Tuesday, January 27, 2026

ഇനി കഴിക്കാം: 'സൂപ്പര്‍' ഹാംബെര്‍ഗര്‍ !


പോ
ക്കുവെയിലിന്‍റെ രശ്മികള്‍ ചിതറുന്നതും നിരത്തിലേക്ക് തുറക്കുന്ന ബാല്‍ക്കണിയുമുള്ള മദ്യശാലയിലിരുന്ന് ബിയര്‍ നുണയുകയും ഹാംബെര്‍ഗര്‍ കഴിക്കുകയും ചെയ്യുന്നതില്‍ എന്തോ ഉദാത്തത കുടികൊള്ളുന്നുണ്ടെന്ന് മധ്യകാല ബുദ്ധിജീവി സാഹിത്യകാരന്‍മാര്‍പോലും എഴുതിയിട്ടുണ്ട്. പതിയെ തെളിഞ്ഞുതുടങ്ങുന്ന നിയോണ്‍ ബള്‍ബുകള്‍ വശ്യസുന്ദരമായ ഒരു രാത്രിയെ ആനയിക്കാനൊരുങ്ങുമ്പോള്‍ നുരഞ്ഞുപൊങ്ങുന്ന ബിയര്‍ഗ്ളാസിലൂടെ പുതിയൊരു ലോകം നുരപൊന്തുന്നത് കാണാനാവുമെന്ന് അവര്‍ എഴുതി. താല്‍ക്കാലികമായ ഒരു സുഖാനുഭൂതിക്കപ്പുറം ഒന്നുമില്ലെന്നറിയുമ്പോള്‍ പല യൗവനങ്ങളും വഴിപിഴച്ചുപോയെങ്കിലും എഴുത്തിന്‍റെ ചാരുതയില്‍ പോക്കുവെയിലും ബിയറും ഹാംബെര്‍ഗറും നഗരവേഗങ്ങളും ഒരു അഭിഭാജ്യഘടകങ്ങളോ പ്രതീകങ്ങളോ ആയി മാറിയിരിക്കുന്നു. ഇവിടെ മാത്രമല്ല, ലോകത്തിലെവിടേയും അത് അങ്ങനെ ആയിരിക്കുന്നു. 

സന്ധ്യയിലേക്ക് പടരാന്‍ തുടങ്ങുന്ന വൈകുന്നേരങ്ങളില്‍ സുഹ്യത്തുക്കളുമൊപ്പം അല്‍പ്പനേരം. അതിനുമപ്പുറം എന്ത് കുടിക്കുന്നു കഴിക്കുന്നു എന്നുള്ളത് ഒരു വിഷയമായി മാറേണ്ടതല്ല. പക്ഷേ ഇനിയും അങ്ങനെ അലക്ഷ്യമായി എന്തെങ്കിലും ഓര്‍ഡര്‍ചെയ്ത് കാത്തിരിക്കാനാവില്ലെന്നാണ് അമേരിക്കയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്തുതന്നെ, അതായത് 2026-ന്‍റെ തുടക്കത്തില്‍ത്തന്നെ ക്യത്രിമമാംസം ഇന്ത്യയിലേയും തീന്‍മേശകള്‍ കീഴടക്കുമെന്നാണ് പറയുന്നത്. ക്യത്രിമ മാംസമെന്നാല്‍ ചില പരിഷ്കരണങ്ങള്‍ ക്യത്രിമമായി വരുത്തിയ മാംസം. അത് വരുന്നത് അറവുശാലയില്‍ നിന്നായിരിക്കില്ല, പരീക്ഷണശാലയില്‍ നിന്നായിരിക്കും. അതില്‍ പലതുമൊക്കെ ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവും അലെങ്കില്‍ പിന്‍വലിച്ചിട്ടുണ്ടാവും. പാചകത്തിലൂടെയല്ല, ജനിതക വ്യതികരണത്തിലൂടെ. അതുകൊണ്ട്, മെനു ശ്രദ്ധിച്ചു വായിക്കുക, തലക്കെട്ടുകള്‍ പരിശോധിക്കുക, എന്നിട്ടു മാത്രം ഓര്‍ഡര്‍ ചെയ്യുക. ഇവിടെ നിങ്ങളുടെ ഇഷ്ടങ്ങള്‍ ക്കും താല്‍പ്പര്യങ്ങള്‍ക്കുമല്ല പ്രാധാന്യം, വിപണനത്തിലെ സൗകര്യത്തിനും ലാഭത്തിനും മാത്രമാണ്!

ജീന്‍മാറ്റിവെച്ച പന്നിമാംസം 


ഹാം (Ham) എന്നാല്‍ പരുവപ്പെടുത്തിയ പന്നിമാംസം  എന്നാണര്‍ത്ഥം.  'ഹാംബര്‍ഗര്' എന്നാല്‍ ''പന്നിമാംസം കൊണ്ടുണ്ടാക്കുന്ന ബര്‍ഗര്‍' എന്ന് കരുതേണ്ടതില്ല. ജര്‍മ്മന്‍ നഗരമായ ഹാംബെര്‍ഗറിന്‍റെ പേരില്‍ നിന്നുമാണ് അതിന്‍റെ വരവ്.  ബീഫ് ആണ് ബര്‍ഗറിലെ മാംസഘടകം. അത് ഏതുതരം ബീഫ് ആണെന്ന് ചിലപ്പോള്‍ പറയാറുണ്ട്. ചിക്കന്‍, മട്ടന്‍ എന്നിവയും ഹാംബെര്‍ഗറിന്‍റെ ഭാഗമാവാം. അപൂര്‍വ്വമായി സാമണ്‍ പോലെയുള്ള മത്സ്യങ്ങളും. സസ്യാഹാരികള്‍ക്ക് വെജിബര്‍ഗറും സര്‍വ്വ സാധാരണ മാണ്. ഇതൊക്കെയും ഹോട്ടലുകളിലെ ഭക്ഷ്യവിവരപ്പട്ടിക യില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാവും. സിഡ്നി സീഫുഡുകള്‍ക്കാണ് പ്രസിദ്ധമെങ്കിലും അവിടേയും ഹാംബെര്‍ഗര്‍ യഥേഷ്ടമായുണ്ട്. ബീഫിനു പകരം കംഗരു മാംസമാണ് അവിടെ സാധാരണമെന്ന വ്യത്യാസം മാത്രം. കംഗരുഹാംബെര്‍ഗര്‍ എന്ന് വ്യക്തമായി രേഖപ്പെടുത്തിയി ട്ടുണ്ടാവും എന്നുമാത്രം. എന്നാല്‍ ഇനി പന്നിമാംസം കൊണ്ടുള്ള ഹാംബെര്‍ഗര്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അത് ജനിതക വ്യതികരണത്തിലൂടെ സ്യഷ്ടിച്ചതാണോ എന്ന് പ്രത്യേകം നോക്കി അറിയേണ്ടിവരും. ഇനി അത് അവ്വിധം മാര്‍ക്ക്ചെയ്യപ്പെടുമോ എന്നതിനും ഉറപ്പൊന്നുമില്ല. ജനിതക വ്യതികരണം എന്ന സാങ്കേതികവിദ്യ അത്ര പുതിയതൊന്നു മല്ലെങ്കിലും തീന്‍മേശയിലേക്കുള്ള അതിന്‍റെ രംഗപ്രവേശം പുതിയ വാര്‍ത്തയാണ്. അതുകാണ്ടുതന്നെ അത് സംബന്ധ മായ നിയമാവലികള്‍ വരാനിരിക്കുന്നതേയുള്ളൂ.


അമേരിക്കയില്‍ ഭക്ഷ്യവസ്തുക്കളുടേയും മരുന്നുകളു ടേയും സുരക്ഷിതമായ ഉപയോഗം നിയന്ത്രിക്കുന്ന ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (US Food and Drug Administration, FDA) ജനിതക വ്യതികരണം വരുത്തിയ പന്നി മാംസം വില്‍പ്പന നടത്താന്‍ അനുമതി നല്‍കിക്കഴിഞ്ഞു. ജനിതകവ്യതികരണം എന്നാല്‍ ജീനില്‍ മാറ്റമുണ്ടാക്കുക എന്നാണര്‍ത്ഥം. ചില പ്രത്യേക ലക്ഷ്യണ്ണളോടെയാണ് ഇങ്ങനെ ചെയ്യുന്നത്. ജീന്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് ഒരു ഒറ്റപ്പെട്ട ഘടകം എന്നായിരിക്കും തോന്നുക. എന്നാല്‍ ഒറ്റപ്പെട്ട പ്രവര്‍ത്തനഘടകം എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഒരു ജീനിനെ ഏറ്റവും ലളിതമായ ഭാഷ യില്‍ ഒരു ഫാക്സ് മെഷീനോട് ഉപമിക്കാം.  ഫാക്സ് മെഷീനില്‍ അനവധി ബട്ടണുകള്‍ ഉണ്ടാവുമല്ലോ. ഓരോ ബട്ടണും അതിന്‍റേതായ ധര്‍മ്മം നിര്‍വ്വഹിക്കാനുണ്ട് എന്ന് പറയും. ആവശ്യമായ ബട്ടണുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തിലൂടെ ഒരു ഫാക്സ് സന്ദേശം അയയ്ക്കാനാവും. ഈ സന്ദേശം ലഭിക്കുന്ന ആള്‍ അതിനനുസരിച്ച് ഒരു നിശ്ചിത പ്രവര്‍ത്തനം നടത്തുന്നു. ഇത് തന്നെയാണ് ജീനിന്‍റെ കാര്യത്തിലും സംഭവിക്കുന്നത്. ഏതെങ്കിലും ബട്ടണ്‍ കേടുവന്നാല്‍ ചിലപ്പോള്‍ ഫാക്സ്സന്ദേശം അയയ്ക്കാന്‍ കഴിഞ്ഞില്ല എന്ന് വരാം. അപ്പോള്‍ ഈ ഫാക്സ്മെഷീന്‍ കൊണ്ട് പ്രയോജനമൊന്നുമില്ലല്ലോ എന്ന് പറയേണ്ടിവരും. ജീനിന്‍റെ കാര്യത്തിലാണെങ്കില്‍ അത് നിശബ്ദമായിപ്പോയി എന്ന് പറയാം. ഇത് താല്‍ക്കാലികമാവാം. അല്ലെങ്കില്‍ സ്ഥിരമായിട്ടാവാം. രണ്ടാണെങ്കിലും ജീനിന്‍റെ നിശബ്ദ വല്‍ക്കരണം ആണ് ഇവിടെ സംഭവിച്ചത്. 'ജീന്‍ സൈലന്‍സിങ്' (Gene Silencing) എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. നിശബ്ദമാക്കപ്പെട്ട ഒരു ജീന്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിരിക്കുന്ന പന്നിമാംസമാണ് 2026 മുതല്‍ അമേരിക്കയില്‍ വില്‍പ്പനയ്ക്ക് എത്താനിരിക്കുന്നത്.

ലക്ഷ്യം പന്നിയിലെ രോഗനിയന്ത്രണം 


ഇറച്ചിക്കുവേണ്ടി വളര്‍ത്തപ്പെടുന്ന പന്നികളിലെ വന്‍ തോതിലുള്ള മരണനിരക്കിന് കാരണമാവുന്ന ഒരു രോഗമാണ്  PRRS  എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന  പോര്‍സിന്‍ റീപ്രൊഡക്റ്റീവ് ആന്‍റ് റെസ്പിരേറ്ററി സിന്‍ഡ്രോം (Porcine Reproductive And Respiratory Syndrome). ഒരുതരം വൈറസ് ആണ് ഇതിന് കാരണം. രോഗപ്രതിരോധശേഷി പകരുന്ന കോശ ങ്ങളെയാണ് പന്നികളില്‍ ഇവ ആക്രമിക്കുന്നത്.  ഗര്‍ഭിണി കളായ പന്നികളില്‍ ഈ വൈറസ്ബാധ പ്രസവം അലസിപ്പോവുന്നതിന് കാരണമാവുന്നു. പ്രസവിച്ചുകഴിഞ്ഞാലും പന്നിക്കുട്ടികള്‍ ചെറുപ്പത്തിലേ ചത്തുപോവുന്നു. അല്ലെങ്കില്‍ പലവിധ രോഗങ്ങള്‍ക്ക് വിധേയരായിത്തീരുന്നു. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി പൂര്‍ണ്ണമായും തകര്‍ന്നുപോവുന്ന താണ് ഇതിന് കാരണമാവുന്നത്. നിലവില്‍ ഇതിനെതിരെ വാക്സിനുകളൊന്നും ലഭ്യമല്ല. അതുകൊണ്ടുതന്നെ ഇറച്ചിക്കുവേണ്ടിയുള്ള പന്നിവളര്‍ത്തല്‍ വ്യവസായം കടുത്ത വെല്ലുവിളികളെ നേരിടുകയാണ്. അമേരിക്കയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മാംസം ബീഫും അത് കഴിഞ്ഞാല്‍ ചിക്കനുമാണെങ്കിലും മൂന്നാം സ്ഥാനം എന്നും പന്നിയിറച്ചിക്കാണ്. അമേരിക്കയുടെ തനതു പന്നിമാംസോത്പാദനം മാത്രമായെടുത്താലും PRRS-രോഗത്തെ മാത്രം നിയന്ത്രണവിധേയമാക്കിയാലും അതിലൂടെയുള്ള ലാഭം 1.2 ശതകോടി ($1.2 billion) ഡോളര്‍ വരുമെന്നാണ് കണക്ക്. അമേരിക്കയില്‍ മാത്രമല്ല, പന്നിയുല്‍പ്പാദനം വരുമാനമാക്കുന്ന മറ്റു രാജ്യങ്ങള്‍ക്കും ഈ വൈറസ് രോഗം ഭീഷണിയാണ്. പൊടുന്നനെയാണ് ഇത് പടര്‍ന്നു പിടിക്കുന്നത്.  പിന്നെ കൂട്ടത്തോടെ കൊന്നൊടുക്കുക മാത്രമാണ് പരിഹാരം.  2006-ല്‍, ചൈനയില്‍ പടര്‍ന്നുപിടിച്ച PRRS-രോഗം 2 ദശലക്ഷത്തിലേറെ പന്നികളെയാണ് ബാധിച്ചത്. ഇതില്‍ നാലുലക്ഷത്തോളം ചത്തുപോവുകയായിരുന്നു.


ജീനസ് (Genus) എന്ന ബ്രിട്ടീഷ് ബയോടെക് കമ്പനിയാണ് PRRS-രോഗം നിയന്ത്രിക്കുന്നതിനായി ജനിതക സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിച്ചത്. ജഞഞട രോഗത്തിന് കാരണമാവുന്ന വൈറസ് പന്നിയുടെ ശരീരത്തില്‍ കടക്കു ന്നതാണ് രോഗബാധയുടെ ആദ്യഘട്ടം.  ഫിലിം ഫെസ്റ്റിവലിന്‍റെ സമയത്ത് സിനിമാതീയേറ്ററിനുള്ളില്‍ ടിക്കറ്റില്ലാതെ പ്രവേശിക്കുന്നത് അസാധ്യമാണെങ്കിലും വാതിലില്‍ നില്‍ക്കുന്ന ആള്‍ പരിചയക്കാരനാണെങ്കില്‍ ചിലപ്പോള്‍ ചില കള്ളക്കളികളൊക്കെ സാധ്യമാവു മല്ലോ. സ്ഥിരമായി ഒരാള്‍ തന്നെയാണ് നില്‍ക്കുന്നതെങ്കില്‍ സംഗതി എളുപ്പ മാവും! ഇതുപോലെ പന്നിയുടെ ശരീരകോശങ്ങള്‍ക്കുള്ളിലെ ജീനിനുള്ളില്‍ "നമ്മ ആളാ"യ ഒരു 'ടിക്കറ്റ് പരിശോധകന്‍' ഉള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇത് വളരെ ചെറിയ ഒരു പ്രോട്ടീന്‍ ഘടകത്തെ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം നല്‍കുന്ന ഒരു ജീന്‍ഘടകം ആയിരുന്നു. ഈ ജീന്‍ഘടകം നിര്‍മ്മിക്കുന്ന CD163  എന്ന പ്രോട്ടീന്‍ ഉണ്ടെങ്കിലേ വൈറസിന്‍റെ നുഴഞ്ഞുകയറ്റം സാധ്യമാവൂ. CD163  ആണ് എന്‍ട്രിപാസ് പരിശോധിക്കാന്‍ നില്‍ക്കുന്നതെങ്കില്‍ അവന്‍ കണ്ണുചിമ്മിക്കാണിച്ചിട്ട് വൈറസിനെ കടത്തിവിടും. ഇതിന് ഒരു പരിഹാരമേയുള്ളൂ. ഈ പാസ് പരിശോധകനെ നീക്കുക. അല്ലെങ്കില്‍ നിശ്ചേഷ്ടമാക്കുക. CD163  എന്ന പ്രോട്ടീനിനെ നിര്‍മ്മിക്കുന്ന ജീനിനെ പ്രവര്‍ത്തനരഹിതമാക്കിയാല്‍ ഈ വ്യാജ-കാവല്‍ക്കാരനെ ഒതുക്കാം. ജീനസ് കമ്പനിയിലെ ശാസ്ത്രജ്ഞര്‍ ഇത് സാധ്യമാണെന്ന് തെളിയിച്ചു. PRRS-രോഗത്തിന് കാരണമാവുന്ന വൈറസിന്‍റെ എല്ലാ വകഭേദങ്ങളേയും ഇത്തരമൊരു ജീന്‍ സൈലന്‍സിങിലൂടെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു. ഇവയിലേതെങ്കിലും വകഭേദം ഇതിനെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള ജനിതകമാറ്റം ആര്‍ജ്ജിക്കുന്നതു വരെ ഈ പ്രതിരോധം സാധ്യമാവുമെന്നും അവര്‍ പറയു ന്നു. നാളെ ഒരുപക്ഷേ ഇതെല്ലാം പാഴാവാം എന്ന്ചുരുക്കം.


ഡോളി എന്ന ക്ളോണിങ് ചെമ്മരിയാടിനെ സ്യഷ്ടി ക്കുന്നതിലൂടെ ലോകശ്രദ്ധ നേടിയ സ്കോട്ട്ലന്‍ഡിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമായിരുന്നു PRRS-രോഗത്തെ നിയന്ത്രണവിധേയമാക്കിയ ജനിതകസങ്കേതവും പിറവിയെടുത്തത്. ഇതിനായുള്ള ഗവേഷണപദ്ധതിയില്‍ അംഗമായിരുന്ന ക്രിസ്റ്റീന്‍ ടെയ്റ്റ് ബക്കാര്‍ഡ് (Christine Tait-Burkard)  പറയുന്നതനുസരിച്ച്, ലോകത്തിന്‍റെ മറ്റുഭാഗങ്ങളില്‍ ജഞഞട രോഗത്തെ പ്രക്യത്യാതന്നെ പ്രതിരോധിക്കാന്‍ കഴിയുന്ന പന്നിയിനങ്ങള്‍ ഉണ്ടാവാം. അവയെ കണ്ടെത്തി, ക്യത്രിമ പ്രജനനത്തിലൂടെ എണ്ണം വര്‍ദ്ധിപ്പിച്ചെടുത്താല്‍ ജനിതക വ്യതികരണം ഒഴിവാക്കാം. പക്ഷേ, ഇതിനെ വളരെക്കാലത്തെ പരിശ്രമംആവശ്യമായി വരും. പന്നിയിനങ്ങളെ കണ്ടെത്തുക തന്നെയാണ് പ്രധാന കടമ്പ. കണ്ടെത്തിയാല്‍ ത്തന്നെ ജനിതകസമ്പത്ത് ഒരോ രാജ്യത്തിന്‍റേയും കുത്തകാവകാശം ആകയാല്‍ അവയുടെ ലഭ്യത ഉറപ്പു പറയാനാവില്ല. ഈ സാഹചര്യത്തില്‍ വളര്‍ത്തുപന്നികളെ ജനിതകവ്യതികരണം നടത്തുക മാത്രമായിരുന്നു പ്രായോ ഗികമായ പരിഹാരം. ഇത് താരതമ്യേന എളുപ്പവുമായിരു ന്നു എന്ന് ക്രിസ്റ്റീന്‍ ബക്കാര്‍ഡ് പറയുന്നു. CD163 എന്ന പ്രോട്ടീന്‍ നിര്‍മ്മിക്കുന്ന ജീന്‍ വളരെ ചെറുതായിരുന്നു. ഒന്‍പതു മുത്തുകള്‍ മാത്രമുള്ള ഒരു മുത്തുമാല പോലെയായിരുന്നു അത്. ഇതില്‍നിന്നും നാലു മുത്തുകള്‍ മാത്രമായി രുന്നു ക്രിസ്റ്റീന്‍ ബക്കാര്‍ഡിന്‍റെ സംഘം നീക്കംചെയ്തത്. ഇതോടെ ഈ ജീനിന് CD163 പ്രോട്ടീനിനെ നിര്‍മ്മിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. എന്നാല്‍ ഇതേ ജീനിന്‍റെ മറ്റു ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് തടസമുണ്ടായതുമില്ല. ഉദാഹര ണമായി, കേടുവന്ന ചുവന്ന രക്തകോശങ്ങളുടെ നീക്കം ചെയ്യല്‍. ഇന്ന് ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു 'ജീന്‍മുറിക്കല്‍ സങ്കേതം' (Gene-Editing Toolkit) ഉപയോഗി ച്ചാണ് ഇത് സാധ്യമാക്കിയത്. കത്രിക പോലെ പ്രവര്‍ത്തിക്കു ന്ന ഒരു പ്രോട്ടീന്‍ തന്‍മാത്രയെ ഉപയോഗിച്ച് ഡിഎന്‍എ യില്‍ മുറിവുകള്‍ ഉണ്ടാക്കുകയാണ് ഇതിനടിസ്ഥാനം. കത്രികാപ്രയോഗം എവിടെ നടത്തണ മെന്നത് മുന്‍കൂട്ടി തീരുമാനിക്കാനാവും.  CRISPR എന്നാണ് ഈ ജീന്‍കത്രിക അറിയപ്പെടുന്നത്. ബാക്ടീരിയയില്‍ നിന്നുമാണ് ഇവ വേര്‍തിരിക്കപ്പെട്ടത്. ബയോടെക്നോളജി രംഗത്ത് വളരെ സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന താണ് ഈ ജീന്‍കത്രിക. ബാക്ടീരിയ അതിന്‍റെ സ്വന്തം ആവശ്യത്തിനായി വെച്ചിരുന്ന കത്രിക നമ്മള്‍ കൈക്കലാക്കി എന്നു മാത്രം. നൊബേല്‍സമ്മാനാര്‍ഹമായ കണ്ടെത്തലായിരുന്നു ഈ 'ജീന്‍കത്രിക'യുടെ പ്രവര്‍ത്തനം (റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടല്ല ഇത് കണ്ടെത്തിയത്. അവര്‍ അത് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. 2012-ല്‍ ഇമ്മാനുവേല്‍ ഷാര്‍പ്പെന്‍റിയര്‍ (Emmanuelle Charpentier), ജെന്നിഫെര്‍ ഡൗഡ്ന (Jennifer Doudna)  എന്നീ ഗവേഷകരും കൂട്ടരും ചേര്‍ന്നാണ് ജനിതകമാറ്റത്തി നായി CRISPR-സങ്കേതം ഉപയോഗിക്കാം എന്നത് പ്രയോഗികമായി തെളിയിക്കുന്ന ആദ്യപ്രബന്ധം പ്രസിദ്ധീകരിക്കു ന്നത്. ഈ കണ്ടെത്തലിന് ഇവര്‍ 2020-ലെ രസതന്ത്ര നൊബേലിന് അര്‍ഹരായി). 

ജനിതകമാംസത്തിന്‍റെ നിയമനിയന്ത്രണം 


ജനിതകമാറ്റം വരുത്തിയ മാംസത്തെ ഭയാശങ്കകളോടെ വീക്ഷിക്കുന്നവരോട് ശാസ്ത്രജ്ഞര്‍ പറയുന്നത് അതൊരു മീഡിയഹൈപ്പ് മാത്രമാണെന്നാണ്. ചില കാര്യങ്ങള്‍ മാധ്യമ ങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ചിലത് ഏറ്റുപിടിക്കുന്നു. ചിലതിനെ തഴുകുന്നു. മറ്റുചിലതിനെ നഖശിഖാന്തം എതിര്‍ ക്കുന്നു.  മാധ്യമങ്ങള്‍ എന്തു പറയുന്നു എന്നതാണ് ജനാഭി പ്രായത്തെ നിശ്ചയിക്കുന്നത്. ജനിതകമാംസം എന്നാല്‍ ടെസ്റ്റ്യൂബിനുള്ളില്‍ വളര്‍ന്നുവരുന്ന, അര്‍ബുദം പോലെ കണ്ടാല്‍ അറപ്പുളവാക്കുന്ന ജൈവപദാര്‍ത്ഥം എന്നോ മാംസപിണ്ഡം എന്നോ ഒക്കെയാണ് മാധ്യമങ്ങള്‍ വിലയിരുത്തിയത്. ജനിതകമാംസം ഒരു പാത്രത്തില്‍ വെച്ചിരുന്നാല്‍പ്പോലും അത് അനങ്ങുമെന്നും അതിന്‍റെ ചലനങ്ങള്‍ പോലും ആരേയും ഭയപ്പെടുത്തുന്നതാവു മെന്നും മാധ്യമങ്ങള്‍ എഴുതി. രക്തക്കുഴലുകളും നാഡീ കോശങ്ങളും ക്യത്രിമമായി വളര്‍ത്തപ്പെട്ട ഒരു മാംസ പിണ്ഡത്തെ ഒരു മാംസക്കഷണമായി കരുതാനാവില്ലെ ന്നും അതിനെ ഇന്ദ്രിയങ്ങള്‍ ചൂഴ്ന്നെടുക്കപ്പെട്ട ഒരു ജീവിയായി മാത്രമേ കണക്കാക്കാനാവൂ എന്ന് ചിലര്‍ കരുതി. എന്നാല്‍ ഇതിനൊക്കെ മറുപടിയായി ജനിതക മാംസത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത് ഇത് ആദ്യ മായല്ല നിങ്ങള്‍ ജനിതകവ്യതികരണം വരുത്തിയ പന്നിയെ തിന്നുന്നതെന്നാണ്. മാട്ടിറച്ചി കഴിച്ചാല്‍ ഒരുതരം അലര്‍ജി യുളവാകുന്ന ആളുകള്‍ക്കായി  ജനിതകമാറ്റം വരുത്തിയ പന്നിയിറച്ചി സ്യഷ്ടിക്കപ്പെട്ടിരുന്നു. 2020-ല്‍ത്തന്നെ ഇത് അമേരിക്കന്‍ വിപണിയില്‍ എത്തിയിരുന്നു. ‘GAL-safe’ എന്ന ലേബലിലാണ് അത് വില്‍ക്കപ്പെട്ടത്. പക്ഷേ, ജനിതകവ്യതികരണം വരുത്തിയത് എന്ന് പറഞ്ഞില്ല. അതുകാണ്ട് ആരും അറിഞ്ഞില്ല. എതിര്‍പ്പും ഉണ്ടായില്ല! 

2022-ല്‍ സ്ലിക്ക് (SLICK ) എന്ന പേരിലുള്ള പ്രത്യേക തരം കന്നുകാലികള്‍ അമേരിക്കയിലുടനീളം പ്രചരിച്ചു. ആഗോളതാപനം മൂലമുള്ള ശാരീരികമാറ്റങ്ങളെ പ്രതിരോധി ക്കാന്‍ കഴിയുന്ന ജീന്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടവയായിരുന്നു ഇവ. ട്രോപ്പിക്കല്‍ മേഖലയില്‍ മാത്രം കാണപ്പെടുന്ന പശുവിനങ്ങളില്‍നിന്നും കണ്ടെത്തപ്പെട്ട ജീന്‍ ആയിരുന്നു ഇത്തരത്തില്‍ മാറ്റിവെക്കപ്പെട്ടത്. ഇതിന്‍റെ മാംസവും അമേരിക്കക്കാര്‍ തിന്നിട്ടുണ്ട്. പക്ഷേ, ആരും അവരോട് അക്കാര്യം പറഞ്ഞില്ല എന്ന് മാത്രം. അതുപോലെ, അക്വാ കള്‍ച്ചറിലൂടെ മല്‍സ്യം വളര്‍ത്തുന്നവര്‍ക്കായി, പെട്ടെന്ന് വളരുന്നതരത്തിലുള്ള  സാമണ്‍ മല്‍സ്യക്കുഞ്ഞുങ്ങളെ അമേരിക്കയിലുടനീളം ലഭ്യമാക്കിയിരുന്നു. അക്വാഡ്വാന്‍റേജ് (AquAdvantage) എന്ന പേരില്‍ പുറത്തിറക്കപ്പെട്ട ഇത് ജനിതക വ്യതികരണം വരുത്തിയതായിരുന്നു. 


അതിറിയാതെ അമേരി ക്കക്കാര്‍ അതിനേയും തിന്നു. നഴ്സറികള്‍ക്കാണ് മല്‍സ്യക്കുഞ്ഞുങ്ങളെ നല്‍കിയത്. അവര്‍ അതിനെ വളര്‍ത്തിയ ശേഷം ഹോട്ടലുകള്‍ക്ക് വിറ്റു. ഷോപ്പിങ്മാളുകളില്‍ അക്വാഡ്വാന്‍റേജ്  ആ പേരില്‍ എത്തിയില്ല. അതുകൊണ്ട് ജനങ്ങളും അറിഞ്ഞില്ല.  എന്നാല്‍ അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ മറുകരയില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല. അതായത് യൂറോപ്യന്‍ യൂണിയനുകീഴിലെ രാജ്യങ്ങളില്‍ ജനിതക ഉല്‍പ്പന്നങ്ങളെ വേര്‍തിരിച്ചുതന്നെ വിപണനം ചെയ്യണം എന്ന് നിഷ്കര്‍ഷിക്കുന്ന നിയമമുണ്ട്.  ജെനിറ്റിക് എന്‍ജിനീ യറിങ് (പ്രിസിഷന്‍ ബ്രീഡിങ്)  ആക്ട് (Genetic Technology- Precision Breeding- Act) എന്ന നിയമം പക്ഷേ നിലവില്‍ കാര്‍ഷികോല്‍പ്പന്നങ്ങളെ മാത്രമേ അതിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നുള്ളൂ.  മാത്രമല്ല, ഇംഗ്ളണ്ടില്‍ മാത്രമേ ഈ നിയമത്തിന് സാധുതയുള്ളൂ. യുണൈറ്റഡ് കിംഗ്ഡം മുഴുവനായും ഈ നിയമം ബാധകമാക്കിയിട്ടില്ല. എന്നാല്‍  അതിനിനി അധികനാളില്ല എന്നും പറയപ്പെടുന്നുണ്ട്. 

ജനിതകമാംസം സുരക്ഷിതമോ?


ജനിതകവ്യതികരണം വരുത്തിയ ഭക്ഷ്യവസ്തുക്കളെ ഉപഭോക്താക്കള്‍ എതിര്‍ക്കുന്നത് അവയോടുള്ള തെറ്റായ മനോഭാവം ഒന്നുകൊണ്ട് മാത്രമാണെന്ന്  നോര്‍ത്ത് കരോലിനാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ കാറ്റി സാന്‍ഡേഴ്സ് പറയുന്നു. ജനിതകവ്യതികരണത്തി ലൂടെ സ്യഷ്ടിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍  'ഫ്രാങ്കെന്‍ ഫുഡ്സ് (Frankenfoods)  ആണെന്നാണ് ജനങ്ങളുടെ ധാരണ. മേരിഷെല്ലിയുടെ ഫ്രാങ്കെന്‍സ്റ്റീന്‍ എന്ന കഥാപാത്രത്തെ മുന്‍നിറുത്തി മാധ്യമങ്ങള്‍ നല്‍കിയ പേരാണിത്. ശാസ്ത്ര ത്തിന്‍റെ ഒരു കൈത്തെറ്റ് അവസാനം അതിന്‍റെ സ്രഷ്ടാവായ മനുഷ്യന്‍റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി മാറുന്ന അവസ്ഥ. ഇങ്ങനെ ഒരു ചിന്ത ഉടലെടുക്കാന്‍ കാരണമായത് ബിടി ചോളം (Bt-corn) ആയിരുന്നു.  ഒരു തലമുറ കഴിയുമ്പോള്‍ പിന്നീട് മുളക്കാതെ നശിച്ചു പോവുന്നതരത്തില്‍ അതിന്‍റെ ജനിതകവ്യവസ്ഥയില്‍ മാറ്റം വരുത്തിയിരുന്നു. 


ഇതുകാരണം കര്‍ഷകര്‍ക്ക് വീണ്ടും വീണ്ടും വിത്തുകള്‍ വാങ്ങിയുപയോഗിക്കേണ്ടതായി വന്നു. ഇത് ബിടി സാങ്കേതികവിദ്യ പുറത്തിറക്കിയ കമ്പനിക്ക് ലാഭകരമായി. പക്ഷേ, വിത്തിന്‍റെ വില വീണ്ടും വീണ്ടും കൊടുക്കേണ്ടിവരുന്നത് കര്‍ഷകര്‍ക്ക് ദോഷകരമായി. ഈ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് വന്നപ്പോള്‍ പരുത്തിച്ചെടി യിലാണ് അത് പ്രയോഗിക്കപ്പെട്ടത്. മോണ്‍സാന്‍റോ കമ്പനി യുടെ ബിടി പരുത്തി കീടബാധ ഏല്‍ക്കാത്തതായിരുന്നു. കീനാശിനിക്ക് വേണ്ടിവരുന്ന ചെലവും പരിസ്ഥിതിമലിനീകരണവും കുറവുചെയ്യാം എന്നതായിരുന്നു കമ്പനിയുടെ വാദം. പക്ഷേ, വിദര്‍ഭയില്‍ ബിടി പരുത്തി ക്യഷിചെയ്ത കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്തു. ഇതിന് മറ്റ് സാമൂഹ്യകാരണങ്ങളും ഉണ്ടായിരുന്നുവെങ്കിലും വിത്തിനു വേണ്ടി വീണ്ടും വീണ്ടും മുടക്കേണ്ടിവന്നിരുന്ന വില തന്നെയായിരുന്നു പ്രധാന പ്രശ്നം. 


അമേരിക്കയില്‍ ബിടി ചോളമായിരുന്നു വിവാദമായത്. ഇതൊരു ഭക്ഷ്യവിള ആയതായിരുന്നു കാരണം. ഈ ചോളം കഴിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്ന് ചില പഠനങ്ങള്‍ സൂചന നല്‍കി. കീടങ്ങളുടെ ആക്രമണത്തെ തടയാന്‍ കഴിയുന്ന  ജീന്‍ മാറ്റിവെക്കുന്നതായിരുന്നു ബിടി സാങ്കേതികവിദ്യയുടെ അടിസ്ഥാനം. ഇതില്‍ 'ബിടി' (Bt) എന്നത് ഒരു ബാക്ടീരിയയുടെ പേരിന്‍റെ ചരുക്കരൂപമാ യിരുന്നു: ബാസിലസ് തുറിഞ്ചിയെന്‍സിസ് (Bacillus thuringiensis).  മണ്ണില്‍കാണുന്ന ഒരിനം ബാക്ടീരിയ ആയ ഇതിനെ ആവശ്യമായ ജീനുകള്‍ മറ്റേതെങ്കിലും ജനിതക വ്യവസ്ഥയുടെ ഭാഗമാക്കാനാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. ഏറ്റവും വിജയകരമായതരത്തില്‍ ഈ ജീന്‍മാറ്റം നടത്താന്‍ ബിടി എന്ന ബാക്ടീരിയ ശാസ്ത്രജ്ഞരെ സഹായിച്ചു. ഇത് സാധ്യമാക്കിയ ശാസ്ത്രജ്ഞര്‍ ഒരു കമ്പനിയുടെ ശമ്പളക്കാര്‍ ആയിരുന്നതുകൊണ്ട് കമ്പനി അതിന്‍റെ ബൗദ്ധിക സ്വത്തവകാശം സ്വന്തം പേരിലാക്കി പേറ്റന്‍റ് ചെയ്തു. 


ബിടി-സങ്കേതം അടിസ്ഥാനമാക്കി അനവധി കാര്‍ഷികവിള കള്‍ സ്യഷ്ടിക്കപ്പെട്ടു. ഇവയ്ക്കിടെയില്‍ ഭക്ഷ്യവിളകളും ഉണ്ടായിരുന്നു. ബിടി  എന്നാല്‍ ബാസിലസ് തുറിഞ്ചിയെന്‍സിസ് എന്ന ബാക്ടീരിയ ആണെന്ന് മനസിലാക്കിയ ജനം വീണ്ടും ഭയപ്പെട്ടു. ബാക്ടീരിയ എന്ന രോഗാണു കലര്‍ന്ന ഭക്ഷണം! ബിടി  എന്നാല്‍ 'ബയോടെക്നോളജി' എന്നാണെന്ന് കരുതിയവര്‍ ജനിതകവ്യതികരണം എന്ന് കേള്‍ക്കു മ്പോഴേ പേടിച്ചു! കാരണം അതിന്‍റെ ദുരന്തഫലങ്ങള്‍ ആണല്ലോ അവര്‍ നേരിട്ടുകണ്ടത്. അതുകൊണ്ട് ബയോ ടെക്നോളജി ചെയ്യുന്നതെല്ലാം കുഴപ്പം എന്നും ചിലര്‍ തെറ്റിദ്ധരിച്ചു. ഈ പൊതുബോധം അമേരിക്കയിലും ഇന്ത്യയിലുമെന്നല്ല എവിടേയും നിലനിന്നു എന്നതാണ് സത്യം. എന്നാല്‍ ഇപ്പോഴുള്ള CRISPR  എന്ന ജീന്‍കത്രിക അടിസ്ഥാനമായുള്ള സാങ്കേതികവിദ്യ ഇത്തരം കുഴപ്പങ്ങളില്‍ നിന്നും മുക്തമാണ്. 


2026-ല്‍ വരാനിരിിക്കുന്ന പന്നിമാംസം 'ബിടി-പോര്‍ക്ക്' അല്ല, അത് വെറും CRISPR-അധിസ്ഥിത പന്നിമാംസം ആണെന്ന് പറഞ്ഞാലും ആശങ്കകള്‍ ഒഴിയുമെന്ന് തോന്നുന്നില്ല.  എല്ലാ വൈറസ് ബാധകളേയും നിയന്ത്രണവിധേയമാക്കാന്‍  CRISPR-അധിസ്ഥിത സങ്കേതം അടിസ്ഥാനമായുള്ള ജീന്‍മാത്തിന് കഴിയില്ല. അതിന് പുതിയ ജീന്‍സങ്കേതങ്ങള്‍ കണ്ടെത്തേണ്ടിവരും. പന്നികളിലെ രോഗബാധയെക്കാള്‍ ഭീകരമാണ് പക്ഷിപ്പനി മൂലമുള്ള സാമ്പത്തികനഷ്ടം. പക്ഷിപ്പനിക്ക് കരണമാവുന്ന വൈറസ് ജനിതകവ്യതികരണം നടത്തുന്നതിലൂടെ മനുഷ്യനിലും ശ്വാസകോശരോഗങ്ങള്‍ സ്യഷ്ടിക്കാം. കൊറോണാവൈറസ് ഇതിനുള്ള വളരെ ശക്തമായ ഒരു ഉദാഹരണമാണ്.  ഇത് തടയാനുള്ള ജീനിനെ പ്രേക്ഷണം ചെയ്ത മാംസമടങ്ങിയ ഹാംബെര്‍ഗര്‍ കൈകൊണ്ട് തൊടാന്‍ ചിലപ്പോള്‍ നമ്മള്‍ മടിച്ചേക്കാം. 


ഇതിലൂടെ ഞാന്‍ കഴിക്കുന്നതിന്‍റെ പ്രവര്‍ത്തനം എന്തായിരിക്കും? എന്‍റെ ജനിതകത്തിലും ഇത് മാറ്റമുണ്ടാ ക്കിയാലോ? ചോദ്യങ്ങളെപ്പോലെ ഉത്തരങ്ങളും അലോസരപ്പെടുത്തുന്ന താവാം. അങ്ങനെയെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ ആ ഭക്ഷണശാല വിട്ടെഴുന്നേറ്റ് പുറത്തേക്ക് നടക്കാനാവും ഇഷ്ടപ്പെടുക. ഇവിടെ അടുത്തെവിടെയെങ്കിലും സാധാരണ മാംസാഹാരം വില്‍ക്കുന്ന കടകളുണ്ടോ? നമ്മള്‍ തിരക്കിയേക്കാം. സൂപ്പര്‍മീറ്റ്, ജിഎം-മീറ്റ് (GM Meat, Genetically Modified Meat)  എന്നൊക്കെ എഴുതിവെച്ചിരിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ തിളങ്ങിനില്‍ക്കുന്ന നിരത്തിലൂടെ നാടന്‍മാംസം കിട്ടുന്ന തേടിനടന്ന് കാല്‍കുഴയുമ്പോള്‍ ഓര്‍ക്കുക: ആ കാലം എന്നെന്നേക്കുമായും കഴിഞ്ഞുപോയിരിക്കുന്നു!

ReferenceChen, J., Wang, J., Zhao, H. et al. Molecular breeding of pigs in the genome editing era. Genetics Selection Evolution 57, 12 (2025). https://doi.org/10.1186/s12711-025-00961-7