Wednesday, April 7, 2010

ആഴങ്ങളില്‍ ടൈറ്റാനിക്‌ ഇന്നും അത്ഭുതം


ഏപ്രില്‍ 15 വീണ്ടുമെത്തുകയാണ്‌. ലോകം എന്നുമോര്‍ക്കുന്ന ടൈറ്റാനിക്‌ ദുരന്തത്തിന്റെ ഓര്‍മയുമായി. മഞ്ഞുകട്ടയുടെ രൂപമാര്‍ജിച്ചു നിന്ന മരണത്തിനു കീഴടങ്ങി ആയിരത്തഞ്ഞൂറിലേറെ ജീവിതങ്ങളുമായി ആഴിയുടെ അഗാധതയിലേക്ക്‌ ടൈറ്റാനിക്‌ വിടവാങ്ങിയത്‌ 1912 ലെ ഈ ദിവസമായിരുന്നു. ഒരു നൂറ്റാണ്ടിന്റെ പഴമയ്‌ക്ക്‌ ഇനിയും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന ഒരു ചരിത്രസ്‌മാരകമായി അറ്റ്‌ലാന്റിക്കിനു താഴെ ഇന്നും നിലനിന്നുകൊണ്ട്‌ ടൈറ്റാനിക്‌ ആ കഥ തുടരുകയാണ്‌. ഏപ്രില്‍ 15 ന്‌ യൂറോപ്പിലെവിടെയും ടൈറ്റാനിക്കിന്റെ ദുഃഖസ്‌മൃതികളുമായി ആയിരങ്ങള്‍ ഒത്തുചേരും.

`ഒരിക്കലും മുങ്ങാത്ത കപ്പല്‍' എന്ന്‌ നിര്‍മാതാക്കള്‍ നല്‍കിയ വിശേഷണവുമായി യാത്ര തിരിച്ചെന്നും അതിനു വിപരീതമായി യാത്ര തിരിച്ചെന്നും അതിനു വിപരീതമായി കന്നിയാത്രയില്‍തന്നെ സ്വയമൊടുങ്ങിയെന്നതുമാണ്‌ ടൈറ്റാനിക്കിനെ സംബന്ധിക്കുന്ന ഏറ്റവും പ്രശസ്‌തമായ കേട്ടുകേള്‍വി. ടൈറ്റാനിക്കിന്റെ നിര്‍മ്മാതാക്കളായ `വൈറ്റ്‌ സ്റ്റാര്‍'  കമ്പനിയെപ്പോലും ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും പിന്‍തുടരുന്ന മറ്റൊരു അപഖ്യാതിയില്ല. ബെല്‍ഫാസ്റ്റിലെ ഹാര്‍ലന്‍ഡ്‌ ആന്‍ഡ്‌ വോള്‍ഫ്‌ ഷിപ്യാര്‍ഡില്‍ നിര്‍മ്മിക്കപ്പെട്ട ആര്‍ എം എസ്‌ ടൈറ്റാനിക്‌ അക്കാലത്തെ ഏറ്റവും വലിയ കപ്പലായിരുന്നുവെങ്കിലും സാങ്കേതികമായി അതൊരു കാലഹരണപ്പെട്ട മാതൃകയായിരുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം. മുന്നില്‍ക്കണ്ട മഞ്ഞുകട്ടയിലിടിക്കാതിരിക്കാന്‍ തക്കവണ്ണം പെട്ടെന്ന്‌ ഗതിമാറ്റാന്‍ ടൈറ്റാനിക്കിന്‌ കഴിയാതിരുന്നത്‌ സമകാലീനമായിരുന്ന ചെറിയ യന്ത്രസംവിധാനം  (Counter and Rudder System) ആയിരുന്നുവെന്ന കാര്യം പിന്നീടാണ്‌ വെളിപ്പെടുത്തപ്പെട്ടത്‌. 



അമിതവേഗമായിരുന്നു ടൈറ്റാനിക്കിനെ ദുരന്തത്തിലേക്കു നയിച്ചത്‌ എന്നതായിരുന്നു ടൈറ്റാനിക്കിനെ സംബന്ധിച്ച്‌ ഏറെക്കാലം നിലനിന്ന മറ്റൊരു കെട്ടുകഥ. ഏറ്റവും കുറഞ്ഞ സമയംകൊണ്ട്‌ അറ്റ്‌ലാന്റിക്‌ മുറിച്ചുകടക്കുന്ന ഏറ്റവും വലിയ കപ്പല്‍ എന്ന റെക്കോഡ്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌ ടൈറ്റാനിക്‌ അപകടത്തില്‍പ്പെട്ടത്‌ എന്നതായിരുന്നു വിലയിരുത്തല്‍. ന്യൂഫൗണ്ട്‌ ലാന്‍ഡ്‌ എന്ന ദ്വീപിനു തെക്കുകിഴക്കായി നിലയുറപ്പിച്ചിരുന്ന കൂറ്റന്‍ മഞ്ഞുകട്ടയിലിടിക്കുന്ന നിമിഷംവരെയും ടൈറ്റാനിക്കിലെ എല്ലാ ആവി എന്‍ജിനുകളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കപ്പെട്ടിരുന്നില്ല. ഒരു റെക്കോഡ്‌ ലക്ഷ്യവുമായി അവ ഒന്നിച്ച്‌ പ്രവര്‍ത്തിക്കപ്പെട്ടിരുന്നെങ്കില്‍പോലും 21 നോട്ടിക്കല്‍ മൈലിനുമപ്പുറമുള്ള വേഗമാര്‍ജിക്കാന്‍ ടൈറ്റാനിക്കിന്‌ കഴിയുമായിരുന്നുമില്ല. 

വേഗം ഒരു മല്‍സരലക്ഷ്യവുമായി ടൈറ്റാനിക്‌ നിര്‍മാതാക്കാളായ വൈറ്റ്‌ സ്റ്റാര്‍കമ്പനിക്കു മുന്നിലുണ്ടാകാതിരിക്കാന്‍ മറ്റൊരു കാരണവുമുണ്ടായിരുന്നു. 1899 ല്‍ ഇക്കാര്യത്തില്‍ അക്കാലത്തുള്ള മറ്റൊരു പ്രധാന കപ്പല്‍നിര്‍മാണകമ്പനി The Cunarders) യുമായി മല്‍സരിച്ചുകൊണ്ട്‌ വൈറ്റ്‌ സ്റ്റാര്‍ പുറത്തിറക്കിയ `ഒളിമ്പിക്‌' ഭാരിച്ച സാമ്പത്തികബാധ്യത എന്നതൊഴികെ ഒരു പരാജയമായിരുന്നു. അതുകൊണ്ടു തന്നെ താരതമ്യേന ചെലവ്‌ കുറഞ്ഞതും ശക്തി കുറഞ്ഞതുമായ ആവിയന്ത്രങ്ങളാണ്‌ ടൈറ്റാനിക്കിനായി നിശ്ചയിക്കപ്പെട്ടത്‌.


ചെറിയ സാങ്കേതികപ്പിഴവുകള്‍ വലിയ ദുരന്തങ്ങള്‍ക്കു കാരണമാവുന്നതിനുള്ള ആദ്യ ഉദാഹരണമായിരുന്നു ടൈറ്റാനിക്‌. ഡോ. റോബര്‍ട്ട്‌ ബെല്ലാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം 1985 ല്‍ അറ്റ്‌ലാന്റിക്കിനിടയില്‍ അത്‌ കണ്ടെത്താനിടയാക്കിയ ശ്രമങ്ങള്‍ക്കും ഒരടിസ്ഥാനം കപ്പല്‍ സാങ്കേതികതയില്‍ വന്നു പോയേക്കാവുന്ന അത്തരം പിഴവുകളെക്കുറിച്ചുള്ള ശ്രദ്ധയും പഠനവുമായിരുന്നു. 1987 ല്‍ തുടങ്ങി ആറു പര്യവേക്ഷണദൗത്യങ്ങള്‍ നാളിതുവരെയായി ടൈറ്റാനിക്‌ ലക്ഷ്യമായി നടത്തപ്പെട്ടിട്ടുണ്ട്‌. അമേരിക്കന്‍ ഗവേഷണസ്ഥാപനമായ നാഷണല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റമോസ്‌ഫെറിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ 2004 മെയ്‌ 27 മുതല്‍ ജൂണ്‍ 12 വരെ നടത്തിയ ഗവേഷണങ്ങളായിരുന്നു ഇവയില്‍ ഒടുവിലത്തേത്‌.

Thursday, April 1, 2010

കണിയൊരുക്കുന്ന രസതന്ത്രം




വറുതിയുടെ വിളനിലമാണ്‌ വേനല്‍. അകലുന്ന മേഘങ്ങളും വറ്റുന്ന പുഴകളും ദുരിതത്തിന്റെ തീയലകള്‍ പടര്‍ത്തുന്ന കാലം. മണ്‍തരികള്‍ക്കിടയിലെ ജലാംശം പോലും വലിച്ചൂറ്റുന്ന വേനല്‍ ചെടികള്‍ക്കും അതിജീവനത്തിന്റെ സമയമാണ്‌. പക്ഷേ, ആ വറുതിയിലും മഞ്ഞപ്പൂങ്കുലകളായി പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നകള്‍ അതിശയകരമായ കാഴ്‌ചയാണ്‌. ഗ്രീഷ്‌മത്തെ വസന്തമാക്കുന്ന ഈ കണിക്കാഴ്‌ചയ്‌ക്കു പിന്നില്‍ രസകരമായ രസതന്ത്രമുണ്ട്‌.

പയറുവര്‍ഗ്ഗസസ്യകുടുംബത്തില്‍പ്പെടുന്ന വനവൃക്ഷമായ കണിക്കൊന്ന (Cassia fistula) വര്‍ഷത്തില്‍ രണ്ടുതവണ പൂക്കാറുണ്ട്‌. മാര്‍ച്ച്‌-ഏപ്രിലിലാണ്‌ ഒന്നാമത്തെ പൂക്കാലം. രണ്ടാമത്തേത്‌ ഒക്‌ടോബറിലും. ചില സ്ഥലങ്ങളില്‍ വര്‍ഷം മുഴുവനും പൂവിടുന്നതായി പറയാറുണ്ടെങ്കിലും കണിക്കൊന്നയുടെ ഏറ്റവും സമൃദ്ധമായ പൂക്കാലം വിഷുക്കാലത്താണ്‌. ഇലകളെ നാമമാത്രമായി ശേഷിപ്പിച്ചുകൊണ്ട്‌ പൂങ്കുലകള്‍ തിങ്ങിനിറയുന്ന പൂരമായി കണിക്കൊന്ന മാറുന്നതും മീനച്ചൂടിന്റെ കാലത്തുതന്നെ. പുഷ്‌പിക്കലിനെ സംബന്ധിക്കുന്ന കാലനിബദ്ധസിദ്ധാന്തങ്ങള്‍ക്കു വിരുദ്ധമായ കണിക്കൊന്നയുടെ ഈ സവിശേഷത, വേനലിനെതിരെയുള്ള അതിജീവനതന്ത്രമായാണ്‌ വിലയിരുത്തപ്പെടുന്നത്‌. സൂര്യതാപം, ജലലഭ്യത, ലവണാംശം എന്നിവയാണ്‌ സസ്യവളര്‍ച്ചയെ സ്വാധീനിക്കുന്ന പ്രധാന പാരിസ്ഥിതിക ഘടകങ്ങള്‍ ദൈനംദിന ജീവപ്രവര്‍ത്തനങ്ങളില്‍പ്പോലും ഒരു ചെടിയെ സമഗ്രമായി സ്വാധീനിക്കുന്ന ഘടകങ്ങളാണിവ.



അതികഠിനമായ സൂര്യതാപവും തീരെയില്ലാതാവുന്ന ജലവും ചെടികളെ ആകെ ഉലയ്‌ക്കുന്ന സമയമാണ്‌ വേനല്‍. ഉള്ളിലേക്കെടുക്കുന്ന ജലത്തിന്റെ പരമാവധിയുള്ള സംരക്ഷണം ചെടികളുടെ വേനല്‍ക്കാല അതിജീവനത്തിന്റെ മുഖ്യോപാധിയാവുന്നതും അതിനാലാണ്‌. ചെടികള്‍ വലിച്ചെടുക്കുന്ന ജലത്തിന്റെ ഭൂരിഭാഗവും നഷ്‌ടമാവുന്നത്‌ ഇലകളിലെ സുഷിരങ്ങള്‍ (Stomata) വഴിയാണ്‌. സ്വേദനം (Transpiration) എന്നറിയപ്പെടുന്ന ഒഴിച്ചുകൂടാനാവാത്ത ഈ പ്രവര്‍ത്തനം ഒരു ചെടിയെ സംബന്ധിച്ചിടത്തോളം വേനലിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ്‌. ഇത്തരത്തിലുള്ള ജലനഷ്‌ടത്തിന്റെ മുഖ്യവാതായനങ്ങളാവുന്ന ഇലകളുടെ സ്ഥാനത്ത്‌ കഴിയുന്നത്ര പൂക്കളെ അണിനിരത്തിക്കൊണ്ടാണ്‌ കണിക്കൊന്ന ഇതിനു പോംവഴി കാണുന്നത്‌. തനതായ ഒരു ജനിതക സംവിധാനത്തിലൂടെയാണ്‌ കണിക്കൊന്ന മരം ഈ കഴിവ്‌ ആര്‍ജ്ജിക്കുന്നത്‌. യു എഫ്‌ ഐ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന യൂണിഫോളിയേറ്റ (Unifoliata) എന്ന ജീനാണ്‌ ഇലമുകുളങ്ങളെ പുഷ്‌പമുകുളങ്ങളാക്കിക്കൊണ്ട്‌ ഇത്‌ സാധിക്കുന്നതെന്നാണ്‌ ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌.

ഇലയില്‍നിന്ന്‌ പൂവിലേക്കുള്ള ഈ മാറ്റം പ്രത്യക്ഷമായി ലളിതമെന്നു തോന്നാമെങ്കിലും ഇതിനനുബന്ധമായി ഉടലെടുക്കുന്ന പ്രതിസന്ധികള്‍ നിരവധിയാണ്‌. പ്രകാശസംശ്ലേഷണം നടത്തുന്നതുവഴി ചെടികളെ ജീവപരമായി നിലനിറുത്തുന്ന ആഹാരോല്‍പാദനകേന്ദ്രങ്ങളാണ്‌ ഇലകള്‍. ഇവയിലുള്ള ഹരിതകമാണ്‌ സൗരോര്‍ജ്ജത്തെ അണുബന്ധഊര്‍ജ്ജമായി സംഭരിച്ച്‌ അന്നജത്തില്‍ നിറച്ചുവെക്കുന്നത്‌. പൂക്കളിലെ ദളങ്ങളും ഇതരഭാഗങ്ങളും ഇലകളില്‍നിന്ന്‌ രൂപമാര്‍ജിക്കുന്നവയാണെങ്കിലും അവയില്‍ ഹരിതകത്തിന്റെ അളവ്‌ തീരെ കുറവാണ്‌. അധികമായുള്ള കരോട്ടിനോയ്‌ഡ്‌ വര്‍ണവസ്‌തുക്കള്‍ക്ക്‌ സൗരോര്‍ജ്ജത്തെ സ്വീകരിക്കാനാവുമെങ്കിലും ഉപയോഗിക്കാന്‍ കഴിയില്ല. മണ്ണിലെ ജലാംശവും കുറവായിരിക്കുന്ന വേനല്‍ക്കാലത്ത്‌ തുച്ഛമായ ഇലകളും അല്‍പമായ സംഭൃതാഹാരവുമായി മുന്നോട്ടുപോവുക അസാധ്യമാണ്‌. പക്ഷേ ഇവിടെയാണ്‌ രസപരമായ ചില കരുനീക്കങ്ങളിലൂടെ കണിക്കൊന്ന സ്വയരക്ഷ ഉറപ്പുവരുത്തുന്നത്‌.

സമൃദ്ധമായി വിടരുന്ന കണിപ്പൂവുകള്‍ക്ക്‌ നിറം പകരാന്‍ കരോട്ടീനോയ്‌ഡുകല്‍ ഏറെയുണ്ടാവണം. ജൈവരസതന്ത്രപരമായി `ടെര്‍പിനോയ്‌ഡുകള്‍' (Terpenoids) എന്ന വിഭാഗത്തില്‍പ്പെടുന്ന കരോട്ടീനോയ്‌ഡുകള്‍ക്ക്‌ സങ്കീര്‍ണമായ രാസഘടനയാണുള്ളത്‌. ജെറാനൈല്‍ ജെറാനൈല്‍ പൈറോഫോസ്‌ഫേറ്റ്‌ എന്ന്‌ പേര്‍വിളിക്കുന്ന രണ്ട്‌ തന്മാത്രകള്‍ പരസ്‌പരം ചേരുന്നതില്‍നിന്നാണ്‌ ഇവ ജന്മമെടുക്കുന്നത്‌. പൂവുകള്‍ക്കും കായ്‌കള്‍ക്കും വിവിധനിറങ്ങള്‍ പകരാന്‍ കഴിയുന്ന ഏതാണ്ട്‌ അറുന്നൂറോളം വര്‍ണവസ്‌തുക്കള്‍ കരോട്ടീനോയ്‌ഡുകളായുണ്ട്‌. ഇവയില്‍ കാര്‍ബണും ഹൈഡ്രജനും മാത്രമടങ്ങുന്നവ കരോട്ടിനുകളെന്നും ഓക്‌സിജന്‍ ഗ്രൂപ്പുകള്‍ പ്രത്യേകമായുള്ളവയെ സന്തോഫില്ലു കളെന്നുമാണ്‌ സാധാരണയായി അറിയപ്പെടുന്നത്‌.


മഞ്ഞനിറത്തിനു പ്രാമുഖ്യമുള്ള സന്തോഫില്ലുകളുടെ കൂട്ടത്തില്‍തന്നെയുള്ള വയോളാസാന്തിനാണ്‌ കണിക്കൊന്നപ്പൂക്കളിലെ മുഖ്യ കരോട്ടീനോയ്‌ഡ്‌. വര്‍ധിച്ച സൗരതാപം സൃഷ്‌ടിക്കുന്ന പ്രേരിതോര്‍ജ്ജമാണ്‌ സിയാസാന്തിന്‍ എന്ന അനുബന്ധ ഘടകത്തില്‍ നിന്നും വയോളാസാന്തിന്‍ നിര്‍മിക്കുന്നത്‌. ഡെമിങ്‌ആഡംസ്‌ എന്ന ശാസ്‌ത്രജ്ഞന്‍ 1992 ല്‍ കണ്ടെത്തിയെങ്കിലും ഇന്നും പൂര്‍ണമായും വിശകലനം ചെയ്യപ്പെട്ടിട്ടില്ലാത്ത ഈ രാസമാറ്റം കണിക്കൊന്നയുടെ വേനല്‍ക്കാലാതിജീവനത്തില്‍ മുഖ്യപങ്കാണ്‌ വഹിക്കുന്നത്‌. ഇലകളിലെ സുഷിരങ്ങളെ താല്‍ക്കാലികമായി അടച്ചുവെക്കാന്‍ സഹായിക്കുന്ന അബ്‌സിസിക്‌ ആസിഡ്‌ എന്ന ഹോര്‍മോണ്‍ നിര്‍മിക്കാനുള്ള ആദ്യഘടകമാണ്‌ വയോളാസാന്തിന്‍. പൂവിതളുകളില്‍ ശേഖരിച്ചിരിക്കുന്ന വയോളാസാന്തിനെ പടിപടിയായി വിഭജിച്ചുണ്ടാക്കുന്ന അബ്‌സിസിക്‌ ആസിഡിന്‌ ശേഷിക്കുന്ന ഇലകളില്‍നിന്നുള്ള ജലനഷ്‌ടത്തെ ഫലപ്രദമായി തടയാനാകും. ഈ ഇലകള്‍ തന്നെയാണ്‌ വേനലിലും കണിക്കൊന്നയ്‌ക്ക്‌ ആഹാരം നല്‍കുന്നത്‌.

കണിക്കൊന്നയുടെ പൂക്കളില്‍ കാണുന്ന മറ്റൊരു വര്‍ണവസ്‌തുവാണ്‌ ആന്തോസയാനിന്‍. ഇതിന്റെ സാന്നിധ്യമാണ്‌ കണിപ്പൂകളുടെ മഞ്ഞനിറത്തിന്‌ സ്വര്‍ണതുല്യമായ ചാരുത നല്‍കുന്നത്‌. ജലത്തില്‍ ലയിക്കാനാവുന്ന ഇവയെ കോശങ്ങള്‍ക്കുള്ളിലെ ഫേനങ്ങള്‍ (Vacuoles) എന്ന അറകള്‍ക്കുള്ളിലാണ്‌ നിറച്ചുവെച്ചിരിക്കുന്നത്‌. ഘടനാപരമായി ഫ്‌ളാവനോയ്‌ഡുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ആന്തോസയാനിന്‌ കരോട്ടീനുമായി ചേര്‍ന്നുകൊണ്ട്‌ ഉജ്വലമായ ചായക്കൂട്ടുകള്‍ തീര്‍ക്കാനാവും. അതിസങ്കീര്‍ണമായ രാസമാറ്റങ്ങളുള്‍ക്കൊള്ളുന്ന ഷിക്‌മിക്‌ ആസിഡ്‌ പ്രക്രിയയിലൂടെയാണ്‌ ആന്തോസയാനിനുകള്‍ സൃഷ്‌ടിക്കപ്പെടുന്നത്‌. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ്‌ വികിരണങ്ങളാണ്‌ ആന്തോസയാനിനുകളുടെ നിര്‍മിതിക്ക്‌ കാരണമാവുന്നത്‌. ഈ വികിരണങ്ങളുടെ ദോഷവശങ്ങളില്‍ നിന്ന്‌ സസ്യത്തെ മൊത്തമായി സംരക്ഷിക്കുന്ന ഇവ മറ്റൊരു പ്രധാനധര്‍മവും നിര്‍വഹിക്കുന്നുണ്ട്‌. പ്രകാശസംശ്ലേഷണത്തിലൂടെ ഇലകളിലുണ്ടാവുന്ന ഗ്ലൂക്കോസ്‌ തുടങ്ങിയ ലേയപഞ്ചസാരകളെ സംയോജിതതന്മാത്രകളാക്കി ഫേനങ്ങളിലൊളിപ്പിക്കുന്നതാണത്‌. ഗ്ലൂക്കോസിന്റെയും മറ്റും തനതുരൂപത്തിലുള്ള സാന്നിധ്യം ഇലകളിലെ സുഷിരങ്ങള്‍ തുറന്നുവെയ്‌ക്കാനും അതുവഴി ജലം നഷ്‌ടപ്പെടാനും ഇടയാക്കും എന്നതിനാലാണിത്‌.

ചുരുക്കത്തില്‍ എണ്ണമറ്റ രാസസംയുക്തങ്ങള്‍ സമഞ്‌ജസമായിത്തീര്‍ക്കുന്ന വര്‍ണോല്‍സവമാണ്‌ ഓരോ കണിക്കാഴ്‌ചയും. പ്രകൃതിയുടെ പ്രചണ്‌ഡതയ്‌ക്കുമുമ്പില്‍ ഒരു ചെടി സ്വയം തീര്‍ത്തുവെക്കുന്ന പ്രതിരോധത്തിന്റെ പടയണിയുമാണ്‌ ഓരോ കണിപ്പൂവും. സ്വര്‍ണം ചാര്‍ത്തിയ ഒരു പുസ്‌തകവും ഒരു പിടി കൊന്നപ്പൂവും കണിയായൊരുക്കിയ നമ്മുടെ പൂര്‍വികര്‍ പറയാതെ പറയുന്നതും അതുതന്നെയാവണം. നല്ലൊരു നാളെയിലേക്ക്‌, പുതിയ പ്രഭാതത്തിലേക്ക്‌, കരുത്തോടെ.

Wednesday, March 24, 2010

ഒരു ഡി.എന്‍.എ കേസ്‌ ഡയറി

ജനുവരിയുടെ തണുത്ത പ്രഭാതത്തിന്‌ ഉത്‌കണ്‌ഠയുടെ തീനാമ്പുകള്‍ തീര്‍ത്തുകൊടുത്തുകൊണ്ടാണ്‌ വാര്‍ത്ത പരന്നത്‌. നഗരത്തില്‍ നിന്നും വളരെ മാറിയുള്ള തരിശുഭൂമിയുടെ വിജനതയില്‍ ഒരു സ്‌ത്രീയുടെ മൃതശരീരം. നോക്കുകുത്തികളായി നില്‍ക്കുന്ന ചില ഇലപൊഴിയും മരങ്ങളൊഴിച്ചാല്‍ ഇരുവശവും അനന്തമായി നീണ്ടുകിടക്കുന്ന ഒറ്റവരിപ്പാത മാത്രം. ചരക്കുവണ്ടികള്‍ പോലും അപൂര്‍വ്വമായി കടന്നെത്തുന്ന അരിസോണ മരുഭൂമിയുടെ തുടക്കം. സമീപവാസികളായി ആരും തന്നെയില്ല. ആള്‍പ്പാര്‍പ്പുള്ള പ്രദേശങ്ങള്‍ പോലും കാതങ്ങള്‍ അകലെ മാത്രം. സവിശേഷമായ ഒരു `ഡിഎന്‍എ കേസ്‌ ഡയറി'യുടെ തുടക്കം അവിടെ നിന്നായിരുന്നു.
സംഭവസ്ഥലം പരിശോധിച്ച കുറ്റാന്വേഷകര്‍ക്ക്‌ കണ്ടെത്താനായത്‌ ശവശരീരത്തിന്‌ കുറച്ചുദൂരെയായി കിടന്നിരുന്ന ഒരു പേജര്‍ ഉപകരണം മാത്രമായിരുന്നു. യേൾ  ബൊഗാന്‍ (Erl Bogan) എന്നയാളിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒന്നായിരുന്നു അത്‌. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ശ്വാസം മുട്ടിയുള്ള കൊലപാതകം അടിവരയിട്ടതോടെ പോലീസുദ്യോഗസ്ഥര്‍ പേജറിന്റെ ഉടമയെത്തേടിയിറങ്ങി. കുറ്റകൃത്യം നടന്ന സമയത്തിനോടടുപ്പിച്ച്‌ ഒരു വെളുത്ത പിക്‌അപ്‌ ട്രക്ക്‌ വേഗതയില്‍ പാഞ്ഞുപോകുന്നതായി കണ്ടെന്ന ഒരു സാക്ഷിമൊഴിയും കൂട്ടിച്ചേര്‍ത്തപ്പോള്‍ അവരെത്തിയത്‌ യേൾ  ബൊഗാന്റെ വീട്ടില്‍ തന്നെയായിരുന്നു. അയാളുടെ മകന്‍ മാര്‍ക്‌ ബൊഗാന്‌ ഒരു വെള്ള പിക്‌അപ്‌ ട്രക്ക്‌ സ്വന്തമായുണ്ടായിരുന്നു. പക്ഷേ, ഇരുവരും കുറ്റം നിഷേധിക്കുകയാണുണ്ടായത്‌.
തന്റെ പേജര്‍ ഉപകരണം, നഗരത്തിലെ തിരക്കിനിടയില്‍ വെച്ച്‌, ഒരാഴ്‌ച മുമ്പ്‌, ഒരു സ്‌ത്രീ തട്ടിപ്പറിക്കുകയായിരുന്നുവെന്നും അവരെക്കുറിച്ച്‌ തനിക്കൊന്നുമറിയില്ലെന്നുമായിരുന്നു മാര്‍ക്‌ ബൊഗാന്റെ മൊഴി. ഇത്തവണ കുടുങ്ങിയത്‌ പോലീസായിരുന്നു. കുറ്റവാളി മറ്റാരോ ആണെന്ന ദിശയിലേക്കാണ്‌ കാര്യങ്ങള്‍ വിരല്‍ച്ചൂണ്ടുന്നത്‌. എന്നാല്‍, തിരിച്ചുപോകുന്നതിനുമുമ്പ്‌ മാര്‍ക്‌ ബൊഗാന്റെ വാഹനം പരിശോധിച്ച അന്വേഷണ സംഘത്തിലെ സമര്‍ത്ഥനായ ഒരുദ്യോഗസ്ഥന്‌ പിക്‌ അപ്‌ ട്രക്കിന്റെ പുറകിലെ പ്ലാറ്റ്‌ഫോമില്‍ നിന്നും ചതഞ്ഞ രണ്ട്‌ വൃക്ഷക്കായ്‌കള്‍ കണ്ടെടുക്കാനായി. അവിടങ്ങളില്‍ സാധാരണമായി  വളര്‍ന്നിരുന്ന പാലൊ വെര്‍ഡേ (Paloverde) എന്ന പാഴ്‌മരത്തിന്റെ കായ്‌കളായിരുന്നു അവ. ശവശരീരം കിടന്നിരുന്ന സ്ഥലത്ത്‌ ഈയിനത്തില്‍ പെട്ട ഒന്നുരണ്ടു മരങ്ങള്‍ ഉണ്ടായിരുന്നു എന്നകാര്യം സംശയം വീണ്ടുമുണര്‍ത്തുന്നതായിരുന്നുവെങ്കിലും അക്കാര്യം രഹസ്യമായി സൂക്ഷിച്ചുകൊണ്ടാണ്‌ അന്വേഷണോദ്യോഗസ്ഥര്‍ ബൊഗാന്റെ കുടുംബത്തോട്‌ വിടവാങ്ങിയത്‌.
ഒരിക്കല്‍ കൂടി സംഭവസ്ഥലം പരിശോധിച്ച കുറ്റാന്വേഷകര്‍ക്ക്‌ മറ്റൊരു സുപ്രധാന തെളിവുകൂടി ലഭിച്ചു. താഴേക്ക്‌ വളഞ്ഞുവളര്‍ന്നിരുന്ന പാലോ വെര്‍ഡേ മരത്തിന്റെ ശിഖരങ്ങളിലൊന്നില്‍ ഒരു വാഹനം ഉരഞ്ഞാലുണ്ടാകുന്നതിനു സമാനമായ പരിക്കുകള്‍ അവര്‍ കണ്ടെത്തി. ഇക്കാര്യങ്ങള്‍ മുഖ്യതെളിവുകളായി രേഖപ്പെടുത്തിക്കൊണ്ട്‌ മുന്നോട്ടുപോയ പോലീസിന്‌ പക്ഷേ, കോടതിയില്‍ പരാജയമാണ്‌ നേരിട്ടത്‌. അരിസോണ മരുഭൂമിയിലും സമീപപ്രദേശങ്ങളിലും സര്‍വ്വസാധാരണമായി കാണുന്ന ഒന്നാണ്‌ പാർക്കിൻസോണിയ മൈക്രോഫില്ല (Parkinsonia microphylla) എന്ന ശാസ്‌ത്രീയനാമത്തിലറിയപ്പെടുന്ന പാലോ വെര്‍ഡേ വൃക്ഷം. ഇതിന്‌ സമാനസ്‌പീഷീസുകളും നിലവിലുണ്ടെന്നിരിക്കെ, കുറ്റകൃത്യം നടന്ന സ്ഥലത്തിനടുത്തുള്ള വൃക്ഷത്തിന്റെ കായ്‌ തന്നെയാണ്‌ മാര്‍ക്‌ ബൊഗാന്റെ വാഹനത്തില്‍ കണ്ടത്‌ എന്ന്‌ ഉറപ്പിച്ചുപറയുന്നതെങ്ങനെ എന്നതായിരുന്നു ചോദ്യം.
ഭാഗ്യവും ബൊഗാന്‍ കുടുംബത്തിന്റെ പക്ഷത്തായിരുന്നു. സംഭവം നടന്നതായി പറയുന്ന സമയം താന്‍ സ്ഥലത്തില്ലായിരുന്നുവെന്ന്‌ രേഖകള്‍ മൂലം കോടതി യെ ബോധ്യപ്പെടുത്താന്‍ ബൊഗാന്‌ കഴിഞ്ഞു. പ്രതിയെയും കുറ്റകൃത്യത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകതെളിവ്‌ വൃക്ഷക്കായ്‌കള്‍ ആണെന്നിരിക്കെ പോലീസ്‌ ശരിക്കും വെട്ടിലാവുകയും ചെയ്‌തു. ബാലിശമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന്‌ മാന്യരായി ജീവിക്കുന്നവരെ തേ ജോവധം ചെയ്യുകയും യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ്‌ പോലീസ്‌ ചെയ്യുന്നത്‌ തുടങ്ങിയുള്ള വിമര്‍ശനങ്ങള്‍ കൂടിയായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പുലിവാലു പിടിക്കുകയായിരുന്നു പോലീസ്‌. ഈ സാഹചര്യത്തിലാണ്‌ സംഭത്തിലെ ഏക `ദൃക്‌സാക്ഷിയായ' പാലോ വെര്‍ഡേ വൃക്ഷത്തിന്റെ ഡി.എന്‍.എ ഫിംഗര്‍ പ്രിന്റിംഗ്‌ (DNA Finger Printing) നടത്തുന്നതിലേക്ക്‌ കാര്യങ്ങള്‍ ചെന്നെത്തിയത്‌.
കുറ്റാന്വേഷണ രംഗത്തെ ഡി.എന്‍.എ ഫിംഗര്‍ പ്രിന്റിന്റെ പ്രയോഗം അത്ര കണ്ട്‌ പുതുമയൊന്നും അവകാശപ്പെടാനില്ലാത്തതാണെങ്കിലും ഒരു സസ്യത്തിന്റെ വ്യക്തിത്വനിര്‍ണ്ണയത്തിന്‌ അതുപയോഗിക്കപ്പെടുക എന്നത്‌ നീതിന്യായ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു. ഫിംഗര്‍ പ്രിന്റിംഗ്‌ ചെടികളില്‍ നടത്താന്‍ കഴിയുമോ എന്ന ചോദ്യം പോലും ഉയര്‍ന്നുവന്നിരുന്നു. ജീവികളിലെയെല്ലാം അടിസ്ഥാന പാരമ്പര്യഘടകമായ ഡി.എന്‍.എയുടെ തന്മാത്രാതലചേരുവകളായ നൈട്രജന്‍ സംയുക്തങ്ങളുടെ ക്രമത്തെ സമഗ്രമായും ചില സവിശേഷ സ്ഥാനങ്ങളില്‍ സൂക്ഷ്‌മമായും താരതമ്യം ചെയ്യുന്ന പ്രക്രിയയാണ്‌ ഡി.എന്‍.എ ഫിംഗര്‍ പ്രിന്റിംഗ്‌. അഡിനിന്‍, ഗ്വാനി ന്‍, തൈമിന്‍, സൈറ്റോസിന്‍ എന്നിങ്ങനെയുള്ള ഈ നൈട്രജന്‍ സംയുക്തങ്ങളുടെ എണ്ണമറ്റ തുടര്‍ച്ചകളിലെവിടെയോ പതിയിരിക്കുന്ന അതീവക്ലിപ്‌തമായ ചിലതരം തനിയാവര്‍ത്തനങ്ങളെ കണ്ടെത്തുക വഴിയാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌.
രക്തക്കറയില്‍ നിന്നോ തലനാരിഴയില്‍നിന്നുപോലുമോ വ്യക്തികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഡി.എന്‍.എ ഫിംഗര്‍ പ്രിന്റിംഗ്‌ പക്ഷേ, സസ്യങ്ങളില്‍ പരീക്ഷിക്കാനോ അതിന്റെ പ്രയോഗസാധ്യതകള്‍ മനസ്സിലാക്കാനോ ലാബറട്ടരിതലത്തില്‍പോലും ശ്രമങ്ങള്‍ നടത്തിയിട്ടില്ലാത്ത സമയമായിരുന്നു പോലീസിന്‌ കൂട്ടിനുണ്ടായത്‌. ഇത്തരത്തിലൊരു ചിന്തപോലും മുളപൊട്ടാതിരുന്ന ഫോറന്‍സിക്‌ ലബോറട്ടറികളില്‍നിന്നും അങ്ങനെയാണ്‌ അവര്‍ അരിസോണ സര്‍വകലാശാലയിലെ തന്മാത്രതല ജനിതക (Molecular Genetics) വിഭാഗത്തിലെത്തിയത്‌. അവിടെ ഡോ. തിമോതി ഹെലന്റ്‌ ജാരിസ്‌ (Tim Helentjaris) പോലീസിന്‌ ഇക്കാര്യത്തില്‍ എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുകയായിരുന്നു. ഡോ. ഹെലന്റ്‌ ജാരിസിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ്‌ അവിടം മുതല്‍ ബൊഗാന്‍ കേസിന്റെ ദുരൂഹതകള്‍ ഒന്നൊന്നായി അനാവൃതമാക്കിയത്‌.
അരിസോണയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പാലോ വെര്‍ഡേ വൃക്ഷത്തിന്റെ ഡിഎന്‍എ-സാമ്പിളുകള്‍ ശേഖരിച്ച ഡോ. ഹെലന്റ്‌ ജാരിസും സംഘവും അവയെ ചില പ്രത്യേക രാസാഗ്നികള്‍ (Restriction Enzymes) ഉപയോഗിച്ച്‌ മുറിക്കുകയാണ്‌ ആദ്യം ചെയ്‌തത്‌. സവിശേഷമായ ഒരു ക്രമത്തില്‍ നൈട്രജന്‍ ഘടകങ്ങള്‍ ചേര്‍ ന്നിരിക്കുന്ന ഭാഗങ്ങളില്‍ മാത്രം രൂപപ്പെടുന്ന ഇത്തരം മുറിപ്പെടലുകള്‍, ഡി.എന്‍.എ തന്തുവിനെ വലുതും ചെറുതുമായ അനേകം കഷണങ്ങളാക്കുകയാണ്‌ ചെയ്യുക. ഒരു നൈലോണ്‍ പ്രതലത്തിലേക്ക്‌ ഒപ്പിയെടുക്കപ്പെടുന്ന ഇത്തരം കഷണങ്ങളില്‍ പിന്നീട്‌ റേഡിയോ പ്രസരണശേഷിയുളള ചില `മിനുക്കു'കള്‍ പതിച്ചെടുക്കും. ഈ മിനുക്കുകളെ റേഡിയോഗ്രാഫി ഉപയോഗിച്ച്‌ പകര്‍ത്തിയെടുത്താണ്‌ ഒരു ചെടിയുടെ `ഫിംഗര്‍ പ്രിന്റ്‌' തയ്യാറാക്കിയത്‌.
ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ഒരു ഫിംഗര്‍ പ്രിന്റി-ല്‍ റേഡിയോ പ്രസരണ ശേഷിയുള്ള `മിനുക്കു'കളുടെ സ്ഥാനം അതിലെ ഡിഎന്‍എ-കണങ്ങളുടെ വലിപ്പത്തിന്‌ അനുസരണമായിരിക്കും. ഈ കഷണങ്ങളുടെ വലിപ്പം അത്‌ ഏതൊക്കെ സ്ഥാനങ്ങളില്‍ മുറിഞ്ഞുവെന്നതിനെ ആശ്രയിക്കുന്നതായിരിക്കും. ഈ മുറിപ്പാടുകളുണ്ടായത്‌ ഒരു വിശേഷതരം ആവര്‍ ത്തന ക്രമത്തെയായിരിക്കും സൂചിപ്പിക്കുക. ചുരുക്കത്തില്‍, ഒരു ജീവിയുടെ തനത്‌ ഡിഎന്‍എ-ക്കുള്ളില്‍, അടിസ്ഥാന നിര്‍മ്മാണ ഘടകങ്ങളായ നൈട്രജന്‍ സംയുക്തങ്ങളെ (A,T,C,G മുതലായവ) അടുക്കിവെച്ചിരിക്കുന്ന ക്രമത്തിന്റെ വിദൂരചിത്രമായിരിക്കും ഓരോ ഫിംഗര്‍പ്രിന്റും വെളിപ്പെടുത്തുക. 
ഇത്‌ ഓരോ ജീവിയുടെയും കാര്യത്തില്‍ അനന്യമായിരിക്കും. ഓരോ പാലോ വെര്‍ഡേ മരവും അതിന്റേതായ ഒരു ഫിംഗര്‍ പ്രിന്റ്‌ സൂക്ഷിക്കുന്നതാണ്‌ എന്നര്‍ത്ഥം. അങ്ങനെ, മാര്‍ക്‌ ബെഗാന്റ്‌ വാദമുഖങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന്‌ തെളിയിക്കുന്നതായിരുന്നു ഡോ. ഹെലന്റ്‌ ജാരിസ്‌ കോടതിയില്‍ ഹാജരാക്കിയ സാക്ഷ്യപത്രം. ബെഗാന്റ്‌ വാഹനത്തില്‍ നിന്നും കണ്ടെടുത്ത വൃക്ഷക്കായ്‌കള്‍ കൊലപാതകം നടന്ന സ്ഥലത്തുണ്ടായിരുന്ന പാലോ വെര്‍ഡേ വൃക്ഷത്തിന്റേതു തന്നെയാണെന്ന്‌ അസന്നിഗ്‌ധമായി വെളിപ്പെടുത്തുന്നതായിരുന്നു അത്‌. തന്നെയുമല്ല, ഇതര പ്രദേശങ്ങളില്‍ വളര്‍ന്നിരുന്ന പാലോ വെര്‍ഡേ വൃക്ഷങ്ങളിലൊന്നു പോലും ബെഗാന്റ്‌ വണ്ടിയി ല്‍ നിന്നുകിട്ടിയ വൃക്ഷക്കായ്‌ക്കളുടെ ഫിംഗര്‍ പ്രിന്റുമായി സാമ്യമേതുമില്ലാത്തവയായിരുന്നു. ഈ തെളിവുകള്‍ അംഗീകരിച്ചുകൊ ണ്ട്‌ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
1980 മുതലുള്ള ഒട്ടുവളരെ ദുരൂഹമായ കേസുകളില്‍ പലതിലും ഒരു തെളിവെന്ന നിലയില്‍ ഡി.എന്‍.എ ഫിംഗര്‍പ്രിന്റിംഗ്‌ പ്രയോജനപ്പെടുത്തിയിരുന്നു. കുറ്റാന്വേഷണ ശാസ്‌ത്രവും ഫോറന്‍സിക്‌ മെഡിസിനും ഒട്ടുവളരെ പുരോഗതി പ്രാപിച്ച ദിനങ്ങളാണ്‌ കടന്നു പോയത്‌. സുപ്രസിദ്ധ കുറ്റാന്വേഷകകഥാപാത്രമായി ഷെര്‍ലക്‌ ഹോംസിന്റെ അ നുയായിയായി ഡോക്‌ടര്‍ വാട്‌സ നെ അവതരിപ്പിച്ചുകൊണ്ട്‌ കോനന്‍ ഡോയല്‍ സൂചിപ്പിച്ച മെഡിക്കല്‍ ജൂറിസ്‌പ്രൂഡന്‍സിന്റെ വികാസവും അത്ഭുതാവഹം തന്നെയാണ്‌. ഫോറന്‍സിക്‌ സയന്‍സും സൈബര്‍ സയന്‍സും കൈകോര്‍ക്കുന്ന ഡാറ്റാബെയ്‌സുകളുടെ ലോകത്തിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. പക്ഷേ, അപ്പോഴും നിയമത്തിന്റെ ഇഴക്കുരുക്കുകള്‍                  വ്യാഖ്യാനിച്ച്‌ രക്ഷപ്രാപിക്കുന്ന കുറ്റവാളികള്‍ സുരക്ഷിതരായി തുടരുകയുമാണ്‌.

Reference: 

(1) Yoon, Carol Kaesuk (1993) Botanical Witness for the Prosecution, Science, 14 May, Vol 260, Issue 5110, pp. 894-895. DOI: 10.1126/science.8493521

(2) Mestel, Rosie (1993) Murder Trial Features Tree's Genetic Fingerprint, New Scientist, May 29; 138(1875): 6. 

(3) Akkan O, Yildirim B, Hurkan K, Mustafayeva U. The importance of plant DNA examination in forensic botany. Medicine Science. 2024;13(2):346-55.
















Thursday, February 25, 2010

ബോട്ട്‌യാത്ര ഭൂമിക്ക്‌ പുറത്ത്‌


















പായ വിടര്‍ത്തിയ കപ്പലുകളിലൂടെയാണ്‌ മനുഷ്യന്‍ പുതുലോകങ്ങളിലേക്ക്‌ യാത്രചെയ്‌തത്‌. പായ്‌ക്കപ്പലുകള്‍ക്ക്‌ പുറകിലായാണ്‌ പലപ്പോഴും ചരിത്രവും വന്നെത്തിയത്‌. വന്‍കരകളും ദ്വീപുകളും വിട്ട്‌ ആകാശത്തിലെ പുതിയ തീരങ്ങള്‍ തേടിയപ്പോഴും ജലയാത്രയോടുള്ള ഈ ഭ്രമം അവസാനിച്ചിരുന്നില്ല. ബഹിരാകാശ വാഹനങ്ങള്‍ അതുകൊണ്ടാണ്‌ `സ്‌പേയ്‌സ്‌ഷിപ്പ്‌' എന്ന്‌ വിളിക്കപ്പെട്ടത്‌. ഇപ്പോഴിതാ, ഭൗമേതരമായ ഒരു `ബോട്ട്‌ യാത്ര'ക്ക്‌ അരങ്ങൊരുക്കുന്നതിലേക്കും ആ താത്‌പര്യം എത്തിച്ചേര്‍ന്നിരിക്കുന്നു. ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ ടൈറ്റനിലാണ്‌ ഈ ബോട്ട്‌ യാത്ര. ചരിത്രത്തിലാദ്യമായാണ്‌ ഭൂമിക്ക്‌ പുറത്ത്‌ ഇത്തരമൊരു പര്യവേഷണ ദൗത്യം. നാസയാണ്‌ അതിശയകരമായ ഈ ദൗത്യത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌.


ടൈറ്റനിലല്ലാതെ മറ്റൊരിടത്തും ഇതുപോലൊരു കപ്പല്‍യാത്ര സാധ്യമല്ലെന്നതാണ്‌ ശ്രദ്ധേയമായ മറ്റൊരു വസ്‌തുത. ഭൂമിയിലല്ലാതെ ഉപരിതലത്തില്‍ വിശാലമായ ദ്രാവകപ്പരപ്പുകളുള്ളത്‌ ടൈറ്റനില്‍ മാത്രമാണ്‌. ഇവിടെയുള്ള നമ്മുടെ സമുദ്രങ്ങളെപ്പോലെ വിശാലമാണവ. മഹാസമുദ്രങ്ങള്‍ പോ ലെയുള്ള ഇവയിലേക്ക്‌ ഒഴുകിയെത്തു ന്ന നദികളുമുണ്ട്‌. നദികളിലെ പ്രവാഹമാകാന്‍ പെയ്‌തിറങ്ങുന്ന മഴയും. പ ക്ഷേ, എല്ലാത്തിലും ഒരു വ്യത്യാസം മാത്രം. ജലമല്ല ഒഴുകിനിറയുന്ന ഇവയിലൊന്നും. മീഥേനാണത്‌. മേഘമാ യും മഴയായും പുഴയായുമെല്ലാം. ശനിയുടെ തന്നെ മറ്റുപഗ്രഹ ങ്ങള്‍ക്കൊ ന്നും ഈ പ്രത്യേകതയുമില്ല. മീഥേനില്‍ വളരാന്‍ കഴിയുന്ന സൂക്ഷ്‌മജീവികള്‍ ടൈറ്റനിലുണ്ടാവാമെന്നും ശാ സ്‌ത്രജ്ഞര്‍ കരുതുന്നു. ഇതൊക്കെ നേരിട്ടറിയാനാണ്‌ പുതിയദൗത്യം.

``ടൈറ്റന്‍ മെയര്‍ എക്‌സ്‌പ്ലോറര്‍'' എന്നാണ്‌ നാസ സവിശേഷമായ ഈ പഠന ദൗത്യത്തിന്‌ പേരിട്ടിരിക്കുന്നത്‌. ചുരുക്കത്തില്‍ `ടൈം'(TiME). ടൈറ്റനിലെ `ലിഗൈയ മെയര്‍' എന്ന ഭാഗത്താണ്‌ ഇത്‌ ചെന്നിറങ്ങുക. ഉപരിതലത്തില്‍ ഉരുണ്ടു സഞ്ചരിക്കാന്‍ പാകത്തില്‍ സാധാരണ ബഹിരാകാശ ദൗത്യങ്ങളില്‍ കാണുന്ന `റോവര്‍' സംവിധാനത്തിനു പകരം ഇവിടെ ഒരു `യന്ത്രവത്‌കൃത ബോട്ടാണ്‌' പുറത്തിറങ്ങുക. മീഥേന്‍ സമുദ്രത്തിലൂടെ തുഴഞ്ഞു സഞ്ചരിക്കുന്നതിനിടയില്‍ അതിന്റെ ഭൗതിക ഘടനയും അടിത്തട്ടും `പര്യവേഷണ നൗക' പഠനവിധേയമാക്കും. അന്തരീക്ഷത്തിന്റെ സവിശേഷതകളും ഇതിലൂടെ അനാവൃതമാകും. ബാഷ്‌പരൂപത്തില്‍ ജലമില്ലാത്ത വായുമണ്‌ഡലമാണിവിടെ എന്നതാണ്‌ പൊതുധാരണ. ഇതും വ്യക്തമായറിയാന്‍ `ടൈം' ദൗത്യം സഹായകമാകും.

പുറമേനിന്നു നോക്കിയാല്‍ ഒന്നും കാണാനാവാത്ത തരത്തില്‍ കട്ടിയുള്ളതാണ്‌ ടൈറ്റന്റെ അന്തരീക്ഷം. സൂര്യപ്രകാശത്തിന്റെ ഭൂരിഭാഗവും പ്രതിഫലിക്കപ്പെടാനും ഇത്‌ കാരണമാകുന്നു. ഇത്‌ മൂലമുണ്ടാകുന്ന `ഹരിതഗൃഹവിരുദ്ധ പ്രഭാവ'(Anti-Green House Effect)മാണ്‌ ടൈറ്റന്റെ താപനില വളരെ താഴെയായി പിടിച്ചുനിര്‍ത്തുന്നത്‌. 179 ഡിഗ്രി സെല്‍ഷ്യസാണ്‌ അവിടത്തെ ഉപരിതല താപം. അതേസമയം, മീഥേന്‍ മേഘങ്ങള്‍ അല്‍പ്പമായ `ഹരിത ഗൃഹപ്രഭാവ'ത്തിലും കുറച്ച്‌ ചൂടും പകര്‍ന്നു നല്‍കുന്നു. ടൈറ്റനിലെ ഈ സവിശേഷ പരിസ്ഥിതി ആദിമ ഭൂമിയിലേതിന്‌ തുല്യമാണെന്നും ശാസ്‌ത്രജ്ഞര്‍ കരുതുന്നുണ്ട്‌. അതുകൊണ്ട്‌ സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പുള്ള ഭൂമിയെ നേരിട്ടു കാണുന്ന പ്രതീതിയായിരിക്കും ടൈറ്റനിലെ ബോട്ടുയാത്ര സമ്മാനക്കുകയെന്നാണ്‌ അവരുടെ പ്രതീക്ഷ. ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാകുന്ന ഈ ദൗത്യം 2016 ജനുവരിയിലായിരിക്കും വിക്ഷേപിക്കപ്പെടുക






.

Monday, February 22, 2010

നിറം നഷ്ടമാവുന്ന പവിഴപ്പുറ്റുകള്‍


ജീവശാസ്‌ത്രപരമായി `സീലന്ററേറ്റ' (Coelenterata) എന്ന ജീവവര്‍ഗത്തില്‍ ഉള്‍പ്പെടുന്നവയാണ്‌ പവിഴപ്പുറ്റുകള്‍. പരിണാമത്തിന്റെ കാര്യത്തില്‍, മറ്റു ജീവികളെ അപേക്ഷിച്ച്‌ അത്ര മെച്ചപ്പെട്ടതല്ല ഇവയുടെ സ്ഥാനം. ഏകകോശ ജീവികളില്‍നിന്ന്‌ ജീവന്‍ പരിണമിച്ചു തുടങ്ങുന്നതിന്റെ ആദ്യ പടിയാണ്‌ ശാരീരികമായ എല്ലാ സന്നാഹങ്ങളും `അത്യാവശത്തിനു'മാത്രം കൈമുതലായുള്ള ഈ ജീവികള്‍.കടല്‍ത്തിരമാലകളുടെ തഴുകലിനെ ജീവിതതാളമാക്കി മാറ്റിയ ജീവസമൂഹത്തെയാണ്‌ `പവിഴപ്പുറ്റുകള്‍' പ്രതിനിധാനം ചെയ്യുന്നത്‌. അനേകമനേകം ചെറുസുഷിരങ്ങളും പൊള്ളയായ ചാലുകളും നിറഞ്ഞ പാറപ്പരപ്പുകള്‍ പോലെയാണ്‌ കടലില്‍ ഇവ കാണപ്പെടുന്നത്‌. സമുദ്രനിരപ്പിന്‌ അധികം താഴെയല്ലാതെ, ചിലപ്പോഴൊക്കെ അല്‍പ്പമായി മുകളിലേക്കുയര്‍ന്നും കാണപ്പെടുന്ന ഇവ, അവയെ ചുറ്റിപ്പറ്റിയുള്ള സസ്യങ്ങളാലും സവിശേഷമായ കടല്‍ജീവികളാലും ഏറ്റവും മനോഹരമായ കാഴ്‌ചയാണ്‌. പവിഴപ്പുറ്റുകള്‍പോലെ വര്‍ണവൈവിധ്യം നിറഞ്ഞ മറ്റൊരു ജീവപരിസ്ഥിതി നമ്മുടെ ഭൂമിയിലില്ല, അതുപോലെ ജൈവവൈവിധ്യമാര്‍ന്നതും. കരയില്‍ ഈ ജീവവൈപുല്യത്തിനു പകരമാവാന്‍ `മഴക്കാടുകള്‍' മാത്രമേയുള്ളു. അതുകൊണ്ട്‌ `കടലിലെ മഴക്കാടുകള്‍' (Rain-forests of the Sea) എന്നാണ്‌ പവിഴപ്പുറ്റുകള്‍ അറിയപ്പെടുന്നത്‌.

സമുദ്രജലത്തിന്റെ താപനിലയിലെ ചെറിയ വ്യതിയാനംപോലും അവയ്‌ക്ക്‌ അസഹ്യമായിരുന്നു. തണുത്ത ജലമുള്ള സമുദ്രങ്ങളിലാണ്‌ അതിനാല്‍ അവ ആദ്യം കോളനികള്‍ സ്ഥാപിച്ചത്‌ (200 സെല്‍ഷ്യസ്‌ വരെ താപനിലയുള്ളവയില്‍). അതിജീവനത്തിനായുള്ള ഈ സമരത്തിനിടയിലാണ്‌ അവര്‍ക്ക്‌ ഒരു സസ്യവിഭാഗത്തെ കൂട്ടിനു കിട്ടിയത്‌- ``സുവോസാന്തെല്ലെ'' (Zooxanthellae) എന്ന പേരിലറിയുന്ന സൂക്ഷ്‌മശരീരികളായ ആല്‍ഗകള്‍. സൂര്യന്റെ ചൂടില്‍നിന്നും അല്‍ട്രാവയലറ്റ്‌ രശ്‌മികളില്‍നിന്നും ഒരു പുതപ്പുപോലെ ഇത്തരം സസ്യങ്ങള്‍ പവിഴപ്പുറ്റുകളെ പൊതിഞ്ഞുസൂക്ഷിച്ചു. ഒപ്പം പ്രകാശസംശ്ലേഷണം നടത്തിയുണ്ടാക്കുന്ന ഭക്ഷണത്തിലെ ഒരുഭാഗം പവിഴപ്പുറ്റുകള്‍ക്ക്‌ നല്‍കുകയും ചെയ്‌തു.

ഇന്നത്തെ കാലാവസ്ഥാമാറ്റം പവിഴപ്പുറ്റുകള്‍ക്ക്‌ ഭീഷണിയാവുന്നതിന്റെ പ്രധാന കാരണം ആഗോളതാപനം പവിഴപ്പുറ്റുകളും ആല്‍ഗകളുമായുള്ള സൗഹൃദത്തിന്‌ വിഘാതമാവുന്നതാണ്‌. ചൂടുപിടിക്കുന്ന സമുദ്രജലം, മലിനീകരണവും മറ്റ്‌ മനുഷ്യജന്യ പ്രവര്‍ത്തനങ്ങളുമായിച്ചേര്‍ന്ന്‌ ആല്‍ഗകളുടെ നാശത്തിനിടയാക്കുന്നു. ഇങ്ങനെ നശിക്കാന്‍തുടങ്ങുന്നു എന്നതിന്റെ ആദ്യ സൂചനയാണ്‌ പവിഴപ്പുറ്റുകളിലെ ആല്‍ഗകളുടെ നിറംനഷ്ടപ്പെടല്‍ (Coral Bleaching). ആല്‍ഗകള്‍ നശിക്കുന്നതോടെ പോഷകാംശവും ലവണാംശവും നഷ്ടമാവുന്നതിലൂടെ പവിഴപ്പുറ്റുകളും ക്ഷയിക്കാന്‍ തുടങ്ങും. പരസ്‌പാരശ്രയത്തിലൂടെ ഒപ്പം കഴിഞ്ഞിരുന്ന ജീവികളും ഒന്നൊന്നായി നശിക്കുന്നതിലൂടെ പവിഴപ്പുറ്റുകള്‍ എന്ന ആവാസവ്യവസ്ഥയ്‌ക്കും അവസാനമാവും.

Ref: Glynn PW (1991) Coral reef bleaching in the 1980s and possible connections with global warming. Trends in Ecology and Evolution 6:175-179.

Thursday, February 18, 2010

ഇനി ഇന്ത്യയുടെ സ്വന്തം ജനിതക തക്കാളി

ജനിതകശാസ്‌ത്രത്തിലെ ഏറ്റവും പുതിയ വാഗ്‌ദാനങ്ങളിലൊന്ന്‌ കഴിഞ്ഞദിവസം ഇന്ത്യയുടേതായി ലോകത്തിനു മുന്നിലെത്തി- ഫ്രിഡ്‌ജില്‍ വച്ചില്ലെങ്കിലും മാസത്തിലധികം കേടാവാതിരിക്കുന്ന ജനിതക തക്കാളി (GM Tomato).

ന്യൂഡല്‍ഹിയിലെ `നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ പ്ലാന്റ്‌ ജീനോമിക്‌ റിസര്‍ച്ചി'ലെ ശാസ്‌ത്രജ്ഞരാണ്‌ ജനിതക തക്കാളി രൂപകല്‍പ്പന ചെയ്‌തത്‌. ചെടിയില്‍നിന്ന്‌ വേര്‍പെട്ടശേഷമുള്ള ഫലവര്‍ഗങ്ങളിലെ മാറ്റം നിയന്ത്രിക്കുന്നതിന്‌ പുറമെനിന്നുള്ള ജീനുകള്‍ ഉപയോഗിക്കാതെയുള്ള സങ്കേതമാണ്‌ അവര്‍ പരീക്ഷിച്ചത്‌. ഇക്കാരണത്താല്‍, ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ സാധ്യതയില്ലെന്നാണ്‌ അവരുടെ വാദം.

കോശഭിത്തികളുടെ `യൗവനം' നിലനിര്‍ത്തുന്നത്‌ അവയിലെ ഗ്ലൈക്കോപ്രോട്ടീനുകളുടെ അളവാണെന്ന്‌ അവര്‍ കണ്ടെത്തിയിരുന്നു. ഗ്ലൈക്കോപ്രോട്ടീനുകളുടെ വിഘടനം തടയാനായാല്‍ ഫലങ്ങള്‍ കേടുകൂടാതെയിരിക്കുന്ന കാലാവധി നീട്ടിയെടുക്കാന്‍ കഴിയുമെന്ന്‌ ചില പ്രാഥമിക പരീക്ഷണങ്ങള്‍ തെളിയിച്ചിരുന്നു. സെല്ലുലോസ്‌, പെക്ടിന്‍ എന്നീ കോശഭിത്തിഘടകങ്ങളുമായി ചേര്‍ന്നാണ്‌ ഗ്ലൈക്കോപ്രോട്ടീനുകളുടെ നിലനില്‍പ്പ്‌. ഏറ്റവും പുതിയ ജീന്‍നിയന്ത്രണ മാര്‍ഗത്തിലൂടെയാണ്‌ ഈ നിലനില്‍പ്പ്‌ അവര്‍ സുസ്ഥിരമാക്കിയത്‌. `ആര്‍ എന്‍ എ ഇന്റര്‍ഫെറന്‍സ്‌'(RNA Interference) എന്ന ഈ സങ്കേതത്തിലൂടെ വിഘടനകാരികളായ ജീനുകളെ നിശ്ശബ്ദമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു (2006ലെ ജീവശാസ്‌ത്ര നൊബേല്‍സമ്മാനം ഈ വിധമുള്ള ജീന്‍ നിയന്ത്രണ സങ്കേതത്തിനായിരുന്നു). പുതിയൊരു ജീനിനെ ഉള്‍പ്പെടുത്തിയുള്ള നിയന്ത്രണത്തെ അപേക്ഷിച്ച്‌ അപകടരഹിതമാണ്‌ `ആര്‍ എന്‍ എ ഇന്റര്‍ഫെറന്‍സി'ന്റെ പ്രവര്‍ത്തനം.

ഫലവര്‍ഗങ്ങളുടെ ഉല്‍പ്പാദനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനമുള്ള ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 50 ശതമാനം പറിച്ചെടുത്തശേഷമുള്ള കേടാകലിലൂടെയാണ്‌ നശിക്കുന്നതെന്നത്‌ പുതിയ പഠനത്തെ പ്രസക്തമാക്കുന്നു. പപ്പായ, മാമ്പഴം, വാഴപ്പഴം തുടങ്ങിയവയിലേക്കുകൂടി ഈ ജനിതകസങ്കേതം വ്യാപിക്കുന്നതിലൂടെ കാര്‍ഷികമേഖലയ്‌ക്ക്‌ സഹായകമാവുമെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ജനിതകവിളകളെ അപകടകരമാക്കുന്നത്‌ അവയ്‌ക്കു പിന്നിലെ കച്ചവടലക്ഷ്യങ്ങളാണെന്നു ചൂണ്ടിക്കാട്ടുന്ന അവര്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗവേഷണസ്ഥാപനങ്ങള്‍ ഈ രംഗത്ത്‌ ചവടുറപ്പിക്കുന്നത്‌ ഗുണപരമായ മാറ്റമായി കാണുന്നു. മനുഷ്യരിലെ ആരോഗ്യപ്രത്യാഘാതങ്ങളെ സംബന്ധിച്ച്‌ കര്‍ശനമായ പരിശോധനകള്‍ക്കുശേഷംമാത്രമേ ജനിതക തക്കാളി കൃഷിയിടങ്ങളിലെത്തൂവെന്നും അവര്‍ ഉറപ്പുതരുന്നു. PNAS (Proceedings of National Academy of Sciences) എന്ന ഗവേഷണ ജേണലിന്റെ പുതിയ പതിപ്പിലാണ്‌ പഠനം പ്രസിദ്ധീകരിച്ചത്‌.

ജനിതകവിളകളെ സംബന്ധിച്ച്‌ ജനഹൃദയങ്ങളില്‍ ഭയപ്പാടിന്റെ ഒരു ചരിത്രമുണ്ട്‌. ജനിതക തക്കാളിയുടെ കാര്യത്തില്‍ സവിശേഷമായും. കാരണം ഗുരുതരമായ ആരോഗ്യപ്രത്യാഘാതമുണ്ടാകുമെന്നു്‌ തെളിയിക്കപ്പെട്ടതായിരുന്നു വിപണിയിലെ ആദ്യത്തെ ജനിതക തക്കാളി. കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ `കാല്‍ജിന്‍' (Calgene) എന്ന അമേരിക്കന്‍കമ്പനി 1992ലാണ്‌ അത്‌ നിര്‍മിച്ചത്‌. `ഫ്‌ളേവര്‍ സേവര്‍' (FlavrSavr) എന്ന പേരില്‍. ആഴ്‌ചകളോളം കേടില്ലാതെ സൂക്ഷിക്കാവുന്നതായിരുന്നു അത്‌. പക്ഷേ, എലികളില്‍ നടത്തിയ പരീക്ഷണം രണ്ടുവര്‍ഷത്തിലധികം വിപണിയില്‍ അതിന്‌ ആയുസ്സുണ്ടാക്കിയില്ല.

ജനിതക പരിഷ്‌കരണം തിരിച്ചറിയാന്‍ അതില്‍ ഒരു മാര്‍ക്കര്‍ ജീന്‍കൂടി (Marker Gene) ചേര്‍ത്തിരുന്നു. കെനാമൈസിന്‍ (Kanamycin) എന്ന ആന്റിബയോട്ടിക്കിനെയാണ്‌ ഈ മാര്‍ക്കര്‍ ജീന്‍ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചിരുന്നത്‌. വിപണിയിലെത്തിയ `ഫ്‌ളേവര്‍ സേവര്‍ തക്കാളി'യിലും ഈ മാര്‍ക്കര്‍ ജീനിന്റെ പ്രവര്‍ത്തനസങ്കേതം സജീവമായിരുന്നു. ഇതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളാണ്‌ കാല്‍ജീന്‍കമ്പനിയെ തകര്‍ത്തത്‌.കാല്‍ജീനിനെ വാങ്ങിയ `മോണ്‍സാന്റോ' എന്ന ബഹുരാഷ്‌ട്രകുത്തക ഉപഭോക്താക്കളുടെ എതിര്‍പ്പിലൂടെ പരിഷ്‌കരിച്ച അതേ സങ്കേതം പരുത്തിച്ചെടിയില്‍ നടപ്പാക്കി, ഇന്ത്യയിലെത്തി, വിഭര്‍ഭയിലെ കര്‍ഷകര്‍ക്ക്‌ വിറ്റു; അത്‌ കാര്‍ഷികചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായമായി.

എന്താണ്‌ ജനിതക തക്കാളി?
ശരിയായ വളര്‍ച്ചയെത്തുന്ന ഒരു ഫലം ചെടിയില്‍നിന്നു വേര്‍പെടുന്നതിനു മുന്നോടിയായി നടത്തുന്ന തയ്യാറെടുപ്പുകളാണ്‌ `പാകമാകല്‍' (Ripening) എന്നറിയപ്പെടുന്നത്‌. പച്ചനിറം മാറി മറ്റു നിറങ്ങള്‍ പടര്‍ന്നുതുടങ്ങുക, കൂടുതല്‍ മാംസളമാവുക, പഞ്ചസാര തുടങ്ങിയ സംഭൃതാഹാരങ്ങളുടെ അളവ്‌ കൂടിവരിക എന്നിവ ഇതിന്റെ പരിണതഫലങ്ങളാണ്‌. ചെടിയില്‍നിന്ന്‌ വേര്‍പെട്ടുകഴിഞ്ഞാല്‍, അഥവാ പറിച്ചെടുത്തു കഴിഞ്ഞാല്‍, ഈ പ്രവര്‍ത്തനങ്ങളെയാകെ ഒരുതരം `അപചയം' ബാധിച്ചുതുടങ്ങും. ഫലത്തിന്റെ പുറംപാളി നിര്‍മിച്ചിരിക്കുന്ന കോശങ്ങളുടെ ഭിത്തികള്‍ പതുക്കെ ദുര്‍ബലമായിവരും. ഇവയുടെ നിര്‍മാണഘടകങ്ങളായ സെല്ലുലോസ്‌, പെക്ടിന്‍ എന്നിവയെ വിഘടിപ്പിച്ച്‌ ചില രാസാഗ്നികള്‍ (Enzymes) പ്രവര്‍ത്തിക്കുന്നതാണ്‌ കാരണം. ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ജീനുകളെ `നിശ്ശബ്ദമാക്കിയാല്‍ കോശഭിത്തികള്‍ ശിഥിലമാകുന്നതു തടയാം. അങ്ങനെയെങ്കില്‍, കേടുവരുത്തുന്ന ഫംഗസുകള്‍, കീടങ്ങള്‍ മുതലായവ ഫലവര്‍ഗങ്ങളെ ആക്രമിക്കുന്നത്‌ തടയാം. `ആല്‍ഫാ-മാന്‍, ബീറ്റ-ഹെക്‌സ്‌ (alpha-MAN, beta-HEX) എന്നീ ജീനുകളെ ഈ വിധം നിയന്ത്രിക്കുന്നതിലൂടെയാണ്‌ ജനിതക തക്കാളി യാഥാര്‍ഥ്യമാക്കിയത്‌.

ഇത്‌ ബിടി അല്ല
പുതുതായി വികസിപ്പിക്കപ്പെട്ട ജനിതക തക്കാളി മുമ്പ്‌ ഇന്ത്യയിലെത്തിയ ജനിതകവിളകളില്‍നിന്നു വ്യത്യസ്‌തമാവുന്നത്‌ അതിലെ ജനിതക വ്യതികരണത്തിലാണ്‌. ബിടി പരുത്തി, ബിടി വഴുതന എന്നിവ ബാസിലസ്‌ തുറിഞ്ചിയെന്‍സിസ്‌ എന്ന ബാക്ടീരിയയെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ജനിതകസങ്കേതമാണ്‌ സ്വീകരിച്ചിരുന്നത്‌. ഇക്കാരണത്താലാണ്‌ അവ `ബിടി' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടത്‌. എന്നാല്‍ ജനിതക തക്കാളി `ആര്‍എന്‍എ ഇന്റര്‍ഫെറന്‍സ്‌' എന്ന പുതിയ സങ്കേതമാണ്‌ ജീന്‍ പരിഷ്‌കരണത്തിന്‌ ഉപയോഗിക്കുന്നത്‌. നിലവിലുള്ള ജീനിനെ നിശ്ശബ്ദമാക്കുക (Gene Silencing) എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. പുതിയതായി ജീനുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടാത്തതു കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ സാധ്യതയില്ലെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

എന്താണ്‌ ബിടി?
ബിടി (Bt) എന്നാല്‍ ബാസിലസ്‌ തുറിഞ്ചിയെന്‍സിസ്‌ (Bacillus thuringiensis). ബാസിലസ്‌ ഇനത്തില്‍പ്പെട്ടതും മണ്ണില്‍ വളരുന്നതുമായ ഒരുതരം ബാക്ടീരിയയാണ്‌ ബിടി. ഷഡ്‌പദ കീടങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രത്യേകതരം പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്നതാണ്‌ ഈ ബാക്ടീരിയയുടെ സവിശേഷത. `ക്രൈ-പ്രോട്ടീന്‍' (Cry-Protein) എന്നറിയപ്പെടുന്ന ഇത്‌ ഷഡ്‌പദത്തിന്റെ അന്നപഥത്തിലെത്തിയാല്‍, അവിടെ സുഷിരങ്ങളുണ്ടാക്കും ഷഡ്‌പദത്തിന്റെ ദഹനവ്യവസ്ഥയെ തകര്‍ക്കും. തുടര്‍ന്ന്‌ ഷഡ്‌പദകീടം ചത്തുപോകും. ഇതാണ്‌ ബാസിലസ്‌ തുറിഞ്ചിയെന്‍സ്‌ ഉപയോഗിച്ചുള്ള കീടനിയന്ത്രണത്തിന്റെ അടിസ്ഥാനം. ബാസിലസ്‌ തുറിഞ്ചിയന്‍സ്‌ അടങ്ങിയ ദ്രാവകം കീടനാശിനിയായി തളിച്ച്‌ വിളകളെ രക്ഷിക്കാം. അല്ലെങ്കില്‍ കീടനാശകനായ ക്രൈ-പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ജീനിനെ (Cry-Gene) ആവശ്യാനുസരണം കാര്‍ഷികവിളസസ്യങ്ങളിലേക്ക്‌ കടത്തിവിടാം. ഇത്തരത്തില്‍ `ക്രൈ-ജീന്‍' സന്നിവേശിപ്പിക്കപ്പെട്ട കാര്‍ഷികവിളകളുടെ പേരുകള്‍ ജീന്‍ സ്രോതസ്സിന്റെ പേരുചേര്‍ത്താണ്‌ ഉപയോഗിക്കാറുള്ളത്‌. അതായത്‌, ബാസിലസ്‌ തുറിഞ്ചിയെന്‍സിസ്‌ എന്ന ജീന്‍ സ്രോതസ്സിന്റെ സൂചകമായി ബിടി എന്നീ രണ്ട്‌ അക്ഷരങ്ങള്‍ മുന്നില്‍ ചേര്‍ക്കുന്നതിലൂടെ. ഇതാണ്‌ ബിടി പരുത്തി, ബിടി ചോളം, ബിടി വഴുതന എന്നീ പേരുകള്‍ക്കടിസ്ഥാനം.

ബിടി വഴുതന (bt Brinjal) വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ അനുമതി നല്‍കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ ജനിതക എന്‍ജിനിയറിങ്‌ അംഗീകാര കമീഷന്‍ (Genetic Engineering Approval Commission- GEAC) മുമ്പാകെ വാദിച്ച ആരോഗ്യപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രധാന വാദം, ജനിതക വഴുതനയുടെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ വേണ്ടത്ര പഠനം ഇനിയും നടന്നിട്ടില്ലെന്നാണ്‌.

ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകളുടെ ജീനുകള്‍ മനുഷ്യശരീരകോശങ്ങളില്‍ വലിയ മാറ്റം വരുത്തുമെന്ന്‌ അമേരിക്കയിലെ ദേശീയ ശാസ്‌ത്ര അക്കാദമി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങള്‍ നല്‍കുന്ന സൂചന. ജനിതക വിത്തുകള്‍ക്ക്‌ പ്രതിരോധശേഷി കൂടുതലാണെന്ന്‌ ബിടി കമ്പനികളും വാദിക്കുന്നു. ഇതുവഴി വിത്തിന്റെ ഫീസായി (റോയല്‍റ്റി) കര്‍ഷകരില്‍നിന്ന്‌ ഈടാക്കാനും ഓരോ പുതിയ കൃഷിക്കും വീണ്ടും വിത്ത്‌ കമ്പനിയില്‍നിന്നു വാങ്ങാനും കര്‍ഷകരെ നിര്‍ബന്ധിതരാക്കാനും കഴിയും. ഇതിനുദാഹരണമായി ഇന്ത്യയില്‍ ബിടി പരുത്തി വിതച്ച ദുരന്തം കര്‍ഷകരും ചൂണ്ടിക്കാട്ടുന്നു.

Ref:  Meli, Vijaykumar S.et al. Enhancement of fruit shelf life by suppressing N-glycan processing enzymes PNAS February 9, 2010 vol. 107 no. 6 2413-2418.