Friday, February 15, 2013

ഛിന്നഗ്രഹസ്പര്‍ശം

ലോകമെമ്പാടുമുള്ള വാനനിരീക്ഷകരും ശാസ്ത്രജ്ഞരും ഒരുവര്‍ഷത്തോളമായി കാത്തിരിക്കുന്ന ദിവസമായിരുന്നു  2013 ഫെബ്രുവരി 15. ചരിത്രത്തില്‍ ആദ്യമായി ഒരു ഛിന്നഗ്രഹം അഥവാ അസ്റ്ററോയ്ഡ് (Asteroid) ഭൂമിയോട് വളരെ അടുത്തെത്തുകയായിരുന്നു അന്ന്. അടുത്തെന്നു പറഞ്ഞാല്‍ നമ്മുടെ തലയ്ക്കു മുകളില്‍നിന്ന് 27,700 കിലോമീറ്റര്‍ ഉയരത്തില്‍. ഇത്രയും ഉയരത്തില്‍ ഭൂമിക്കുപുറത്തുനിന്ന് ഒരു ഛിന്നഗ്രഹം വന്നെത്തുന്നത് ഇതാദ്യം. കാരണം ഈ ഉയരത്തിനും മുകളില്‍നില്‍ക്കുന്ന, ഭൂമിയെ ചുറ്റിസഞ്ചരിക്കുന്ന കൃത്രിമോപഗ്രഹങ്ങള്‍ നമുക്കുണ്ട്. അവയ്ക്കും താഴെ, ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ അപ്പുറത്തുനിന്ന് ഇത്തരമൊരു അതിഥി വന്നെത്തുന്നത് സത്യത്തില്‍ അതിശയമല്ല, അപകടശങ്കയാണ് ശാസ്ത്രലോകത്തിനു പകര്‍ന്നത്.

ഭൂമിയോട് ഇത്രയും അടത്തുകൂടി ഒരു ഛിന്നഗ്രഹം കടന്നുപോവുകയാണെങ്കില്‍, അത് നഗ്നനേത്രംകൊണ്ട് കാണാന്‍കഴിയില്ലേ? പകല്‍ അതിന്റെ നിഴല്‍ ഭൂമിയില്‍ പതിയില്ലേ? ഇങ്ങനെയൊക്കെയുള്ള ചോദ്യമാവാം നമ്മളിപ്പോള്‍ സ്വയം ചോദിക്കുന്നത്. ശരിയാണ്. ഇത്തരമൊരു അവസ്ഥയ്ക്ക് സാധ്യത ഉണ്ടായിരുന്നു, ഈ പറയുന്ന ഛിന്നഗ്രഹത്തിന് വേണ്ടത്ര വലുപ്പമുണ്ടായിരുന്നെങ്കില്‍! ഇത് 45 മീറ്റര്‍ മാത്രം വ്യാസമേയുള്ളു. ഈ ഛിന്നഗ്രഹത്തിന് ഭാരം ഏകദേശം 1,30,000 മെട്രിക് ടണ്ണോളമാവാമെന്നും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. എങ്കിലും ഭൂമിയില്‍ വന്നിടിച്ചിരുന്നുവെങ്കില്‍ ഇതുമൂലമുള്ള നാശനഷ്ടങ്ങള്‍ 25 മെഗാടണ്‍ ടിഎന്‍ടി (TNT) പൊട്ടുന്നതിനു സമാനമായിരുന്നേനെ. നാഗസാക്കിയിലും ഹിരോഷിമയിലും വീണ ആറ്റംബോബുകള്‍ വരുത്തിയ നാശനഷ്ടം ഇത്രത്തോളമില്ല. ഇതിനു പകരംവയ്ക്കാന്‍ ഭൌമചരിത്രത്തില്‍ മുമ്പു നടന്ന 'തങ്കസ്ക ഇവന്റ്' (Tunguska Event) മാത്രമേയുള്ളു. സൈബീരിയയില്‍ ഒരു വലിയ ഛിന്നഗ്രഹം വന്നിടിച്ചതും അതിന്റെ ആഘാത-പരിണാമങ്ങളുമാണ് 'തങ്കസ്ക ഇവന്റ്' എന്ന പേരില്‍ അറിയപ്പെടുന്നത്. മൂന്നുമുതല്‍ 20 മെഗാടണ്‍വരെയുള്ള ടിഎന്‍ടി സ്ഫോടനത്തിനു സമാനമായിരുന്ന സ്ഫോടനാഘാതമായിരുന്നു അതു സൃഷ്ടിച്ചത്.
അതേസമയം, ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
പതിനായിരക്കണക്കിന് ഛിന്നഗ്രഹങ്ങള്‍ സൌരയൂഥത്തിനുള്ളില്‍ത്തന്നെയുണ്ട്. ഇവയില്‍ പലതും ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെയുള്ളവയെന്ന തരത്തില്‍ പ്രത്യേകം വര്‍ഗീകരിക്കപ്പെട്ടിട്ടുള്ളവയാണ്. 'പൊട്ടന്‍ഷ്യലി ഹസാര്‍ഡസ് അസ്റ്ററോയ്ഡ്സ് (Potentially Hazardous Objects (Asteroids) PHO) എന്ന പേരിലാണ് ഇവ വേര്‍തിരിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കന്‍ ബഹിരാകാശ ഗവേഷണസംഘടനയായ 'നാസ'യുടെ നേതൃത്വത്തില്‍, ഒരു പ്രത്യേക ദൌത്യംതന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂമിയുമായി കൂട്ടിയിടിക്കാന്‍ പാകത്തിലുള്ള സഞ്ചാരപാതയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഛിന്നഗ്രഹങ്ങളെ നേരത്തെത്തന്നെ കണ്ടെത്തുകയാണ് അവരുടെ ലക്ഷ്യം. 

പേര് 2012 DA 14
2012 DA 14 എന്നാണ് നാളെ ഭൂമിയുടെ സമീപമെത്തുന്ന ഛിന്നഗ്രഹത്തിന്റെ പേര്. 2012 ഫെബ്രുവരി 22നാണ് ഈ ഛിന്നഗ്രഹം ആദ്യമായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കണ്ടുപിടിത്തത്തിന്റെ ആദ്യ നാളുകളില്‍, 'ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യത ഏറിയ ഛിന്നഗ്രഹങ്ങ'ളുടെ കൂട്ടത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരുന്നത്. 2013 ഫെബ്രുവരിയാണ് കൂട്ടിയിടിയുടെ സമയമായി നിശ്ചയിക്കപ്പെട്ടത്. പിന്നീട്, ഈ അപായസൂചന നീക്കംചെയ്യപ്പെടുകയായിരുന്നു. എങ്കിലും 2026നും 2069നും ഇടയ്ക്കുള്ള കൂട്ടിയിടി സാധ്യതാ പട്ടികയില്‍ 2012 DA 14 ഇപ്പോഴും ഉള്‍പ്പെടുന്നുണ്ട്.

എന്താണ് ഛിന്നഗ്രഹങ്ങള്‍? 
സൌരയൂഥത്തിലെ ചെറിയ അംഗങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. ഗ്രഹങ്ങളെക്കാള്‍ വലുപ്പത്തില്‍ ചെറുതും നിയതമായ ആകൃതിയുടെ അഭാവവുമാണ് ഇവ 'ഛിന്നഗ്രഹ'ങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണമാവുന്നത്. 'ഛിന്നഗ്രഹങ്ങള്‍' രണ്ടുതരമുണ്ട്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഭ്രമണപഥങ്ങളിലൂടെ സൂര്യനെ വലംവയ്ക്കുന്നവയാണ് 'മെയിന്‍ ബെല്‍റ്റ് ചിഹ്നഗ്രഹങ്ങള്‍' (Main-Belt Asteroids). ഭൂമിയോട് വളരെ അടുത്തുള്ള ഭ്രമണപഥങ്ങളിലുള്ളവയെ 'ഭൂസാമീപ്യ ഛിന്നഗ്രഹങ്ങള്‍' (Near-Earth Asteroids) എന്നും വിളിക്കുന്നു. ഇപ്പോള്‍ വന്നെത്തുന്ന '2012 DA 14' ഒരു ഭൂസാമീപ്യ ഛിന്നഗ്രഹമാണ്.

സ്വര്‍ണഖനന ലക്ഷ്യവുമായി കമ്പനികളും
ഛിന്നഗ്രഹസന്ദര്‍ശനത്തെ പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നവരില്‍ ശാസ്ത്രജ്ഞരോടൊപ്പം ബിസിനസുകാരും ഉണ്ടെന്നകാര്യം അതിശയമായി തോന്നാം. സ്വര്‍ണം, പ്ളാറ്റിനം തുടങ്ങിയ ലോഹങ്ങള്‍, ഭൂമിയിലെ ഖനികളില്‍ കാണുന്നതിനേക്കാള്‍ 174 ഇരട്ടിയിലധികം ഛിന്നഗ്രഹങ്ങളില്‍ കാണപ്പെടുന്നതാണ് ഇതിനു കാരണം. ഛിന്നഗ്രഹങ്ങളില്‍ ഖനനം നടത്തി, എങ്ങനെ ഈ ലോഹങ്ങളെ ഭൂമിയിലെത്തിക്കും എന്നതിലെ സാങ്കേതികമായ പ്രശ്നങ്ങള്‍ മാത്രമാണ് ഇക്കാര്യത്തിലെ മുഖ്യ തടസ്സം. എങ്കിലും അമേരിക്കയിലെയും ബ്രിട്ടനിലെയും ചില സ്വകാര്യകമ്പനികള്‍ ഇതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്ന ബ്രിട്ടീഷ് ധനാഢ്യന്‍ നേതൃത്വംനല്‍കുന്ന 'വിര്‍ജിന്‍ ഗാലക്ടിക്' (Virgin Galactic), അമേരിക്കയിലെ അഞ്ച് ധനാഢ്യന്മാര്‍ ചേര്‍ന്നു രൂപംനല്‍കിയ 'പ്ളാനെറ്ററി റിസോഴ്സസ്' (Planetary Resources) എന്നിവയാണവ.

Link: http://www.planetaryresources.com, http://www.virgingalactic.com
(This article in print-form was published in Kilivathil- the Science Pull-out of Deshabhimani dated 14 February 2013)

Monday, February 11, 2013

'റെക്സ്' ആദ്യത്തെ ജൈവ-യന്ത്ര മനുഷ്യന്‍!

ടെര്‍മിനേറ്റര്‍ എന്ന സിനിമ കണ്ട ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും; 'ആരാണ്?' എന്ന ചോദ്യത്തിന് നായകനായി വരുന്ന യന്ത്രമനുഷ്യന്‍ നല്‍കുന്ന മറുപടി: "ഞാന്‍ ഒരു 'സൈബര്‍നെറ്റിക് ജീവി'യാണ്'' (I am a Cybernetic Organism). എന്താണ് ഈ 'സൈബര്‍നെറ്റിക് ജീവി' എന്നു മനസ്സിലാക്കാനായില്ലെങ്കിലും ആ ജീവിക്ക് എന്തെല്ലാം ചെയ്യാനാവുമെന്ന് സിനിമ കാണുന്നവര്‍ക്ക്  മനസ്സിലാവും.
അത് വെറും ഭാവനയല്ല; പകുതി യന്ത്രവും പകുതി മനുഷ്യനുമായ ഇത്തരം ജീവികളുണ്ടെന്നു പറയുകയാണ് ശാസ്ത്രജ്ഞരിപ്പോള്‍. പറയുക മാത്രമല്ല, കൃത്രിമാവയവങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്ത് അവര്‍ ഒരു പൂര്‍ണമായ  ജൈവ-യന്ത്ര മനുഷ്യനെ നിര്‍മിച്ചിരിക്കുകയാണ്. പേര് 'റെക്സ്' (REX)!
ഒറ്റനോട്ടത്തില്‍ ഒരു മനുഷ്യനെന്നു തോന്നുന്നതാണ് 'റോബോട്ടിക് എക്സോസ്കെല്‍ട്ടന്‍' (Robotic EXoskeleton) എന്ന പൂര്‍ണരൂപമുള്ള 'റെക്സ്'. 'എക്സോസ്കെല്‍ട്ടന്‍' എന്ന വാക്കിന്, ജീവശാസ്ത്രത്തില്‍ അസ്ഥികൂടം എന്നാണര്‍ഥം. പക്ഷേ, 'റെക്സി'ന് അസ്ഥികൂടം മാത്രമല്ല ഉള്ളത്.  'അയാളുടെ' അടുത്തുചെന്ന് ഹസ്തദാനത്തിനു കൈനീട്ടിയാല്‍ 'റെക്സ്' തിരിച്ചും കൈനീട്ടും. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം നല്‍കും. ഈ കേള്‍വിയും കാഴ്ചയുമെല്ലാം സാധ്യമാക്കിയത് കൃത്രിമമായി നിര്‍മിച്ച ഇന്ദ്രിയങ്ങള്‍.
ഷാഡോ റോബോട്ടിക്സ് എന്ന കമ്പനിയാണ് 'റെക്സി'നെ നിര്‍മിച്ചതെങ്കിലും, ശരീരഭാഗങ്ങളാവുന്ന കൃത്രിമ അവയവങ്ങള്‍ ലോകത്തിലെ വിവിധ ഗവേഷണശാലകളില്‍നിന്നു വാങ്ങിയതാണ്. അവ കൂട്ടിയോജിപ്പിക്കുക എന്ന ജോലി മാത്രമേ കമ്പനി ചെയ്തുള്ളു. ഇതിനു വന്ന ചെലവ് ഒരു ദശലക്ഷത്തോളം ഡോളര്‍. 'റെക്സി'ന് സ്വന്തമായുള്ള കൈകള്‍, ഇന്ന് വികസിപ്പിക്കപ്പെട്ടവയില്‍ മികച്ചവയാണ്. ഓരോ വിരലും പ്രത്യേകമായി ചലിപ്പിക്കാന്‍കഴിയുന്ന  ഈ കൈ ഉപയോഗിച്ച് 'റെക്സി'ന് എന്തും മുറുക്കിപ്പിടിക്കാന്‍ കഴിയും. അതുപോലെ, വാതിലിന്റെ പിടിയോ, താക്കോല്‍പോലെയുള്ള എന്തും തിരിച്ചുതുറക്കാനും സാധിക്കും.
ടച്ച് ബയോണിക്സ്  എന്ന കമ്പനിയാണ് 'ഐ-ലിംബ്' (I-Limb) എന്നു പേരുള്ള ഇത് നിര്‍മിച്ചത്. കാല്‍മുട്ടുപോലെ മടങ്ങാനും അതുപോലെ ആവശ്യാനുസരണം നിവര്‍ന്നുനില്‍ക്കാനും കഴിയുന്ന 'കൃത്രിമമുട്ടി' (Artificial Knee Joint) ന്റെ പേര് 'ജെനിയം' (Genium) എന്നാണ്. വലിയ 'ഫ്രിഡ്ജി'ന്റെ വലുപ്പമുള്ള ഡയാലിസിസ് യന്ത്രത്തെ, ഒരു കാപ്പിക്കപ്പിന്റെ അത്രയും വലുപ്പത്തിലേക്ക് ചുരുക്കികൊണ്ടുള്ള കൃത്രിമ വൃക്കയാണ് മറ്റൊരു അതിശയം. ഇതേ ആകൃതിയില്‍ കൃത്രിമ ഹൃദയവും കൃത്രിമമായ ആഗ്നേയഗ്രന്ഥി യും പ്ളീഹയും  'റെക്സി'ന്റെ ശരീരഭാഗങ്ങളാണ്.
നാഡീകോശങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന 'കംപ്യൂട്ടര്‍ ചിപ്പു'കള്‍ ഘടിപ്പിച്ച കൃത്രിമ തലച്ചോറും 'റെക്സി'നുണ്ട്. അതുപോലെ കൃത്രിമ കണ്ണുകളും ചെവിയും. രോഗംമൂലമോ അപകടംമൂലമോ ഇത്തരം അവയവങ്ങള്‍ക്ക് കേടുപറ്റുന്നവര്‍ക്ക് മാത്രമായുള്ളതല്ല, 'റെക്സി'ന്റെ ശരീരഭാഗങ്ങളാവുന്ന ഈ 'അവയവ'ങ്ങളെന്ന് ശാസ്ത്രജ്ഞര്‍ . ഇന്ദ്രിയപരമായ പരിമിതികള്‍ കടന്നുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവ ഉപയോഗിക്കാമത്രെ. സ്വയം ഒരു 'ജൈവ-യന്ത്ര മനുഷ്യ'നായി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്.... അതിനും പരീക്ഷണങ്ങള്‍ തുടരുകയാണ്.

(The article in print-form was published in Kilivathil- the Science Pull-out of Deshabhimani dated 7 February 2013)