കേരളമുള്‍പ്പെടെ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയിരിക്കുന്ന നിപവൈറസ് (Nipah Virus)-നെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്സിന്‍ വരുന്നു. മനുഷ്യരിലെ ഇതിന്‍റെ പരീക്ഷണം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വര്‍ഷംതോറും നിപവൈറസ് പടര്‍ന്നുപിടിക്കുന്ന തിലൂടെ മരണനിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന ബംഗ്ളാദേശിലാണ് വാക്സിന്‍ പരീക്ഷിക്കപ്പെടുന്നത്. അമേരിക്കന്‍ കമ്പനിയായ പബ്ളിക് ഹെല്‍ത്ത് വാക്സിന്‍സ് (Public Health Vaccines) വികസിപ്പിച്ച വാക്സിനാണ് പരീക്ഷിക്കപ്പെടുന്നത്. 2026-ന്‍റെ പകുതിയോടെ നിപ്പാവാക്സിന്‍ വിപണിയില്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷ. PHV-02 എന്നാണ് ഈ പുതിയ വാക്സിന് പേരുനല്‍കിയിരിക്കുന്നത്.
പാരാമിക്സോവൈറസ് (Paramyxovirus) എന്ന വിഭാഗത്തില്‍പ്പെടുന്ന വൈറസുകള്‍ മൂലമുണ്ടാ വുന്ന ഒരു ജന്തുജന്യരോഗമാണ് നിപ്പ. പഴവാവലുകള്‍ ആണ് ഈ വൈറസുകളെ പരത്തുന്നത്. ഇവ ഇവയുടെ ശരീരത്തിലെ താപനില ഉയര്‍ത്തുന്നതിനുവേണ്ടിയാണ് വൈറസുകളെ ഒപ്പംകൂട്ടുന്നത്. ഉയര്‍ന്ന ശരീരതാപനില ഇവയെ പറക്കാന്‍ സഹായിക്കുന്ന പേശികളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ഊര്‍ജജസ്വലമാക്കുന്നതാണ് കാരണം. എന്നാല്‍ ഈ വാവലുകള്‍ പഴങ്ങളില്‍ അള്ളിപ്പിടിച്ചിരുന്നത് അവയെ ഭക്ഷിക്കുമ്പോള്‍ നിപ്പാവൈറസ് പഴങ്ങളിലേക്ക് കടക്കുന്നു. ഇവയെ സ്പര്‍ശിക്കുകയോ കഴിക്കുകയോ ചെയ്യുന്ന മനുഷ്യര്‍ക്ക് വൈറസ് ബാധയുണ്ടാവുന്നു.
നിപ്പവൈറസ് ബാധയ്ക്കെതിരെ നിലവില്‍ വാക്സിനുകളൊന്നും തന്നെ ലഭ്യമല്ല. ഇക്കാരണത്താല്‍ രോഗബാധക്കെതിരെയുള്ള പ്രതിരോധം സാധ്യമല്ല. നിപ്പവൈറസ് ബാധയേറ്റ 75 ശതമാനം രോഗികളും മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്. ഇന്ത്യയും ബംഗ്ളാദേശുമാണ് നിപ്പാവൈറസ് ബാധ ഏറ്റവും സാധാരണമായ രാജ്യങ്ങളെങ്കിലും നിപ്പവൈറസിനെ പരത്തുന്ന തരത്തിലുള്ള പഴവാവലുകള്‍ ലോകത്തിലുടനീളം കാണപ്പെടുന്നവയാണ്. ഇത് കാരണം നിപ്പാവൈറസ് മൂലം രണ്ട് ശതകോടിയിലേറെ ജനങ്ങള്‍ മരണത്തിന്‍റെ നിഴലില്‍ കഴിയേണ്ടിവരുന്ന അവസ്ഥയാണിപ്പോള്‍. അതിനാല്‍ ഈ ആദ്യനിപ്പാവാക്സിന്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള വാക്സിന്‍ വികസനം വേഗത്തിലാക്കാനായി രൂപീകരിക്കപ്പെട്ട കൊയലേഷന്‍ ഫോര്‍ എപ്പിഡെമിക് പ്രിപ്പയേര്‍ഡ്നെസ് ഇന്നൊവേഷന്‍സ് (Coalition for Epidemic Preparedness Innovations) അഥവാ ഇഋജക എന്ന രാജ്യാന്തരകൂട്ടായ്മയാണ് നിപ്പാവാക്സിന്‍ പരീക്ഷിക്കുന്നതിനാവശ്യമായ ധനസഹായം നല്‍കുന്നത്. ഇതിനായി 17.3 ദശലക്ഷം ഡോളര്‍ ആണ് ഇഋജക അമേരിക്കന്‍ കമ്പനിയായ പബ്ളിക് ഹെല്‍ത്ത് വാക്സിന്‍സിന് നല്‍കുന്നത്. പരീക്ഷണത്തി ലൂടെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടാല്‍ വൈറസ്ബാധയ്ക്ക് സാധ്യത യേറിയ രാജ്യങ്ങളില്‍ അത് സംഭരിക്കപ്പെടും.
ഇത്തരത്തില്‍ നിപ്പാവാക്സിന്‍ നേരത്തേ സംഭരിക്കപ്പെടുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗ ബാധ തടയാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കും വാക്സിന്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കും. ഇതിലൂടെ നിപ്പയുടെ പകര്‍ച്ചാശേഷി കുറവുചെയ്യാന്‍ സഹായിക്കും. നിപ്പാബാധ യ്ക്ക് സാധ്യത ഏറെയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മുന്‍കൂറായി വാക്സിനേഷന് വിധേയമാക്കുകയും ഇത് സാധ്യമാക്കും. ഇതിനുവേണ്ടി 100 ദശലക്ഷം ഡോളര്‍ ആണ് ചിലവഴിക്കാനായി CEPI മാറ്റിവെച്ചിരിക്കുന്നത്. നൂറു ദിവസത്തിനുള്ളില്‍ നിപ്പയ്ക്കെതിരെ വാക്സിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാനാണ് ഇത് ചിലവഴിക്കുക. ദേശീയവരുമാനം വളരെ കുറവായ രാജ്യങ്ങള്‍ക്കും ഇടത്തരം സാമ്പത്തികശേഷിയുള്ള രാജ്യങ്ങള്‍ക്കും ഈ വാക്സിന്‍ സാങ്കേതികവിദ്യക്കുമേല്‍ തുല്യമായ അവകാശം ഉണ്ടായിരിക്കും.
നിപാവാക്സിന്‍റെ പ്രത്യേകതകള്‍
എബോള വൈറസ് ബാധയ്ക്കെതിരെ ഉപയോഗിക്കപ്പെടുന്ന വാക്സിന്‍റെ ഒരു പ്രവര്‍ത്തനഘടക ത്തെ ഉള്‍ക്കൊള്ളുന്നു എന്നതാണ് പുതിയ നിപ്പാവാക്സിന്‍റെ പ്രധാന സവിശേഷത. കോശത്തിനു ള്ളിലേക്ക് എളുപ്പത്തില്‍ കടന്നുകയറാനാണ് ഇത് ഉപയോഗപ്പെടുത്തുന്നത്. ഘടനാപരമായി ഇത് എബോളാവൈറസിനെ പൊതിയുന്ന പ്രോട്ടീന്‍കവചം മാത്രമാണ്. പക്ഷേ, ഇതിന്‍റെ സാന്നിധ്യം ശരീരത്തിന്‍റെ രോഗപ്രതിരോധസംവിധാനം പെട്ടെന്ന് ഉണരുന്നതിന് കാരണമാവുന്നു. രണ്ടാം ഘടകം നിപ്പാവൈറസിന്‍റെ തന്നെ പ്രോട്ടീന്‍കവചമാണ്. ഇത് നിപ്പാവൈറസിനെതിരെയുള്ള പ്രതിദ്രവ്യങ്ങള്‍ ശരീരത്തില്‍ സ്യഷ്ടിക്കപ്പെടാന്‍ കാരണമാവുന്നു. ഇതിലൂടെ യഥാര്‍ത്ഥത്തിലുള്ള നിപ്പാവൈറസ് ശരീരത്തിലേക്ക് കടക്കുമ്പോള്‍ത്തന്നെ അത് നിര്‍വീര്യമാക്കപ്പെടുന്നു.
അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍റ് ഇന്‍ഫെക്ഷിയസ് ഡിസീസ (National Institute of Allergy and Infectious Diseases)-സിന് കീഴില്‍ വരുന്ന വൈറോളജി ലബോറട്ടറി യായിരുന്നു നിപ്പാവാക്സിന്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ടത്. ഹെയ്ന്‍സ് ഫെല്‍ഡ്മാന്‍ ((Heinz Feldmann) എന്ന ജര്‍മ്മന്‍അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ നേത്യത്വം നല്‍കുന്നതായിരുന്നു ഈ പരീക്ഷണശാല.‘rVSV-നിപ്പാവാക്സിന്‍' എന്ന് പേരിട്ടിരുന്ന ഈ വാക്സിന്‍ മനുഷ്യരിലെ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കന്‍ കമ്പനിയായ പബ്ളിക് ഹെല്‍ത്ത് വാക്സിന്‍സിന് നല്‍കുകയായിരുന്നു. നിപ്പയ്ക്കെതിരെ മാത്രമല്ല, അടുത്തുതന്നെ ലോകത്തെ ബാധിക്കുമെന്ന് കരുതപ്പെടുന്നതും ഇനിയും പേരിട്ടിട്ടില്ലാത്തതുമായ 'എക്സ്' (Disease X) എന്ന പകര്‍ച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കാനും പുതിയ നിപ്പാവാക്സിന് കഴിയുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ നിപ്പ
25 വര്‍ഷങ്ങള്‍ക്കുമുമ്പ് മലേഷ്യയിലാണ് നിപ്പാവൈറസ് ബാധ ആദ്യമായി തിരിച്ചറിയപ്പെടുന്നത്. തുടര്‍ന്ന് ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിപ്പാബാധയുണ്ടായി. വൈകാതെ ഇന്ത്യയിലും. തലച്ചോറിന് വീക്കമുണ്ടാക്കുന്ന ഒരുതരം പനിയാണ് നിപ്പാവൈറസ് മൂലം ഉണ്ടാവുന്നത്. ഇത് വരെയധികം മാരകമാണ്. പേശികള്‍ക്ക് ബലക്ഷയവും ചുമയും ഒപ്പം കടുത്ത ശ്വാസംമുട്ടലും ഉണ്ടാവുന്നു. ഹ്യദയപേശികള്‍ ശരിയായി പ്രവര്‍ത്തിക്കാതാവുന്നതോടെ ഹ്യദയസ്തംഭനം ഉണ്ടാവുന്നു. വൈറസ്ബാധയേല്‍ക്കുന്നവരില്‍ 94.4 ശതമാനവും മരണത്തിന് കീഴടങ്ങുന്നതായാണ് 2018-ല്‍ കേരളത്തിലുണ്ടായ നിപ്പാവൈറസ് ബാധ സൂചിപ്പിക്കുന്നത്. 2022-ല്‍ ലോകാരോഗ്യസംഘടന നിപ്പാവൈറസ്ബാധയെ ലോകത്തിലെ മുന്‍നിര പകര്‍ച്ചവ്യാധികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.
ലോകത്തില്‍ നിപ്പാവൈറസിന്‍റെ രണ്ട് വകഭേദങ്ങള്‍ (Strain) നിലനില്‍ക്കുന്നു എന്നാണ് ഈ മേഖലയില്‍ നടന്ന ഗവേഷണപഠനങ്ങള്‍ പറയുന്നത്. മലേഷ്യന്‍ വകഭേദം, ബംഗ്ളാദേശ് വകഭേദം എന്നിവയാണവ. നിലവില്‍ ഇന്ത്യയില്‍ പടര്‍ന്നുപിടിച്ചിട്ടുള്ളത് ബംഗ്ളാദേശ് വകഭേദമാണ്. രോഗലക്ഷണങ്ങളുടേയും മരണനിരക്കിന്‍റേയും കാര്യത്തില്‍ കൂടുതല്‍ തീവ്രമാണ് ബംഗ്ളാദേശ് വകഭേദം. 2001ലാണ് ബംഗ്ളാദേശ് വകഭേദം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പക്ഷേ, 69 ശതമാനം മാത്രമായിരുന്നു അതിലൂടെയുള്ള മരണനിരക്ക്. 2013ല്‍ അത് വീണ്ടുമെത്തിയപ്പോള്‍ മരണനിരക്ക് 83 ശതമാനമായി ഉയര്‍ന്നു. 2018-ലെ വരവില്‍ പക്ഷേ മരണനിരക്ക് വീണ്ടും കൂടി: 94.4 ശതമാനം! എന്നാല്‍ ബംഗ്ളാദേശില്‍ എല്ലാ വര്‍ഷവും ഇതേ വകഭേദം മരണം വിതച്ചിരുന്നു. 2023-ല്‍ ആയിരുന്നു മരണനിരക്ക് ഏറ്റവും കൂടുതല്‍.
നിപ്പബാധ മനുഷ്യജന്യമോ?
വലിയൊരളവുവരെ പ്രക്യതിയില്‍ മനുഷ്യന്‍റെ ഇടപെടലുകളാണ് നിപ്പാവൈറസ് ബാധയ്ക്ക് കാരണമാവുന്നത് എന്നാണ് കണ്ടെത്തല്‍. കാടുകള്‍ വെട്ടിനശിപ്പിക്കപ്പെടുകയും പാറക്കൂട്ടങ്ങള്‍ തകര്‍ക്കുകയും ചെയ്യുമ്പോള്‍ മരങ്ങളിലും ഗുഹകളിലും ഒതുങ്ങിക്കഴിഞ്ഞിരുന്ന വാവലുകള്‍ ജനവാസകേന്ദ്രങ്ങളിലേക്കെത്താന്‍ നിര്‍ബന്ധിതമാവുന്നു. പഴങ്ങളേയും പച്ചക്കറികളേയും ഭക്ഷിക്കുന്നതിനിടെ വാവലുകളുടെ ഉമിനീര്‍, മൂത്രം എന്നിവ പഴങ്ങളിലും മറ്റും പതിയുന്നതി നിടയാവുന്നു. പനന്നൊങ്ക് ഇത്തരത്തില്‍ മലിനപ്പെടുന്നതിലൂടെ പനങ്കള്ളില്‍ നിപ്പാവൈറസുകള്‍ എത്തിച്ചേരുന്നു. ഇങ്ങനെ മനുഷ്യരിലേക്ക് എത്തിക്കഴിഞ്ഞാല്‍ വൈറസ്ബാധയുള്ളവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ഇത് മറ്റൊരാളിലേക്ക് പകരുന്നു. ശരീരദ്രവങ്ങളുമായി സമ്പര്‍ക്കത്തിലെത്തുന്നതിലൂടെയും വൈറസ് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Reference: https://www.ovg.ox.ac.uk/news/worlds-first-phase-ii-nipah-virus-vaccine-trial-launch










