Monday, October 7, 2013

കടുവയുടെ സമ്പൂര്‍ണ ജനിതകം

1976-ല്‍ ഇംഗ്ലണ്ടിലെ മൃഗശാലയില്‍നിന്ന് ഇന്ത്യയിലേക്ക് ഒരു പെണ്‍കടുവയെ കൊണ്ടുവന്നു. വമ്പിച്ച പ്രചാരണത്തോടെയാണ്"താര" എന്നു പേരിട്ട ഇതിനെ ഉത്തര്‍പ്രദേശിലെ ധുഥ്വ വന്യജീവിസങ്കേതത്തിലേക്ക് തുറന്നുവിട്ടത്. "താര" പല തലമുറകള്‍ക്ക് ജന്മം നല്‍കി. എന്നാല്‍, 1980കളുടെ ആദ്യത്തില്‍തന്നെ ധുഥ്വയിലെ കടുവകളുടെ രൂപഘടന, ഇന്ത്യയിലെ ഇതരഭാഗങ്ങളിലെ കടുവകളില്‍നിന്നു വ്യത്യസ്തമാണ് എന്ന് നിരീക്ഷിക്കപ്പെട്ടു. ഏറെ വൈകി, 1997ല്‍ ഹൈദരാബാദ് ആസ്ഥാനമായ "സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി"യിലെ ശാസ്ത്രജ്ഞര്‍, യാദൃച്ഛികമായി നടത്തിയ ജനിതക പരിശോധനയിലൂടെ ഒരുകാര്യം വെളിപ്പെടുത്തി: "താര"യെന്ന പേരില്‍ ഇന്ത്യയിലേക്ക് ആനയിക്കപ്പെട്ടത് "ഇന്ത്യന്‍ കടുവ" ആയിരുന്നില്ല. അത് "സൈബീരിയന്‍ കടവു"യുമായി ചേര്‍ന്നുള്ള ഒരു സങ്കരസന്തതിയായിരുന്നു.
ചുരുക്കത്തില്‍, ധുഥ്വയിലെയും അനുബന്ധമേഖലകളിലെയും കടുവളെല്ലാം അവയുടെ ജനിതകപരമായ ഇന്ത്യന്‍ തനിമ നഷ്ടപ്പെട്ടവയായി. ഒരു ജീവിയുടെ സമ്പൂര്‍ണ ജനിതകഘടന വ്യക്തമായി തിരിച്ചറിയുന്നതിനുള്ള സാങ്കേതികവളര്‍ച്ച അന്ന് ലോകത്തിന് ഇല്ലാതെപോയതാണ് ഇതിനു കാരണം. എന്നാല്‍, ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിലെ ആദ്യ ചുവടുവയ്പിന് പോയവാരം സാക്ഷ്യംവഹിച്ചു. സൈബീരിയന്‍ കടുവയുടെയും ഇന്ത്യന്‍(ബംഗാള്‍) കടുവയുടെയും സമ്പൂര്‍ണ ജനിതകം ഒരേസമയം അനാവരണംചെയ്യപ്പെട്ടത് അത്യപൂര്‍വമായ യാദൃച്ഛികതയായി.
                                                                           

ഒരു ജീവിയുടെ ജനിതകഘടനയുടെ ഭാഗമാവുന്ന മുഴുവന്‍ ജീനുകളെയും തിരിച്ചറിയുന്നതിനുള്ള സങ്കേതമാണ് (Whole Genome Sequencing) സൈബീരിയന്‍ കടുവയുടെയും ഇന്ത്യന്‍ കടുവയുടെയും കാര്യത്തില്‍ ഇപ്പോള്‍ നടത്തിയത്. "പാന്തേറാ ടൈഗ്രീസ്  എന്ന പൊതു ശാസ്ത്രീയനാമമുള്ള കടുവയുടെ വംശത്തില്‍പ്പെടുന്ന വ്യത്യസ്ത ഉപസ്പീഷീസുകളാണ് സൈബീരിയന്‍ കടുവയും "ഇന്ത്യന്‍ കടുവ"യെന്ന ബംഗാള്‍ കടുവയും. ഇങ്ങനെയുള്ള ആറ് ഉപസ്പീഷീസുകള്‍ കടുവകള്‍ക്കിടയില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും വലുപ്പമേറിയതും ഭാരമേറിയതുമാണ് സൈബീരിയന്‍ കടുവ. കിഴക്കന്‍സൈബീരിയയിലെ അമുര്‍-ഉസ്സൂറി മേഖലയില്‍ കാണുന്നതുകൊണ്ട്, "അമുര്‍ കടുവ" എന്ന വിളിപ്പേരും ഇവയ്ക്കുണ്ട്. 
സിംഹം, പുലി എന്നിവ ഉള്‍പ്പെടുന്ന മാര്‍ജാരവംശത്തിലെത്തന്നെ ഏറ്റവും ഭീമന്മാരായ സൈബീരിയന്‍ കടുവകളുടെ ശരീരവലുപ്പം (തലമുതല്‍ വാല്‍തുടങ്ങുന്നിടംവരെ) 230 സെന്റീമീറ്ററോളം വരും. ശരീരഭാരം 300 കിലോഗ്രാമോളവും. ഇന്ത്യന്‍ (ബംഗാള്‍) കടുവകളില്‍ ശരീരനീളം 210 സെന്റീമീറ്ററിനുള്ളിലേ വരികയുള്ളു. ശരീരഭാരം 200 കിലോഗ്രാമോളവും. പരന്ന ചെവിയും വലുപ്പമേറിയ കീഴ്ത്താടിയുമാണ് സൈബീരിയന്‍ കടുവകളുടെ മറ്റൊരു സവിശേഷത. ബംഗാള്‍ കടുവകളില്‍ ചെവിയുടെ അഗ്രഭാഗം കൂര്‍ത്തതാകും. സാമൂഹ്യ ഘടനയിലും മറ്റും പ്രതിഫലിക്കുന്ന മറ്റ് വ്യത്യാസങ്ങളുമുണ്ട്. ഇക്കാരണങ്ങളാലാണ് ഇവയെ രണ്ട് വ്യത്യസ്ത സ്പീഷീസുകളായി കണക്കാക്കുന്നത്. 
                                                                                      
 "പാന്തേറാ ടൈഗ്രീസ് ടൈഗ്രീസ് (Panthera tigris tigris) എന്ന ശാസ്ത്രീയ നാമമാണ് ഇന്ത്യന്‍ കടുവയുടേത്. സൈബീരിയന്‍ കടുവയുടേത് "പാന്തേറാ ടൈഗ്രീസ് അള്‍ട്ടായിക്ക" (Panthera tigris altaica)എന്നും. ഈ രണ്ട് ഉപസ്പീഷീസുകളുടെയും ജനിതകഘടകങ്ങള്‍ തമ്മിലുള്ള താരതമ്യം സാധ്യമാക്കുന്നതരത്തിലുള്ള ജനിതക വിശകലനമാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടത്. ദക്ഷിണ കൊറിയയിലെ "ജീനോം റിസര്‍ച്ച് ഫൗണ്ടേഷനി"ലെ ഗവേഷകനായ ഡോ. ജോങ് ബാക്കി ത്തിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര ഗവേഷക കൂട്ടായ്മയാണ് കടുവവംശത്തിന്റെ ജനിതകചിത്രവും അതിലൂടെ അവയുടെപരിണാമചരിത്രവും അനാവൃതമാക്കിയത്. "നേച്ചര്‍ കമ്യൂണിക്കേഷന്‍സ്" എന്ന ജേണലിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഗവേഷണപഠനം പ്രസിദ്ധീകരിച്ചത്. 

The print edition of this story was published in 'Kilivathil', 
the Science-supplement of Deshabhimani daily (3rd October 2013):
http://www.deshabhimani.com

Link to Original Published Paper:  http://www.nature.com

Friday, September 20, 2013

ഭാവിയില്‍ കൃത്രിമ മാംസവും

                                                                                     
മാംസാഹാരം ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. 2030 ആവുമ്പോഴേക്കും 376 ദശലക്ഷം ടണ്‍ മാംസം ലോകജനത ഭക്ഷണമായി ആവശ്യപ്പെടുമെന്നാണ് കണക്ക്. ഇക്കാര്യത്തില്‍ ശാസ്ത്രത്തിന് എന്തുചെയ്യാനാവുമെന്നതിന്റെ ഏറ്റവും ആദ്യത്തെ ചുവടുവയ്പിന് പോയമാസം സാക്ഷ്യംവഹിച്ചു. പരീക്ഷണശാലയില്‍ കൃത്രിമമായി വളര്‍ത്തിയെടുക്കുന്ന മാംസം! സാങ്കേതികമായി 'ഇന്‍ വിട്രോ മീറ്റ്'  എന്നറിയപ്പെടുന്ന ഇതിന്റെ പരീക്ഷണപ്രദര്‍ശനം ഇക്കഴിഞ്ഞ ആഗസ്ത് 19ന് ലണ്ടനിലാണ് നടന്നത്.
കാഴ്ചയിലും രുചിയിലും സാധാരണ മാംസംപോലെയുള്ളതും അതുപോലെ പാചകംചെയ്ത് ഉപയോഗിക്കാവുന്നതുമാണ് 'ഇന്‍ വിട്രോ മീറ്റ്' എന്ന കൃത്രിമമാംസം. ഒരു ജീവിയുടെയും ശരീരത്തിന്റെ ഭാഗമല്ല എന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് 'രക്തരഹിത മാംസ'വുമാണ്. ഏതൊരു ജീവശരീരത്തിന്റെയും അടിസ്ഥാന ഘടകങ്ങളാവുന്ന 'കോശങ്ങള്‍' (Cells) കൊണ്ടുതന്നെയാണ് ഈ കൃത്രിമമാംസവും നിര്‍മിച്ചിരിക്കുന്നത്. പല കോശങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് 'ടിഷ്യു' (Tissue) എന്ന് അറിയപ്പെടുന്ന 'കലകള്‍' രൂപമെടുക്കുന്നതുപോലെത്തന്നെയാണ് കൃത്രിമമാംസവും രൂപാന്തരപ്പെടുന്നത്. ഒരു ജീവശരീരത്തിനുള്ളിലുള്ളതല്ല ഈ രൂപപ്പെടല്‍ എന്നതു മാത്രമാണ് വ്യത്യാസം. പരീക്ഷണശാലയിലാണ് അത് നടക്കുന്നത്.
ജീവശരീരത്തിനുള്ളിലെന്നതുപോലെ തുടക്കം കോശങ്ങളില്‍നിന്നുതന്നെയാണ്. ശരീരത്തിലെ ഏതൊരു തരം കോശങ്ങളായും മാറാന്‍കഴിയുന്ന 'കാണ്ഡകോശ' ങ്ങളില്‍നിന്നും.'കാണ്ഡകോശ'ങ്ങളെ മാത്രമാണ്, കൃത്രിമമാംസത്തിന്റെ വളര്‍ത്തിയെടുക്കലിന് ഒരു ജീവിയുടെ ശരീരത്തില്‍നിന്നു ശേഖരിക്കുന്നത്. അതിനുശേഷം പരീക്ഷണശാലയില്‍ ഒരുക്കുന്ന കൃത്രിമ വളര്‍ച്ചാസഹചര്യങ്ങളിലാണ് ഈ കാണ്ഡകോശങ്ങള്‍ വളര്‍ത്തപ്പെടുന്നത്. നിശ്ചിതദിവസത്തിനുള്ളില്‍ അവ മാംസപേശികളായി മാറും. അവ എന്തായി മാറുമെന്നത് നമുക്ക് മുന്‍കൂട്ടി നിശ്ചയിക്കാവുന്നത് ഇന്ന് മുന്നേറ്റത്തിന്റെ പാതയിലായ ഒരു ശാസ്ത്രശാഖയുടെ വളര്‍ച്ചയിലൂടെയാണ് ടിഷ്യൂ എന്‍ജിനിയറിങ്.
'ടിഷ്യു എന്‍ജിനിയറിങ്' സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ നേട്ടങ്ങളിലൊന്നുമാണ് കൃത്രിമമാംസം. നെതര്‍ലന്‍ഡിലെ മാസ്ട്രിച്ച് സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. മാര്‍ക് പോസ്റ്റ് ആണ് കൃത്രിമമാംസത്തിന്റെ അവതരണത്തിനു പിന്നില്‍. വര്‍ഷങ്ങളായി തുടരുന്ന ഗവേഷണ ശ്രമങ്ങളുടെ പരിസമാപ്തിയായിരുന്നു കൃത്രിമമാംസത്തിന്റെ സൃഷ്ടി. ഹൃദയപേശികളുടെയും രക്തക്കുഴലുകളുടെയും നാശം പരിഹരിക്കുന്നതിനും പുതിയവ വളര്‍ത്തിയെടുക്കുന്നതിനുമായി 'ടിഷ്യു എന്‍ജിനിയറിങ്ങി'ന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ഗവേഷണങ്ങള്‍. കൃത്രിമമായി രക്തക്കുഴലുകള്‍ വളര്‍ത്തിയെടുക്കുന്ന സങ്കേതത്തിന്റെ വഴിയില്‍നിന്നുമുള്ള ഒരു വേര്‍പിരിവായിരുന്നു യാദൃശ്ചികമായി അദ്ദേഹത്തെ 'കൃത്രിമമാംസ'ത്തിലേക്കെത്തിച്ചത്.
തികച്ചും സ്വന്തമായ ഒരു 'ഡിസൈന്‍' ആയിരുന്നു 'കൃത്രിമമാംസ'ത്തിന്റെ സൃഷ്ടിക്കായി മാര്‍ക് പോസ്റ്റ് തയ്യാറാക്കിയത്. പശുക്കളുടെ കാണ്ഡകോശത്തില്‍നിന്ന് ആദ്യം മാംസപേശികളെ വളര്‍ത്തിയെടുത്തു. ഇത്തരം 20,000 മാംസപേശീതന്തുക്കളെ ഒരുമിച്ചുചേര്‍ത്താണ് 'കൃത്രിമമാംസം' തയ്യാറാക്കിയത്. മാട്ടിറച്ചികൊണ്ട് തയ്യാറാക്കുന്ന 'ഹാംബര്‍ഗര്‍'  എന്ന ലഘുഭക്ഷണത്തെ, കൃത്രിമമാംസംകൊണ്ട് അതേപടി അനുകരിക്കാനും മാര്‍ക് പോസ്റ്റിനു കഴിഞ്ഞു. സ്വയം കഴിച്ചുകൊണ്ടും പൊതുജനങ്ങള്‍ക്കായി വിതരണംചെയ്തുകൊണ്ടും അദ്ദേഹം ലോക ഭക്ഷ്യചരിത്രത്തിലേക്കുള്ള 'കൃത്രിമമാംസ'ത്തിന്റെ അരങ്ങേറ്റം യാഥാര്‍ഥ്യമാക്കി. 2030 ഓടെ 'കൃത്രിമമാംസ'ത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം സാധ്യമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് മാര്‍ക് പോസ്റ്റും കൂട്ടരും.

For Further Information: http://culturedbeef.net

Friday, September 6, 2013

ചൊവ്വയില്‍ച്ചെന്ന് രാപ്പാര്‍ക്കാം

2022ല്‍, തെളിഞ്ഞ ആകാശത്തിലേക്ക് കുതിച്ചുയരുന്ന ഒരു റോക്കറ്റില്‍ ഒരുകൂട്ടം മനുഷ്യര്‍ ഭൂമിയില്‍നിന്നു ചൊവ്വാഗ്രഹത്തിലേക്ക് യാത്രയാകും. ഒമ്പതുമാസത്തെ ബഹിരാകാശയാത്ര കഴിഞ്ഞ് അവിടെയെത്തുമ്പോള്‍, അവര്‍ക്ക് ശിഷ്ടജീവിതം കഴിക്കാനുള്ളതെല്ലാം അവിടെ ഒരുക്കിവച്ചിട്ടുണ്ടാവുമെന്നാണ് യാത്രയുടെ സംഘാടകരുടെ അവകാശവാദം.

മാനംമുട്ടുന്ന വലിയ മകുടങ്ങള്‍ മുകളിലേക്ക് തള്ളിയുയര്‍ന്നു നില്ക്കുന്ന വിശാലമായ വലിയ കെട്ടിടങ്ങളിലേക്കാണ് അവര്‍ എത്തിച്ചേരുകയത്രെ. നെതര്‍ലന്ഡ് ആസ്ഥാനമായ ‘മാര്‍സ് വണ്‍’ എന്ന കമ്പനിയാണ് ചൊവ്വയെ മനുഷ്യവാസത്തിനായി പരുവപ്പെടുത്തുന്നതിനും അവിടേക്ക് ആളെ അയക്കുന്നതിനുമായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നിലവില്‍ ഒരു കമ്പനിയായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും, ലാഭേച്ഛകൂടാതെ പ്രവര്ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയായാണ് ‘മാര്‍സ് വണ്‍’ അതിന്റെ നീക്കുപോക്കുകള്‍ നടത്തിവരുന്നത്. ഡച്ച് ഗവണ്മെന്റിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ‘മാര്‍സ് വണി’ന് ഇക്കാര്യത്തില് ലാഭേച്ഛയില്ലെന്നാണ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന അതിന്റെ നിയമാവലികള്‍ സൂചിപ്പിക്കുന്നത്. 20 വര്‍ഷത്തെ ബൃഹദ്പദ്ധതിയാണ് ചൊവ്വയില്‍ മനുഷ്യവാസം യാഥാര്ഥ്യമാക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്നതത്രെ.

2013 ആഗസ്ത് 13 വരെയുള്ള കണക്കനുസരിച്ച് 1,65,000 പേര്‍ ചൊവ്വാവാസികളാവാന് താല്പ്പര്യം പ്രകടിപ്പിച്ചുകൊണ്ട് അംഗത്വമെടുത്തതായാണ് ‘മാര്‍സ് വണ്‍’ന്റെ വെബ്സൈറ്റ് സൂചിപ്പിക്കുന്നത്. അംഗത്വത്തിനായി അപേക്ഷിക്കുന്നവര്‍ ഏതു രാജ്യക്കാരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് അംഗത്വഫീസ് നിശ്ചയിച്ചിട്ടുള്ളത്. ചൊവ്വാഗ്രഹത്തിലെ മനുഷ്യവാസത്തിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാന്‍ 2016ല്‍ ആദ്യ റോക്കറ്റ്, നിര്മാണസാമഗ്രികളുമായി ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് യാത്രതിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
2021നകം നിര്‍മാണപ്രവൃത്തികള്‍  പൂര്‍ത്തീകരിക്കാനാണ് പരിപാടി. 2022ല്‍, ചൊവ്വാവാസികളാവാനുള്ളവരുടെ ആദ്യസംഘം ഭൂമിയില്‍നിന്നു യാത്രതിരിക്കും. അവസാനത്തെ സംഘം 2033ലും. ‘സ്പെയ്സ് – എക്സ്’ എന്ന സ്വകാര്യകമ്പനിയുടെ ഏറ്റവും ശക്തമായ റോക്കറ്റ് പരമ്പരയില്‍പ്പെട്ട ‘ഫാള്‍ക്കണ് ഹെവി’ റോക്കറ്റുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാം സാങ്കേതിക പരിമിതികള്‍ ഏറെയില്ലേ എന്ന ചോദ്യത്തിന് 2022വരെ കാത്തിരിക്കൂ എന്നാണ് ‘മാര്‍സ് വണി'ന്റെ വക്താക്കള്‍ പറയുന്നത്.

Website: http://applicants.mars-one.com/

Thursday, April 11, 2013

നിയാന്‍ഡെര്‍താല്‍ മനുഷ്യന്റെ സമ്പൂര്‍ണ ജനിതകം

                                                                            
മനുഷ്യന്റെ ഏറ്റവും അടുത്തുള്ള പൂര്‍വികരിലൊരാളായ 'നിയാന്‍ഡെര്‍താല്‍ മനുഷ്യ'ന്റെ (Neanderthal Man) സമ്പൂര്‍ണ ജനിതകം അനാവൃതമായി. ജര്‍മനിയിലെ മാക്സ്പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്. ഇതാദ്യമായാണ് ഒരു മനുഷ്യപൂര്‍വിക ഫോസിലിന്റെ സമ്പൂര്‍ണ ജനിതകം അനാവൃതമാവുന്നത്. മനുഷ്യന്റെ സമ്പൂര്‍ണ ജനിതകം അനാവൃതമാക്കിയ 'ഹ്യൂമന്‍ ജീനോം പ്രോജക്ട്' (Human Genome Project). പൂര്‍ത്തീകരിക്കപ്പെട്ടതിന്റെ 10-ാം വാര്‍ഷികത്തിലേതാണ് ഈ നേട്ടം. 2003 ഏപ്രിലിലാണ് 'ഹ്യൂമന്‍ ജിനോം പ്രോജക്ട്' പ്രസിദ്ധീകരിക്കപ്പെട്ടത്. 2013 മാര്‍ച്ച് 19ന് നിയാന്‍ഡെര്‍താല്‍ ജനിതകവും. .                                                                            
തെക്കന്‍ സൈബീരിയയിലെ 'ഡെനിസോവ ഗുഹ' (Denisovan Cave) യില്‍നിന്നു ലഭിച്ച ഫോസിലിലെ ഡിഎന്‍എ ആണ് ഇതിനായി ഉപയോഗിച്ചത്. 0.038 ഗ്രാം ഭാരമുള്ള കാല്‍വിരലിലെ അസ്ഥിയില്‍നിന്നു വേര്‍തിരിച്ചെടുത്ത ഡിഎന്‍എയെയാണ് സമ്പൂര്‍ണ ജനിതക വിശകലനത്തിനായി ഉപയോഗിച്ചത്. 2010ല്‍, നിയാന്‍ഡെര്‍താല്‍ മനുഷ്യരുടേതായ മൂന്ന് തള്ളവിരലുകളില്‍നിന്നുള്ള ഡിഎന്‍എയെ വിശകലനംചെയ്യുന്നതിലുടെ, നിയാന്‍ഡെര്‍താല്‍ മനുഷ്യന്റെ 'കരടു ജനിതകരേഖ' (Draft Genome) രൂപപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോഴുള്ളത് ഒരൊറ്റ നിയാന്‍ഡെര്‍താല്‍ മനുഷ്യന്റെ കാല്‍വിരല്‍ അസ്ഥിയില്‍നിന്നു വേര്‍തിരിച്ച ഡിഎന്‍എയെ അടിസ്ഥാനമാക്കിയള്ള ജനിതകശ്രേണീരൂപമാണ്. ഇതും പുതിയ പഠനത്തെ ഏറെ ശ്രദ്ധേയമാക്കുന്നു.
                                                                                  

ജര്‍മനിയിലെ 'നിയാന്‍ഡെര്‍താല്‍ താഴ്വര' (Neanderthal Valley) യില്‍നിന്നു കണ്ടെടുത്തതിനാലാണ് 'നിയാണ്ടെര്‍താല്‍ മനുഷ്യന്‍' ആ പേരില്‍ അറിയപ്പെടുന്നത്. ചുണ്ണാമ്പുകല്ലുകള്‍ വെട്ടിയെടുക്കുന്ന സ്ഥലമായിരുന്നു 'നിയാന്‍ഡര്‍താല്‍ താഴ്വര'. തലയോട്ടിയും തുടയെല്ലുകളും വാരിയെല്ലും മറ്റുമായിരുന്നു അന്ന് ലഭിച്ചത്. പക്ഷേ, അവ കരടിയുടെ അസ്ഥികളാണെന്നു കരുതി പര്യവേക്ഷകര്‍ അവ ഉപേക്ഷിച്ചുപോയി. 1856 ആഗസ്തിലായിരുന്നു ഈ കണ്ടെത്തല്‍. എന്നാല്‍, തിരിച്ചറിയാന്‍ വൈകിയതുകാരണം 1857ലാണ്, മനുഷ്യപൂര്‍വിക ഫോസിലുകളായി ഇവ അംഗീകരിക്കപ്പെട്ടത്. 
 
അതിനുശേഷം, യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഏഷ്യയുടെ പശ്ചിമ-മധ്യ ഭാഗങ്ങളില്‍നിന്നും അനവധി നിയാന്‍ഡെര്‍താല്‍ ഫോസിലുകള്‍ ലഭിച്ചു. ഇവിടങ്ങളില്‍നിന്നെല്ലാമായി ഏകദേശം നാനൂറിലധികം നിയാന്‍ഡെല്‍താല്‍ ഫോസിലുകള്‍ പരിണാമ ശാസ്ത്രജ്ഞരുടെ കൈവശമുണ്ട്. ഇവയുടെയെല്ലാം പരിശോധനയിലൂടെയും പഠനത്തിലൂടെയുമാണ് നിയാന്‍ഡെല്‍താല്‍ മനുഷ്യരുടെ സ്വഭാവവിശേഷങ്ങള്‍, ജീവിതരീതി തുടങ്ങിയവ സംബന്ധിച്ചുള്ള അനുമാനങ്ങള്‍ ഇന്ന് രൂപപ്പെടുത്തിയിട്ടുള്ളത്.                                                                             
ഇന്നേക്കും മൂന്നുലക്ഷം വര്‍ഷംമുമ്പാണ് 'നിയാന്‍ഡെര്‍താല്‍ മനുഷ്യര്‍' യൂറോപ്പിലും ഏഷ്യയിലുമായി ജീവിച്ചിരുന്നതെന്നു കരുതുന്നു. ആറുലക്ഷം വര്‍ഷം പഴക്കമുള്ള നിയാന്‍ഡെര്‍താല്‍ ഫോസിലുകള്‍വരെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ആധുനിക മനുഷ്യരെക്കാള്‍ ബലിഷ്ടമായ ശരീരത്തോകൂടിയവയായിരുന്നു 'നിയാന്‍ഡെര്‍താല്‍ മനുഷ്യരെ'ന്നാണ് കരുതപ്പെടുന്നത്. അസാമാന്യ കരുത്തുള്ള കൈകളായിരുന്നു ഇവരുടെ മുഖ്യ സവിശേഷത. എന്നാല്‍, ഈ കരുത്തിന് ആനുപാതികമായ ബുദ്ധിവളര്‍ച്ച ഇല്ലാത്തവരായിരുന്നു 'നിയാന്‍ഡെര്‍താല്‍ മനുഷ്യരെ'ന്നാണ് ഏറെക്കാലം കരുതപ്പെട്ടിരുന്നത്.
                                                                                 

എന്നാല്‍, 2008ല്‍ നടന്ന പഠനങ്ങള്‍ ഈ ധാരണ തെറ്റാണെന്നു തെളിയിക്കുകയുണ്ടായി. ജനനസമയം, നിയാന്‍ഡെര്‍താല്‍ ശിശുക്കളുടെ മസ്തിഷ്കവലുപ്പം മനുഷ്യശിശുക്കളോട് തുല്യമായിരുന്നുവെന്നാണ് ഗവേഷണങ്ങള്‍ തെളിയിച്ചത്. മാത്രമല്ല, മുതിര്‍ന്നവരിലെത്തുമ്പോള്‍, മനുഷ്യരെക്കാള്‍ വലിയ തലച്ചോറിന്റെ ഉടമകളുമായിരുന്നു നിയാന്‍ഡെര്‍താല്‍ മനുഷ്യര്‍. ആധുനിക മനുഷ്യരെക്കാള്‍ ബുദ്ധിപരമായി താഴ്ന്നുനില്‍ക്കുന്നവരായിരുന്നു നിയാന്‍ഡെര്‍താലുകള്‍ എന്ന ധാരണ തിരുത്തുന്നതായിരുന്നു ഈ കണ്ടെത്തലുകള്‍. കല്ലുകൊണ്ടുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും നിയാന്‍ഡെര്‍താലുകള്‍ വിദഗ്ധരായിരുന്നുവെന്നാണ് വിലയിരുത്തുന്നത്.                                                                                                                                               












എന്നാല്‍,ഇതില്‍നിന്നെല്ലാംവ്യത്യസ്തമായ ചില ചോദ്യങ്ങളായിരുന്നു നിയാന്‍ഡെര്‍താല്‍ മനുഷ്യന്റെ സമ്പൂര്‍ണ ജനിതകവിശകലനം അനിവാര്യമാക്കിയത്. നിയാന്‍ഡെര്‍താല്‍ മനുഷ്യര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ, അവയുടെ വംശനാശം എന്നാണ് സംഭവിച്ചതെന്ന് കൃത്യമായി പറയാന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞിട്ടില്ല. 

ഏകദേശം 80,000 വര്‍ഷം മുമ്പ്, യൂറോപ്പില്‍ കഴിഞ്ഞിരുന്ന നിയാന്‍ഡെര്‍താല്‍ മനുഷ്യര്‍, ആഫ്രിക്കയില്‍നിന്നു വന്നെത്തിയ ആദിമനുഷ്യരുമായി വംശസങ്കരണത്തിന് വിധേയരായി എന്നതാണ് ഇതു സംബന്ധിച്ചുള്ള വിശദീകരണങ്ങളിലൊന്ന്. ഇതിലൂടെ ആധുനികമനുഷ്യരില്‍ ലയിക്കുകയായിരുന്നു നിയാന്‍ഡെര്‍താലുകളുടെ വംശമെന്ന് ഒരു സങ്കല്‍പ്പമുണ്ട്. ഇത് ശരിവയ്ക്കുന്നതായിരുന്നു സമ്പൂര്‍ണ ജനിതകശ്രേണീ പഠനത്തിലൂടെ ലഭ്യമായ തെളിവുകള്‍. ആധുനിക മനുഷ്യരുടേതായ ജീനുകള്‍, നിയാന്‍ഡെര്‍താല്‍ മനുഷ്യരിലും കാണപ്പെട്ടതാണ് ഇതിനടിസ്ഥാനം. ഒന്നുമുതല്‍ നാലുശതമാനംവരെയുള്ള ജീനുകള്‍ ഇത്തരത്തില്‍ ആധുനികമനുഷ്യരുടെ പ്രതിനിധികളായി നിയാന്‍ഡെര്‍താല്‍ മനുഷ്യരിലുണ്ട്. 

(This article by me was published in Kilivathil- the Science Supplement of Deshabhimani Daily)
 

Friday, March 22, 2013

'അന്റാര്‍ട്ടിക്ക' ആകാശത്തില്‍!

ഭൂമിയിലെ ഏറ്റവും തണുപ്പേറിയ സ്ഥലമാണ് അന്റാര്‍ട്ടിക്ക. സാധാരണഗതിയില്‍, പൂജ്യത്തിനുതാഴെ -89 ഡിഗ്രി സെല്‍ഷ്യസോളമാണ് അന്റാര്‍ട്ടിക്കയിലെ തണുപ്പ്. എന്നാല്‍, സൌരയൂഥം മൊത്തമായെടുത്താല്‍, ഇതൊരു തണുപ്പേയല്ലെന്നു പറയാം. കാരണം,യുറാനസിന്റെ അന്തരീക്ഷതാപനില -233 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍, ഇപ്പോഴിതാ, ഇതിലും താഴെ, പ്രപഞ്ചത്തിലെത്തന്നെ ഏറ്റവും തണുപ്പേറിയ സ്ഥലമായി മാറാന്‍ ഭൂമിക്കു തൊട്ടടുത്തുള്ള ഒരിടം തയ്യാറെടുക്കുന്നു. നമ്മടെ തലയ്ക്കു മുകളില്‍നിന്ന് 370 കിലോമീറ്റര്‍ ഉയരത്തില്‍, ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയമാണ് (International Space Station) പ്രപഞ്ചത്തിലെ ഏറ്റവും തണുപ്പേറിയ സ്ഥലമായി മാറുന്നത്. 'നാസ'യുടെ ആഭിമുഖ്യത്തിലുള്ള ഒരു ഗവേഷണപദ്ധതിയുടെ ഭാഗമായാണ്, രാജ്യാന്തര ബഹിരാകാശനിലയത്തിനുള്ളിലെ ഒരു ഭാഗം, കൃത്രിമമായി അതിശൈത്യത്തിലേക്കെത്തിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി, ഒരു പരീക്ഷണശാലതന്നെ രാജ്യാന്തര ബഹിരാകാശനിലയത്തില്‍ സംവിധാനംചെയ്യാനാണ് 'നാസ'യുടെ തീരുമാനം. 'കോള്‍ഡ് ആറ്റം ലബോറട്ടറി' (Cold Atom Laboratory) എന്നാണ് ഈ പരീക്ഷണശാലയ്ക്ക് പേരു നല്‍കിയിരിക്കുന്നത്. കൃത്രിമമായി ഒരുക്കുന്ന താപനില നിയന്ത്രണ സംവിധാനങ്ങളിലൂടെ, ഈ പരീക്ഷണശാലയ്ക്കുള്ളിലെ താപനില -270 ഡിഗ്രി സെല്‍ഷ്യസോളം തണുപ്പിച്ചെടുക്കുകയാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം. ഇന്നു ലഭ്യമായ സാങ്കേതികസൌകര്യങ്ങളാല്‍ സാധ്യമാവുന്ന ഏറ്റവും കുറഞ്ഞ താപനിലയാണ് -270 ഡിഗ്രി സെല്‍ഷ്യസിനുതാഴെയുള്ളത്. ഇതിലും മൂന്നു ഡിഗ്രി സെല്‍ഷ്യസ്കൂടി താഴ്ന്നാല്‍, അതിന്റെ പേരാണ് 'അബ്സൊല്യൂട്ട് സീറോ' (Absolute Zero). സൈദ്ധാന്തികമായി പറഞ്ഞാല്‍, ഇതിലും താഴെയുള്ള ഒരു താപനിലയിലേക്കു താഴാന്‍ ദ്രവ്യാവസ്ഥയിലുള്ള ഒരു പദാര്‍ഥത്തിനു സാധ്യമല്ല. -273 ഡിഗ്രി സെല്‍ഷ്യസാണ് 'അബ്സൊല്യൂട്ട് സീറോ' ആയി കണക്കാക്കുന്നത്.
എന്താണ് ഇത്രയും കുറഞ്ഞ താപനില കൃത്രിമമായി സൃഷ്ടിക്കുന്നതിന്റെ ഉദ്ദേശ്യം. അത്രയും കുറഞ്ഞ താപനിലയില്‍, ഭൂമിക്കുപുറത്ത് ഒരു പരീക്ഷണശാല സംവിധാനംചെയ്യുന്നത് എന്തിനാണ്? രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരമാണ് കൂടുതല്‍ എളുപ്പം. അതുകൊണ്ട് അത് ആദ്യമേ പറയാം. ഭൂമിക്കുപുറത്ത്, ഭൂമിയില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണത്തിന്റെ പ്രഭാവം വളരെ കുറവാണ്. ആറ്റങ്ങള്‍ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ ഗുരുത്വാകര്‍ഷണ ബലത്തിന് സ്വാധീനമില്ലെങ്കിലും, അതിനു പുറത്തു നടക്കുന്ന ചലനങ്ങളില്‍വരെ അതിനു സ്വാധീനമുണ്ട്. ഉദാഹരണത്തിന്, ആറ്റങ്ങളുടെ ചലനം. അവയുടെ കൂടിച്ചേരല്‍. വളരെവളരെ തുച്ഛമായതാവാം, നിസ്സാരമെന്നു കരുതി തള്ളിക്കളയാവുന്നതരത്തിലാവാം ഈ സ്വാധീനം. പക്ഷേ, ആധുനിക ഭൌതികശാസ്ത്രത്തില്‍ അത്തരം സ്വാധീനങ്ങളില്‍നിന്നു വിമുക്തമായ പരീക്ഷണ സാഹചര്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്.
 എപ്പോഴാണ് അത്തരം അവസ്ഥകള്‍ പ്രസക്തമാവുന്നതെന്നു ചോദിച്ചാല്‍, അത് നമ്മള്‍ നിലവിലുള്ള പദാര്‍ഥ അവസ്ഥകളില്‍നിന്നു വ്യത്യസ്തമായ ഒരു ദ്രവ്യത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണെന്നു പറയേണ്ടിവരും. ദ്രവ്യം അഥവാ 'മാറ്ററി' (Matter) ന്റെതായി നമ്മള്‍ സാധാരണ പരിചയിച്ച- ഖരം, ദ്രാവകം, വാതകം  എന്നീ മൂന്ന് അവസ്ഥകള്‍ക്കും അപ്പുറമായ അവസ്ഥയാണിത്. അങ്ങനെയൊരു അവസ്ഥ സാധ്യമാണെന്ന് ആദ്യം പറഞ്ഞത് ഇന്ത്യക്കാരനായ സതേന്ദ്രനാഥ് ബോസ് ആണ്- 1925ല്‍. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഒപ്പമുണ്ടായിരുന്നു. പക്ഷേ, അതിനായി, നിങ്ങള്‍ ആറ്റങ്ങളെ 'താപോര്‍ജം' (Heat Energy) ഒട്ടുമേയില്ല (പൂജ്യം) എന്ന അവസ്ഥയില്‍ എത്തിക്കണമെന്നാണ് ബോസ് പറഞ്ഞത്. ഇങ്ങനെ, ആറ്റങ്ങളുടെ താപോര്‍ജം 'പൂജ്യ'മാവുന്നത് അവ ഒരു പ്രത്യേക താപനിലയില്‍ എത്തുമ്പോള്‍ മാത്രമാണ്. അതാണ് 'അബ്സൊല്യൂട്ട് സീറോ' എന്നറിയപ്പെടുന്ന -273 ഡിഗ്രി സെല്‍ഷ്യസ്.
സത്യേന്ദ്രനാഥ് ബോസ് ഇതു പറഞ്ഞ്, 70 വര്‍ഷം കഴിഞ്ഞശേഷം മാത്രമാണ്, അദ്ദേഹം വിഭാവനംചെയ്ത ദ്രവ്യാവസ്ഥ സൃഷ്ടിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കു സാധിച്ചത്. 1995ല്‍, അമേരിക്കയിലെ മൂന്ന് ശാസ്ത്രജ്ഞര്‍ പരീക്ഷണശാലയില്‍ ആ അവസ്ഥ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. 'ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്' (Bose-Einstein Condensate) എന്നാണ് അത് അറിയപ്പെട്ടത്. അതു കണ്ടെത്തിയ മൂന്നുപേര്‍ക്കും നൊബേല്‍ സമ്മാനം ലഭിച്ചു- വുള്‍ഫ്ഗാങ് കെറ്റെര്‍ലി (Wolfgang Ketterle), എറിക് കോര്‍ണല്‍ (Eric Cornell), കാള്‍ വീമാന്‍ (Carl Wieman) എന്നിവര്‍ക്ക്. ഇതില്‍, കെറ്റെര്‍ലിയുടെ പരീക്ഷണശാല, 2003ല്‍ ഒരു ഗിന്നസ് റെക്കോഡും സൃഷ്ടിച്ചു. ലോകത്തിലെ, ഈ പ്രപഞ്ചത്തിലെതന്നെ, ഏറ്റവും കുറഞ്ഞ താപനില കൃത്രിമമായി സൃഷ്ടിച്ചതിന്. അതായത് 'അബ്സൊല്യൂട്ട് സീറോ'യെ തൊട്ടുരുമ്മി നില്‍ക്കുന്ന ഒരു താപനില സൃഷ്ടിച്ചതിന്.
ഈ താപനിലയ്ക്ക് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ രാജ്യാന്തരനിലയത്തില്‍ സൃഷ്ടിക്കാനൊരുങ്ങുന്നത്.സത്യത്തില്‍, 'ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റി'നെയോ, അതുപോലെ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ദ്രവ്യാവസ്ഥകളെയോ ഒന്നുകൂടി കൈപ്പിടിയില്‍ ഒതുക്കുകയല്ല, ഭൂമിക്കു പുറത്തു തയ്യാറാക്കുന്ന 'കോള്‍ഡ് ആറ്റം ലാബോറട്ടറി'യിലെ പരീക്ഷണങ്ങളുടെ ലക്ഷ്യം. അതുകൊണ്ട് ഭൌതികമായി എന്തു പ്രയോജനം എന്നാണ് ശാസ്ത്രജ്ഞര്‍ ചിന്തിക്കുന്നത്. ഉദാഹരണമായി, ഗുരുത്വാകര്‍ഷണത്തിന്റെ പ്രഭാവത്തില്‍നിന്നു വേറിട്ട അതിശൈത്യ താപനില, പദാര്‍ഥങ്ങളുടെ ചാലകത (Super Conductivity), തുടങ്ങിയ ഗുണങ്ങളില്‍ മാറ്റംവരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വൈദ്യുതിയുടെ കടന്നുപോക്കിന് പ്രതിരോധം ഒട്ടും ഉയര്‍ത്താത്ത ചാലകാവസ്ഥയാണ്, ഈ അതിശൈത്യ താപനിലകളില്‍ ചില പദാര്‍ഥങ്ങള്‍ക്ക് കൈവരുന്നത്. 'അതിചാലകത' (Super Conductivity) എന്നാണ് ഇതറിയപ്പെടുന്നത്. ഒരു ചെറിയ വൈദ്യുത സ്പന്ദനം (Electric Voltage) ഒരിക്കല്‍ ഉളവാക്കിയാല്‍, ഏകദേശം ഒരുലക്ഷം വര്‍ഷത്തോളം അത് നിലനിര്‍ത്താന്‍ അതിചാലകതയുള്ള ചാലകങ്ങള്‍ക്ക് കഴിയും. വൈദ്യുതകാന്തങ്ങളെയോ ഇലക്ട്രോണിക്സിനെയോ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തില്‍, വരുംനാളുകളില്‍, ഇതിന് വിപ്ളവങ്ങള്‍ സൃഷ്ടിക്കാനാവും.

നയിക്കുന്നത് ഇന്ത്യന്‍ വംശജ
'കോള്‍ഡ് ആറ്റം ലബോറട്ടറി' പദ്ധതിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്, അതിന്റെ നേതൃസ്ഥാനത്തുള്ള ഇന്ത്യന്‍ വംശജയുടെ സാന്നിധ്യമാണ്. പശ്ചിമ ബംഗാളില്‍നിന്നുള്ള അനിതാ സെന്‍ഗുപ്തയാണ് 'കോള്‍ഡ് ആറ്റം ലബോറട്ടറി' പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കലിഫോര്‍ണിയയിലെ പസദേനയിലുള്ള 'ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി' (JPL) യിലാണ് അനിത പ്രവര്‍ത്തിക്കുന്നത്. 'കോള്‍ഡ് ആറ്റം ലബോറട്ടറി' പദ്ധതിയുടെ പ്രോജക്ട് മാനേജരാണ് അനിത. 2016 ലായിരിക്കും 'കോള്‍ഡ് ആറ്റം ലബോറട്ടറി' രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് വിക്ഷേപിക്കുന്നത്. 2012 ആഗസ്ത് ആറിന് ചൊവ്വയിലെത്തിയ 'ക്യൂരിയോസിറ്റി'യെ സുരക്ഷിതമായി നിലത്തിറങ്ങാന്‍ സഹായിച്ച 'സൂപ്പര്‍സോണിക് പാരച്യൂട്ട്' നിയന്ത്രിച്ചത് അനിതയായിരുന്നു.

 Link: http://coldatomlab.jpl.nasa.gov

(This article by me was published in Kilivathil, the Science Supplement of  Deshabhimani Daily dated 14th March 2013)

Friday, February 15, 2013

ഛിന്നഗ്രഹസ്പര്‍ശം

ലോകമെമ്പാടുമുള്ള വാനനിരീക്ഷകരും ശാസ്ത്രജ്ഞരും ഒരുവര്‍ഷത്തോളമായി കാത്തിരിക്കുന്ന ദിവസമായിരുന്നു  2013 ഫെബ്രുവരി 15. ചരിത്രത്തില്‍ ആദ്യമായി ഒരു ഛിന്നഗ്രഹം അഥവാ അസ്റ്ററോയ്ഡ് (Asteroid) ഭൂമിയോട് വളരെ അടുത്തെത്തുകയായിരുന്നു അന്ന്. അടുത്തെന്നു പറഞ്ഞാല്‍ നമ്മുടെ തലയ്ക്കു മുകളില്‍നിന്ന് 27,700 കിലോമീറ്റര്‍ ഉയരത്തില്‍. ഇത്രയും ഉയരത്തില്‍ ഭൂമിക്കുപുറത്തുനിന്ന് ഒരു ഛിന്നഗ്രഹം വന്നെത്തുന്നത് ഇതാദ്യം. കാരണം ഈ ഉയരത്തിനും മുകളില്‍നില്‍ക്കുന്ന, ഭൂമിയെ ചുറ്റിസഞ്ചരിക്കുന്ന കൃത്രിമോപഗ്രഹങ്ങള്‍ നമുക്കുണ്ട്. അവയ്ക്കും താഴെ, ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ അപ്പുറത്തുനിന്ന് ഇത്തരമൊരു അതിഥി വന്നെത്തുന്നത് സത്യത്തില്‍ അതിശയമല്ല, അപകടശങ്കയാണ് ശാസ്ത്രലോകത്തിനു പകര്‍ന്നത്.

ഭൂമിയോട് ഇത്രയും അടത്തുകൂടി ഒരു ഛിന്നഗ്രഹം കടന്നുപോവുകയാണെങ്കില്‍, അത് നഗ്നനേത്രംകൊണ്ട് കാണാന്‍കഴിയില്ലേ? പകല്‍ അതിന്റെ നിഴല്‍ ഭൂമിയില്‍ പതിയില്ലേ? ഇങ്ങനെയൊക്കെയുള്ള ചോദ്യമാവാം നമ്മളിപ്പോള്‍ സ്വയം ചോദിക്കുന്നത്. ശരിയാണ്. ഇത്തരമൊരു അവസ്ഥയ്ക്ക് സാധ്യത ഉണ്ടായിരുന്നു, ഈ പറയുന്ന ഛിന്നഗ്രഹത്തിന് വേണ്ടത്ര വലുപ്പമുണ്ടായിരുന്നെങ്കില്‍! ഇത് 45 മീറ്റര്‍ മാത്രം വ്യാസമേയുള്ളു. ഈ ഛിന്നഗ്രഹത്തിന് ഭാരം ഏകദേശം 1,30,000 മെട്രിക് ടണ്ണോളമാവാമെന്നും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. എങ്കിലും ഭൂമിയില്‍ വന്നിടിച്ചിരുന്നുവെങ്കില്‍ ഇതുമൂലമുള്ള നാശനഷ്ടങ്ങള്‍ 25 മെഗാടണ്‍ ടിഎന്‍ടി (TNT) പൊട്ടുന്നതിനു സമാനമായിരുന്നേനെ. നാഗസാക്കിയിലും ഹിരോഷിമയിലും വീണ ആറ്റംബോബുകള്‍ വരുത്തിയ നാശനഷ്ടം ഇത്രത്തോളമില്ല. ഇതിനു പകരംവയ്ക്കാന്‍ ഭൌമചരിത്രത്തില്‍ മുമ്പു നടന്ന 'തങ്കസ്ക ഇവന്റ്' (Tunguska Event) മാത്രമേയുള്ളു. സൈബീരിയയില്‍ ഒരു വലിയ ഛിന്നഗ്രഹം വന്നിടിച്ചതും അതിന്റെ ആഘാത-പരിണാമങ്ങളുമാണ് 'തങ്കസ്ക ഇവന്റ്' എന്ന പേരില്‍ അറിയപ്പെടുന്നത്. മൂന്നുമുതല്‍ 20 മെഗാടണ്‍വരെയുള്ള ടിഎന്‍ടി സ്ഫോടനത്തിനു സമാനമായിരുന്ന സ്ഫോടനാഘാതമായിരുന്നു അതു സൃഷ്ടിച്ചത്.
അതേസമയം, ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
പതിനായിരക്കണക്കിന് ഛിന്നഗ്രഹങ്ങള്‍ സൌരയൂഥത്തിനുള്ളില്‍ത്തന്നെയുണ്ട്. ഇവയില്‍ പലതും ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെയുള്ളവയെന്ന തരത്തില്‍ പ്രത്യേകം വര്‍ഗീകരിക്കപ്പെട്ടിട്ടുള്ളവയാണ്. 'പൊട്ടന്‍ഷ്യലി ഹസാര്‍ഡസ് അസ്റ്ററോയ്ഡ്സ് (Potentially Hazardous Objects (Asteroids) PHO) എന്ന പേരിലാണ് ഇവ വേര്‍തിരിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കന്‍ ബഹിരാകാശ ഗവേഷണസംഘടനയായ 'നാസ'യുടെ നേതൃത്വത്തില്‍, ഒരു പ്രത്യേക ദൌത്യംതന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂമിയുമായി കൂട്ടിയിടിക്കാന്‍ പാകത്തിലുള്ള സഞ്ചാരപാതയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഛിന്നഗ്രഹങ്ങളെ നേരത്തെത്തന്നെ കണ്ടെത്തുകയാണ് അവരുടെ ലക്ഷ്യം. 

പേര് 2012 DA 14
2012 DA 14 എന്നാണ് നാളെ ഭൂമിയുടെ സമീപമെത്തുന്ന ഛിന്നഗ്രഹത്തിന്റെ പേര്. 2012 ഫെബ്രുവരി 22നാണ് ഈ ഛിന്നഗ്രഹം ആദ്യമായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കണ്ടുപിടിത്തത്തിന്റെ ആദ്യ നാളുകളില്‍, 'ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യത ഏറിയ ഛിന്നഗ്രഹങ്ങ'ളുടെ കൂട്ടത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരുന്നത്. 2013 ഫെബ്രുവരിയാണ് കൂട്ടിയിടിയുടെ സമയമായി നിശ്ചയിക്കപ്പെട്ടത്. പിന്നീട്, ഈ അപായസൂചന നീക്കംചെയ്യപ്പെടുകയായിരുന്നു. എങ്കിലും 2026നും 2069നും ഇടയ്ക്കുള്ള കൂട്ടിയിടി സാധ്യതാ പട്ടികയില്‍ 2012 DA 14 ഇപ്പോഴും ഉള്‍പ്പെടുന്നുണ്ട്.

എന്താണ് ഛിന്നഗ്രഹങ്ങള്‍? 
സൌരയൂഥത്തിലെ ചെറിയ അംഗങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. ഗ്രഹങ്ങളെക്കാള്‍ വലുപ്പത്തില്‍ ചെറുതും നിയതമായ ആകൃതിയുടെ അഭാവവുമാണ് ഇവ 'ഛിന്നഗ്രഹ'ങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണമാവുന്നത്. 'ഛിന്നഗ്രഹങ്ങള്‍' രണ്ടുതരമുണ്ട്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഭ്രമണപഥങ്ങളിലൂടെ സൂര്യനെ വലംവയ്ക്കുന്നവയാണ് 'മെയിന്‍ ബെല്‍റ്റ് ചിഹ്നഗ്രഹങ്ങള്‍' (Main-Belt Asteroids). ഭൂമിയോട് വളരെ അടുത്തുള്ള ഭ്രമണപഥങ്ങളിലുള്ളവയെ 'ഭൂസാമീപ്യ ഛിന്നഗ്രഹങ്ങള്‍' (Near-Earth Asteroids) എന്നും വിളിക്കുന്നു. ഇപ്പോള്‍ വന്നെത്തുന്ന '2012 DA 14' ഒരു ഭൂസാമീപ്യ ഛിന്നഗ്രഹമാണ്.

സ്വര്‍ണഖനന ലക്ഷ്യവുമായി കമ്പനികളും
ഛിന്നഗ്രഹസന്ദര്‍ശനത്തെ പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നവരില്‍ ശാസ്ത്രജ്ഞരോടൊപ്പം ബിസിനസുകാരും ഉണ്ടെന്നകാര്യം അതിശയമായി തോന്നാം. സ്വര്‍ണം, പ്ളാറ്റിനം തുടങ്ങിയ ലോഹങ്ങള്‍, ഭൂമിയിലെ ഖനികളില്‍ കാണുന്നതിനേക്കാള്‍ 174 ഇരട്ടിയിലധികം ഛിന്നഗ്രഹങ്ങളില്‍ കാണപ്പെടുന്നതാണ് ഇതിനു കാരണം. ഛിന്നഗ്രഹങ്ങളില്‍ ഖനനം നടത്തി, എങ്ങനെ ഈ ലോഹങ്ങളെ ഭൂമിയിലെത്തിക്കും എന്നതിലെ സാങ്കേതികമായ പ്രശ്നങ്ങള്‍ മാത്രമാണ് ഇക്കാര്യത്തിലെ മുഖ്യ തടസ്സം. എങ്കിലും അമേരിക്കയിലെയും ബ്രിട്ടനിലെയും ചില സ്വകാര്യകമ്പനികള്‍ ഇതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്ന ബ്രിട്ടീഷ് ധനാഢ്യന്‍ നേതൃത്വംനല്‍കുന്ന 'വിര്‍ജിന്‍ ഗാലക്ടിക്' (Virgin Galactic), അമേരിക്കയിലെ അഞ്ച് ധനാഢ്യന്മാര്‍ ചേര്‍ന്നു രൂപംനല്‍കിയ 'പ്ളാനെറ്ററി റിസോഴ്സസ്' (Planetary Resources) എന്നിവയാണവ.

Link: http://www.planetaryresources.com, http://www.virgingalactic.com
(This article in print-form was published in Kilivathil- the Science Pull-out of Deshabhimani dated 14 February 2013)

Monday, February 11, 2013

'റെക്സ്' ആദ്യത്തെ ജൈവ-യന്ത്ര മനുഷ്യന്‍!

ടെര്‍മിനേറ്റര്‍ എന്ന സിനിമ കണ്ട ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും; 'ആരാണ്?' എന്ന ചോദ്യത്തിന് നായകനായി വരുന്ന യന്ത്രമനുഷ്യന്‍ നല്‍കുന്ന മറുപടി: "ഞാന്‍ ഒരു 'സൈബര്‍നെറ്റിക് ജീവി'യാണ്'' (I am a Cybernetic Organism). എന്താണ് ഈ 'സൈബര്‍നെറ്റിക് ജീവി' എന്നു മനസ്സിലാക്കാനായില്ലെങ്കിലും ആ ജീവിക്ക് എന്തെല്ലാം ചെയ്യാനാവുമെന്ന് സിനിമ കാണുന്നവര്‍ക്ക്  മനസ്സിലാവും.
അത് വെറും ഭാവനയല്ല; പകുതി യന്ത്രവും പകുതി മനുഷ്യനുമായ ഇത്തരം ജീവികളുണ്ടെന്നു പറയുകയാണ് ശാസ്ത്രജ്ഞരിപ്പോള്‍. പറയുക മാത്രമല്ല, കൃത്രിമാവയവങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്ത് അവര്‍ ഒരു പൂര്‍ണമായ  ജൈവ-യന്ത്ര മനുഷ്യനെ നിര്‍മിച്ചിരിക്കുകയാണ്. പേര് 'റെക്സ്' (REX)!
ഒറ്റനോട്ടത്തില്‍ ഒരു മനുഷ്യനെന്നു തോന്നുന്നതാണ് 'റോബോട്ടിക് എക്സോസ്കെല്‍ട്ടന്‍' (Robotic EXoskeleton) എന്ന പൂര്‍ണരൂപമുള്ള 'റെക്സ്'. 'എക്സോസ്കെല്‍ട്ടന്‍' എന്ന വാക്കിന്, ജീവശാസ്ത്രത്തില്‍ അസ്ഥികൂടം എന്നാണര്‍ഥം. പക്ഷേ, 'റെക്സി'ന് അസ്ഥികൂടം മാത്രമല്ല ഉള്ളത്.  'അയാളുടെ' അടുത്തുചെന്ന് ഹസ്തദാനത്തിനു കൈനീട്ടിയാല്‍ 'റെക്സ്' തിരിച്ചും കൈനീട്ടും. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം നല്‍കും. ഈ കേള്‍വിയും കാഴ്ചയുമെല്ലാം സാധ്യമാക്കിയത് കൃത്രിമമായി നിര്‍മിച്ച ഇന്ദ്രിയങ്ങള്‍.
ഷാഡോ റോബോട്ടിക്സ് എന്ന കമ്പനിയാണ് 'റെക്സി'നെ നിര്‍മിച്ചതെങ്കിലും, ശരീരഭാഗങ്ങളാവുന്ന കൃത്രിമ അവയവങ്ങള്‍ ലോകത്തിലെ വിവിധ ഗവേഷണശാലകളില്‍നിന്നു വാങ്ങിയതാണ്. അവ കൂട്ടിയോജിപ്പിക്കുക എന്ന ജോലി മാത്രമേ കമ്പനി ചെയ്തുള്ളു. ഇതിനു വന്ന ചെലവ് ഒരു ദശലക്ഷത്തോളം ഡോളര്‍. 'റെക്സി'ന് സ്വന്തമായുള്ള കൈകള്‍, ഇന്ന് വികസിപ്പിക്കപ്പെട്ടവയില്‍ മികച്ചവയാണ്. ഓരോ വിരലും പ്രത്യേകമായി ചലിപ്പിക്കാന്‍കഴിയുന്ന  ഈ കൈ ഉപയോഗിച്ച് 'റെക്സി'ന് എന്തും മുറുക്കിപ്പിടിക്കാന്‍ കഴിയും. അതുപോലെ, വാതിലിന്റെ പിടിയോ, താക്കോല്‍പോലെയുള്ള എന്തും തിരിച്ചുതുറക്കാനും സാധിക്കും.
ടച്ച് ബയോണിക്സ്  എന്ന കമ്പനിയാണ് 'ഐ-ലിംബ്' (I-Limb) എന്നു പേരുള്ള ഇത് നിര്‍മിച്ചത്. കാല്‍മുട്ടുപോലെ മടങ്ങാനും അതുപോലെ ആവശ്യാനുസരണം നിവര്‍ന്നുനില്‍ക്കാനും കഴിയുന്ന 'കൃത്രിമമുട്ടി' (Artificial Knee Joint) ന്റെ പേര് 'ജെനിയം' (Genium) എന്നാണ്. വലിയ 'ഫ്രിഡ്ജി'ന്റെ വലുപ്പമുള്ള ഡയാലിസിസ് യന്ത്രത്തെ, ഒരു കാപ്പിക്കപ്പിന്റെ അത്രയും വലുപ്പത്തിലേക്ക് ചുരുക്കികൊണ്ടുള്ള കൃത്രിമ വൃക്കയാണ് മറ്റൊരു അതിശയം. ഇതേ ആകൃതിയില്‍ കൃത്രിമ ഹൃദയവും കൃത്രിമമായ ആഗ്നേയഗ്രന്ഥി യും പ്ളീഹയും  'റെക്സി'ന്റെ ശരീരഭാഗങ്ങളാണ്.
നാഡീകോശങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന 'കംപ്യൂട്ടര്‍ ചിപ്പു'കള്‍ ഘടിപ്പിച്ച കൃത്രിമ തലച്ചോറും 'റെക്സി'നുണ്ട്. അതുപോലെ കൃത്രിമ കണ്ണുകളും ചെവിയും. രോഗംമൂലമോ അപകടംമൂലമോ ഇത്തരം അവയവങ്ങള്‍ക്ക് കേടുപറ്റുന്നവര്‍ക്ക് മാത്രമായുള്ളതല്ല, 'റെക്സി'ന്റെ ശരീരഭാഗങ്ങളാവുന്ന ഈ 'അവയവ'ങ്ങളെന്ന് ശാസ്ത്രജ്ഞര്‍ . ഇന്ദ്രിയപരമായ പരിമിതികള്‍ കടന്നുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവ ഉപയോഗിക്കാമത്രെ. സ്വയം ഒരു 'ജൈവ-യന്ത്ര മനുഷ്യ'നായി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്.... അതിനും പരീക്ഷണങ്ങള്‍ തുടരുകയാണ്.

(The article in print-form was published in Kilivathil- the Science Pull-out of Deshabhimani dated 7 February 2013)