Tuesday, December 30, 2025

ചമ്പാരന്‍സത്യാഗ്രഹം@110

സത്യാഗ്രഹം എന്ന സമാന്തരങ്ങളില്ലാത്ത സമരമാര്‍ഗം ഗാന്ധിജി ആദ്യമായി ഉപയോഗിച്ചത് ഇന്നത്തെ ബീഹാറില്‍പ്പെടുന്ന ചമ്പാരനില്‍, ബ്രിട്ടീഷുകാരായ ഭൂവുടമകള്‍ക്കെതിരെ സമരംചെയ്തിരുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ്. ചമ്പാരിനില്‍നിന്നുയര്‍ന്നുവന്ന ഈ കൊടുങ്കാറ്റാണ് ദേശീയമായ ഒരൊറ്റവികാരമായിപ്പടര്‍ന്ന് ഇന്ത്യന്‍സ്വാതന്ത്ര്യസമരസ്ര്ഥാനത്തിനു തുടക്കമിട്ട ത്. ലോകത്തെ ഏറ്റവും വലിയ സൈനികശക്തികളിലൊന്നായിരുന്ന ബ്രിട്ടീഷ്സാമ്രാജ്യത്തെ അതിര്‍ത്തികളില്‍ ഒരിക്കലും സൂര്യനസ്തമിക്കാത്ത അധീശശക്തികളിലൊന്നിനെ, ഒരു പുല്‍ക്കൊടി നേരിടുന്നതിനു സമാനമായിരുന്നു സത്യാഗ്രഹം എന്ന സമരമാര്‍ഗം. ചമ്പാരന്‍ സത്യാഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികമാണ് 2015ലേത്. പക്ഷേ, ഇന്ത്യന്‍സ്വതന്ത്രപ്രസ്ഥാനത്തിന്‍റെ തീച്ചൂളയിലേക്ക് ഒരിക്കലുമണയാത്ത അഗ്നിസ്ഫുലിംഗങ്ങളെറിഞ്ഞുകൊടുത്ത അന്നത്തെ സാമൂഹ്യപശ്ത്താലം മാത്രമാണ് നാമിതുവരേയ്ക്കും പക്ഷേ വിലയിരുത്തിയിട്ടുള്ളത്.പത്തൊമ്പതാംനൂറ്റാണ്ടിന്‍റെ ശാസ്ത്രപുരോഗതിക്കും അറിഞ്ഞോ അറിയാതെയോ അതില്‍ അതിന്‍റേതായ ഒരു പങ്കുവഹിക്കാനുണ്ടായിരുന്നു. വ്യവസായവിപ്ളവത്തിന്‍റെ ആകാശം പതിവിലേറെ ചുവപ്പേറ്റിയ, പത്തൊമ്പതാംനൂറ്റാണ്ടിന്‍റെ അസ്തമയകാലത്തുനിന്നുമുള്ള ഒരു ചരിത്രം ചമ്പാരനിലെ കര്‍ഷകസമരങ്ങള്‍ക്കു പിന്നിലായി ഇപ്പോഴും ആരാലും വായിക്കാതെ കിടക്കുന്നുണ്ട്.

'ഇന്‍ഡിഗോ നേഷന്‍'

1498-ല്‍ ഇന്ത്യയിലേക്കുള്ള കപ്പല്‍പ്പാത കണ്ടെത്തപ്പെടുന്നതിനുമുമ്പേ യൂറോപ്പുകാര്‍ക്ക് പരിചയമുണ്ടായിരുന്ന ഒന്നായിരുന്നു ഇന്‍ഡിഗോ. പ്രക്യതിപകരുന്ന ചായങ്ങളില്‍ ഒരിക്കലും ഒളിമങ്ങാത്ത ഒരേയൊരണ്ണം: ക്യഷ്ണവര്‍ണ്ണംനീലനിറം. ഈജിപ്റ്റിലെ മമ്മികള്‍ പോലും ശതാബ്ദങ്ങളുടെ വിരുന്നുകാരെ കാത്തുകിടന്നത് വസ്ത്രാവരണങ്ങളിലെ ഇന്‍ഡിഗോ നിറവുമായിട്ടായിരുന്നു. ചരിത്രാതീതകാലം മുതല്‍ക്കേ ഇന്‍ഡിഗോയുടെ ഉറവിടമായിരുന്നു ഇന്ത്യ. ഗ്രീക്കുകാര്‍ ഇന്‍ഡിക്കോസ്  (Indikos) എന്നു പേരിട്ടിരുന്ന ഇന്‍ഡിഗോയുടെ അര്‍ത്ഥംതന്നെ څഇന്ത്യയില്‍നിന്നുള്ളچതെന്നായിരുന്നു. നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സംസ്ക്യതലിഖിതങ്ങളില്‍പ്പോലും ഇന്‍ഡിഗോയുടെസ്രോതസ്സിനെക്കുറിച്ചും നിര്‍മ്മിതിയെക്കുറിച്ചും പരാമര്‍ശമുണ്ട്. ലോകത്തിനു മുഴുവനുംവേണ്ട ഇന്‍ഡിഗോ സംഭാവന ചെയ്തുകൊണ്ട് ഇന്ത്യ ഒന്നാമതുമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം വരേയ്ക്കും ഇതുതന്നെയായിരുന്നു സ്ഥിതി.

ചിത്രശലഭങ്ങളെപ്പോലെ തോന്നിക്കുന്ന ചുവന്ന പൂക്കളും മെലിഞ്ഞുനീണ്ട പച്ചക്കായ്കളുമുള്ള ഒരു കൊച്ചുചെടിയായിരുന്നു ഇന്‍ഡിഗോ. പയറുചെടിയുടെ കുടുംബമായ പാപ്പിലിയോണേസി(Papilionaceae)യില്‍പ്പെടുന്ന കുലീനമായ ഒരംഗം. ശാസ്ത്രീയനാമം ഇന്‍ഡിഗോഫെറാ ടിങ്ടോറിയ (Indigofera tinctoria).നീലച്ചായം കിട്ടാന്‍ ലോകത്തിനുവേറെ മാര്‍ഗമില്ലാത്തതുകൊണ്ടല്ല ഇന്ത്യയില്‍മാത്രമുള്ള ഇന്‍ഡിഗോച്ചെടിക്ക് ഇത്രയും പ്രാധാന്യമുണ്ടായത്. തെക്കേഅമേരിക്കയിലുംമറ്റുമായി ഇതിന് ചില അപരന്‍മാരുമുണ്ടായിരുന്നു. പക്ഷേ, വിപണിക്കു താല്‍പ്പര്യം ഇന്ത്യന്‍ ഇന്‍ഡിഗോ തന്നെയായിരുന്നു. 1893-1897 കാലഘട്ടത്തില്‍ 6 ലക്ഷത്തിലധികം ഏക്കര്‍ സ്ഥലത്താണ് ഇന്ത്യയില്‍ ഇന്‍ഡിഗോ ക്യഷിചെയ്തിരുന്നത്. ഇന്‍ഡിഗോ പരിപാലനത്തില്‍മാത്രമല്ല, ഇലകളില്‍നിന്നും നീലച്ചായം വേര്‍തിരിക്കുന്നകാര്യത്തിലും ഇന്ത്യയ്ക്ക് നാട്ടറിവുകളുടേതായ തനതുസമ്പത്തുണ്ടാണായിരുന്നു. മറ്റ് ചില ചേരുവകളുംചേര്‍ത്ത് നന്നായിപൊടിച്ച് കടുംനീലനിറത്തില്‍ തയ്യാറാക്കിയിരുന്ന ഇതിനുപകരം പൊന്നുകൊടുക്കാന്‍ തയ്യാറായിരുന്നു യൂറോപ്പുകാര്‍. ഏറ്റവും വിലപിടിച്ച ചായങ്ങളിലൊന്നായിരുന്നു ഇന്‍ഡിഗോ. ബ്ളൂ ഗോള്‍ഡ് (ആഹൗല ഏീഹറ)എന്നാണ് യൂറോപ്പുകാര്‍ അതിനെ വിളിച്ചിരുന്നത്. ഒരുപക്ഷേ, ഇക്കാര്യത്തില്‍ നിന്നുതന്നെയാവണം  ഇന്‍ഡിഗോകര്‍ഷകരുടെ കഷ്ടകാലവും ആരംഭിക്കുന്നത്. 

ക്യത്രിമഇന്‍ഡിഗോ

വ്യവസായികവിപ്ളവം യൂറോപ്പിന്‍റെ സിരകളില്‍ പടര്‍ന്നിരുന്ന കാലമായിരുന്നു അത്. വിലപിടിപ്പുള്ള എന്തിനും തത്തുല്യമായ രാസപ്രതിരൂപങ്ങള്‍ വിപണിയിലിറക്കി ലാഭംകൊയ്യാനായി രാസവ്യവസായകമ്പനികള്‍ പരസ്പരം മത്സരിക്കുന്ന സമയം. വ്യാവസായികഉത്പന്നങ്ങള്‍ പരിഷ്ക്യതസമൂഹത്തിന്‍റെ മുഖമുദ്രകൂടിയായപ്പോള്‍ എല്ലാ വ്യാവസായിക സംരംഭങ്ങളുടേയും മുഖ്യശ്രദ്ധ അതിലേക്കായി. ഇന്‍ഡിഗോയുടെ കാര്യത്തിലും ഒരു അപരനായുള്ള അന്വേഷണം സ്വാഭാവികമായുരുന്നു. അന്നത്തെ ഏറ്റവും വലിയ രാസവ്യവസായസംരംഭമായിരുന്നു ജര്‍മ്മനിയിലെ BASF (Badische Anilin Soda Fabrik എന്ന് ജര്‍മ്മന്‍, ഇംഗ്ളീഷില്‍ Badische Anilin and Soda Company) എന്ന കമ്പനി. 1860കളില്‍ത്തന്നെ ചില പ്രക്യതിദത്തചായങ്ങള്‍ക്ക് പകരക്കാരെ സ്യഷ്ടിച്ചുകൊണ്ട് പ്രശസ്തിയാര്‍ജ്ജിച്ചിരുന്ന BASF-ന്‍റെ അടുത്ത ലക്ഷ്യം ഇന്‍ഡിഗോ ആയിരുന്നു. 

അന്നത്തെ കാലത്തുപോലും പത്തുലക്ഷംപൗണ്ട് ഇതിനായുള്ള ഗവേഷണങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്നറിയുമ്പോള്‍ ഇതിന് കമ്പനി സ്വപ്നംകണ്ടിരുന്ന വിപണനമൂല്യം ഊഹിക്കാവുന്നതാണല്ലോ. അങ്ങനെയിരിക്കെയാണ് ഇന്‍ഡിഗോയുടെ രാസഘടന പുറത്തുവന്നത്,1880ല്‍. ഒരു പ്രത്യേകഗവേഷണസംഘത്തെ ഇന്‍ഡിഗോ നിര്‍മ്മാണത്തിനായിമാത്രം നിയോഗിച്ചുകൊണ്ടാണ് BASF ഇതിനെ സ്വാഗതംചെയ്തത്. ഒരു നേരിയ വിജയം ഇതിനിടെ കടന്നുവന്നെങ്കിലും രാസവ്യവസായശാലവഴിയുള്ള അതിന്‍റെ നിര്‍മ്മാണം പ്രക്യതിദത്ത ഇന്‍ഡിഗോയെക്കാള്‍ ചെലവേറുന്നതായിരുന്നു. പക്ഷേ, ഗവേഷണത്തിന് പുതിയൊരു ദിശാബോധമുണ്ടാകുവാന്‍ അത് സഹായകമായി. വിജയം സമീപസ്ഥവുമായിരുന്നു. 1890-ല്‍, കാള്‍ ഹ്യൂമന്‍ (Carl Heumann) എന്ന BASF ശാസ്ത്രജ്ഞന്‍ ഇന്‍ഡിഗോച്ചായം ക്യതിമമായി നിര്‍മ്മിക്കുന്നതില്‍ ആത്യന്തികമായി വിജയിച്ചു. എങ്കിലും കുറഞ്ഞ ചെലവില്‍, ഫാക്ടറി അടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിക്കാന്‍തക്കവണ്ണം അതിനെ പരുവപ്പെടുത്താന്‍ ഹ്യൂമാന് കഴിഞ്ഞില്ല. അതിനുള്ള തുടര്‍ഗവേഷണങ്ങള്‍ക്കിടയിലായിരുന്നു ചരിത്രത്തിന്‍റെ തന്നെ ഗതി തിരുത്താന്‍ പര്യാപ്തമായിത്തീര്‍ന്ന ഒരു സംഭവത്തിന് ജര്‍മ്മനിയിലെ BASF-ഗവേഷണശാല സാക്ഷ്യംവഹിച്ചത്. 

പൊട്ടിവീണ ഒരു തെര്‍മോമീറ്റര്‍

കാള്‍ ഹ്യൂമാന്‍, ഇന്‍ഡിഗോ നിര്‍മ്മാണത്തിനുള്ള അടിസ്ഥാനഘടകമായിക്കണ്ടത് ആന്ത്രാനിലിക്ആസിഡ് (Anthranilic Acid) എന്ന രാസസംയുക്തമായിരുന്നു. ഏറ്റവുംകുറഞ്ഞ ചെലവില്‍ ഇത് നിര്‍മ്മിക്കുന്നതിനായിരുന്നു തടസമുണ്ടായിരുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് അക്കാലത്ത് അനാവശ്യമായി കെട്ടിക്കിടന്നിരുന്ന നാഫ്തലിന് ഒരു പ്രയോജനം കണ്ടെത്തുന്നതിലേക്ക് ശാസ്ത്രജ്ഞരുടെ ശ്രദ്ധപതിഞ്ഞത്. നാഫ്തലിനെ സള്‍ഫ്യൂറിക്കാസിഡുമായി ചേര്‍ത്ത് ഉയര്‍ന്ന താപനിലയില്‍ ചൂടാക്കിയാല്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന് തിരയുകയായിരുന്നു ലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. സാപ്പര്‍ എന്നു പേരുള്ള ഒരു പരീക്ഷണസഹായിയായിരുന്നു അന്ന് ഡ്യൂട്ടിക്കുണ്ടായിരുന്നത്. പുതുതായി ജോലികിട്ടിയ ഒരാളായിരുന്നു ഇതിനായി ഒരുക്കിയ പരീക്ഷണസംവിധാനത്തില്‍ തെര്‍മോമീറ്റര്‍ ഘടിപ്പിച്ചത്. പരിചയക്കുറവുമൂലം അത് ശരിയായി ഉറപ്പിക്കാന്‍ അയാള്‍ക്കുകഴിഞ്ഞില്ല. അത് ഇളകി താഴെ വീണു. 

വീണത് രാസപ്രവര്‍ത്തനത്തിനായി തയ്യാറാക്കിവച്ചിരുന്ന മിശ്രിതത്തിലേക്കായിരുന്നു. വീണമാത്രയില്‍ത്തന്നെ പൊട്ടി ഉള്ളിലെ മെര്‍ക്കുറി രാസമിശ്രിതത്തില്‍ കലരുകയും ചെയ്തു! ഞൊടിയിടയ്ക്കുള്ളിലാണ് എല്ലാം സംഭവിച്ചത്. നിസ്സഹായനായി അത് കണ്ടുനില്‍ക്കാനേ സാപ്പറിന് കഴിഞ്ഞുള്ളൂ. പക്ഷേ, അത്ഭുതകരമായ ഒരു കാര്യം അതിനകം സംഭവിച്ചുകഴിഞ്ഞിരുന്നു. അതുവരെ വളരെ പതുക്കെ നടന്നിരുന്ന രാസപ്രവര്‍ത്തനം, മെര്‍ക്കുറിയുടെ സാന്നിധ്യത്തില്‍ വളരെ വേഗത്തില്‍ നടന്നു. പൊട്ടിവീണ തെര്‍മോമീറ്ററിനുള്ളിലെ മെര്‍ക്കുറി, സള്‍ഫ്യൂറിക്കാസിഡുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടായ മെര്‍ക്കുറിക് സള്‍ഫേറ്റ് ഒരു രാസത്വരകമായി പ്രവര്‍ത്തിച്ചുകൊണ്ട് രാസപ്രവര്‍ത്തനത്തിന്‍റെ വേഗത വര്‍ദ്ധിപ്പിച്ചതായിരുന്നു  കാരണം. പ്രതീക്ഷിച്ച ഉല്‍പ്പന്നമായിരുന്നില്ല കിട്ടിയതെങ്കിലും അതിന് കാള്‍ ഹ്യൂമാന്‍  ക്യത്രിമഇന്‍ഡിഗോയുടെ അടിസ്ഥാനനിര്‍മ്മാണഘടകമായി കണ്ടെത്തിയ ആന്ത്രാനിലിക് ആസിഡുമായി വളരെയടുത്ത രാസബന്ധമുണ്ടായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍, കാള്‍ ന്യൂമാന്‍റെ നേത്യത്വത്തിലുള്ള ഗവേഷണസംഘം, വ്യാവസായികതലത്തിലുള്ള ഉത്പാദനത്തിന് ഉപയുക്തമാവുന്നതരത്തില്‍ ഇന്‍ഡിഗോയുടെ നിര്‍മ്മാണം രൂപകല്‍പ്പന ചെയ്തു, 1897-ല്‍!

ഇന്‍ഡിഗോവിപണിയുടെ തകര്‍ച്ച

പ്രക്യതിദത്ത ഇന്‍ഡിഗോയുടെ വിപണിയെ ഇടിച്ചുതാഴ്ത്തിക്കൊണ്ടാണ് അതിന്‍റെ രാസപ്രതിരൂപം ആഗോളവിപണികള്‍ കീഴടക്കിയത്. ആകര്‍ഷകമായ പാക്കറ്റുകളില്‍വന്ന ഫാക്ടറിനിര്‍മ്മിത ഇന്‍ഡിഗോയെ ജനം ആവേശത്തോടെ സ്വീകരിച്ചു. വിലക്കുറവ് ആകര്‍ഷകത്വത്തിനുള്ള മറ്റൊരു ഘടകമായി.  പ്രക്യതിദത്ത ഇന്‍ഡിഗോയുടെ ഉത്പാദനത്തേയും വിതരണത്തേയും ഇത് പിന്നീടൊരു തിരിച്ചുപോക്ക് അസാധ്യമാവുന്ന തരത്തിലാണ് തകര്‍ത്തത്. ബംഗാളിലും ഗുജറാത്തും ബീഹാറുമുള്‍പ്പെടുന്ന പ്രോവിന്‍സുകളിലുമായിട്ടായിരുന്നു അന്ന് ഇന്ത്യയിലെ ഇന്‍ഡിഗോക്യഷി. ഭൂമി പാട്ടത്തിനെടുത്ത് ക്യഷിചെയ്യുന്നവരായിരുന്നു അന്ന് ഇവിടങ്ങളിലെ ഇന്‍ഡിഗോകര്‍ഷകര്‍. 'തീന്‍കാതിയ' എന്ന പാട്ടസമ്പ്രദായമനുസരിച്ച് ക്യഷിഭൂമിയുടെ ഒരുഭാഗം എപ്പോഴും ഇന്‍ഡിഗോക്യഷിക്കായി നീക്കിവെയ്ക്കണമായിരുന്നു. 

പന്ത്രണ്ട് ശതമാനം വാര്‍ഷികപലിശയോടകൂടിയതായിരുന്നു പാട്ടത്തുക. രാജ്യാന്തരവിപണിയില്‍ ഇന്‍ഡിഗോയ്ക്ക് നേരിട്ട തകര്‍ച്ചമൂലം പാട്ടത്തുക തിരിച്ചടയ്ക്കാന്‍ തക്കവണ്ണമുള്ള വരുമാനമുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. പാട്ടത്തുക തിരിച്ചുനല്‍കാത്ത കര്‍ഷകരെ ബ്രിട്ടീഷുകാരായ ഭൂവുടമകള്‍ ക്രൂരമായി പീഠിപ്പിക്കാന്‍ തുടങ്ങി. പോരാത്തതിന് പുതിയൊരു നികുതികൂടി പാട്ടക്കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ഇന്‍ഡിഗോ കയറ്റുമതിയെ ആശ്രയിച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്ക് അവര്‍ക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കാനായിരുന്നു ഈ കരിനിയമം. ഇതിനെതിരെ കര്‍ഷകര്‍ പ്രതിക്ഷേധിച്ചു. ചമ്പാരനിലായിരുന്നു പ്രശ്നങ്ങള്‍ ഏറ്റവും രൂക്ഷം.

ഗാന്ധിജി ചമ്പാരനില്‍

ചമ്പാരനിലെ പിപ്ര എന്ന സ്ഥലത്ത്, 1914-ലാണ് ഇന്‍ഡിഗോ കര്‍ഷകര്‍ ആദ്യമായി ഭൂവുടമകള്‍ക്കെതിരെ പ്രക്ഷോഭം തുടങ്ങിയത്. ബ്രിട്ടീഷ് പട്ടാളത്തിന്‍റെ സഹായത്തോടെ ഭൂവുടമകള്‍ അത് അതിക്രൂരമായി അടിച്ചമര്‍ത്തി. എന്നാല്‍ സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. പ്രശ്നങ്ങള്‍ നേരിട്ടുകണ്ട് മനസിലാക്കുന്നതിനായി ഗാന്ധിജി അവിടേക്കെത്തി. അവിടെ കണ്ട കാഴ്ചകള്‍ തന്‍റെ ആത്മകഥയില്‍ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നുണ്ട്: "ഇത്രയും കണ്ണീരില്‍നിന്നാണ് ഈ നീലച്ചായത്തിന്‍റെ പിറവിയെന്ന് ഞാനറിഞ്ഞിരുന്നില്ല, പായ്ക്കറ്റ് രൂപത്തില്‍ അത് ഞാന്‍ മുമ്പ് കണ്ടിട്ടുണ്ടായിരുന്നുവെങ്കിലും..". വലിയൊരു കുഴപ്പത്തിന്‍റെ തുടക്കമായാണ് പ്രാദേശികഭരണാധികാരികള്‍ ഗാനധിജിയുടെ ചമ്പാരന്‍സന്ദര്‍ശനത്തെ കണ്ടത്. പോലീസ് സൂപ്രണ്ട് മുഖാന്തിരം, എത്രയും പെട്ടെന്ന് ചമ്പാരന്‍ വിട്ടുപൊയ്ക്കൊള്ളാന്‍ അവര്‍ ഗാന്ധിജിക്ക് അന്ത്യശാസനമയച്ചു. അതു നിക്ഷേധിച്ച ഗാന്ധിജി, കര്‍ഷകരോടൊപ്പം ചേര്‍ന്നുകൊണ്ട് സത്യാഗ്രഹം എന്ന സമരമുറ പ്രയോഗിച്ചു. 

മാത്രമല്ല, ബ്രിട്ടീഷ് നിയമങ്ങളെയൊന്നിനേയും അനുസരിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുതിയൊരു സമരപരിപാടിക്ക് തുടക്കമിടുകയുംചെയ്തു: സിവില്‍ ഡിസ്ഒബീഡിയന്‍സ് മൂവ്മെന്‍റ് (Civil Disobedience Movement).  
ആ പ്രകമ്പനത്തിന്‍റെ മാറ്റൊലിയാണ് ബ്രിട്ടീഷ്രാജ്ഞിയുടെ സിംഹാസനത്തെപ്പോലും വിറപ്പിച്ചുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരഗാഥയുടെ ആദ്യരണഭേരിയായി മാറിയത്. ചമ്പാരനുപുറമേ, ഗുജറാത്തിലെ ഖേദ ജില്ലയിലും ഇന്‍ഡിഗോ കര്‍ഷകര്‍ക്കായി ഗാന്ധിജി ശബ്ദമുയര്‍ത്തിയിരുന്നു (1918-1919). ഇവിടങ്ങളിലായിരുന്നു തുടക്കമെങ്കിലും ശക്തിയാര്‍ജ്ജിച്ചത് 1930-ല്‍ സൈമണ്‍ കമ്മിഷനെതിരെ നടന്ന പ്രതിക്ഷേധത്തിലൂടെയായിരുന്നു. ഇന്‍ഡിഗോക്യഷി വ്യാപകമായിരുന്ന ബംഗാളിലായിരുന്നു 1928 ഫെബ്രുവരി 28-ന് സൈമണ്‍ എത്തിയത്. എന്തായാലും സ്വതന്ത്രഇന്ത്യയില്‍ എന്നും നമുക്ക് കടപ്പാടുള്ളത് ചമ്പാരനിലെ ഇന്‍ഡിഗോ കര്‍ഷകരോടുതന്നെയാണ്. പിന്നെ പരിചയമില്ലാത്ത ജോലിക്കെത്തിയ സാപ്പറിനോടും 'ബലംകുറഞ്ഞ' ആ തെര്‍മോമീറ്ററിനോടും.

ഇന്‍ഡിഗോവിപ്ളവം

ഇന്ത്യാചരിത്രത്തില്‍ ഇന്‍ഡിഗോവിപ്ളവം (നീല്‍വിദ്രോഹ) എന്നറിയപ്പെടുന്നത് പക്ഷേ, ചമ്പാരനിലെ ഇന്‍ഡിഗോ കര്‍ഷകര്‍ നടത്തിയ സമരമല്ല. ബംഗാളിലായിരുന്നു അത് നടന്നത്. 1859 ഫെബ്രുവരിയില്‍, ഇനി ഇന്‍ഡിഗോച്ചെടിയുടെ വിത്തുകള്‍ വിതയ്ക്കേണ്ടതില്ലെന്ന് കര്‍ഷകര്‍ തീരുമാനമെടുത്തതോടെയാണ് സമരം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍, അരനൂറ്റാണ്ടിലേറെയായി കര്‍ഷകസമൂഹം അനുഭവിച്ചിരുന്ന കൊടിയ പീഠനങ്ങളാണ് അവസാനം ഇങ്ങനെയൊരു പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ഭക്ഷ്യവിളകള്‍ ക്യഷിചെയ്യാനനുവദിക്കാതെ, ഇന്‍ഡിഗോച്ചെടി മാത്രം ക്യഷി ചെയ്യിച്ചിരുന്ന ഭൂവുടമകള്‍ കര്‍ഷകരെ അടിമകളായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. വിപണിവിലയുടെ രണ്ടര ശതമാനം മാത്രമാണ് ജമീന്ദാര്‍മാരും ബ്രിട്ടീഷുകാരുമടങ്ങുന്ന ഭൂവുടമകള്‍ നല്‍കിയിരുന്നത്. പാട്ടത്തുക തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്ന പലരും കടക്കാരായി ജീവിക്കുകയും കടക്കാരായിത്തന്നെ മരിക്കുകയും ആ കടംവീടാന്‍ അടുത്ത തലമുറ നിര്‍ബന്ധിതമാവുകയുമായിരുന്നു. ക്യത്യമായി പണം തിരിച്ചടയ്ക്കാത്ത കര്‍ഷകരെ ഭൂവുടമകള്‍ കൊല്ലുകയും അവരുടെ വീടും വസ്തുവകകളും നശിപ്പിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഭൂവുടമകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. 

1833-ല്‍ പാസാക്കപ്പെട്ട ഇന്‍ഡിഗോ ആക്ട് ഭൂവുടമകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതായിരുന്നു. ഇതാണ് അവസാനം ഇന്‍ഡിഗോവിപ്ളവത്തിലേക്ക് നയിച്ചത്. കര്‍ഷകര്‍ ഇന്‍ഡിഗോ സംഭരണശാലകള്‍ ആക്രമിക്കുകയും ഭൂവുടമകളെ വിചാരണചെയ്ത് കൊല്ലുകയും ചെയ്തു. പല ഭൂവുടമകളും നാടുവിട്ടോടി. എന്നാല്‍ ജമീന്ദാര്‍സേന ബ്രിട്ടീഷ് പട്ടാളത്തിന്‍റെ സഹായത്തോടെ ശക്തമായി സമരത്തെ നേരിട്ടു. അനേകം കര്‍ഷകരെ അതിക്രൂരമായി മര്‍ദ്ധിച്ച് കൊന്നു. എതിര്‍ക്കാന്‍ ആളില്ലാതാവുംവരെ അടിച്ചമര്‍ത്തല്‍ തുടര്‍ന്നു. എങ്കിലും ബംഗാളിലാകെ പടര്‍ന്ന സമരം വലിയ വാര്‍ത്താപ്രാധാന്യംനേടി. ഇതേത്തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് 1860ല്‍ സ്ഥിതിഗതികളെ ക്കുറിച്ച് പഠിക്കുന്നതിനായി څഇന്‍ഡിഗോകമ്മിഷچനെ നിയമിച്ചു. ഇ.ഡബ്ളിയൂ. എല്‍. ടവര്‍ ആയിരുന്നു കമ്മിഷനെ നയിച്ചത്. "രക്തക്കറ പുരളാത്ത ഒരു പായ്ക്കറ്റ് ഇന്‍ഡിഗോ പോലും ഇംഗ്ളണ്ടില്‍ എത്തിച്ചേരുന്നില്ല" എന്നാണ് അദ്ദേഹം തന്‍റെ റിപ്പോര്‍ട്ടില്‍ എഴുതിയത്. ഇന്‍ഡിഗോവിപ്ളവം പ്രമേയമാക്കി എഴുതപ്പെട്ട ഒരു നാടകവും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിന് വിധേയമായിരുന്നു. ദീനബന്ധു മിത്ര രചിച്ച 'നീല്‍ദര്‍പ്പണ്‍' എന്ന നാടകം എന്ന നാടകം, മൈക്കേല്‍ മധുസൂധന്‍ മിത്ര എന്നയാള്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ഇത് പ്രസിദ്ധപ്പെടുത്തിയ റെവറെന്‍റ് ജെയിംസ് ലോങ് തടവിലാക്കപ്പെടുകയും  അദ്ദേഹത്തിന് വലിയൊരു തുക പിഴയിടുകയും ചെയ്തു. എന്നാല്‍ ഈ പിഴസംഖ്യ ഒരു ഇന്ത്യാക്കാരന്‍ അടച്ചുതീര്‍ത്തു. ബംഗാളിലെ പൊതുവേദിയില്‍ ആദ്യം കളിച്ച  പ്രൊഫഷണല്‍ നാടകവും നീല്‍ദര്‍പ്പണ്‍ ആയിരുന്നു.

വേര്‍ഡ്സ്വര്‍ത്ത് കവിതയിലും

ഇംഗ്ളണ്ടിലെത്തിയ ഇന്‍ഡിഗോച്ചായം ഉപയോഗിച്ച് തുണികള്‍ക്ക് നിറംപിടിപ്പിക്കുന്ന വ്യവസായവും തൊഴിലാളിപീഠനത്തിന്‍റെ ഇരുട്ടറകളായിരുന്നു. അനേകം വിഷവസ്തുക്കള്‍ ചേര്‍ത്ത് പരുവപ്പെടുത്തിയെടുക്കുന്ന ചായമാണ് തുണികളില്‍ ഉപയോഗിച്ചിരുന്നത്. ഇത് ഇന്‍ഡിഗോ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ പലരും അപകടത്തില്‍ പെടുന്നതിനോ രോഗഗ്രസ്തരാവുന്നതിനോ ഇടയാക്കിയിരുന്നു. താന്‍ ജീവിച്ച കോക്കെര്‍മൗത്ത് നഗരത്തിലെ ഇന്‍ഡിഗോ ഫാക്ടറികളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ കഷ്ടപ്പാടിനെക്കുറിച്ച ് വേര്‍ഡ്സ്വര്‍ത്ത് തന്‍റെ ആത്മകഥാപരമായ കവിതയില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രിലൂഡ് (Prelude)  എന്ന കവിത ഇങ്ങനെ പറയുന്നു: 

Doubtless, I should have then made common cause

With some who perished; haply perished too

A poor mistaken and bewildered offering

Unknown to those bare souls of miller blue


                                      


 

 

 

 

                         

രാസായുധങ്ങള്‍@110

ത്ര സുഖകരമല്ലാത്ത ഒരു ഓർമ്മയുടെ വാർഷികവുമായാണ് 2025 കടന്നുപോവുന്നത്. പക്ഷേ, ആരും അത് അറിയുകയോ ആഘോഷിക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രം. ഹിറ്റ്ലറുടെ നാസിപ്പട ആളുകളെ കൂട്ടക്കൊല ചെയ്യുകയും മനുഷ്യത്വരഹിതമായി പീഠിപ്പിക്കുകയും ചെയ്തിരുന്ന ഓഷോവിറ്റ്സ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് മോചിപ്പിക്കപ്പെട്ടതിന്‍റെ 70ാം വാര്‍ഷികമാണത്. 1945 ജനുവരി 27 നാണ് സോവിയറ്റ് യൂണിയന്‍റെ ചെമ്പട അവിടേയ്ക്ക് കടന്നുചെല്ലുകയും അവിടെയുണ്ടായിരുന്ന 7000-ത്തില്‍പ്പരം അന്തേവാസികളെ മോചിപ്പിക്കുകയും ചെയ്തത്. ഹിറ്റ്ലറുടെ അവസാനം എന്നതുപോലെ ഓഷോവിറ്റ്സ് ക്യാമ്പിന്‍റേയും അവസാനം ഉറപ്പുവരുത്തിയത് സോവിയറ്റ് ചെമ്പടയായിരുന്നു. അതോടൊപ്പം അറിയപ്പെടാത്ത മറ്റൊരുവാര്‍ഷികവും 2025-ന്റേതായുണ്ടായിരുന്നു. രാസായുധം യുദ്ധരംഗത്ത് ആദ്യമായി ഉപയോഗിക്കപ്പെട്ടതിന്‍റെ നൂറ്റിപ്പത്താം  വാര്‍ഷികം. ലോകചരിത്രത്തിലാദ്യമായി അതിന് വിധേയമാക്കപ്പെട്ടതും റഷ്യന്‍സേനക്കാരായിരുന്നു. പോളണ്ട് അതിര്‍ത്തിക്കടുത്തുള്ള  ബോളിമോവ് എന്ന സ്ഥലത്തുവെച്ചാണ് (Battle of Bolmov) ഈ ആക്രമണമുണ്ടായത്. ശ്വാസംമുട്ടിക്കുന്ന, ശ്വസനാവയവങ്ങളെ തിരിച്ചുവരവില്ലാതെ തകര്‍ക്കുന്ന സൈലൈല്‍ ബ്രോമൈഡ് (Xylyl bromide) എന്ന വിഷപദാര്‍ത്ഥമാണ് റഷ്യന്‍സേനയ്ക്കെതിരെ ഉപയോഗിച്ചത്. ചരിത്രത്തിലെ ആദ്യത്തെ രാസായുധപ്രയോഗമായി ചിത്രീകരിക്കപ്പെടുന്നത് പിന്നേയും മാസങ്ങള്‍ കഴിഞ്ഞ് വൈപ്രസ് എന്ന സ്ഥലത്തുവെച്ചുനടന്ന ചെറുയുദ്ധത്തില്‍ ഫ്രഞ്ചുകാര്‍ക്കെതിരെ രാസായുധം പ്രയോഗിക്കപ്പെട്ടതാണ്. ക്ളോറിന്‍ വാതകത്തെയാണ് നാസിപ്പട അവിടെ ഉപയോഗിച്ചത്. ബോളിമോറിലെ രക്തസാക്ഷികള്‍ തമസ്കരിക്കപ്പെടുമ്പോള്‍, ഒപ്പം മറയ്ക്കപ്പെടുന്നവയുടെ കൂട്ടത്തില്‍, സൈലൈല്‍ ബ്രോമൈഡ് എന്ന, ലോകത്തിലെ ഈ ആദ്യത്തെ രാസായുധത്തിന്‍റെ ചരിത്രവുമുണ്ട്.

അടിസ്ഥാനപരമായി ശ്വസനാവയവങ്ങള്‍ക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്ന ഒരു രാസപദാര്‍ത്ഥമാണ് സൈലൈല്‍ ബ്രോമൈഡ്. ഇതുകൊണ്ടുള്ള ആക്രമണത്തിന് വിധേയരാവേണ്ടിവരുന്നവര്‍ക്ക്, അതിശക്തമായ തുമ്മലും ഛര്‍ദ്ദി മുതലായ അസ്വസ്ഥ്യങ്ങളുമുണ്ടാവും. ഇത് അത്ര ഗൗരവമുള്ള കാര്യമല്ലെങ്കിലും യുദ്ധരംഗത്ത് ഇതിന് തന്ത്രപരമായ പ്രാധാന്യമുണ്ട്. ഛര്‍ദ്ദിയും തുമ്മലുമുണ്ടാവുമ്പോള്‍ ഒരു പട്ടാളക്കാരന് രാസായുധപ്രയോഗത്തെ തടയാനായി ധരിച്ചിരിക്കുന്ന മുഖാവരണം മാറ്റുകയല്ലാതെ മറ്റു നിവ്യത്തിയില്ലാത്ത അവസ്ഥ വരും. അത് നീക്കം ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥയിലായിരിക്കും കൂടുതല്‍ മാരകമായ രണ്ടാമത്തെ രാസായുധത്തിന്‍റെ പ്രയോഗം. ശ്വസിച്ചാല്‍ മരണം ഉറപ്പാവുന്ന തരത്തിലുള്ള വിഷവാതകമാണ് ഇപ്പോള്‍ വരുന്നത്. അതിലൊന്നാണ് ക്ളോറിന്‍. ബേയര്‍ തുടങ്ങിയ ജര്‍മ്മന്‍ രാസവ്യവസായികകമ്പനികള്‍, അവര്‍ ഉത്പാദിച്ചിരുന്ന രാസപദാര്‍ത്ഥങ്ങള്‍ക്കൊപ്പം വെറുതെ പുറന്തള്ളിയിരുന്ന ഉപോല്‍പ്പന്നമായിരുന്നു ക്ളോറിന്‍. ഇതിന് രാസായുധം എന്ന തരത്തിലുള്ള പ്രയോജനക്ഷമത കണ്ടെത്തിക്കൊടുത്തത് പ്രശസ്ത ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ഫ്രിറ്റ്സ് ഹേബര്‍ (Fritz Haber) ആയിരുന്നു. നാസിപ്പടയുടെ ഇത് സംബന്ധമായ നീക്കങ്ങള്‍ നേരത്തേ അറിഞ്ഞിരുന്നവര്‍ വിഷംവാതകപ്രയോഗം തടയുന്നതിന് മുഖാവരണം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഇത് നല്‍കുന്ന സുരക്ഷ നീക്കം ചെയ്യുന്നതിനായിരുന്നു സൈലൈല്‍ ബ്രോമൈഡ് ഉപയോഗിക്കപ്പെട്ടത്. സൈലൈല്‍ ബ്രോമൈഡ് അടങ്ങുന്ന 18,000 ബോംബുകളാണ് റഷ്യന്‍സേനയ്ക്കെതിരെ നാസികള്‍ ഉപയോഗിച്ചത്. 1915 ജനുവരി 31 നായിരുന്നു ഇത്.

ബോളിമോവിനുശേഷം റഷ്യന്‍സേനയ്ക്കെതിരെ നാസികള്‍ രാസായുധം ഉപയോഗിച്ചത് അവിടെനിന്നും അല്‍പ്പം മാറി, റാവ്കാ (Rawka) നദിയുടെ തീരത്തെത്തിയപ്പോഴാണ്. 9000 പേരെ മ്യതപ്രായരാക്കിയ ഇത് 1000 പേരുടെ ജീവനെടുക്കുകയും ചെയ്തു. 5,730 സിലിണ്ടറുകളിലായി എത്തിച്ച 168 ടണ്‍ ക്ളോറിന്‍ വാതകം വൈപ്രസ് യുദ്ധത്തില്‍ നാസികള്‍ ഉപയോഗിച്ചതായി പറയുന്നുണ്ടെങ്കിലും, നദീതീരത്തെ കൂട്ടക്കൊലയ്ക്ക് എത്ര ടണ്‍ ക്ളോറിന്‍ ഉപയോഗിക്കപ്പെട്ടു എന്നതിന് കണക്കേതുമില്ല. ശ്വാസകോശത്തിലെത്തുന്ന ക്ളോറിന്‍ വാതകം അവിടെയുള്ള ജലാംശവുമായി പ്രതിപ്രവര്‍ത്തിക്കുന്നതിലൂടെ ഏറ്റവും ശക്തമായ ആസിഡുകളിലൊന്നായ ഹൈഡ്രോക്ളോറിക് ആസിഡായി മാറുന്നു. മരിക്കാതെ രക്ഷപ്പെട്ടവര്‍തന്നെ നിലയ്ക്കാത്ത ചുമയുമായി നിത്യരോഗികളായി മാറുന്ന അവസ്ഥയാണുണ്ടാവുക. മാത്രമല്ല, മാരകഫലങ്ങള്‍ പുറത്തറിഞ്ഞതിനുശേഷം ഇതിന് മനശ്ശാത്രപരമായ ഒരു ആക്രമണശേഷിയും കൈവന്നിരുന്നു. പച്ചനിറത്തിലുള്ള ഒരു പുകയുടെ രൂപത്തിലാണ് ഇത് അന്തരീക്ഷത്തില്‍ പടര്‍ന്നിരുന്നത്. അതുകൊണ്ട്, പട്ടാളക്കാരില്‍ ഭീതിപടര്‍ത്താനും ക്ളോറിന്‍ പ്രയോഗത്തിന് കഴിഞ്ഞിരുന്നു. 

എന്നാല്‍, ഇത് പിന്നീട് നിറമില്ലാത്ത വിഷവാതകങ്ങള്‍ വികസിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ഇതിന് ഉദാഹരണമാവുന്നതായിരുന്നു ഉടനടിയുള്ള മരണം ഉറപ്പുവരുത്തുന്ന ഫോസ്ജീന്‍ (Phosgene).  ഒന്നാംലോകമഹായുദ്ധകാലത്ത,് ജര്‍മ്മനിയും ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും വെവ്വേറെയായി 1,90,000 ടണ്‍ ഫോസ്ജീന്‍ വാതകം സിലിണ്ടറുകളിലാക്കി സൂക്ഷിച്ചിരുന്നതായാണ് കണക്ക്. ക്രൂരതയുടെ നേര്‍ചിത്രമൊരുക്കിക്കൊണ്ട് പിന്നീട് വന്നതായിരുന്നു മസ്റ്റാര്‍ഡ് വാതകം (Mustard Gas). 'പടിഞ്ഞാറന്‍ മുന്നണി''യില്‍ ഇതുപയോഗിക്കപ്പെട്ടതിലൂടെ 56,000 റഷ്യന്‍പട്ടാളക്കാര്‍ മരിച്ചു. പാലസ്തീനെതിരെയാണ് ബ്രിട്ടന്‍ ആദ്യമായി, തങ്ങളുടേതായ മസ്റ്റാര്‍ഡ് വാതകം പരീക്ഷിക്കുന്നത്, 1915 ഏപ്രിലില്‍ നടന്ന ഗാസാ യുദ്ധത്തിലൂടെ. ഇതിനുശേഷം ഇത്രയും വ്യാപകമായ തരത്തില്‍ മസ്റ്റാര്‍ഡ് വാതകം ഉപയോഗിക്കപ്പെട്ടത് ഇറാന്‍ ഇറാക്ക് യുദ്ധകാലത്തായിരുന്നു.

രാസായുധങ്ങള്‍ വികസിപ്പിക്കപ്പെട്ടതും ഉപയോഗിക്കപ്പെട്ടതും ഒന്നാം ലോകമഹായുദ്ധ കാലത്തായിരുന്നുവെങ്കിലും യുദ്ധരംഗത്ത് ഏതെങ്കിലും തരത്തിലുള്ള വിഷപദാര്‍ത്ഥം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള രാജ്യാന്തര ഉടമ്പടി നേരത്തേ നിലനിന്നിരുന്നു. 1899-ലെ ഹേഗ് ഉടമ്പടിയുടെ 23ാം അനുച്ഛേദമായിരുന്നു ഇത് വിലക്കിയിരുന്നത്. എന്നാല്‍ ഇത് വിഷം പുട്ടിയ വെടിയുണ്ടകളോ പീരങ്കിയുണ്ടകളോ ഉപയോഗിക്കുന്നതിനെ മാത്രമാണ് വിലക്കുന്നതെന്നുപറഞ്ഞാണ് ജര്‍മ്മനി, വിഷവാതകങ്ങള്‍ നിറച്ച ബോംബുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. രാസായുധങ്ങളും ജൈവായുധങ്ങളും ഒരു പരിഷ്ക്യതസമൂഹത്തിന്‍റെ മനസ്സാക്ഷിക്കു ചേര്‍ന്നവയല്ലെന്നു പറഞ്ഞാണ് അവയെ വിലക്കിയത്, ജനീവാകരാര്‍ (Geneva Protocol) ആയിരുന്നു. 1925 ജൂണ്‍ 17-ന് ഒപ്പുവെയ്ക്കപ്പെട്ട ഇത് രാസായുധങ്ങളുടേയും ജൈവായുധങ്ങളുടേയും യുദ്ധരംഗത്തെ ഉപയോഗം മാത്രമാണ് വിലക്കിയത്. അവ നിര്‍മ്മിക്കുന്നതിനോ സംഭരിക്കുന്നതിനോ ജനീവാകരാര്‍ വിലക്കേര്‍പ്പെടുത്തിയില്ല. 

133 രാജ്യങ്ങള്‍ കക്ഷികളായിരുന്ന ഈ ഉടമ്പടി, ഒരു വെറും നോക്കുകുത്തിയാവുന്നതിന് ഇതിടയാക്കി. ഇത്തരം സാങ്കേതികമായ പഴുതുകളൊന്നുമില്ലാത്ത ഒരു ഉടമ്പടി രാസായുധങ്ങളുടെ നിയന്ത്രണത്തിനും നിരോധനത്തിനും മാത്രമായി നിലവിലെത്തുന്നത് 1993-ലാണ്. രാസായുധ നിയന്ത്രണ ഉടമ്പടി (Chemical Weapons Convention) എന്നറിയപ്പെടുന്ന ഇതനുസരിച്ച് കൈവശമുള്ള രാസായുധശേഖരം നശിപ്പിക്കുമെങ്കിലും താല്‍ക്കാലികമായി കൈയ്യില്‍വെയ്ക്കുമെന്ന് പറഞ്ഞിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് സിറിയ. ഉടമ്പടിയില്‍ ഒപ്പുവയ്ക്കാതെ അത് കൈവശം വെച്ചിരിക്കുന്നത് ഇസ്രായേലും. രാസായുധഉടമ്പടിയുടെ പരിധിയില്‍ വരാത്ത ചില രാസവസ്തുക്കള്‍ ഇന്നും വ്യാപകമായി സംഭരിക്കപ്പെടുന്നുമുണ്ട്. ഉദാഹരണമായി, വിയറ്റ്നാമിലും കെറിയന്‍ യുദ്ധത്തിലും അമേരിക്കയും മലയായില്‍ ബ്രിട്ടനും ഉപയോഗിച്ച ഏജന്‍റ് ഓറഞ്ച് (Agent Orange) പോലെയുള്ള രാസവസ്തുക്കള്‍.

എന്താണ് രാസായുധങ്ങള്‍?

രാസവസ്തുക്കളെ ആയുധമായി ഉപയോഗിക്കുന്നതാണ്, പൊതുവായി പറഞ്ഞാല്‍ രാസായുധങ്ങള്‍ (Chemical Weapons). മനുഷ്യരുള്‍പ്പെടെയുള്ള ജീവികളുടെ മരണമോ രോഗാവസ്ഥയോ ആണ് ഇവ ലക്ഷ്യമാക്കുന്നത്. രാസവസ്തുക്കള്‍ക്കു പകരം രോഗാണുക്കളെയാണ് ഉപയോഗിക്കുന്നതെങ്കില്‍, ജൈവായുധങ്ങള്‍ (Bio-weapons) എന്നായിരിക്കും അവ അറിയപ്പെടുക. എന്നാല്‍, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥങ്ങളെയാണ് ആയുധമായി ഉപയോഗിക്കുന്നതെങ്കില്‍, അവയെ ഒരേ സമയം രാസായുധങ്ങളായും ജൈവായുധങ്ങളായും കണക്കാക്കേണ്ടിവരും. ഇക്കാരണത്താല്‍, രാസായുധ നിയന്ത്രണ ഉടമ്പടി(Chemical Weapons Convention)യില്‍ ഫലത്തില്‍ ജൈവായുധങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇന്ന് നിലവിലുള്ളതും വികസിപ്പിക്കപ്പെട്ടിരിക്കുന്നതുമായ രാസായുധങ്ങളെ താഴെപ്പറയുന്ന തരത്തില്‍ ഇനംതിരിക്കാവുന്നതാണ്:

ശ്വാസംമുട്ടുണ്ടാക്കുന്നവ (Choking Agents): ശ്വാസംകിട്ടാതെയുള്ള മരണം സ്യഷ്ടിക്കുന്നവയാണിവ. ഉദാ: ഫോസ്ജീന്‍, ഡൈഫോസ്ജീന്‍.

പൊള്ളലുണ്ടാക്കുന്നവ (Blister Agents): കണ്ണ്, ശ്വാസകോശങ്ങള്‍, ത്വക്ക് എന്നിവിടങ്ങളില്‍ പൊള്ളലുണ്ടാക്കുന്നവ. ഉദാ: മസ്റ്റാര്‍ഡ് വാതകം, വിനൈല്‍ ആര്‍സിന്‍.

നാഡീവിഷങ്ങള്‍ (Nerve Agents): നാഡീവ്യവസ്ഥയെ തകര്‍ക്കുന്നവയോ പേശികളെ തളര്‍ത്തുന്നവയോ. ഉദാ: സാറിന്‍, ടാബുന്‍, സൈക്ളോസാറിന്‍.

ജീവവായുവിനെ തടയുന്നവ (Blood Agents): ശരീരകോശങ്ങള്‍ക്ക് രക്തത്തിലൂടെ ഓക്സിജന്‍ കിട്ടുന്നതിനെ തടയുന്നവ. ഉദാ: സയനോജെന്‍ ക്ളോറൈഡ്, ഹൈഡ്രജന്‍ സയനൈഡ്.

ചൊറിച്ചിലുണ്ടാക്കുന്നവ (Irritant Agents): അതികഠിനമായ ഛര്‍ദ്ദി, തുമ്മല്‍, കണ്ണുനീറ്റല്‍ എന്നിവ സ്യഷ്ടിക്കുന്നവ. ഉദാ: സൈലൈല്‍ ബ്രോമൈഡ്, ആഡംസൈറ്റ്.

മാനസികനിലയെ തകര്‍ക്കുന്നവ (Psycho-chemical Agents): അസ്വാഭാവികമായ മാനസികവ്യാപാരങ്ങള്‍ക്ക് വഴിയൊരുക്കുന്നവ. ഉദാ: ഫെന്‍സൈക്ളിഡൈന്‍, എല്‍.എസ്.ഡി.

രോഗാണു വിഷങ്ങള്‍ (Toxic Agents): ഭക്ഷ്യവിഷബാധയോ രോഗങ്ങളോ സ്യഷ്ടിക്കുന്ന രോഗാണുവിഷങ്ങള്‍. ഉദാ: ആന്ത്രാക്സ്, പന്നിപ്പനി, പക്ഷിപ്പനി തുടങ്ങിയവ സ്യഷ്ടിക്കുന്നവ. 



ഇന്ത്യയിലെ ആദ്യ ടെലഗ്രാം

ത്തൊന്‍പതാം നൂറ്റാണ്ടില്‍ അത് അവിശ്വസനീയമായിരുന്നു. ലണ്ടനില്‍ നിന്നുള്ള ഒരു സന്ദേശം 28 മിനിറ്റു കള്‍ക്കു ള്ളില്‍ കല്‍ക്കട്ടയില്‍ എത്തുക! അത്രയും സമയം കൊണ്ട് സഞ്ചരിച്ച ദൂരമോ 11,000 കിലോമീറ്റര്‍ !! പ്രധാനപ്പെട്ട യുദ്ധടെര്‍മിനലുകള്‍ തമ്മില്‍ വേഗത്തില്‍ ആശയവിനിമയം സാധ്യമാക്കുന്ന ലാന്‍ഡ് ലൈന്‍ സംവിധാനങ്ങള്‍ തന്ത്രപരമായി പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നവയായിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരു ടെലിഗ്രാഫ് ലൈന്‍ നിര്‍മ്മിക്കാനുള്ള പദ്ധതി 1850 മുതല്‍ക്കും അതിനുശേഷവും ആവര്‍ത്തിച്ച് ചര്‍ച്ചയ്ക്ക് വന്നിരുന്നു. അതിന്‍റെ ഫലമായി അതിനാവശ്യമായ ടെലഗ്രാഫ് സംവിധാനത്തിന്‍റെ ചില ഭാഗങ്ങള്‍ അവിടവിടെയായി പൂര്‍ത്തീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ 1870  വരെ തടസ്സമില്ലാത്തതും തുടര്‍ച്ചയുള്ളതുമായ ഒരു കണക്ഷന്‍ ഉനുണ്ടായിരുന്നില്ല. ഇത്രയും ദൂരം വരേയ്ക്കും വിവരങ്ങള്‍ കൈമാറാനുള്ള സാങ്കേതികസംവിധാനങ്ങള്‍ പോലും അന്ന് നിലവിലുണ്ടായിരുന്നില്ല. എന്നിട്ടും ഈ തടസ്സങ്ങളെ മറികടക്കാനുള്ള ശ്രമങ്ങള്‍ അന്ന് വര്‍ദ്ധിത താല്‍പ്പര്യത്തോടെയാണ് നിര്‍വ്വഹിക്കപ്പെട്ടത്. അതിന് ചുമതലപ്പെടുത്തപ്പെട്ടവര്‍ കടുത്ത വെല്ലുവിളികളെയാണ് നേരിട്ടത്.  ഒന്നാമതായി, ഈ ലൈനിന് 11,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടതുണ്ടായിരുന്നു.  വിവിധ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടായിരുന്നു. റഷ്യയും ഓട്ടോമന്‍ സാമ്രാജ്യവും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ കാരണം ഇന്ത്യയിലേക്കുള്ള ടെലഗ്രാഫ് ലൈന്‍ കടന്നുപോവാനായി പേര്‍ഷ്യ തിരഞ്ഞെടുക്കപ്പെട്ടു. അവസാനമായി, ബെര്‍ലിന്‍ ആസ്ഥാനമായുള്ള സീമെന്‍സ് & ഹാല്‍സ്കെ കമ്പനിയായിരുന്നു ലൈന്‍ സ്ഥാപിക്കലുകള്‍ക്കായുള്ള കരാറുകള്‍ക്ക് നേത്യത്വം വഹിച്ചത്. 

1867-ല്‍ ആവശ്യമായ എല്ലാ അനുമതികളും ലഭിക്കുകയും ലണ്ടന്‍ ആസ്ഥാനമായി ഇന്തോയൂറോപ്യന്‍ ടെലിഗ്രാഫ് കമ്പനി 1868 ഏപ്രിലില്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.  പുതിയ ടെലിഗ്രാഫ് ലൈന്‍ നിര്‍മ്മിക്കുക, പ്രവര്‍ത്തിപ്പിക്കുക എന്നിവയ്ക്കായി ഓഹരിദാതാക്കളില്‍ നിന്നും കമ്പനി 450,000 പൗണ്ട് സ്റ്റെര്‍ലിംഗ് മൂലധനമായി  സംഭരിച്ചു. സ്പോണ്‍സറിംഗ് രാജ്യങ്ങളിലെ മൂന്ന് യൂറോപ്യന്‍ വിപണികളിലും സ്റ്റോക്ക് എക്സ്ചേയ് ഞ്ചുകള്‍ സ്ഥാപിച്ചു: സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ 4.5 ശതമാനം, ബെര്‍ലിന്‍, ഹാംബര്‍ഗ്, ബ്രെമെന്‍ എന്നിവിടങ്ങളില്‍ 36 ശതമാനം, ലണ്ടനില്‍ 39 ശതമാനം. ബെര്‍ലിനിലെ സീമെന്‍സ് മാതൃകമ്പനിയും സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ റഷ്യന്‍ ബ്രാഞ്ചും ലാന്‍ഡ് ലൈന്‍ നിര്‍മ്മിക്കാന്‍ ഉത്തരവാദികളായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള സീമെന്‍സ് ബ്രദേഴ്സ് കരിങ്കടലിലൂടെ സമുദ്രാന്തരകേബിള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍ ബെര്‍ലിന്‍ ആസ്ഥാനത്തിന്‍റെ പങ്ക് പ്രത്യേകമായിരുന്നു. അവിടെയാണ് വെര്‍ണര്‍ വോണ്‍ സീമെന്‍സ് ഒരു പ്രത്യേക ടെലിഗ്രാഫ് ഉപകരണം വികസിപ്പിച്ചെടുത്തത്. അത് ഇന്‍റര്‍മീഡിയറ്റ് സ്റ്റേഷനുകളില്‍ നടത്തേണ്ടതും തെറ്റുകള്‍ കടന്നുകൂടാനിടയാക്കുന്നതുമായ മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്ന പരിമിതിയെ ഒഴിവാക്കി. പഞ്ച് ടേപ്പ് ഉപയോഗിക്കുന്നതിലൂടെ ട്രാന്‍സ്മിഷന്‍ പ്രക്രിയ കൂടുതല്‍ എളുപ്പമാക്കിയതും വെര്‍ണര്‍ സീമെന്‍സ് ആയിരുന്നു. ഇത് ഇന്തോയൂറോപ്യന്‍ ടെലിഗ്രാഫ് പദ്ധതിക്ക് സാങ്കേതിക മുന്നേറ്റം നല്‍കി.

പരിചയസമ്പന്നനായ ഒരു ടെലിഗ്രാഫ് എഞ്ചിനീയര്‍, 'സീമെന്‍സ് ടെലിഗ്രാഫ് ലൈന്‍' മൂന്ന് നിര്‍മാണഭാഗങ്ങളായി വിഭജിച്ചു. ഒന്ന് പ്രഷ്യന്‍റഷ്യന്‍ അതിര്‍ത്തിയിലെ തോണ്‍ മുതല്‍ ക്രിമിയന്‍ ഉപദ്വീപിലെ തുറമുഖ നഗരമായ കെര്‍ച്ച് വരെ. രണ്ടാമത്തേത് കരിങ്കടല്‍ കടന്ന് ജോര്‍ജിയയിലെ ടിഫ്ളിസിലേക്കും പേര്‍ഷ്യന്‍ അതിര്‍ത്തിയിലെ ജുല്‍ഫയിലേക്ക്. ഒടുവില്‍ അവിടെ നിന്ന് ടെഹ്റാനിലേക്ക്. 1868  ജൂണ്‍ തുടക്കത്തില്‍ നിര്‍മ്മാണം ആരംഭിച്ചു. പക്ഷേ, സീമെന്‍സ് മുഴുവന്‍ ലൈനും നിര്‍മ്മിച്ചില്ല. പ്രഷ്യന്‍റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് പേര്‍ഷ്യയിലെ ടെഹ്റാന്‍ വരെ. പൂര്‍ത്തിയായാല്‍, 4,700 കിലോമീറ്റര്‍ നീളമുള്ള പുതിയ സെഗ്മെന്‍റ് നിലവിലുള്ള ലൈനുകളുമായി ബന്ധിപ്പിച്ച് ലണ്ടന്‍കൊല്‍ക്കത്ത കണക്ഷന്‍ പൂര്‍ത്തിയാക്കും. വെറും രണ്ട് വര്‍ഷത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് 1870  ഏപ്രില്‍ 12 ന് ആദ്യത്തെ പരീക്ഷണാത്മക സന്ദേശമയയ്ക്കല്‍ നടത്തി. ലണ്ടനിലെ ടെലിഗ്രാഫ് സ്റ്റേഷനില്‍ ഇതിന് സാക്ഷ്യം വഹിക്കാന്‍ വിശിഷ്ടാതിഥികളെ ക്ഷണിച്ചിരുന്നു. ഇന്ത്യയിലേക്ക് അയയ്ക്കുന്ന സന്ദേശം ടെഹ്റാന്‍ വരെ എത്തുന്നതായുള്ള വിജയകരമായ സൂചന ലഭിച്ചു. കൊല്‍ക്കത്തയിലേക്കുള്ള ടെലിഗ്രാഫ് ലൈന്‍ പിന്നീടാണ് സ്ഥാപിച്ചത്. വെര്‍ണര്‍ വോണ്‍ സീമെന്‍സും ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. അന്നുതന്നെ തന്‍റെ സഹോദരന്‍ കാളിന് എഴുതിയ കത്തിയ സീമെന്‍സ് ഇങ്ങനെ പറഞ്ഞു: "മേല്‍ക്കൂരയില്‍ നിന്ന് ഉറക്കെ വിളിച്ചു പറയുക... ഞങ്ങള്‍ ഒരു മിനിറ്റിനുള്ളില്‍ ഒരു സന്ദേശം ടെഹ്റാനിലേക്കും കൊല്‍ക്കത്തയിലേക്കും എത്തിച്ചുവെന്ന്..""

ടെലിഗ്രാഫിലൂടെയുള്ള വാര്‍ത്താവിനിമയത്തിലെ  എക്കാലത്തേയും ഒരു നാഴികക്കല്ലായിരുന്നു ഇന്തോയൂറോപ്യന്‍ ടെലിഗ്രാഫ് ലൈന്‍. 1870  മുതല്‍ 1931 വരെയുള്ള 60 വര്‍ഷക്കാലം അത് അതേപടി തുടര്‍ന്നിരുന്നു. സാങ്കേതികമായ കുറവുകളല്ല ഇത് ആത്യന്തികമായി അവസാനിപ്പിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വയര്‍ലെസ് റേഡിയോകള്‍ വ്യാപകമായി നിലവില്‍ വന്നതാണ് ടെലഗ്രാഫ് സംവിധാനങ്ങളെ പിാട്ടേടിച്ചത്. പക്ഷേ ഇത് അന്തര്‍ദേശീയതലത്തിലെ കാര്യം. എന്നാല്‍, ഇന്ത്യയിലെ ടെലിഗ്രാഫ് സേവനങ്ങള്‍ക്ക് 1850 മുതല്‍ തുടക്കമായിരുന്നു. ടെലിഗ്രാഫ് എന്ന 'കമ്പിയില്ലാക്കമ്പി'-യുടെ വരവോടെയാണ് ഇന്ത്യയില്‍ ആധുനിക വാര്‍ത്താവിനിമയത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഒന്നാണ് ഇന്ത്യന്‍ ടെലിഗ്രാഫ്. 1850ല്‍ കല്‍ക്കട്ടയ്ക്കും ഡയമണ്ട് ഹാര്‍ബറിനുമിടയില്‍ ആദ്യത്തെ പരീക്ഷണാത്മക ഇലക്ട്രിക് ടെലിഗ്രാഫ് ലൈന്‍ ആരംഭിച്ചു. 

1851-ല്‍ ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉപയോഗത്തിനായാണ് ഇതിന് തുടക്കമായത്. അക്കാലത്ത് പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലാണ് ടെലിഗ്രാഫ് വകുപ്പിനെ ഉള്‍പ്പെടുത്തിയിരുന്നത്.  1853 നവംബറില്‍ 4,000 മൈല്‍ (6,400 കിലോമീറ്റര്‍) ടെലിഗ്രാഫ് ലൈനുകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഇവ കൊല്‍ക്കത്തയെയും (അന്നത്തെ കല്‍ക്കട്ടയെയും) വടക്ക് പെഷവാറിനെയും ബന്ധിപ്പിച്ചു. പിന്നെ, ആഗ്ര, ബോംബെ, സിന്ധ്വഘാട്ടിലൂടെ, തെക്ക് മദ്രാസ്, ഊട്ടാകാമുണ്ട്, ബാംഗ്ലൂര്‍ വരെയെത്തി.. ഇന്ത്യയിലെ ടെലിഗ്രാഫിനും ടെലിഫോണിനും തുടക്കമിട്ട വില്യം ഓഷൗഴവഗ്നെസി (William O'Shaughnessy) പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. ഈ കാലയളവിലുടനീളം ടെലികോം വികസനത്തിനായി പ്രവര്‍ത്തിച്ചു. 1854ല്‍ ടെലിഗ്രാഫ് സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിത്തുടങ്ങിയപ്പോള്‍ മാത്രമാണ് അതിനായി ഒരു പ്രത്യേക വകുപ്പ് സ്യഷ്ടിക്കപ്പെട്ടത്. 1854 ഏപ്രില്‍ 27ന് മുംബൈയില്‍ നിന്ന് പൂനെയിലേക്ക് ടെലഗ്രാഫ് സന്ദേശം എന്ന ആദ്യത്തെ ടെലിഗ്രാം അയച്ചു. 1876 ല്‍ അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ടെലിഫോണിന് പേറ്റന്‍റ് നേടിയതിനുശേഷവും ഇന്ത്യയില്‍ ടെലിഗ്രാഫ് സേവനം അഭിവൃദ്ധിപ്പെടുത്താനും നിലനിറുത്താനുമുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. 

1880-ല്‍, രണ്ട് ടെലിഫോണ്‍ കമ്പനികളായ ദി ഓറിയന്‍റല്‍ ടെലിഫോണ്‍ കമ്പനി ലിമിറ്റഡ്, ആംഗ്ലോഇന്ത്യന്‍ ടെലിഫോണ്‍ കമ്പനി ലിമിറ്റഡ് എന്നിവ ഇന്ത്യയില്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിക്കുന്നതിന് ഇന്ത്യാ സര്‍ക്കാരിനെ സമീപിച്ചു. ടെലിഫോണ്‍ മേഖല സര്‍ക്കാര്‍ കുത്തകയാണെന്നും സര്‍ക്കാര്‍ തന്നെ പണി ഏറ്റെടുക്കുമെന്നും പറഞ്ഞ് പക്ഷേ അനുമതി നിഷേധിച്ചു. 1881 ല്‍, സര്‍ക്കാര്‍ മുന്‍ നിലപാടില്‍ നിന്ന് മാറുകയും കൊല്‍ക്കത്ത, ബോംബെ, മദ്രാസ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ആരംഭിക്കുന്നതിന് ഇംഗ്ലണ്ടിലെ ഓറിയന്‍റല്‍ ടെലിഫോണ്‍ കമ്പനി ലിമിറ്റഡിന് ലൈസന്‍സ് നല്‍കുകയും ചെയ്തു.  രാജ്യത്ത് ആദ്യത്തെ ലേഹല പചാരിക ടെലിഫോണ്‍ സേവനം ആരംഭിക്കുകയും ചെയ്തു. 1882 ജനുവരി 28ന് ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ കൗണ്‍സില്‍ അംഗമായിരുന്ന മേജര്‍ ഇ. ബാരിംഗ് (Major E. Baring) കൊല്‍ക്കത്ത, ബോംബെ, മദ്രാസ് എന്നിവിടങ്ങളില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ തുറന്നതായി പ്രഖ്യാപിച്ചു. 'സെന്‍ട്രല്‍ എക്സ്ചേഞ്ച്' എന്ന് പേരിട്ടിരിക്കുന്ന കൊല്‍ക്കത്തയിലെ എക്സ്ചേഞ്ചിന്‍റെ പ്രാരംഭഘട്ടത്തില്‍ ആകെ 93 വരിക്കാര്‍ മാത്രമാണുണ്ടായിരുന്നത്.  

1850 മുതല്‍ 1902  വരെ ടെലിഗ്രാമുകള്‍ ലോഹക്കമ്പികളിലൂടെയായിരുന്നുവെങ്കിലും 1902-ല്‍ ല്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ശ്യംഖല വയര്‍ലെസ് ആയി. 1857 ലെ പട്ടാളവിപ്ളവത്തെ (ശിപ്പായിലഹള) അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞത് ടെലിഗ്രാഫ് സംവിധാനം നിലവിലുണ്ടായിരുന്നത് കാരണമായിരുന്നു. തങ്ങളുടെ സൈന്യത്തെ വേഗത്തില്‍ അണിനിരത്താന്‍ ടെലിഗ്രാഫ് ശ്യംഖല ബ്രിട്ടീഷുകാരെ സഹായിച്ചു. ഇത് കലാപകാരികളുടെ ആസൂത്രണങ്ങളും പദ്ധതികളും തകരുന്നതിനു കാരണമായി. ആ വര്‍ഷത്തിന്‍റെ അവസാനത്തില്‍, സ്വന്തമായ ഒരു ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിക്കപ്പെടുന്നതിനും ബോംബെ നഗരം സാക്ഷ്യം വഹിച്ചു.  എന്നാല്‍, ആഗോളതലത്തില്‍, 1960കളില്‍ പ്രചാരത്തിലെത്തിയ ഡിജിറ്റല്‍ സാങ്കേതികതയും അതിന്‍റെ അടിസ്ഥാനത്തിലുള്ള ആശയവിനിമയവും ടെലിഗ്രാഫിന്‍റെ തുടര്‍ച്ചയായ പ്രസക്തിക്ക് ഭീഷണിയുയര്‍ത്തി. 1980 കളോടെ, ഡിജിറ്റല്‍ ഫാക്സ് മെഷീന്‍, 1930 കള്‍ മുതല്‍ നിലനിന്നിരുന്ന ടെലിഫോണ്‍ ബന്ധിതമായ അനലോഗ് ഫേസിമൈല്‍ ടെലിഗ്രാഫിന്‍റെ സ്ഥാനം കയ്യടക്കി. എങ്കിലും ഇന്ത്യയില്‍ 1980 കളായിരുന്നു ഇന്ത്യയിലെ ടെലിഗ്രാഫ് സേവനത്തിന്‍റെ സുവര്‍ണ്ണകാലം: അന്ന് ദില്ലി കമ്പിത്തപാലാഫീസില്‍ മാത്രം പ്രതിദിനം ഒരു ലക്ഷത്തിലധികം ടെലിഗ്രാമുകള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നുവത്രേ! 

1990-കളില്‍ ബിഎസ്എന്‍എല്‍, ഇന്ത്യന്‍ തപാല്‍ സര്‍വ്വീസില്‍ നിന്നും ടെലിഗ്രാഫ് സേവനത്തെ വേര്‍പെടുത്തി. 1990 കളുടെ അവസാനത്തിലും 2000ന്‍റെ തുടക്കത്തിലുമുള്ള മൊബൈല്‍ഫോണ്‍ വിപ്ലവം ഇന്ത്യന്‍ ടെലിഗ്രാഫ് സേവന ത്തിന്‍റെ നില കൂടുതല്‍ പരിതാപകരമാക്കി.  2011 ല്‍, 60 വര്‍ഷത്തെ കാലയളവിനുശേഷം ബിഎസ്എന്‍എല്‍ ടെലിഗ്രാമിന്‍റെ വില ഉയര്‍ത്തി. 50 വാക്കുകള്‍ക്ക് മൂന്നോ നാലോ രൂപ ആയിരുന്നതില്‍ നിന്ന് നിന്ന് 27 രൂപ വരെ ഉയര്‍ത്തി. എന്നാല്‍ അതേ വര്‍ഷം തന്നെ അനവധി നഷ്ടങ്ങള്‍ സംഭവിച്ചു, പ്രതിവര്‍ഷം 75 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നുവെങ്കിലും,  ഇത് പ്രവര്‍ത്തിപ്പിക്കാനും കൈകാര്യം ചെയ്യാനും 100  കോടിയിലധികം രൂപ ചെലവാകുന്ന അവസ്ഥയായിരുന്നു. അതിനാല്‍, 2013 ല്‍ ടെലിഗ്രാഫ് സേവനത്തിന് തിരശ്ശീലയിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 160  വര്‍ഷത്തിലേറെയായി ഇന്ത്യയിലെ ജനങ്ങളെ സേവിച്ചിരുന്ന ഒരു ഐക്കണിക് ആയ ആശയവിനിമയസംവിധാനത്തിന്‍റെ അവസാന ദിവസമായിരുന്നു ജൂലൈ 15. മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ സേവനത്തിന്‍റെ അവസാന ആഴ്ചയില്‍, ആയിരക്കണക്കിന് ജനങ്ങള്‍ ടെലിഗ്രാം ബുക്കിംഗ്  നടത്തുകയും അതിലൂടെ ടെലഗ്രാം സന്ദേശവിനിമയത്തെ അവിസ്മരണീയമാക്കുകയും ചെയ്യുകയുണ്ടായി.

..................................................................................

ഇന്ത്യന്‍ വാര്‍ത്താവിനിമയരംഗത്തെ നാഴികക്കല്ലുകള്‍

1850  കൊല്‍ക്കത്തയ്ക്കും ഡയമണ്ട് ഹാര്‍ബറിനുമിടയില്‍ ആദ്യത്തെ പരീക്ഷണാത്മക ഇലക്ട്രിക് ടെലിഗ്രാഫ് ലൈന്‍ ആരംഭിച്ചു.

1854  ടെലിഗ്രാഫ് സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിത്തുടങ്ങി.

1854  ആദ്യത്തെ ടെലിഗ്രാം ഏപ്രില്‍ 27ന് മുംബൈയില്‍ നിന്ന് പൂനെയിലേക്ക് അയച്ചു.

1902  സാഗര്‍ ദ്വീപിനും സാന്‍ഡ്ഹെഡിനും ഇടയില്‍ ആദ്യത്തെ വയര്‍ലെസ് ടെലിഗ്രാഫ് സ്റ്റേഷന്‍ സ്ഥാപിച്ചു.

1907  കാണ്‍പൂരില്‍ ആദ്യത്തെ സെന്‍ട്രല്‍ ബാറ്ററി ഓഫ് ടെലിഫോണുകള്‍ ഏര്‍പ്പെടുത്തി.

1913-1914  ആദ്യത്തെ ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഷിംലയില്‍ സ്ഥാപിച്ചു.

1927  ബ്രിട്ടണും ഇന്ത്യയ്ക്കുമിടയില്‍ റേഡിയോടെലിഗ്രാഫ് സംവിധാനം, ഖഡ്കി, ഡൗണ്ട് എന്നിവിടങ്ങളില്‍ ഇംപീരിയല്‍ വയര്‍ലെസ് സ്റ്റേഷനുകള്‍. ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവുമായി ആശംസകള്‍ കൈമാറുന്നതിലൂടെ ഇര്‍വിന്‍ പ്രഭുവാണ് ജൂലൈ 23ന് ഇത് ഉദ്ഘാടനം ചെയ്തത്.

1933  ബ്രിട്ടണും ഇന്ത്യയും തമ്മില്‍ റേഡിയോ ടെലിഫോണ്‍ സംവിധാനം ഉദ്ഘാടനം ചെയ്യപ്പെട്ടു.

1947  ജബല്‍പൂരിലെ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജില്‍ ഇന്ത്യയില്‍ ആദ്യത്തെ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ആരംഭിച്ചു.

1953  പന്ത്രണ്ട് ചാനലുകളുള്ള കാരിയര്‍ സംവിധാനം അവതരിപ്പിച്ചു.

1960  ലഖ്നൗവിനും കാണ്‍പൂറിനുമിടയില്‍ ട്രങ്ക് ഡയലിംഗ് റൂട്ട് ആരംഭിച്ചു. 

1975  ബോംബെ സിറ്റിക്കും അന്ധേരിക്കുമിടയില്‍ ആദ്യത്തെ പിസിഎം സംവിധാനം ആരംഭിച്ചു.

1976  ആദ്യത്തെ ഡിജിറ്റല്‍ മൈക്രോവേവ് ജംഗ്ഷന്‍.

1979  ലോക്കല്‍ ജംഗ്ഷനായുള്ള ആദ്യത്തെ ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനം പൂനെയില്‍ കമ്മീഷന്‍ ചെയ്തു.

1980   ആഭ്യന്തര ആശയവിനിമയത്തിനായുള്ള ആദ്യത്തെ സാറ്റലൈറ്റ് എര്‍ത്ത് സ്റ്റേഷന്‍ യുപിയിലെ സിക്കന്ദരാബാദില്‍ സ്ഥാപിച്ചു.

1983  മുംബൈയില്‍ കമ്മീഷന്‍ ചെയ്ത ട്രങ്ക് ലൈനുകള്‍ക്കായുള്ള ആദ്യത്തെ അനലോഗ് പ്രോഗ്രാം കൈമാറ്റം.

1984  തദ്ദേശീയ വികസനത്തിനും ഡിജിറ്റല്‍ എക്സ്ചേഞ്ചുകളുടെ ഉല്‍പാദനത്തിനുമായി സിഡോട്ട് സ്ഥാപിച്ചു.

1995  ആദ്യത്തെ വാണിജ്യേതര മൊബൈല്‍ ടെലിഫോണ്‍ സേവനം ഓഗസ്റ്റ് 15 ന് ദില്ലിയില്‍ ആരംഭിച്ചു.

1995  ഇന്‍റര്‍നെറ്റ് ഇന്ത്യയില്‍. ഓഗസ്റ്റ് 15 ന് ദില്ലിയിലെ ലക്ഷ്മി നഗറില്‍ തുടക്കമായി.

2013 ഇന്ത്യയിലെ ടെലിഗ്രാം സേവനം ഔദ്യോഗികമായി നിറുത്തലാക്കി: 2013 ജൂലൈ 13-ന്.


Monday, December 29, 2025

ജാസ്@50

1975 സെപ്റ്റംബര്‍ 5-നാണ് ലോകസിനിമാ വ്യവസായചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ ചിത്രമായ ജാസ് (JAWS)  പുറത്തിറങ്ങിയത്. സാമാന്യജന സമൂഹത്തിന്‍റെ  പൊതുബോധത്തില്‍ മുന്‍പില്ലാതിരുന്ന തരത്തിലുള്ള ഒരുതരം ഭയത്തെ രൂപപ്പെടുത്താനും അതിനെ നിലനിറുത്താനും കഴിഞ്ഞു എന്നതിലായിരുന്നു ജാസിന്‍റെ വിജയം.  പീറ്റര്‍ ബെഞ്ച്ലിയുടെ നോവലാണ് അതേ പേരില്‍  സ്പീല്‍ബെര്‍ഗ് സിനിമയാക്കിയത്.  ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് എന്നറിയപ്പെടുന്ന  സ്രാവുകള്‍ മനുഷ്യഭോജികളും അക്രമാസക്തരുമാണെന്നും തീരക്കടലിലേക്കും അവ കടന്നുവരാമെന്നുമുള്ള ആശങ്കയെ അതിന്‍റെ ജീവശാസ്ത്രപരമായ സംഭവ്യതകളെക്കുറിച്ചൊന്നും ചിന്തിക്കാന്‍ മിനക്കെടാതെ ജനങ്ങള്‍ അപ്പാടെ വിഴുങ്ങി. ഫലമോ, റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ മാത്രം കഴിയുന്നതിനിടെ അത് ഗോഡ്ഫാദര്‍ സിനിമയുടെ സര്‍വ്വകാലകളക്ഷന്‍ റെക്കോര്‍ഡിനെ 38 മില്യണ്‍ ഡോളറിലധികം നേടിക്കൊണ്ട് മറികടന്നു. കാര്‍ക്കാരഡോണ്‍ കാര്‍കാരിയാസ് (Carcharodon carcharias) എന്ന ശാസ്ത്രീയനാമമുള്ള ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ എന്തുപറയുന്നു എന്നതിനെക്കാള്‍ അവയെക്കുറിച്ച് നാവികരും മീന്‍പിടുത്തക്കാരുമായ സാധാരണക്കാര്‍ എന്തു പറയുന്നു, എന്ത് വിശ്വസിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പീറ്റര്‍ ബെന്‍ച്ലി നോവലെഴുതിയത്. അതേ അസംഭവ്യതകളെ യാഥാര്‍ത്ഥവല്‍ക്കരിക്കാനാണ് സ്പീല്‍ബെര്‍ഗും ശ്രമിച്ചത്.  

വില്ലനായെത്തുന്ന ഒരു സ്രാവിനെ ജീവനോടെ പിടിക്കുക എന്നതായിരുന്നു അതിനായി വാടകയ്ക്കെടുക്കപ്പെടുന്ന സ്ക്വിന്‍റ് എന്ന പഴയ നാവികസൈനികന്‍റെ ആഗ്രഹം. അയാള്‍ അതിനെ കൊല്ലാനാഗ്രഹിക്കുന്നില്ല. പക്ഷേ, കൊലയാളിസ്രാവിന്‍റെ ഏറ്റവും ഭീകരമായ ആക്രമണത്തിന് വിധേയമാവുന്നതിലൂടെ അയാള്‍ കൊല്ലപ്പെടുന്നു. പേള്‍ഹാര്‍ബര്‍ അപ്രതീക്ഷിതമായി ആക്രമിക്കപ്പെടുന്നതുവരെ ജാപ്പനീസ് ഇംപീരിയല്‍ മറൈന്‍സിനെതിരായി കാര്യമായി ഒന്നും ചെയ്യാന്‍ അമേരിക്ക ആഗ്രഹിച്ചിരുന്നില്ല എന്നൊരു ന്യായീകരണം ഇവിടെ കാണാം. പേള്‍ഹാര്‍ബര്‍ അപ്രതീക്ഷിതമായ ഒരു ആക്രമണമായിരുന്നില്ല എന്ന യുദ്ധരഹസ്യത്തെ അതിവിദഗദ്ധമായി മറയ്ക്കാന്‍ ഇതിലൂടെ അമേരിക്കയ്ക്ക് കഴിയുന്നു. ഇത് എഴുതിച്ചേര്‍ക്കുന്ന ഒരു വിശദീകരണമല്ല. ഇന്‍ഡ്യാനാപ്പൊലിസ് എന്ന യുദ്ധക്കപ്പല്‍ മുങ്ങിയപ്പോള്‍ കടലില്‍ മുങ്ങുകയും തന്‍റെ കൂട്ടാളികളില്‍ പലരേയും കൊലയാളിസ്രാവുകള്‍ ദാരുണമായി കൊലചെയ്യുന്നത് നേരിട്ട് കാണുകയും ചെയ്ത വ്യക്തിയാണ് സ്കിന്‍റ്. അമേരിക്ക യുദ്ധരംഗത്തേക്കായി വികസിപ്പിച്ചുകൊണ്ടിരുന്ന ആറ്റംബോബുകളിലൊന്ന് വിജനമായ ഒരു ദ്വീപില്‍വെച്ച് പരീക്ഷിക്കുക എന്ന അതീവരഹസ്യമായ ദൗത്യം പൂര്‍ത്തീകരിച്ച് മടങ്ങുന്നതിടെയ്ക്കാണ് സ്ങ്ക്വിന്‍റിന്‍റെ യുദ്ധക്കപ്പലായ ഇന്‍ഡാനോപ്പൊലിസ് ജാപ്പനീസ് സബ്മറൈനുകളുടെ ടോര്‍പ്പിഡോ ആക്രമണത്തില്‍ തകരുന്നത്. കടലിന്‍റെ ഏറ്റവും പ്രശാന്തമായ സ്വച്ഛതയ്ക്കിയിലാണ് അമേരിക്കയെന്ന സമുദ്രനിരപ്പിനോട് വളരെ ചേര്‍ന്നുകിടക്കുന്ന വന്‍കരയിലേക്കെന്നവണ്ണം സ്രാവുവേട്ടയ്ക്കിറങ്ങിയ അവരുടെ ചെറുബോട്ടിനെ ലക്ഷ്യമാക്കി ചാട്ടുളിയുടെ ചരടില്‍ ബന്ധിച്ച ഒരു അപായസുചകം പതിയെ പിന്‍നുടരുന്നത്. 

ഇന്‍ഡ്യാനപൊളിസ് മുങ്ങിയ ചരിത്രം

ഹിരോഷിമ നഗരത്തില്‍ അമേരിക്ക നിക്ഷേപിച്ച ലിറ്റില്‍ ബോയ് എന്ന കോഡ്നാമത്തിലറിയപ്പെട്ടിരുന്ന ആറ്റംബോംബിന്‍റെ ഭാഗങ്ങളെ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് ടിനിയന്‍ ദ്വീപിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആര്‍മി എയര്‍ഫോഴ്സ് ബേസിലേക്ക് എത്തിക്കുന്നതിനുള്ള ദൗത്യമായിരുന്നു ക്വിന്‍റിന്‍റെ കപ്പലായ ഇന്‍ഡ്യാനപൊളിസ് ഏറ്റെടുത്തിരുന്നത്. ടിനിയാനില്‍ നിന്നും അത് എനോള ഗേ എന്ന യുദ്ധവിമാനത്തില്‍ കയറ്റി ഹിരോഷിമയില്‍ ഇടുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ക്വിന്‍റ് പറയുന്നതുപോലെ, ആ ദൗത്യം പൂര്‍ത്തീകരിച്ചതിനുശേഷം നാവികപരിശീലനത്തിന്‍റെ ഭാഗമാവാന്‍ ഫിലിപ്പൈന്‍സിലേക്ക് പുറപ്പെട്ടു. എന്നാല്‍, ജൂലൈ 30-ന്, ഫിലിപ്പൈന്‍ കടലിലെ ഏറ്റവും വലിയ ദ്വീപായ ലേയ്റ്റെക്ക് സമീപമെത്താറായപ്പോള്‍ ഇംപീരിയല്‍ ജാപ്പനീസ് നേവിയുടെ 'ഐ-58'  എന്ന അന്തര്‍വാഹിനി ഇന്‍ഡ്യാനപൊളിസിനെ ടോര്‍പ്പിഡോ ചെയ്തു. 12 മിനിറ്റിനുള്ളില്‍ കപ്പല്‍ മുങ്ങി. 1,195  പേര്‍ ഉണ്ടായിരുന്നതില്‍ മുന്നൂറോളംപേര്‍ കപ്പലിനൊപ്പം മുങ്ങി. ബാക്കിയുള്ള 890 പേര്‍ കടലില്‍ വീണു. തകര്‍ന്ന കപ്പലിന്‍റെ അവശിഷ്ടങ്ങളിലും മറ്റും അള്ളിപ്പിടിച്ചുകിടന്നവര്‍ ഉപ്പുവെള്ളത്തിന്‍റെ സമ്പര്‍ക്കംകൊണ്ടുള്ള നിര്‍ജ്ജലീകരണത്തിന് വിധേയരായി. 

ചുരുക്കം ചില ലൈഫ്ബോട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഭക്ഷണമോ കുടിവെള്ളമോ ഇല്ലായിരുന്നു. അതിനിടെ പലരേയും കൊലയാളിസ്രാവുകള്‍ ആക്രമിച്ചു. ഒരു മണിക്കൂറില്‍ 6 പേരെ എന്ന കണക്കില്‍ സ്രാവുകള്‍ തിന്നു. നാലു ദിവസത്തിനു ശേഷമാണ് അമേരിക്കന്‍ നാവികസേന രക്ഷാദൗത്യവുമായി എത്തുന്നത്. അതുതന്നെ, പിവി-1  വെന്‍ച്യുറ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനം സാധാരണമായി നടത്തിവന്നിരുന്ന പതിവ് പെട്രോളിങ്ങിന്‍റെ ഭാഗമായി. 316 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. അമേരിക്കന്‍ നാവികസേനയുടെ ചരിത്രത്തില്‍ ഒരൊറ്റ കപ്പല്‍ മുങ്ങുന്നതിലൂടെ ഇത്രയുമേറെപ്പേര്‍ മരിക്കുന്നത് അതാദ്യമായായിരുന്നു. 2017 ഓഗസ്റ്റ് 19-ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അല്ലെന്‍ സ്പോണ്‍സര്‍ചെയ്ത ഒരു തിരയല്‍ സംഘം ഫിലിപ്പൈന്‍ കടലില്‍ മുങ്ങിയ ഇന്‍ഡ്യാനപൊളിസിന്‍റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ ഏകദേശം 18,000 അടി (5,500 മീറ്റര്‍) ആഴത്തില്‍ കിടക്കുന്നതായി കണ്ടെത്തുകയുണ്ടായി. 2018 ഡിസംബര്‍ 20ന് 2018 ന്, ഇന്‍ഡ്യാനപൊലിസ് ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് സ്വര്‍ണ്ണമെഡല്‍ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയില്‍ ഈ ചരിത്രം പറയുന്നുണ്ട്. ക്വിന്‍റ് സുദീര്‍ഘമായ ഒരു പ്രസംഗം പോലെയാണ് അത് അവതരിപ്പിക്കുന്നത്. മാഞ്ഞുതുടങ്ങിയ ഇന്‍ഡ്യാനപൊലിസ് എന്ന പച്ചകുത്ത് ക്വിന്‍റ് മറ്റുള്ളവരെ കാണിക്കുന്നുമുണ്ട്. ഇന്‍ഡ്യാനപൊലിസിന്‍റെ ചരിത്രം പുസ്തകവുമായിട്ടുണ്ട്: Richard Newcomb (1958) Abandon Ship, Henry Holt, New York and Thomas Helm (1963) Ordeal by Sea, Dodd Mead & Co., New York).  

ടിനിയന്‍ ദ്വീപ്.      

     പസഫിക് സമുദ്രത്തിലുള്ള മറിയാനാസ് ദ്വീപസമൂഹത്തിലുള്‍പ്പെ ടുന്ന  അമേരിക്കന്‍ ഭരണാധികാരപ്രദേശങ്ങളിലൊന്നാണ് ടിനിയന്‍ ദ്വീപ്. 4,000 വര്‍ഷ ങ്ങള്‍ക്കുമുമ്പേ ടിനിയനില്‍ മനുഷ്യവാസമുണ്ടായിരുന്ന തായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 3,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചമോറോ വംശജനായ ടാഗ എന്ന മൂപ്പനാണ് ദ്വീപ് ഭരിച്ചിരുന്നത്.  ദ്വീപില്‍ സുലഭമായി കാണുന്ന ലാറ്റെ കല്ലുകളാല്‍ നിര്‍മ്മിച്ച ഭവനത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അവിടെയുള്ള ഒരു ബീച്ചും ഒരു ചാര്‍ട്ടര്‍ എയര്‍ലൈനും മാത്രമേ അദ്ദേഹത്തിന്‍റെ സ്മരണ നിലനിറുത്തുന്നതായി ഇപ്പോഴുള്ളൂ. 1521 മാര്‍ച്ച് 6ന്, മഗല്ലന്‍റെ സ്പാനിഷ് പര്യവേഷണ സംഘത്തി ലുണ്ടായിരുന്ന യൂറോപ്യ ډാരാണ് ടിനിയന്‍ ദ്വീപിനെ ആദ്യമായി കണ്ടെത്തിയത്. മഗല്ലന്‍റെ മരണശേഷം പനാമയിലെത്താനുള്ള ശ്രമത്തിനിടയി ല്‍, 1522ല്‍, സ്പാനിഷ് കപ്പലായ ട്രിനിഡാഡ് എന്ന കപ്പലില്‍ യാത്രചെയ്തിരുന്ന ഗോണ്‍സാലോ ഗോമെസ് ഡി എസ്പിനോസ ടിനിയന്‍ ദ്വീപിനെ വീണ്ടും കണ്ടു. 1699ല്‍, സ്പെയ്ന്‍കാര്‍ ദ്വീപില്‍ ആധിപത്യമുറപ്പിക്കുക യും തങ്ങളുടെ കപ്പലുകള്‍ക്ക് ഭക്ഷണസാധനങ്ങളും ശുദ്ധജലവും ലഭിക്കാനുള്ള ഒരു തുറമുഖമായി അതിനെ വളര്‍ത്തിയെടുക്കുകയും ചെയ്തു. ഇതേ സൗകര്യം ഡച്ചുകാരുടേയും ബ്രിട്ടീഷുകാരുടേയും കപ്പലുകള്‍ക്കായും അവര്‍ അനുവദിച്ചിരുന്നു. ബ്യൂനാവിസ്റ്റാ മറിയാന എന്ന ഒരു പേരും അവര്‍ ദ്വീപിനു നല്‍കി. 1898ലെ സ്പാനിഷ്അമേരിക്കന്‍ യുദ്ധത്തിനുശേഷം, ദ്വീപിന്‍റെ ചില ഭാഗങ്ങള്‍ അമേരിക്കന്‍ അധീനതയിലായി. ഇതൊരു തലവേദനയായിക്കണ്ട സ്പെയിന്‍ 1899ല്‍ ജര്‍മ്മന്‍ സാമ്രാജ്യത്തിന് വിറ്റു. ജര്‍മ്മനി അതിനെ څജര്‍മ്മന്‍ ന്യൂ ഗിനിയچയുടെ ഭാഗമായി ജര്‍മ്മനി ഈ ദ്വീപ് ഏറെനാള്‍ ഭരിച്ചെങ്കിലും ദ്വീപ് വികസിപ്പിക്കാനോ വാസയോഗ്യമാക്കാനോ ഉള്ള ഏതൊരു ശ്രമവും അവര്‍ നടത്തിയില്ല. സ്പെയിന്‍കാരായ ഭൂവുടമകളുടെ നിയന്ത്രണത്തില്‍ ദ്വീപിനെ ഏല്‍പ്പിച്ചുകൊടുക്കുക മാത്രമായിരുന്നു ജര്‍മ്മന്‍കാര്‍ ചെയ്തത്. 

ഒന്നാം ലോകമഹായുദ്ധസമയത്ത്, 1914ല്‍, ജപ്പാന്‍ ദ്വീപ് പിടിച്ചെടുത്തു.  1918ലെ څസൗത്ത് സീസ് മാന്‍ഡേറ്റിچന്‍റെ ഭാഗമായി ലീഗ് ഓഫ് നേഷന്‍സ് ജപ്പാന് ദ്വീപിനുമേല്‍ പരമാധികാരം നല്‍കി. ജപ്പാന്‍കാര്‍ക്കൊപ്പം കൊറിയക്കാരും ഓക്കിനാവാക്കാരും ദ്വീപിലേക്കുവന്നു.  അവര്‍ അവിടെ വലിയ തോതിലുള്ള കരിമ്പിന്‍തോട്ടങ്ങള്‍ സ്യഷ്ടിക്കുകയും പഞ്ചസാര ഉത്പാദിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. ജാപ്പനീസ് ഭരണത്തിന്‍ കീഴില്‍, തുറമുഖ   സൗകര്യങ്ങള്‍, ജലവിതരണം, വൈദ്യുതോല്‍പ്പാദനം, റോഡുകള്‍, സ്ക്കൂളുകള്‍ എന്നിവ വികസിക്കുകയും ഷിന്‍റോ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തു. 1926ല്‍, ഓകിനാവ, ഫുകുഷിമ എന്നിവിടങ്ങളില്‍നിന്നുള്ള പുതിയ താമസക്കാര്‍, പഞ്ചസാരയ്ക്ക് പുറമേ കാപ്പിയും പരുത്തിയും നാണ്യവിളകളായി അവതരിപ്പിച്ചു. 1940കളില്‍ 15,700 ജാപ്പനീസ് സിവിലിയډാര്‍ ടിനിയനില്‍ ഉണ്ടായിരുന്നു എന്നാണ് കണക്ക്. ഒപ്പം കൊറിയ ന്‍ വംശജരും തദ്ശേീയരായ കുറച്ച് ഗോത്രവര്‍ഗക്കാരും. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാനഘട്ടം വരേയ്ക്കും പക്ഷേ ഈ ദ്വീപിന്‍റെ യുദ്ധതന്ത്രപരമായ പ്രാധാന്യം ജപ്പാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. അതിനാല്‍ ദ്വീപിന്‍റെ സുരക്ഷയ്ക്കായി അവര്‍ ഒന്നും ചെയ്തില്ല. 

എന്നാല്‍, അമേരിക്ക അത് തങ്ങളുടെ യുദ്ധവിമാനങ്ങള്‍ക്കുള്ള ഏറ്റവും നല്ല താവളങ്ങളിലൊന്നായിക്കണ്ടു. ബോയിംഗ് ബി-29 സൂപ്പര്‍ഫോര്‍ട്ട്റെസ് ഇനത്തില്‍പ്പെട്ട വലിയ ബോംബര്‍ വിമാനങ്ങള്‍ക്ക് വന്നിറങ്ങാനും പോവാനുമുള്ള വിശാലത ദ്വീപിനുള്ള കാര്യം മനസിലാക്കിയ സഖ്യസേന, 1944 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 1 വരെ യുദ്ധത്തിലൂടെ ടിനിയന്‍ ദ്വീപ് പിടിച്ചെടുത്തു. 8,500 പേരുണ്ടായിരുന്ന ജാപ്പനീസ് പട്ടാളത്തില്‍ 313 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. നൂറുകണക്കിന് ജാപ്പനീസ് സിവിലിയډാര്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ അമേരിക്കക്കാര്‍ പിടികൂടുകയും രഹസ്യം ചോര്‍ത്തുകയും ചെയ്യാതിരിക്കാന്‍ ജാപ്പനീസ് സൈന്യം വധിക്കുകയോ ചെയ്തു. ജപ്പാനി ല്‍ നിന്ന് ഏകദേശം 1,500 മൈല്‍ (2,400 കിലോമീറ്റര്‍) അകലെയാണ് ടിനിയന്‍ എന്നതിനാല്‍ ജാപ്പനീസ് ദ്വീപുകളില്‍ തുടര്‍ച്ചയായി കനത്ത ബോംബാക്രമണത്തിന് അതൊരു വേദിയായി തിരിച്ചറിഞ്ഞ അമേരിക്ക അവിടം രണ്ടാം ലോകമഹായുദ്ധകാലത്തെ ഏറ്റവും വലിയ വ്യോമതാവളമായി അതിന്‍റെ മാറ്റാനായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉടനടി തുടക്കം കുറിച്ചു. ദ്വീപിനെ മുഴുവനായി ഉള്‍ക്കൊള്ളുന്നതും 40,000 പേര്‍ക്ക് താമസിക്കാനാവുന്നതുമായ ബേസ് ഇന്‍സ്റ്റലേഷനായിരുന്നു അത്. ന്യൂയോര്‍ക്ക് നഗരത്തിലെ നദീദ്വീപായ മാന്‍ഹട്ടനിലെ തെരുവീഥി കളുടെ മാതൃകയിലാണ് ബേസ് സ്ഥാപി ക്കപ്പെട്ടത്. അവിടുത്തെ തെരുവുകളുടെ അതേ പേരുകള്‍ ടിനിയന്‍ ദ്വീപിനും നല്‍കി. ജപ്പാന്‍ ഒരു ചെറിയ വിമാനത്താവളം നിര്‍മ്മിച്ചിരുന്നുവെങ്കിലും അത് വലിയ ബോംബര്‍ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനത്തിന് പര്യാപ്തമാവുന്ന ഒന്നായിരുന്നില്ല. ജപ്പാനുനേരെയുള്ള ബോംബാക്രമണത്തിനുവേണ്ടി മാത്രം മാറ്റിവെയ്ക്കപ്പെട്ടിരുന്ന 313ാമത് ബൊബാര്‍ഡ്മെന്‍റ് വിങിന്‍റെ ഭാഗമായിരുന്ന ബോയിംഗ് ബി29 സൂപ്പര്‍ഫോര്‍ട്ട്റെസ് ബോബര്‍ വിമാനങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന  വിശാലമായ യുദ്ധവിമാനത്താവളമായി ദ്വീപിനെ മാറ്റിയത് അമേരിക്കയാണ്. 

ആറ്റംബോംബ് പരീക്ഷണം

ഇവിടേക്ക് പിന്നീട് മാന്‍ഹാട്ടന്‍ പ്രോജക്ടിന്‍റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതും അണുവായുധം വഹിച്ചുകൊണ്ടുപോവാനായി പ്രത്യേകം രൂപമാറ്റം വരുത്തിയതുമായ യുദ്ധവിമാനങ്ങളെ എത്തിച്ചു. സില്‍വര്‍പ്ളേറ്റ് എന്ന കോഡ്നാമത്തിലറിയപ്പെടുന്ന ഇവയില്‍പ്പെട്ട രണ്ട് ബോയിംഗ് ബി-29 ബോബര്‍ വിമാനങ്ങളായിരുന്നു ഇനോളാ ഗേ, ബോക്ക്സ്കാര്‍ എന്നിവ. ഇവയില്‍ ഇനോള ഗേ ഹിരോഷിമയിലേക്കുള്ള ലിറ്റില്‍ ബോയ് എന്ന ആറ്റംബോബിനെ വഹിക്കുകയും ബോക്ക്സ്കാര്‍, നാഗസാക്കിയിലേക്കുള്ള ഫാറ്റ്മാന്‍ എന്ന ആറ്റംബോബിനെ വഹിക്കുകയും  ചെയ്തു.  നാലര ടണ്ണോളം ഭാരമുണ്ടായിരുന്ന തിനാല്‍ ആറ്റംബോബുകള്‍ സാധാരണബോംബുകള്‍ പോലെ ബോബര്‍വിമാനങ്ങളിലേക്ക് കയറ്റാന്‍ കഴിയുമായിരുന്നില്ല. 

അതിനായി വിമാനങ്ങളെ ഒരു കുഴിയില്‍ ഇറക്കിനിറുത്തേണ്ടതുണ്ടായിരുന്നു. ഇവയുടെ നിര്‍മ്മാണവും ടിനിയന്‍ ദ്വീപില്‍ നടത്തുകയുണ്ടായി. 1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയില്‍ ലിറ്റില്‍ ബോയിയെ നിക്ഷേപിച്ചു. അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഹാരി എസ്. ട്രൂമാന്‍ ജപ്പാനോട് കീഴടങ്ങാനാവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഭൂമി ഇതുവരെ സാക്ഷ്യംവഹിച്ചിട്ടില്ലാത്ത ആകാശത്തുനിന്നുള്ള ദുരിതത്തീമഴയ്ക്ക് ജപ്പാന്‍ വിധേയമാക്കപ്പെടും എന്നാണ് പറഞ്ഞത്. തുടര്‍ന്ന്, ഓഗസ്റ്റ് 9-ന് നാഗസാക്കിയില്‍ ഫാറ്റ്മാനെ നിക്ഷേപിച്ചു.  രണ്ട് ബോംബാക്രമണ ങ്ങളിലുമായി 2,26,000 ജാപ്പനീസ് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. 1945 ഓഗസ്റ്റ് 15-ന്, ജപ്പാന്‍ സഖ്യസേനയ്ക്ക് കീഴടങ്ങുന്നതായി പ്രഖ്യാപിച്ചു. 

നോവലുമായുള്ള വ്യത്യാസങ്ങള്‍

ഒരു ചെറിയ തീരദേശനഗരത്തിലെ തിരക്കേറിയ ബീച്ചിനെ ആക്രമിക്കുന്ന ഒരു കൊലയാളിസ്രാവിന്‍റെയും അതിനെ കൊല്ലാന്‍ ശ്രമിക്കുന്ന മൂന്ന് പേരുടെയും കഥയായാണ് പീറ്റര്‍ ബെഞ്ച്ലി എന്ന അമേരിക്കന്‍ നോവലിസ്റ്റ് ജാസ് എന്ന സാഹസികനോവല്‍ എഴുതുന്നത്. ഫ്രാങ്ക് മുണ്ടസ് എന്ന സ്രാവുവേട്ടക്കാരന്‍റെ ജീവിതത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബെഞ്ച്ലി തന്‍റെ നോവലിലെ ക്വിന്‍റ് എന്ന കഥാപാത്രത്തെ സ്യഷ്ടിച്ചത് എന്നൊരു ധാരണ പരക്കേയുണ്ട്. ഇത് പൂര്‍ണ്ണമായും ശരിയല്ല എങ്കിലും ബെഞ്ച്ലി സ്വന്തം ഇഷ്ടപ്രകാരം എഴുതിയ ഒരു നോവലായിരുന്നില്ല ജാസ്. ഡബിള്‍ഡെ എന്ന അമേരിക്കന്‍ പ്രസാധകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ബെഞ്ച്ലി നോവലെഴുതാന്‍ തീരുമാനിക്കുന്നത്. അങ്ങനെയൊരു കൂലിയെഴുത്തുകാരനാവാന്‍ ബെഞ്ച്ലി നിര്‍ബന്ധിതനാവുകയായിരുന്നു എന്നതാണ് സത്യം. കാരണം മിക്കപ്പോഴും തൊഴില്‍രഹിതനാകേണ്ടിയിരുന്ന ഒരു ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായിരുന്നു അദ്ദേഹം. സ്രാവുകളേയും തിമിംഗലങ്ങളേയും വേട്ടയാടുക മാത്രമല്ല, അവയെ ചാട്ടുളി തറച്ച അവയുടെ ജീവന്‍ പിടയുന്ന ശരീരം തീരത്തിലേക്ക് വലിച്ചുകൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കുന്നതിലൂടെ പ്രശസ്തിയും കുപ്രസിദ്ധിയും ഒരുപോലെ നേടിയ വ്യക്തിയായിരുന്നു ഫ്രാങ്ക് മുണ്ടസ്. തിമിംഗലവേട്ടയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരും കടല്‍ജീവികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളും മുണ്ടസിന്‍റെ ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് 1960കളില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.  ഈ മീഡിയാഹൈപ്പിനെ വില്‍പ്പനച്ചരക്കാക്കുക എന്നത് മാത്രമായിരുന്നു ഡബിള്‍ഡേയുടെ ഉദ്ദേശ്യം. 1971-ലാണ് നോവലെഴുതാന്‍ ഡബിള്‍ഡേ ബെഞ്ച്ലിയെ നിയോഗിച്ചത്. 1974-ല്‍ ജാസ് പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാല്‍ അതിനുമുമ്പേ, ബെഞ്ച്ലി നോവലിന്‍റെ കൈയ്യെഴുത്തുപ്രതി  ഹോളിവുഡ്സിനിമാ നിര്‍മ്മാതാക്കളായ റിച്ചാര്‍ഡ് ഡി. സനക്കും ഡേവിഡ് ബ്രൗണിനും വായിക്കാന്‍ കൊടുത്തിരുന്നു. നോവല്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ അവര്‍ അതിന്‍റെ ചലച്ചിത്രാവകാശം വാങ്ങിവെക്കുകയും ചെയ്തു. 

നോവലില്‍ പറയുന്ന പല കാര്യങ്ങളും അതിന്‍റെ ചലച്ചിത്രരൂപത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡിലെ ഒരു സാങ്കല്‍പ്പിക കടല്‍ത്തീരറിസോര്‍ട്ട് പട്ടണമായ അമിറ്റിയിലാണ് കഥ നടക്കുന്നത്. ഒരു രാത്രിയില്‍, ഗ്രേറ്റ് വൈറ്റ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ള കൊലയാളിസ്രാവ്, കടലില്‍ നീന്താനിറങ്ങിയ ക്രിസി വാട്ട്കിന്‍സ് എന്ന ചെറുപ്പക്കാരിയെ കൊല്ലുന്നു. അമിറ്റി പോലീസ് മേധാവിയായ മാര്‍ട്ടിന്‍ ബ്രോഡി, ബീച്ചുകള്‍ അടച്ച് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുന്നുവെങ്കിലും സമ്മര്‍ ടൂറിസത്തില്‍ നിന്നും അമിറ്റി നഗരത്തിനുണ്ടായേക്കാവുന്ന വന്‍പിച്ച വരുമാനം മുന്നില്‍ക്കണ്ട് മേയര്‍ ലാറി വോണ്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, അലക്സ് കിന്‍റ്നര്‍ എന്ന കുട്ടിയും മോറിസ് കാറ്റര്‍ എന്ന മുതിര്‍ന്ന ഒരാളും കൊലയാളിസ്രാവിന്‍റെ ആക്രമണത്താല്‍ കൊല്ലപ്പെടുന്നു. ചെറുപ്പക്കാരനെ കൊല്ലുന്നു. തുടര്‍ന്ന് ബെന്‍ ഗാര്‍ഡ്നര്‍ എന്ന ഒരു മത്സ്യത്തൊഴിലാളിയെ സ്രാവിനെ കൊല്ലാനായി നഗരാധികാരികള്‍ നിയോഗിക്കുന്നു. എന്നാല്‍ കടലിലേക്ക് പോയ അയാള്‍ പിന്നെ അപ്രത്യക്ഷനാവുന്നു.  പക്ഷേ അയാളുടെ ബോട്ട് തീരത്തടിഞ്ഞിരിക്കു ന്നതായി കാണുന്നു. എന്നാല്‍  സ്രാവിന്‍റെ ആക്രമണമേറ്റ് പാതി തകര്‍ന്ന നിലയിലായിരുന്ന ബോട്ടില്‍ നിന്നും ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്‍റെ ഒടിഞ്ഞുപോയ ഒരു പല്ലും ബ്രോഡി കണ്ടെടുക്കുകയുണ്ടായി.  അതുകാരണം ബ്രോഡി വീണ്ടും ബീച്ച് റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നു.  അതോടൊപ്പം മറ്റൊരു കാര്യം കൂടി വെളിപ്പെടുന്നു. മേയര്‍ക്ക് അമിറ്റി ബീച്ച് റിസോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ബിസിനസുകള്‍ നിയന്ത്രിക്കുന്ന മാഫിയയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിയുന്നു.  തുടര്‍ന്ന്, സ്രാവിനെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് പഠിക്കാനായി പ്രശസ്തമായ വുഡ്സ് ഹോള്‍ ഓഷ്യനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ശാസ്ത്രജ്ഞനായ മാറ്റ് ഹൂപ്പറെ ക്ഷണിച്ചുവരുത്താനും തീരുമാനമാവുന്നു.  

ഹൂപ്പര്‍ വന്നെത്തിയതിനുശേഷമുള്ള കാര്യങ്ങളില്‍ സിനിമ പ്രത്യക്ഷമായ ഒരു മൗനം ഉടനീളം കാത്തുസൂക്ഷിക്കുന്നുണ്ട്. സ്രാവിന്‍റെ കഥ പറയുമ്പോള്‍ അതില്‍ നിന്നും കടലിനെ സമ്പൂര്‍ണ്ണമായി ഒഴിവാക്കുന്നതു പോലെ യാണത്. ബ്രോഡിയുടെ സ്വകാര്യജീവതത്തെ സംബന്ധിക്കുന്ന പരാമര്‍ശങ്ങളും സംഭവങ്ങളുമാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.  അസംത്യപ്തമായ ഒരു ദാമ്പത്യമാ യിരുന്നു ബ്രോഡിയുടേത്. അവര്‍ക്ക് കുട്ടികളില്ല. ഇപ്പോഴുള്ളതിനെക്കാള്‍ ആഢംബരപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ ബ്രോഡിയുടെ ഭാര്യയായ എല്ലെന് കഴിയുമായിരുന്ന ഒരു സാഹചര്യം മുമ്പുണ്ടായിരുന്നുതാനും.  ആ പൂര്‍വ്വകഥയുടെ മൂടിയ്ക്കെപ്പെട്ട ചുഴികളിലൊരാളാണ് മാറ്റ് ഹൂപ്പര്‍.  എല്ലെന്‍ മുന്‍കാമുകനായിരുന്ന ഡേവിഡ് ഹൂപ്പറിന്‍റെ ഇളയ സഹോദരനാണ് മാറ്റ് ഹൂപ്പര്‍. തന്‍റെ നഷ്ടപ്രണയത്തിന്‍റെ തിരിച്ചുവരവായാണ് മാറ്റ് ഹൂപ്പറിന്‍റെ പ്രത്യാഗമനത്തെ എല്ലെന്‍ കാണുന്നത്. അമിറ്റിയില്‍ നിന്നും വളരെ ദൂരെയായുള്ള ഒരു റെസ്റ്റോറന്‍റിലേക്ക് ഉച്ചഭക്ഷണത്തിനായി എല്ലെന്‍ ഹൂപ്പറിനെ ക്ഷണിക്കുന്നു. അതിനുശേഷം ഇരുവരും ഒരു മോട്ടലിലേക്ക് പോവുകയും അവിടെ വെച്ച് എല്ലെന്‍ ലൈംഗികബന്ധത്തിനായി ഹൂപ്പറെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഹൂപ്പറുമായുള്ള എല്ലെന്‍റെ അടുപ്പം ബ്രോഡിയെ ചിന്താകുലനാക്കുന്നു. സ്രാവിനെക്കാളുപരി തന്നെ വേട്ടയാടുന്നത് ഹ്യൂപ്പര്‍ ആണെന്ന് തിരിച്ചറിയുന്നതോടെ ബ്രോഡി മറ്റൊരാളായി മാറുന്നു. പേള്‍ ഹാര്‍ബര്‍ ആമ്രണത്തിനുശേഷം നഷ്ടമായ ജനപിന്തുണയും വിശ്വാസവും വീണ്ടെടുക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്‍റിന് ജപ്പാന്‍റെ മേല്‍ക്കുള്ള ആണവാക്രമണം ഒരു അനിവാര്യതയായി മാറിയതുപോലെ സ്രാവിനെ കൊല്ലുന്നത് തന്‍റെ ഇല്ലാത്ത ആണത്തത്തിന്‍റെ ഏറ്റവും നല്ല പ്രദര്‍ശനവേദികളിലൊന്നായി ഹൂപ്പര്‍ തിരിച്ചറിയുന്നു. സ്രാവുമായുള്ള ആദ്യ ഏറ്റുമുട്ടലിനുശേഷം ആ വിവരം കരയിലുള്ളവരെ അറിയിക്കാനായി ബ്രോഡി വയര്‍ലസ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ആണത്തപ്രകടനത്തിനായി വാടകയ്ക്കക്കെടുത്ത ക്വിന്‍റ് ആ ഉദ്യമം പരാജയപ്പെടുത്തുന്നു. 

നോവലില്‍ മറ്റൊരു സ്രാവു കഥാപാത്രം പ്രത്യക്ഷപ്പെടുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. സ്രാവുവര്‍ഗത്തില്‍പ്പെടുന്ന ബ്ളൂ ഷാര്‍ക്ക് ആണത്.  പ്രിയോണെസ് ഗ്ളാക്വാ (Prionace glauca) എന്ന ശാസ്ത്രീയനാമത്തി ലറിയപ്പെടുന്ന ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയാണ്. ചെറിയ മീനുകളെ മാത്രം ആഹാരമാക്കുന്ന ഇവ വലിയ ഇരകളെയോ മനുഷ്യരേയോ ആക്രമിക്കാറില്ല. ക്വിന്‍റ് ഒരു ബ്ളൂ ഷാര്‍ക്കിനെ പിടിക്കുകയും അതിന്‍റെ വയറുകീറി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്യുന്നു. ഹൂപ്പര്‍ മനുഷ്യരഹിതമായ ഈ പ്രവ്യത്തിയെ എതിര്‍ക്കുന്നു. മാത്രമല്ല, അത് അന്തര്‍ദേശീയചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. എന്നാല്‍ ക്വിന്‍റ് ബ്ളൂ ഷാര്‍ക്കിന്‍റെ ഗര്‍ഭസ്ഥശിശുക്കളെത്തന്നെ ചൂണ്ടയില്‍ കോര്‍ക്കുകയും കൊലയാളിസ്രാവിനെ ആകര്‍ഷിക്കുന്നതിനായി കടലില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു.  സ്രാവുവര്‍ഗത്തില്‍പ്പെട്ട എല്ലാം മനുഷ്യഭോജികളോ ആക്രമണകാരികളോ അല്ലെന്നാണ് ഹൂപ്പറിലൂടെ നോവലിസ്റ്റ് പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ചലച്ചിത്രം എന്ന ബിസിനസും യുദ്ധം എന്ന ബിസിനസും ലക്ഷ്യമാക്കുന്നത് ഒരേ കാര്യങ്ങളാകയാല്‍ ഹൂപ്പറിന്‍റെ വാദങ്ങള്‍ നിരാകരിക്കപ്പെട്ടു. 

സിനിമയില്‍ അവസാനരംഗങ്ങളില്‍ ബ്രോഡിയും ഹൂപ്പറും മാത്രമാണുള്ളത്. നോവലിലാവട്ടെ ബ്രോഡിയും ക്വിന്‍റും മാത്രമാണ് അവശേഷിക്കുന്നത്. അടുത്ത തവണ സ്രാവ് ബോട്ടിനെ ആക്രമിക്കാനായി അടുത്തുവരുമ്പോള്‍ ക്വിന്‍റ് അതിന്‍റെ മേല്‍ ചാട്ടുളി ആഴത്തില്‍ തറക്കുന്നതില്‍ വിജയിക്കുന്നു. താല്‍ക്കാലികമായി പിന്‍വലിയുന്ന സ്രാവ് പക്ഷേ പിന്നീട് ബോട്ടിന്‍റെ പിന്‍വശത്തേക്ക് ഇടിച്ചുചാടുകയും അതിലൂടെ ബോട്ടിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നു. എങ്കിലും സ്രാവിന്‍റെ ശരീരത്തിന്‍റെ മുന്‍ഭാഗം ബോട്ടിലേക്ക് കടന്നുകയറിയനിലയിലായിരുന്നതിനാല്‍ ക്വിന്‍റിന് രണ്ടാമതായി ഒരു ചാട്ടുളി കൂടി അതിന്‍റെ വയറ്റില്‍ പതിപ്പിക്കാന്‍ കഴിയുന്നു. എന്നാല്‍ ഈ ശ്രമത്തിനിടെ, ചാട്ടുളിയുമായി ബന്ധിപ്പിച്ചിരുന്ന കയറില്‍ ക്വിന്‍റിന്‍റെ കാല്‍ കുരുങ്ങുകയും സ്രാവ് ക്വിന്‍റിനേയും വലിച്ചുകൊണ്ട് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ക്വിന്‍റ് കൊല്ലപ്പെടുന്നതായോ സ്രാവ് ക്വിന്‍റിനെ ഭക്ഷിക്കുന്നതായോ നോവലില്‍ പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. മൂങ്ങിത്തുടങ്ങുന്ന ബോട്ടിലേക്ക് മൂന്നാമതുമെത്തുന്ന സ്രാവിനെക്കണ്ട് ബ്രോഡി കണ്ണടച്ച് നില്‍ക്കുന്നു. എന്നാല്‍ ചാട്ടുളികളില്‍നിന്നുള്ള മുറിവുകളിലൂടെ അമിതമായി രക്തംവാര്‍ന്ന് ക്ഷീണിതനായ സ്രാവ് സ്വയം താഴ്ന്നുപോവുന്നതാണ് പിന്നീട് ബ്രോഡി കാണുന്നത്. സ്രാവിനുപിന്നിലായി ക്വിന്‍റിന്‍റെ ശരീരവുമുണ്ട്.  സ്രാവും ക്വിന്‍റും ഒരുപോലെ കണ്ണില്‍നിന്നു മറയുമ്പോള്‍ പീറ്റര്‍ ബെഞ്ച്ലിയുടെ നോവല്‍ അവസാനിക്കുന്നു. 

സിനിമയിലെ അന്ത്യരംഗം

സിനിമയിലെ അന്ത്യരംഗം പക്ഷേ ഇങ്ങനെയൊന്നുമല്ല ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ക്വിന്‍റിന്‍റെ ശരീരം പകുതി കടിച്ചുമുറിച്ചു കൊണ്ട് ദാരുണമായി കൊല്ലുന്ന സ്രാവ് ബ്രോഡിയുടെ ബോട്ടിനേയും തകര്‍ക്കുന്നു. മുങ്ങിക്കൊണ്ടിരുന്ന ബോട്ടിന്‍റെ വയര്‍ലസ് ആന്‍റിനയില്‍ കയറിയിരുന്നാണ് ബ്രോഡി സ്രാവിനെ നേരിടുന്നത്. ആദ്യം കുന്തം കൊണ്ടുള്ള കുത്തിനാല്‍ സ്രാവ് പിന്‍തിരിയുമെന്ന് തോന്നിക്കുമെങ്കിലും അത് വീണ്ടും വരുന്നു. തുടര്‍ന്ന്, ബ്രോഡി സമ്മര്‍ദ്ദിത ഓക്സിജന്‍ നിറച്ച സ്കൂബാ സിലിണ്ടറുകളിലൊന്ന് സ്രാവിന്‍റെ വായിലേക്കെറിയുന്നു. തുടര്‍ന്ന് ലക്ഷ്യം തെറ്റാതെ അതിലേക്കുതന്നെ നിറയൊഴിച്ച് അതിനെ പൊട്ടിക്കുന്നു. പൊട്ടിത്തെറിക്കുന്ന ഓക്സിജന്‍ സിലിണ്ടറിനൊപ്പം സ്രാവിന്‍റെ ശരീരവും ഛിന്നഭിന്നമാവുന്നു. തീര്‍ച്ചയായും ഇതൊരു ബോംബുസ്ഫോടനത്തെത്തന്നെയാണ് അനുസ്മരിപ്പിക്കുന്നത്. കാരണം നാഗസാക്കിയല്‍ ഫാറ്റ്മാന്‍ എന്ന 4756 കിലോഗ്രാം ഭാരമുള്ള ആറ്റംബോബ് വീഴുകയും പൊട്ടിത്തെറിക്കുകയും ചെയ്തതിലൂടെയാണ് അമേരിക്ക എന്ന ലോകശക്തി പിറക്കുന്നത്. 

ലോകചരിത്രത്തെത്തന്നെ ആ ദിവസം രണ്ടായി വിഭജിച്ചു എന്നു പറയാം. 1945 ഓഗസ്റ്റ് 9ലെ നാഗസാക്കിക്കു മുമ്പുള്ളതും അതിന് ശേഷമുള്ളതും. ചരിത്രത്തിലെ എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു വഴിത്തിരിവായിരുന്നു ആ ദിവസമെന്ന സൂചനയോടെയാണ് ചിത്രം അവസാനിക്കുന്നതും. കരയിലേക്ക് നീന്തുന്ന ഹൂപ്പറും ബ്രോഡിയും അവസാനം സംസാരിക്കുന്നത് അന്നത്തെ ദിവസം ഏതാണെന്നതിനെക്കുറിച്ചാണ്. ഇന്ന് ഏത് ദിവസമാണെന്ന ബ്രോഡിയുടെ ചോദ്യത്തിന് വെനസ്ഡേ എന്നാണ് ഹൂപ്പര്‍ ആദ്യം മറുപടി പറയുന്നത്. പിന്നീട് തേഴ്സ്ഡേ ആണെന്ന് തോന്നുന്നു എന്നും പറയുന്നു. സാധാരണയായി ഇന്‍റര്‍നാഷണല്‍ ഡേറ്റ് ലൈന്‍ മുറിച്ചുകടക്കുമ്പോഴാണ് ഒരു ദിവസം മുന്നോട്ടോ പിന്നോട്ടോ ആവുന്നത്. പസഫിക്സമദ്രത്തിലൂടെയാണ് ഇത് കടന്നുപോവുന്നത്. പടിഞ്ഞാറന്‍ പസഫിക് സമദ്രത്തിലായിരുന്നു ജപ്പാനിലെ ആറ്റംബോബുവര്‍ഷത്തിനുവേണ്ടി ഉപയോഗിച്ച ടിനിയന്‍ എയര്‍ബെയ്സിന്‍റെ സ്ഥാനം എന്നതും ഇവിടെ ഓര്‍മ്മിക്കാം. അന്താരാഷ്ട്രദിനരേഖ എന്നത് ആ ദിവസം മുതല്‍ ഇംഗ്ളണ്ടിലെ ഗ്രീനിച്ചില്‍ നിന്നും അമേരിക്കയുടെ അധീനതയിലേക്ക് മാറി എന്നതിന് കാലാതീതമായ പ്രസക്തി തന്നെയാണുള്ളത്. 


ജുറാസിക് പാര്‍ക്ക്: ഒരു ഫെമിനിസ്റ്റ് വായന

1993-ലാണ് ജുറാസിക് പാര്‍ക്ക് ചലച്ചിത്രരൂപത്തില്‍ ആദ്യമായി പുറത്തുവരുന്നത്. സ്റ്റീവെന്‍ സ്പീല്‍ബെര്‍ഗ് സവിംധായകന്‍. ടെലിവിഷന്‍ എന്ന മിനിസ്ക്രീനിനുമുന്നില്‍ കുടുങ്ങിപ്പോയ ജനം വളരെക്കാലത്തിനു ശേഷം തീയേറ്ററുകളിലെത്തിയത് മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന ദിനോസറുകളെ കാണാനായിരുന്നു. 1990-ലാണ് മൈക്കേല്‍ ക്രിറ്റണിന്‍റെ ജുറാസിക് പാര്‍ക്ക് എന്ന നോവല്‍ വെളിച്ചം കാണുന്നത്. പെസഫിക് സമുദ്രത്തിലെ ആളൊഴിഞ്ഞ ഇസ്ലാ നുബ്ളാര്‍ (Isla Nublar) എന്ന ദ്വീപില്‍ നടക്കുന്ന ഒരു കഥയായിരുന്നു പ്രമേയം.  ജനിതക എന്‍ജിനീയറിങിലൂടെ സ്യഷ്ടിക്കപ്പെട്ട ദിനോസറുകളെ കാഴ്ചവസ്തുക്കളെന്ന പോലെ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ജുറാസിക് പാര്‍ക്ക്' സ്യഷ്ടിക്കപ്പെട്ടത്. ജോണ്‍ ഹാമണ്‍ഡ് എന്ന ധനാഢ്യന്‍റെ സ്വപ്നമായിരുന്നു മണ്‍മറഞ്ഞുപോയ ദിനോസറുകള്‍ വിഹരിക്കുന്ന ഒരു ലോകത്തെ വെറും കാഴ്ചക്കായിമാത്രം പുനഃസ്യഷ്ടിക്കുക എന്നത്. വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ അദ്ദേഹം അതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. 

അവസാനം ദിനോസറുകള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തി, അവ ആദിമഭൂമിയിലെ ജുറാസിക് കല്‍പ്പത്തിലെന്നപോലെ ആ ദ്വീപില്‍ വിഹരിച്ചുതുടങ്ങിയ കാലത്തിലാണ് ദ്വീപിലെ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം നമ്മളും അവിടെ എത്തുന്നത്. ഫോസില്‍പഠനവിദഗ്ധനായ അലന്‍ ഗ്രന്‍റ്, ഫോസില്‍ സസ്യശാസ്ത്രജ്ഞയായ എല്ലീ സട്ട്ലര്‍, ഗണിതശാസ്ത്രജ്ഞനായ ഇയാന്‍ മാല്‍ക്കം എന്നിവരായിരുന്നു അതിഥികള്‍. ജോണ്‍ ഹാമണ്ടിന്‍റെ ക്ഷണപ്രകാരം എത്തപ്പെട്ട ഇവരായിരുന്നു ദ്വീപിലെ ആദ്യത്തെ അതിഥികള്‍. ഭീമാകായന്‍മാരായ ദിനോസറുകളും അവയെ കണ്ടാസ്വദിക്കുന്നതിനായി അവിടെ ഒരുക്കിയിരുന്ന സംവിധാനങ്ങളും അവരെ അതിശയം കൊള്ളിച്ചുവെങ്കിലും അപ്രതീക്ഷിതമായുണ്ടായ വൈദ്യുതിത്തകരാര്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളേയും തകരാറിലാക്കുന്നു. വൈദ്യുതി പ്രസരിച്ചിരുന്ന കമ്പിവേലികള്‍ കടന്നുവരുന്ന മാംസഭോജികളായ ദിനോസറുകള്‍ പാര്‍ക്കിലെ ജീവനക്കാരേയും സന്ദര്‍ശകരേയും ആക്രമിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതാണ് കഥ.

വളരെ വലിയ വില്‍പ്പനവിജയമാണ് ജുറാസിക് പാര്‍ക്ക് നേടിയത്. ചലച്ചിത്രത്തിന്‍റെ വിജയം ക്രിറ്റണിന്‍റെ പുസ്തകത്തേയും കൂടുതല്‍ ശ്രദ്ധേയമാക്കി. ദിനോസറിന്‍റെ രൂപത്തിലുള്ള കളിപ്പാട്ടങ്ങള്‍ മുതല്‍ അതുവരെ പൊടിയണിഞ്ഞുകിടന്നിരുന്ന ദിനോസര്‍ ഫോസിലുകളില്‍വരെ ജനശ്രദ്ധ ചെന്നെത്തി. സര്‍വ്വകലാശാലകളില്‍ ദിനോസര്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ കൂടുതലായി തല്‍പ്പരരായി. എങ്കിലും ഒരു സ്ത്രീപക്ഷ രചനയായി ജുറാസിക് പാര്‍ക്ക് അപ്പോഴും വായിക്കപ്പെട്ടില്ല എന്നതാണ് സത്യം. സാഹിത്യചര്‍ച്ചകള്‍ ഉണ്ടായെങ്കിലും അത് മോബിഡിക് എന്ന ക്യതി ഒരു സാഹസികക്യതിയായിമാത്രം വിലയിരുത്തപ്പെട്ടതുപോലെയുള്ള അവസ്ഥയാണുണ്ടായത്.  പ്രക്യതിയെന്ന ഭീകരതയെ നേരിടുന്ന മനുഷ്യന്‍ എന്ന നിലയ്ക്കാണല്ലോ ആധുനികോത്തരസാഹിത്യത്തിന്‍റെ കാലത്തുപോലും മോബിഡിക് വായിക്കപ്പെട്ടത്. പ്രക്യതിയെന്നാല്‍ മൂന്നാംലോകമാണെന്നു പറയുന്ന വാദങ്ങള്‍ പോലും മോബിഡിക്കിന്‍റെ കാര്യത്തില്‍ കരപിടിക്കാതെ പോയി.

തേഡ് വേവ് ഫെമിനിസം

ജുറാസിക് പാര്‍ക്ക് പുറത്തുവന്ന തൊണ്ണൂറുകളുടെ തുടക്കകാലം പുതിയൊരു സ്ത്രീപക്ഷവാദത്തിന്‍റെ തീച്ചൂളയുമായിരുന്നു. 'തേര്‍ഡ്വേവ് ഫെമിനിസം' (Third-wave feminism) എന്നാണ് അതറിയപ്പെട്ടത്. 1992-ല്‍ റെബേക്കാ വാക്കര്‍ (Rebecca Walker) ആണ് ആ പദം ആദ്യമായി ഉന്നയിച്ചത്. അതേസമയം ഇത് ചിരസ്ഥായിയായ ഒന്നാണെന്നും അവര്‍ പറഞ്ഞില്ല. 2050-കളിലെത്തുന്നതിനു മുമ്പ് അതൊരു څഫോര്‍ത്ത് വേവ് ഫെമിനിസچത്തിനു വഴിമാറും. അതിനുമുമ്പ് തേര്‍ഡ് വേവ് ഫെമിനിസം അതിന്‍റെ ലക്ഷ്യങ്ങള്‍ നേടിയിരിക്കും. 'സ്ത്രീ' എന്ന വേര്‍തിരിവിന്‍റെ നിരാസമാണ് അതിലൊന്ന്. സാഹിത്യത്തില്‍ ഇതിന്‍റെ പ്രതിഫലനം, സ്ത്രീഎഴുത്തുകാര്‍ പൊതുവേ സ്വീകരിച്ചുകാണുന്ന 'ഞാന്‍', 'എന്‍റെ അനുഭവക്കുറിപ്പുകള്‍' എന്ന കഥനരീതിയില്‍നിന്നും ഒരു സാധാരണ കഥപറച്ചില്‍രീതിയിലേക്ക് നോവലുകളും ചെറുകഥകളും എത്തപ്പെടുന്നു എന്നതാണ്. വംശം, ജാതി, മതം എന്നിവയാല്‍ നിര്‍മ്മിക്കപ്പെടുന്ന സ്വത്തരൂപങ്ങള്‍ക്ക് അതീതമാണ് സ്ത്രീത്വമെന്നും അത് അത്തരം വേലിക്കെട്ടുകളെ അതിലംഘിക്കുമെന്നതും ഫെമിനിസത്തിന്‍റെ മൂന്നാം പ്രകമ്പനകാലത്തിന്‍റെ സവിശേഷതയാണ്.

ഈ പുതിയ ഫെമിനിസ്റ്റ് ചിന്താധാര, തോടുപൊട്ടിച്ച് പുറത്തേക്ക് തലനീട്ടാന്‍ തുടങ്ങുന്ന ഒരു ദിനോസര്‍ കുഞ്ഞിന്‍റെ ഹ്യദയസ്പന്ദനങ്ങളെന്ന പോലെ ഒരു മര്‍മ്മരമായി ജുറാസിക് പാര്‍ക്ക് എന്ന നോവലില്‍ നിന്നും ഉയര്‍ന്നിരുന്നു. പ്രേതസിനിമകളിലെന്നപോലെ സ്ത്രീത്വത്തെ ഭീകരവല്‍ക്കരിക്കുക എന്നത് സാങ്കേതികതയുടെ പുതുപശ്ചാത്തലത്തില്‍ പ്രമേയവല്‍ക്കരിക്കുകയായിരുന്നു ജുറാസിക്പാര്‍ക്ക് ചെയ്തതെന്നായിരുന്നു ചലച്ചിത്രനിരൂപകയായ ബാര്‍ബറാ ക്രീഡ് പറഞ്ഞത്. എന്നാല്‍, ക്രിറ്റണ്‍ വിഭാവനംചെയ്ത ജുറാസിക്പാര്‍ക്ക് എന്ന നോവലിലെ ചിന്താധാരകളില്‍ നിന്നും പാടേ വ്യതിചലിച്ചുകൊണ്ടുള്ള ഒരു അവതരണമാണ് സ്പീല്‍ബെര്‍ഗ് തന്‍റെ സിനിമയില്‍ നടത്തിയത്. ദ്വീപിലെ അതിിയായെത്തുന്ന എല്ലീ സാട്ട്ലര്‍ എന്ന ഫോസില്‍ സസ്യശാസ്ത്രജ്ഞയെ, വെറുമൊരു വിരുന്നുകാരിയോ ഫെമിനി്റ്റേേ ആയിട്ടാണ് ജോണ്‍ ഹാമൊണ്‍ഡിന്‍റെ അഭിഭാഷകന്‍ കരുതുന്നത്. സട്ട്ലര്‍ ഒരു സയന്‍റിസ്റ്റ് ആണെന്നറിയുമ്പോള്‍, “You’re a woman,” എന്നാണയാള്‍ പ്രതികരിക്കുന്നത്. "അതേ, അങ്ങനേയും സംഭവിക്കാറുണ്ട്.." (“These things happen..”) എന്നാണ് സട്ട്ലര്‍ അതിന് മറുപടി പറയുന്നത്. സുഹ്യത്തായ അലന്‍ ഗ്രന്‍റ് അത് ആസ്വദിക്കുകയും ചെയ്യുന്നു.

സട്ട്ലറുടെ സൗന്ദര്യത്തെക്കുറിച്ച് തന്‍റെ നോവലിന്‍റെ പല ഭാഗങ്ങളിലും ക്രിറ്റണ്‍ പറയുന്നുണ്ട്. അതേസമയം, അടുത്ത വര്‍ഷമോ മറ്റോ ചിക്കാഗോയിലെ ഒരു നൈസ് ഡോക്ടറെ അവള്‍ വിവാഹംചെയ്യാന്‍ പോവുകയാണെന്ന് ഒഴുക്കന്‍മട്ടില്‍ പറയുകയും ചെയ്യുന്നു. സുമുഖനും ധനികനുമായ ഒരാളെ എന്നേ ഈ 'ചിക്കാഗോയിലെ നൈസ് ഡോക്ടര്‍' എന്ന പ്രയോഗത്തിന് അര്‍ത്ഥമുള്ളൂ എങ്കിലും അതിനുപിന്നില്‍ ജീവിതാവസാനം വരെ ബഹുരാഷ്ട്രകുത്തകകള്‍ വേട്ടയാടിയ ഒരു വനിതാശാസ്ത്രജ്ഞയുടെ കഥയുണ്ട്. മറ്റാരുമല്ല, രാസകീടനാശിനികളും ഇതരവിഷവസ്തുക്കളുംകൊണ്ട് പകുതിമരിച്ച, പക്ഷികള്‍ പാടാതാവുന്ന ഒരു ലോകത്തെക്കുറിച്ച് സൈലന്‍റ് സ്പ്രിങ് എന്ന പുസ്തകമെഴുതിയ റേച്ചല്‍ കാഴ്സണ്‍ (Rachel Carson, 1907–1964).  അമേരിക്കന്‍ ക്യഷിവകുപ്പ് സെക്രട്ടറിയായിരുന്ന എസ്റ ടഫ്റ്റ് ബെന്‍സണ്‍ (Ezra Taft Benson,1899–1994), ഒരു സ്വകാര്യകത്തില്‍ കാഴ്സണെക്കുറിച്ച് ഇങ്ങനെ എഴുതുകയുണ്ടായി: “Carson is unmarried despite being attractive, she can probably be a communist”  ("നിറഞ്ഞ സൗന്ദര്യവതി യെങ്കിലും അവിവാഹിതയാണ് കാഴ്സണ്‍. അതുകാരണംതന്നെ അവള്‍ ഒരു കമ്മ്യൂണിസ്റ്റ് ആകാനിടയുണ്ട്ڈ") എന്നാല്‍, സ്പീല്‍ബെര്‍ഗിന്‍റെ ജുറാസിക് പാര്‍ക്ക് കാണുന്ന ഒരാള്‍ക്ക് സട്ട്ളര്‍ എന്ന ഫെമിനിസ്റ്റിനു പകരം ദിനോസറിനുമുമ്പില്‍ വാപൊളിച്ചുനില്‍ക്കുന്ന മറ്റാരെയോ ആണ് കാണാനാവുക.

സ്ത്രീകേന്ദ്രീക്യതമായ കുടുംബവ്യവസ്ഥ  അഥവാ 'മട്രിയാര്‍ക്കി' (Matriarchy)യിലേക്ക് സമൂഹം പരിവര്‍ത്തനം ചെയ്യപ്പെടുന്നതിനുള്ള സാധ്യതകള്‍ ക്രിറ്റണ്‍ വരച്ചിടുന്നുണ്ട്. പരിക്കുപറ്റിയ ദിനോസര്‍ കുഞ്ഞിനെ ശുശ്രൂഷിക്കുന്നവര്‍ തങ്ങുന്ന ഇടം ഒരു ''അമ്മവീടാ'യി കരുതാം. അവിടെ പക്ഷേ, ആധുനികസമൂഹത്തിനുപോലും അംഗീകരിക്കാനാവാത്ത ഒരു ലിംഗപരമായ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. അവിടേക്ക് മാല്‍ക്കം ഓടിയെത്തുന്നതോടെ, 'കുടുംബം' എന്ന അണുബന്ധസങ്കല്‍പ്പനം പൂര്‍ത്തിയാവുന്നുവെങ്കിലും ആഗതനും കുട്ടിയെ തേടിയെത്തുന്ന ദിനോസര്‍ മാതാവിന്‍റെ ക്രോധത്തിനുമുമ്പില്‍ ഭയചകിതനാവുന്നു. പാര്‍ക്കിലെ ആകെ താറുമാറായ വൈദ്യതിവേലികളിലൂടെയുള്ള സുരക്ഷ പുനഃസ്ഥാപിക്കാന്‍ താന്‍ മതിയെന്നും പുരുഷനായ തനിക്കാവും അത്തരം ക്യത്യങ്ങള്‍ കൂടുതലെളുപ്പത്തില്‍ ചെയ്യാനാവുകയെന്നും പറയുന്ന ജോണ്‍ ഹാമൊണ്‍ഡിന് സട്ട്ളര്‍ നല്‍കുന്ന മറുപടിയും ശ്രദ്ധേയമാണ്: “We can discuss sexism in survival situations when I get back.”  ("ജീവന്‍ രക്ഷിക്കുക എന്നത് മുഖ്യമാവുന്ന സാഹചര്യങ്ങളിലുമുള്ള ആണ്‍മേല്‍ക്കോയ്മയുടെ  സംരക്ഷണത്തെ ക്കുറിച്ച് നമുക്ക് പിന്നീട് ചര്‍ച്ചചെയ്യാം. ഞാന്‍ മടങ്ങി വരട്ടെ"). പാര്‍ക്കിലെ തകര്‍ന്നുപോയ കംപ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തനസജ്ജമാക്കാന്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്കുപോലും കഴിയാതാവുന്ന സാഹചര്യത്തില്‍, ഹാമൊണ്‍ഡിന്‍റെ കൊച്ചുമകളായ അലെക്സിസ് ലെക്സ് മര്‍ഫിയാണ് അത് നിര്‍വ്വഹിക്കുന്നത്. ഇവിടെയും ഒരു വിപര്യയം കാണാം. സാധാരണയായി ആണ്‍കുട്ടികളാണ് കംപ്യൂട്ടറില്‍ വൈഭവം പ്രകടിപ്പിക്കുന്നത്. അവരാണ് കംപ്യൂട്ടര്‍ഗെയിമുകളില്‍ കൂടുതലായി വീണുപോവുന്നതും.

ജുറാസിക് പാര്‍ക്ക്ക്കില്‍ അവര്‍ ആദ്യം കാണുന്നത് ഭീമാകാരമായ ഉടലോടു കൂടിയ ഒരു ദിനോസറിനെയാണ്. വ്യക്ഷത്തലപ്പില്‍നിന്നും ഇലകള്‍ കടിച്ചുതിന്നുന്ന ബ്രാക്കിയോസോറസ് (Brachiosaurus) ഇനത്തില്‍പ്പെടുന്ന ദിനോസര്‍. തീര്‍ച്ചയായും പാര്‍ക്കിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കുന്നവയായിരുന്നു ബ്രാക്കിയോസോറസുകള്‍. കാരണം അവ നിരുപദ്രവകാരികളായ സസ്യഭുക്കുകളായിരുന്നു. ബ്രാക്കിയോസോറസുകളെ കണ്ടതിനുശേഷമായിരുന്നു ജോണ്‍ ഹാമൊണ്‍ഡ് അവരെ ജുറാസിക് പാര്‍ക്ക് എന്ന തന്‍റെ സ്വപ്നപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനായി ക്ഷണിക്കുന്നത്. അതിപുരാതനമായ ഒരു ജൈവആവാസവ്യവസ്ഥയെക്കുറിച്ചുള്ള ഒരു പരിചയവുമില്ലാതെ, അത്തരം ഒന്നിനെ പരിപാലിക്കാന്‍ ശ്രമിക്കുന്നത് അപകടകരമായിരിക്കുമെന്നാണ് മൂന്നുപേരും അഭിപ്രായപ്പെടുന്നത്. വാടകക്കെടുത്ത ഗര്‍ഭപാത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട്, ക്ളോണിങിലൂടെ ഒരു ജീവിയെ ക്യത്രിമമായി സ്യഷ്ടിക്കുന്നതിന്‍റെ നൈതികതയേയും അവര്‍ ചോദ്യംചെയ്യുന്നുണ്ട്. പ്രക്യതിയെ ബലാല്‍ക്കാരം ചെയ്യുന്നതിനു തുല്യമാണ് (“the rape of the natural world”) ഹാമൊണ്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെന്നാണ് മാല്‍ക്കം പറയുന്നത്.

സ്ത്രീദിനോസറുകളുടെ തുറന്ന തടവറ

ജുറാസിക് പാര്‍ക്ക് സിനിമയിലും നോവലിലും നാം കാണുന്ന ദിനോസറുകള്‍ ഭൂമിയിലെ ജീവപരിണാമത്തിന്‍റെ ചരിത്രത്തില്‍ ഒരേ സമയം ജീവിച്ചിരുന്നവയല്ല. പല കാലങ്ങളില്‍, പല ഭൂമേഖലകളില്‍ കഴിഞ്ഞിരുന്ന വയെ ക്യത്രിമമായി ഒന്നിപ്പിച്ചെടുത്ത ഒരു ക്യത്രിമസമൂഹ മായിരുന്നു ജുറാസിക്പാര്‍ക്കിലേത്. അതേസമയം, പ്രത്യുല്‍പ്പാദനത്തിന്‍റെ കാര്യത്തില്‍ അവ സ്വതന്ത്രവുമായിരുന്നില്ല. കാരണം, ക്ളോണിങിലൂടെ സ്യഷ്ടിക്കപ്പെട്ട വയെല്ലാം ജനിതകപരമായി സ്ത്രീലിംഗം ആക്കപ്പെട്ടവ യായിരുന്നു. ആണ്‍ലിംഗത്തില്‍പ്പെട്ട ഒരു ദിനോസറിനെപ്പോലും അവര്‍ സ്യഷ്ടിച്ചില്ല. പെണ്‍ലിംഗത്തില്‍പ്പെട്ട ദിനോസറുകള്‍ മാത്രം വിചാരിച്ചാല്‍ പ്രത്യുല്‍പ്പാദനം നടത്താനാവില്ലല്ലോ. അതുകൊണ്ട്, ദിനോസറുകള്‍ അവരുടെ തടവറഭൂമിയില്‍ നിന്നും രക്ഷപെട്ടാലും മറ്റൊരിടത്ത് അവയ്ക്ക് സ്വയം പ്രജനനം നടത്തി തനതായ ഒരു സമൂഹത്തെ ഉണ്ടാക്കാനാവില്ല. ദിനോസറുകളുടെ ക്ളോണിങ് സാധ്യമാക്കിയ ജനിതകഎന്‍ജിനീയര്‍മാരുടെ തലവനായ ഹെന്‍റി വൂ പറയുന്നതനുസരിച്ച് എല്ലാ ഭ്രൂണങ്ങളും ഭ്രൂണദശയില്‍നിന്നുള്ള അവയുടെ വികാസപരിണാമങ്ങളുടെ ഘട്ടത്തില്‍ ഒരു പോലെയാണ്. ബാഹ്യമായ ഒരു ഉത്തേജനപദാര്‍ത്ഥമോ സാഹചര്യമോ ആണ് ആണ്‍ലിംഗാവസ്ഥയെ ആര്‍ജ്ജിക്കാനിടയാക്കുന്നത്. ഇത് നല്‍കാതിരിക്കുന്നതിലൂടെയാണ് എല്ലാ ദിനോസറുകളേയും പെണ്ണാക്കി മാറ്റിയതെന്നാണ് ഹെന്‍റി വൂ പറയുന്നത്.

സ്ത്രീസമൂഹത്തിന്‍റെ സ്വയേച്ഛപ്രകാരമുള്ള പ്രജനനസ്വാതന്ത്ര്യത്തെ ഇവ്വിധം കൈപ്പിടിയിലൊതുക്കുന്നത് ഗോത്രസം്ക്യതിയോളം പഴക്കമുള്ള കാര്യമാണെങ്കിലും ആധുനികസമൂഹത്തില്‍പ്പോലും മതപരമായ വിലക്കുകളുടെ പേരില്‍ ഇവ നിലനില്‍ക്കുന്നുണ്ട്. യൂറോപ്പും അമേരിക്കയുംപോലുള്ള വികസിതരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ഗര്‍ഭഛിദ്രനിരോധനനിയമങ്ങള്‍ മുതല്‍ ഇന്ത്യയിലെ ദുരഭിമാന ക്കൊലകള്‍വരെ ഇക്കൂട്ടത്തില്‍പ്പെടും. സ്ത്രീശരീരങ്ങളെ നിര്‍മ്മിക്കുകയും വില്‍പ്പനക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു പുരുഷമേധാവിത്വ സാമൂഹ്യവ്യവസ്ഥിതി (Patriarchy)  തന്നെയാണ് ജുറാസിക് പാര്‍ക്കിലും നിലനിന്നിരുന്നത്. സ്ത്രീകളുടെ പ്രജനനക്ഷമതയോടുള്ള ഭയപ്പാടില്‍നിന്നും രൂപമെടുക്കുന്ന ഒട്ടനവധി ആചാരങ്ങളും വിലക്കുകളും പുരുഷനിയന്ത്രിത സമൂഹങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. കാരെന്‍ ഹോര്‍ണി (Karen Horney, 1885–1952) എന്ന ജര്‍മ്മന്‍ മനശാസ്ത്രജ്ഞ, പുരുഷസമൂഹത്തിന്‍റെ ഇത്തരം വിഹ്വലതകളെയെല്ലാം 'വോംബ് എന്‍വി' (Womb Envy)  എന്നൊരു സംജ്ഞയിലൂടെയാണ് വിക്ഷിച്ചത്. 

'വോംബ് എന്‍വി-യുടെ പ്രതിഫനമെന്നതരത്തിലാണ് ജോണ്‍ ഹാമൊണ്‍ഡ് തന്‍റെ പാര്‍ക്കിലെ ദിനോസറുകളെയെല്ലാം പെണ്‍ജാതിയില്‍പ്പെട്ടവയാക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, ഈ എന്‍വിയെ മറികടക്കാന്‍ ദിനോസറുകള്‍ സ്വയംസജ്ജരാവുന്നതായി അദ്ദേഹത്തിനുതന്നെ ബോധ്യപ്പെടുന്നത് കാട്ടിനുള്ളില്‍ ദിനോസറുകളുടെ പൊട്ടിയ മുട്ടത്തോടുകള്‍ കണ്ടെത്തുമ്പോഴാണ്. അവ പ്രജനനത്തിലേര്‍പ്പെടാനുള്ള കഴിവ് നേടിയിരിക്കുന്നു എന്നാണതിനര്‍ത്ഥം. പക്ഷേ, അതെങ്ങനെ സാധ്യമാവും? ദിനോസറിന്‍റെ രക്തം കുടിച്ചു ജീവിച്ചിരുന്ന ഒരു കൊതുകിന്‍റെ ശരീരത്തില്‍നിന്നും വേര്‍പെടുത്തിയെടുത്ത ദിനോസര്‍ ഡിഎന്‍ഏ ആയിരുന്നല്ലോ ദിനോസറുകളെ ക്ളോണ്‍ ചെയ്യാനായി ഉപയോഗിച്ചത്. എന്നാല്‍, ആ ഡിഎന്‍ഏ പൂര്‍ണ്ണമായിരുന്നില്ല. അതുകൊണ്ട്, ഒരു തവളയുടെ ഡിഎന്‍ഏ ഉപയോഗിച്ചുകൊണ്ടായിരുന്നു ഹാമൊണ്‍ഡിന്‍റെ ശാസ്ത്രജ്ഞര്‍ ആ വിടവ് പൂരിപ്പിച്ചത്. പക്ഷേ, എളുപ്പത്തിനായി ഉപയോഗിച്ച ഈ തവളക്ക്, ആണിന്‍റെ സാന്നിധ്യംകൂടാതെ തന്നെ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാന്‍ കഴിവുണ്ടായിരുന്നു (Sequential Hermaphroditism). ഈ സ്വഭാവം പകര്‍ന്നുകിട്ടിയ ദിനോസറുകള്‍  സ്വയം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നതില്‍നിന്നാണ് കഥയുടെ രണ്ടാംഭാഗത്തിന് തുടക്കമാവുന്നതു തന്നെ.

നഷ്ടപ്പെട്ട ലോകങ്ങള്‍

ജുറാസിക് പാര്‍ക്ക്ന്‍റെ രണ്ടാം ഭാഗം, ദ ലോസ്റ്റ് വേള്‍ഡ് (The Lost World)  എന്ന പേരില്‍ ക്രിറ്റണ്‍ തന്നെ എഴുതുകയുണ്ടായി, 1995-ല്‍. ആണ്‍ലിംഗത്തിന് മേല്‍ക്കോയ്മയുണ്ടാവുന്ന തരത്തിലുള്ള ഇന്നത്തെ സമൂഹനിര്‍മ്മിതി, ആദിമമനുഷ്യന്‍റേതില്‍നിന്നും വ്യത്യസ്തമായിരുന്നു എന്നതാണ്. അന്ന്, സ്ത്രീ എന്നത് സമൂഹത്തില്‍ പുരുഷനോളം അല്ലെങ്കില്‍ പുരുഷനില്‍നിന്നും ഒരുപടി ഉയര്‍ന്നപടിയിലാണ് നിലനിന്നിരുന്നത്. ശരീരവലിപ്പത്തിന്‍റെ കാര്യത്തിലും ഇത് ദ്യശ്യമായിരുന്നു. ഇതിന്‍റെ വിപരീതമായ അവസ്ഥയാണ് പില്‍ക്കാലത്ത് സംഭവിച്ചത്. സെക്കന്‍ഡ് വേവ് ഫെമിനിസം രൂപപ്പെടുന്നത് അതിന്‍റെ കിരാതവാഴ്ചയുടെ കാലത്താണ്. ഗവേഷണശാലകളില്‍നിന്നും സാഹിത്യരംഗത്തുനിന്നുപോലും സ്ത്രീകള്‍ അകറ്റിനിറുത്തപ്പെട്ടിരുന്ന കാലം. ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരിയായ മേരി ഷെല്ലിക്കുപോലും സ്ത്രീയായിപ്പോയി എന്ന കാരണത്താല്‍ സ്വന്തം ക്യതിയുടെ ആദ്യത്തെ രണ്ട് പതിപ്പുകളില്‍ സ്വന്തം പേരുവെയ്ക്കാന്‍ കഴിയാതിരുന്ന കാലം. ലിംഗാധിഷ്ഠിതമായ വേര്‍തിരിവിന്‍റെ ഈ കാലത്തിന്‍റെ മുഖമുദ്രയായിരുന്ന ലിംഗബന്ധവ്യക്തിത്വനിര്‍മ്മിതി (Heteronormative Sexuality)-യുടെ പാരമ്യതയാണ് ജുറാസിക്പാര്‍ക്കില്‍ നാം കാണുന്നത്. എന്നാല്‍, ദിനോസറുകള്‍ സ്വയം പ്രജനനശേഷി കൈവരിച്ചതോടെ അതൊരു ധ്രുവരഹിതലിംഗാവസ്ഥ (Fluid sexuality) നിലനില്‍ക്കുന്ന സമൂഹത്തിലേക്ക് സ്വയം പരിണമിക്കുകയായിരുന്നു.

ജുറാസിക് പാര്‍ക്ക്ല്‍ കുഞ്ഞിനെ തേടിവരുന്ന ഭീകരനായ ദിനോസര്‍ ടൈറാനോസൊറസ് റെക്സ് (Tyrannosaurus rex)  എന്ന ഇനത്തില്‍പ്പെട്ട മാംസഭോജിയാണ്. ഈ ദിനോസറിന്‍റെ വലിപ്പം ഒട്ടും അതിശയോക്തി കലര്‍ത്താതെയാണ് ചലച്ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്കിടെയിലെ പെണ്ണിന് ആണിനെക്കാള്‍ ശരീരവലിപ്പം ഉണ്ടായിരുന്നു എന്ന് ലോസ്റ്റ് വേള്‍ഡില്‍ ക്രിറ്റണ്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. വലിപ്പത്തില്‍ മാത്രമല്ല, ശരീരശക്തിയിലും പെണ്‍ദിനോസറുകളായിരുന്നു മുന്നിലെന്നും ക്യത്യമായ വിശദാംശങ്ങളിലൂടെ അദ്ദേഹം പറയുന്നുണ്ട്. ശാരീരികസവിശേഷതകളിലുള്ള ഈ ആണ്‍പെണ്‍ വ്യത്യാസം സെക്ഷ്വല്‍ ഡൈമോര്‍ഫിസം (Sexual Dimorphism) എന്നാണ് ശാസ്ത്രസാഹിത്യത്തില്‍ വിവക്ഷിക്കപ്പെടുന്നതെങ്കിലും ഇതിന്‍റെ ശാസ്ത്രീയമായ അടിത്തറ ഇടക്കാലത്ത് ദുര്‍ബലമാവുകയുണ്ടായി. 2005-ല്‍ നടന്ന ഒരു പഠനം, പെണ്‍ദിനോസറുകള്‍ എന്നു കരുതിയിരുന്നവയ്ക്ക് വലിപ്പക്കൂടുതലുള്ളതായി തോന്നിയത് അവ പ്രായമേറിയ സ്പെസിമെനുകളായിരുന്നതിനാലാണെന്ന് തെളിയിക്കുകയുണ്ടായി. എന്നാല്‍ ക്രിറ്റണ്‍, ലോസ്റ്റ് വേള്‍ഡ് എഴുതിയത്.

1995-ല്‍ ആയിരുന്നതിനാല്‍, ഇക്കാര്യത്തില്‍ അദ്ദേഹത്തെ പ്രതിസ്ഥാനത്തു നിറുത്തുക സാധ്യമല്ല. എന്തായാലും, സ്ത്രീസമൂഹം ഇന്നത്തെക്കാളും അധീശസ്ഥാനം ആര്‍ജ്ജിച്ചിരുന്ന ഒരു കാലം കണ്‍മറഞ്ഞുപോയതിന്‍റെ ഓര്‍മ്മക്കായാവണം അദ്ദേഹം തന്‍റെ കല്‍പ്പിതലോകത്തിന് ലോസ്റ്റ് വേള്‍ഡ് എന്ന് പേരിട്ടത്, ആര്‍തര്‍ കോനന്‍ ഡോയലിന്‍റേതായി അതേ പേരില്‍ മറ്റൊരു നോവല്‍ (The Lost World, 1912)  നിലവിലുണ്ടായിരുന്നിട്ടും.  അത് സിനിമയാക്കിയപ്പോള്‍, സ്പീല്‍ബെര്‍ഗ്, ഒരു അമേരിക്കന്‍ സിനിമയുടെ څപൊതുചട്ടങ്ങള്‍چക്കുള്ളില്‍നിന്നുകൊണ്ടുതന്നെ ഒരു സീനിലൂടെ അത് പറയാതെ പറയുകയും ചെയ്തു: അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വം ശാസ്ത്രനിര്‍മ്മിതമായ പുതുലോകത്തില്‍ മാനംമുട്ടുന്ന കരുത്തോടെ ദിനോസര്‍രൂപമാര്‍ജ്ജിക്കുമ്പോള്‍, മാമൂലുകളുടെ ഇട്ടാവട്ടത്തുനിന്ന് അതിനെ നോക്കി കുരയ്ക്കുകയും പിന്നെ ദയനീയമായി മോങ്ങിക്കൊണ്ട് പിന്‍വലിയുകയും ചെയ്യുന്ന ഒരു പട്ടി!

സ്ത്രീലോകം സാധ്യമോ?

ജുറാസിക് പാര്‍ക്ക്  എന്ന കഥയുടെ നെടുംതൂണിനെത്തന്നെ ഇളക്കുന്ന ചോദ്യമാണ് അവയ്ക്ക് മാത്യത്വചിന്തയുണ്ടാവുമോ എന്നത്. കാരണം, പരിണാമപരമായി ഉയര്‍ന്ന പടിയിലുള്ള ജീവികളിലാണ് മാത്യത്വബോധം ശക്തമായി കാണുന്നത്. സസ്തനി(Mammals)കളാണ് അവയിലേറ്റവും മുന്നില്‍. ദിനോസറുകള്‍ ഉരഗവര്‍ഗ(Reptiles)ത്തില്‍ പെട്ടവയാണ്. അവയില്‍ കുഞ്ഞുങ്ങളെ ഊട്ടിവളര്‍ത്താനും തേടിവരാനുമൊക്കെയുള്ള ബോധം സഹജവാസന(Instinct)യായെങ്കിലും നിലനില്‍ക്കുന്നുണ്ടാവുമോ എന്നൊരു ചോദ്യം ചിലരെങ്കിലും ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയാവുന്ന പഠനങ്ങളിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ ശാസ്ത്രജ്ഞനായിരുന്നു മൊണ്ടാനാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി യിലെ ഫോസില്‍പഠനവിദഗ്ദ്ധനായ ജാക്ക് ഹോര്‍ണര്‍ (John R. "Jack" Horner). ദിനോസറുകള്‍ അവയുടെ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചു പരിപാലിച്ചിരുന്നു എന്ന സങ്കല്‍പ്പനം ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ഉന്നയിച്ചിരുന്നു. ഈ പ്രബന്ധങ്ങള്‍ വായിക്കാനിടയായ ക്രിറ്റണ്‍ ഹോക്കറിനെ മാത്യകയാക്കി സ്യഷ്ടിച്ച കഥാപാത്രമായിരുന്നു പാര്‍ക്കിലെ സന്ദര്‍ശകരിലൊരാളും ഫോസില്‍പഠനവിദഗ്ധനുമായ അലന്‍ ഗ്രന്‍റ് !

ക്രിറ്റണ്‍ തന്‍റെ കഥനഗതിയിലുടനീളം സ്ത്രീപക്ഷവാദിയായാണ് സംസാരിക്കുന്നതെങ്കിലും ഫോര്‍ത്ത് വേവ് ഫെമിനിസം വിഭാവനം ചെയ്യുന്നതു പോലെയുള്ള ഒരു ലോകം സാധ്യമാവും എന്നതിന് ശാസ്ത്രീയമായ ഒരു സാധ്യതാരാഹിത്യം അദ്ദേഹം തന്നെ ഉന്നയിക്കുന്നുണ്ട്. ഇത് അദ്ദേഹം ആദ്യമായി ഉന്നയിക്കുന്നത് മാല്‍ക്കമിലൂടെയാണ്. മനുഷ്യര്‍ ഇല്ലാതെയും ദിനോസറുകള്‍ മാത്രമുള്ളതുമായ ഒരു ആവാസവ്യവസ്ഥ ഗണിതശാസ്ത്രപരമായി നിലനില്‍ക്കുന്നതല്ലെന്ന് അദ്ദേഹം പ്രസ്താവിക്കുന്നതായി നോവലിന്‍റെ തുടക്കത്തില്‍ത്തന്നെ ക്രിറ്റണ്‍ പറയുന്നുണ്ട്. കയോസ് സിദ്ന്താത്തെ അടിസ്ഥാനമാക്കിയാണ് മാല്‍ക്കം ഈ പ്രവചനം നടത്തുന്നത്. ഏതൊരു പ്രവര്‍ത്തനവും അതിന്‍റെ തുടക്കദശയില്‍ അതിനെ സ്വാധീനിക്കുന്ന സാഹചര്യങ്ങളുമായി അമിതമായി പ്രതികരിച്ചുപോവുന്നതരത്തില്‍ അതീവലോലമായിരിക്കുമെന്നും അതിനാല്‍ത്തന്നെ അതിന്‍റെ പരിണതി നമ്മള്‍ പ്രതീക്ഷിക്കുന്നിലും പ്രചണ്ഢമായിരിക്കുമെന്നാണ് കയോസ് സിദ്ധാന്തം പറയുന്നത്. ഇക്കാരണത്താലാണ്പാര്‍ക്ക് നിലനില്‍ക്കുന്നതാവില്ലെന്നും അത് സ്വയം തകരുമെന്നും മാല്‍ക്കം പറയുന്നത്. എങ്കിലും ഇന്ന് നിലനില്‍ക്കുന്ന തേഡ് വേവ് ഫെമിനിസം അവ്വിധം സ്വയം തകര്‍ന്നാലും 2050-തോടെ ഫോര്‍ത്ത് വേവ് ഫെമിനിസം അതിന്‍റെ സ്ഥാനം കയ്യടക്കും എന്ന ശുഭാപ്തിയാവാം അദ്ദേഹം പുലര്‍ത്തുന്നതെന്നും വിശ്വസിക്കാം.

[ദിനോസര്‍ എന്ന വാക്കിന്‍റെ മലയാളം: ദിനോസര്‍ എന്ന വാക്ക് നമ്മുടെ തലമുറക്ക് ചിരപരിചിതമായത് ജുറാസിക് പാര്‍ക്ക് ചലച്ചിത്രത്തിന്‍റെ വരവോടെയായിരിക്കാം. പക്ഷേ, അതിനും വര്‍ഷങ്ങള്‍ക്കുമുമ്പേ, ദിനോസറുകള്‍ കഥാപാത്രങ്ങളാവുന്ന ഒരു കഥ, ഒരു വിവര്‍ത്തനത്തിന്‍റെ രൂപത്തില്‍ മലയാളത്തില്‍ പ്രസിദ്ധീക്യതമായിട്ടുണ്ട്. ഹിന്ദിസാഹിത്യലോകത്തെ പ്രശസ്ത സഞ്ചാരസാഹിത്യകാരനായ രാഹുല്‍ സാംക്യത്യായന്‍  ഹിന്ദിഭാഷയിലെഴുതിയ ഒരു ക്യതിക്ക് മലയാളത്തിലുണ്ടായ പരിഭാഷയിലാണ് څദിനോസര്‍چ എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെടുന്നത്. പക്ഷേ, അങ്ങനെയല്ല പ്രയോഗിച്ചത്, څസരടംچ എന്ന വാക്കാണ് ദിനോസറിനുള്ള വിവര്‍ത്തനമായി പരിഭാഷകന്‍ ഉപയോഗിച്ചത്. രാഹുല്‍ സാംക്യത്യായന്‍റെ വോള്‍ഗ മുതല്‍ ഗംഗ വരെ എന്ന പുസ്തകം പരിഭാഷപ്പെടുത്തിയ കെ.വി.മണലിക്കര തന്നെ വിവര്‍ത്തനം നിര്‍വ്വഹിച്ച ഈ പുസ്തകം കോഴിക്കോട്ടെ പ്രശസ്ത പ്രസാധകരായിരുന്ന പി.കെ.ബ്രദേഴ്സാണ് പുറത്തിറക്കിയത്.]

Reference

Briggs, Laurie, and Jodi I. Kelber-Kaye (2000) There is No Unauthorized Breeding in Jurassic Park’: Gender and the Uses of Genetics, NWSA Journal, vol. 12, no. 1, pp. 92 – 113.

Creed, Barbara (1993) The Monstrous-Feminine: Film, Feminism, Psychoanalysis. Routledge.

Crichton, Michael (1990)  Jurassic Park, Alfred A. Knopf, Inc.

Crichton, Michael (1995) The Lost World,  Alfred A. Knopf, Inc.

Muniz, Michael J. (2014)  “Do Dinosaurs Really Scare Us?” Jurassic Park and Philosophy: The Truth is Terrifying, edited by Nicholas Michaud and Jessica Watkins, Open Court Publishing Company, 2014, pp. 91 – 98.

Warner, Marina. (1994) Monstrous Mothers: Women Over the Top. Six Myths of Our Time: Little Angels, Little Monsters, Beautiful Beasts, and More, edited by Marina Warner, Vintage, pp. 3 – 23.