Thursday, September 7, 2017

ഇനി ചെറിയവനല്ല വൈറസ് !

"ഞാന്‍ കണ്ടു, ഒരുതുള്ളി വെള്ളത്തില്‍, ഈല്‍മത്സ്യത്തെപ്പോലെ നീന്തിത്തുടിക്കുന്ന ഒരുപറ്റം സൂക്ഷ്മജീവികളെ, അല്ല, ഒരു ജീവസമൂഹത്തെ...."നമ്മുടെ കാഴ്ചയ്ക്കപ്പുറം സൂക്ഷ്മജീവികളുടേതായ ഒരു ലോകമുണ്ടെന്നു കണ്ടെത്തിയ അന്റോണ്‍ വാന്‍ ലീവെന്‍ ഹൂക്ക് (Antonie van Leeuwenhoek,1632–1723) എന്ന ശാസ്ത്രജ്ഞന്‍ 1676-ല്‍ റോയല്‍ സൊസൈറ്റിക്കെഴുതിയ കത്തിലാണ് ഇങ്ങനെ എഴുതിയത്. ലീവെന്‍ ഹൂക്കിന്റെ ഈ കണ്ടെത്തലിനു ശേഷം പിന്നേയും വർഷങ്ങൾ കഴിഞ്ഞാണ് 'ബാക്ടീരിയ' (Bacteria) എന്ന വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മജീവികളെ കണ്ടെത്തുന്നത്.
നന്നേ ചെറിയ വലുപ്പത്തിലൂടെ കാഴ്ചയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവയായിരുന്നു 'ബാക്ടീരിയ'കള്‍. അതിലും ചെറിയ വലുപ്പത്തില്‍ ജീവന് നിലനില്‍ക്കാനാവില്ലെന്നായിരുന്നു ശാസ്ത്രലോകം അപ്പോള്‍ കരുതിയത്. 1892-ല്‍,.ദിമിത്രി  ഇവാനോവ്സ്കി (Dimitri Ivanovsky, 1864-1920) ) എന്ന റഷ്യന്‍ ശാസ്ത്രജ്ഞനാണ് ഈ ധാരണ തിരുത്തിയത്.
പുകയില ഇടിച്ചുപിഴിഞ്ഞ് ഉണ്ടാക്കിയ ചാറില്‍നിന്ന് അദ്ദേഹം 'ബാക്ടീരിയ'കളെക്കാള്‍ വലുപ്പത്തില്‍ ചെറിയ ഒരുതരം  സൂക്ഷ്മാണുക്കളെ കണ്ടെത്തി. 'വൈറസ്' (Virus)  എന്നാണ് ഇവയ്ക്ക് പേരു നല്‍കിയത്. 

അന്നുമുതല്‍ ഇന്നുവരെ 'ബാക്ടീരിയകളെക്കാള്‍ വലുപ്പത്തില്‍ ചെറിയവയാണ് വൈറസുകള്‍'എന്ന പൊതുധാരണയാണ് സാമാന്യജനത്തിനും ശാസ്ത്രവിദ്യാര്‍ഥികള്‍ക്കും ഇടയില്‍ ഉള്ളത്. എന്നാല്‍, ഇപ്പോഴിതാ, ബാക്ടീരിയയോളം വലുപ്പമുള്ള വൈറസിനെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. "ലോകത്തിലെ ഏറ്റവും വലുപ്പമുള്ള വൈറസ്" എന്നു വിശേഷിപ്പിക്കുന്ന ഇതിനു നല്‍കിയിരിക്കുന്ന പേര് 'പാന്‍ഡോറ വൈറസ്' (Pandora Virus) എന്നാണ്. ഓസ്‌ട്രേലിയയിലെ മെൽബോൺ ആസ്‌ഥാനമായുള്ള ലാ ട്രോബെ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ആണ് പാൻഡോറ വൈറസിനെ കണ്ടെത്തിയത്. 
സൂക്ഷ്മജീവികളുടെ വലുപ്പം സാധാരണ നാനോമീറ്ററിലാണ് പറയുന്നത്. ഒരു മില്ലിമീറ്ററിന്റെ 10 ലക്ഷത്തില്‍ ഒരംശത്തെയാണ് നാനോ മീറ്റര്‍ എന്നുപറയുന്നത്. സാധാരണ 1000 നാനോ മീറ്ററാണ് ഒരു ബാക്ടീരിയയുടെ ശരാശരി വലുപ്പം. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ വൈറസിന്റെ വലുപ്പം 1400 നാനോ മീറ്ററാണ്. അതായത് ബാക്ടീരിയയെക്കാള്‍ വലുപ്പമുള്ള വൈറസ്! 
സാധാരണ മൈക്രോസ്കോപ്പിലൂടെ കാണാന്‍ കഴിയുന്നു എന്നതാണ് ഈ വൈറസിന്റെ പ്രത്യേകത. വൈറസിനെ നിരീക്ഷിക്കാന്‍ ഇതുവരെ ഉപയോഗിച്ചിരുന്നത് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പാണ്. എന്നാല്‍ ഇനി പ്രകാശംകൊണ്ടു പ്രവര്‍ത്തിക്കുന്ന സാധാരണ മൈക്രോസ്കോപ്പിലൂടെയും വൈറസിനെ കാണാനാവും 'പാന്‍ഡോറാ വൈറസി'നെ! 
സാധാരണ മൈക്രോസ്കോപ്പ് അഥവാ 'ലൈറ്റ് മൈക്രോസ്കോപ്പി' (Light Microsope)ന്റെ ദൃശ്യപരിധി സംബന്ധമായ നിര്‍വചനം ഇനിമേല്‍ മാറ്റിയെഴുതേണ്ടിവരും. ബാക്ടീരിയയെ കാണാന്‍ ലൈറ്റ് മൈക്രോസ്കോപ്പ്, വൈറസിനെ കാണാന്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് എന്ന പറച്ചില്‍ ഇനിമേല്‍ നിലനില്‍ക്കാത്തതാവും.അതേസമയം, സാധാരണ വൈറസുകളുടെ വലുപ്പം 20 മുതല്‍ 300 നാനോ മീറ്ററിനുള്ളില്‍ നില്‍ക്കുന്നതാണെന്നും ഓര്‍മിക്കുക. 'പാന്‍ഡോറ വൈറസി'ന്റെ വലുപ്പം 1400 നാനോ മീറ്ററോളം ആയതിനാലാണ് അത് വൈറസുകള്‍ക്കിടയിലെ ഭീമനായി മാറുന്നത്. 
ഏതെങ്കിലുമൊരു ജീവശരീരത്തിനുള്ളില്‍ കടക്കുമ്പോഴേ വൈറസ് ഒരു 'ജീവി'യെപ്പോലെ പെരുമാറുകയുള്ളൂ. ജീവശരീരത്തിനു പുറത്താകുമ്പോള്‍ അത് വെറുമൊരു 'വസ്തു മാത്രമാകും. ജീവനില്ലാത്ത വെറുമൊരു 'വസ്തു'. ഈ ലോകത്ത് ഇന്നേവരെ തിരിച്ചറിയപ്പെട്ട വൈറസുകളെല്ലാം ഇങ്ങനെ "കള്ളം നടിച്ച് കിടക്കുന്നവ"യാണ്. 
ഈ ധാരണയാണ് പുതിയ 'ഭീമന്‍വൈറസ്' ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള ഒരു ശുദ്ധജല തടാകത്തിനടിയിലെ ചളിയില്‍നിന്നാണ് ശാസ്ത്രജ്ഞര്‍ക്ക് ഇതിനെ ലഭിച്ചത്. വൈറസുകള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയും എന്ന സൂചന നല്‍കുന്നതാണ് ഈ കണ്ടെത്തല്‍.

എന്താണ് പാന്‍ഡോറ?
ഗ്രീക്ക് പുരാണമനുസരിച്ച് ദൈവങ്ങളാൽ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ സ്ത്രീ ആയിരുന്നു പാൻഡോറ (Pandora). ഒരിക്കലും തുറക്കരുത് എന്ന നിർദ്ദേശം ഉണ്ടായിരുന്ന ഒരു പെട്ടി പാൻഡോറയുടെ കൈവശം ഉണ്ടായിരുന്നു. പക്ഷേ, അതിനുള്ളിൽ എന്താണ് എന്ന ആഗ്രഹം കൊണ്ട് പാൻഡോറ അത് തുറന്നു. അതോടെ ഈ ലോകം മുഴുവനും രോഗാണുക്കളും മറ്റു ദോഷകാരികളും കൊണ്ട് നിറഞ്ഞു എന്നാണ് കഥ. "അതീവനാശം വരുത്തുന്നത്" എന്ന അർത്ഥത്തിലാണ് 'പാൻഡോറ' എന്ന വാക്ക്‌ ഇന്നുപയോഗിക്കുന്നത്.

ഇത് ഗൈറസ്!
ലാ ട്രോബെ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയ പാൻഡോറ വൈറസിന്  പാൻഡോറവൈറസ്  ഡൾസിസ്  (Pandoravvirus dulsis) എന്നാണ് ഇതിന് പേരുനൽകപ്പെട്ടത്. പാൻഡോറവൈറസ്  സലൈനിസ്  (Pandoravvirus salinis) എന്ന വൈറസും ഇതും ജീവലോകത്തിലെ ഏറ്റവും വലിയ വൈറസുകളായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം 'ഭീമന്‍ വൈറസു'കളെ ശാസ്ത്രജ്ഞർ 'ഗൈറസ് ' (Girus).എന്നാണ് വിളിക്കുന്നത്. 'ജയന്റ് വൈറസ്' (Giant Virus)' എന്നതിന്റെ ചുരുക്കരൂപമാണ് 'ഗൈറസ്'.

വലുപ്പത്തിലെ താരതമ്യം
പാന്‍ഡോറ വൈറസ് : 1400 നാനോ മീറ്റര്‍
ബാക്ടീരിയ (ശരാശരി) : 1000 നാനോ മീറ്റര്‍
സാധാരണ വൈറസ് : 20-300 നാനോ മീറ്റര്‍
....................................................................................

'വിക്കിപ്പീഡിയ' എന്ന ഓണ്‍ലെെന്‍ എന്‍സെെക്ളോപീഡിയയിലെ Giant Virus എന്ന എന്‍ട്രിയില്‍ ദേശാഭിമാനി  'കിളിവാതിലി'ല്‍ ഞാന്‍ എഴുതിയ ഈ ലേഖനത്തിന്റെ റെഫറന്‍സ് കാണിച്ചിരിക്കുന്നു.  ലിങ്ക്: https://ml.wikipedia.org/wiki/ഗൈറസ്


Reference:  Smith B (26 July 2013). Pandoravirus discovered in La Trobe uni pond. The Age. Archived from the original on 20 August 2013. Retrieved 18 August 2013.