വാള്‍ട്ടണ്‍ പറഞ്ഞ കഥ
കാല്‍പ്പനികതയുടെ ശിശിരം വിട്ടൊഴിയാത്ത കഥാപരിസരത്തുനിന്നും അതുല്യമായ ഒരു ശാസ്ത്രകഥയെ വീണ്ടെടുക്കുകയായിരുന്നു മേരി ഷെല്ലിയെന്നാണ് പ്രശസ്ത ബ്രിട്ടീഷ് ചിന്തകനായ ബ്രിയാന്‍ അള്‍ഡിസ് അവകാശപ്പെടുന്നത്. ആംഗലേയസാഹിത്യചരിത്രത്തിലെ ആദ്യത്തെ 'ലക്ഷണയുക്തമായ സയന്‍സ് ഫിക്ഷന്‍ എന്ന ശീര്‍ഷകം അവകാശമാക്കുമ്പോഴും അതിന്‍റെ ദുഃസ്വപ്നപൂരിതമായ വിഹ്വലതകളില്‍ അഭിരമിക്കുവാനാണ് ഫ്രാങ്കെസ്റ്റീനിന്‍റെ എന്നത്തേയും വായനക്കാര്‍ ആഗ്രഹിച്ചിരുന്നത്. അത്തരമൊരു ഭാവനാചാരുതയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു സംഭവ്യതയെ അവതരിപ്പിച്ചുകൊണ്ടാണ് നോവല്‍ സമാംരംഭിക്കുന്നത്. ക്യാപ്റ്റണ്‍ റോബര്‍ട്ട് വാള്‍ട്ടണ്‍ (Robert Walton) അദ്ദേഹത്തിന്‍റെ സഹോദരിയായ മാര്‍ഗരറ്റ് വാള്‍ട്ടണ്‍ സാവില്ലേ (Margaret Walton Saville)യ്ക്ക് എഴുതുന്ന കത്തുകളുടെ രൂപത്തിലാണ് ഫ്രാങ്കെന്‍സ്റ്റീനിന്‍റെ കഥ അവതരിപ്പിക്കപ്പെടുന്നത്.
എഴുത്തുകാരനെന്ന നിലയില്‍ പേരെടുക്കാനാഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ക്യാപ്റ്റണ്‍ റോബര്‍ട്ട് വാള്‍ട്ടണ്‍. അതിനായുള്ള അനുഭവങ്ങള്‍ തേടി അദ്ദേഹം ഉത്തരധ്രുവത്തിലേക്ക് യാത്ര ചെയ്യുന്നു. മഞ്ഞുമൂടിയ ലോകത്തുവച്ച് വളരെ വിചിത്രമായ ഒരു കാഴ്ച അവര്‍ കാണുന്നു: തെന്നുവണ്ടി വലിക്കുന്ന അസാമാന്യവലിപ്പമുള്ള ഒരു ഭീകരസത്വം. പക്ഷേ, കൂടുതലെന്തെങ്കിലും സംഭവിക്കുന്നതിനുമുമ്പ് ആ ഭീകരരൂപം മഞ്ഞില്‍ മറയുന്നു. അല്പം കഴിഞ്ഞ് മഞ്ഞണിഞ്ഞ നിലത്ത് തണുത്തവശനായി കിടക്കുന്ന ഒരു മനുഷ്യനെ ക്യാപ്റ്റന്‍റെ സംഘം കണ്ടെത്തുന്നു. അന്വേഷണത്തില്‍ വിക്ടര്‍ ഫ്രാങ്കെസ്റ്റീന്‍ എന്ന പേരു പറയുന്ന അയാള്‍ ഒരു ഭീകരജീവിയെ അന്വേഷിക്കുകയായിരുന്നു. ഏതാണാ ജീവിയെന്ന ചോദ്യത്തിനു മറുപടിയായി ഫ്രാങ്കെന്‍സ്റ്റീന്‍ തന്‍റെ കഥ പറയാനാരംഭിക്കുന്നു.
ജനീവയിലെ ഒരു ധനികകുടുംബത്തിലായിരുന്നു വിക്ടര്‍ ഫ്രാങ്കെസ്റ്റീനിന്‍റെ ജനനം. വിക്ടറുടെ ബാല്യകാലസഖിയായിരുന്നു എലിസബത്ത് ലവെന്‍സ (Elizabeth Lavenza). വിക്ടറുടെ കുടുംബം ദത്തെടുത്ത് വളര്‍ത്തിയതായിരുന്നു എലിസബത്തിനെ. അവര്‍ തമ്മില്‍ ചെറുപ്പത്തിലേ പ്രണയബദ്ധരായിത്തീര്‍ന്നു. ശാസ്ത്രവിഷയങ്ങളില്‍ തല്‍പ്പരനായിരുന്ന വിക്ടര്‍ വീട്ടിലെ നിലവറയില്‍ ഒരു രഹസ്യപരീക്ഷണശാല സജ്ജമാക്കിയിരുന്നു. ജീവനില്ലാത്ത വസ്തുക്കളെ സംയോജിപ്പിച്ച് ക്യത്രിമജീവന്‍ സ്യഷ്ടിക്കുന്ന ഒരു വിദ്യ സ്വായത്തമാക്കിക്കൊണ്ടാണ് ബിരുദപഠനം കഴിഞ്ഞ വിക്ടര്‍ വീട്ടിലെത്തിയത്. അത് പരീക്ഷിക്കുന്നതിലൂടെ ഒരു ക്യത്രിമമനുഷ്യന് വിക്ടര്‍ ജന്‍മം നല്‍കി. മനുഷ്യന്‍റെ അവയവങ്ങള്‍ അതേ വലിപ്പത്തില്‍ സ്യഷ്ടിക്കുന്നതിലെ ബുദ്ധിമുട്ടു പരിഹരിക്കുന്നതിനായി വലിയ വലിപ്പത്തിലാണ് വിക്ടര്‍ സ്യഷ്ടി നടത്തിയത്. ഫലമോ, എട്ടടിയോളം ഉയരമുള്ള ഒരു ഭീകരസത്വം! കണ്ണുകള്‍ മഞ്ഞനിറത്തില്‍ തിളങ്ങിയിരുന്ന ആ സത്വത്തിന്‍റെ ത്വക്ക് കണ്ണാടിപോലെ സുതാര്യമായിരുന്നതിനാല്‍ അതിനടിയിലെ മാംസപേശികളും രക്തക്കുഴലുകളും പുറത്തുകാണാവുന്ന തരത്തിലുമായിരുന്നു.
എത്ര ഭീകരമാണ് ഫ്രാങ്കെന്‍സ്റ്റീനിന്‍റെ രൂപം എന്നു നോക്കൂ.. സുതാര്യമായ തൊലി എന്നുപറഞ്ഞാല്‍ തൊലിയുരിച്ചപോലുള്ള രൂപം. രക്തക്കുഴലുകളും രക്തമോടുന്ന മാംസപേശികള്‍ പുറത്തുകാണാന്‍ കഴിയുന്നതുമായ രൂപം. എട്ടടിയോളമുള്ള പൊക്കം. ഇത്തരത്തിലുള്ള ഒരു ജീവിയെ, അതിന് മനുഷ്യാകാരമാണെങ്കില്‍പ്പോലും ആരും അടുപ്പിക്കാന്‍ പോലും തയ്യാറാവില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മനുഷ്യന്‍ ഒരു സമൂഹജീവിയാണെന്നും സഹജീവികളില്‍നിന്നുമുള്ള സ്നേഹം, കരുണ, വാല്‍സല്യം തുടങ്ങിയവയ്ക്കുമാത്രമേ ഏതൊരു മനുഷ്യനില്‍നിന്നും അവയെ പ്രതിഫലിപ്പിക്കാന്‍ കഴിയൂ എന്നതിനുമുള്ള ഏറ്റവും ലളിതമായ ഉദാഹരണമാവുന്നതാണ് ഫ്രാങ്കെന്‍സ്റ്റീനിന്‍റെ സത്വം. തന്‍റെ സ്യഷ്ടിയുടെ അന്തിമരൂപം കണ്ടു ഞെട്ടിയ വിക്ടര്‍ അതിനെ മുറിയിലടച്ചിട്ടശേഷം പുറത്തുപോവുന്നു. എന്നാല്‍ തിരികെയെത്തുന്നതിനിടെ സത്വം അവിടെ നിന്നും രക്ഷപ്പെടുന്നു. നാലു മാസങ്ങള്‍ക്കുശേഷം വിക്ടറിന്‍റെ സഹോദരനായ വില്ല്യംസ് കൊല്ലപ്പെടുന്നു. കൊല നടന്ന സ്ഥലത്ത് സത്വത്തിന്‍റെ സാന്നിധ്യം വിക്ടര്‍ തിരിച്ചറിയുന്നു. പക്ഷേ, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വില്ല്യംസിന്‍റെ ഭാര്യ കുറ്റവാളിയാണെന്ന് വിധിക്കപ്പെടുന്നു. അവരെ തൂക്കിക്കൊല്ലുന്നു.
സത്വത്തിനെ വകവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട വിക്ടര്‍ അതിനെ പിന്‍തുടര്‍ന്ന് ഉത്തരധ്രുവമേഖലയിലെത്തുന്നത്. എന്നാല്‍ കൊടുംശൈത്യത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ അദ്ദേഹം വീണു പോവുന്നു. ആസന്നമരണനായ വിക്ടറിനെ കാപ്റ്റണ്‍ റോബര്‍ട്ട് വാള്‍ട്ടണിന്‍റെ സംഘം ഒരു തകര്‍ന്ന കപ്പലിന്‍റെ മേല്‍ത്തട്ടിലെത്തിക്കുന്നു. വൈകാതെ വിക്ടര്‍ അന്ത്യശ്വാസം വലിക്കുന്നു. അടുത്ത നിമിഷം അവര്‍ കാണുന്നത് വിക്ടറുടെ മ്യതശരീരത്തില്‍ വീണുകരയുന്ന സത്വത്തെയാണ്. തന്‍റെ അവസാന പ്രതീക്ഷയായിരുന്നു വിക്ടര്‍ എന്നു പറഞ്ഞു വിലപിക്കുന്ന സത്വം ഇനി ഞാന്‍ പുറംലോകത്തിലേക്കില്ല എന്നു പറഞ്ഞ് മഞ്ഞുവണ്ടിയും വലിച്ചുകൊണ്ട് നടന്നുമറയുന്നിടത്ത് മേരി ഷെല്ലിയുടെ ഫ്രാങ്കെന്‍സ്റ്റീന്‍ പൂര്‍ണ്ണമാവുന്നു.
വെള്ളിത്തിരയിലെ ഫ്രാങ്കെന്‍സ്റ്റീന്‍
ഫ്രാങ്കെന്‍സ്റ്റീന്‍ നോവലായി പുറത്തുവന്നതിനുശേഷം അമ്പതിലേറെ ചലച്ചിത്രങ്ങള്‍ ആ പ്രമേയത്തെ ത്തഅവലംബിച്ചുകൊണ്ട് പിറവിയെടുത്തിട്ടുണ്ട്. 1823-ലാണ് ഫ്രാങ്കെന്‍സ്റ്റീന്‍ ആദ്യമായി ദ്യശ്യവല്‍ക്കരിക്കപ്പെടുന്നത്. ഇംഗ്ളീഷ് ഓപ്പെറാ ഹൗസില്‍ അരങ്ങേറിയ ഈ ദ്യശ്യാവിഷ്കാരം കാണാന്‍ മേരിഷെല്ലിയും പിതാായ ഗോഡ്വിനും ഉണ്ടായിരുന്നു. എഡിസണ്‍ സ്റ്റുഡിയോസ് എന്ന അമേരിക്കന്‍ കമ്പനിയാണ് ഫ്രാങ്കെന്‍സ്റ്റീനിനെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ചത്. 1910-ലായിരുന്നു അത്. തുടര്‍ന്ന് ഫ്രാങ്കെന്‍സ്റ്റീന്‍ സിനിമകളുടെ ഒരു പരമ്പര തന്നെയുണ്ടായി. എന്നാല്‍ അതിലേറെയും മൂലകഥയുമായി ഒരു ബന്ധവുമില്ലാത്തതായിരുന്നു.
1994-ല്‍ പുറത്തുവന്ന മേരിഷെല്ലീസ് ഫ്രാങ്കെന്‍സ്റ്റീന്‍ (Mary Shelley's Frankenstein) ആയിരുന്നു ഈ കുറവുകളെല്ലാം പരിഹരിച്ചത്. മൂലകഥയോട് പൂര്‍ണ്ണമായും നീതിപുലര്‍ത്തുന്ന കഥാകഥനമായിരുന്നു കെന്നെത്ത് ബ്രാണാഹ് സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രത്തിലേത്. ഇദ്ദേഹം തന്നെയാണ് ഇതില്‍ ശാസ്ത്രജ്ഞനായ വിക്ടര്‍ ഫ്രാങ്കെന്‍സ്റ്റീനിന്‍റെ വേഷത്തിലും അഭിനയിച്ചത്. അതിനുശേഷവും ഫ്രാങ്കെന്‍സ്റ്റീന്‍ സിനിമകള്‍ ഉണ്ടായി എന്നതാണ് രസം. 2015ലായിരുന്നു അവസാനത്തെ ഫ്രാങ്കെന്‍സ്റ്റീന്‍ വെള്ളിത്തിരയില്‍ വന്നുപോയത്. ഫ്രാങ്കെന്‍സ്റ്റീന്‍ നോവലിന്‍റെ 200ാം വാര്‍ഷികം ആചരിക്കപ്പെടുന്ന ഈ വര്‍ഷം 'മേരി ഷെല്ലി' (Mary Shelley) എന്ന പേരിലുള്ള ഒരു ചലച്ചിത്രം തീയേറ്ററുകളിലെത്തുന്നുണ്ട്. മേരിഷെല്ലിയും കാമുകനും ഭര്‍ത്താവുമായിരുന്ന പേഴ്സി ബൈഷെ ഷെല്ലിയുമായുള്ള പ്രണയമാണ് പ്രമേയം. മേരി ഷെല്ലിയുടെ രചനകളില്‍ പേഴ്സി ഷെല്ലിക്കുണ്ടായിരുന്ന സ്വാധീനം എന്ന വിവാദത്തെ അഭിസംബോധന ചെയ്യുന്നതുമാണ് ഹെയ്ഫാ അല്‍മന്‍സൂര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം.
മേരി ഷെല്ലി
ലണ്ടന്‍നഗരത്തിലെ സോമേഴ്സ് ടൗണില്‍ 1797-ലായിരുന്നു മേരിഷെല്ലിയുടെ ജനനം. പ്രശസ്ത ബ്രിട്ടീഷ് ഫെമിനിസ്റ്റായിരുന്ന മേരി വോള്‍സ്റ്റോണ്‍ക്രാഫ്റ്റിന്‍റെ രണ്ടാമത്തെ പുത്രിയായിരുന്നു ഷെല്ലി. പക്ഷേ, ഷെല്ലിയെ പ്രസവിച്ച് അധികനാളുകള്‍ കഴിയുന്നതിനുമുമ്പേ മേരി വോള്‍സ്റ്റോണ്‍ക്രാഫ്റ്റ് മരണമടഞ്ഞു. പിതാവായ വില്ല്യം ഗോഡ്വിന്‍ തിരക്കുപിടിച്ച ഒരു പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായിരുന്നു. അതുകൊണ്ട്, കുടുംബകാര്യങ്ങളിലെ പങ്കാളിത്തത്തിനായി ഗോഡ്വിന്‍ വീണ്ടും വിവാഹം കഴിച്ചു. രണ്ടാനമ്മയുമൊന്നിച്ചുള്ള ഷെല്ലിയുടെ ജീവിതം പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നു. ഷെല്ലിയുടെ മരണപ്പെട്ട മാതാവിന്‍റെ മൂത്തപുത്രിയായ ക്ളെയ്ര്‍ കെയ്മോണ്ടിന്‍റെ പിതാവ് ഗോഡ്വിനല്ലായിരുന്നു. അവളൊരു അവിഹിതസന്തതി യായിരുന്നു. അതുകൊണ്ട്, സ്നേഹരാഹിത്യം ഒരു വ്യക്തിയില്‍ സന്നിവേശിപ്പിക്കുന്ന മ്യഗീയമായ സ്വഭാവവിശേഷങ്ങളെക്കുറിച്ച് ഷെല്ലിക്ക് ചെറുപ്പം മുതല്‍ക്കേ അറിവുണ്ടായിരുന്നു.
1822-ല്‍ അപ്രതീക്ഷിതമായുണ്ടായ ഒരു ദുരന്തം മേരിഷെല്ലിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. ഭര്‍ത്താവായ പേഴ്സി ഒരു ബോട്ടപകടത്തില്‍പ്പെട്ട് മുങ്ങിമരിച്ചു. മകനെ വളര്‍ത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തവുായി മേരി ഷെല്ലി ഇംഗ്ളണ്ടിലേക്ക് തിരിച്ചുപോന്നു. ഭര്‍ത്താവിന്‍റെ ക്യതികള്‍ എഡിറ്റുചെയ്യുകയും ബൈറന്‍റെ കവിതകള്‍ പകര്‍ത്തിയെഴുതിക്കൊടുക്കുകയും ചെയ്യുന്ന ജോലികള്‍ ഏറ്റെടുത്തുവെങ്കിലും അതൊന്നും വലിയ വരുമാനമൊന്നും തരുന്നതായിരുന്നില്ല. ചില ചരിത്രനോവലുകള്‍ എഴുതാനും ഇക്കാലങ്ങളില്‍ മേരി ഷെല്ലി ശ്രമിക്കുകയുണ്ടായി: വാള്‍പെര്‍ഗ (Valperga, 1823), പെര്‍കിന്‍ വാര്‍പെക് (Perkin Warbeck, 1830) എന്നിവ. ഒരു ദുരന്തനോവലും മേരി ഷെല്ലി പിന്നീട് എഴുതുകയുണ്ടായി: ദ ലാസ്റ്റ് മാന്‍ (The Last Man, 1826), ലോഡോര്‍ (Lodore, 1835). ഫാല്‍ക്കനെര്‍ (Falkner, 1837) എന്നിവയായിരുന്നു മേരി ഷെല്ലി അവസാനമായി എഴുതിയ നോവലുകള്‍.
1844-ല്‍ പുറത്തുവന്ന സഞ്ചാരസാഹിത്യക്യതിയായ റംബിള്‍സ് ഇന്‍ ജര്‍മ്മനി ആന്‍റ് ഇറ്റലി (Rambles in Germany and Italy)-യോടെ മേരി ഷെല്ലിയുടെ തൂലിക മിക്കവാറും നിശ്ചലമായി. ചില വിജ്ഞാനകോശങ്ങള്‍ക്കായി ലേഖനങ്ങള്‍ തയ്യാറാക്കിയതല്ലാതെ മറ്റു സര്‍ഗസ്യഷ്ടികളൊന്നും മേരി ഷെല്ലിയില്‍നിന്നും പിന്നീടുണ്ടായില്ല. 1851 ഫെബ്രുവരി 1ന് തന്‍റെ 53ാം വയസില്‍ മേരി ഷെല്ലി മരിച്ചു. തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദമായിരുന്നു മരണകാരണം. മേരി ഷെല്ലിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ മകനായ ഫ്ളോറെന്‍സ് ഷെല്ലി, മേരിഷെല്ലിയുടെ ഓര്‍മ്മച്ചെപ്പുകളടങ്ങിയ പെട്ടി തുറന്നുനോക്കുകയുണ്ടായി. പേഴ്സിയും ഷെല്ലിയും ഒന്നിച്ചുപയോഗിച്ചിരുന്ന ഒരു പഴയ നോട്ടുബുക്കും പേഴ്സിയുടെ അഡോണയിസ് (Adonaïs: An Elegy on the Death of John Keats, Author of Endymion, Hyperion, etc., 1821) എന്ന കവിതയുടെ പകര്‍പ്പും മാത്രമാണ് അതിലുണ്ടായിരുന്നത്. അതിലെ മടക്കിവെച്ചിരുന്ന ഒരു താളിനുള്ളില്‍ ഒരു ചെറിയ പട്ടുനൂല്‍സഞ്ചിയില്‍ അല്‍പ്പം ചിതാഭസ്മവും: പേഴ്സി ബൈഷെ ഷെല്ലിയുടെ.
ഇന്ത്യയുടെ മേരി ഷെല്ലി
ആദ്യത്തെ ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ എഴുതിയത് ഒരു മുസ്ലീം വനിതയായിരുന്നു: ബീഗം രൊകേയാ ശെഖാവത് ഹൊസൈന്‍ (Begum Rokeya Sakhawat Hossain, 1880-1932). ബ്രിട്ടീഷ് ഇന്‍ഡ്യയുടെ ഭാഗമായിരുന്ന ബംഗാളിലെ രംഗ്പൂറിലായിരുന്നു രൊകേയയുടെ ജനനം. ധനാഢ്യനായ ഒരു ജമീന്ദാര്‍ ആയിരുന്ന രൊകേയയുടെ പിതാവ് പുരോഗമനവാദികൂടിയായിരുന്നു. അതുകൊണ്ട്, അന്നത്തെ ചിട്ടകള്‍ക്കുവിരുദ്ധമായി, അറബിക്കും പേര്‍ഷ്യനും പകരം അദ്ദേഹം തന്‍റെ പെണ്‍മക്കളെ ബംഗാളി ഭാഷ പഠിപ്പിച്ചു. വിദ്യാസമ്പന്നനായിരുന്ന ഖാന്‍ ബഹാദൂര്‍ ശെഖാവത് ഹൊസൈന്‍ ആയിരുന്നു രൊകേയയെ വിവാഹം കഴിച്ചത്. രൊകേയയെ ഇംഗ്ളീഷ്ഭാഷ പഠിപ്പിച്ച അദ്ദേഹം സാഹിത്യരചന നടത്താനും പ്രോത്സാഹന നല്‍കി. അതേത്തുടര്‍ന്ന്, 1905-ല്‍ രൊകേയ തന്‍റെ ആദ്യത്തെ നോവലായ സുല്‍ത്താനാസ് ഡ്രീം (Sultana’s Dream) പ്രസിദ്ധീകരിച്ചു.
ഭാവിയില്‍ നടക്കുന്ന ഒരു കഥയായാണ് രൊകേയ തന്‍റെ നോവലിനെ അവതരിപ്പിച്ചത്. ശാസ്ത്രത്തിന്‍റേയും സാങ്കേതികവിദ്യയുടേയും വളര്‍ച്ച, ശാരീരികക്ഷമത കൂടിയ ജോലികളെല്ലാം യന്ത്രങ്ങള്‍ ചെയ്യുമെന്ന അവസ്ഥയുണ്ടാക്കുന്നു. സൗരോര്‍ജ്ജത്തത്തെ വൈദ്യുതിയാക്കി മാറ്റുന്നതിലൂടെ വൈദ്യുതി സുലഭമാവുന്നു. ഇതിലൂടെയെല്ലാം പുരുഷന്‍മാര്‍ വിരാജിച്ചിരുന്ന സമസ്തമേഖലകളിലേക്കും സ്ത്രീകള്‍ കടന്നെത്തുന്നു. സ്ത്രീകള്‍ക്ക് മേല്‍ക്കോയ്മയുള്ള ഒരു പുതുലോകം സ്യഷ്ടിക്കപ്പെടുന്നു. അതാണ് കഥ. സുല്‍ത്താനാസ് ഡ്രീം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് 1908-ലായിരുന്നു. എന്നാല്‍ അത് ആദ്യമായി പ്രസിദ്ധീകരിച്ചത് മദ്രാസില്‍ നിന്നും പ്രസാധനംചെയ്തിരുന്ന ഇന്ത്യന്‍ ലേഡീസ് മാഗസീന്‍ ആയിരുന്നു, 1905-ല്‍. സമാനമായ മറ്റൊരു സ്ത്രീപക്ഷനോവല്‍ കൂടി രൊകേയ എഴുതിയിട്ടുണ്ട്: പത്മരാഗ് (The Essence of Lotus, 1924). 'ഒറ്റപ്പെടുത്തപ്പെട്ട സ്ത്രീകള്‍' എന്നര്‍ത്ഥം വരുന്ന അബാരോധ്ഭാഷിണി (Abarodhbasini) ആയിരുന്നു മറ്റൊരു ക്യതി. ബംഗ്ളാദേശ് സര്‍ക്കാര്‍, രൊകേയയുടെ ജന്‍മദിനം രൊകേയാ ഡേ (Rokeya Day) ആയി ആചരിക്കുന്നു. അന്ന് സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വനിതകള്‍ക്ക് ബീഗം രൊകേയാ പതക് സമ്മാനിക്കുകയും ചെയ്യുന്നു.
ആദ്യത്തെ ഇന്ത്യന്‍ സയന്‍സ്ഫിക്ഷന്‍
ആദ്യത്തെ ഇന്ത്യന്‍ സയന്‍സ്ഫിക്ഷന്‍ ബംഗാളി ഭാഷയിലാണ് പിറന്നത്. എന്നാല്‍ പലരും കരുതുന്നപോലെ ജഗദീശ് ചന്ദ്ര ബോസ് ആയിരുന്നില്ല അതെഴുതിയത്. 1896-ലാണ് ജെ.സി.ബോസ് നിരുദ്ദേശ്യര്‍ കാഹിനി (Niruddesher Kahini) എന്ന ശാസ്ത്രകഥ എഴുതുന്നത്. 'കാണാതായ ഒരാളുടെ കഥ' എന്നായിരുന്നു ഈ പേരിനര്‍ത്ഥം. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്കുമുമ്പേ ഹേംലാല്‍ ദത്ത എന്നൊരാള്‍ 'രഹസ്യ' എന്ന പേരിലുള്ള ഒരു ശാസ്ത്രകഥ എഴുതിയിരുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. ബിഗ്യാന്‍ ദര്‍പ്പണ്‍ എന്ന ചിത്രകഥാമാഗസീനില്‍, രണ്ടു ഭാഗങ്ങളിലായി 1882-ലാണ് ഇത് അച്ചടിച്ചുവന്നത്.
















