Saturday, December 25, 2010

ശാസ്ത്രം 2010ശാസ്ത്രമേഖലയില്‍ വിസ്മയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കുക്കൊണ്ടാണ് 2010 കടന്നുപോയത്. ചന്ദ്രന്റെ ഉത്തരധ്രുവത്തിലുള്ള 40 ലധികം ചെറുഗര്‍ത്തങ്ങളില്‍ ജലം നിറഞ്ഞിരിക്കുന്നതായുള്ള കണ്ടെത്തലും വിമാനം പോലെ പറക്കാന്‍ കഴിയുന്ന ടെറാഫ്യൂജിയ ട്രാന്‍സിഷന്‍ എന്ന കാറിന്റെ അരങ്ങേറ്റവും സ്വിറ്റ്സര്‍ലന്‍ഡിലെ കണികാത്വരകം ഉയര്‍ന്ന ഊര്‍ജ്ജത്തിലെ കണികകൂട്ടിയിടിയിലൂടെ റെക്കോഡ് സ്ഥാപിച്ചതുമാണ് വിസ്മയങ്ങള്‍. ഹിമാലയത്തിലെ മഞ്ഞുമലകള്‍ ഉരുകിയവസാനിക്കുന്നതുസംബന്ധിച്ച് ഐക്യരാഷ്ട്രസംഘടനയ്ക്കുകീഴിലെ കാലാവസ്ഥാമാറ്റപഠനസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ തെറ്റുകള്‍, പുതുതായി കണ്ടെത്തിയ ബാക്ടീരിയക്ക് ന്യൂഡല്‍ഹി എന്ന കൂട്ടിച്ചേര്‍ത്തുള്ള പേരിടല്‍, വിഷമയകീടനാശികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജനീവയില്‍ ഒത്തുചേര്‍ന്ന സമ്മേളനത്തിലെ  ഇന്ത്യയുടെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് എന്നിവയായിരുന്നു വിവാദങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനിയ്ക്കായി ചിലിയില്‍ അരങ്ങൊരുക്കിയതും ലാര്‍ജ് ഫാഡ്രോണ്‍ കൊളൈഡര്‍ എന്ന സ്വിറ്റിസര്‍ലന്‍ഡിലെ കണികാത്വരകത്തിനു ബദലായി ഇന്റര്‍നാഷണല്‍ ലീനിയര്‍ കൊളൈഡറിന്റെ തുടക്കവും ഗോതമ്പ്, സോയാബീന്‍, കൊക്കോ, ക്യൂലക്സ് കൊതുക്, ടര്‍ക്കിക്കോഴി എന്നിവയുടെ സമ്പൂരണ്ണജനിതക വെളിപ്പെടുത്തലും വരും വര്‍ഷങ്ങളിലേക്കുള്ള 2010-ന്റെ ഈടുവെയ്പ്പുകളുമായി.  ഒരു മാസത്തോളം കേടുകൂടാതെയിരിക്കുന്ന ജനിതകതക്കാളിയുടെയും പന്നിപ്പനിക്കെതിരായ വാക്സിന്റെയും 'ഗരിമ-രണ്ടാമന്‍' എന്നക്ളോണ്‍സന്തിതിയുടെയും വികസനത്തിലൂടെ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യതിളക്കിയ വര്‍ഷവുമായിരുന്നു 2010.  അതേപോലെ, അന്തര്‍ദേശീയഅംഗീകാരങ്ങള്‍ കേരളക്കരയേയും അഭിമാനപുളകമണിയിച്ച വര്‍ഷവും.  ഭൌതികശാസ്ത്രരംഗത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ മിറാക്മെഡലിന് മലയാളിശാസ്ത്രജ്ഞനായ ഇ.സി.ജി. സുദര്‍ശന്‍ അര്‍ഹനായതാണ് അതിലൊന്ന്.  കേരളാഗവണ്‍മെന്റിന്റെ വനവല്‍ക്കരണപരിപാടികള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസമിതിയുടെ പുരസ്കാരം ലഭിക്കുന്നത് കനകലിപികളിലെഴുതിയ മറ്റൊരംഗീകാരവും.

ലോകം

ജനുവരി 2: ലോകത്തില്‍ ഇന്നേവരെ കണ്ടെത്തിയിട്ടുള്ളവയില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ജനിതകപദാര്‍ത്ഥം കാനഡയിലെ ഡെല്‍ഹൌസി സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ആദിമഭൂമിയില്‍ ജീവിച്ചിരുന്ന ബാക്ടീരിയയുടേതെന്ന് കരുതപ്പെടുന്ന ഈ ഡി,എന്‍.എയ്ക്ക് 419 ദശലക്ഷം വര്‍ഷത്തെ  പഴക്കമുണ്ട്.

ജനുവരി 5: അമേരിക്കയിലെയും ദക്ഷിണകൊറിയയിലേയും  ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ലോകത്തിലെ ഏറ്റവും  ചെറിയ 'ട്രാന്‍സിസ്റര്‍' കണ്ടെത്തി. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച രണ്ട് ഇലക്ട്രോഡുകളുടെ ഇടയ്ക്കായി കാര്‍ബണിന്റെ ആറ് ആറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ളതാണ് ഇതിന്റെ  ഘടന.

ഫെബ്രുവരി 6: ചൈനയിലെ ഷൂചെങ് പ്രവിശ്യയില്‍ മൂവായിരത്തിലധികം ദിനോസര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇവിടം ദിനോസര്‍നഗരം എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ഫെബ്രുവരി 16: ലോകത്തില്‍ ഇന്നേവരെ  സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതാപനില പരീക്ഷണശാലയില്‍ പുന:സൃഷ്ടിക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ  ബ്രൂക്ക്ഹാവെന്‍ ലബോറട്ടറിയാണ് ഇതിന്  വേദിയായത്. 4 ട്രില്ല്യണ്‍ ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.

മാര്‍ച്ച് 16: ഗ്ളീസ് 710 (Glies 710) എന്ന നക്ഷത്രത്തിന്റെ സാമിപ്യംമൂലം സൌരയൂഥത്തിലെ ഗ്രഹങ്ങളുടെ  ഭ്രമണപഥങ്ങള്‍ക്ക് മാറ്റമുണ്ടാവാമെന്ന് പഠനം. ഭൂമിയടക്കമുള്ള ഗ്രഹങ്ങള്‍ക്കു നേരെ  ഉല്‍ക്കാവര്‍ഷം സംഭവിക്കാനും ഇത് കാരണമാവും. പക്ഷേ, ഇനിയും 15 ദശലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞ്.

മാര്‍ച്ച് 21: ശരീരത്തിലണിഞ്ഞാല്‍ അദൃശ്യമാവാന്‍ കഴിയുന്ന വസ്ത്രം ജര്‍മ്മനിയിലേയും  ബ്രിട്ടനിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നിര്‍മ്മിച്ചു. ഫോട്ടോണിക് ക്രിസ്റലുകളാണ് ഈ  അദൃശ്യവസ്ത്രത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.

ഏപ്രില്‍ 18: കഷണ്ടി അടക്കം പാരമ്പര്യകാരണങ്ങളാലുള്ള മുടികൊഴിച്ചിലിന് ഹേതുവാകുന്ന ജീനിനെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.  APCDD1 എന്ന ഈ ജീനിന്റെ കണ്ടെത്തല്‍ ഒരു പക്ഷേ ജനിതകചികിത്സയിലൂടെ കഷണ്ടിക്ക് പരിഹാരമായേക്കാം.

ഏപ്രില്‍ 30: ഭൂമിയില്‍ കാണുന്ന സള്‍ഫേറ്റ് സംയുക്തമായ ജിപ്സം (Gypsum) ചൊവയുടെ ഉപരിതലത്തിലുമുള്ളതായി കണ്ടെത്തല്‍. ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ് എന്നീ പര്യവേഷണദൌത്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതില്‍നിന്നുമാണ് നാസ ഈ കണ്ടെത്തല്‍ നടത്തിയത്.

മെയ് 4: ആനകളുടെ പൂര്‍വ്വികവംശത്തില്‍പ്പെട്ട മാമത്തിന്റെ രക്തം അതിന്റെ ഫോസില്‍ ഡിഎന്‍എയില്‍ നിന്നും പുന:സൃഷ്ടിക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചു. ഓസ്ട്രേലിയയിലെ അഡെലെയ്ഡ് സര്‍വ്വകലാശാലയിലെ  ശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്.

മെയ് 20: ലോകത്തിലെ  എല്ലാ ജീവികളുടെയും ജനിതകവിവരങ്ങളും വിജ്ഞാനശേഖരങ്ങളും  ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്ന പദ്ധതി വിജയകരമായ പര്യവസാനത്തിലെത്തി. ആല്‍പ്സ് പര്‍വ്വതനിരയിലുള്ള ഒരു ഭൂഗര്‍ഭഅറയിലാണ് ഈ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

ജൂണ്‍ 4:  ആഗോളതാപനംമൂലം സമുദ്രനിരപ്പ് ഉയരുകയാണെന്ന സങ്കല്‍പ്പനത്തിന് വിരുദ്ധമായ കണ്ടെത്തല്‍ ശാസ്ത്രലോകത്തെ അതിശയിപ്പിച്ചു. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ പസഫിക് സമുദ്രത്തിലെ  27-ഓളം  ദ്വീപുകള്‍ സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നതായാണ് കണ്ടെത്തല്‍.

ജൂണ്‍ 22: കണ്ടും കേട്ടും സ്പര്‍ശിച്ചും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ചെറിയ റോബോട്ടിനെ ജപ്പാന്‍ശാസ്ത്രജ്ഞര്‍ വികസിച്ചു. ഒരു കുട്ടിയുടെ രൂപമുള്ള ഇതിന് നോബി (Noby) എന്നാണ് പേര് നല്‍കിയത്. നയന്‍ മന്‍ത് ഓള്‍ഡ് ബേബി എന്നതിന്റെ ചുരുക്കരൂപമാണിത്.

ജൂലൈ 3: ആഗോളതാപനത്തിന് അനുകൂലമായി ഉയര്‍ന്ന സൂര്യതാപത്തില്‍ പ്രകാശസംശ്ളേഷണം നടത്താന്‍ കെല്പുള്ള നെല്‍ച്ചെടികളെ വികസിപ്പിക്കാന്‍ പ്രൊജക്ട്  സണ്‍ഷൈന്‍ എന്ന പേരില്‍ പദ്ധതിക്ക് തുടക്കാമായി. ഫിലീപ്പിന്‍സിലെ അന്തര്‍ദേശീയ നെല്ല് ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി.

ജൂലൈ 10: ഇന്ധനം വേണ്ടാത്ത വിമാനം ആദ്യത്തെ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. സോളാര്‍ ഇംപള്‍സ് (Solar Impulse) എന്നുപേരുള്ള ഇത് സൌരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡായിരുന്നു പരീക്ഷണവേദി.

ഓഗസ്റ് 14: പുതുതായി  കണ്ടെത്തപ്പെട്ട ഒരു രോഗാണുവിന് ന്യൂഡല്‍ഹി എന്നത് കൂട്ടിച്ചേര്‍ത്ത പേരുനല്‍കപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പ്രതിഷേധം. ന്യൂഡല്‍ഹി മെറ്റലോബീറ്റാ ലാക്ടമാസ് (NewDelhi-Metallo-beta-Lactamase-1)എന്നാണ് ബാക്ടീരിയയുടെ പേര്.

സെപ്തംബര്‍ 6: ആഫ്രിക്കയിലെ  രണ്ടായിരത്തിലധികവര്‍ഷം പഴക്കമുള്ള മമ്മിയുടെ ശരീരത്തില്‍ നടത്തിയ പരിശോധനയില്‍ അവര്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ടെട്രോസൈക്ളിന്‍ (Tetracyclin) എന്ന ആന്റിബയോട്ടിക്കിനെ വീഞ്ഞില്‍ നിന്നും വേര്‍തിരിച്ചെടുത്തതാണ് അവര്‍ ഉപയോഗിച്ചിരുന്നത്.

ഒക്ടോബര്‍ 27: ബോണ്‍സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ലോകത്തിലെ ഏറ്റവും വലിയ ആമ്പര്‍ (Amber) നിക്ഷേപം ഇന്ത്യയില്‍ കണ്ടെത്തി. 50 ദശലക്ഷം  വര്‍ഷം പഴക്കമുള്ളത് ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലേക്കും വെളിച്ചം വീശുന്നതാണ്.

നവംബര്‍ 4 : സ്ക്രീന്‍ ഇല്ലാതെ പ്രതിബിംബരൂപീകരണം സാധ്യമാകുന്ന ഹോളോഗ്രാഫി സങ്കേതത്തിന് തുടക്കമായി. ത്രീഡൈമന്‍ഷണല്‍ ടെലിപ്രസന്‍സ് (3 Dimensional Tele-Presence) എന്നു വിളിക്കുന്ന ഇത് അരിസോണ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് യഥാര്‍ത്ഥ്യമാക്കിയത്.

നവംബര്‍ 19: സ്വിറ്റ്സര്‍ലന്‍ഡിലെ സേണ്‍ ഗവേഷണശാലയിലെ  ശാസ്ത്രജ്ഞര്‍ പ്രതിദ്രവ്യം കണ്ടെത്തുന്നതില്‍ വിജയിച്ചു. ഹൈഡ്രജന്‍ പ്രതിദ്രവ്യരൂപമായ ആന്റിഹൈഡ്രജനാണ് പിടിയിലായത്. കണികാഭൌതികത്തിലെ  ഒരു വഴിത്തിരിവാണ് ഈ കണ്ടെത്തല്‍.

ഡിസംബര്‍ 2: ആര്‍സെനിക്കിന്റെ സാന്നിദ്ധ്യത്തിലും ജീവിക്കാന്‍ കഴിയുന്ന ബാക്ടീരിയയെ അമേരിക്കയിലെ ജിയോളജിക്കല്‍ സര്‍വ്വേയിലെ ഗവേഷകര്‍ കണ്ടെത്തി. ലവണസാന്ദ്രതയേറിയ ജലത്തില്‍ ജീവിക്കുന്നതരം ബാക്ടീരിയകളി (Halobacteriae) ലൊന്നിന്റെ  'ഏഎഅഖ1’എന്ന വകഭേദത്തിനാണ് ഈ കഴിവുള്ളത്.

ഡിസംബര്‍ 12: മാതാവിന്റെ പങ്കാളിത്തമില്ലാതെ ആണ്‍ലിംഗകോശങ്ങളെ മാത്രം ഉപയോഗിച്ചുകൊണ്ട് പുതുജീവന്‍ സൃഷ്ടിക്കുന്നതില്‍ അമേരിക്കന്‍ ഗവേഷകര്‍ വിജയിച്ചു. ക്ളോണിങ് സങ്കേതം  അടിസ്ഥാനമാക്കിക്കൊണ്ട്  എലികളില്‍ നടത്തിയ പരീക്ഷണമാണ് വിജയത്തിലെത്തിയത്.

ഇന്ത്യ

ജനുവരി 10: സൌരോര്‍ജ്ജപദ്ധതികളിലൂടെ ഊര്‍ജ്ജസ്വയംപര്യാപ്തത ലക്ഷ്യമിടുന്ന 'ജവഹര്‍ലാല്‍ നെഹ്രു ദേശീയ സൌരോര്‍ജ്ജമിഷന് തുടക്കം.

ഫെബ്രുവരി 2: ന്യൂഡെല്‍ഹിയിലെ 'നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പ്ളാന്റ് ജിനോമിക്സ് റിസര്‍ചില്‍ നിന്നും ഒരു മാസത്തോളം കേടകൂടാതിരിക്കുന്ന "ജനിതക-തക്കാളി.''

മാര്‍ച്ച് 3: ചാന്ദ്രയാനിലെ റഡാര്‍ നിരീക്ഷണസങ്കേതം ഉപയോഗിച്ചുകൊണ്ട് ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച് അമേരിക്കയുടെ സ്ഥിരീകരണം.

ഏപ്രില്‍ 10: ക്ഷയരോഗത്തിന് കാരണമാവുന്ന 'മൈകോബാക്ടീരയം ടുബെര്‍ക്കുലോസിസി'്ന്റെ സമ്പൂര്‍ണ്ണജനിതകം വെളിപ്പെടുത്തല്‍.

മെയ് 11: സര്‍പ്പക്കാവുകളുടെയും കാവുകളുടെയും സംരക്ഷണത്തിനായി കേരളാഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ബൃഹത്തായ പദ്ധതിക്ക് തുടക്കം.

ജൂണ്‍ 5: 'വാക്സിഫ്ളൂ' എന്ന തദ്ദേശീയമായി നിര്‍മ്മിച്ച പന്നിപ്പനി വാക്സിന്‍ വിപണിയിലേക്ക്.

ജൂലൈ 15: ആദ്യ 'ഇന്ത്യന്‍' ഇന്റര്‍നെറ്റ് ബ്രൌസര്‍' 'എപ്പിക്' (Epic) എന്ന പേരില്‍ വിപണിയിലെത്തി.

ഓഗസ്റ് 25:  ഹരിയാനയിലെ നാഷണല്‍ഡയറി റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടില്‍ ക്ളോണിങ്ങിലൂടെ പോത്തിന്‍ കിടാവ്-'ഗരിമ രണ്ടാമന്‍'.  ഇന്ത്യയുടെ മൂന്നാമത്തെ ക്ളോണ്‍.

സെപ്തംബര്‍ 29: ഇന്ത്യന്‍ പൌര•ാര്‍ക്കെല്ലാം തിരിച്ചറിയലിനായി ഒറ്റ നമ്പര്‍ നല്‍കുന്ന 'ആധാര്‍' (AADAAR) പദ്ധതിക്ക് മഹാരാഷ്ട്രയില്‍ തുടക്കം.

ഒക്ടോബര്‍ 23:  ഇന്ത്യയിലെ ആദ്യത്തെ ന്യൂട്രിനോ പരീക്ഷണശാല തമിഴ്നാട്ടിലെ 'ബോധിവെസ്റ്ഹില്‍' വനമേഖലയില്‍ സ്ഥാപിക്കാന്‍ കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി.

നവംബര്‍1: ഇന്ത്യയില്‍ നിന്നുള്ള എട്ടംഗ ഗവേഷണസംഘം അന്റാര്‍ട്ടിക്കന്‍ പര്യവേഷണത്തിന് അവിടേയ്ക്ക് യാത്രയായി.

ഡിസംബര്‍ 8:  കേരളംവനവകുപ്പ് നടപ്പിലാക്കിയ സാമൂഹ്യവനവല്‍ക്കരണപരിപാടികള്‍ക്ക് യു. എന്‍.ഇ. പി. (യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം) യുടെ അംഗീകാരം.

2010-ലെ വാര്‍ഷികങ്ങള്‍:

ഹബിള്‍ ദുരദര്‍ശിനിക്ക് 20
ഓസോണ്‍ വിള്ളലിന് 25
കാര്‍ബണ്‍പന്തി(ബക്കിബാള്‍) ന് 25
'ലേസറി'ന് 50
റോയല്‍സൊസൈറ്റിക്ക് 350

2010-ലെ വര്‍ഷാചരണങ്ങള്‍:

1.  ജൈവവൈവിധ്യവര്‍ഷം
     (
http://www.cbd.int/2010/welcome/)
2.  സംസ്കാരിക സമവായ വര്‍ഷം
      (
http://www.un.org/en/events/iyrc2010/)
3.  യുവജനവര്‍ഷം
     (
http://social.un.org/youthyear/)
4.  നെഴ്സുമാരുടെ വര്‍ഷം
     (
http://www.2010iynurse.net/)
5.  ശ്വാസകോശത്തിന്റെ വര്‍ഷം
     (
http://www.yearofthelung.org/)

ടൈറ്റാനിക്കില്‍നിന്നു പുതിയ ബാക്ടീരിയടൈറ്റാനിക് സിനിമ കണ്ടിട്ടുള്ളവരെല്ലാം ഓര്‍മിക്കുന്നുണ്ടാവും തുടക്കത്തിലെ ആ സീന്‍. കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന കപ്പലിനുള്ളിലേക്ക് ക്യാമറ ഘടിപ്പിച്ച ഒരു ചെറിയ യന്ത്രവാഹനം കടന്നുചെല്ലുന്നത്. സിനിമയ്ക്കുവേണ്ടിയുള്ള വെറും സെറ്റ് ആയിരുന്നില്ല അത്. യഥാര്‍ഥത്തിലെ ടൈറ്റാനിക്കിനെത്തന്നെയാണ് നമ്മള്‍ 'അക്കാഡെമിക് മിസ്റ്റിസ്ലാവ് കേല്‍ഡിഷ്' എന്ന സോവിയറ്റ് പര്യവേഷണ കപ്പലില്‍നിന്ന് അയച്ച യന്ത്രവാഹനമായിരുന്നു ആഴങ്ങളിലെ ടൈറ്റാനിക്കിനെ നമ്മുടെ കണ്‍മുന്നിലെത്തിച്ചത്.

ടൈറ്റാനിക്കിന്റെ സംവിധായകനായ ജെയിംസ് കാമറോണാണ് റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ അനുമതിയോടെയാണ് 1996-ല്‍ തന്റെ ചിത്രത്തിനായി ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. അതിനിടെ ശാസ്ത്രജ്ഞരുടെ സംഘവും അവരുടെ പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. ടൈറ്റാനിക്കിലെ ഇരുമ്പുനിര്‍മിത ഭാഗങ്ങളില്‍നിന്ന് തുരുമ്പിനു സമാനമായ ചില അവശിഷ്ടം കണ്ടെടുത്തതായിരുന്നു അതില്‍ പ്രധാനം. 14 വര്‍ഷ പഠനത്തിനുശേഷം അത് വെറും തുരുമ്പല്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതൊരു 'ജീവനുള്ള തുരുമ്പാ'ണത്രേ! അതായത് ഇരുമ്പിനെ തുരുമ്പാക്കിമാറ്റാന്‍ കഴിയുന്ന പുതിയൊരുതരം ബാക്ടീരിയ. ടൈറ്റാനിക്കി'ല്‍നിന്നു കിട്ടിയതെന്ന സൂചനയോടെയുള്ളതാണ് അതിന്റെ പേരും- 'ഹാലോമോണാസ് ടൈറ്റാനിക്കെ' (Halomonas titanicae)!


1912 ഏപ്രില്‍ 14നായിരുന്നു ടൈറ്റാനിക്  മുങ്ങിയത്. അറ്റ്ലാന്റിക് സമുദ്രത്തില്‍, കനഡയുടെ ഭരണാതിര്‍ത്തിയിലുള്ള ന്യു ഫൌണ്ട് ലാന്‍ഡ് ദ്വീപില്‍നിന്ന് 530 കിലോമീറ്റര്‍ തെക്കുകിഴക്കായി, സമുദ്രോപരിതലത്തില്‍നിന്ന് 3.8 കിലോമീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക് ഇപ്പോഴുള്ളത്. മുങ്ങുന്നസമയത്തുണ്ടായ മര്‍ദവ്യത്യാസം കാരണം മുന്‍ഭാഗവും പിന്‍ഭാഗവും 600 മീറ്ററോളം വേറിട്ട നിലയിലാണ് ടൈറ്റാനിക്കി'ന്റെ കിടപ്പ്.

98 വര്‍ഷമായി കടലിനടിയില്‍ സ്വാഭാവിക തുരുമ്പിക്കലിനു വിധേയമാകുന്ന ടൈറ്റാനിക്കിന്റെ തുരുമ്പിക്കല്‍ പക്ഷേ സാധാരണയുള്ളതിനേക്കാള്‍ വേഗത്തിലാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ബാക്ടീരിയ അടങ്ങുന്ന സൂക്ഷ്മജീവികളുടെ സംഘമാണ് തുരുമ്പിക്കലിനെ വേഗത്തിലാക്കുന്നത്. പരസ്പര സഹകരണത്തിലൂടെ നിലനില്‍ക്കുന്ന ഈ സൂക്ഷ്മജീവികള്‍ കൃത്യനിര്‍വഹണം വേഗത്തിലാക്കാന്‍ 'സിംബയോട്ടിക് അസോസിയേഷന്‍' (Symbiotic Association) എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ടത്രെ. ഇതിലെ ഒരംഗം മാത്രമാണ് 'ഹാലോമോണാസ് ടൈറ്റാനിക്ക' എന്ന ബാക്ടീരിയ. 

                                                                              
മുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്കു മാത്രമല്ല അവ ഭീഷണിയാവുന്നത്. കടല്‍ജലവുമായി സമ്പര്‍ക്കത്തില്‍വരുന്നതും ഇരുമ്പുനിര്‍മിതവുമായ ഏതൊന്നിനെയും അവ നശിപ്പിക്കും. 'ടൈറ്റാനിക് ബാക്ടീരിയ'യുടെ കണ്ടെത്തലിനെ ശാസ്ത്രസമൂഹം ഇതിനാല്‍ ഗൌരവതരമായാണ് വീക്ഷിക്കുന്നത്. കനഡയിലെ ഡെല്‍ഹൌസി സര്‍വകലാശാലയിലെയും സ്പെയിനിലെ സെവില്ലാ സര്‍വകലാശാലയിലെയും ഗവേഷകരാണ് പുതിയ ഇരുമ്പുതീനി ബാക്ടീരിയയുടെ കണ്ടെത്തലിനുപിന്നില്‍. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സിസ്റ്റമാറ്റിക് ആന്‍ഡ് എവല്യൂഷണറി ബയോളജി (Link: http://ijs.sgmjournals.org/cgi/content/abstract/60/12/2768)എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

തുരുമ്പിക്കലിന്റെ രസതന്ത്രം
തുരുമ്പിക്കല്‍ അഥവാ റസ്റ്റിങ്ങി (Rusting) നെ ഒരു വൈദ്യുതവിശ്ളേഷണ (Electrolysis) പ്രവര്‍ത്തനമായാണ് ശാസ്ത്രജ്ഞര്‍ വിവക്ഷിക്കുന്നത്. ഇരുമ്പിന്റെ ശുദ്ധരൂപത്തെക്കാള്‍ അതിന്റെ സങ്കരമാണ് തുരുമ്പിക്കലിന് എളുപ്പത്തില്‍ വിധേയമാവുന്നത്. ലോഹസങ്കരത്തിലെ ഇരുമ്പ് ആനോഡ്  ആയി പ്രവര്‍ത്തിക്കുകയും രണ്ട് ഇലക്ട്രോണുകളെ പുറത്തുവിട്ട് ഫെറസ് അയോണ്‍'(Fe2+) ആയി മാറുകയും ചെയ്യുന്നു. ലോഹസങ്കരത്തിലെ മറ്റ് ലോഹങ്ങളായ ചെമ്പ്, വെളുത്തീയം (Tin) എന്നിവ ഈ ഇലക്ട്രോണുകളെ സ്വീകരിക്കാനുള്ള കാഥോഡ് ആയി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ വൈദ്യുതവിശ്ളേഷണ പ്രവര്‍ത്തനം പൂര്‍ണമാവുന്നു.

                                                                                
ഓക്സിജന്റെയും ജലാംശത്തിന്റെയും സാന്നിധ്യം ഇതിന്റെ ആക്കം വര്‍ധിപ്പിക്കുന്നതാണ്. കാരണം രണ്ടുപേര്‍ക്കുംകൂടി നാല് ഇലക്ട്രോണുകളെ സ്വീകരിക്കുന്നതിനു സാധിക്കും. ഇതിലൂടെ കൂടുതല്‍ ഇലക്ട്രോണുകളെ ഇരുമ്പില്‍നിന്ന് നീക്കംചെയ്യാം. അതിലൂടെ സൃഷ്ടിക്കുന്ന ഫെറസ് അയോണുകള്‍ (Fe2+) ഫെറിക് അയോണുകളായി (Fe3+) മാറുന്നതിനിടയില്‍ അലേയമായ (ജലത്തില്‍ ലയിക്കാത്ത) സംയുക്തം സൃഷ്ടിക്കപ്പെടും. ഇതാണ് 'തുരുമ്പ്' എന്നറിയപ്പെടുന്ന ഫെറിക് ഓക്സൈഡ് (Ferric Oxide). അയോണുകളുടെ സഞ്ചാരത്തിനു പറ്റിയ ഒരു മാധ്യമം ഉണ്ടായിരിക്കുന്നത് തുരുമ്പിക്കലിന്റെ വേഗം വര്‍ധിക്കാനിടയാക്കും. ഇതാണ് ജലാംശം, ഉപ്പുകാറ്റ് തുടങ്ങിയവ തുരുമ്പിക്കല്‍ വേഗത്തിലാക്കാന്‍ കാരണം.

ഇരുമ്പുതീനി ബാക്ടീരിയയുടെ പ്രവര്‍ത്തനം
അധികമായ ലവണാംശത്തില്‍ ജീവിക്കുന്നതു കാരണം 'ഹാലോഫിലിക്' എന്നറിയപ്പെടുന്ന ബാക്ടീരിയയാണ് 'ഹാലോമോണസ് ടൈറ്റാനിക്കെ'. ലവണങ്ങള്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള കടല്‍ജലം ഒരു നല്ല 'വൈദ്യുതവിശ്ളേഷകം' അഥവാ 'ഇലക്ട്രോളൈറ്റ്' ആണ്. ഇതിലൂടെ ഇത്തരം ബാക്ടീരിയകള്‍ക്ക് തുരുമ്പിക്കലിനെ ആശ്രയിച്ച് ജീവിക്കാനുള്ള സവിശേഷമായ അവസരം ലഭിക്കുന്നു. 'തുരുമ്പ്' എന്ന ഫെറിക് ഓക്സൈഡിനെ ലേയരൂപത്തിലുള്ള ഫെറസ് ഹൈഡ്രോക്ളൈഡ് ആക്കി മാറ്റുകയാണ് ഇവ ചെയ്യുന്നത്. ഈ പ്രവര്‍ത്തനത്തിലൂടെ ഓക്സിജന്‍ പുറത്തുവരും. ഇതിനെ ഇവയ്ക്ക് മറ്റ് ഉപയോഗങ്ങള്‍ക്കായി വിനിയോഗിക്കാം.


ഫെറസ് അയോണുകള്‍ , ഫെറിക് അയോണുകളായി മാറുന്ന പ്രവര്‍ത്തനത്തിനും ഈ ബാക്ടീരിയകള്‍ കളമൊരുക്കാറുണ്ട്. മുന്‍പറഞ്ഞ പ്രവര്‍ത്തനത്തെ വിപരീതദിശയില്‍ നടത്തുന്നതിലൂടെയാണിത് (ഫെറസ് ഹൈഡ്രോക്സൈഡിനെ തിരിച്ച് ഫെറിക് ഓക്സൈഡ് ആക്കുന്നതിലൂടെ). ഇതിലൂടെ സൃഷ്ടിക്കുന്ന Fe3+ അയോണുകള്‍ക്ക് ക്ളോറിന്‍ ആറ്റവുമായി ചേര്‍ന്ന് ഫെറിക് ക്ളോറൈഡ് ആകാനാവും. ഉരുക്കി നെപ്പോലും നശിപ്പിക്കാനാവുന്ന ഇതാണ് കപ്പലുകളുടെ ഇരുമ്പുഭാഗങ്ങള്‍ക്കുള്ള മുഖ്യ ഭീഷണി.

Ref: Int J Syst Evol Microbiol. 2010 Dec;60(Pt 12):2768-74. Epub 2010 Jan 8.Halomonas titanicae sp. nov., a halophilic bacterium isolated from the RMS Titanic. Sánchez-Porro C, Kaur B, Mann H, Ventosa A. Department of Microbiology and Parasitology, Faculty of Pharmacy, University of Sevilla, 41012 Sevilla, Spain.