Friday, June 24, 2011

വംശനാശത്തിന്റെ ചിറകടികള്‍ ഇന്ത്യയിലും

ഇന്ത്യക്ക് ദേശീയപക്ഷി ഇല്ലാതിരുന്നകാലത്തെ കഥയാണ്. അങ്ങനെയൊരെണ്ണത്തെക്കുറിച്ച് സര്‍ക്കാരും ശാസ്ത്രസമൂഹവും ആലോചിക്കുന്ന സമയം. അഭിപ്രായം ആരാഞ്ഞുള്ള കത്ത് മറ്റു പലര്‍ക്കും കിട്ടിയ കൂട്ടത്തില്‍ പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഡോ. സാലിം അലിക്കും കിട്ടി. അന്ന് അതിനയച്ച മറുപടിയില്‍ അദ്ദേഹം നിര്‍ദേശിച്ചത് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്' എന്ന പക്ഷിയെയായിരുന്നു.

ലോകത്ത് ഇന്നുള്ള പറക്കാന്‍കഴിയുന്ന പക്ഷികളില്‍ ഭാരംകൂടിയ പക്ഷിയാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്'. വംശനാശഭീഷണിയാല്‍ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയും അന്നേ ഉണ്ടായിരുന്നു. പോരാത്തതിന് ഇന്ത്യയിലും പാകിസ്ഥാനിലുമായി പുല്‍മേടുകളെന്ന ഒരേതരം ജീവപരിസരത്തെ ആവാസമാക്കുന്ന ഒരേയൊരു പക്ഷി എന്ന സവിശേഷതയും. അത്തരത്തില്‍ അയല്‍സൌഹൃദത്തിന്റെ പ്രതീകമാവാനും അതിനു കഴിയുമായിരുന്നു. ഇതൊക്കെയും കണക്കിലെടുത്താണ് സാലിം അലി കത്തെഴുതിയത്.

പക്ഷേ, സാമാന്യജനത്തിന് പരിചയമില്ലാത്ത പേര് എന്ന നിലയ്ക്കാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'ന് ആ സ്ഥാനം പോയത്. 'പേരുകേട്ട' മയില്‍ ആ സ്ഥാനം കൈയടക്കുകയും ചെയ്തു. അന്ന് നേരിട്ട ദുര്യോഗം 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'നുള്ള വംശനാശഭീഷണി രൂക്ഷമായി തുടരാനും ഇടയാക്കി. ഇപ്പോഴിതാ, പേരിലെ അപ്രശസ്തിക്കു നല്‍കാവുന്ന ഏറ്റവും വലിയ വിലയും- വംശനാശം നേരിടുന്ന ജീവികളുടേതായി 2011ല്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഒന്നാമതായി ഈ പേര് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്'!

മുഗള്‍ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെപോലും പ്രത്യേക പരാമര്‍ശത്തിനു പാത്രമായ പക്ഷിയാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്'. ഡെക്കാന്‍ സമതലങ്ങളില്‍ ഒരുകാലത്ത് സുലഭമായിരുന്ന ഇതിനെ മറാത്തക്കാര്‍ 'ഹൂം' എന്നാണ് വിളിച്ചിരുന്നത്. ഇടിനാദംപോലെ പേടിപ്പെടുത്ത ശബ്ദമായിരുന്നു കാരണം. വേട്ടക്കാരെ ആക്രമിക്കുന്ന സ്വഭാവത്താലും ഇവ കുപ്രസിദ്ധിയാര്‍ജിച്ചിരുന്നു.
പെണ്‍പക്ഷികളെ മാത്രമായിരുന്നു സാധാരണ  വേട്ടക്കാര്‍ക്കു കിട്ടിയിരുന്ത്. കാട്ടില്‍ തീപടര്‍ത്തുമ്പോള്‍, പെണ്‍പക്ഷികള്‍ അവയുടെ കൂട്ടിലേക്ക് ഓടിയെത്തി
മുട്ടയെയും കുഞ്ഞുങ്ങളെയും ചിറകുകള്‍ കൊണ്ടു പൊതിഞ്ഞ് അനങ്ങാതിരിക്കുന്ന സ്വഭാവത്താലാണിത്. മധ്യപ്രദേശിലെ ഗാട്ടിഗാവോണ്‍, കാരിയ എന്നീ വന്യജീവിസങ്കേതങ്ങളിലാണ് ഇപ്പോള്‍ ഇവയെ കാണാവുന്നത്. കൃത്രിമ പുനരുല്‍പ്പാദന (Captive Breeding) ശ്രമങ്ങള്‍ക്ക് ഇതുവരെയും പരാജയമാണ് ഫലം.
                                                                                
അന്തര്‍ദേശീയ പ്രകൃതിസംരക്ഷണ സംഘടനയായ ഐയുസിഎന്‍ (ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്വറല്‍ റിസോഴ്സസ്) വംശനാശഭീഷണി നേരിടുന്ന ജീവികള്‍സംബന്ധമായി വര്‍ഷംതോറും പുതുക്കിനിശ്ചയിക്കുന്ന പട്ടികയിലാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്' ഉള്‍പ്പെട്ടിട്ടുള്ളത്. 'റെഡ് ഡാറ്റാ ബുക്' അഥവാ 'ചുവന്ന വിവരങ്ങളുടെ പട്ടിക' എന്നറിയപ്പെടുന്ന ഇതിലെ പക്ഷികളുടെ വിഭാഗമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
'വംശനാശഭീഷണിയുള്ളത്' (Endangered) എന്ന നിലയിലായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷമായി 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'ന്റെ നില. 2008-ലെ കണക്കെടുപ്പില്‍ ഇന്ത്യയിലും പാകിസ്ഥാനിലുമായി ഇവയുടെ എണ്ണം ആയിരത്തില്‍താഴെയാണ്. അടുത്തിടെ നടന്ന നിരീക്ഷണത്തില്‍ അത് 250നു താഴേക്കു പോയതായി കണ്ടെത്തി. ഇതുകാരണമാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്' ഇതാദ്യമായി 'തീവ്രമായ വംശനാശഭീഷണി നേരിടുന്നത്' (Critically Endangered) എന്ന വിഭാഗത്തിലേക്കു മാറിയത്.

ഇന്ത്യയിലെ പക്ഷിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നിഷ്ക്രിയമായി ഏട്ടിലുറങ്ങുന്നു എന്ന സൂചനയാണ് ഇതു നല്‍കുന്നതെന്നാണ് പക്ഷിസ്നേഹികളും പക്ഷിസംരക്ഷണപ്രവര്‍ത്തകരും പറയുന്നത്. അതേസമയം യൂറോപ്പ്, അമേരിക്ക, മധ്യപൂര്‍വമേഖലയിലെരാജ്യങ്ങള്‍എന്നിവിടങ്ങളില്‍വംശനാശപ്പട്ടികയിലായിരുന്ന പല പക്ഷികളും വംശനാശഭീഷണിയില്ലാത്തവയുടെ കൂട്ടത്തിലേക്കു വന്നുചേര്‍ന്നിട്ടുമുണ്ട്. പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ ഇന്ത്യയുടെ കെടുകാര്യസ്ഥതയാണ് ഇതു വിളിച്ചോതുന്നത്.
ട്രോപ്പിക്കല്‍ കാലാവസ്ഥാ മേഖലയില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ സവിശേഷമായ ആവാസപശ്ചാത്തലങ്ങളാല്‍ ശ്രദ്ധേയമായവയാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡു'പോലെയുള്ള പക്ഷികളുടെ ജീവപരിസരങ്ങളായ പുല്‍മേടുകള്‍. വാര്‍ഷികവര്‍ഷപാതം കുറവും നീര്‍വാഴ്ച കൂടുതലുള്ളതുമായ മേഖലകളിലാണ് ഈ പുല്‍മേടുകളുടെ സ്ഥാനം. കുറ്റിക്കാടുകള്‍ അവിടവിടെയായും അവയ്ക്കിടയില്‍ ഉയരത്തില്‍ വളരുന്ന പുല്ലുകളും നന്നേ അപൂര്‍വമായി മരങ്ങളും എന്നതാണ് ഇവിടത്തെ പ്രകൃതിയുടെ നില.

ഇതില്‍ ആദ്യം നശിപ്പിക്കപ്പെട്ടത് കാടുകളാണ്. അവ കൃഷിയിടങ്ങളായി. ബാക്കിഭാഗം തരിശായി കിടക്കുകയോ ജനവാസകേന്ദ്രങ്ങളായി മാറ്റപ്പെടുകയോ ചെയ്തു. ഇതൊക്കെയും ഇവിടുത്തെ ജീവികളുടെ നിലനില്‍പ്പിനു ഭീഷണിയായി. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടകം എന്നിവിടങ്ങളില്‍ ഇതാണ് സംഭവിച്ചത്. ജലസേചനത്തിനായി, നടപ്പാക്കിയ വമ്പിച്ച കനാല്‍പദ്ധതികളും പരിസ്ഥിതിയെ ആഴത്തില്‍ മുറിച്ചുകൊണ്ടാണ്കടന്നെത്തിയത്.
രാജസ്ഥാനിലും മറ്റും മറ്റൊരുതരത്തിലാണ് വംശനാശാക്രമണം നടത്തിയത്. 'സാമൂഹ്യ വനവല്‍ക്കരണപദ്ധതിയുടെ ഭാഗമായി വച്ചുപിടിപ്പിച്ച യൂക്കാലിപോലുള്ള മരങ്ങള്‍ മണ്ണിലെ ജലാംശത്തെ പാടെ വലിച്ചൂറ്റി വരണ്ടതാക്കി. ഇത് പുല്‍മേടുകള്‍ നശിക്കുന്നതിനു കാരണമായി. സ്വഭാവിക ആവാസം നഷ്ടപ്പെട്ട പക്ഷികളുള്‍പ്പെടെയുള്ള ജീവികള്‍ പാകിസ്ഥാന്‍പോലെ സമാന ഭൂപ്രകൃതിയുള്ള ഇടങ്ങളിലേക്കു ചേക്കേറാന്‍ നിര്‍ബന്ധിതമായി. അതിനാല്‍ 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'ന്റെ വംശനാശം പാഠമായാണ് പ്രകൃതിസംരക്ഷകര്‍ വിലയിരുത്തുന്നത്. ദീര്‍ഘവീക്ഷണമില്ലാതെ, പ്രകൃതിസംരക്ഷണം, വനവല്‍ക്കരണം എന്നീ പേരുകളില്‍ നടത്തുന്ന പദ്ധതികള്‍ എത്രത്തോളം ദോഷകരമാവാം എന്നതാണത്.

Saturday, June 4, 2011

ആകാശത്തിന്റെ അതിരുകള്‍ തേടാന്‍ ഇന്ത്യയും


 1977 ആഗസ്ത് 15. ഒഹിയോ സ്റ്റേറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ വാനനിരീക്ഷണശാലയാണ് രംഗം. ഡോ. ജെറി എഫ്മാന്‍  തനിക്കു മുന്നിലെ കംപ്യൂട്ടര്‍പ്രിന്ററില്‍നിന്നു പുറത്തുവരുന്ന കടലാസുകളെ അലസമായി നോക്കിക്കൊണ്ടിരിക്കയാണ്. ആകാശത്തിന്റെ അനന്തതയിലേക്ക് തിരിച്ചുവച്ചിരിക്കുന്ന ഒരു 'റേഡിയോ ടെലസ്കോപ്പി'ല്‍നിന്നുമുള്ള സിഗ്നലുകള്‍ അച്ചടിരൂപത്തില്‍ പകര്‍ത്തപ്പെടുന്ന കടലാസുകളാണവ. പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍നിന്ന് മനുഷ്യസമൂഹത്തെപ്പോലെ ബുദ്ധിപരമായി വളര്‍ന്ന ഏതെങ്കിലും ജീവസമൂഹം എന്തെങ്കിലും സന്ദേശം അയച്ചാല്‍ അത് പിടിച്ചെടുക്കുകയായിരുന്നു, ആകാശത്തിലേക്ക് ഇമയനക്കംപോലുമില്ലാതെ കണ്‍തുറന്നിരിക്കുന്ന ആ 'റേഡിയോ ടെലസ്കോപ്പി'ന്റെ ലക്ഷ്യം.

പെട്ടെന്ന് കടലാസില്‍ സവിശേഷമായ ചില അക്കങ്ങളും അക്ഷരങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വിചിത്രമായ ഒരു സന്ദേശം. കൃത്യം 72 സെക്കന്‍ഡുകള്‍ അത് നീണ്ടു. വിദൂരപ്രപഞ്ചത്തില്‍നിന്ന് ഭൂമിയിലേക്കെത്തുന്ന ആദ്യ സിഗ്നല്‍! 14 വര്‍ഷത്തെ തന്റെ അന്വേഷണത്തിന് ഇത്തരമൊരു പൂര്‍ണത ലഭിച്ചതില്‍ ആവേശഭരിതനാവുകയായിരുന്നു ജെറി എഫ്മാന്‍. സന്തോഷം അടക്കാനാവാതെ അദ്ദേഹം ആ സിഗ്നല്‍ പകര്‍ത്തപ്പെട്ട കലോസിന്റെ മാര്‍ജിനില്‍ 'വൌ' (Wow!) എന്നെഴുതി. പിന്നെ അന്വേഷണങ്ങളുടെ കുത്തൊഴുക്കായിരുന്നു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല.

സന്ദേശം സ്വീകരിക്കപ്പെട്ട 'ടെലസ്കോപ്പി'ന്റെ പരിമിതിയായിരുന്നു അത്. 1977നുശേഷം അനവധി 'റേഡിയോ ടെലസ്കോപ്പു'കള്‍ നിര്‍മിക്കപ്പെട്ടെങ്കിലും അവയ്ക്കൊന്നിനും 'വൌ സിഗ്നല്‍' (ആ പേരിലായിരുന്നു അത് പിന്നീട് അറിയപ്പെട്ടത്) പോലെയൊന്നിനെ പിന്നീട് കണ്ടെത്താനായില്ല. അതിനായുള്ള ഏറ്റവും ബൃഹത്തായ ശ്രമമെന്നനിലയില്‍ ലോകത്തിലെ ഏറ്റവും വലിയ 'റേഡിയോ ടെലസ്കോപ്പ്' ഇപ്പോള്‍ തയ്യാറാവുകയാണ്. എസ്കെഎ  ടെലസ്കോപ്പ് (SKA telescope) എന്നറിയപ്പെടുന്ന ഈ സംരംഭത്തില്‍ പങ്കാളിയാണ് ഇന്ത്യയുമെന്നത് അഭിമാനമാണ്.
                                                                               
'സ്ക്വയര്‍ കിലോമീറ്റര്‍ അരെ' (Square Kilometre Array)  ടെലസ്കോപ്പ് എന്നതാണ്   എസ്കെഎ ടെലസ്കോപ്പിന്റെ പൂര്‍ണരൂപം. ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മേഖലയില്‍നിന്നു കടന്നെത്തുന്ന എല്ലാത്തരം സിഗ്നലുകളെയും ഒരേസമയം സ്വീകരിക്കാനും അപഗ്രഥിക്കാനും കഴിയുന്നു എന്നതാണ് ഈ പേരിനുപിന്നിലെ സൂചന. ഇതുപോലെ വിശാലമാണ് സ്വീകരിക്കാനാവുന്ന സിഗ്നലുകളുടെ വ്യാപ്തിയും. 'വൌ സിഗ്നല്‍' കണ്ടെത്തിയ 'റേഡിയോ ടെലസ്കോപ്പി'ന് സ്വീകരിക്കാനാവുമായിരുന്നതിലും പതിന്മടങ്ങ് കൂടുതലാണ് എസ്കെഎ  ടെലസ്കോപ്പിന് സ്വീകരിക്കാനാവുന്ന സിഗ്നലുകളുടെ ഉയര്‍ന്ന പരിധിയും താഴ്ന്ന പരിധിയും.

സിഗ്നലുകളെ കണ്ടെത്തുന്നതിന്റെ വേഗത്തിന്റെ കാര്യത്തിലും എസ്കെഎ  ടെലസ്കോപ്പിന് പുതിയ റെക്കോഡുണ്ടാവും. 'ബിഗ് ഇയര്‍' എന്നതായിരുന്നു 'വൌ സിഗ്നല്‍' കണ്ടെത്തിയ ടെലസ്കോപ്പിന്റെ പേര്. വിദൂരകോണുകളില്‍നിന്നുള്ള 'വിളിശബ്ദങ്ങള്‍'ശ്രവിക്കാനുള്ള ഒരു ചെവി എന്ന അര്‍ഥത്തിലായിരുന്നു ആ പേര്. എന്നാല്‍ പേരു സൂചിപ്പിക്കുന്നതുപോലെ ഒരു കുഴപ്പവും ഉണ്ടായിരുന്നു അതിന്. ഒരിടത്ത് സ്ഥിരമായി ഉറപ്പിച്ച തരത്തിലുള്ള 'ബിഗ് ഇയര്‍' ടെലസ്കോപ്പ് വിദൂരാകാശത്തിന്റെ ഒരു നിശ്ചിതമേഖലയെ എത്രസമയംകൊണ്ട് നിരീക്ഷിക്കണം എന്നതിന് ഭൂമിയുടെ സ്വയംഭ്രമണത്തെയാണ് ആശ്രയിച്ചിരുന്നത്.

പുതിയൊരു സിഗ്നല്‍ കടന്നുവരാന്‍ 36 സെക്കന്‍ഡ്. കടന്നുപോവാന്‍ 36 സെക്കന്‍ഡ്. ആകെ 72 സെക്കന്‍ഡുകള്‍. ഇത്രയും സമയത്തിനുള്ളില്‍ വേണം പരിശോധന. ഇതിന്റെ 50 മടങ്ങ് വേഗത്തിലുള്ള പരിശോധനയാണ് എന്നതാണ് എസ്കെഎയുടെ മേന്മ. ലഭ്യമാവുന്ന വിവരങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അപഗ്രഥിച്ച് പകര്‍ത്തിയെടുക്കാന്‍ ഒരു ശതകോടി സാധാരണ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനശേഷിയുള്ള സൂപ്പര്‍ കംപ്യൂട്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ മുഴുവന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഒരൊറ്റ സെക്കന്‍ഡില്‍ സ്വീകരിക്കുകയും അയക്കുകയും ചെയ്യുന്ന വിവരവിനിമയ നിരക്കിനേക്കാള്‍ 10 മടങ്ങാണ് എസ്കെഎയുടെ കംപ്യൂട്ടറുകളിലൂടെ കടന്നുപോവുന്ന ഡാറ്റ നിരക്ക്.

3000 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിരിക്കുന്ന ഡിഷ് ആന്റിനകളില്‍നിന്നു സ്വീകരിക്കപ്പെടുന്ന സിഗ്നലുകളെയാണ് കംപ്യൂട്ടറുകള്‍ അപഗ്രഥിക്കുന്നത്. ഇത്രയും വലിയൊരു റേഡിയോ സ്വീകരണി നിലവില്‍ ലോകത്തിലില്ല. 50 പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്നതായി ഒരു ജീവഗ്രഹം ഉണ്ടെങ്കില്‍പ്പോലും അതില്‍നിന്നുള്ള സിഗ്നലുകള്‍ എസ്കെഎയ്ക്ക് കണ്ടെത്താനാവും.

ലോകത്തില്‍ ഇന്നു സ്ഥാപിക്കപ്പെട്ടിട്ടുള്ള 'റേഡിയോ ടെലസ്കോപ്പു'കള്‍ രണ്ടുതരത്തിലുള്ളവയാണ്. ഒരൊറ്റ ആന്റിന (ഡിഷ്ആന്റിന) ഉപയോഗിക്കുന്നവയാണ് അവയിലേറെയും. ഈ 'ഡിഷി'ന്റെ വലുപ്പം എത്രവേണമെങ്കിലുമാവാം. വലുപ്പം കൂടുന്നതിനനുസരിച്ച് സിഗ്നലിന്റെ സ്വീകരണശേഷി കൂടും. ഇത്തരത്തിലുള്ളവയ്ക്കു പറയുന്ന പേരാണ് 'സിംഗിള്‍ അപ്പറേച്ചര്‍ ടെലസ്കോപ്പുകള്‍' (Single Aperature Telescope ). അതേസമയം ഒന്നിലധികം ഡിഷ് ആന്റിനകളില്‍നിന്നുള്ള വിവരങ്ങള്‍സംയോജിപ്പിച്ച്ഉപയോഗിക്കുന്നവയുമുണ്ട്.
 
ഈ ആന്റിനകള്‍ എത്ര അകലത്തില്‍, എത്ര ദൂരത്തില്‍ വയ്ക്കുന്നു എന്നതനുസരിച്ച് അവയുടെ നിരീക്ഷണശേഷിയും കൂട്ടിയെടുക്കാം. 'അപ്പറേച്ചര്‍ സിന്തസിസ്' (Aperature Synthesis)എന്നാണ് ഈ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കലിനു പറയുന്ന പേര്. ഇങ്ങനെ, ഒന്നിലധികം ആന്റിനകള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരൊറ്റ റേഡിയോ ടെലസ്കോപ്പായി പ്രവര്‍ത്തിക്കുമ്പോള്‍ അതിന് മറ്റൊരു പേരു പറയും- ഇന്റര്‍ഫെറോമീറ്റര്‍ (Interferometer).  ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍ഫെറോമീറ്ററും ഇനിമേല്‍ എസ്കെഎ ടെലസ്കോപ്പാണ്.
 20 രാജ്യങ്ങളില്‍നിന്നുള്ള 67 ശാസ്ത്രസ്ഥാപനങ്ങളുടെ സംയുക്തപദ്ധതിയായാണ് ഇതു നടപ്പാക്കുന്നത്. ഇതില്‍ ഒരു രാജ്യമാണ് ഇന്ത്യ. പുണെയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്ട്രോണമിയും ബംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് ഇന്ത്യയുടെ പ്രതിനിധികളായി ഇതില്‍ പങ്കെടുക്കുന്നത്. മേയ് ആദ്യം റോമില്‍ നടന്ന സമ്മേളനത്തില്‍ ഇതിനായുള്ള കരടു രൂപരേഖ തയ്യാറാക്കപ്പെട്ടിരുന്നു. വാനനിരീക്ഷണത്തില്‍ മാത്രമല്ല, നിര്‍മാണ സാങ്കേതികതയുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളിലും എസ്കെഎ ഒരു വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.
 
ഫൈബര്‍ ഒപ്ടിക്സ്, സിഗ്നല്‍ പ്രോസസിങ്, കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്‍ തുടങ്ങിയവയില്‍ പുതിയ കണ്ടെത്തലുകള്‍ എസ്കെഎയുടെ നിര്‍മാണവേളയില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷ. ഇവയുടെയെല്ലാം പേറ്റന്റ് നയങ്ങളില്‍ ഇന്ത്യക്കും അവകാശസ്വാതന്ത്യ്രമുണ്ടാവും. 

റേഡിയോ ടെലസ്കോപ്പ് എന്നാല്‍...

റേഡിയോ തരംഗങ്ങളെ സ്വീകരിക്കുന്നതിലൂടെ പ്രവര്‍ത്തനക്ഷമമാവുന്ന ടെലസ്കോപ്പാണ് റേഡിയോ ടെലസ്കോപ്പ്. നമ്മുടെ വീട്ടിലെ ഒരു സാധാരണ റേഡിയോ സെറ്റും ഇതുപോലെത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. റേഡിയോ തരംഗങ്ങളെ ശബ്ദമാക്കി മാറ്റിയാണ് അത് നമ്മളെ പാട്ടും മറ്റും കേള്‍പ്പിക്കുന്നത്. മൊബൈല്‍ ഫോണിലും ടെലിവിഷനിലുമൊക്കെ സമാനമായ സാങ്കേതികതതന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, 1930കളില്‍ റേഡിയോ ടെലസ്കോപ്പുകള്‍ ആദ്യമായി വികസിപ്പിക്കപ്പെട്ടപ്പോള്‍ 'റേഡിയോ' യ്ക്കായിരുന്നു കൂടുതല്‍ പ്രചാരം. അതിനാല്‍ ആ പേര് കൈവന്നു എന്നു മാത്രം.

10 മെഗാഹേര്‍ട്സ് (10 MHz) മുതല്‍ 100 മെഗാഹേര്‍ട്സ്വരെയുള്ള വിദ്യുതകാന്തികതരംഗങ്ങളെയാണ് റേഡിയോ ടെലസ്കോപ്പുകള്‍ സ്വീകരിക്കുന്നത്. ഫീക്വന്‍സി അഥവാ ആവൃത്തിയുടെ യൂണിറ്റാണ് ഹേര്‍ട്സ് (Hertz).  വിദൂരനക്ഷത്രങ്ങള്‍, നക്ഷത്രക്കൂട്ടങ്ങള്‍ (ഗ്യാലക്സികള്‍), നെബുലകള്‍ തുടങ്ങിയവയില്‍നിന്നു പുറപ്പെടുന്ന വിദ്യുത്കാന്തികതരംഗങ്ങളെ സ്വീകരിക്കുന്നതിലൂടെ, റേഡിയോ ടെലസ്കോപ്പുകള്‍ അവയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകള്‍ തരുന്നു. പ്രകാശംകൊണ്ടു പ്രവര്‍ത്തിക്കുന്ന ടെലസ്കോപ്പ് ഉപയോഗിച്ച് കാണാവുന്നതിനേക്കാള്‍ അകലെയുള്ളവയെപ്പോലും കണ്ടെത്താന്‍ റേഡിയോ ടെലസ്കോപ്പുകള്‍ക്കാവുo.

 എസ്കെഎ  ടെലസ്കോപ്പ് ഒറ്റനോട്ടത്തില്‍
  • 3000 ആന്റിനകള്‍ ചേര്‍ന്നതാണ് എസ്കെഎ ടെലസ്കോപ്പ്. ഇതില്‍ ഓരോന്നും 15 മീറ്റര്‍ വീതിയുള്ളതാണ്. 3000 കിലോമീറ്റര്‍ ചുറ്റളവില്‍, 5 വര്‍ത്തുള ശാഖകളുടെ രൂപത്തിലാണ് ഇവ ക്രമീകരിക്കപ്പെടുക.  
  • ലോകത്തിലെ ഏറ്റവും സംവേദനക്ഷമമായ റേഡിയോ ടെലസ്കോപ്പാകും എസ്കെഎ. സ്വീകരിക്കാന്‍ കഴിയുന്ന ആവൃത്തിയുടെ പരിധിയാണ് ഇതിനു കാരണം. 70 മെഗാഹേര്‍ട്സ്മുതല്‍ 10 ഗെഗാഹേര്‍ട്സ് (10 MHz) വരെയുള്ളതാണ് ഈ പരിധി.
  • പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവുമ്പോള്‍ എസ്കെഎ യുടെ തരംഗസ്വീകരണ വ്യാപ്തി ഒരു ചതുരശ്ര കിലോമീറ്ററാകും. അതായത് ഒരു ലക്ഷം ചതുരശ്ര മീറ്റര്‍.
  • അന്യഗ്രഹജീവന്‍ കണ്ടെത്തുക മാത്രമല്ല എസ്കെഎ യുടെ ലക്ഷ്യം. ഐന്‍സ്റ്റീനിന്റെ ആപേക്ഷികതാസിദ്ധാന്തമടക്കം ആധുനിക ഭൌതികത്തിലെ ചില അടിസ്ഥാന സങ്കല്‍പ്പനങ്ങള്‍, തമോദ്രവ്യം (Dark Matter),  തമോഊര്‍ജം (Dark Energy) തുടങ്ങിയവയ്ക്കുള്ള തെളിവുകള്‍ ഇതില്‍നിന്നു ലഭിക്കുo.
  • എസ്കെഎ-യുടെ പ്രവര്‍ത്തനപങ്കാളിയാവുന്ന സ്ഥാപനങ്ങളിലൊന്നാണ് ടാറ്റാ റിസര്‍ച്ച് ഡെവലപ്മെന്റ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍.
  • ഓസ്ട്രേലിയയോ ദക്ഷിണാഫ്രിക്കയോ ആകും എസ്കെഎ-ടെലസ്കോപ്പിന്റെ ആസ്ഥാനം.
  • രൂപകല്‍പന ആരംഭിച്ചെങ്കിലും 2016-ലാകും ടെലസ്ക്കോപ്പിന്റെ നിര്‍മാണപ്രവൃത്തികള്‍ക്ക് ഔദ്യോഗികമായി തുടക്കമാവുക. ആദ്യനിരീക്ഷണം 2019-ലും.
വെബ്സൈറ്റ്: http://www.skatelescope.org/