Wednesday, July 2, 2014

പുതിയൊരു കടുവാസങ്കേതംകൂടി

രാജ്യത്ത് പുതിയൊരു കടുവാസങ്കേതംകൂടി നിലവില്‍വന്നു. ഉത്തര്‍പ്രദേശിന്റെ ഭരണാതിര്‍ത്തിക്കുള്ളിലായി, 726.89 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന സംരക്ഷിത വനമേഖലയ്ക്കാണ് കടുവാസങ്കേതം എന്ന പേരിലുള്ള അധികസുരക്ഷ ലഭിക്കുന്നത്. നരഭോജികളായ കടുവകളുടെ പേരില്‍ പണ്ടുമുതല്‍ക്കേ അറിയപ്പെടുന്ന പിലിഭിട്ട് (Pilibhit) എന്ന വനമേഖലയ്ക്കാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. രാജ്യത്തെ 43-ാമത് കടുവാസങ്കേതമാണ് ബിഹാറുമായും ഉത്തര്‍ഖണ്ഡുമായും അതിര്‍ത്തി പങ്കുവയ്ക്കാന്‍ തക്കവണ്ണം വിസ്തൃതമായ പിലിഭിട്ട്.

രണ്ടു രാജ്യങ്ങളിലായുള്ള രണ്ട് വന്യജീവിസങ്കേതങ്ങളെ ബന്ധിപ്പിക്കുന്ന കടുവാസങ്കേതം എന്ന പ്രത്യേകതയും പിലിഭിട്ടിനുണ്ട്. നേപ്പാളിലെ ശുക്ളഭാന്റാ വന്യജീവിസങ്കേതത്തെയും ഇന്ത്യയിലെ ക്യഷ്ണാപുര്‍ വന്യജീവിസങ്കേതത്തെയും.
ദേശീയമൃഗമായ കടുവകളുടെ സംരക്ഷണത്തിനായി കേന്ദ്രഗവണ്‍മെന്റ് 1973ല്‍ തുടക്കമിട്ട പ്രോജക്ട് ടൈഗര്‍; പദ്ധതിയിന്‍കീഴില്‍ സംരക്ഷിക്കപ്പെടുന്ന വനമേഖലകളാണ് പ്രോജക്ട് ടൈഗര്‍ ഏരിയ അഥവാ ഭകടുവാസങ്കേതം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്ത്യയെ നാലു വനമേഖലകളായി തിരിച്ചാണ് പദ്ധതിയിന്‍കീഴിലുള്ള കടുവാസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതില്‍ ശിവാലിക് ടെറൈ സംരക്ഷിതമേഖല(Sivalik–Terai Conservation Unit) യിലാണ് പിലിഭിട്ട് കടുവാസങ്കേതം ഉള്‍പ്പെടുന്നത്. ടെറൈ ആര്‍ക്ക് ലാന്‍ഡ്സ്കേപ്പ്  (Terai Arc Landscape) എന്ന പേരില്‍ 52,000 വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന നിബിഡ വനമേഖലയുടെ ചെറിയൊരു ഭാഗം മാത്രമാണ് പിലിഭിട്ട്. ചതുരശ്രകിലോമീറ്ററിനുള്ളില്‍ അഞ്ച് എന്ന കണക്കില്‍ സമൃദ്ധമാണ് ഇവിടെയുള്ള കടുവകളുടെ എണ്ണം. ഈ സമൃദ്ധി കാത്തുസൂക്ഷിക്കുന്നതിനുള്ള ഊര്‍ജിതശ്രമത്തിന്റെ ഭാഗമായുള്ളതാണ് പിലിഭിട്ടിനെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനം.
കടുവകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാക്കാന്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കടുവാ സംരക്ഷണപദധതിക്ക് കഴിഞ്ഞിട്ടുണ്ട്. 1973ല്‍ വെറും 1,800 ആയിരുന്ന കടുവകളുടെ എണ്ണം, 1980 ആയപ്പോഴേക്കും 2,800 ആയി. ഇതിലൂടെ കടുവാസംരക്ഷണത്തിലെ ലോകോത്തര മാതൃകകളിലൊന്നായി പ്രോജക്ട് ടൈഗര്‍ ഉയര്‍ത്തിക്കാട്ടപ്പെട്ട അവസരങ്ങള്‍പോലും ഉണ്ടായി. എന്നാല്‍, കണക്കെടുപ്പിലെ അശാസ്ത്രീയതമൂലം ഊതിപ്പെരുപ്പിച്ചവയാണ് പ്രോജക്ട് ടൈഗറിനുകീഴിലെ കടുവകളുടെ എണ്ണം എന്ന്, ഉല്ലാസ് കാരന്തിനെപ്പോലെയുള്ള വന്യജീവിശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതേത്തുടര്‍ന്ന,് അപാകങ്ങള്‍ പരിഹരിച്ച് നടത്തപ്പെട്ട കണക്കെടുപ്പുപ്രകാരം, 1706 മാത്രമാണ് ഇന്ത്യയില്‍ ഇപ്പോഴുള്ള കടുവകളുടെ എണ്ണം.

ആദ്യകാലത്തെ 10 കടുവാസങ്കേതങ്ങള്‍

1. പലാമവു (ജാര്‍ഖണ്ഡ്) 1973-74
2. ബന്ദിപ്പുര്‍ (കര്‍ണാടകം) 1973-74
3. കോര്‍ബെറ്റ് (ഉത്തര്‍ഖണ്ഡ്) 1973-74
4. കന്‍ഹ (മധ്യപ്രദേശ്) 1973-74
5. മനാസ് (മധ്യപ്രദേശ്) 1973-74
6. മേല്‍ഖണ്ഡ് (മഹാരാഷ്ട്ര) 1973-74
7. രത്തംബോര്‍ (രാജസ്ഥാന്‍) 1973-74
8. സിംലിപാല്‍ (ഒഡിഷ) 1973-74
9. സുന്ദര്‍ബന്‍സ് (പശ്ചിമ ബംഗാള്‍) 1973-74
10. പെരിയാര്‍ (കേരളം) 1978-79

അടുത്തകാലത്തായി പ്രഖ്യാപിക്കപ്പെട്ട കടുവാസങ്കേതങ്ങള്‍

29. ആനമലൈ (തമിഴ്നാട്) 2008-2009
30. ഉദന്തി സീതാനദി (ഛത്തീസ്ഗഢ്) 2008-2009
31. സത്കോസിയ (ഒഡിഷ) 2008-2009
32. കാസിരംഗ (അസം) 2008-2009
33. അച്ചാനാക്മര്‍ (ഛത്തീസ്ഗഢ്) 2008-2009
34. ധന്‍ഡേലി അന്‍ഷി (കര്‍ണാടകം) 2008-2009
35. സഞ്ജയ് ഡൂബ്രി (മധ്യപ്രദേശ്) 2008-2009
36. മുതുമലൈ (തമിഴ്നാട്) 2008-2009
37. നാഗരഹോള്‍ (കര്‍ണാടകം) 2008-2009
38. പറമ്പിക്കുളം (കേരളം) 2008-2009
39. സഹ്യാദ്രി (മഹാരാഷ്ട്ര) 2009-2010
40. ബിലിഗിരി രംഗനാഥടെമ്പിള്‍ (കര്‍ണാടകം) 2011-2012
41. കവാല്‍ (ആന്ധ്രപ്രദേശ്) 2013
42. സത്യമംഗലം കാടുകള്‍ (തമിഴ്നാട്) 2013
43. പിലിഭിട്ട് (ഉത്തര്‍പ്രദേശ്) 2014

Courtesy: Print Edition of this was published in Kilivathil, Science Supplement of Deshabhimani dt. 27-06-2014.

Linkhttp://www.deshabhimani.com