Thursday, May 5, 2011

ഹൈന്ദവ ഗ്രന്ഥങ്ങളിലെ ശാസ്ത്രം

Image Courtesy: www.dougal.union.ic.ac.uk
ഭാരതീയര്‍ ആര്‍ജ്ജിച്ചിരുന്ന ശാസ്ത്രവിജ്ഞാനം ഗ്രന്ഥരൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടത് വളരെക്കാലങ്ങള്‍ക്ക് ശേഷമാണ്. അങ്ങനെ രേഖപ്പെടുത്തപ്പെട്ട എഴുത്തുകളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടമായിരിക്കുന്നു. ശാസ്ത്രസംബന്ധമായ എന്തിനും പാശ്ചാത്യലോകത്തെ ആശ്രയിക്കുന്ന നമ്മുടെ ശീലം നമ്മുടേതായ പലതും ഇത്തരത്തില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടാന്‍ കാരണമായിട്ടുണ്ടെന്നത് ദുഃഖകരമായ സത്യമാണ്. അതേസമയം, പാശ്ചാത്യരും വിദൂരപൌരസ്ത്യദേശക്കാരുമായ അനേകം സഞ്ചാരികളും പണ്ഡിതന്‍മാരും പുതിയ ശാസ്ത്രതത്വങ്ങളെ ലോകത്തിനു പരിചയപ്പെടുത്താനായി ഉപയോഗിച്ചത് പുരാതന ഭാരതത്തിലെ വിജ്ഞാനശേഖരത്തെയാണ്.
  
അതുപോലെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വസ്തുത, ഈ വിജ്ഞാന സമ്പത്ത് ദേശാന്തരീയമായി കടന്നുവന്ന, പരസ്പരമുള്ള 'കൊടുക്കല്‍ വാങ്ങലു'കളിലൂടെയാണ് സമ്പന്നമായത് എന്നതാണ്. ഈ സമ്പന്നത തുടര്‍ന്നുകൊണ്ടുപോവുന്നതിന് ആധുനികലോകം പരിശ്രമിക്കേണ്ടതുണ്ട്. സാഗരതുല്യമായ അറിവുശേഖരമാണ് ഭാരതീയമായ വേദഗ്രന്ഥങ്ങളിലുള്ളത്. അതിന്റെ തീരത്തുനിന്ന്, അല്പനേരത്തേക്കുള്ള ഒരു വിഹഗവീക്ഷണം നടത്തിയതില്‍നിന്നും ശേഖരിക്കാനായ ചിലമൊഴിമുത്തുകളും കൌതുകങ്ങളും മാത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്.
അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, വ്യാസമഹര്‍ഷിയാണ് 'വേദങ്ങള്‍' എന്നറിയപ്പെടുന്ന വിജ്ഞാനസൂക്തങ്ങളെ ക്രോഡീകരിക്കുകയും വിഭജിക്കുകയും ചെയ്തതെന്ന് കരുതപ്പെടുന്നു. നാല് വേദങ്ങളിലായിട്ടായിരുന്നു വിഭജനം. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം. ഋഗ്വേദത്തിന് 21 ശാഖകളാണ് ഉണ്ടായിരുന്നത്. പക്ഷേ, ഇതില്‍ രണ്ടെണ്ണം മാത്രമേ (ശകല, സംഖ്യയാന) ഇന്ന് ലഭ്യമായുള്ളൂ. യജുര്‍വേദത്തിന് 100 ശാഖകളുണ്ടായിരുന്നു. അതില്‍ 4 എണ്ണം മാത്രമേ(തൈത്തരീയ, മൈത്രയാനിയ, കന്‍വ, മദ്ധ്യാന്തിന) ഇന്നുള്ളൂ. സാമവേദത്തിന് 1000 ശാഖകളായിരുന്നു. ഇപ്പോഴുള്ളത് വെറും മൂന്നെണ്ണവും: രാനയാനിയ, ജൈമിനിയ, ഗൌതമ! അഥര്‍വവേദത്തിലെ 11 ശാഖകളില്‍ ശൌനക, പിപ്പലാദ എന്നിങ്ങനെ രണ്ടെണ്ണവും! അതായത് ആകെ 1131 ശാഖകള്‍ (recessions) ഉണ്ടായിരുന്നതില്‍, 1120 എണ്ണം നഷ്ടപ്പെട്ടിരിക്കുന്നു! കാലത്തിന്റെ അനിവാര്യതയാവാം ഇത്.

ശാസ്ത്രജ്ഞരായ മഹര്‍ഷിമാര്‍
വിക്രമാദിത്യചക്രവര്‍ത്തിയുടെ രാജസദസ്സിലെ പണ്ഡിതനായിരുന്ന വരാഹമിഹിരനായിരുന്നു മറ്റൊരു വാനനിരീക്ഷകന്‍. 'ബൃഹദ്സംഹിത' എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റെതാണ്. ഉജ്ജയിനിയായിരുന്നു ഇരുവരുടെയും പ്രവര്‍ത്തന മണ്ഡലം. അവിടെയായി ഒരു വാനനിരീക്ഷണശാലയും ഉണ്ടായിരുന്നു. രസതന്ത്രത്തിലെ വിദഗ്ദനായിരുന്നു രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നാഗാര്‍ജ്ജുനന്‍. പ്രധാനമായും തത്ത്വശാസ്ത്ര സംബന്ധമായ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ രോഗചികിത്സയും വിഷയങ്ങളായിരുന്നു.
'ആര്യഭടീയം' എഴുതിയ ആര്യഭടനാണ് ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്ന സിദ്ധാന്തം ഉന്നയിച്ചത്. അന്നത്തെ വിശ്വാസ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍.ശസ്ത്രക്രിയ നടത്താനുള്ള ഉപകരണങ്ങള്‍ സ്വയം നിര്‍മ്മിച്ചുകൊണ്ട് അത് നടപ്പിലാക്കിയ ആചാര്യനായിരുന്നു ശുശ്രുതന്‍. പദാര്‍ഥങ്ങളുടെ അടിസ്ഥാന നിര്‍മ്മാണഘടകം 'ആറ്റം' എന്ന് ഇന്ന് വിളിക്കപ്പെടുന്ന 'കണം' ആണെന്ന് പറഞ്ഞത് കണാദനാണ്. അനേകം പേര്‍ ഇങ്ങനെയുണ്ടെങ്കിലും സ്ഥലപരിതമിതിമൂലം അവരുടെയെല്ലാം സംഭാവനകള്‍ അനുസ്മരിക്കുക അസാധ്യമാവുന്നു.
'മഹര്‍ഷിമാര്‍' എന്നറിയപ്പെട്ടിരുന്ന ചിന്തകന്‍മാരായിരുന്നു ഭാരതീയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാസ്കരാചാര്യരാണ് ഒരുദാഹരണം. പേരുകേട്ട ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു ഇദ്ദേഹം. 'സിദ്ധാന്തശിരോമണി', കര്‍ണകുരൂഹലം' എന്നീ ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹമാണ് വാനനിരീക്ഷണത്തിന് ഗണിതശാസ്ത്രപരമായ അടിത്തറ രൂപപ്പെടുത്തിയത്. ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ നിയമം കണ്ടുപിടിക്കുന്നതിനും 500 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാസ്കരാചാര്യര്‍ അത് വിഭാവനം ചെയ്തിരുന്നു. ആധുനിക ശാസ്ത്രം ഇന്ന് കണ്ടെത്തിയിരിക്കുന്ന പലകാര്യങ്ങളും പുരാതന ഭാരതത്തിന്റെ പലഗ്രന്ഥങ്ങളിലും സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നുവെന്നത് അതിശയകരമാണ്.


Courtesy: Pictures in this blog are from Science in Sanskrit published by Samskritabharati, New Delhi.
Link: http://www.samskritabharati.org

This article by me, in original form was published in Nava-Sasthravicharam, April 2011, Special Issue. 
Link:
http://nava-sasthravicharam.com/                                                                                                                


                                                                                     

  
                                                                             
      

Monday, April 25, 2011

വസൂരി കൊല്ലപ്പെടുമോ?

വസൂരികാരണം ആള്‍ക്കാര്‍ കൊല്ലപ്പെടുമോ എന്നതല്ല ലോകത്തിനു മുന്നിലെ ഇപ്പോഴത്തെ ചോദ്യം. 'വസൂരി'തന്നെ കൊല്ലപ്പെടുമോ എന്നതാണ്. ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെട്ടു എന്നു കരുതുന്ന ഭീകര പകര്‍ച്ചവ്യാധികളിലൊന്നാണ് വസൂരി (Small Pox). 1977ല്‍, സൊമാലിയയില്‍ അവസാനമായി കണ്ടെത്തിയതൊഴിച്ചാല്‍, ലോകത്തൊരിടത്തും ഇതേവരെ വസൂരി പ്രത്യക്ഷപ്പെട്ടിട്ടില്ല. 1980ല്‍, ലോകത്തുനിന്ന് വസൂരിരോഗം പൂര്‍ണമായും നിര്‍മാര്‍ജനംചെയ്യപ്പെട്ടതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതുമാണ്. പക്ഷേ, അപ്പോഴും വസൂരിരോഗാണുവിന്റെ രണ്ട് സാമ്പിള്‍ രണ്ടു രാജ്യങ്ങളുടെ പരീക്ഷണശാലകളില്‍ അതീവ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇവയെക്കൂടി നശിപ്പിക്കണമെന്നാണ് ചില മനുഷ്യാവകാശസംഘടനകളുടെ ആവശ്യം. അതു പറ്റില്ലെന്ന് പ്രസ്തുത രാജ്യങ്ങളും. വിവാദം പൊട്ടിപ്പുറപ്പെട്ടത് അങ്ങനെയാണ്. ഇതില്‍ അന്തിമതീരുമാനമെടുക്കാന്‍ ഒത്തുചേരുകയാണ് ലോകാരോഗ്യസംഘടന. മെയ് 16 മുതല്‍ 24 വരെ നടക്കുന്ന ഈ സമ്മേളനമാണ് ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
അമേരിക്കയുടെയും റഷ്യയുടെയും കൈവശമാണ് ഇപ്പോള്‍ വസൂരിരോഗാണുക്കളുള്ളത്. അറ്റ്ലാന്റയിലെ 'സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനി'ലാണ് അമേരിക്കയില്‍ അതിന്റെ സൂക്ഷിപ്പ്. റഷ്യയില്‍, മോസ്കോയ്ക്കടുത്തുള്ള 'സ്റ്റേറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈറല്‍ പ്രിപ്പറേഷന്‍സി'ലും. ഇവിടെനിന്ന് ഇത് സൈബീരിയയിലെ ഒരു രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയതായും പറയുന്നു. 1980 മുതല്‍ക്കേ ഇവ നശിപ്പിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുകയാണ് ലോകാരോഗ്യസംഘടന. എന്നാല്‍ ഇതിനു തടസ്സമായി കൈവശരാജ്യങ്ങര്‍ പറഞ്ഞത് മറ്റു ചില രാജ്യങ്ങള്‍ ജൈവായുധ (Bioweapons)  നിര്‍മാണത്തിനായി ഇവ രഹസ്യമായി സൂക്ഷിക്കുന്നു എന്നതാണ്. വടക്കന്‍ കൊറിയ, ഇറാന്‍ എന്നിവയ്ക്കെതിരെയാണ് സംശയത്തിന്റെ വിരല്‍മുന നീണ്ടത്. തീവ്രവാദസംഘടനകള്‍ ജൈവായുധങ്ങളായി ഇവ കൈവശപ്പെടുത്താനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാട്ടി. 1993ല്‍, വസൂരിരോഗാണുവിന്റെ ജനിതകശ്രേണീപഠനം പൂര്‍ത്തിയാവുന്നതുവരെ അത് കൈവശംവയ്ക്കാന്‍ അനുവദിക്കണമെന്ന് ലോകാരോഗ്യസംഘടനയോട് അഭ്യര്‍ഥിച്ചിരുന്നു. 1999ല്‍, പ്രതിരോധ വാക്സിന്‍ പരിഷ്കരിക്കാനുള്ള ഗവേഷണങ്ങള്‍ക്കായി ലോകാരോഗ്യസംഘടന കൈവശ കാലാവധി അല്‍പ്പംകൂടി നീട്ടിക്കൊടുത്തു. ഇതെല്ലാം കഴിഞ്ഞാണ് ഇപ്പോള്‍ വീണ്ടും സമ്പൂര്‍ണ നശീകരണം എന്ന ആവശ്യം ഉയരുന്നത്.
അതേസമയം, നശീകരണത്തിന് അനുകൂലമായും പ്രതികൂലമായുമുള്ള അഭിപ്രായങ്ങളുമായി ശാസ്ത്രസമൂഹത്തില്‍ പ്രകടമായ ധ്രുവീകരണം ദൃശ്യമായിട്ടുണ്ട്. നശിപ്പിക്കപ്പെട്ടാല്‍, ഇതേ രോഗാണുവിന്റെതന്നെ പരിവര്‍ത്തിത (Mutant) രൂപങ്ങളെ ചെറുക്കാനാവശ്യമായ ഗവേഷണശ്രമങ്ങള്‍ക്ക് അടിസ്ഥാനമില്ലാതാവും എന്നാണ് ഈ വിഭാഗത്തിന്റെ വാദം. ജനിതകപരമായി ലളിതഘടനയുള്ളവയാണ് വസൂരിരോഗാണുവിനെപ്പോലുള്ളവ ഉള്‍പ്പെടുന്ന വൈറസുകള്‍. ഇന്നത്തെ സാങ്കേതികസംവിധാനങ്ങളുടെ സഹായത്താല്‍, അതിനാല്‍ അവയെ എളുപ്പത്തില്‍ പുനര്‍നിര്‍മിക്കാനാവും. ഇക്കാരണത്താല്‍, നശീകരണം അത്ര ഗൌരവമുള്ളതായി കാണേണ്ടതില്ലെന്നാണ് മറുവിഭാഗത്തിന്റെ വിശദീകരണം. 2002ല്‍ ജനിതകശാസ്ത്രജ്ഞര്‍ ഇതേ മാതൃകയില്‍ ലോകത്തിലെ ആദ്യത്തെ കൃത്രിമവൈറസിനെ സൃഷ്ടിച്ചിരുന്നു. ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്ന ഒരു വൈറസ് ജനിതകശ്രേണിയെ ആധാരമാക്കിയാണ് അവരതു ചെയ്തത്. ഇത് വസൂരിവൈറസിന്റെ കാര്യത്തിലും ചെയ്യാവുന്നതേയുള്ളു എന്നാണ് നശീകരണത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. തങ്ങളുടെ ജൈവായുധശേഖരത്തിലെ മുഖ്യ ഇനമായ ഒന്നിനെ നശിപ്പിക്കാന്‍ ലോകത്തിലെ വന്‍ശക്തികള്‍ക്ക് മനസ്സില്ല എന്നതില്‍നിന്ന് ഉളവാകുന്ന ന്യായീകരണങ്ങളാണ് നശീകരണത്തിനെ എതിര്‍ക്കുന്നവരുടെതെന്നും അവര്‍ ആരോപിക്കുന്നു. എന്തായാലും തീരുമാനത്തിനായി അടുത്തമാസം 16 വരെ കാക്കണം.

വസൂരിയുടെ ചരിത്രം
മനുഷ്യരാശി ഏറ്റവും ഭയപ്പെട്ട രോഗങ്ങളിലൊന്നാണ് വസൂരി. അതോടൊപ്പം ഏറ്റവും പഴക്കമുള്ളതും. 3000 വര്‍ഷംമുമ്പ് ഇന്ത്യയിലോ ഈജിപ്തിലോ ആണ് വസൂരി ആവിര്‍ഭവിച്ചതെന്നു കരുതുന്നു. പൌരാണിക സംസ്കൃതികളിലെല്ലാം വസൂരിയെക്കുറിച്ച് പരാമര്‍ശമുണ്ട്. വൈരൂപ്യത്തോടൊപ്പം അന്ധതയും പകര്‍ന്നുനല്‍കുന്നതിനാലാണ് വസൂരിയെ ഭയപ്പെട്ടത്. 1798ല്‍ എഡ്വാര്‍ഡ് ജെന്നര്‍ എന്ന ശാസ്ത്രജ്ഞന്‍ വസൂരിയെ 'വാക്സിനേഷന്‍' (ഢമരരശിമശീിേ) മൂലം തടയാമെന്നു കണ്ടെത്തിയെങ്കിലും അത് പ്രചാരത്തിലെത്താന്‍ പിന്നെയും നൂറ്റാണ്ടുകള്‍ വേണ്ടിവന്നു. 1967 ജനുവരി ഒന്നിന് ലോകാരോഗ്യസംഘടന നടപ്പാക്കിയ 'സമ്പൂര്‍ണ വസൂരിനിര്‍മാര്‍ജന പരിപാടി'യാണ് വസൂരിബാധയെ ഏറെക്കുറെ നിയന്ത്രണവിധേയമാക്കിയത്.

വിധി കാക്കുന്ന രോഗാണു
'വേരിയോള' (Variola) എന്ന വൈറസാണ് വസൂരിക്കു കാരണക്കാരനായ രോഗാണു. 'ഓര്‍ത്തോപോക്സ് വൈറസ്' കുടുംബത്തില്‍പ്പെടുന്ന ഈ വൈറസിന് രണ്ടു വകഭേദങ്ങളുണ്ട്്. 'വേരിയോള മേജറും' (Variola major) വേരിയോള മൈനറും (Variola minor). ഇതില്‍ ആദ്യം പറഞ്ഞതില്‍നിന്നുള്ള വസൂരിബാധയാണ് മരണനിരക്കില്‍ ഭീകരന്‍. 'വേരിയോള മൈനര്‍' ഒരുശതമാനത്തോളം ജീവനാശസാധ്യതയേ സൃഷ്ടിക്കുന്നുള്ളു.

Saturday, April 16, 2011

നമ്മുടെ കണിക്കൊന്ന, അവരുടെ 'ലാബുര്‍ണം'!

മലയാളിക്ക് വിഷുക്കണിയെന്നാല്‍ കണിക്കൊന്നയാണ്. മേടച്ചൂടിന്റെ നെറുകയില്‍ മഞ്ഞച്ചാര്‍ത്തണിഞ്ഞ് സമൃദ്ധിയുടെ പൂമരമാവുന്ന കണിക്കൊന്ന. പൂവുകളുടെ ഈ സ്വര്‍ണവര്‍ണമാണ് കണിക്കൊന്നയെ വരാനിരിക്കുന്ന നല്ല നാളെയുടെ നാന്ദിയാക്കുന്നത്. ഇലകളെപ്പോലും പൂക്കളാക്കിമാറ്റി കണിക്കൊന്ന ചിലപ്പോള്‍ മീനമാസത്തിന്റെ തുടക്കത്തില്‍ത്തന്നെ മലയാളഗ്രാമങ്ങളെ മഞ്ഞയുടെ വര്‍ണശോഭകൊണ്ടു നിറയ്ക്കുന്നതുകാണാം. പക്ഷേ, ഈ കാഴ്ച നമുക്കുമാത്രം സ്വന്തമെന്നു കരുതിയാല്‍ തെറ്റി. കേരളീയര്‍ക്കായല്ലെങ്കിലും കണിക്കൊന്നപോലെ പൂത്തുലയുന്ന ഒരു മരം യൂറോപ്പിലുമുണ്ട്. ബാള്‍ക്കന്‍തീരത്തെ പര്‍വതദേശങ്ങളില്‍ കാണുന്ന 'ലാബുര്‍ണം (Laburnum) ഒറ്റനോട്ടത്തില്‍ കണിക്കൊന്നയെന്നുതോന്നുന്ന, അതുപോലെ തൊങ്ങല്‍പിടിപ്പിച്ച പൂങ്കുലകള്‍ തൂക്കിയിടുന്ന ഈ മരത്തിന് യൂറോപ്പുകാര്‍ അര്‍ഥവത്തായ വിളിപ്പേരും നല്‍കിയിട്ടുണ്ട്- 'ഗോള്‍ഡന്‍ ചെയിന്‍'!
സ്വര്‍ണത്തെ ഇതളുകളായും പരാഗങ്ങളായും പരിണമിപ്പിച്ച് അതുകൊണ്ട് ചങ്ങലതീര്‍ക്കുന്ന ഈ മരത്തിന് പൂവുകളുടെ നിറത്തിലും തരത്തിലും കണിക്കൊന്നയോടുള്ള സാദൃശ്യം അതിശയപ്പെടുത്തുന്നതാണ്. സസ്യശാസ്ത്രജ്ഞരുടെ കണക്കില്‍ രണ്ടും ഒരേ സസ്യകുടുംബത്തിലെ അംഗങ്ങളാണ്- പയറുവര്‍ഗത്തില്‍പ്പെടുന്ന ചെടികളുടെ കുടുംബമായ 'ഫാബെസിയെ' (Fabaceae)യിലെ. വ്യത്യസ്ത ജനുസ്സുകളാണ് രണ്ടും എന്ന വ്യത്യാസമേയുള്ളു. കണിക്കൊന്നയുടെ ജനുസ്സ് 'കാസിയ' (Cassia)യാണ്. ശാസ്ത്രീയനാമം കാസിയ ഫിസ്റ്റുല (Cassia fistula) എന്നും 'ലാബുര്‍ണം' എന്ന യൂറോപ്പുകാരുടെ കണിക്കൊന്നയ്ക്ക് രണ്ടിനങ്ങളുണ്ട്. രണ്ടിനും മഞ്ഞപ്പൂക്കളാണ്. കുലകുലയായി താഴേക്കു തൂങ്ങിനില്‍ക്കുന്ന തരത്തിലുള്ളവ. മഞ്ഞയുടെ പ്രഭയ്ക്ക് കുറവൊന്നുമില്ലെങ്കിലും കണിക്കൊന്നയുടെ പൂങ്കലയുടെ അത്രത്തോളം നീളമില്ലാത്തവയാണ് 'ലാബുര്‍ണ'ത്തിന്റെ പൂങ്കുലകള്‍. പക്ഷേ, ദൂരക്കാഴ്ചയില്‍ രണ്ടും ഒരുപോലെയാണ്. പോരാത്തതിന് ഇല മുഴുവന്‍ പൊഴിച്ചാണ് 'ലാബര്‍ണ'വും പൂക്കുന്നത്; കണിക്കൊന്നയെപ്പോലെ!
തെക്കന്‍ യൂറോപ്പിലെ പര്‍വതനിരകളിലും അതിന്റെ താഴ്വാരങ്ങളിലും സാധാരണ കാണുന്ന മരമാണ് 'ലാബുര്‍ണം'. സ്കോട്ട്ലന്‍ഡിലും ഫ്രാന്‍സിലും ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം 'ലാബുര്‍ണ'മുണ്ട്. പൂത്തുലഞ്ഞ 'ലാബുര്‍ണം' മരങ്ങള്‍കൊണ്ട് നിറയുന്നവയാണ് മേയിലെ ഇറ്റലിയുടെ മലഞ്ചെരിവുകള്‍. അതിനാല്‍ ആ പൂക്കാലത്തെ അവര്‍ 'മാഗിയൊ' (Maggio) എന്നു വിളിക്കുന്നു. പൂവിടല്‍ തുടങ്ങുന്ന കാര്യത്തില്‍ കണിക്കൊന്നയേക്കാള്‍ അല്‍പ്പം താമസിച്ചുള്ളതാണ് 'ലാബുര്‍ണ'ത്തിന്റെ തുടക്കം. മേയിലെ ആദ്യ ആഴ്ചയിലേ ലാബുര്‍ണങ്ങള്‍ പൂക്കൂ. അത് ജൂലൈവരെ നീണ്ടുനില്‍ക്കും. എന്നാല്‍ ഇക്കാര്യത്തില്‍ കണിക്കൊന്നയുമായി വിദൂരമായ ഒരു ചാര്‍ച്ചപ്പെടലുമുണ്ട്. വേനല്‍ച്ചൂടിന്റെ പാരമ്യത്തിലാണല്ലോ കണിക്കൊന്നയുടെ പൂക്കല്‍. 'ലാബുര്‍ണ'ത്തിനും ഇതുപോലെയുള്ള ഒരു ഋതുബദ്ധസ്വഭാവമുണ്ട്. ഫെബ്രുവരിമുതല്‍ ഏപ്രില്‍വരെയാണ് യൂറോപ്പിലെ വസന്തകാലം. പിന്നെ വേനല്‍ക്കാലമാണ്, മെയ്മുതല്‍ ജൂലൈവരെ. അപ്പോഴാണ് 'ലാബുര്‍ണ'വും പൂക്കുന്നത്, വേനലിന്റെ നാന്ദിപോലെ; വേനല്‍പ്പൂപോലെ!
'ലാബുര്‍ണ'ത്തിന്റെ രണ്ടു സ്പീഷീസുകളിലൊന്നായ 'ലാബുര്‍ണം ആല്‍പിനം' (Laburnum alpinum) ഏതാണ്ട് മൂന്നു നൂറ്റാണ്ടിലേറെയായി ബ്രിട്ടനിലെ പൂന്തോട്ടങ്ങളില്‍ വളര്‍ത്തുന്നുണ്ട്. സ്കോട്ട്ലന്‍ഡില്‍നിന്നു വന്നതെന്ന കണക്കില്‍ അവര്‍ അതിനെ 'സ്കോച്ച് ലാബുര്‍ണം' എന്നാണ് വിളിക്കുന്നത്. 16-ാം നൂറ്റാണ്ടിന്റെ തുടക്കംമുതല്‍ക്കേ ബ്രിട്ടീഷുകാര്‍ക്ക് ഇതിനെ പരിചയമുണ്ടായിരുന്നു എന്നാണ് സസ്യവിജ്ഞാനസംബന്ധമായ രേഖകള്‍ പറയുന്നത്. ഇതിനും വളരെമുമ്പ് ബ്രിട്ടനിലേക്കെത്തിയതാണ് 'ലാബുര്‍ണ'ത്തിന്റെ രണ്ടാം സ്പീഷീസായ 'ലാബുര്‍ണം അനാഗൈറോയ്ഡസ്' (Laburnum anagyroides). 1560 കളിലാണ് ഇത് ഇംഗ്ളണ്ടിലെത്തിയത്. പിന്നെയും 30 വര്‍ഷം കഴിഞ്ഞായിരുന്നു 'ലാബുര്‍ണം ആല്‍പിന'ത്തിന്റെ വരവ്. ഭംഗി പക്ഷേ 'ആല്‍പിനം' ഇനത്തിനായിരുന്നു. അതിനാല്‍ ഒരു പൂന്തോട്ടവൃക്ഷമായി അത് വേഗം പ്രചരിച്ചു. പിന്നീട് ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാര്‍ ഒരുപക്ഷേ 'ലാബുര്‍ണ'ത്തെപ്പോലെ തോന്നിച്ച കണിക്കൊന്ന കണ്ട് അന്തംവിട്ടിരിക്കാം. ആ അന്തംവിടലില്‍നിന്ന് കണിക്കൊന്നയ്ക്ക് ഒരു പേരും കിട്ടി- 'ഇന്ത്യന്‍ ലാബുര്‍ണം' (Indian Laburnum).
ഇതുകൂടാതെ മറ്റൊരു ഇംഗ്ളീഷ് പേരിലൂടെയും കണിക്കൊന്നയും 'ലാബുര്‍ണ'വും സാദൃശ്യപ്പെടുന്നുണ്ട്. 'ഗോള്‍ഡന്‍ ഷവര്‍' (Golden Shower) എന്നാണ് കണിക്കൊന്നയുടെ ഇതര ഇംഗ്ളീഷ്നാമം. 'ലാബുര്‍ണ'ത്തെ 'ഗോള്‍ഡന്‍ ചെയിന്‍' എന്നും വിളിക്കുന്നു.മാര്‍ച്ച്മുതല്‍ക്കേ ഇരുമരങ്ങളും ഇലപൊഴിച്ചുതുടങ്ങും. ജലനഷ്ടം തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു മാസത്തെ സംബന്ധിച്ചിടത്തോളം മണ്ണില്‍നിന്ന് അത് വലിച്ചെടുക്കുന്ന ജലത്തിന്റെ 90 ശതമാനത്തിലേറെയും ബാഷ്പീകരണംവഴി നഷ്ടമാവുകയാണ് ചെയ്യുന്നത്. ഇലകളിലെ സൂക്ഷ്മസുഷിരങ്ങളാണ് ഈ ബാഷ്പീകരണപ്രവര്‍ത്തനത്തിന്റെ വാതായനങ്ങള്‍. അതിനാല്‍ അവ ഇല പൊഴിക്കുന്നു. സൂര്യതാപത്തിന്റെ കാഠിന്യം താങ്ങാന്‍കഴിയാത്ത 'ഹരിതക' (Chlorophyll) വര്‍ണകത്തെ മഞ്ഞനിറത്തിന് പ്രാമുഖ്യമുള്ള മറ്റു വര്‍ണകങ്ങള്‍കൊണ്ട് പൊതിഞ്ഞുസംരക്ഷിക്കാനും കൂട്ടമായുള്ള പൂവിടല്‍ സഹായിക്കുന്നു. ഈ അതിജീവന തന്ത്രത്തിന്റെ കാര്യത്തില്‍ 'ലാബുര്‍ണ'ത്തിനും 'ഇന്ത്യന്‍ ലാബുര്‍ണ'ത്തിനും ഒരേ പാതതന്നെയാണെന്നതും ശ്രദ്ധയമായ മറ്റൊരു സാമ്യമാണ്.

Thursday, April 7, 2011

കടുവകള്‍ കാട്ടിലോ കടലാസിലോ?

ഇന്ത്യയില്‍ കടുവകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന കണ്‍െത്തലുമായി 'ടൈഗര്‍ സെന്‍സസ്'. മാര്‍ച്ച് 28ന് പുറത്തുവന്ന റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ 1,706 കടുവയുണ്‍്. 2010ലെ കണക്കെടുപ്പ് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണിത്. രണ്‍ുവര്‍ഷത്തിലൊരിക്കലാണ് ഇന്ത്യാ ഗവണ്‍മെന്റ് വനമേഖലയിലെ കടുവകളുടെ കണക്കെടുക്കുന്നത്. 2008ലെ കണക്കെടുപ്പില്‍ കടവുകള്‍ 1,411 ആയിരുന്നു. 2006ലെ കണക്കെടുപ്പിലും അതുതന്നെ. അതിനുശേഷം ആദ്യമായാണ് ഇത്തരമൊരു വര്‍ധന. എന്നാല്‍ രണ്‍ുവര്‍ഷംകൊണ്‍് 295 കടുവകള്‍ കൂടുതലായുണ്‍ായി എന്നതു സംബന്ധിച്ച് വന്യജീവിസംരക്ഷകര്‍ സംശയത്തിലുപരി ആശങ്കയിലാണ്.
സ്വാഭാവിക ആവാസമേഖലയുടെ നാശവും വേട്ടയാടലും, ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നതുമൂലമുണ്‍ാകുന്ന കൊല്ലപ്പെടലും കാരണം ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന വന്യജീവിയാണ് കടുവ; ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലെവിടെയും. ഇതിനിടെയാണ് എണ്ണം കൂടിയതായുള്ള സെന്‍സസ് റിപ്പോര്‍ട്ട്. കുത്തനെയുള്ള ഇത്തരമൊരു കടുവാപെരുപ്പത്തിനു കാരണമാവുന്നതരത്തില്‍ കാര്യമായ കടുവാസംരക്ഷണപ്രവര്‍ത്തനങ്ങളൊന്നും ഇക്കാലയളവില്‍ ഇന്ത്യയില്‍ നടപ്പാക്കിയിട്ടില്ല. എന്നിട്ടും കടലാസില്‍ എണ്ണം ഇത്രയും പെരുകാന്‍ ഗവണ്‍മെന്റ് പറയുന്ന കാരണം ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയിലെ 'സുന്ദര്‍ബാന്‍' വനമേഖലയിലെ കടുവകളുടെ എണ്ണം സെന്‍സസില്‍ പെടുത്തിയത് ഇതാദ്യമാണെന്നാണ്. എന്നാല്‍ ഈ വാദം പൂര്‍ണമായും ശരിയല്ല.
സുന്ദര്‍ബാന്‍മേഖലയില്‍ 70 കടുവകളുള്ളതായി കണ്‍െത്തിയെന്നാണ് കണക്കെടുപ്പുകാര്‍ പറയുന്നത്. ചില പ്രത്യേക കാരണങ്ങളാല്‍ പരമ്പരാഗതരീതിയിലുള്ള കടുവാ കണക്കെടുപ്പ് ഇവിടെ അസാധ്യമായിരുന്നു. അതിനാല്‍, പുതിയ ചില സങ്കേതങ്ങളുടെ സഹായത്താലാണ് ഇവയുടെ എണ്ണം രേഖപ്പെടുത്തിയത്. ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയിലായതിനാല്‍, കടുവകള്‍ അതിര്‍ത്തികടന്ന് അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതിലെ ബുദ്ധിമുട്ടുമുണ്‍ായിരുന്നു. ഇതൊക്കെയും പരിഹരിച്ചാണ് 70 മൊത്തം കണക്കിലേക്കുവന്നത്. എന്നാല്‍ അധികമായുണ്‍ായെന്നു പറയുന്ന 295ല്‍നിന്ന് 70 മാറ്റിനിര്‍ത്തിയാലും 225 കടുവകള്‍ രണ്‍ുവര്‍ഷംകൊണ്‍് പുതുതായുണ്‍ായതായാണ് സെന്‍സസ് പറയുന്നത്. ഇതിന്റെ സത്യാവസ്ഥയാണ് ചോദ്യംചെയ്യപ്പെടുന്നത്.
കണക്കുകള്‍ കൃത്രിമമായി പെരുപ്പിച്ചുകാണിക്കുന്നതിലൂടെ കടുവകളുടെ എണ്ണത്തിലെ യഥാര്‍ഥനില മറച്ചുവയ്ക്കാനുള്ള ശ്രമം ഇതിനുമുമ്പും ആവര്‍ത്തിക്കപ്പെട്ടതാണ് ഇക്കാര്യത്തില്‍ സംശയമുണര്‍ത്തുന്നത്. കടുവാസംരക്ഷണത്തിനായി ഇന്ത്യാ ഗവണ്‍മെന്റ് 'പ്രോജക്ട് ടൈഗറി'ന് തുടക്കമിട്ട 1973ല്‍, 1,827 ആയിരുന്നു ഇന്ത്യയിലെ ആകെ കടുവകളുടെ  എണ്ണം. WWF എന്ന (World Wide Fund for Nature) സ്വകാര്യ പരിസ്ഥിതിസംഘടനയും ഇന്ത്യാ ഗവണ്‍മെന്റും ചേര്‍ന്നുള്ള സംയുക്തപദ്ധതിയായിരുന്നു 'പ്രോജക്ട്ടൈഗര്‍'. ഇതിനെത്തുടര്‍ന്നാണ് രണ്‍ുവര്‍ഷം ഇടവിട്ടുള്ള 'കടുവാ സെന്‍സസ്' ശ്രദ്ധേയമായതും. 2002ലെ കണക്കെടുപ്പില്‍ കടുവകളുടെ എണ്ണം 3,700 എന്നാണ് വെളിപ്പെടുത്തല്‍. 'പ്രോജക്ട് ടൈഗറി'ന് ഏറെ പ്രശംസനേടിക്കൊടുക്കാന്‍ ഇതു കാരണമായെങ്കിലും ഈ 'കുതിച്ചുചാട്ടം' അത്ര വിശ്വസനീയമായില്ല, ഒരു ന്യൂനപക്ഷത്തിനെങ്കിലും അന്ന്.
തുടര്‍ന്നു നടന്ന മറ്റൊരു കണക്കെടുപ്പാണ് കടുവാ സെന്‍സസിലെ എണ്ണമെടുക്കലുകള്‍ യഥാര്‍ഥമല്ല എന്ന സത്യം വെളിച്ചത്തെത്തിച്ചത്. 'ഓള്‍ ഇന്ത്യ വൈല്‍ഡ് അനിമല്‍ സെന്‍സസ്' (All India Wild Animal Census) എന്ന പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് നാലുവര്‍ഷത്തിലൊരിക്കല്‍ നടപ്പാക്കുന്ന ബൃഹത്തായ വന്യജീവി കണക്കെടുപ്പിലാണ് ഇതു വെളിപ്പെട്ടത്. 'ക്യാമറ-ട്രാപ്പ്' (Camera-trap) പോലെയുള്ള പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ചു നടത്തിയ ഈ കണക്കെടുപ്പില്‍ കടുവകളുടെ യഥാര്‍ഥ എണ്ണം 'ടൈഗര്‍ സെന്‍സസു'കാര്‍ പറയുന്നതില്‍നിന്ന് വളരെ കുറവാണെന്നാണ് കണ്‍െത്തിയത്. 2007-2008ല്‍ നടന്ന ഈ കണക്കെടുപ്പാണ് വംശനാശത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന ഇന്ത്യയിലെ കടുവകളുടെ ദയനീയചിത്രം ആദ്യമായി തുറന്നുകാട്ടിയതും.
കടുവത്തോല്‍, നഖം, പല്ലുകള്‍, മാംസം എന്നിവയ്ക്കായി കള്ളവേട്ട നടത്തുകയും കള്ളക്കടത്തിലൂടെ ലക്ഷങ്ങള്‍ നേടുകയും ുന്നതിന് കടുവാപ്പെരുപ്പം സംബന്ധിച്ച കൃത്രിമസംഖ്യകള്‍ ഏറെക്കാലം തണലായി മാറുകയുണ്ടായി. ഒറീസമുതലായ സംസ്ഥാനങ്ങളില്‍ ശക്തിപ്രാപിച്ച തീവ്രവാദസംഘടനകളുടെ മറയും കള്ളക്കടത്തുകാര്‍ പ്രയോജനപ്പെടുത്തുകയുണ്ടായി. കടലാസിലെ കടുവാബാഹുല്യത്തില്‍ അഭിരമിച്ച ഔദ്യോഗിക സംവിധാനത്തിന്റെ ശ്രദ്ധയും ജാഗ്രതയും ദുര്‍ബലമായതും കള്ളവേട്ടക്കാര്‍ക്ക് സഹായകമായി. ആയുധവും ഭീഷണിയുമായി കള്ളവേട്ടക്കാര്‍ അരങ്ങുവാണപ്പോള്‍ ദേശീയമൃഗത്തിന്റെ കൊലക്കളമായി മാറുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ ഇന്ത്യ.
കടുവകളുടെ കണക്കെടുപ്പിനായി ഉപയോഗിക്കുന്ന ചില പരമ്പരാഗത മാര്‍ഗങ്ങളിലെ അശാസ്ത്രീയതയാണ് കണക്കെടുപ്പിലെ ഇത്തരം പാളിച്ചകള്‍ക്കു കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഉല്ലാസ് കാരന്ത് എന്ന വന്യജീവിവിദഗ്ധന്‍ തൊണ്ണൂറുകളുടെ അവസാനമുതല്‍ക്കേ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാന്‍ യത്നിച്ചിരുന്നു. കടുവകളുടെ കാലടിപ്പാടുകളെ അടിസ്ഥാനമാക്കി എണ്ണമെടുക്കുന്ന 'പഗ്മാര്‍ക്ക്' (Pug Marking) സങ്കേതമാണ് അന്ന് വ്യാപകമായി ഉപയോഗിച്ചിരുന്നത്. കാട്ടിലെ അസൌകര്യങ്ങള്‍ കണക്കിലെടുത്ത് ഇന്നും തുടരുന്ന ഈ സങ്കേതത്തിലൂടെ ഒരു കടുവയുടെ കാല്‍പ്പാടിനെത്തന്നെ ഒന്നിലധികം കടുവകളുടേതായി കണക്കാക്കപ്പെടാറുണ്ട്. ഇതിനു പകരമായി റേഡിയോമെട്രി, ക്യാമറ-ട്രാപ്പ്, ഇന്‍ഫ്രാറെഡ് ക്യാമറ തുടങ്ങിയ സങ്കേതങ്ങള്‍ സെന്‍സസിനായി ഉപയോഗിക്കണമെന്നാണ് കാരന്തിനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ള കണക്കെടുപ്പു വിവരങ്ങള്‍ ഊതിവീര്‍പ്പിച്ചതാണെന്നും അവര്‍ കരുതുന്നു.

കടുവാകണക്കെടുപ്പ് എങ്ങനെ?
വേനല്‍ക്കാലത്താണ് കടുവകളുടെ കണക്കെടുപ്പ് സാധാരണ നടത്തുന്നത്. വെള്ളത്തിന്റെ ലഭ്യത കുറയുന്നതിനാല്‍, കടുവകള്‍ കൂട്ടത്തോടെ ജലസ്രോതസ്സുകള്‍ക്കടുത്തെത്തും എന്നതിനാലാണിത്. രാത്രിയിലാണ് കടുവകള്‍ സഞ്ചരിക്കുന്നത്. അതിനാല്‍, രാവിലെയുള്ള സമയമാണ് കണക്കെടുപ്പുസംഘം യാത്രതിരിക്കുന്നത്. ജലാശയങ്ങള്‍ക്കരികിലെ പതുപതുത്ത മണ്ണില്‍ കാല്‍പ്പാടുകള്‍ തേടുന്ന അവര്‍, ഏറ്റവും വ്യക്തമായി പതിഞ്ഞ ഒന്നിനെ കണ്ടെത്തുകയും അതില്‍ 'പ്ളാസ്റ്റര്‍ ഓഫ് പാരീസ്' (ആശുപത്രികളില്‍ 'പ്ളാസ്റ്റര്‍' പൊതിയാനുപയോഗിക്കുന്ന പദാര്‍ഥം) കുഴച്ചത് അമര്‍ത്തിനിറച്ച് അതിന്റെ പകര്‍പ്പെടുക്കുകയും ചെയ്യുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് പിന്നീടുള്ള വിശകലനങ്ങളെല്ലാം. കടുവകളുടെ എണ്ണം, അവയ്ക്കിടയിലെ ആണ്‍-പെണ്‍ അനുപാതം, കുട്ടികളുടെ എണ്ണം, ശരീരഭാരം എന്നിവ അനുമാനിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.

Thursday, March 31, 2011

കണികാപരീക്ഷണയന്ത്രം 'ടൈം മെഷീനാ'യി മാറുമോ?


1999ല്‍, റോബര്‍ട്ട് ജെ. സ്വേയര്‍ എന്ന എഴുത്തുകാരന്റെതായി ഒരു ശാസ്ത്രനോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടു: 'ഫ്ളാഷ് ഫോര്‍വേഡ്' (http://www.sfwriter.com/exff.htm). ഇപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സേണില്‍ പ്രവര്‍ത്തിക്കുന്ന 'കണികാപരീക്ഷണസംവിധാന'മാണ് നോവലിന്റെ പശ്ചാത്തലം. ഇവിടെയുള്ള 'ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍' എന്ന യന്ത്രം പരമാവധി ശക്തിയില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ വിവരിക്കാനാവാത്ത എന്തോ ഒരു മാറ്റം അതിനു സംഭവിക്കുന്നു. ലോകം മുഴുവന്‍ അലയടിച്ചെത്തുന്ന അതിന്റെ പ്രഭാവത്തില്‍, ലോകജനതയാകെ രണ്ടു മിനിറ്റ് ഒരു പ്രത്യേകതരം ഉറക്കത്തിലാവുന്നു.
ഉറങ്ങിയെണീക്കുന്ന അവര്‍ കാണുന്നത് ഭാവിയിലേക്ക് 20 വര്‍ഷം കടന്നുചെന്ന കാലത്തെയാണ്. കണികാത്വരകയന്ത്രം അതിന്റെ പ്രവര്‍ത്തനത്തിനിടയില്‍ ഒരു 'ടൈം മെഷീനാ'യി മാറിയതാണ് ഇതിനു കാരണമാവുന്നത്. അതിലൂടെ ലോകജനതയാകെ രണ്ടു മിനിറ്റുകൊണ്ട് 20 വര്‍ഷം മുന്നോട്ടുപോവുകയായിരുന്നു. 'സമയരഥ'ത്തിലേറി യഥേഷ്ടം ഇങ്ങനെ പറക്കാനുള്ള മനുഷ്യന്റെ ഈ മോഹം എച്ച്ജി വെല്‍സിനെപ്പോലുള്ള പ്രശസ്തരായ ശാസ്ത്രസാഹിത്യകാരന്മാര്‍ നേരത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും 'കണികാത്വരകയന്ത്ര'ത്തെ 'ടൈം മെഷീനാ'യി കാണുന്ന ഭാവന ആദ്യത്തേതായിരുന്നു.


അതിലും വിചിത്രമായ കാര്യം ഇത് ഇപ്പോള്‍ യാഥാര്‍ഥ്യമാവും എന്ന തരത്തില്‍ ശാസ്ത്രജ്ഞര്‍തന്നെ അതിന്റെ സംഭവ്യത ശരിവയ്ക്കുന്നു എന്നതാണ്. വാന്‍ഡെര്‍ബില്‍റ്റ് സര്‍വകലാശാലയിലെ ടോം വെയ്ലര്‍, ച്യുയ് മാന്‍ഹോ എന്നീ ഭൌതികശാസ്ത്രജ്ഞരാണ് പോയവാരം പ്രസിദ്ധപ്പെടുത്തിയ ഒരു പ്രബന്ധത്തിലൂടെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയത്. ഇതിലൂടെ വീണ്ടും സജീവമാവുകയാണ് 'സമയയന്ത്രം' എന്ന ആശയം. അതോടൊപ്പം കണികാപരീക്ഷണത്തിന് ഇതുവരെയില്ലാത്ത മറ്റൊരു മുഖവും.

                                                                   
കണികാത്വരകയന്ത്രം സ്ഥാപിച്ചതിന്റെ മുഖ്യ ഉദ്ദേശ്യം 'ഭാരകണ'ത്തെ കണ്ടെത്തുകയാണ്. ഈ പ്രപഞ്ചം നിര്‍മിക്കപ്പെട്ട എല്ലാത്തരം അടിസ്ഥാന കണങ്ങള്‍ക്കും 'ഭാരം' പകരുകയാണ് 'ഭാരകണ'ത്തിന്റെ ലക്ഷ്യം. 1970കളില്‍, പീറ്റര്‍ ഹിഗ്ഗ്സ് എന്ന ശാസ്ത്രജ്ഞനാണ് ഈ ആശയം ആദ്യമായി ഉന്നയിച്ചത്. കാണാന്‍കഴിയില്ലെങ്കിലും പ്രപഞ്ചത്തിലെവിടെയും 'ഭാരകണ'ങ്ങള്‍ ഉള്ളതായാണ് അദ്ദേഹം സിദ്ധാന്തിച്ചത്. ഇവയുടെയെല്ലാം ഒരു പ്രത്യേകതയായി അദ്ദേഹം പറഞ്ഞത് അവയ്ക്കെല്ലാം അവയുടെ സ്വാധീനം അനുഭവപ്പെടുന്നതരത്തില്‍ ഒരു ക്ഷേത്രം (Field) ഉണ്ടെന്നുള്ളതാണ്.

                                                                               
ഏതെങ്കിലും കണങ്ങള്‍ ഈ 'ക്ഷേത്ര'ത്തിനുള്ളിലേക്ക് കടക്കുകയാണെങ്കില്‍ അതിന് 'ഭാരം' ഉണ്ടാവും. ഇടപെടല്‍ ശക്തമാണെങ്കില്‍ 'ഭാരം' കൂടുതലാവും. തീരെ ഇടപെടുന്നില്ലെങ്കില്‍ ഭാരം നിസ്സാരമാവും, ചിലപ്പോള്‍ ഇല്ല എന്നുതന്നെ പറയേണ്ടിവരും. ഇതെല്ലാം ഭാരകണത്തിന്റെ 'ക്ഷേത്ര'ത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടതാണെന്നാണ് പീറ്റര്‍ ഹിഗ്ഗ്സ് പറഞ്ഞത്. അതിനാല്‍, അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം മറ്റു ശാസ്ത്രജ്ഞര്‍ അതിനെ 'ഹിഗ്ഗിന്റെ ക്ഷേത്രം' (Higg's Field) എന്നു വിളിച്ചു. 'ഹിഗ്ഗിന്റെ ക്ഷേത്ര'ത്തെ ഉള്‍ക്കൊള്ളുന്ന 'ഭാരകണ'ത്തിന് അങ്ങനെ മറ്റൊരു പേരും വന്നുചേര്‍ന്നു- "ഹിഗ്ഗിന്റെ ബോസോണ്‍'' (Higg's Boson).

                                                                            
ഇതിനെ കണ്ടെത്താനാണ് കണികാത്വരകയന്ത്രം ശ്രമിക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. ഉയര്‍ന്ന വേഗത്തില്‍ പ്രോട്ടോണുകളെ പായിച്ചുവിട്ട്, അവയെ തമ്മിലിടിപ്പിച്ച്, അതിനിടെ ചിതറിത്തെറിക്കുന്ന ഉപകരണങ്ങളെ അപഗ്രഥിച്ച്, അവയ്ക്കിടയില്‍നിന്ന് 'ഭാരകണ'ങ്ങളെ കണ്ടെത്തുകയാണ് കണികാപരീക്ഷണത്തിന്റെ ലക്ഷ്യം. പക്ഷേ, ഇരുട്ടുമുറിയില്‍ കറുത്ത പൂച്ചയെ തപ്പുന്നതുപോലെയുള്ള പ്രവര്‍ത്തനമാണിത്. കാരണം 'ഭാരകണം' എങ്ങനെയിരിക്കുമെന്നോ എന്താണതിന്റെ ഗുണഗണങ്ങളെന്നോ ആര്‍ക്കും ഒരു രൂപവുമില്ല. ഇതില്‍നിന്നുമാണ് 'സമയസഞ്ചാരം' എന്ന ആശയത്തിന്റെ ഇപ്പോഴുള്ള ഉയിര്‍പ്പ്.


ഇന്ന് പ്രപഞ്ചത്തിലെ എല്ലാ കണങ്ങള്‍ക്കും അവയുടേതായ ഭാരമുണ്ട്. എന്നാല്‍ എല്ലാകാലത്തും ഇങ്ങനെയായിരുന്നില്ല സ്ഥിതി. പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്ക് കാരണമായതെന്നു വിശ്വസിക്കുന്ന 'മഹാവിസ്ഫോടനം' അഥവാ 'ബിഗ്ബാങ്ങി'ന്റെ സമയത്ത്, അതിന് തൊട്ടുശേഷവും ഇക്കണ്ട കണങ്ങള്‍ക്കൊന്നും ഭാരമേയില്ലായിരുന്നു. 'ഭാരകണ'വുമായുള്ള സര്‍വര്‍ത്തിത്വത്തിലൂടെയാണ് അവയ്ക്ക് ഭാരമുണ്ടായത്. അതുകൊണ്ട്, നമ്മള്‍ മഹാവിസ്ഫോടനത്തിനു സമാനമായ ഒരവസ്ഥ കൃത്രിമമായി സൃഷ്ടിച്ചാല്‍, കണങ്ങളെല്ലാം 'ഭാരകണ'വുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്വതന്ത്രരാവും. ഈ 'സ്വാതന്ത്യ്രം' പകരുന്ന അനിര്‍വചനീയമായ പ്രതിഭാസങ്ങളിലൊന്നാണ് അവ സമയസഞ്ചാരത്തിന് പ്രാപ്തമാവും എന്നത്.

                                                                               
നമുക്കു പരിചയമുള്ള നീളം, വീതി, പൊക്കം എന്നിങ്ങനെയുള്ള സ്ഥലമാനങ്ങള്‍ (Space Dimensions) ക്കും അപ്പുറമായി അത് കടന്നുപോവും. അതായത് സമയംകൂടി ഉള്‍പ്പെടുന്ന ഒരു നാലാം സ്ഥലമാനത്തിലേക്ക്. ഐന്‍സ്റ്റീനാണ് ഇക്കാര്യം ആദ്യമായി വിഭാവനംചെയ്തത്. കാറ്റത്ത് പറന്നുപോകുന്ന ഒരു അപ്പൂപ്പന്‍താടിപോലെ സ്വതന്ത്രമായിരിക്കും കണങ്ങളപ്പോള്‍. സമയത്തിലൂടെയും അവയ്ക്ക് സഞ്ചരിക്കാനാവും- മുന്നോട്ടും പിന്നോട്ടും! ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും! എന്നാല്‍ ഈ കണം 'ഭാരകണ'വുമായി ചേരുന്നത് നമ്മള്‍ കണ്ട അപ്പൂപ്പന്‍താടിയില്‍ ഒരു കല്ലു കെട്ടുന്നതിനു സമാനമാണ്. അതിന്റെ 'സ്വാതന്ത്യ്രം' കുറയും. അതിന് നാലാം സ്ഥലകാലമാനം അന്യമാവും. ഇത്തരത്തില്‍ അകപ്പെട്ടുപോയവരാണ് നമ്മളെല്ലാം. എങ്കിലും, ഇന്നത്തെ ശാസ്ത്ര-സാങ്കേതിക പുരോഗതിയില്‍ ഇത് അസാധ്യമായി തുടരുന്നു എന്നുപറയുന്നതാവും കൂടുതല്‍ ശരി.


കണികാപരീക്ഷണത്തിലൂടെ 'ഭാരകണം' എന്ന 'ഹിഗ്ഗിന്റെ ബോസോണി'നെ വേര്‍പെടുത്തുകയാണെങ്കില്‍ അതിന് അനുബന്ധമായുള്ള കണങ്ങള്‍ക്ക് സമയസഞ്ചരണം സാധ്യമാവും എന്നാണ് ഭൌതികശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. എന്നല്‍ ഇതൊരു വെറും വിശ്വാസമാണെന്നു പറയുന്നവരുമുണ്ട്. കണികാപരീക്ഷണം സൈദ്ധാന്തികമായ ഒരു ന്യായവാദത്തിനുവേണ്ടി മാത്രമാണെന്ന ചിന്തയാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത്. 'മഹാവിസ്ഫോടന'മാണ് പ്രപഞ്ചസൃഷ്ടിക്കു കാരണമായതെന്ന് സൈദ്ധാന്തികമായി തെളിയിക്കാന്‍ തയ്യാറാക്കിയിരിക്കുന്ന ചില സൂത്രവാക്യങ്ങളില്‍, തെറ്റുവരാതിരിക്കാന്‍ താല്‍ക്കാലികമായി സങ്കല്‍പ്പിച്ച് എഴുതിച്ചേര്‍ത്തിരിക്കുന്ന ഒന്നായി മാത്രമാണ് അവര്‍ 'ഹിഗ്ഗിന്റെ ബോസോണി'നെ കാണുന്നത്. ഇല്ലാത്ത ഒന്നിനെ എങ്ങനെ കണ്ടെത്തുമെന്നാണ് അവര്‍ ചോദിക്കുന്നത്. അതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം സമയസഞ്ചാരവും അപ്രസക്തമാവുന്നു.

                                                                              
എന്നാല്‍, ഇതു ശരിയല്ല എന്നതാണ് ആധുനിക ഭൌതികശാസ്ത്രം തെളിവുകളിലൂടെ എടുത്തുകാട്ടുന്നത്. പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന നാല് അടിസ്ഥാനബലങ്ങളായ വിദ്യുത്കാന്തികബലം, വീര്യബലം, ക്ഷീണബലം, ഗുരുത്വാകര്‍ഷണബലം (Electro-Magnetic Force, Strong Force, Weak Force, Gravitational Force) എന്നിവയില്‍ ഗുരുത്വാകര്‍ഷബലമാണ് ഏറ്റവും ദുര്‍ബലം. എന്നാല്‍, സ്വാധീനമേഖലയുടെ വിസ്തൃതി ഏറ്റവും അധികമുള്ളത് ഗുരുത്വാകര്‍ഷണ ബലത്തിനാണ്. പ്രപഞ്ചത്തിലെവിടെയും അതുണ്ട്. എന്നാല്‍, മറ്റു ബലങ്ങളെ അപേക്ഷിച്ച് അതിന് ശക്തി വളരെ കുറയാന്‍ കാരണം മറ്റു സ്ഥല-കാല മാനങ്ങളില്‍ക്കൂടിയും അത് പടര്‍ന്നുനില്‍ക്കുന്നു എന്നതിനാലാണ്. സമയയാത്ര അടക്കമുള്ള സംഗതികള്‍ സംഭവിക്കാന്‍ പാകത്തിലുള്ള സ്ഥലകാലമാനങ്ങള്‍ നിലനില്‍ക്കുന്നു എന്നതിന്റെ അനിഷേധ്യമായ സൂചനതന്നെയാണിത്. അതിനാല്‍, അനതിവിദൂരഭാവിയില്‍ സമയസഞ്ചാരം യാഥാര്‍ഥ്യമാവും എന്നുതന്നെ പ്രതീക്ഷിക്കാം.

More information: Causality-Violating Higgs Singlets at the LHC, Chiu Man Ho, Thomas J. Weiler, arXiv:1103.1373v1. http://arxiv.org/abs/1103.1373

Saturday, March 19, 2011

സുനാമി മുന്നറിയിപ്പ് സംവിധാനം ഇന്ത്യയില്‍

2004-ലെ സുനാമിക്കുശേഷമാണ് ഇന്ത്യ സ്വന്തമായൊരു സുനാമി മുന്നറിയിപ്പു സംവിധാനത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയത്. ഒടുവില്‍ 2007 ഒക്ടോബര്‍ ഒന്നിന് ഇതു യാഥാര്‍ഥ്യമായി. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (INCOIS) എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല.

ആഴക്കടലില്‍ സമുദ്രത്തിന്റെ അടിത്തട്ടിനോടു ചേര്‍ന്ന് സ്ഥാപിച്ച ഒരു പ്രത്യേക മര്‍ദമാപിനി സങ്കേതമാണ് സുനാമിസാധ്യതയെ ആദ്യം തിരിച്ചറിയുന്നത്. ബോട്ടം പ്രഷര്‍ റെക്കോഡര്‍’(Bottom Pressure Recorder) എന്നാണ് ഇതിന്റെ പേര്. ഇത്തരത്തിലുള്ള ആറെണ്ണം ഇപ്പോള്‍ സ്ഥാപിച്ചിട്ടുണ്ട്. നാലെണ്ണം ബംഗാള്‍ ഉള്‍ക്കടലിലും മറ്റു രണ്ടെണ്ണം അറബിക്കടലിലും. ആറു കിലോമീറ്റര്‍ ആഴത്തിലുള്ള കടല്‍ജലത്തിന്റെ ഉപരിതലം ഒരു സെന്റീമീറ്ററിന്റെ ഉയര്‍ച്ച പ്രകടമാക്കിയാല്‍പ്പോലും തിരിച്ചറിയാന്‍ കഴിയുംവിധം സൂക്ഷ്മമാണ് ഈ മര്‍ദമാപിനികളുടെ പ്രവര്‍ത്തനം. ആറെണ്ണംകൂടി ഇവയ്ക്കൊപ്പം ഇനി ചേര്‍ക്കും.

ഇതുകൂടാതെ, സുനാമിത്തിരകള്‍ക്കു മുന്നോടിയായുള്ള ആദ്യ തിരയിളക്കംപോലും അറിയാനാവുന്നതരത്തില്‍ 50 വേലിയേറ്റ മാപിനികളും റഡാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സമുദ്രാന്തരീക്ഷ നിരീക്ഷണ സംവിധാനവുമുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കരയിലാണെങ്കില്‍ അതു കണ്ടെത്തുന്നതിനള്ള വിപുലമായ നിരീക്ഷണസംവിധാനവും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ഭൌമപഠനകേന്ദ്രം, കാലാവസ്ഥാ പഠനകേന്ദ്രം, ഐഎസ്ആര്‍ഒ എന്നിവയുടെ പ്രവര്‍ത്തനം സംയോജിപ്പിക്കുന്ന ഇന്‍സാറ്റ്ഇന്റര്‍നെറ്റ് ഉപഗ്രഹശൃംഖലയാണ് ഇതു സാധ്യമാക്കുന്നത്. ഇന്തോനേഷ്യയിലെ സുനാമിവാണിങ് സിസ്റ്റവുമായും ഇതു ബന്ധപ്പെടുന്നുണ്ട്.

വാച്ച്, അലര്‍ട്ട്, വാണിങ് എന്നീ മൂന്നു ഘട്ടങ്ങളായുള്ള മുന്നറിയിപ്പാണ് ഇതു നല്‍കുന്നത്. അപകടമില്ലാത്ത മുന്നറിയിപ്പാണ് വാച്ച്. ആള്‍ക്കാരെ ഒഴിപ്പിക്കാനുള്ള നിര്‍ദേശമാണ് അലര്‍ട്ട്. ഇതു സര്‍ക്കാരിനാണ് നല്‍കുന്നത്. ഉടനടിയുള്ള ഒഴിപ്പിക്കലിനുള്ള മുന്നറിയിപ്പാണ് വാണിങ്. നിലവില്‍ ഏഴു മിനിറ്റാണ് മുന്നറിയിപ്പിനായുള്ള സമയം. ഭാവിയില്‍ ഇതിലും വേഗം മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനവും ഒരുങ്ങുന്നുണ്ട്. വിവരങ്ങള്‍ക്ക്: http://www.incois.gov.in/Incois/incois1024/index/index.jsp?res=1024

Thursday, March 3, 2011

ഇനി വിത്തുകളെയും ക്ളോണ്‍ചെയ്യാം


മികച്ച വിളവുതരുന്ന വിത്തുകളെ സൃഷ്ടിക്കുക. അല്ലെങ്കില്‍ രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിക്കാന്‍കഴിയുന്ന വിത്ത് ഉല്‍പ്പാദിപ്പിക്കുക. നാളേറെയായി കാര്‍ഷിക ശാസ്ത്രജ്ഞര്‍ മുഖ്യമായും ഈ രണ്ടു ലക്ഷ്യങ്ങളെയും അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇത്തരമൊരു വിത്തിനം വിപണിയിലെത്തിയാല്‍, കര്‍ഷകര്‍ അവ ഉപയോഗിച്ചു തുടങ്ങിയാല്‍, ഒഴിവാക്കാനാവാത്തൊരു കുഴപ്പം വന്നുചേരാറുണ്ട്. തലമുറകള്‍ കഴിയുന്തോറും വിത്തിന്റെ 'ഗുണം' കുറഞ്ഞുവരുന്ന പ്രതിഭാസമാണത്. ഇതുകാരണം കര്‍ഷകര്‍ക്ക് എപ്പോഴും പുതിയ വിത്തിനായി വിത്തുകമ്പനികളെത്തന്നെ വീണ്ടും വീണ്ടും ആശ്രയിക്കേണ്ടിവരുന്നു.


ഇതിനൊരു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട പുതുസങ്കേതമാണ് 'വിത്തുകളെ ക്ളോണ്‍ ചെയ്യല്‍'. ഒരേ അച്ചില്‍ വാര്‍ത്തെടുത്തതുപോലെ ജനിതകപരമായി സമാനമായ വിത്തുകള്‍! കാര്‍ഷിക ഗുണശോഷണത്തെ ഇനി തെല്ലും ഭയപ്പെടേണ്ടെന്നു ചുരുക്കം. ഫ്രാന്‍സിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിലെ റഫേല്‍ മെര്‍സിയറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാര്‍ഷികഗവേഷണരംഗത്ത് വഴിത്തിരിവാകുന്ന ഈ കണ്ടെത്തല്‍ നടത്തിയത്.

ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി (CCMB) യിലെ ഗവേഷകരായ മോഹന്‍ പി എ മാരിമുത്തു, ജയേഷ്കുമാര്‍ എന്‍ ദാവ്ദ, ഇമ്രാന്‍ സിദ്ദിഖി എന്നിവരും ഇതില്‍ പങ്കെടുത്തിരുന്നുവെന്നത് ഇന്ത്യക്കാര്‍ക്ക് അഭിമാനമായി കരുതാം. കാലിഫോര്‍ണിയ സര്‍വകലാശാലയായിരുന്നു ഗവേഷണത്തിലെ മറ്റൊരു പ്രവര്‍ത്തനപങ്കാളി.

വിത്ത് ക്ളോണിങ്ങ് എങ്ങനെ?

ജനിതകപരമായി സമാനമായ ജീവികളെ ഉല്‍പ്പാദിപ്പിക്കുകയാണല്ലോ ക്ളോണിങ് സങ്കേതത്തിന്റെ ലക്ഷ്യം. എന്നാല്‍, ഈ സങ്കേതം വിത്തുകളുടെ ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്നതില്‍ സാങ്കേതികമായ പല പരിമിതികളുമുണ്ട്. വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന രീതിയെ അടിസ്ഥാനമാക്കിയുള്ള പരിമിതിയാണിത്. ഒരു ചെടി പ്രത്യുല്‍പ്പാദനം നടത്തുന്നതിലുടെയാണ് വിത്തുകള്‍ സൃഷ്ടിക്കുന്നത്. വിത്തു മുളച്ച് വീണ്ടും ചെടിയുണ്ടാവുന്നു. അവ വിത്തുല്‍പ്പാദിപ്പിക്കുന്നു. അങ്ങനെ ആ പ്രക്രിയ തുടര്‍ന്നുപോവുന്നു.

പ്രകൃതിയില്‍ ഏറ്റവും സാര്‍വജനീനമായ പ്രത്യുല്‍പ്പാദനരീതിയാണിതെങ്കിലും ഇതിന് ചില ന്യൂനതകളുണ്ട്. പ്രത്യുല്‍പ്പാദനത്തില്‍ ഏര്‍പ്പെടാനായി ലിംഗകോശങ്ങള്‍ (Gametes) സൃഷ്ടിക്കുന്ന സമയത്താണ് ഈ 'കുഴപ്പം' കടന്നുവരുന്നത്. 'മിയോസിസ്' (Meiosis) എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം കോശവിഭജനം നടത്തുന്നതിലൂടെയാണ് ലിംഗകോശങ്ങള്‍ സൃഷ്ടിക്കുന്നത്. ജീനുകളെ കുഴച്ചുമറിക്കുന്നതാണ് (ചീട്ടുകളിക്കാര്‍ ചീട്ട് ഇടകലര്‍ത്തി അടുക്കുന്നതുപോലെ) ഇതിലെ പ്രധാന ചടങ്ങ്. ഇതിലൂടെയാണ് നൂറ്റാണ്ടുകളുടെ ഗവേഷണഫലങ്ങളായ ഗുണപരമായ ജീനുകള്‍ ചിലപ്പോള്‍ നഷ്ടപ്പെട്ടുപോവുന്നത്.


പുതിയ ജീന്‍മിശ്രണങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പ്രകൃതിയുടെ സ്വയംസംവിധാനത്തെയാണ് മേല്‍പ്പറഞ്ഞ 'മിയോസിസ്' ഘട്ടം പ്രതിനിധാനംചെയ്യുന്നത്.  ജീവിതസാഹചര്യങ്ങള്‍ എപ്പോഴും ഒരുപോലെയാകില്ലെന്നും അവയെ നേരിടാന്‍ സ്വയം പരിഷ്കരിക്കാനും ഓരോ ജീവിയെയും സന്നദ്ധമാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ഇക്കാരണത്താലാണ് ജീവപരിണാമം എന്നത് ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയായി കരുതപ്പെടുന്നത്. അനുഗുണമായ ജനിതകമാറ്റങ്ങളുള്ളവ അതിജീവിക്കും (Survival of the Fittest).  മറ്റുള്ളവ നശിക്കും.

എന്നാല്‍ കാര്‍ഷികവിളകളുടെ കാര്യത്തില്‍, ജീന്‍മാറ്റത്തെ ഇങ്ങനെ 'ഡാര്‍വിനിസ'ത്തിന് വിട്ടുകൊടുക്കുക സാധ്യമല്ല. കാരണം, പ്രകൃതിയുടെ പകിടകളിയെക്കാള്‍ ഇവിടെ കാര്‍ഷികഗുണങ്ങളുടെ സംരക്ഷണമാണ് പ്രധാനം. അതിനായി ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച മാര്‍ഗം 'മിയോസിസി'നെത്തന്നെ ഒഴിവാക്കുക എന്നതാണ്. മൂന്നു ജീനുകളെ നിശ്ശബ്ദമാക്കുന്നതിലൂടെ മിയോസിസിലെ 'ജീന്‍ഇടകലര്‍ത്തല്‍' ഘട്ടം വേണ്ടെന്നുവയ്ക്കാന്‍ അവര്‍ക്കുകഴിഞ്ഞു. ഫലമോ? എല്ലാത്തരത്തിലും ഒരുപോലെയായ വിത്തുകള്‍!


അരാബിഡോപ്സിസ് താലിയാന എന്ന കടുകുവര്‍ഗസസ്യത്തെയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഇതിലെ OSD1 എന്ന ജീനിനെയും 'മിയോസിസി'ലെ 'ജീന്‍മിശ്രണ'ത്തെ നിയന്ത്രിക്കുന്ന മറ്റു രണ്ട് ജീനുകളെയും നിശ്ശബ്ദമാക്കുന്നതിലൂടെയാണ് വിത്തുകളുടെ 'ക്ളോണിങ്' സാധ്യമാക്കിയത്. എന്നാല്‍, പഠനം പൂര്‍ണമായും വിജയമായിരുന്നുവെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നില്ല. 34 ശതമാനം വിത്തുകളില്‍ മാത്രമേ ജീന്‍സമാനത നേടാന്‍ അവര്‍ക്കു കഴിഞ്ഞുള്ളു. മാത്രമല്ല, നെല്ല്, ഗോതമ്പ് തുടങ്ങിയ കാര്‍ഷികവിളകളില്‍ ഈ 'വിത്തുക്ളോണിങ്' സങ്കേതം പ്രായോഗികമാവുമോ എന്നറിയാന്‍ ഇനിയും പരീക്ഷണങ്ങള്‍ ആവശ്യവുമാണ്.

Link: http://www.ncbi.nlm.nih.gov/pubmed/21330535?dopt=Abstract

Note: The scientist shown in the photo is only an iconic representation of the scientific community.