Friday, February 11, 2011

2010 ചൂടേറിയ വര്‍ഷം

                                       
ഭൂമി ചുട്ടുപൊള്ളിയ വര്‍ഷമാണ് കടന്നുപോയതെന്ന് പഠനറിപ്പോര്‍ട്ട്. ലോകകാലാവസ്ഥാ സംഘടനയും ഇന്ത്യന്‍ കാലാവസ്ഥാപഠനവിഭാഗവും തയ്യാറാക്കിയ റിപ്പോ‍ര്‍ട്ടുകളിലാണ് 2010 ചൂടുപിടിച്ച ദിവസങ്ങളുമായി റെക്കോഡിലേക്കെത്തുന്നത്. 1961 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ശരാശരി ഉപരിതലതാപം 0.93 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായാണ് കണ്ടെത്തിയത്. സര്‍വകാല റെക്കോഡാണിത്.

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ ദശാബ്ദവുമായിരുന്നു 2001-2010 ലേത്. തൊട്ടുമുമ്പുള്ള ദശകത്തെക്കാള്‍ 0.40 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ചൂട്. ആഗോളതാപനം ഒരു പൊതുപ്രവണതയായി നിലനില്‍ക്കുന്നുണ്ടെങ്കിലും വര്‍ധിതമായ തരത്തിലുള്ള ഈ വ്യതിയാനത്തിനു കാരണംതേടുകയാണ് ശാസ്ത്രസമൂഹം. ഭീതിദമായ ഈ വര്‍ധനയ്ക്ക് പല കാരണവുമുള്ളതായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. അതില്‍ത്തന്നെ പ്രാഥമികകാരണങ്ങളും അതില്‍ നിന്നുളവായ ദ്വിതീയ കാരണങ്ങളുമുണ്ട്.

                                       
പസഫിക് സമുദ്രത്തിലെ രണ്ട് പ്രവാഹ പ്രതിഭാസങ്ങളാണ് ഇതില്‍ മുഖ്യസ്വാധീനം ചെലുത്തിയത്. സൂര്യനില്‍ നിന്നുള്ള താപം ഭൂമിയെ എത്രമാത്രം ചൂടുപിടിപ്പിക്കുന്നു എന്നതിനെ നിയന്ത്രിക്കുന്ന ഇവയിലൊന്നായ 'എല്‍-നിനൊ'  ചൂടുകൂടാന്‍ കാരണമാവുന്നതാണ്. അതിന് പൂരകമായുള്ള 'ലാ-നിനാ' ചൂടുകുറയാനും. കഴിഞ്ഞ ഏതാനും ദശകമായി സൂര്യന്റെ ജ്വലനപ്രഭ (Solar Irradiance) യിലെ വ്യത്യാസം 'എല്‍-നിനൊ'യെയാണ് അധികമായി പിന്തുണച്ചത്. അതിലൂടെ ചൂടുകൂടി. കാര്‍ബണ്‍വാതകങ്ങള്‍ അന്തരീക്ഷത്തില്‍ കൂടുതലായി തങ്ങിനിന്നത് ഇതിന്റെ ആക്കംകൂട്ടി. ഇതായിരുന്നു പ്രാഥമിക കാരണം.

പക്ഷേ, ഇതില്‍ നിന്ന് ഉടലെടുത്ത ദ്വിതീയകാരണങ്ങളിലൂടെയാണ് സ്ഥിതിഗതികൂടുതല്‍ രൂക്ഷമായത്. ധ്രുവമേഖലയിലായിരുന്നു പ്രാഥമികമായ ഈ ചൂടുപിടിക്കലിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവുമധികം പ്രകടമായത്. പ്രത്യേകമായും ആര്‍ട്ടിക്മേഖലയില്‍. മഞ്ഞുമലകളില്‍ ഉരുകിയൊഴുകിയ ജലം സമുദ്രത്തിലേക്ക് കൂടുതലായെത്തിയതുമൂലം അവയുടെ ഉപരിതലവര്‍ണം ഇളംനിറത്തിലേക്കു മാറുകയും അതിലൂടെ അവയുടെ പ്രകാശപ്രതിഫലനശേഷിക്ക് മാറ്റമുണ്ടാവുകയും ചെയ്തു.

                                                              
അല്‍ബിഡൊ (Albido) എന്ന ഈ പ്രതിഫലനശേഷി വര്‍ധിച്ചതിലൂടെ സൂര്യപ്രകാശത്തിലെ താപവികിരണങ്ങള്‍ ഒരു കണ്ണാടിയില്‍നിന്നെന്നപോലെ കൂടുതലായി പ്രതിഫലിപ്പിക്കുകയും അത് അന്തരീക്ഷത്തിലെ താഴ്ന്ന വിതാനത്തില്‍ത്തട്ടി തിരിച്ചെത്തുകയും ചെയ്തു. ഇത് മഞ്ഞുരുക്കത്തിന്റെ തീവ്രത കൂട്ടുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ചാക്രികമായി തുടരുകയും ചെയ്തു. അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങള്‍ അളവില്‍കൂടിയ കാരണം ഇതിന്റെ പ്രത്യാഘാതം മുന്‍കാലങ്ങളിലേക്കാള്‍ കൂടുതലായാണ് പ്രകടമായത്. ലോകം മുഴുവനായും അതിന്റെ ദോഷഫലങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു.

റഷ്യയിലെ തീക്കാറ്റ് ഇസ്രയേലിലെ തീപിടിത്തം, പാകിസ്ഥാനിലെയും ഓസ്ട്രേലിയയിലെയും വെള്ളപ്പൊക്കം, ചൈനയിലെ മണിടിച്ചിലും ഉരുള്‍പൊട്ടലും, അമേരിക്കയിലെ മഞ്ഞുവീഴ്ച, അറ്റ്ലാന്റിക് മേഖലയിലെ നാശകാരികളായിത്തീര്‍ന്ന ചുഴലിക്കാറ്റുകള്‍ തുടങ്ങിയവ പോയവര്‍ഷം ഇത്തരത്തില്‍ ചൂടുപിടിച്ചതിന്റെ ബാക്കിപത്രങ്ങളായിരുന്നു. 60,000ത്തോളം ആളുകള്‍ വിവിധ രാജ്യങ്ങളിലായി ഇവയ്ക്കിടയില്‍പ്പെട്ടു മരിച്ചതായാണ് കണക്ക്.

ചൂടേറിയ വര്‍ഷങ്ങള്‍ ചരിത്രത്തില്‍
1961ലെ ആഗോളതാപം (ശരാശരി താപനില) എത്രയായിരുന്നു എന്നതില്‍ നിന്നുള്ള വ്യതിയാനം എത്ര എന്നതരത്തിലാണ് ചൂടേറിയ വര്‍ഷം ഏതാണെന്നു കണക്കാക്കുന്നത്. ഇത് 'റാങ്ക്' ചെയ്തിട്ടുള്ള പട്ടികയാണ് ചുവടെ:

                                                    
ചൂടിന്റെ രേഖപ്പെടുത്തല്‍ എങ്ങനെ?
ഒരു ഗ്രാഫിന്റെ രൂപത്തിലാണ് ആഗോളതാപനിലയിലെ വര്‍ധന രേഖപ്പെടുത്തുന്നത്. തിരശ്വീന അക്ഷത്തില്‍ സമയവും ലംബ അക്ഷത്തില്‍ താപവ്യതിയാനവും രേഖപ്പെടുത്തുന്നു. 1961കാലത്തെ ശരാശരി താപനിലയില്‍ നിന്നുള്ള വ്യതിയാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍  ഇതിനും മുമ്പുള്ളകാലം അടിസ്ഥാനമാക്കുന്ന രേഖപ്പെടുത്തലുകളുമുണ്ട്. 1659 മുതലുള്ള താപനില രേഖപ്പെടുത്തിയ 'സെന്‍ട്രല്‍ ഇംഗ്ളണ്ട് താപനിലരേഖ'യാണ് ഇതില്‍ പഴക്കമുള്ളത്. 1880 മുതലുള്ള വിവരങ്ങളാണ് 'നാസ'യുടെ പക്കലുള്ളത്. ലോകകാലാവസ്ഥാ സംഘടന ഇവയില്‍ നിന്നെല്ലാമുള്ള വിവരങ്ങള്‍ക്രോഡീകരിക്കുകയാണ് ചെയ്യുന്നത്.

ഒരേതരത്തില്‍  തീവ്രമായ പ്രകൃതിദുരന്തംപോലും സാമ്പത്തികമായ വിവിധതലങ്ങളിലായ ജനങ്ങള്‍ക്കുമേല്‍ വ്യത്യസ്തമായാണ് സ്വാധീനംചെലുത്തുന്നത്. ദരിദ്യ്രരാജ്യങ്ങളും ദരിദ്യ്രജനവിഭാഗങ്ങളും കൂടുതലായി അതിന് അടിപ്പെട്ടുപോവുമ്പോള്‍ സമ്പന്നവിഭാഗവും സമ്പന്നരാജ്യങ്ങളും അതിനെ അതിജീവിക്കുന്നു. ഈ അന്തരംകൂടി കണക്കിലെടുത്തുവേണം കാലാവസ്ഥാമാറ്റവും അതിന്റെ ആഗോളഫലങ്ങളും ചര്‍ച്ചചെയ്യപ്പെടേണ്ടത്.

Friday, January 21, 2011

ആദ്യ അന്റാര്‍ട്ടിക്കന്‍ യാത്രയ്ക്ക് 100


                                                                               
റോള്‍ഡ് അമുഡ്സെന്‍ എന്ന നോര്‍വീജിയക്കാരനായിരുന്നു ആദ്യം അന്റാര്‍ട്ടിക്കയിലെത്തിയത്- 1911 ഡിസംബര്‍ 14ന്. 1910 ജൂണ്‍ മൂന്നിനു തുടക്കമായ ഈ പര്യവേക്ഷണയാത്രയുടെ 100-ാം വാര്‍ഷികമായിരുന്നു  2010ല്‍. ഈ 100-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇന്ത്യ ദക്ഷിണധ്രുവത്തിലേക്ക് സംഘത്തെ അയച്ചതും.

ഭൂഗോളത്തിന്റെ ദക്ഷിണധ്രുവത്തെ ഉള്‍ക്കൊള്ളുന്ന ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. ഭൂപടനിര്‍മാതാവായ ജോണ്‍ ജോര്‍ജ് ബാര്‍ത്തൊലൊമ്യു (John George Bartholomew) വാണ് ഭൂമിയുടെ ഏറ്റവും തെക്കേയറ്റത്തുള്ള ഈ ഭൂഖണ്ഡത്തെ ആദ്യം 'അന്റാര്‍ട്ടിക്ക' എന്നുവിളിച്ചത്. 'വടക്കിന് വിപരീതദിശയിലുള്ളത്' എന്ന് അര്‍ഥംവരുന്ന 'അന്റാര്‍ട്ടികെ' (antarktiké) എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് അദ്ദേഹം അതിനെ രൂപപ്പെടുത്തിയത്.

                                                                                  
സ്ഥിരംപൌരന്മാരില്ലാത്തതും ഒരു രാജ്യത്തിനും പരമാധികാരമില്ലാത്തതുമായ ഭൂഖണ്ഡം എന്ന സവിശേഷത അവകാശമാക്കുന്നതാണ് അന്റാര്‍ട്ടിക്ക. 1961 ജൂണ്‍ 23ന് നിലവില്‍വന്ന 'അന്റാര്‍ട്ടിക് ഉടമ്പടി' (Antarctic Treaty) യനുസരിച്ച് ശാസ്ത്രഗവേഷണത്തിനായി അവിടെ ഗവേഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള അധികാരം മാത്രമേ ലോകരാജ്യങ്ങള്‍ക്കുള്ളു. 2048 വരെ അന്റാര്‍ട്ടിക്കയിലെ ധാതുസമ്പത്ത് ഏതൊരുതരത്തിലും ചൂഷണംചെയ്യാന്‍പാടില്ലെന്ന വ്യവസ്ഥയും ഇതിലുണ്ട്.

                                                                               
1983-ലാണ് ഇന്ത്യ അന്റാര്‍ട്ടിക് ഉടമ്പടിയില്‍ ഒപ്പുവച്ചത്. എന്നാല്‍, അതിനുമുമ്പുതന്നെ ഇന്ത്യയുടെ അന്റാര്‍ട്ടിക് പര്യവേക്ഷണ പരിപാടികള്‍ക്ക് തുടക്കമായിരുന്നു. 1971-73 കാലഘട്ടത്തില്‍, സോവിയറ്റ് പര്യവേക്ഷണസംഘത്തോടൊപ്പം ഡോ. പ്രേംജിത്ത് സെഹ്റ അന്റാര്‍ട്ടിക്ക സന്ദര്‍ശിച്ചതോടെയാണിത്. പൂര്‍ണമായും ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നേതൃത്വം നല്‍കിയ അന്റാര്‍ട്ടിക് പര്യവേഷണം 1982ലായിരുന്നു. എസ് എ ഖ്വാസിം ആയിരുന്നു 21 അംഗ ഗവേഷണസംഘത്തെ നയിച്ചത്.

                                                                            
ഇതേത്തുടര്‍ന്നാണ് 1983ല്‍ അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ആദ്യ ഗവേഷണസ്ഥാപനമായ 'ദക്ഷിണഗംഗോത്രി' സ്ഥാപിക്കപ്പെട്ടത്. ശക്തമായ ഹിമപാതംകാരണം 1989ല്‍ 'ദക്ഷിണഗംഗോത്രി' ഉപേക്ഷിക്കപ്പെടുകയുണ്ടായെങ്കിലും ഇതിന്റെ ചില ഭാഗങ്ങള്‍ സംഭരണശാലയായി ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട്. 1989 മുതല്‍ അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ സ്ഥാപിച്ച രണ്ടാമത്തെ ഇന്ത്യന്‍ ഗവേഷണകേന്ദ്രമായ മൈത്രിയാണ് ഇപ്പോള്‍ സജീവം. മൈത്രിയെ കൂടാതെ 2012ല്‍ പണിപൂര്‍ത്തീകരിക്കുന്ന മൂന്നാം ഗവേഷണശാലയാണ് 'ഭാരതി'. ഇതിന്റെ ശിലാസ്ഥാപനം അടുത്തിടെ നടന്നു.

ക്യാന്‍സറിന് പുതിയ ഇന്ത്യന്‍ മരുന്ന്


ചികിത്സ രോഗിയെ കീഴ്പ്പെടുത്തുന്ന അവസ്ഥയുണ്ട്. അര്‍ബുദരോഗചികിത്സ അതിനുദാഹരണം. പാര്‍ശ്വഫലങ്ങളിലൂടെയുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍തന്നെ കാരണം. ഇതിനു പരിഹാരവുമായെത്തിയിരിക്കയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ക്യാന്‍സര്‍ ഭേദമാക്കുന്നതിനോടൊപ്പം ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഫലപ്രദമായി തടയുകകൂടി ചെയ്യുന്ന ഔഷധമാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഭാവന.

                                                                          
ഇന്ത്യന്‍ പ്രതിരോധ ഗവേഷണസ്ഥാപന(Defence Research and Development Organisation-DRDO) ത്തിന്റെ ആരോഗ്യഗവേഷണവിഭാഗമാണ് ഔഷധം വികസിപ്പിച്ചത്. ക്യാന്‍സര്‍ഗവേഷണരംഗത്തെ ഏറ്റവും പുതിയ സങ്കേതത്തെ പ്രായോഗികതലത്തിലെത്തിക്കുന്നു എന്ന സവിശേഷതയും ഇതിനുണ്ട്. മറ്റേതെങ്കിലും രാജ്യമോ സ്വകാര്യ ഗവേഷണസ്ഥാപനങ്ങളോ പരീക്ഷിക്കാത്ത സങ്കേതമാണിതെന്ന കാര്യവും ശ്രദ്ധേയം. അതേസമയം ചികിത്സാസുരക്ഷ സംബന്ധിച്ച ത്രിതല പരിശോധനാക്രമങ്ങളും കടന്നാണ് ഔഷധം വിപണിയിലെത്തിയത്. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരവുമുണ്ട്. അതോടൊപ്പം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിപണനാനുമതിയും.

2-ഡിജി (2-DG) എന്ന പേരിലാണ് പുതിയ മരുന്നിനെ പ്രതിരോധ ഗവേഷണസ്ഥാപനം പേറ്റന്റ് ചെയ്തിരിക്കുന്നത്. "2-ഡി ഓക്സി-ഡി-ഗ്ളൂക്കോസ്' (2-Deoxy Glucose) എന്നതിന്റെ പൂര്‍ണരൂപമാണിത്. സാധാരണ ഗ്ളൂക്കോസുമായി ഘടനാപരമായി വളരെയധികം സമാനത പുലര്‍ത്തുന്ന രാസസംയുക്തമാണിത്. പക്ഷേ, ഗ്ളൂക്കോസില്‍നിന്നെന്നപോലെ ഇതില്‍നിന്നും ഊര്‍ജത്തെ വേര്‍പെടുത്തുക സാധ്യമല്ല. അര്‍ബുദകോശങ്ങള്‍ അധികമായി ഗ്ളൂക്കോസിനെ ഉപയോഗിക്കുന്നവയാണ്. അതിനാല്‍ അവ കൂടുതല്‍ 'ഊര്‍ജസ്വല'വുമാണ്. എന്നാല്‍, ഗ്ളൂക്കോസിനെയും ഡി-ഓക്സി-ഡി-ഗ്ളൂക്കോസിനെയും തമ്മില്‍ തിരിച്ചറിയാനുള്ള കഴിവ് ക്യാന്‍സര്‍കോശങ്ങള്‍ക്കില്ല. ഡി-ഓക്സി-ഡി-ഗ്ളൂക്കോസില്‍നിന്ന്ഊര്‍ജം ലഭിക്കില്ലല്ലോ. അതിലൂടെ അവ തളരും. ഇതാണ് മരുന്നിന്റെ പ്രവര്‍ത്തനം.

                                                                          
ഒരു യുദ്ധയന്ത്രത്തിന്റെ ഛായയുള്ളതാണ് രോഗപ്രതിരോധത്തിനായി പുതിയ ക്യാന്‍സര്‍ഔഷധം ശരീരത്തിനു നല്‍കുന്ന പ്രവര്‍ത്തനാവസരം. സാധാരണഗതിയില്‍, ചികിത്സക്ക് ഉപയോഗിക്കുന്ന 'കീമോതെറാപ്പി'യെയും 'റേഡിയോ തെറാപ്പി' (വികിരണചികിത്സ)യെയും ക്യാന്‍സര്‍കോശങ്ങള്‍ എതിരിട്ടു ജയിക്കും. ഉയര്‍ന്ന ഊര്‍ജക്ഷമതയാണ് ഈ പ്രതിരോധത്തിനു കാരണം. എന്നാല്‍, ഗ്ളൂക്കോസിനുപകരം 'ഡി-ഓക്സി-ഡി-ഗ്ളൂക്കോസ്' ലഭിക്കുന്ന അര്‍ബുദകോശങ്ങള്‍ക്ക് ഇത്തരത്തില്‍ ചെറുത്തുനില്‍ക്കാനാവില്ല. അതിനാല്‍ അവ ചികിത്സാരീതിയോട് കൂടുതല്‍ വിധേയത്വമുള്ളവയായിമാറും. ചുരുക്കത്തില്‍ ക്യാന്‍സര്‍ നിയന്ത്രണവിധേയമാവും. വൈകാതെ ശമിക്കും. ചികിത്സ നിര്‍ത്തിയാല്‍ തിരിച്ചുവരാനുള്ള സാധ്യത (Secondary Cancer) ഇല്ലാതാക്കുന്നു എന്ന മേന്‍യും ഇതിനുണ്ട്.

                                                                               
ക്യാന്‍സര്‍ബാധിത കോശങ്ങളെയും സാധാരണകോശങ്ങളെയും ഒരുപോലെ ശത്രുക്കളായി കാണുന്നില്ലെന്നതാണ് പുതിയ ഔഷധത്തിന്റെ മറ്റൊരു സവിശേഷത. ഇക്കാര്യത്തില്‍ പരമ്പരാഗത ചികിത്സാദ്രവ്യങ്ങള്‍ക്ക് വഴികാട്ടിയായും പുതിയ മരുന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ധിച്ച ഊര്‍ജോപയോഗത്തിലൂടെ കരുത്തുനേടിയ ക്യാന്‍സര്‍കോശങ്ങള്‍ക്കൊപ്പമാകും സാധാരണകോശങ്ങള്‍ നിലനില്‍ക്കുന്നത്. അതിനാല്‍, ശക്തര്‍ക്കുനേരെയുള്ള കടുത്ത ആക്രമണങ്ങള്‍ അവയും ഏറ്റുവാങ്ങേണ്ടിവരുന്നു. ഇതാണ് പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുന്നത്. പുതിയ ഔഷധം ക്യാന്‍സര്‍കോശങ്ങളെ മാത്രമായുള്ള തെരഞ്ഞുപിടിക്കല്‍ സാധ്യമാക്കുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ പിന്നീടൊരു പ്രശ്നവുമാവുന്നില്ല.

Saturday, January 8, 2011

2011-ലെ അന്താരാഷ്ട്ര വര്‍ഷാചരണങ്ങള്‍

അന്താരാഷ്ട്ര രസതന്ത്രവര്‍ഷം (International Year of Chemistry)

"രസതന്ത്രം- നമ്മുടെ ജീവിതവും ഭാവിയുമാണത്'' (Chemistry- Our Life, Our Future) എന്നതാണ് രസതന്ത്ര വര്‍ഷാചരണത്തിന്റെ മുദ്രാവാക്യം. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന എന്തിലും രസതന്ത്രത്തിന്റെ സ്പര്‍ശമുണ്ടെന്ന് സാമാന്യജനത്തെ ബോധവല്‍ക്കരിക്കുകയാണ് ഇതില്‍ അന്തര്‍ലീനമായ സന്ദേശം.

പ്ളാസ്റ്റിക്, ലോഹം, ഇന്ധനം, മരുന്നുകള്‍ അങ്ങനെ എല്ലാമെല്ലാം രസതന്ത്രത്തിന്റെ സംഭാവനയായാണ് നമ്മുടെ ജീവിതത്തിലേക്കെത്തുന്നത്. ഇന്നലത്തേതില്‍നിന്നു വ്യത്യസ്തമാണ് അവയുടെ ഇന്നത്തെ രൂപം. നാളെ അവ ഇതിലും വ്യത്യസ്തമാവും. ആര്‍ക്കെമിമുതല്‍ നാനോ കെമിസ്ട്രിവരെയുള്ള രസതന്ത്രത്തിന്റെ വളര്‍ച്ചയാണ് ഇതിനുപിന്നില്‍. ആ ജൈത്രയാത്രയില്‍ ലോകജനതയുടെ പങ്കാളിത്തവും രസതന്ത്രവര്‍ഷം അഭ്യര്‍ഥിക്കുന്നു.

ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് കെമിക്കല്‍ സൊസൈറ്റീസ് (International Association of Chemical Societies) ആയിരുന്നു രസതന്ത്രജ്ഞരുടെ ആഗോളസംഘടനയായ IUPAC (Iternational Union of Pure and Applied Chemistry)യുടെ മാതാവ്. രസതന്ത്രജ്ഞരുടെ ആദ്യ ആഗോളസംഘടന എന്ന ബഹുമതിയും അര്‍ഹമാക്കുന്ന ഇതിന്റെ 100-ാം വാര്‍ഷികമെന്ന നിലയ്ക്കാണ് 2011 അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ആചരിക്കുന്നത്. Link: http://www.chemistry2011.org/

വാവലുകളുടെ വര്‍ഷം (Year of the Bat)

കാര്‍ഷികവിളകള്‍ക്ക് നാശംവരുത്തുന്ന ഷഡ്പദകീടങ്ങളെ തിന്നൊടുക്കുന്നതിലൂടെ കര്‍ഷകരുടെ യഥാര്‍ഥ മിത്രങ്ങളാവുന്നവയാണ് വാവലുകള്‍. ഒട്ടനവധി സസ്യങ്ങളില്‍ പരാഗണം നിര്‍വഹിക്കുന്നതിനും വാവലുകള്‍ സ്വയമറിയാതെ പരിശ്രമിക്കുന്നുണ്ട്. ജൈവവൈവിധ്യത്തിന്റെ കലവറകളായി അറിയപ്പെടുന്ന മഴക്കാടുകളിലെ അനേകം വൃക്ഷയിനങ്ങള്‍ സ്വാഭാവികമായ പുനരുത്ഭവത്തിനു പ്രാപ്തമാവുന്നതും വാവലുകള്‍ നടത്തുന്ന വിത്തുവിതരണത്തിലൂടെയാണ്.

എന്നാല്‍, ജനമനസ്സുകളില്‍ പൊതുവെ ഭീകരതയുടെ പര്യായമാവുന്നവയാണ് വാവലുകള്‍. പ്രേതകഥകളിലും 'ഡ്രാക്കുള'പോലുള്ള കെട്ടുകഥകളിലും വാവലുകള്‍ കഥാപാത്രമായി വരുന്നതാണ് ഇതിനു കാരണം. അടുത്തകാലത്തായി ചിലതരം പകര്‍ച്ചവ്യാധികളുടെ വാഹകരാണ് വാവലുകളെന്ന തെറ്റായ വാര്‍ത്തയും പ്രചരിക്കുകയുണ്ടായിട്ടുണ്ട്. ഇത്തരം അബദ്ധധാരണകളെ തിരുത്തുകയും വാവലുകളോടുള്ള ഭീതിയകറ്റി, അവയുടെ സംരക്ഷണം ഉറപ്പുവരുത്തുകയുമാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസമിതിയുടെ ആഹ്വാനപ്രകാരമാണ് 2011 വാവലുകളുടെ വര്‍ഷമായി ആചരിക്കുന്നത്.

ലോകത്തിലെ വാവല്‍ സ്പീഷീസുകളില്‍ പകുതിയിലേറെയും ഇന്ന് കടുത്ത വംശനാശഭീഷണിയിലാണ്. പ്രത്യുല്‍പ്പാദനത്തിന്റെ കാര്യത്തില്‍ വളരെ പിന്നോക്കമായ വാവലുകള്‍ക്കിടയില്‍ പ്രജനനസന്നദ്ധത വളരെ വിരളമാണ്. അടുത്തകാലത്തായി ഒരുതരം ഫംഗസ്രോഗം ലോകമെമ്പാടുമുള്ള വാവലുകള്‍ക്ക് ഭീഷണിയായി പടരുന്നുണ്ട്. 'വെള്ളമൂക്കന്‍ രോഗം'' (White-Nose Syndrome) എന്നറിയപ്പെടുന്ന ഇത് വടക്കേ അമേരിക്കയിലും കനഡയിലുമുള്ള വാവലുകള്‍ക്കിടയിലാണ് ഇന്ന് ഏറ്റവും സാധാരണം. രോഗം ബാധിക്കുന്ന വാവലുകളില്‍ 90 ശതമാനത്തോളം ചത്തുപോവുകയാണ്. കടുത്ത വംശനാശഭീഷണിയിലായ 'ഇന്ത്യാനാ വാവലു' (Indiana bat- Myotis sodalis)) കളെപ്പോലുള്ളവയില്‍ ഇത് വംശനാശത്തിന്റെ ആക്കം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. Link: http://www.yearofthebat.org/

അന്താരാഷ്ട്ര വനവര്‍ഷം (International Year of Forests)

എഴുന്നൂറ് കോടി- ഭൂമിയില്‍ അധിവസിക്കുന്ന ഒരൊറ്റ ജീവവംശത്തിന്റെ എണ്ണമാണിത്- ഹോമോ സാപ്പിയന്‍സ് എന്ന മനുഷ്യന്റെ. ഭൂമിയിലെ മൊത്തം ജീവവംശത്തിന്റെ എണ്ണമെടുത്താലും ഇതില്‍ താഴെയേ വരൂ എന്നതാണ് അതിശയം. ഇതില്‍ ഭൂരിഭാഗത്തിന്റെയും വാസസ്ഥാനമാവുന്നവയാണ് വനങ്ങള്‍. എന്നാല്‍ അതു മാത്രമല്ല വനങ്ങളുടെ പ്രസക്തി. ഇന്നും വനങ്ങളെയും വനവിഭവങ്ങളെയും ആശ്രയിച്ചുകഴിയുന്ന ജനവിഭാഗങ്ങളുണ്ട്. വനങ്ങള്‍ നശിച്ചാല്‍ ഇല്ലാതാവുന്നവയുടെ കൂട്ടത്തില്‍ ഇവരുമുണ്ടാവും.

ഇന്നത്തെ ചൂടുപിടിച്ച ആഗോള കാലാവസ്ഥയിലുമുണ്ട് വനങ്ങള്‍ക്ക് അവയുടേതായ പങ്ക്. ഭൌമാന്തരീക്ഷത്തിലുള്ളതിനേക്കാള്‍ കാര്‍ബണ്‍ഡയോക്സൈഡിനെ ഉള്‍ക്കൊള്ളുന്നവയാണ് ലോകത്തിലെ വനങ്ങള്‍. അവയിലെ സസ്യജാലം, സ്വന്തം ശരീരമായി, പ്രകാശസംശ്ളേഷണത്തിലൂടെയുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളായാണ് കാര്‍ബണ്‍ഡയോക്സൈഡിനെ പിടിച്ചുവയ്ക്കുന്നത്. വനവിസ്തൃതി കുറയുന്നതിലൂടെ ഈ അമര്‍ച്ചചെയ്യലുകള്‍ ഇല്ലാതാവും. അധികമായി കാര്‍ബണ്‍ഡയോക്സൈഡ് അന്തരീക്ഷത്തിലേക്കെത്തും. ആഗോളതാപനത്തിന്റെ ആക്കം അതിലൂടെ വര്‍ധിക്കും. ഇതൊക്കെ ലോകജനത അറിയേണ്ടതുണ്ട്, വിവേചനരഹിതമായി വനം നശിപ്പിക്കുന്നവരും. അതിനെതിരെ പ്രതിരോധനിര ശക്തമാവുകയും വേണം. ഇതിനൊക്കെ വേണ്ടിയാണ് ഐക്യരാഷ്ട്രസംഘടന 2011നെ അന്താരാഷ്ട്ര വനവര്‍ഷമായി പ്രഖ്യാപിക്കുന്നത്. Link: http://www.un.org/forests/

അന്താരാഷ്ട്ര യുവജനവര്‍ഷം (International Year of Youth)

പ്രാദേശികതലംമുതല്‍ അന്താരാഷ്ട്രതലം വരെ തീരുമാനമെടുക്കുന്നതില്‍ യുവാക്കളെ പങ്കാളിയാക്കുക എന്ന സന്ദേശവുമായി ആചരിക്കുന്ന അന്താരാഷ്ട്ര യുവജനവര്‍ഷത്തിന് 2010 ആഗസ്ത് 12നു തുടക്കമായി. ഇത് 2011 ആഗസ്ത് 11നു സമാപിക്കും. Link: http://social.un.org/youthyear/

ആഫ്രിക്കന്‍ പൈതൃകവര്‍ഷം (International Year for People of African Descent)

ആഫ്രിക്കന്‍ പാരമ്പര്യമുള്ളവരുടെ ക്ഷേമം ഉറപ്പാക്കാന്‍ ദേശീയ, അന്താരാഷ്ട്ര പദ്ധതികള്‍ ആസൂത്രണംചെയ്തു നടപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 2011 ആഫ്രിക്കന്‍ പൈതൃകവര്‍ഷമായി ആചരിക്കുന്നു. ആഫ്രിക്കന്‍ പൈതൃകവര്‍ഷാചരണങ്ങളെക്കുറിച്ച് അറിയാന്‍:
http://portal.unesco.org/culture/en/ev.php-URL_ID=41031&URL_DO=DO_PRINTPAGE&URL_SECTION=201.html

Wednesday, January 5, 2011

ഇന്ത്യയുടെ ജൈവവൈവിധ്യം അറിയാന്‍ വെബ്സൈറ്റ്



ഇന്ത്യയിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഏതൊരു ചോദ്യവുമാവട്ടെ, ഉത്തരം
തേടാന്‍ ഇതാ ഒരു വെബ്സൈറ്റ്: http://www.bisindia.org/. ഇന്ത്യയിലെ പക്ഷികള്‍,
ഉരഗങ്ങള്‍, ഉഭയജീവികള്‍, സസ്തനികള്‍ എന്നിവയെക്കുറിച്ചുള്ള ആധികാരികവും
ശാസ്ത്രീയവുമായ വിവരങ്ങള്‍ നല്‍കാന്‍ ഗവണ്‍മെന്റ് രൂപകല്‍പ്പനചെയ്ത
വെബ്സൈറ്റാണിത്. അന്താരാഷ്ട്ര ജൈവവൈവിധ്യവര്‍ഷമായ 2010 അവസാനിക്കുന്ന
വേളയില്‍ അതിന്റെ ലക്ഷ്യപൂര്‍ത്തീകരണ ശ്രമങ്ങള്‍ക്കുള്ള ഇന്ത്യന്‍
സംഭാവനയായി സമര്‍പ്പിക്കപ്പെട്ട വെബ്സൈറ്റ് നിലവില്‍വന്നു.


ജൈവവൈവിധ്യമേഖലയില്‍ പഠനം നടത്തുന്ന ഇന്ത്യയിലെ വിവിധ
ഗവേഷണസ്ഥാപനങ്ങളെയും സര്‍വകലാശാലാ വകുപ്പുകളെയും വിവിധ സംസ്ഥാനങ്ങളിലെ
വനംവകുപ്പുകളെയും വിവരവിനിമയത്തിന്റെ ഒരൊറ്റച്ചരടില്‍ കോര്‍ക്കുന്നു
എന്നതാണ് പുതിയ വെബ്സൈറ്റിന്റെ പ്രത്യേകത. വ്യത്യസ്ത വിവരസ്രോതസ്സുകളെ
ഇത്തരത്തില്‍ ഒരുകുടക്കീഴിലാക്കാനുള്ള സാങ്കേതികസൌകര്യം ഒരുക്കുന്നത്
ഇന്ത്യന്‍ ബഹിരാകാശവകുപ്പും ജൈവസാങ്കേതികതാവകുപ്പും സംയുക്തമായാണ്.

                                                                             
ജൈവസമ്പത്തിന്റെ ഉപഭോഗം ആസൂത്രണപ്രക്രിയകളില്‍ മുഖ്യ അജണ്ടയായി
രൂപപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് വെബ്സൈറ്റ്
നിലവിലെത്തിയിരിക്കുന്നത്. 1997 ഒക്ടോബറില്‍ തുടക്കമായ ഈ പദ്ധതി
ഇന്ത്യയിലെ 13 ഗവേഷണസ്ഥാപനങ്ങളെ ഇതിനുള്ള പ്രവര്‍ത്തനപങ്കാളികളായി
നിശ്ചയിച്ചിരുന്നു. ഏതൊരു ജീവസ്പീഷീസിനെക്കുറിച്ചും പരമാവധി വിവരങ്ങള്‍
ക്രോഡീകരിച്ച് സൂക്ഷിക്കുകയും ഒരൊറ്റ 'ക്ളിക്കി'ലൂടെ അവയെല്ലാം
ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

                                                                        
ഒരു ജീവിയുടെ ജീവശാസ്ത്രപരമായ വര്‍ഗീകൃതനില, സാമ്പത്തിക പ്രാധാന്യം,
പാരിസ്ഥിതിമൂല്യം, വംശനാശസാധ്യത, സംരക്ഷിതനില, പേറ്റന്റ് സംബന്ധമായ വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിതരണം എന്നിവയെല്ലാം ലഭ്യമാവുന്ന വിവരങ്ങളില്‍ പെടുന്നു.
ജൈവവൈവിധ്യത്തെക്കുറിക്കുന്ന ഏതൊരു വിവരവും ഏതൊരാള്‍ക്കും
കൂട്ടിച്ചേര്‍ക്കാനുള്ള അവസരമൊരുക്കുന്നു എന്ന സവിശേഷത ഈ വെബ്സൈറ്റ്
പുതുമയായി അവകാശമാക്കുന്നു. ഗവേഷണവിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും
പ്രയോജനപ്പെടുന്നതരത്തിലാണ് വെബ്സൈറ്റിലെ ഉള്ളടക്ക ക്രമീകരണം.

Saturday, December 25, 2010

ശാസ്ത്രം 2010



ശാസ്ത്രമേഖലയില്‍ വിസ്മയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കുക്കൊണ്ടാണ് 2010 കടന്നുപോയത്. ചന്ദ്രന്റെ ഉത്തരധ്രുവത്തിലുള്ള 40 ലധികം ചെറുഗര്‍ത്തങ്ങളില്‍ ജലം നിറഞ്ഞിരിക്കുന്നതായുള്ള കണ്ടെത്തലും വിമാനം പോലെ പറക്കാന്‍ കഴിയുന്ന ടെറാഫ്യൂജിയ ട്രാന്‍സിഷന്‍ എന്ന കാറിന്റെ അരങ്ങേറ്റവും സ്വിറ്റ്സര്‍ലന്‍ഡിലെ കണികാത്വരകം ഉയര്‍ന്ന ഊര്‍ജ്ജത്തിലെ കണികകൂട്ടിയിടിയിലൂടെ റെക്കോഡ് സ്ഥാപിച്ചതുമാണ് വിസ്മയങ്ങള്‍. ഹിമാലയത്തിലെ മഞ്ഞുമലകള്‍ ഉരുകിയവസാനിക്കുന്നതുസംബന്ധിച്ച് ഐക്യരാഷ്ട്രസംഘടനയ്ക്കുകീഴിലെ കാലാവസ്ഥാമാറ്റപഠനസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ തെറ്റുകള്‍, പുതുതായി കണ്ടെത്തിയ ബാക്ടീരിയക്ക് ന്യൂഡല്‍ഹി എന്ന കൂട്ടിച്ചേര്‍ത്തുള്ള പേരിടല്‍, വിഷമയകീടനാശികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജനീവയില്‍ ഒത്തുചേര്‍ന്ന സമ്മേളനത്തിലെ  ഇന്ത്യയുടെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് എന്നിവയായിരുന്നു വിവാദങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനിയ്ക്കായി ചിലിയില്‍ അരങ്ങൊരുക്കിയതും ലാര്‍ജ് ഫാഡ്രോണ്‍ കൊളൈഡര്‍ എന്ന സ്വിറ്റിസര്‍ലന്‍ഡിലെ കണികാത്വരകത്തിനു ബദലായി ഇന്റര്‍നാഷണല്‍ ലീനിയര്‍ കൊളൈഡറിന്റെ തുടക്കവും ഗോതമ്പ്, സോയാബീന്‍, കൊക്കോ, ക്യൂലക്സ് കൊതുക്, ടര്‍ക്കിക്കോഴി എന്നിവയുടെ സമ്പൂരണ്ണജനിതക വെളിപ്പെടുത്തലും വരും വര്‍ഷങ്ങളിലേക്കുള്ള 2010-ന്റെ ഈടുവെയ്പ്പുകളുമായി.  ഒരു മാസത്തോളം കേടുകൂടാതെയിരിക്കുന്ന ജനിതകതക്കാളിയുടെയും പന്നിപ്പനിക്കെതിരായ വാക്സിന്റെയും 'ഗരിമ-രണ്ടാമന്‍' എന്നക്ളോണ്‍സന്തിതിയുടെയും വികസനത്തിലൂടെ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യതിളക്കിയ വര്‍ഷവുമായിരുന്നു 2010.  അതേപോലെ, അന്തര്‍ദേശീയഅംഗീകാരങ്ങള്‍ കേരളക്കരയേയും അഭിമാനപുളകമണിയിച്ച വര്‍ഷവും.  ഭൌതികശാസ്ത്രരംഗത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ മിറാക്മെഡലിന് മലയാളിശാസ്ത്രജ്ഞനായ ഇ.സി.ജി. സുദര്‍ശന്‍ അര്‍ഹനായതാണ് അതിലൊന്ന്.  കേരളാഗവണ്‍മെന്റിന്റെ വനവല്‍ക്കരണപരിപാടികള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസമിതിയുടെ പുരസ്കാരം ലഭിക്കുന്നത് കനകലിപികളിലെഴുതിയ മറ്റൊരംഗീകാരവും.

ലോകം

ജനുവരി 2: ലോകത്തില്‍ ഇന്നേവരെ കണ്ടെത്തിയിട്ടുള്ളവയില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ജനിതകപദാര്‍ത്ഥം കാനഡയിലെ ഡെല്‍ഹൌസി സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ആദിമഭൂമിയില്‍ ജീവിച്ചിരുന്ന ബാക്ടീരിയയുടേതെന്ന് കരുതപ്പെടുന്ന ഈ ഡി,എന്‍.എയ്ക്ക് 419 ദശലക്ഷം വര്‍ഷത്തെ  പഴക്കമുണ്ട്.

ജനുവരി 5: അമേരിക്കയിലെയും ദക്ഷിണകൊറിയയിലേയും  ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ലോകത്തിലെ ഏറ്റവും  ചെറിയ 'ട്രാന്‍സിസ്റര്‍' കണ്ടെത്തി. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച രണ്ട് ഇലക്ട്രോഡുകളുടെ ഇടയ്ക്കായി കാര്‍ബണിന്റെ ആറ് ആറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ളതാണ് ഇതിന്റെ  ഘടന.

ഫെബ്രുവരി 6: ചൈനയിലെ ഷൂചെങ് പ്രവിശ്യയില്‍ മൂവായിരത്തിലധികം ദിനോസര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇവിടം ദിനോസര്‍നഗരം എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ഫെബ്രുവരി 16: ലോകത്തില്‍ ഇന്നേവരെ  സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതാപനില പരീക്ഷണശാലയില്‍ പുന:സൃഷ്ടിക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ  ബ്രൂക്ക്ഹാവെന്‍ ലബോറട്ടറിയാണ് ഇതിന്  വേദിയായത്. 4 ട്രില്ല്യണ്‍ ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.

മാര്‍ച്ച് 16: ഗ്ളീസ് 710 (Glies 710) എന്ന നക്ഷത്രത്തിന്റെ സാമിപ്യംമൂലം സൌരയൂഥത്തിലെ ഗ്രഹങ്ങളുടെ  ഭ്രമണപഥങ്ങള്‍ക്ക് മാറ്റമുണ്ടാവാമെന്ന് പഠനം. ഭൂമിയടക്കമുള്ള ഗ്രഹങ്ങള്‍ക്കു നേരെ  ഉല്‍ക്കാവര്‍ഷം സംഭവിക്കാനും ഇത് കാരണമാവും. പക്ഷേ, ഇനിയും 15 ദശലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞ്.

മാര്‍ച്ച് 21: ശരീരത്തിലണിഞ്ഞാല്‍ അദൃശ്യമാവാന്‍ കഴിയുന്ന വസ്ത്രം ജര്‍മ്മനിയിലേയും  ബ്രിട്ടനിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നിര്‍മ്മിച്ചു. ഫോട്ടോണിക് ക്രിസ്റലുകളാണ് ഈ  അദൃശ്യവസ്ത്രത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.

ഏപ്രില്‍ 18: കഷണ്ടി അടക്കം പാരമ്പര്യകാരണങ്ങളാലുള്ള മുടികൊഴിച്ചിലിന് ഹേതുവാകുന്ന ജീനിനെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.  APCDD1 എന്ന ഈ ജീനിന്റെ കണ്ടെത്തല്‍ ഒരു പക്ഷേ ജനിതകചികിത്സയിലൂടെ കഷണ്ടിക്ക് പരിഹാരമായേക്കാം.

ഏപ്രില്‍ 30: ഭൂമിയില്‍ കാണുന്ന സള്‍ഫേറ്റ് സംയുക്തമായ ജിപ്സം (Gypsum) ചൊവയുടെ ഉപരിതലത്തിലുമുള്ളതായി കണ്ടെത്തല്‍. ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ് എന്നീ പര്യവേഷണദൌത്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതില്‍നിന്നുമാണ് നാസ ഈ കണ്ടെത്തല്‍ നടത്തിയത്.

മെയ് 4: ആനകളുടെ പൂര്‍വ്വികവംശത്തില്‍പ്പെട്ട മാമത്തിന്റെ രക്തം അതിന്റെ ഫോസില്‍ ഡിഎന്‍എയില്‍ നിന്നും പുന:സൃഷ്ടിക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചു. ഓസ്ട്രേലിയയിലെ അഡെലെയ്ഡ് സര്‍വ്വകലാശാലയിലെ  ശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്.

മെയ് 20: ലോകത്തിലെ  എല്ലാ ജീവികളുടെയും ജനിതകവിവരങ്ങളും വിജ്ഞാനശേഖരങ്ങളും  ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്ന പദ്ധതി വിജയകരമായ പര്യവസാനത്തിലെത്തി. ആല്‍പ്സ് പര്‍വ്വതനിരയിലുള്ള ഒരു ഭൂഗര്‍ഭഅറയിലാണ് ഈ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

ജൂണ്‍ 4:  ആഗോളതാപനംമൂലം സമുദ്രനിരപ്പ് ഉയരുകയാണെന്ന സങ്കല്‍പ്പനത്തിന് വിരുദ്ധമായ കണ്ടെത്തല്‍ ശാസ്ത്രലോകത്തെ അതിശയിപ്പിച്ചു. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ പസഫിക് സമുദ്രത്തിലെ  27-ഓളം  ദ്വീപുകള്‍ സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നതായാണ് കണ്ടെത്തല്‍.

ജൂണ്‍ 22: കണ്ടും കേട്ടും സ്പര്‍ശിച്ചും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ചെറിയ റോബോട്ടിനെ ജപ്പാന്‍ശാസ്ത്രജ്ഞര്‍ വികസിച്ചു. ഒരു കുട്ടിയുടെ രൂപമുള്ള ഇതിന് നോബി (Noby) എന്നാണ് പേര് നല്‍കിയത്. നയന്‍ മന്‍ത് ഓള്‍ഡ് ബേബി എന്നതിന്റെ ചുരുക്കരൂപമാണിത്.

ജൂലൈ 3: ആഗോളതാപനത്തിന് അനുകൂലമായി ഉയര്‍ന്ന സൂര്യതാപത്തില്‍ പ്രകാശസംശ്ളേഷണം നടത്താന്‍ കെല്പുള്ള നെല്‍ച്ചെടികളെ വികസിപ്പിക്കാന്‍ പ്രൊജക്ട്  സണ്‍ഷൈന്‍ എന്ന പേരില്‍ പദ്ധതിക്ക് തുടക്കാമായി. ഫിലീപ്പിന്‍സിലെ അന്തര്‍ദേശീയ നെല്ല് ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി.

ജൂലൈ 10: ഇന്ധനം വേണ്ടാത്ത വിമാനം ആദ്യത്തെ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. സോളാര്‍ ഇംപള്‍സ് (Solar Impulse) എന്നുപേരുള്ള ഇത് സൌരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡായിരുന്നു പരീക്ഷണവേദി.

ഓഗസ്റ് 14: പുതുതായി  കണ്ടെത്തപ്പെട്ട ഒരു രോഗാണുവിന് ന്യൂഡല്‍ഹി എന്നത് കൂട്ടിച്ചേര്‍ത്ത പേരുനല്‍കപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പ്രതിഷേധം. ന്യൂഡല്‍ഹി മെറ്റലോബീറ്റാ ലാക്ടമാസ് (NewDelhi-Metallo-beta-Lactamase-1)എന്നാണ് ബാക്ടീരിയയുടെ പേര്.

സെപ്തംബര്‍ 6: ആഫ്രിക്കയിലെ  രണ്ടായിരത്തിലധികവര്‍ഷം പഴക്കമുള്ള മമ്മിയുടെ ശരീരത്തില്‍ നടത്തിയ പരിശോധനയില്‍ അവര്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ടെട്രോസൈക്ളിന്‍ (Tetracyclin) എന്ന ആന്റിബയോട്ടിക്കിനെ വീഞ്ഞില്‍ നിന്നും വേര്‍തിരിച്ചെടുത്തതാണ് അവര്‍ ഉപയോഗിച്ചിരുന്നത്.

ഒക്ടോബര്‍ 27: ബോണ്‍സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ലോകത്തിലെ ഏറ്റവും വലിയ ആമ്പര്‍ (Amber) നിക്ഷേപം ഇന്ത്യയില്‍ കണ്ടെത്തി. 50 ദശലക്ഷം  വര്‍ഷം പഴക്കമുള്ളത് ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലേക്കും വെളിച്ചം വീശുന്നതാണ്.

നവംബര്‍ 4 : സ്ക്രീന്‍ ഇല്ലാതെ പ്രതിബിംബരൂപീകരണം സാധ്യമാകുന്ന ഹോളോഗ്രാഫി സങ്കേതത്തിന് തുടക്കമായി. ത്രീഡൈമന്‍ഷണല്‍ ടെലിപ്രസന്‍സ് (3 Dimensional Tele-Presence) എന്നു വിളിക്കുന്ന ഇത് അരിസോണ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് യഥാര്‍ത്ഥ്യമാക്കിയത്.

നവംബര്‍ 19: സ്വിറ്റ്സര്‍ലന്‍ഡിലെ സേണ്‍ ഗവേഷണശാലയിലെ  ശാസ്ത്രജ്ഞര്‍ പ്രതിദ്രവ്യം കണ്ടെത്തുന്നതില്‍ വിജയിച്ചു. ഹൈഡ്രജന്‍ പ്രതിദ്രവ്യരൂപമായ ആന്റിഹൈഡ്രജനാണ് പിടിയിലായത്. കണികാഭൌതികത്തിലെ  ഒരു വഴിത്തിരിവാണ് ഈ കണ്ടെത്തല്‍.

ഡിസംബര്‍ 2: ആര്‍സെനിക്കിന്റെ സാന്നിദ്ധ്യത്തിലും ജീവിക്കാന്‍ കഴിയുന്ന ബാക്ടീരിയയെ അമേരിക്കയിലെ ജിയോളജിക്കല്‍ സര്‍വ്വേയിലെ ഗവേഷകര്‍ കണ്ടെത്തി. ലവണസാന്ദ്രതയേറിയ ജലത്തില്‍ ജീവിക്കുന്നതരം ബാക്ടീരിയകളി (Halobacteriae) ലൊന്നിന്റെ  'ഏഎഅഖ1’എന്ന വകഭേദത്തിനാണ് ഈ കഴിവുള്ളത്.

ഡിസംബര്‍ 12: മാതാവിന്റെ പങ്കാളിത്തമില്ലാതെ ആണ്‍ലിംഗകോശങ്ങളെ മാത്രം ഉപയോഗിച്ചുകൊണ്ട് പുതുജീവന്‍ സൃഷ്ടിക്കുന്നതില്‍ അമേരിക്കന്‍ ഗവേഷകര്‍ വിജയിച്ചു. ക്ളോണിങ് സങ്കേതം  അടിസ്ഥാനമാക്കിക്കൊണ്ട്  എലികളില്‍ നടത്തിയ പരീക്ഷണമാണ് വിജയത്തിലെത്തിയത്.

ഇന്ത്യ

ജനുവരി 10: സൌരോര്‍ജ്ജപദ്ധതികളിലൂടെ ഊര്‍ജ്ജസ്വയംപര്യാപ്തത ലക്ഷ്യമിടുന്ന 'ജവഹര്‍ലാല്‍ നെഹ്രു ദേശീയ സൌരോര്‍ജ്ജമിഷന് തുടക്കം.

ഫെബ്രുവരി 2: ന്യൂഡെല്‍ഹിയിലെ 'നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പ്ളാന്റ് ജിനോമിക്സ് റിസര്‍ചില്‍ നിന്നും ഒരു മാസത്തോളം കേടകൂടാതിരിക്കുന്ന "ജനിതക-തക്കാളി.''

മാര്‍ച്ച് 3: ചാന്ദ്രയാനിലെ റഡാര്‍ നിരീക്ഷണസങ്കേതം ഉപയോഗിച്ചുകൊണ്ട് ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച് അമേരിക്കയുടെ സ്ഥിരീകരണം.

ഏപ്രില്‍ 10: ക്ഷയരോഗത്തിന് കാരണമാവുന്ന 'മൈകോബാക്ടീരയം ടുബെര്‍ക്കുലോസിസി'്ന്റെ സമ്പൂര്‍ണ്ണജനിതകം വെളിപ്പെടുത്തല്‍.

മെയ് 11: സര്‍പ്പക്കാവുകളുടെയും കാവുകളുടെയും സംരക്ഷണത്തിനായി കേരളാഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ബൃഹത്തായ പദ്ധതിക്ക് തുടക്കം.

ജൂണ്‍ 5: 'വാക്സിഫ്ളൂ' എന്ന തദ്ദേശീയമായി നിര്‍മ്മിച്ച പന്നിപ്പനി വാക്സിന്‍ വിപണിയിലേക്ക്.

ജൂലൈ 15: ആദ്യ 'ഇന്ത്യന്‍' ഇന്റര്‍നെറ്റ് ബ്രൌസര്‍' 'എപ്പിക്' (Epic) എന്ന പേരില്‍ വിപണിയിലെത്തി.

ഓഗസ്റ് 25:  ഹരിയാനയിലെ നാഷണല്‍ഡയറി റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടില്‍ ക്ളോണിങ്ങിലൂടെ പോത്തിന്‍ കിടാവ്-'ഗരിമ രണ്ടാമന്‍'.  ഇന്ത്യയുടെ മൂന്നാമത്തെ ക്ളോണ്‍.

സെപ്തംബര്‍ 29: ഇന്ത്യന്‍ പൌര•ാര്‍ക്കെല്ലാം തിരിച്ചറിയലിനായി ഒറ്റ നമ്പര്‍ നല്‍കുന്ന 'ആധാര്‍' (AADAAR) പദ്ധതിക്ക് മഹാരാഷ്ട്രയില്‍ തുടക്കം.

ഒക്ടോബര്‍ 23:  ഇന്ത്യയിലെ ആദ്യത്തെ ന്യൂട്രിനോ പരീക്ഷണശാല തമിഴ്നാട്ടിലെ 'ബോധിവെസ്റ്ഹില്‍' വനമേഖലയില്‍ സ്ഥാപിക്കാന്‍ കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി.

നവംബര്‍1: ഇന്ത്യയില്‍ നിന്നുള്ള എട്ടംഗ ഗവേഷണസംഘം അന്റാര്‍ട്ടിക്കന്‍ പര്യവേഷണത്തിന് അവിടേയ്ക്ക് യാത്രയായി.

ഡിസംബര്‍ 8:  കേരളംവനവകുപ്പ് നടപ്പിലാക്കിയ സാമൂഹ്യവനവല്‍ക്കരണപരിപാടികള്‍ക്ക് യു. എന്‍.ഇ. പി. (യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം) യുടെ അംഗീകാരം.

2010-ലെ വാര്‍ഷികങ്ങള്‍:

ഹബിള്‍ ദുരദര്‍ശിനിക്ക് 20
ഓസോണ്‍ വിള്ളലിന് 25
കാര്‍ബണ്‍പന്തി(ബക്കിബാള്‍) ന് 25
'ലേസറി'ന് 50
റോയല്‍സൊസൈറ്റിക്ക് 350

2010-ലെ വര്‍ഷാചരണങ്ങള്‍:

1.  ജൈവവൈവിധ്യവര്‍ഷം
     (
http://www.cbd.int/2010/welcome/)
2.  സംസ്കാരിക സമവായ വര്‍ഷം
      (
http://www.un.org/en/events/iyrc2010/)
3.  യുവജനവര്‍ഷം
     (
http://social.un.org/youthyear/)
4.  നെഴ്സുമാരുടെ വര്‍ഷം
     (
http://www.2010iynurse.net/)
5.  ശ്വാസകോശത്തിന്റെ വര്‍ഷം
     (
http://www.yearofthelung.org/)

ടൈറ്റാനിക്കില്‍നിന്നു പുതിയ ബാക്ടീരിയ



ടൈറ്റാനിക് സിനിമ കണ്ടിട്ടുള്ളവരെല്ലാം ഓര്‍മിക്കുന്നുണ്ടാവും തുടക്കത്തിലെ ആ സീന്‍. കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന കപ്പലിനുള്ളിലേക്ക് ക്യാമറ ഘടിപ്പിച്ച ഒരു ചെറിയ യന്ത്രവാഹനം കടന്നുചെല്ലുന്നത്. സിനിമയ്ക്കുവേണ്ടിയുള്ള വെറും സെറ്റ് ആയിരുന്നില്ല അത്. യഥാര്‍ഥത്തിലെ ടൈറ്റാനിക്കിനെത്തന്നെയാണ് നമ്മള്‍ 'അക്കാഡെമിക് മിസ്റ്റിസ്ലാവ് കേല്‍ഡിഷ്' എന്ന സോവിയറ്റ് പര്യവേഷണ കപ്പലില്‍നിന്ന് അയച്ച യന്ത്രവാഹനമായിരുന്നു ആഴങ്ങളിലെ ടൈറ്റാനിക്കിനെ നമ്മുടെ കണ്‍മുന്നിലെത്തിച്ചത്.

ടൈറ്റാനിക്കിന്റെ സംവിധായകനായ ജെയിംസ് കാമറോണാണ് റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ അനുമതിയോടെയാണ് 1996-ല്‍ തന്റെ ചിത്രത്തിനായി ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. അതിനിടെ ശാസ്ത്രജ്ഞരുടെ സംഘവും അവരുടെ പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. ടൈറ്റാനിക്കിലെ ഇരുമ്പുനിര്‍മിത ഭാഗങ്ങളില്‍നിന്ന് തുരുമ്പിനു സമാനമായ ചില അവശിഷ്ടം കണ്ടെടുത്തതായിരുന്നു അതില്‍ പ്രധാനം. 14 വര്‍ഷ പഠനത്തിനുശേഷം അത് വെറും തുരുമ്പല്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതൊരു 'ജീവനുള്ള തുരുമ്പാ'ണത്രേ! അതായത് ഇരുമ്പിനെ തുരുമ്പാക്കിമാറ്റാന്‍ കഴിയുന്ന പുതിയൊരുതരം ബാക്ടീരിയ. ടൈറ്റാനിക്കി'ല്‍നിന്നു കിട്ടിയതെന്ന സൂചനയോടെയുള്ളതാണ് അതിന്റെ പേരും- 'ഹാലോമോണാസ് ടൈറ്റാനിക്കെ' (Halomonas titanicae)!


1912 ഏപ്രില്‍ 14നായിരുന്നു ടൈറ്റാനിക്  മുങ്ങിയത്. അറ്റ്ലാന്റിക് സമുദ്രത്തില്‍, കനഡയുടെ ഭരണാതിര്‍ത്തിയിലുള്ള ന്യു ഫൌണ്ട് ലാന്‍ഡ് ദ്വീപില്‍നിന്ന് 530 കിലോമീറ്റര്‍ തെക്കുകിഴക്കായി, സമുദ്രോപരിതലത്തില്‍നിന്ന് 3.8 കിലോമീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക് ഇപ്പോഴുള്ളത്. മുങ്ങുന്നസമയത്തുണ്ടായ മര്‍ദവ്യത്യാസം കാരണം മുന്‍ഭാഗവും പിന്‍ഭാഗവും 600 മീറ്ററോളം വേറിട്ട നിലയിലാണ് ടൈറ്റാനിക്കി'ന്റെ കിടപ്പ്.

98 വര്‍ഷമായി കടലിനടിയില്‍ സ്വാഭാവിക തുരുമ്പിക്കലിനു വിധേയമാകുന്ന ടൈറ്റാനിക്കിന്റെ തുരുമ്പിക്കല്‍ പക്ഷേ സാധാരണയുള്ളതിനേക്കാള്‍ വേഗത്തിലാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ബാക്ടീരിയ അടങ്ങുന്ന സൂക്ഷ്മജീവികളുടെ സംഘമാണ് തുരുമ്പിക്കലിനെ വേഗത്തിലാക്കുന്നത്. പരസ്പര സഹകരണത്തിലൂടെ നിലനില്‍ക്കുന്ന ഈ സൂക്ഷ്മജീവികള്‍ കൃത്യനിര്‍വഹണം വേഗത്തിലാക്കാന്‍ 'സിംബയോട്ടിക് അസോസിയേഷന്‍' (Symbiotic Association) എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ടത്രെ. ഇതിലെ ഒരംഗം മാത്രമാണ് 'ഹാലോമോണാസ് ടൈറ്റാനിക്ക' എന്ന ബാക്ടീരിയ. 

                                                                              
മുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്കു മാത്രമല്ല അവ ഭീഷണിയാവുന്നത്. കടല്‍ജലവുമായി സമ്പര്‍ക്കത്തില്‍വരുന്നതും ഇരുമ്പുനിര്‍മിതവുമായ ഏതൊന്നിനെയും അവ നശിപ്പിക്കും. 'ടൈറ്റാനിക് ബാക്ടീരിയ'യുടെ കണ്ടെത്തലിനെ ശാസ്ത്രസമൂഹം ഇതിനാല്‍ ഗൌരവതരമായാണ് വീക്ഷിക്കുന്നത്. കനഡയിലെ ഡെല്‍ഹൌസി സര്‍വകലാശാലയിലെയും സ്പെയിനിലെ സെവില്ലാ സര്‍വകലാശാലയിലെയും ഗവേഷകരാണ് പുതിയ ഇരുമ്പുതീനി ബാക്ടീരിയയുടെ കണ്ടെത്തലിനുപിന്നില്‍. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സിസ്റ്റമാറ്റിക് ആന്‍ഡ് എവല്യൂഷണറി ബയോളജി (Link: http://ijs.sgmjournals.org/cgi/content/abstract/60/12/2768)എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

തുരുമ്പിക്കലിന്റെ രസതന്ത്രം
തുരുമ്പിക്കല്‍ അഥവാ റസ്റ്റിങ്ങി (Rusting) നെ ഒരു വൈദ്യുതവിശ്ളേഷണ (Electrolysis) പ്രവര്‍ത്തനമായാണ് ശാസ്ത്രജ്ഞര്‍ വിവക്ഷിക്കുന്നത്. ഇരുമ്പിന്റെ ശുദ്ധരൂപത്തെക്കാള്‍ അതിന്റെ സങ്കരമാണ് തുരുമ്പിക്കലിന് എളുപ്പത്തില്‍ വിധേയമാവുന്നത്. ലോഹസങ്കരത്തിലെ ഇരുമ്പ് ആനോഡ്  ആയി പ്രവര്‍ത്തിക്കുകയും രണ്ട് ഇലക്ട്രോണുകളെ പുറത്തുവിട്ട് ഫെറസ് അയോണ്‍'(Fe2+) ആയി മാറുകയും ചെയ്യുന്നു. ലോഹസങ്കരത്തിലെ മറ്റ് ലോഹങ്ങളായ ചെമ്പ്, വെളുത്തീയം (Tin) എന്നിവ ഈ ഇലക്ട്രോണുകളെ സ്വീകരിക്കാനുള്ള കാഥോഡ് ആയി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ വൈദ്യുതവിശ്ളേഷണ പ്രവര്‍ത്തനം പൂര്‍ണമാവുന്നു.

                                                                                
ഓക്സിജന്റെയും ജലാംശത്തിന്റെയും സാന്നിധ്യം ഇതിന്റെ ആക്കം വര്‍ധിപ്പിക്കുന്നതാണ്. കാരണം രണ്ടുപേര്‍ക്കുംകൂടി നാല് ഇലക്ട്രോണുകളെ സ്വീകരിക്കുന്നതിനു സാധിക്കും. ഇതിലൂടെ കൂടുതല്‍ ഇലക്ട്രോണുകളെ ഇരുമ്പില്‍നിന്ന് നീക്കംചെയ്യാം. അതിലൂടെ സൃഷ്ടിക്കുന്ന ഫെറസ് അയോണുകള്‍ (Fe2+) ഫെറിക് അയോണുകളായി (Fe3+) മാറുന്നതിനിടയില്‍ അലേയമായ (ജലത്തില്‍ ലയിക്കാത്ത) സംയുക്തം സൃഷ്ടിക്കപ്പെടും. ഇതാണ് 'തുരുമ്പ്' എന്നറിയപ്പെടുന്ന ഫെറിക് ഓക്സൈഡ് (Ferric Oxide). അയോണുകളുടെ സഞ്ചാരത്തിനു പറ്റിയ ഒരു മാധ്യമം ഉണ്ടായിരിക്കുന്നത് തുരുമ്പിക്കലിന്റെ വേഗം വര്‍ധിക്കാനിടയാക്കും. ഇതാണ് ജലാംശം, ഉപ്പുകാറ്റ് തുടങ്ങിയവ തുരുമ്പിക്കല്‍ വേഗത്തിലാക്കാന്‍ കാരണം.

ഇരുമ്പുതീനി ബാക്ടീരിയയുടെ പ്രവര്‍ത്തനം
അധികമായ ലവണാംശത്തില്‍ ജീവിക്കുന്നതു കാരണം 'ഹാലോഫിലിക്' എന്നറിയപ്പെടുന്ന ബാക്ടീരിയയാണ് 'ഹാലോമോണസ് ടൈറ്റാനിക്കെ'. ലവണങ്ങള്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള കടല്‍ജലം ഒരു നല്ല 'വൈദ്യുതവിശ്ളേഷകം' അഥവാ 'ഇലക്ട്രോളൈറ്റ്' ആണ്. ഇതിലൂടെ ഇത്തരം ബാക്ടീരിയകള്‍ക്ക് തുരുമ്പിക്കലിനെ ആശ്രയിച്ച് ജീവിക്കാനുള്ള സവിശേഷമായ അവസരം ലഭിക്കുന്നു. 'തുരുമ്പ്' എന്ന ഫെറിക് ഓക്സൈഡിനെ ലേയരൂപത്തിലുള്ള ഫെറസ് ഹൈഡ്രോക്ളൈഡ് ആക്കി മാറ്റുകയാണ് ഇവ ചെയ്യുന്നത്. ഈ പ്രവര്‍ത്തനത്തിലൂടെ ഓക്സിജന്‍ പുറത്തുവരും. ഇതിനെ ഇവയ്ക്ക് മറ്റ് ഉപയോഗങ്ങള്‍ക്കായി വിനിയോഗിക്കാം.


ഫെറസ് അയോണുകള്‍ , ഫെറിക് അയോണുകളായി മാറുന്ന പ്രവര്‍ത്തനത്തിനും ഈ ബാക്ടീരിയകള്‍ കളമൊരുക്കാറുണ്ട്. മുന്‍പറഞ്ഞ പ്രവര്‍ത്തനത്തെ വിപരീതദിശയില്‍ നടത്തുന്നതിലൂടെയാണിത് (ഫെറസ് ഹൈഡ്രോക്സൈഡിനെ തിരിച്ച് ഫെറിക് ഓക്സൈഡ് ആക്കുന്നതിലൂടെ). ഇതിലൂടെ സൃഷ്ടിക്കുന്ന Fe3+ അയോണുകള്‍ക്ക് ക്ളോറിന്‍ ആറ്റവുമായി ചേര്‍ന്ന് ഫെറിക് ക്ളോറൈഡ് ആകാനാവും. ഉരുക്കി നെപ്പോലും നശിപ്പിക്കാനാവുന്ന ഇതാണ് കപ്പലുകളുടെ ഇരുമ്പുഭാഗങ്ങള്‍ക്കുള്ള മുഖ്യ ഭീഷണി.

Ref: Int J Syst Evol Microbiol. 2010 Dec;60(Pt 12):2768-74. Epub 2010 Jan 8.Halomonas titanicae sp. nov., a halophilic bacterium isolated from the RMS Titanic. Sánchez-Porro C, Kaur B, Mann H, Ventosa A. Department of Microbiology and Parasitology, Faculty of Pharmacy, University of Sevilla, 41012 Sevilla, Spain.