തുമ്പോള്‍ അവിടെയാണ് തുറന്നുവിടുന്നത്. ഇതിലൂടെ, അതതു തീരക്കടലില്‍ അതുവരെയില്ലാത്ത ജലജീവികളും സൂക്ഷ്മജീവികളും വളരെ വലിയ അളവില്‍ത്തന്നെ എത്തിക്കപ്പെടുന്നു. ഇത് തനതു ജൈവവൈവിധ്യത്താല്‍ സമ്പന്നമായ ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരക്കടലുകളെ ഗുരുതരമായി ബാധിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കോളറയ്ക്ക് കാരണമാവുന്ന വിബ്രിയോ കോളറൈ (Vibrio cholerae) പോലുള്ള രോഗാണുക്കള്‍ ഇതില്‍ ചിലതു മാത്രമാണ്. വിദേശഇനം കടല്‍ഒച്ചുകള്‍, കക്കകള്‍, കടല്‍ക്കളകള്‍, മത്സ്യഭോജികള്‍ തുടങ്ങിയ അധിനിവേശസ്പീഷീസു-(Invasive Species)കള്‍ മത്സ്യസമ്പത്തിനും തദ്ദേശീയ സ്പീഷീസുകള്‍ക്കും ഭീഷണിയാവുന്നു.

കേരളത്തിന്‍റെ തീരക്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ ബലാസ്റ്റ് വാട്ടര്‍ തറന്നുവിട്ടതിലൂടെ സംഭവിച്ച ഭാരവിതരണത്തിലെ വ്യതിയാനം കാരണമാണ് മുങ്ങിയത്. ചരക്കിറക്കുന്നതിന് സമാന്തരമായി ചട്ടങ്ങള്‍ പാലിക്കാതെ ബലാസ്റ്റ് വാട്ടര്‍ തുറന്നുവിട്ടതിലൂടെയാണ് കപ്പല്‍ 20 ഡിഗ്രി ചരിയുകയും കണ്ടെയിനറുകള്‍ വെള്ളത്തിലേക്ക് വീണ്, കപ്പലാകെത്തന്നെ മുങ്ങുകയും ചെയ്തത്. ബലാസ്റ്റ് വാട്ടര്‍ സ്യഷ്ടിക്കുന്ന അപകടങ്ങള്‍ തടയുന്ന അന്തര്‍ദേശീയ ഉടമ്പടി (Ballast Water Management Convention)  2004 മുതല്‍ നിലവിലുണ്ടെങ്കിലും ഇന്ത്യ ഇതുവരെ ഇതില്‍ ഒപ്പുവെച്ചിട്ടില്ല. ഇതു കാരണം ഇന്ത്യാ ഗവണ്‍മെന്‍റിന് ഇക്കാര്യത്തില്‍ ഏതൊരു വിധ നടപടികള്‍ സ്വീകരിക്കുന്നതും നഷ്ടപരിഹാരം ആവശ്യപ്പെടുന്നതും അസാധ്യമായി ത്തീര്‍ന്നു. നിലവില്‍ 86-ലധികം രാജ്യങ്ങള്‍ ഒപ്പുവെച്ചു കഴിഞ്ഞ 'അന്തര്‍ദേശീയ ബലാസ്റ്റ് വാട്ടര്‍ പരിപാലന ഉടമ്പടി'-യില്‍ ഇന്ത്യ ഒപ്പുവെക്കുന്നതിലൂടെയേ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരമാവൂ.

Referencehttps://www.greenpeace.org/india/en/publication/19990/below-deck-the-truth-beneath-what-you-sea-msc/

Jayachandran, P. R.. (2019). First record of the alien invasive biofouling mussel Mytella strigata (Hanley, 1843) (Mollusca: Mytilidae) from Indian waters. BioInvasions Records. 8. 828-837. 10.3391/bir.2019.8.4.11.