Monday, January 26, 2026

നിബ് 303 ഫ്രം ബ്രിമ്മിങ്ഹാം

"എനിക്ക് ഈ ജോലിക്ക് പ്രതിഫലമായി ഒന്നും വേണ്ട. പക്ഷേ, ഒരു വ്യവസ്ഥ മാത്രം. ഞാന്‍ എഴുതി പൂര്‍ത്തിയാക്കുന്ന ഓരോ താളിന്‍റേയും അവസാനം എന്‍റെ കൈയ്യൊപ്പിടാന്‍ അനുമതിയുണ്ടാവണം. അതേപോലെ അവസാനത്തെ പേജില്‍ ഞാന്‍ എന്‍റെ പേരിനൊപ്പം എന്‍റെ മുത്തച്ഛന്‍റെ പേരു കൂടി എഴുതിച്ചേര്‍ക്കും. അതിനും അനുമതി തരണം.."

ആ ആവശ്യം അംഗീകരിക്കപ്പെട്ടു. അംഗീകരിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണ്. സമ്മതം ചോദിച്ചത് ഒരു കാലിഗ്രാഫിസ്റ്റാണ്. പേര് പ്രേം ബിഹാരി നാരായണ്‍ (Prem Behari Narain Raizada). ബ്രിമ്മിങ്ഹാമില്‍ നിന്നും വരുത്തിയ ഏറ്റവും മുന്തിയ കാലിഗ്രാഫിക് പേനയില്‍ 303ാം നമ്പര്‍ നിബ് പിടിപ്പിച്ച് അദ്ദേഹം കലാപരമായ ആകാരസൗഷ്ടവത്തോടെ ചരിഞ്ഞ ഇഗ്ളീഷ് അക്ഷരങ്ങളില്‍ എഴുത്തു തുടങ്ങി. ആറു മാസമെടുത്തു എഴുത്ത് പൂര്‍ത്തീകരിക്കാന്‍.  എന്താണ് എഴുതിയത്? ഇന്ത്യന്‍ ഭരണഘടനയുടെ കൈയ്യെഴുത്തുപ്രതി! 









1949 നവംബര്‍ 26-ന് കോണ്‍സറ്റിറ്റ്യുവന്‍റ് അസംബ്ലി ഭരണഘടനയുടെ കരടുരൂപം അംഗീകരിച്ചിരുന്നു. പിന്നീട് വേണ്ടത് അത് അച്ചടിക്കുകയായിരുന്നു. എന്നാല്‍ നെഹ്റുവിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു അച്ചടിക്കും മുമ്പ് അതിനൊരു കൈയ്യെഴുത്തുപ്രതി ഉണ്ടാവുക എന്നത്. അങ്ങനെയാണ് പ്രേം ബിഹാരിയെ സമീപിക്കുന്നത്. 45.7 സെന്‍റിമീറ്റര്‍ വീതിയും 58.4 സെന്‍റിമീറ്റര്‍ നീളത്തില്‍, കൈകൊണ്ട് നിര്‍മ്മിച്ച പാര്‍ച്ച്മെന്‍റ് പേപ്പറിലാണ് ബിഹാരി അതെഴുതിയത്. ആകെ 221 ഷീറ്റുകള്‍. മൊത്തം ഭാരം 13  കിലോഗ്രാം. ഇതിന്‍റെ ഓരോ താളിലും പ്രേം ബിഹാരി നാരായണ്‍ റായ്സാഡയുടെ കൈയ്യൊപ്പുണ്ടായിരുന്നു.








അവസാനത്തെ പേജില്‍ സ്വന്തം പേരിനൊപ്പം മുത്തച്ഛന്‍റെ പേരും. കാരണം ബാല്യത്തിലേ മാതാപിതാക്കള്‍ നഷ്ടമായ ബിഹാരിയെ മുത്തച്ഛനാണ് വളര്‍ത്തിയത്. ആ വാല്‍സല്യത്തിനുള്ള മറുവാക്കായാണ് അദ്ദേഹത്തിന്‍റെ പേര് ബിഹാരി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. ലോകത്തിലെ ഏറ്റവും സുദീര്‍ഘായ ഭരണഘടന ആവുന്നതിനോടൊപ്പം ഇതും ഇന്ത്യന്‍ ഭരണഘടനയുടെ ഒരു സവിശേഷതയാവുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ കൈയ്യെഴുത്തുപ്രതിയില്‍ അവസാനത്തെ ഏഴു പേജുകള്‍ ഒപ്പുകള്‍ക്കായാണ് മാറ്റിവെച്ചിരുന്നത്. കോണ്‍സറ്റിറ്റ്യുവന്‍റ് അസംബ്ലി യിലുള്‍പ്പെട്ടിരുന്ന എല്ലാവരും അതില്‍ ഒപ്പുവെച്ചിരുന്നു. ആദ്യത്തെ ഒപ്പ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റേതായിരുന്നു എന്ന സവിശേഷതയുമുണ്ട്.

ഭരണഘടനയിലെ ചിത്രങ്ങള്‍



പൗരസ്ത്യവും പാശ്ചാത്യവുമായ സംസ്കാരങ്ങള്‍ തമ്മിലുള്ള സമന്വയം ലക്ഷ്യമാക്കിയാണ് രബീന്ദ്രനാഥ് ടാഗോര്‍ ശാന്തിനികേതന്‍ സ്ഥാപിച്ചത്. ഭാരതീയചിത്രകലയും ശില്പകലയും സമാനമായ സാംസ്കാരികസംവേദനങ്ങള്‍ക്ക് പാത്രീഭവിക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം  അതിനനുബന്ധമായി വിശ്വഭാരതി എന്ന ഫൈന്‍ ആര്‍ട്സ് പഠനകേന്ദ്രവും വിഭാവനം ചെയ്തിരുന്നു. ആചാര്യ നന്ദലാല്‍ ബോസ് ആയിരുന്നു അതിന്‍റെ സംസ്ഥാപനത്തിനും വികസനത്തിനും നേത്യത്വം വഹിച്ചത്. ആധുനിക ഭാരതീയ ചിത്രകലയുടെ ആചാര്യന്‍മാരിലൊരാളായാണ് അദ്ദേഹം ഇന്നും അറിയപ്പെടുന്നതും. തികഞ്ഞ ദേശീയവാദിയും മഹാത്മാഗാന്ധിയോട് വളരെയധികം അടുപ്പവുമുള്ള നന്ദലാല്‍ ബോസ് കലയുടെ സാര്‍വ്വദേശീയതയെ ഇന്ത്യയുടെ പുതിയ തലമുറ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള ഒരു പാഠ്യപദ്ധതിയാണ് കലാഭവനു വേണ്ടി രൂപപ്പെടുത്തിയത്. 

സ്വാഭാവികമായും പൗരാണിക ഇന്ത്യയില്‍ നിന്നുള്ള ഗുഹാചിത്രകലയും ചുമര്‍ച്ചിത്രകലയും മുഗള്‍ഭരണത്തിന്‍റെ സ്വാധീനങ്ങളുടെ പഠനവും അതില്‍ ഉള്‍പ്പെട്ടിരുന്നു. പ്രശസ്ത ഇന്ത്യന്‍ ചിത്രകാരനായ അബനീന്ദ്രനാഥ് ടാഗോറിന്‍റെ ശിഷ്യനായിരുന്ന അദ്ദേഹം ചൈനയുടേയും ജപ്പാന്‍റേയും ചിത്രകലകളെ ഭാരതീയ ചിത്രകലയുമായി സമന്വയിപ്പിക്കാനുള്ള ശ്രമങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ഇക്കാരണത്താല്‍ വിദേശീയരായ പല കലാകാരന്‍മാരും കലാഭവന്‍ സന്ദര്‍ശിക്കുകയും അവിടെ താമസിച്ച് പഠനഗവേഷണങ്ങളിലേര്‍പ്പെടുകയും ചെയ്തുപോന്നു. 


അതിനിടെയാണ് 1909-11 കാലഘട്ടത്തില്‍ ക്രിസ്റ്റീന്‍ ഹെറിങ്ടണ്‍ (Christine Herrington)  അജന്തയിലെ ഗുഹാചിത്രങ്ങളെക്കുറിച്ച് പഠിക്കാനായി ഇന്ത്യയിലെത്തുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാചിത്രങ്ങളാകയാലും ബുദ്ധമതവുമായി ബന്ധപ്പെട്ട അത്തരം പാരമ്പര്യകലാനിര്‍മ്മിതികള്‍ അപൂര്‍വ്വമാകയാലും അതേക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ സഹായിക്കുന്നതിനായി പൗരാണികകലകള്‍ക്കുവേണ്ടി മാത്രമുള്ള സര്‍വ്വകലാശാല എന്ന നിലയില്‍ പുകള്‍പെറ്റിരുന്ന ശാന്തിനികേതനിലെ കലാഭവനിലേക്കാണ് ഹെറിങ്ടണ്‍ എത്തിച്ചേര്‍ന്നത്. 

അതോടൊപ്പം മധ്യപ്രദേശിലെ ബാഗ് ഗുഹകളിലെ മുറള്‍ചിത്രങ്ങള്‍ കാണാനും അബനീന്ദ്രനാഥ് ടാഗോറിന്‍റെ ശിഷ്യന്‍മാരോടൊപ്പം അവര്‍ പോയി. നന്ദലാല്‍ ബോസും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അജന്തയിലേയും ബാഗിലേയും ചിത്രശിലകള്‍ അവരെ വിസ്മയിപ്പിച്ചുവെങ്കിലും അവ അത്യന്തം നാശോന്‍മുഖമായ അവസ്ഥയിലായിരുന്നു. അതുകാരണം അജന്ത ഉള്‍പ്പെടെയുള്ള എല്ലാ ഗുഹാചിത്രങ്ങളുടേയും പകര്‍പ്പുകള്‍ വരച്ചെടുത്തു സൂക്ഷിക്കുവാന്‍ അവര്‍ തീരുമാനിച്ചു. കലാഭവനില്‍ ത്തന്നെ ഗുഹാചിത്രങ്ങള്‍ക്കായും ചുമര്‍ചിത്രങ്ങള്‍ക്കുമായുള്ള ഒരു പ്രത്യേക വിഭാഗം സ്യഷ്ടിക്കപ്പെടാന്‍ ഇത് കാരണമായി.



ഭരണഘടനയുടെ കാലിഗ്രാഫി പൂര്‍ത്തിയായപ്പോള്‍ ഓരോ താളിനേയും ചിത്രങ്ങളാല്‍ അലങ്കരിക്കുന്ന ജോലി വന്നുചേര്‍ന്നത് നന്ദലാല്‍ ബോസിന്‍റെ ചുമതലയിലായിരുന്നു. മോഹന്‍ജോദാരോ സംസ്ക്യതിയുടേയും വേദങ്ങളുടേയും കാലത്തില്‍ നിന്നും വിവിധ സംസ്കാരങ്ങളുടെ തേരുള്‍പ്പാതകളിലൂടെ സ്വാതന്ത്ര്യസമരത്തിന്‍റെ വിജയപര്യവസാനം വരെയുള്ള ഇന്ത്യയുടെ ചരിത്രമാണ് ഭരണഘടനയുടെ ഓരോ താളിലുമായി നന്ദലാല്‍ ബോസ് ചിത്രീകരിച്ചത്. ഇതേ മാത്യകയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഹിന്ദിയിലുള്ള കൈയ്യെഴുത്ത് പ്രതിയും തയ്യാറാക്കപ്പെട്ടിരുന്നു. ആകെ 252 ഷീറ്റുകള്‍. മൊത്തം ഭാരം 14  കിലോഗ്രാം.

ബസന്ത് ക്യഷ്ണന്‍ വൈദ്യ ആയിരുന്നു അതിന്‍റെ കാലിഗ്രാഫി തയ്യാറാക്കിയത്. അതിലേയും അലങ്കാരങ്ങള്‍ വരച്ചുചേര്‍ത്തത് നന്ദലാല്‍ ബോസ് ആയിരുന്നു.  അജന്തയിലേയും ബാഗിലേയും ഗുഹാചിത്രങ്ങളിലെ രൂപങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നന്ദലാലിനോടൊപ്പം കലാഭവനിലെ മറ്റു ചിത്രകാരന്‍മാരും ഈ യത്നത്തില്‍ പങ്കാളികളാവുകയുണ്ടായി. ഉദാഹരണമായി, ഭരണഘടനയുടെ 'പ്രിയാംബിള്‍' ഭാഗത്തില്‍ ചിത്രീകരണം നടത്തിയത് ബിയോഹര്‍ രാംമനോഹര്‍ സിന്‍ഹ (Beohar Rammanohar Sinha) ആയിരുന്നു.  അതിന്‍റെ താഴെ അദ്ദേഹത്തിന്‍റെ കൈയ്യൊപ്പുമുണ്ട്.  


ദിനനാഥ് ഭാര്‍ഗവ എന്ന ചിത്രകാരനാണ് സാരനാഥിലെ അശോകസ്തംഭത്തെ മാത്യകയാക്കിക്കൊണ്ടുള്ള ദേശീയചിഹ്നം ഭരണഘടനയില്‍ വരച്ചുചേര്‍ത്തത്. ഇംഗ്ളീഷ് പതിപ്പും ഹിന്ദി പതിപ്പും കാഴ്ചയില്‍ ഒരുപോലെ ആയിരുന്നു. മൊറോക്കോ ലെതര്‍ ഉപയോഗിച്ച് ബൈന്‍ഡ് ചെയ്ത അവയുടെ പുറംചട്ടയില്‍ സ്വര്‍ണ്ണനിറത്തിലാണ് അക്ഷരങ്ങള്‍ പതിപ്പിച്ചിരുന്നത്.

ഭരണഘടനയുടെ കൈയ്യെഴുത്തുപ്രതിയിലെ ഓരോ ഭാഗവും നാലായിരം വര്‍ഷം പഴക്കമുള്ള ഇന്ത്യാചരിത്രത്തില്‍ നിന്നുള്ള ഒരു സുവര്‍ണ്ണനിമിഷത്തെ ചിത്രത്തിന്‍റെ രൂപത്തില്‍ പ്രതീകവല്‍ക്കരിക്കുന്നു. അങ്ങനെ ആകെ 22 ചിത്രങ്ങള്‍. അവയ്ക്ക് കാലാനുസ്യതമായ ക്രമവുമുണ്ട്. സിന്ധൂനദീതടസംസ്കാര ത്തിലുള്‍പ്പെടുന്ന മോഹെന്‍ജൊദാരൊ, വേദകാലം, ഗുപ്തകാലഘട്ടം, മൗര്യകാലഘട്ടം, മുഗള്‍ഭരണകാലം, സ്വാതന്ത്രസമരചരിത്രം തുടങ്ങിയവയെല്ലാം ചിത്രീക്യതമായി. വേദകാലത്തിന്‍റെ പ്രതീകങ്ങളായി  ഗുരുകുലവിദ്യാഭ്യാസത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്. 


ഇതിഹാസകാലത്തിന്‍റെ സൂചകങ്ങളായി രാമായണത്തിലേയും മഹാഭാരതത്തിലേയും രംഗങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് ബുദ്ധന്‍റേയും വര്‍ദ്ധമാന മഹാവീരന്‍റേയും ജീവിതം ചിത്രീകരിച്ചിരിക്കുന്നു.  അശോകന്‍റേയും വിക്രമാദിത്യന്‍റേയും രാജസദസ്സുകളുടെ ചിത്രീകരണമാണ് തുടര്‍ന്നുള്ളത്. ചോളകാലത്തെ പ്രതിനിധീകരിക്കുന്നത് നടരാജന്‍റെ വെങ്കലപ്രതിമയുടെ ചിത്രീകരണമാണ്. ചരിത്രവ്യക്തിത്വങ്ങളെന്ന നിലയില്‍ അക്ബര്‍, ശിവജി, ഗുരുഗോബിന്ദ്, ടിപ്പു സുല്‍ത്താന്‍, ലക്ഷ്മിഭായി എന്നിവരേയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 








സ്വാതന്ത്ര്യലബ്ധിക്കും ഒരു വര്‍ഷം മുമ്പ്, 1946-ല്‍ ഇന്നത്തെ ബംഗ്ളാദേശിന്‍റെ ഭാഗമായ നോഘാലിയില്‍ ഹിന്ദുക്കളെ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം നടത്തിക്കുന്നതിന്‍റെ ഭാഗമായി കൂട്ടക്കൊലകളും സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളും തട്ടിക്കൊണ്ടുപോവലുകളും ഹിന്ദുക്കളുടെ സ്വത്തുവകകള്‍ കൊള്ളചെയ്യലും അരങ്ങേറിയതിന്‍റെ പശ്ചാത്തലത്തില്‍ ഗാന്ധിജി സമാധാനസന്ദേശവുമായി അവിടെ എത്തിയതാണ് ആധുനികഇന്ത്യയെ സംബന്ധിക്കുന്ന ഒരു ചിത്രീകരണം. ഗാന്ധിജി നയിച്ച 1930-ലെ ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹവും അതിനു മുമ്പായി കാണാം. 


സുഭാഷ്ചന്ദ്ര ബോസിന്‍റെ സഫലമാവാത്ത സ്വപ്നങ്ങള്‍ക്കായും ഒരു താളിന്‍റെ അതിര്‍ത്തികളെ സ്വതന്ത്രമാക്കിയിരിക്കുന്നു. ഇന്ത്യയുടെ അഭിമാനത്തിന്‍റെ പ്രതീകമായി ഹിമാലയത്തേയും വരാനിരിക്കുന്ന ഭരണഘടനാപരിഷ്കരണങ്ങളുടെ സൂചകമായി തിരയൊടുങ്ങാത്ത സമുദ്രത്തേയും ചിത്രീകരിച്ചിരിക്കുന്നു. രാജസ്ഥാന്‍റെ കണ്ണീരുപ്പുകലര്‍ന്ന മരുഭൂമിയും പ്രതീകവല്‍ക്കരിച്ചിട്ടുണ്ട്. നിദേശകതത്ത്വങ്ങള്‍ അഥവാ ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സിനെക്കുറിച്ച് പറയുന്ന ഭാഗത്ത് ഗീതോപദേശമാണ് വരച്ചുചേര്‍ത്തിരിക്കുന്നത്. 


കുരുക്ഷേത്രഭൂമിയില്‍ അര്‍ജുനനെ ഉപദേശിക്കുന്ന ശ്രീക്യഷ്ണന്‍. മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന ഭാഗത്ത് രാമായണത്തിലെ ഒരു രംഗമാണ് വരുന്നത്. രാവണനിഗ്രഹം കഴിഞ്ഞ് ലങ്കയില്‍ നിന്നും സീതയുമായി മടങ്ങുന്ന രാമലക്ഷ്മണന്‍മാര്‍. ഈ ചിത്രീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് 1993ല്‍ അലഹബാദ് ഹൈക്കോടതി പരിഗണിച്ച, വിശ്വ ഹിന്ദു അധിവക്ത സംഘ് v/s ഇന്ത്യന്‍ യൂണിയന്‍ എന്ന കേസില്‍ ഇങ്ങനെയൊരു വിധിയുണ്ടായതെന്ന കാര്യവും ശ്രദ്ധേയമാണ്: “Constitutional entity, and, admittedly, a reality of our national culture and fabric and not a myth” (രാമന്‍ എന്നത് വെറും സങ്കല്‍പ്പമോ പുരാവ്യത്തമോ അല്ല. അതിന് ഭരണഘടനാപരമായ അസ്തിത്വമുണ്ട്.  അത് നമ്മുടെ ദേശീയസംസ്ക്യതിയു മായും ദേശീയസ്വത്വത്തിന്‍റെ ഇഴകളുമായും ബന്ധപ്പെട്ടിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്). 



ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന വിപണന സംബന്ധമായ പ്രവര്‍ത്തനങ്ങളെയും വ്യാപാരത്തേയും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന തത്ത്വങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പതിമൂന്നാം ഭാഗത്തിന്‍റെ തുടക്കത്തില്‍ മഹാബലിപുരത്തെ ശിലാഫലകചിത്രണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭഗീരഥന്‍റെ പ്രാര്‍ത്ഥനകളുടേയും പരിശ്രമങ്ങളുടേയും ഫലമായി, സ്വര്‍ഗ്ഗീയ നദിയായിരുന്ന ഗംഗ ഭൂമിയിലേക്ക് പതിച്ചതിന്‍റെ കഥയാണ് ഇവിടെ കൊത്തുപണി ചെയ്തിരിക്കുന്നത്.  


കേന്ദ്രഗവണ്‍മെന്‍റിന്‍റേയും സംസ്ഥാനഗവണ്‍മെന്‍റിന്‍റേയും അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളെ വിവേചിച്ച് പ്രസ്താവിച്ചിരിക്കുന്ന ഏഴാം ഭാഗത്തില്‍ ബുദ്ധന്‍റെ സന്ദേശങ്ങളെ പ്രചരിപ്പിക്കുന്ന അശോകചക്രവര്‍ത്തി യേയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒന്‍പതാം ഭാഗത്തിന്‍റെ തുടക്കത്തിലെ വിക്രമാദിത്യസദസിന്‍റെ ചിത്രീകരണം, കലകളുടെ പോഷണം എന്നും ഭാരതപാരമ്പര്യത്തിന്‍റെ മുഖമുദ്രകളിലൊന്നാ യിരുന്നു എന്ന സത്യം വിളിച്ചോതുന്നു. 











ഭരണഘടനയില്‍ ചിത്രീകരിക്കപ്പെടുന്ന പ്രമുഖമായ ഏക സ്ത്രീ വ്യക്തിത്വം ഝാന്‍സി റാണി ലക്ഷ്മിബായി ആണെന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. ലക്ഷ്മിബായിയോടൊപ്പം അതേ താള്‍ പങ്കിടുന്നത് ടിപ്പു സുല്‍ത്താന്‍ ആണെന്നതാണ് മറ്റൊരു കൗതുകം. ലോക്സഭയിലെ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ച് പാരാമര്‍ശിക്കുന്ന, ഭരണഘടനയുടെ പതിനാറാം ഭാഗത്തിന്‍റെ തുടക്കത്തിലാണ് ഇതുള്ളത്. 


പബ്ളിക് സര്‍വ്വീസ് കമ്മിഷന്‍ അഥവാ പിഎസ്സി ഒരു ഭരണഘടനാസ്ഥാപനം ആവുന്നതെങ്ങനെ എന്നു പറയുന്ന ഭരണഘടനയുടെ പതിനാലാം ഭാഗം പ്രശസ്തമാണല്ലോ. അവിടെ മുഗള്‍ ശില്പചാതുര്യത്തിലെ പശ്ചാത്തലത്തില്‍ ആസനസ്ഥനായിരിക്കുന്ന അക്ബറിന്‍റെ രാജധാനിയാണ് ചിത്രീകരിച്ചിരിക്കുന്നത്.  ഔദ്യോഗികഭാഷയെക്കുറിച്ചുള്ള വ്യവസ്ഥകളെ ഉള്‍ക്കൊള്ളുന്ന പതിനേഴാം ഭാഗത്തിന്‍റെ തുടക്കത്തില്‍ ദണ്ഡിയാത്രയാണുള്ളത്.  ത്രിവര്‍ണ്ണപതാകയെ സല്യൂട്ട് ചെയ്യുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ചിത്രമാണ് പത്തൊമ്പതാം ഭാഗത്തിന്‍റെ തുടക്കത്തില്‍ ചേര്‍ത്തിരിക്കുന്നത്. 


1943 ഒക്ടോബര്‍ 21-ന് നേതാജി സിംഗപ്പൂരില്‍വെച്ച് പ്രൊവിഷണല്‍ ഗവണ്‍മെന്‍റ് ഓഫ് ഫ്രീ ഇന്ത്യ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതിന്‍റെ സ്മരണാര്‍ത്ഥം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ അന്നത്തെ ഔദ്യോഗികമുദ്രയുടെ ഭാഗമായിരുന്ന 'ടിപ്പുസുല്‍ത്താന്‍റെ കടുവ''-യേയും ചിത്രീകരിച്ചിട്ടുണ്ട്.  ആസാദ് ഹിന്ദ് റേഡിയോയിലൂടെ നേതാജി 1944-ല്‍  മഹാത്മാഗാന്ധിക്ക് അയച്ച സന്ദേശത്തേയും ഇത് അനുസ്മരിപ്പിക്കുന്നുണ്ട്: “Father of our Nation, in this holy war for India’s liberation, we ask for your blessings and good wishes.”

ഭരണഘടനയുടെ അച്ചടി



സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് ആയ ഡെറാഡൂണിലെ ഹാഥിബാര്‍ഖല എസ്റ്റേറ്റിന് അനുബന്ധമായുള്ള നോര്‍ത്തേണ്‍ പ്രിന്‍റിങ് ഗ്രൂപ്പ് ഓഫീസ് പ്രസിലാണ് ഭരണഘടനയുടെ കൈയ്യെഴുത്തി പ്രതി മാസ്റ്റര്‍ ആക്കിക്കൊണ്ടുള്ള അച്ചടി നടന്നത്. ആദ്യഅച്ചടിപ്പതിപ്പിന്‍റെ ഓഫീസ് കോപ്പി ഇപ്പോഴും ഇവിടെയുണ്ട്. ആയിരം കോപ്പികളാണ് ആദ്യ എഡിഷനായി അച്ചടിച്ചത്. എന്നാല്‍, സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഏറ്റവും പഴക്കം ചെന്ന പ്രസ് ഡെറാഡൂണിലല്ല, കല്‍ക്കട്ടയിലെ ഈസ്റ്റേണ്‍ പ്രിന്‍റിങ് ഓഫീസിലാണ് ഉണ്ടായിരുന്നത്. 1840-കള്‍ മുതല്‍ക്കേ അത് പ്രവര്‍ത്തിച്ചിരുന്നു. അവിടെയാണ് ഇന്ത്യയുടെ ആദ്യത്തെ പോസ്റ്റല്‍ സ്റ്റാമ്പ് അച്ചടിച്ചത്. 



എന്നിട്ടും ഭരണഘടനയുടെ അച്ചടിക്കായി ഡെറാഡൂണ്‍ പ്രസിനെ ചുമതലപ്പെടുത്തിയതിയത് അവിടെയുള്ള അച്ചടിയന്ത്രത്തിന്‍റെ ഗുണമേന്‍മ കാരണമായിരുന്നു. കല്ലച്ച് എന്നറിയപ്പെടുന്ന ലിത്തോഗ്രാഫ് ഇനത്തില്‍പ്പെട്ട അച്ചടിയന്ത്രങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചതെങ്കിലും ബ്രിട്ടീഷ് കമ്പനിയായ ക്രാബ്ട്രീ ആന്‍റ് സണ്‍സ് നിര്‍മ്മിച്ച അന്നത്തെ ഏറ്റവും മികച്ച സാങ്കേതികത ഉറപ്പുവരുത്തുന്ന അച്ചടിയന്ത്രങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. 

കൈയ്യെഴുത്തിപ്രതിയുള്ള ഗ്രന്ഥശാല







ഇന്ത്യന്‍ ഭരണഘടനയുടെ ഈ യഥാര്‍ത്ഥ കാലിഗ്രാഫിക് പകര്‍പ്പുകള്‍ രണ്ടും പാര്‍ലമെന്‍റ് ലൈബ്രറിയിലാണ് ഇപ്പോള്‍ സൂക്ഷിച്ചിട്ടുള്ളത്. ഭരണഘടനാശില്പികളുടെ കൈയ്യൊപ്പുള്ളതിനാല്‍ ഇതിന് സവിശേഷമായ ചരിത്രപ്രാധാന്യമുണ്ട്. 1980-കളുടെ മധ്യത്തില്‍, ഈ കാലിഗ്രാ ഫിക് പതിപ്പുകള്‍ ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഉചിതമായ പരിരക്ഷനടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നതുമായ ആവശ്യം ശക്തമായി. 

തുടര്‍ന്ന് നടന്ന ശാസ്ത്രീയ പരിശോധനയില്‍ പേപ്പറിന്‍റെ തെളിച്ചം നിലനിറുത്തുക, സുവര്‍ണ്ണഅക്ഷരങ്ങളുടെ തിളക്കം നിലനിറുത്തുക എന്നിവ അത്യാവശ്യമായി പരിഹരിക്കേണ്ടുന്നവയായി തിരിച്ചറിയപ്പെട്ടു. ലഖ്നൗ ആസ്ഥാനമായുള്ള നാഷണല്‍ റിസര്‍ച്ച് ലബോറട്ടറി ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് കള്‍ച്ചറല്‍ പ്രോപ്പര്‍ട്ടി ആണ് ഇതു സംബന്ധമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ കാലിഗ്രാഫിക് പതിപ്പുകള്‍ രണ്ടും വായുബദ്ധമായ ഒരു സ്ഫടികക്കൂട്ടില്‍ സൂക്ഷിക്കാനായുള്ള ജോലി ന്യൂഡെല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയേയാണ് ഏല്‍പ്പിക്കപ്പെട്ടത്. 

ഓക്സീകരണം, അന്തരീക്ഷവായുവിലെ മലിനീകാരികള്‍ കൊണ്ടുള്ള രാസമാറ്റങ്ങള്‍, സൂക്ഷ്മജീവികളുടെ ആക്രമണം എന്നിവയെ തടയാന്‍ നിഷ്ക്രിയവാതകം നിറച്ചതാവണം സ്ഫടികക്കൂട് എന്ന് നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി നിര്‍ദ്ദേശിച്ചു. പേടകത്തിന്‍റെ അരികുകള്‍ വെള്ളിലോഹവും കറുത്തീയവും കൊണ്ടാണ് വായുബദ്ധമാക്കിയത്. കൂടാതെ ചില ജൈവപദാര്‍ത്ഥങ്ങളും സീലിങിനായി ഉപയോഗിച്ചു. 



1988-89 കാലഘട്ടത്തില്‍, നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി നടത്തിയ പരിശോധനയില്‍ സ്ഫടികക്കൂട് കാര്യമായ സംരക്ഷണം നല്‍കുന്നില്ല എന്ന് കണ്ടെത്തപ്പെട്ടു. 1989-ല്‍, പാരീസിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയവുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായി, അമേരിക്കയിലെ ഗെറ്റി കണ്‍സര്‍വേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ബന്ധപ്പെടുകയും  കെയ്റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ മമ്മികളെ സംരക്ഷിച്ചുസൂക്ഷിക്കാനായി രൂപകല്‍പ്പന ചെയ്യപ്പെട്ടവയുടെ മാത്യകയിലുള്ള സ്ഫടികക്കൂടുകള്‍ നിര്‍മ്മിച്ചുനല്‍കാനായി 1993 ജൂലൈയില്‍ കരാറിലേര്‍പ്പെടുകയും ചെയ്തു. 

തുടര്‍ന്ന്, നൈട്രജന്‍ നിറച്ച തും ഓക്സിജന്‍റെ അളവ് 1000 പിപിഎംല്‍ താഴെയാക്കി നിജപ്പെടുത്തിയിട്ടുള്ളതുമായ സ്ഫടികക്കൂട്ടില്‍ 4050% ആപേക്ഷിക ആര്‍ദ്രതയിലാണ് ഇപ്പോള്‍ ഭരണഘടനയുടെ കൈയ്യെഴുത്തുപ്രതികള്‍ പാര്‍ലമെന്‍റ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

Reference: Suresh, S. (2025). Constitutional ImagiNations: on the Imaginal Foundations of the Indian Constitution. International Journal of Law in Context, 1-22. doi:10.1017/S1744552324000454. 

Link to full text: https://www.cambridge.org/core/services/aop-cambridge-core/content/view/1DDF8389BFDD83211FE16B3D527DB0BC/S1744552324000454a.pdf/constitutional-imaginations-on-the-imaginal-foundations-of-the-indian-constitution.pdf