Saturday, January 3, 2026

ഫ്രഡ് ഹോയലിനെ ഓര്‍ക്കുമ്പോള്‍

പതിനഞ്ചാം വയസ്സില്‍, അടുക്കളയില്‍ വച്ച് ഫോസ്ജീന്‍ എന്ന വിഷവാതകം ഉണ്ടാക്കുകയും  അതിനനുബന്ധമായുണ്ടായ ഒരു പൊട്ടിത്തെറിയിലൂടെ അനുജത്തിയെ പേടിപ്പിക്കുകയും ചെയ്ത ഒരു കൊച്ചുപയ്യന്‍, ഭാവിയില്‍ അതിനെക്കാള്‍ വലിയ ഒരു സൈദ്ധാന്തിക സ്ഫോടനത്തിലൂടെ ലോകത്തെ മുഴുവന്‍ അസ്തപ്രജ്ഞരാക്കുകയുണ്ടായി. അതായിരുന്നു ഫ്രെഡ് ഹോയ്ല്‍. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടോ എന്ന ചോദ്യത്തിന് അന്നത്തേയും എന്നത്തേയും ഉത്തരമായി ആധുനികശാസ്ത്രലോകം ഉന്നയിച്ചിരുന്ന ബിഗ്ബാങ് തിയറി എന്ന മഹാവിസ്ഫോടനസിദ്ധാന്തത്തെയായിരുന്നു ഫ്രെഡ്ഹോയല്‍ തന്‍റെ സ്വന്തം ചിന്താമണ്ഡലത്തില്‍ സ്യഷ്ടിച്ച ഒരു ചെറിയ പൊട്ടിത്തെറി കൊണ്ട് അസാരം വിറപ്പിച്ചുവിട്ടത്. 

ലോകംകണ്ടിട്ടുള്ള ഏറ്റവും വലിയ ആണവഭൗതികജ്ഞരിലൊരാളായ ഫ്രെഡ്ഹോയല്‍, 1915 ജൂണ്‍ 24-ന് വടക്കേ ഇംഗ്ളണ്ടിലെ അതിസുന്ദരമായ ജനവാസകേന്ദ്രങ്ങളിലൊന്നായ യോര്‍ക്ക്ഷെയറിലാണ് ജനിച്ചത്. സ്കൂളിലെത്തുന്നതിനുമുമ്പേ ആദ്യ ഗുരുനാഥനായ പിതാവില്‍നിന്നും കേട്ടറിഞ്ഞ കഥകളിലൂടെയും സമ്മാനമായിക്കിട്ടിയ കളിപ്പാട്ടങ്ങളിലൂടെ യാണ് ശാസ്ത്രസത്യങ്ങളെ പരിചയപ്പെടാനാരംഭിച്ചത്. ഹൈസ്ക്കൂളിലെത്തുമ്പോള്‍ത്തന്നെ ഗണിതശാസ്ത്രവും രസതന്ത്രവും ഭൗതികശാസ്ത്രവും ഇഷ്ടവിഷയങ്ങളായിരുന്നു. 1933-ല്‍ കേംബ്രിഡ്ജില്‍ ഭൗതികശാസ്ത്രം ഐച്ഛികമായി ബിരുദപഠനത്തിനായി ചേര്‍ന്നു. എന്നാല്‍, വൈകാതെതന്നെ പ്രൊഫസറെ കണ്ട് തന്‍റെ ഇംഗിതം അറിയിച്ചു: എന്‍റെ ഇഷ്ടവിഷയം ഗണിതശാസ്ത്രമായതിനാല്‍ എന്നെ അതിലേക്ക് മാറ്റിത്തരുമാറാവണം! പക്ഷേ, യഥാര്‍ത്ഥത്തില്‍ അതൊരു കള്ളമായിരുന്നു. അസ്ട്രോഫിസിക്സ് എന്ന സ്വപ്നസന്നിഭമായ വൈജ്ഞാനികവിഹായസ്സിലേക്കുള്ള തന്‍റെ യാത്രയില്‍ തനിക്ക് ചിറകുകളാവാന്‍ കഴിയുന്നത് കേംബ്രിഡ്ജിലെ ഗണിതശാസ്ത്രത്തിനു മാത്രമായിരിക്കുമെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു. ഗണിതശാസ്ത്രത്തിലൂടെയുള്ള തന്‍റെ യാത്രകള്‍ അതിന്‍റെ ആഴങ്ങളെ ആസ്വദിക്കാനായി വിനിയോഗിച്ച അദ്ദേഹം ആസ്വാദനത്തിന്‍റെ ആ പാരമ്യതയില്‍ രണ്ടാം വര്‍ഷത്തേക്കുള്ള കേംബ്രിഡ്ജ് പാഠ്യപദ്ധതിയെ പാടേ അവഗണിച്ചുകൊണ്ടാണ് മുന്നോട്ടുപോയതെങ്കിലും പഠനാവസാനത്തിനുമുമ്പേ അതിന്‍റെ പ്രഭാവത്തില്‍നിന്നും വിടുതി നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഉയര്‍ന്ന മാര്‍ക്കോടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് അന്ന് കേംബ്രിഡ്ജിലെ ഏറ്റവും പ്രശസ്തമായ ലബോറട്ടറിയായി പേരെടുത്തിരുന്ന കാവെന്‍ഡിഷ് ലബോറട്ടറിയില്‍ ഗവേഷണവിദ്യാര്‍ത്ഥിയായി പ്രവേശനം നേടാനായി. ഏണസ്റ്റ് റുഥര്‍ഫോര്‍ഡ് എന്ന വിഖ്യാതശാസ്ത്രജ്ഞന്‍റെ ശ്രമഫലമായി ലോകോത്തരനിലവാരത്തിലേക്കെത്തിയ ഗവേഷണശാലയായിരുന്നു അത്.

ഗവേഷണവും യുദ്ധവും

റുഡോള്‍ഫ് പിയേള്‍സ് (Rudolph Peierls) എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞനെയായിരുന്നു അദ്ദേഹം തന്‍റെ അധ്യാപകനായി തിരഞ്ഞെടുത്തത്. ഹിറ്റ്ലര്‍ ജൂതവംശജരെ കൊന്നൊടുക്കിയിരുന്ന സമയത്ത് അവിടെ നിന്നും സ്റ്റാലാന്‍റെ റഷ്യയില്‍ അഭയംതേടിയ കുടുംബമായിരുന്നു റുഡോള്‍ഫ് പിയേള്‍സിന്‍റേത്. എന്നാല്‍ ജര്‍മ്മനിയിലായിരുന്നപ്പോേള്‍ അദ്ദേഹത്തിന് ഒരു ഭാഗ്യം സിദ്ധിച്ചിരുന്നു: ക്വാണ്ടംഭൗതികരംഗത്തെ പ്രഗത്ഭരിലൊന്നായ വെര്‍ണര്‍ ഹെയ്സന്‍ബെര്‍ഗിന്‍റെ കീഴിലായിരുന്നു അദ്ദേഹം ക്വാണ്ടംഭൗതികത്തിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അതിലൂടെ ലഭിച്ച ഉള്‍ക്കാഴ്ച ഹോയലിലേക്കും പകരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്‍റിക്കോ ഫെര്‍മി (Enrico Fermi) എന്ന പ്രശസ്ത ന്യൂക്ളിയാര്‍ ശാസ്ത്രജ്ഞനെ  റോമില്‍ സന്ദര്‍ശിക്കുകയും ആറു മാസത്തോളം അദ്ദേഹവുമൊത്ത് ചിലവഴിക്കുകയും ചെയ്തശേഷം മടങ്ങിവന്ന സമയത്താണ് ഹോയല്‍ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്നത്. അതുകൊണ്ട് ആണവവികിരണശേഷിയുള്ള വസ്തുക്കളുടെ ബീറ്റാകിരണ ഉത്സര്‍ജനം സംബന്ധമായി എന്‍റിക്കോ ഫെര്‍മി 1933-ല്‍ ഉന്നയിച്ചിരുന്ന സിദ്ധാന്തത്തെക്കുറിച്ച് പഠിക്കാനായിരുന്നു പിയേള്‍സ്, ഹോയലിനോട് ആദ്യമായി നിര്‍ദ്ദേശിച്ചത്. 

എന്നാല്‍ ഒരു വര്‍ഷത്തിനകം പുതിയൊരു സ്ഥാനലബ്ധിയെത്തുടര്‍ന്ന് കേംബ്രിഡ്ജ് ഉപേക്ഷിച്ചുപോയതിനാല്‍ ആ ഗവേഷണം പാതിവഴിയില്‍ മുറിഞ്ഞു. പകരംവന്ന പോള്‍ ഡിറാക്ക് (Paul Dirac) എന്ന പ്രശസ്ത ശാസ്ത്രജ്ഞനായിരുന്നു ക്വാണ്ടംഭൗതികത്തിന്‍റെ മേഖലയിലെ ഹോയലിന്‍റെ രണ്ടാം ഗുരുനാഥനായത്. 1938-ലായിരുന്നു ഇത്. എന്നാല്‍ ഒരു വര്‍ഷത്തിനകം രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ശാസ്ത്രജ്ഞന്‍മാരെയെല്ലാം പ്രത്യേകിച്ച് ആണവശാസ്ത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയെല്ലാം നിര്‍ബന്ധമായി ആയുധഗവേഷണത്തിനായി അണിനിരത്തുന്ന സ്ഥിതിവന്നു. അതുമുന്‍കൂട്ടിക്കണ്ട ഹോയല്‍ തന്‍റെ ഗവേഷണമേഖലയില്‍ ഉടനടി മാറ്റംവരുത്താന്‍ ശ്രമിച്ചുവെങ്കിലും കേംബ്രിഡ്ജ് അധികാരികള്‍ അതിന് അനുമതി നല്‍കിയില്ല. അങ്ങനെ ഹോയലും യുദ്ധത്തെ സഹായിക്കുന്നതരത്തിലുള്ള എന്തെങ്കിലും ചെയ്യുവാന്‍ നിയോഗിക്കപ്പെട്ട് ബ്രിട്ടീഷ് നാവികസേനയുടെ രഹസ്യഗവേഷണകേന്ദ്രത്തിലെത്തി. കടല്‍യുദ്ധത്തിനു സഹായകമാവുന്നതരത്തില്‍ റഡാറുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയായിരുന്നു ഹോയലിന്‍റെ ജോലി. യുദ്ധം കഴിഞ്ഞപ്പോള്‍ അദ്ദേഹം അധ്യാപകനായി കേംബ്രിഡ്ജിലേക്ക് തിരിച്ചുവന്നു. പിന്നീടായിരുന്നു അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥമായ കര്‍മ്മമേഖലയായ കണികാഭൗതികത്തില്‍ തന്‍റെ കഴിവുതെളിയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. പ്രപഞ്ചത്തില്‍ മൂലകങ്ങള്‍ ഉണ്ടായിവന്നതെങ്ങനെ എന്നതിനെക്കുറിച്ച് സ്വന്തമായ വിശകലനങ്ങള്‍ സ്യഷ്ടിക്കാനും വിവിധങ്ങളായ അത്തരം സാധ്യതകളെക്കുറിച്ച് ആഴത്തില്‍ പഠിക്കുവാനും അക്കാലങ്ങളില്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ബിഗ്ബാങിനെതിരെ

പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുകയാണെന്നും അത് പ്രപഞ്ചത്തിന്‍റെ തുടക്കം ഒരു മഹാവിസ്ഫോടനത്തില്‍നിന്നുമാണെന്ന സിദ്ധാന്തം ഒരു അനുമാനത്തിന്‍റെ രൂപത്തില്‍ ആദ്യമായി ഉന്നയിച്ചത് ബെല്‍ജിയത്തിലെ ഒരു കത്തോലിക്കാ പുരോഹിതനും ശാസ്ത്രജ്ഞനുമായിരുന്ന ജോര്‍ജെസ് ലമെത്രേ (Georges Lemaitre) ആയിരുന്നു. എഡ്വിന്‍ ഹബിള്‍ ദൂരദര്‍ശിനിയിലൂടെ കണ്ട ചില കാര്യങ്ങള്‍ പ്രസ്തുത സിദ്ധാന്തത്തിനുള്ള തെളിവായും അംഗീകരിക്കപ്പെട്ടു. എന്നാല്‍ ഹോയല്‍ ഇതിനോട് വിയോജിച്ചു. മഹാവിസ്ഫോടനത്തില്‍ നിന്നായിരുന്നു പ്രപഞ്ചത്തിന്‍റെ തുടക്കം എന്നു പറയുന്നത് പ്രപഞ്ചസ്യഷ്ടാവെന്ന നിലയില്‍ ദൈവത്തെ അവരോധിക്കാനുള്ള സൂത്രപ്പണിയാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, ലമത്രെ പറയുന്നതിനൊന്നും ശാസ്ത്രീയമായ ഒരടിത്തറയുമില്ലെന്നും അദ്ദേഹം വാദിച്ചു. അതേ അഭിപ്രായമുള്ള മറ്റൊരാളായിരുന്നു രണ്ടാം ലോകമഹായുദ്ധകാലത്തെ റഡാര്‍ പര്യവേക്ഷണങ്ങള്‍ക്കിടെ പരിചയപ്പെട്ട ഹെര്‍മന്‍ ബോണ്ടി (Hermann Bondi). തോമസ് ഗോള്‍ഡ് (Thomas Gold) എന്ന മൂന്നാമതൊരാളെയുംകൂടി കണ്ടെത്താനായപ്പോള്‍ മൂന്നുപേരും ചേര്‍ന്ന് അതൊരു സിദ്ധാന്തമായെഴുതി. ഇന്നു നാം കാണുന്ന പ്രപഞ്ചം എന്നും ഇങ്ങനെതന്നെയായിരുന്നുവെന്നും അത് സ്ഥിരതയുള്ള ഒന്നാണെന്നതുമായിരുന്നു ഹോയല്‍പക്ഷസിദ്ധാന്തത്തിന്‍റെ കാതല്‍. സ്ഥിതപ്രപഞ്ചവാദം അഥവാ സ്റ്റെഡി സ്റ്റേറ്റ് തിയറി (Steady State Theory) എന്നാണ് ഇതറിയപ്പെട്ടത്. 1948-ലാണ് ഈ സിദ്ധാന്തം പുറത്തുവന്നത്. 

ഗ്യാലക്സികള്‍ പരസ്പരം അകന്നുപോവുന്നതാണ് എഡ്വിന്‍ ഹബിള്‍ കണ്ടത്. എന്നാല്‍ പ്രപഞ്ചം സ്ഥിരമായി നിന്നാലും ഇങ്ങനെ സംഭവിക്കുമെന്ന് ഹോയല്‍ പറഞ്ഞു. നക്ഷത്രസമൂഹങ്ങളായ ഗ്യാലക്സികള്‍ക്കിടയില്‍ പുതുതായി ദ്രവ്യം സ്യഷ്ടിക്കപ്പെടുന്നുണ്ട്. അതിനാലാണ് അവ പരസ്പരം തള്ളിമാറ്റപ്പെടുന്നത്. പുതുദ്രവ്യം പിന്നീട് നക്ഷത്രങ്ങളായും നക്ഷത്രസമൂഹങ്ങളായും മാറി പഴയവ നീങ്ങിപ്പോയ വിടവു നികത്തുന്നു. ഇത് അനസ്യൂതമായി തുടരുന്നു. ജലപ്പരപ്പിലേക്ക് ഉയര്‍ന്നുവരുന്ന കുമിളകള്‍ പൊട്ടുന്നതുപോലെ. പക്ഷേ, ജലാശയം സ്ഥിരമായി നില്‍ക്കുന്നു. അതുപോലെയാണ് പ്രപഞ്ചവും. ലമെത്രെ പറഞ്ഞതിന് കടകവിരുദ്ധവും ശാസ്ത്രീയസമവാക്യങ്ങളിലൂടെയുള്ള സാധൂകരണവും സാധ്യമാവുന്നതായിരുന്നു ഹോയലിന്‍റെ വിലയിരുത്തലുകള്‍. എങ്കിലും ഈശ്വരനിക്ഷേധം അടിത്തറയാവുന്നു എന്ന കാരണത്താല്‍ ഹോയല്‍സിദ്ധാന്തം ലെമത്രെയുടെ സിദ്ധാന്തത്തെക്കാള്‍ ബഹുദൂരം പിന്നിലാക്കപ്പെട്ടു. 
അതേസമയം ലമെത്രെയുടെ സിദ്ധാന്തത്തിന് ഇന്നറിയപ്പെടുന്നതരത്തിലുള്ള ഒരു പേരുനല്‍കിയത് ഹോയല്‍ ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്. 1949 മാര്‍ച്ച് 28ാം തിയതി ബിബിസി റേഡിയോയിലൂടെ നടത്തിയ ഒരു പ്രഭാഷണത്തിലാണ് ബിഗ്ബാങ് (മഹാവിസ്ഫോടനം) എന്ന പദം അദ്ദേഹം ആദ്യമായി ഉപയോഗിക്കുന്നത്. ജോര്‍ജ് ഗാമോവ് എന്ന ശാസ്ത്രജ്ഞന്‍ അത് ഏറ്റുപിടിച്ചതോടെയാണ് സംഗതി വിവാദമായത്. 'ബാങ്'' എന്ന പദം അവഹേളനപരവും അശ്ലീലഅര്‍ത്ഥം കലര്‍ന്നതുമാണെന്ന് എതിരാളികള്‍ പറഞ്ഞു. 'ബിഗ്چഎന്നു കൂടി ചേര്‍ക്കുന്നതിലൂടെ അതില്‍ അന്തര്‍ലീനമായിരിക്കുന്ന നിന്ദാസ്വരം ഇരട്ടിച്ചതായും അവര്‍ പറഞ്ഞു. ഇത്തരം വ്യത്തികേടുകള്‍ വിളിച്ചുപറയാന്‍ ബിബിസി അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഹോയല്‍ വളരെയേറെ സാത്വികമായ ഭാവഹാവാദികളോടെയാണ് ഇതിനെ നേരിട്ടത്. ലെമത്രെയുടെ സിദ്ധാന്തത്തിന്‍റെ അന്തരാംശത്തെ നല്ല അര്‍ത്ഥത്തില്‍  ബഹിസ്ഫുരണം ചെയ്യിക്കുകമാത്രമായിരുന്നു തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ബൈബിളിലെ ഉല്‍പ്പത്തിപുസ്തകത്തെ അനുസ്മരിപ്പിക്കുന്നതരത്തില്‍ അതിനൊരു ജനപ്രിയത വരുത്താനായിരുന്നു തന്‍റെ ശ്രമമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പക്ഷം. ശാസ്ത്രം മതചിന്തയില്‍ അഭയംതേടുന്നത് ശരിയല്ലെന്നും ഹോയല്‍ പറഞ്ഞു.
ഗ്യാലക്സികള്‍ക്കിടയില്‍ പുതിയവ സ്യഷ്ടിക്കപ്പെടുന്ന സ്ഥലത്തെ സ്യഷ്ടിക്ഷേത്രം അഥവാ സി ഫീല്‍ഡ് (C-field, Creation Field)  എന്നാണ് അദ്ദേഹം പേര്‍വിളിച്ചത്. പ്രപഞ്ചത്തിലെ ഊര്‍ജ്ജവിതരണം കണക്കിലെടുക്കുമ്പോള്‍ ഋണഊര്‍ജ്ജത്തിന്‍റെ തപസ്ഥാനങ്ങളാവുന്നവയാണ് സ്യഷ്ടിക്ഷേത്രങ്ങളെന്നും ഹോയല്‍ പറഞ്ഞു. ഇത് ഉത്പ്ളവന(Cosmic Inflation)ത്തിന് കാരണമാവുന്നുവെന്നും ഇതാണ് പ്രപഞ്ചത്തെ നോക്കുന്ന ഒരാള്‍ക്ക് അത് വികസിക്കുന്നുവെന്ന ബോധമുളവാക്കുന്നതെന്നും സമര്‍ത്ഥിക്കാന്‍ ഹോയല്‍ പറഞ്ഞു. നിരന്തരമെന്നോണം നക്ഷത്രസമൂഹങ്ങള്‍ സ്യഷ്ടിക്കപ്പെടുകയും നശിക്കുകയും ചെയ്യുന്നു. അതിനിടയ്ക്കുള്ള കാലഘടന നമുക്ക് സങ്കല്‍പ്പിക്കാനാവുന്നതിലും വലുതായതിനാലാണ് നാമത് മനസ്സിലാക്കാത്തത്. എന്നാല്‍, ഹോയലിന്‍റെ ഇത്തരം വിശകലനങ്ങള്‍ക്ക് വിരുദ്ധമായ തെളിവുകളാണ് ശാസ്ത്രലോകത്തിന് കിട്ടിക്കൊണ്ടിരുന്നത്. 
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മഹാവിസ്ഫോടനത്തിന്‍റെ  ബാക്കിപത്രങ്ങളെന്നതരത്തില്‍ പ്രപഞ്ചത്തില്‍നിറയുന്ന പശ്ചാത്തലവികിരണ(Background Radiation)ങ്ങളുടെ കണ്ടെത്തല്‍. മഹാവിസ്ഫോടനത്തിന്‍റെ പ്രകമ്പനങ്ങളായാണ് അവ പ്രപഞ്ചത്തില്‍ വിലയം പ്രാപിച്ചിരിക്കുന്നതത്രേ. 1960-കളിലെ ഇതിന്‍റെ കണ്ടെത്തല്‍ ഹോയലിനേറ്റ വലിയൊരു തിരിച്ചടിയായിരുന്നു. ഇന്നും മഹാവിസ്ഫോടനസിദ്ധാന്തത്തെ നിലനിറുത്തുന്നത് പശ്ചാത്തലവികിരണങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്നതരത്തില്‍ വന്നുകൊണ്ടിരിക്കുന്ന തെളിവുകളാണ്. ഇന്ന് പ്രപഞ്ചത്തില്‍ ചിതറിക്കിടക്കുന്നതായി നമുക്കു തോന്നുന്ന ഗ്യാലക്സികളുടെ സ്ഥാനത്തിന് വിദൂരമായ തുടക്കകാലത്തിലുണ്ടായിരുന്ന ഒരു വരപ്പലകയിലെ ബിന്ദുക്കളുടെ സ്ഥാനവുമായി ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പറയുന്നത്. ഇത് ശരിവെക്കുന്ന തരത്തിലാണത്രേ പശ്ചാത്തലവികിരണങ്ങള്‍ പ്രപഞ്ചത്തില്‍ വിലയംചെയ്യപ്പെട്ടിരിക്കുന്ന തത്രേ. ഹോയല്‍ പക്ഷേ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. 1993-ല്‍, ക്വാസിസ്റ്റെഡി സ്റ്റേറ്റ് കോസ്മോളജി (Quasi-Steady State Cosmology)  എന്ന പുതിയൊരു സിദ്ധാന്തവുമായി അദ്ദേഹം രംഗത്തെത്തി. എന്നാല്‍ ശാസ്ത്രസമൂഹത്തിന്‍റെ വിശ്വാസമാര്‍ജ്ജിക്കാന്‍ അതിനു കഴിഞ്ഞില്ല. എങ്കിലും,  2001 ഓഗസ്റ്റ് 20-ന് മരിക്കുന്നതു വരേയ്ക്കും താന്‍ പറയുന്നതാണു ശരി എന്നുതന്നെയാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.

ഹോയലിന്‍റെ പേരില്‍ ബാക്ടീരിയയും

ജീവന്‍ അസാദ്ധ്യമെന്ന് കരുതപ്പെടുന്ന അന്തരീക്ഷത്തിന്‍റെ ഉയര്‍ന്നവിതാനങ്ങളില്‍നിന്ന് കണ്ടെത്തിയ ബാക്ടീരിയയ്ക്ക് ശാസ്ത്രജ്ഞര്‍ ജാനിബാക്ടര്‍ ഹോയ്ലി (Janibacter hoylei) എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഭൗമോപരിതലത്തില്‍നിന്ന് 20 മുതല്‍ 41 കിലോമീറ്റര്‍വരെ ഉയരത്തിലുള്ള അന്തരീക്ഷത്തില്‍നിന്നുമാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഇതിനെ കണ്ടെത്തിയത്. ഹൈദ്രാബാദിലുള്ള നാഷണല്‍ ബലൂണ്‍ ഫെസിലിറ്റിയില്‍നിന്നും വിട്ടയച്ച ഒരു നിരീക്ഷണബലൂണാണ് ഈ പുതിയയിനം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. 

2009-ല്‍ നടന്ന ഈ പരീക്ഷണത്തിനാവശ്യമായ സാങ്കേതികസഹായം നല്‍കിയത് ഐഎസ്ആര്‍ഒ ആയിരുന്നു. അതുകൊണ്ട് ഇതോടൊപ്പം കണ്ടെത്തപ്പെട്ട മറ്റൊരു ബാക്ടീരിയയ്ക്ക് ബാസിലസ് ഐഎസ്ആര്‍ഒയെന്‍സിസ് (Bacillus isronensis) എന്നാണ് പേരുനല്‍കപ്പെട്ടത്. ബാസിലസ് ആര്യഭട്ട (Bacillus aryabhata) എന്നതായിരുന്നു ഈ ബലൂണ്‍നിരീക്ഷണത്തിലൂടെ ഇന്ത്യയുടെ അന്തരീക്ഷത്തില്‍നിന്നും സാന്നിധ്യം തെളിയിക്കപ്പെട്ട മൂന്നാമത്തെ ഇനം ബാക്ടീരിയയുടെ പേര്.

ഹോയലിന്‍റെ പുസ്തകങ്ങള്‍

തന്‍റെ ഗവേഷണവിഷയത്തെക്കുറിച്ചുള്ള ആധികാരികരചനകളോടൊപ്പം പ്രശസ്തമായ ചില ശാസ്ത്രനോവലുകളും ഫ്രെഡ്ഹോയലിന്‍റേതായുണ്ട്. ദ ബ്ളാക്ക് ക്ളൗഡ് (The Black Cloud) എന്നതാണ് ഇവയില്‍ പ്രശസ്തം. 1957-ലാണ് ഇത് പുറത്തുവന്നത്. എ ഫോര്‍ ആന്‍ഡ്രോമേഡ (A for Andromeda) എന്ന പേരില്‍ ഒരു ടെലിവിഷന്‍ സീരീസും ഇദ്ദേഹത്തിന്‍റേതായുണ്ട്. ഇത് പിന്നീട് ഇതേപേരില്‍ നോവലായി പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഒക്ടോബര്‍ ദ ഫസ്റ്റ് ഈസ് ടൂ ലേറ്റ് (October the First is too Late) അടക്കം ഇരുപതോളം ശാസ്ത്രകഥകള്‍ ഇദ്ദേഹത്തിന്‍റേതായുണ്ട്.

ഹോയലിന്‍റെ ഇന്ത്യന്‍ പിന്‍ഗാമി

മഹാവിസഫോടനത്തെ ശരിവെയ്ക്കുന്നതരത്തിലുള്ള കണികാസിദ്ധാന്ത (Theories in Particle Physics)ങ്ങളെയാണ് യഥാര്‍ത്ഥമെന്ന തരത്തില്‍ ഇന്ന് ലോകം അംഗീകരിച്ചിരിക്കുന്നത്. പരീക്ഷിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടത് എന്ന അര്‍ത്ഥത്തില്‍, څസ്റ്റാന്‍ഡേര്‍ഡ്چ എന്ന മുന്‍പേര് ചേര്‍ത്ത് അതിനെ വിളിക്കുന്നത് അതുകൊണ്ടാണ്. സ്റ്റാന്‍ഡേര്‍ഡ് മോഡല് (Standard Model)   എന്നറിയപ്പെടുന്ന ഇതിനെ അടിസ്ഥാനമാക്കിയാണ് ആധുനിക കണികാഭൗതികവും ഖഗോളവിജ്ഞാനവും ഇന്ന് നിലനില്‍ക്കുന്നത്. ഇതിനു ബദലായി, ഹോയലുമായിച്ചേര്‍ന്ന് ഒരു വിപരീതസിദ്ധാന്തം എഴുതിയുണ്ടാക്കിയ ശാസ്ത്രജ്ഞനാണ് ഇന്ത്യക്കാരനായ ജയന്ത് വിഷ്ണു നര്‍ലിക്കര്‍. ഹോയല്‍നര്‍ലിക്കര്‍ സിദ്ധാന്തം എന്നറിയപ്പെടുന്ന ഇതേക്കുറിച്ച് എ ഡിഫറന്‍റ് അപ്രോച് ടു കോസ്മോളജി (A Different Approach to Cosmology)  എന്ന പുസ്തകത്തില്‍ അദ്ദേഹം വിശദമാക്കുന്നുണ്ട്. 1938-ല്‍ മഹാരാഷ്ട്രയിലെ കൊല്‍ഹാപ്പൂരില്‍ ജനിച്ച ഇദ്ദേഹം അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരനും വിദ്യാഭ്യാസവിചക്ഷനുംകൂടിയാണ്. പത്മഭൂഷണും പത്മവിഭൂഷണും നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായിട്ടുണ്ട്.