Saturday, December 23, 2017

കടല്‍ദിനോസറിന്‍റെ ഫോസില്‍ ഇന്ത്യയില്‍നിന്നും

കരയില്‍ ദിനോസറുകളെന്നപോലെ, ജുറാസിക് കല്പകാലത്ത് കടലിനെ വിറപ്പിച്ചവയാണ് ഇക്ത്തിയോസോറുകള്‍ (Icthyosaurs).
ഇക്ത്തിയോസോറുകള്‍ (Icthyosaurs)...
Read more: http://www.deshabhimani.com/special/news-kilivathil-special-30-11-2017/689506
ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ബെല്‍ജിയം, ഇംഗ്ളണ്ട് എന്നി വിടങ്ങളില്‍ നിന്നുമാണ് ഇതിനുമുമ്പ് ഇക്ത്തിയോസോര്‍ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഏഷ്യയില്‍ ഇന്‍ഡോനേഷ്യയില്‍ നിന്നും. എന്നാല്‍ ഇതാദ്യമായാണ് ഇന്ത്യയില്‍നിന്നും ഇക്ത്തിയോസോറിന്‍റേതായ ഒരു ഫോസില്‍ കണ്ടെടുക്കപ്പെടുന്നത്. അതേസമയം പുരാണങ്ങളില്‍ 'മകരമത്സ്യം' എന്ന പേരില്‍ ഇത്തരമൊരു കടല്‍സത്വത്തെക്കുറിച്ചുള്ള പരാമര്‍ശവുമുണ്ട്. ഗുജറാത്തിലെ കച്ച് മേഖലയിപ്പെടുന്ന ഭുജ് പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ലോഡെയ് (Lodai) എന്ന ഗ്രാമത്തില്‍ നിന്നും കണ്ടെടുക്കപ്പെട്ട ഇതിന് 250-290 ദശലക്ഷം വര്‍ഷത്തെ പഴക്കമുണ്ട്.
ഹിമാലയമേഖലയില്‍നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ മുനമ്പിനോടടുത്ത പ്രദേശങ്ങളില്‍ നിന്നും ഇതിനുമുമ്പ് ദിനോസറുകളുടേതായ അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇക്ത്തിയോസോര്‍ വിഭാഗത്തില്‍പ്പെട്ട ത്തും സമ്പൂര്‍ണ്ണവുമായ ഫോസില്‍ കണ്ടെത്തപ്പെടുന്നത്.
ദിനോസറുകള്‍ കരയില്‍ വിഹരിച്ചിരുന്ന കാലത്ത്, കടലില്‍ അവയുടെ സമകാലികരായിരുന്ന ഭീമാകാരജീവികളാണ് പതിനാറടിയോളം നീളമുണ്ടായിരുന്ന ഇക്ത്തിയോസോറുകള്‍. നേര്‍ത്തുനീണ്ട താടിയും കൂര്‍ത്ത പല്ലുകളും വലിയ കണ്ണുകളുമുള്ള ഇവ പൂര്‍ണ്ണമായും മാംസഭോജികളായിരുന്നു. മത്സ്യങ്ങളായിരുന്നു ഇവയുടെ ആഹാരം. ഇക്ത്തൈസ് (ichthys) എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് എന്ന വിളിപ്പേരിന്‍റെ ഉത്ഭവം. 'പല്ലിമത്സ്യം' എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം. എന്നാല്‍ ഇച്ത്തിയോസോറുകളെ ഇങ്ങനെ വിളിക്കുന്നതില്‍ ശാസ്ത്രീയമായ ഒരു പിഴവ് ഒളിഞ്ഞിരിപ്പുണ്ട്. കാരണം, ജീവശാസ്ത്രപരമായി ഇവ മത്സ്യങ്ങളല്ല, ഉരഗങ്ങളാണ്. അതേ! ദിനോസറുകളുടെ വിഭാഗമായ റെപ്റ്റീലിയയിലെ അംഗങ്ങള്‍ തന്നെ. അതുകൊണ്ടുതന്നെ 'കടല്‍ ദിനോസറുകള്‍' എന്ന് ഇവയെ വിളിക്കുന്നതാണ് കൂടുതല്‍ ശരി.

കാഴ്ചശക്തിയെ അടിസ്ഥാനമാക്കിയാണ് ഇക്ത്തിയോസോറുകള്‍ ഇരതേടിയിരുന്നത്.  പ്രകാശം തീരെ കുറഞ്ഞ ആഴക്കടലിന്‍റെ അടിത്തട്ടില്‍ പോലും ഇരപിടിക്കാന്‍ തക്കവണ്ണം ശക്തമായിരുന്നു ഇവയുടെ കാഴ്ചശക്തി. ആഴക്കടലിലെ ജലത്തിലൂടെയെത്തുന്ന കമ്പനങ്ങളെ ആന്തരകര്‍ണ്ണ ത്തിലെത്തിക്കുന്നതിലൂടെയും ഇവ പരിസരങ്ങളെ സൂക്ഷ്മമായി അറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ, ആഴക്കടല്‍ പരിസ്ഥിതി വിട്ട് അവ ഒരിക്കലും മുകളിലേക്കോ തീരക്കടലിലേക്കോ വന്നിരുന്നില്ല. മുട്ടയിടാനായി ഇക്ത്തിയോസോറുകള്‍ കടല്‍ത്തീരത്തേക്ക് വന്നിരുന്നുവെന്നാണ് മുമ്പ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുന്നവ യാണെന്നാണ് ഇന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നത്. ഇക്ത്തിയോസോറുകളുടെ ഫോസിലുകള്‍ കണ്ടെടുക്കപ്പെട്ട ഇടങ്ങളെല്ലാം ഒരു കാലത്ത് ആഴക്കടലിന് അടിയിലായിരുന്നവയാണെന്ന സൂചനയും ഇതിലുണ്ട്. പടിഞ്ഞാറേ ഇന്ത്യയും മഡഗാസ്കറും തെക്കേ അമേരിക്കയുമായി ഗ്വാണ്ടാനോലാന്‍ഡ് എന്ന മഹാഭൂഖണ്ഡം പിളര്‍ന്നുപോയപ്പോള്‍  അവയ്ക്കിടയിലേക്കു കടന്നുകയറിയ കടല്‍ഞരമ്പു കളിലൂടെയാണ് ഇക്ത്തിയോസോറുകള്‍ ഇത്രയും ഉള്‍നാടന്‍കരകളിലേക്കെത്തിയത്.
ഇപ്പോള്‍ കണ്ടെത്തിയ ഇക്ത്തിയോസോറസിന്‍റെ ഫോസില്‍, ഓപ്താല്‍മോസോറസ് (Ophthalmosaurus)  എന്ന ജനുസില്‍ ഉള്‍പ്പെടുന്നതായാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. എന്നാല്‍ സ്പീഷീസ് ഏതാണെന്ന് ക്യത്യമായി തിരിച്ചറിയാനായിട്ടില്ല. മുന്‍ വര്‍ഷങ്ങളിലൊരിക്കല്‍, കാവേരിതീരത്തുനിന്നും ഇക്ത്തിയോസോറിന്‍റേതായ ചില അവശിഷ്ടങ്ങള്‍ കണ്ടെത്തപ്പെട്ടിരുന്നു. ഇക്ത്തിയോസോറസ് ഇന്‍ഡിക്കസ്
(Icthyosaurus indicus) ...
Read more: http://www.deshabhimani.com/special/news-kilivathil-special-30-11-2017/689506
(Icthyosaurus indicus) എന്നാണ് ഈ ഫോസിലിന് പേരുനല്‍കപ്പെട്ടത്. എന്നാല്‍, വ്യക്തമായ തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ (എതാനും ചില  കശേരുക്കളും പല്ലുകളും മാത്രാണ് അന്ന് ലഭ്യമായിരുന്നത്), പിന്നീട് ഈ പേര് പിന്‍വലിക്കുക യായിരുന്നു.  അതുകൊണ്ട്, ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധത്തിലെ വിവരങ്ങള്‍ ശാസ്ത്രസമൂഹം വിശകലനം ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ പുതിയ ഫോസിലിന് എന്ന പേര് കൈമാറിവന്നേക്കാം എന്ന് കരുതപ്പെടുന്നു. മ്യൂസിയത്തിലാണ് പുതിയ ഫോസിലുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ജെ.സി.ബോസ് നാഷണല്‍ ഫെലോഷിപ്പിന്‍റെ ധനസഹായത്തോടെ ഡല്‍ഹി സര്‍വ്വകലാശാല യുടേയും ഗുജറാത്തിലെ ക്രാന്തിഗുരു ശ്യംജി ക്യഷ്ണവര്‍മ്മാ കച്ച് സര്‍വ്വകലാശാലയുടേയും കീഴിലുള്ള ഭൗമശാസ്ത്രഗവേഷകരാണ് ഈ കണ്ടെത്തല്‍ യാാര്‍ത്ഥ്യമാക്കിയത്. പ്ളോസ് (PLOS One: പബ്ളിക് ലൈബ്രറി ഓഫ് സയന്‍സ് -വണ്‍)എന്ന ജേണലിലിലാണ് പഠനം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.

മേരി അന്നിങ് എന്ന പെണ്‍കുട്ടിയുടെ കണ്ടെത്തല്‍
ലോകത്തില്‍ ആദ്യമായി പൂര്‍ണ്ണരൂപത്തില്‍ ലഭിക്കുന്ന ഫോസില്‍ എന്ന ബഹുമതിയും ഇക്ത്തിയോസോറിനാണ്. 1812ല്‍ ഇംഗ്ളണ്ടിലെ ഡോര്‍സെറ്റ് കൗണ്ടിയിലെ കടലോരത്തുനിന്നാണ് ഇവയെ കണ്ടെത്തിയത്. ആധുനികമായ സാങ്കേതികസൗകര്യങ്ങളെല്ലാം അപ്രാപ്യമായിരുന്ന കാലത്ത്, പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലായിരുന്നു ലോകത്തിലെ ആദ്യ ഇക്ത്തിയോസോറസ് ഫോസില്‍ കണ്ടെത്തപ്പെട്ടത്. അതും അന്ന് വെറും പന്ത്രണ്ടു വയസുമാത്രം പ്രായമുണ്ടായിരുന്ന മേരി അന്നിങ് (Mary Anning) എന്ന പെണ്‍കുട്ടി ! വെറുമൊരു മരപ്പണിക്കാരന്‍റെ മകളായിരുന്നു മേരി. പിതാവിന്‍റെ മരണവും കടുത്ത ദാരിദ്ര്യവും അടിച്ചേല്‍പ്പിച്ച കഷ്ടതകളില്‍ നിന്നും രക്ഷനേടാനായാണ് മേരി യും അനുജനായ ജോസഫ് അന്നിങും കടല്‍ത്തീരത്ത് ഫോസിലുകളെ അന്വേഷിച്ചിറങ്ങിയത്. കണ്ടുകിട്ടുന്നവ തുച്ഛായ വിലയ്ക്ക് ശാസ്ത്രജ്ഞര്‍ക്ക് വില്‍ക്കുകയായിരുന്നു അവരുടെ ജോലി. അങ്ങനെയാണ് 1812ല്‍ ആദ്യത്തെ ഇക്ത്തിയോസോറസ് ഫോസില്‍ അവര്‍ കണ്ടെടുക്കുന്നത്. അതിനുശേഷവും അനവധി ഫോസിലുകളെ മേരി അന്നിങ് കണ്ടെത്തിയെങ്കിലും ഒരു സ്ത്രീയെന്ന നിലയിലുള്ള വിവേചനം അന്നിങിന്‍റെ അവ്വിധമുള്ള പ്രശസ്തിക്ക് തടസമായി നിന്നു. മരിച്ചതിനുശേഷമാണ് ഒരു ഫോസില്‍പഠനവിദഗ്ധ(പാലിയന്‍റോളജിസ്റ്റ്) എന്ന നിലയില്‍ മേരി അന്നിങ് അറിയപ്പെടുന്നതുതന്നെ.

Reference: Prasad GVR, Pandey DK, Alberti M, Fürsich FT, Thakkar MG, Chauhan GD (2017) Discovery of the first ichthyosaur from the Jurassic of India: Implications for Gondwanan palaeobiogeography. PLoS ONE 12(10): e0185851. http://doi.org/10.1371/journal.pone.0185851

Courtesy: A print edition of this article as published in Kilivathil Science Supplement of Deshabbhimani Daily, dt 30th November 2017. Link: http://www.deshabhimani.com

Thursday, September 7, 2017

ഇനി ചെറിയവനല്ല വൈറസ്

 • നമ്മുടെ കാഴ്ചയ്ക്കപ്പുറം, സൂക്ഷ്മജീവികളുടേതായ ലോകമുണ്ടെന്നു കണ്ടെത്തിയത് അന്റോണ്‍ വാന്‍ ലീവെന്‍ ഹൂക്ക് എന്ന ശാസ്ത്രജ്ഞനാണ്. അന്ന്, 1676-ല്‍ റോയല്‍ സൊസൈറ്റിക്കെഴുതിയ കത്തില്‍ അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്: "ഞാന്‍ കണ്ടു, ഒരുതുള്ളി വെള്ളത്തില്‍, ഈല്‍മത്സ്യത്തെപ്പോലെ നീന്തിത്തുടിക്കുന്ന ഒരുപറ്റം സൂക്ഷ്മജീവികളെ, അല്ല, ഒരു ജീവസമൂഹത്തെ...." ലീവെന്‍ ഹൂക്കിന്റെ ഈ കണ്ടെത്തല്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമാണ് "ബാക്ടീരിയ" എന്ന വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മജീവികളെ കണ്ടെത്തുന്നത്.

  നന്നേ ചെറിയ വലുപ്പത്തിലൂടെ കാഴ്ചയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവയായിരുന്നു 'ബാക്ടീരിയ'കള്‍. അതിലും ചെറിയ വലുപ്പത്തില്‍ ജീവന് നിലനില്‍ക്കാനാവില്ലെന്നായിരുന്നു ശാസ്ത്രലോകം അപ്പോള്‍ കരുതിയത്. ദിമിത്ര ഇവാനോവ്സ്കി (Dimitri Ivanovsky) എന്ന റഷ്യന്‍ ശാസ്ത്രജ്ഞനാണ് ഈ ധാരണ തിരുത്തിയത്- 1892ല്‍.
  പുകയില ഇടിച്ചുപിഴിഞ്ഞ് ഉണ്ടാക്കിയ ചാറില്‍നിന്ന് അദ്ദേഹം 'ബാക്ടീരിയ'കളെക്കാള്‍ വലുപ്പത്തില്‍ ചെറിയൊരുതരം സൂക്ഷ്മാണുക്കളെ കണ്ടെത്തി. 'വൈറസ്' (Virus)  എന്നാണ് ഇവയ്ക്ക് പേരു നല്‍കിയത്. 

  അന്നുമുതല്‍ ഇന്നുവരെ 'ബാക്ടീരിയകളെക്കാള്‍ വലുപ്പത്തില്‍ ചെറിയവയാണ് വൈറസുകള്‍'എന്ന പൊതുധാരണയാണ് സാമാന്യജനത്തിനും ശാസ്ത്രവിദ്യാര്‍ഥികള്‍ക്കും ഇടയില്‍ ഉള്ളത്. എന്നാല്‍, ഇപ്പോഴിതാ, ബാക്ടീരിയയോളം വലുപ്പമുള്ള വൈറസിനെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള വൈറസ് എന്നു വിശേഷിപ്പിക്കുന്ന ഇതിനു നല്‍കിയിരിക്കുന്ന പേര് പാന്‍ഡോറ വൈറസ് (Pandora Virus) എന്നാണ്. ഫ്രാന്‍സിലെ എയ്ക്സ് മാര്‍സില്ലെ സര്‍വകലാശാല ഗവേഷണകരാണ് കണ്ടെത്തലിനുപിന്നില്‍.

  സൂക്ഷ്മജീവികളുടെ വലുപ്പം സാധാരണ നാനോ മീറ്ററിലാണ് പറയുന്നത്. ഒരു മില്ലിമീറ്ററിന്റെ 10 ലക്ഷത്തില്‍ ഒരംശത്തെയാണ് നാനോ മീറ്റര്‍ എന്നുപറയുന്നത്. സാധാരണ 1000 നാനോ മീറ്ററാണ് ഒരു ബാക്ടീരിയയുടെ ശരാശരി വലുപ്പം. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ വൈറസിന്റെ വലുപ്പം 1400 നാനോ മീറ്ററാണ്. അതായത് ബാക്ടീരിയയെക്കാള്‍ വലുപ്പമുള്ള വൈറസ്! 

  സാധാരണ മൈക്രോസ്കോപ്പിലൂടെ കാണാന്‍ കഴിയുന്നു എന്നതാണ് ഈ വൈറസിന്റെ പ്രത്യേകത. വൈറസിനെ നിരീക്ഷിക്കാന്‍ ഇതുവരെ ഉപയോഗിച്ചിരുന്നത് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പാണ്. എന്നാല്‍ ഇനി പ്രകാശംകൊണ്ടു പ്രവര്‍ത്തിക്കുന്ന സാധാരണ മൈക്രോസ്കോപ്പിലൂടെയും വൈറസിനെ കാണാനാവും 'പാന്‍ഡോറാ വൈറസി'നെ! 

  സാധാരണ മൈക്രോസ്കോപ്പ് അഥവാ 'ലൈറ്റ് മൈക്രോസ്കോപ്പി' (Light Microsope)ന്റെ ദൃശ്യപരിധി സംബന്ധമായ നിര്‍വചനം ഇനിമേല്‍ മാറ്റിയെഴുതേണ്ടിവരും. ബാക്ടീരിയയെ കാണാന്‍ ലൈറ്റ് മൈക്രോസ്കോപ്പ്, വൈറസിനെ കാണാന്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് എന്ന പറച്ചില്‍ ഇനിമേല്‍ നിലനില്‍ക്കാത്തതാവും.
  അതേസമയം, സാധാരണ വൈറസുകളുടെ വലുപ്പം 20 മുതല്‍ 300 നാനോ മീറ്ററിനുള്ളില്‍ നില്‍ക്കുന്നതാണെന്നും ഓര്‍മിക്കുക. 'പാന്‍ഡോറ വൈറസി'ന്റെ വലുപ്പം 1400 നാനോ മീറ്ററോളം ആയതിനാലാണ് അത് വൈറസുകള്‍ക്കിടയിലെ ഭീമനായി മാറുന്നത്. 

  ഏതെങ്കിലുമൊരു ജീവശരീരത്തിനുള്ളില്‍ കടക്കുമ്പോഴേ വൈറസ് ഒരു 'ജീവി'യെപ്പോലെ പെരുമാറുകയുള്ളൂ. ജീവശരീരത്തിനു പുറത്താകുമ്പോള്‍ അത് വെറുമൊരു 'വസ്തു"'മാത്രമാകും. ജീവനില്ലാത്ത വെറുമൊരു "വസ്തു". ഈ ലോകത്ത് ഇന്നേവരെ തിരിച്ചറിയപ്പെട്ട വൈറസുകളെല്ലാം ഇങ്ങനെ "കള്ളം നടിച്ച് കിടക്കുന്നവ"യാണ്. അല്ലെങ്കില്‍ അങ്ങനെയായിരുന്നു ശാസ്ത്രസമൂഹത്തിന്റെയാകെ പൊതുധാരണ. 

  ഈ ധാരണയാണ് പുതിയ 'ഭീമന്‍വൈറസ്' ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള ഒരു ശുദ്ധജല തടാകത്തിനടിയിലെ ചളിയില്‍നിന്നാണ് ശാസ്ത്രജ്ഞര്‍ക്ക് ഇതിനെ ലഭിച്ചത്. വൈറസുകള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയും എന്ന സൂചന നല്‍കുന്നതാണ് ഈ കണ്ടെത്തല്‍.

  എന്താണ് വൈറസുകള്‍?
   
  ബാക്ടീരിയകളെക്കാള്‍ വളരെ ചെറുതെന്നു കരുതപ്പെട്ട അതിസൂക്ഷ്മ "ജീവഘടക"ങ്ങളാണ് വൈറസുകള്‍. ജീവനുള്ള എന്തിനെയും ആക്രമിച്ചു കീഴടക്കി, രോഗങ്ങള്‍ വരുത്താന്‍കഴിയുന്നവയായാണ് വൈറസുകളെ കണക്കാക്കുന്നത്. ഏറ്റവും സുപരിചിതമായ ജലദോഷംമുതല്‍ എയ്ഡ്സ് വരെയുള്ള അസുഖങ്ങള്‍ക്കു കാരണമാവുന്നത് വൈറസുകളാണ്.

  ഇത് ഗൈറസ്
   
  'പാന്‍ഡോറ വൈറസ്' ഉള്‍പ്പെടുന്ന ഭീമന്‍ വൈറസുകള്‍ക്ക് ശാസ്ത്രജ്ഞര്‍ പുതിയൊരു പേരാണ് നല്‍കിയിരിക്കുന്നത്. 'ഗൈറസ്' (Girus).


   'ജയന്റ് വൈറസ്(Giant Virus)' എന്നതിന്റെ ചുരുക്കരൂപമാണ് 'ഗൈറസ്'.

  വലുപ്പത്തിലെ താരതമ്യം 
  പാന്‍ഡോറ വൈറസ് 1400 നാനോ മീറ്റര്‍
  ബാക്ടീരിയ (ശരാശരി) 1000 നാനോ മീറ്റര്‍
  സാധാരണ വൈറസ് 20-300 നാനോ മീറ്റര്‍
  ....................................................................................

  'വിക്കിപ്പീഡിയ' എന്ന ഓണ്‍ലെെന്‍ എന്‍സെെക്ളോപീഡിയയിലെ ഒരു എന്‍ട്രിയില്‍ 'കിളിവാതിലി'ല്‍ ഞാന്‍ എഴുതിയ ലേഖനത്തിന്റെ റെഫറന്‍സ് കാണിച്ചിരിക്കുന്നു. വിക്കിപീഡിയയിലെ ലിങ്ക് ഇതാണ്- 


  Reference: http://www.deshabhimani.com

  Courtesy: A print version of this article was published in Kilivathil, the Science Supplement of Deshabhimani Daily, dated 12th July 2013.

Sunday, September 3, 2017

ഇന്‍ഡിഗോച്ചെടിയും ഇന്ത്യന്‍സ്വാതന്ത്ര്യസമരവും

 
ചിത്രശലഭങ്ങളെപ്പോലെ തോന്നിക്കുന്ന ചുവന്ന പൂക്കളും മെലിഞ്ഞുനീണ്ട പച്ചക്കായ്കളുമുള്ള ഒരു കൊച്ചുചെടിയായിരുന്നു ഇന്‍ഡിഗോ. പയറുചെടിയുടെ കുടുംബമായ പാപ്പിലിയോണേസിയ (Papilionaceae)യില്‍പ്പെടുന്ന കുലീനമായ ഒരംഗം. ശാസ്ത്രീയനാമം ഇന്‍ഡിഗോഫെറാ ടിങ്ടോറിയ (Indigofera tinctoria).നീലച്ചായം കിട്ടാന്‍ ലോകത്തിനുവേറെ മാര്‍ഗമില്ലാത്തതുകൊണ്ടല്ല ഇന്ത്യയില്‍മാത്രമുള്ള ഇന്‍ഡിഗോച്ചെടിക്ക് ഇത്രയും പ്രാധാന്യമുണ്ടായത്. തെക്കേഅമേരിക്കയിലുംമറ്റുമായി ഇതിന് ചില അപരന്‍മാരുമുണ്ടായിരുന്നു. പക്ഷേ, വിപണിക്കു താല്‍പ്പര്യം ഇന്ത്യന്‍ ഇന്‍ഡിഗോ തന്നെയായിരുന്നു. 1893-1897 കാലഘട്ടത്തില്‍ 6 ലക്ഷത്തിലധികം ഏക്കര്‍ സ്ഥലത്താണ് ഇന്ത്യയില്‍ ഇന്‍ഡിഗോ ക്യഷിചെയ്തിരുന്നത്. ഇന്‍ഡിഗോ പരിപാലനത്തില്‍മാത്രമല്ല, ഇലകളില്‍നിന്നും നീലച്ചായം വേര്‍തിരിക്കുന്നകാര്യത്തിലും ഇന്ത്യയ്ക്ക് നാട്ടറിവുകളുടേതായ തനതുസമ്പത്തുണ്ടാണായിരുന്നു. മറ്റ് ചില ചേരുവകളുംചേര്‍ത്ത് നന്നായിപൊടിച്ച് കടുംനീലനിറത്തില്‍ തയ്യാറാക്കിയിരുന്ന ഇതിനുപകരം പൊന്നുകൊടുക്കാന്‍ തയ്യാറായിരുന്നു യൂറോപ്പുകാര്‍. ഏറ്റവും വിലപിടിച്ച ചായങ്ങളിലൊന്നായിരുന്നു ഇന്‍ഡിഗോ. ബ്ളൂ ഗോള്‍ഡ് (Blue Gold)എന്നാണ് യൂറോപ്പുകാര്‍ അതിനെ വിളിച്ചിരുന്നത്. ഒരുപക്ഷേ, ഇക്കാര്യത്തില്‍ നിന്നുതന്നെയാവണം  ഇന്‍ഡിഗോകര്‍ഷകരുടെ കഷ്ടകാലവും ആരംഭിക്കുന്നത്.

ക്യത്രിമഇന്‍ഡിഗോ
വ്യവസായികവിപ്ളവം യൂറോപ്പിന്‍റെ സിരകളില്‍ പടര്‍ന്നിരുന്ന കാലമായിരുന്നു അത്. വിലപിടിപ്പുള്ള എന്തിനും തത്തുല്യമായ രാസപ്രതിരൂപങ്ങള്‍ വിപണിയിലിറക്കി ലാഭംകൊയ്യാനായി രാസവ്യവസായകമ്പനികള്‍ പരസ്പരം മത്സരിക്കുന്ന സമയം. വ്യാവസായികഉത്പന്നങ്ങള്‍ പരിഷ്ക്യതസമൂഹത്തിന്‍റെ മുഖമുദ്രകൂടിയായപ്പോള്‍ എല്ലാ വ്യാവസായിക സംരംഭങ്ങളുടേയും മുഖ്യശ്രദ്ധ അതിലേക്കായി. ഇന്‍ഡിഗോയുടെ കാര്യത്തിലും ഒരു അപരനായുള്ള അന്വേഷണം സ്വാഭാവികമായുരുന്നു. അന്നത്തെ ഏറ്റവും വലിയ രാസവ്യവസായസംരംഭമായിരുന്നു ജര്‍മ്മനിയിലെ
BASF (Badische Anilin Soda Fabrik എന്ന് ജര്‍മ്മന്‍, ഇംഗ്ളീഷില്‍
Badische Anilin and Soda Company. 1860കളില്‍ത്തന്നെ ചില പ്രക്യതിദത്തചായങ്ങള്‍ക്ക് പകരക്കാരെ സ്യഷ്ടിച്ചുകൊണ്ട് പ്രശസ്തിയാര്‍ജ്ജിച്ചിരുന്ന BASFന്‍റെ അടുത്ത ലക്ഷ്യം ഇന്‍ഡിഗോ ആയിരുന്നു. അന്നത്തെ കാലത്തുപോലും പത്തുലക്ഷംപൗണ്ട് ഇതിനായുള്ള ഗവേഷണങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്നറിയുമ്പോള്‍ ഇതിന് കമ്പനി സ്വപ്നംകണ്ടിരുന്ന വിപണനമൂല്യം ഊഹിക്കാവുന്നതാണല്ലോ.

അങ്ങനെയിരിക്കെയാണ് ഇന്‍ഡിഗോയുടെ രാസഘടന പുറത്തുവന്നത്,1880ല്‍. ഒരു പ്രത്യേകഗവേഷണസംഘത്തെ ഇന്‍ഡിഗോ നിര്‍മ്മാണത്തിനായിമാത്രം നിയോഗിച്ചുകൊണ്ടാണ് BASF ഇതിനെ സ്വാഗതംചെയ്തത്. ഒരു നേരിയ വിജയം ഇതിനിടെ കടന്നുവന്നെങ്കിലും രാസവ്യവസായശാലവഴിയുള്ള അതിന്‍റെ നിര്‍മ്മാണം പ്രക്യതിദത്ത ഇന്‍ഡിഗോയെക്കാള്‍ ചെലവേറുന്നതായിരുന്നു. പക്ഷേ, ഗവേഷണത്തിന് പുതിയൊരു ദിശാബോധമുണ്ടാകുവാന്‍ അത് സഹായകമായി. വിജയം സമീപസ്ഥവുമായിരുന്നു. 1890ല്‍, കാള്‍ഹ്യൂമന്‍ എന്ന ശാസ്ത്രജ്ഞന്‍ ഇന്‍ഡിഗോച്ചായം ക്യതിമമായി നിര്‍മ്മിക്കുന്നതില്‍ ആത്യന്തികമായി വിജയിച്ചു. എങ്കിലും കുറഞ്ഞ ചെലവില്‍, ഫാക്ടറി അടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിക്കാന്‍തക്കവണ്ണം അതിനെ പരുവപ്പെടുത്താന്‍ ഹ്യൂമാന് കഴിഞ്ഞില്ല. അതിനുള്ള തുടര്‍ഗവേഷണങ്ങള്‍ക്കിടയിലായിരുന്നു ചരിത്രത്തിന്‍റെ തന്നെ ഗതി തിരുത്താന്‍ പര്യാപ്തമായിത്തീര്‍ന്ന ഒരു സംഭവത്തിന് ജര്‍മ്മനിയിലെ BASF ഗവേഷണശാല സാക്ഷ്യംവഹിച്ചത്.

പൊട്ടിവീണ ഒരു തെര്‍മോമീറ്റര്‍

 

കാള്‍ ഹ്യൂമാന്‍, ഇന്‍ഡിഗോ നിര്‍മ്മാണത്തിനുള്ള അടിസ്ഥാനഘടകമായിക്കണ്ടത് ആന്ത്രാനിലിക്ആസിഡ് എന്ന രാസസംയുക്തമായിരുന്നു. ഏറ്റവുംകുറഞ്ഞ ചെലവില്‍ ഇത് നിര്‍മ്മിക്കുന്നതിനായിരുന്നു തടസമുണ്ടായിരുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് അക്കാലത്ത് അനാവശ്യമായി കെട്ടിക്കിടന്നിരുന്ന നാഫ്തലിന് ഒരു പ്രയോജനം കണ്ടെത്തുന്നതിലേക്ക് ശാസ്ത്രജ്ഞരുടെ ശ്രദ്ധപതിഞ്ഞത്. നാഫ്തലിനെ സള്‍ഫ്യൂറിക്കാസിഡുമായി ചേര്‍ത്ത് ഉയര്‍ന്ന താപനിലയില്‍ ചൂടാക്കിയാല്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന് തിരയുകയായിരുന്നു ലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. സാപ്പര്‍ എന്നു പേരുള്ള ഒരു പരീക്ഷണസഹായിയായിരുന്നു അന്ന് ഡ്യൂട്ടിക്കുണ്ടായിരുന്നത്. പുതുതായി ജോലികിട്ടിയ ഒരാളായിരുന്നു ഇതിനായി ഒരുക്കിയ പരീക്ഷണസംവിധാനത്തില്‍ തെര്‍മോമീറ്റര്‍ ഘടിപ്പിച്ചത്. പരിചയക്കുറവുമൂലം അത് ശരിയായി ഉറപ്പിക്കാന്‍ അയാള്‍ക്കുകഴിഞ്ഞില്ല. അത് ഇളകി താഴെ വീണു. വീണത് രാസപ്രവര്‍ത്തനത്തിനായി തയ്യാറാക്കിവച്ചിരുന്ന മിശ്രിതത്തിലേക്കായിരുന്നു. വീണമാത്രയില്‍ത്തന്നെ പൊട്ടി ഉള്ളിലെ മെര്‍ക്കുറി രാസമിശ്രിതത്തില്‍ കലരുകയും ചെയ്തു!

ഞൊടിയിടയ്ക്കുള്ളിലാണ് എല്ലാം സംഭവിച്ചത്. നിസ്സഹായനായി അത് കണ്ടുനില്‍ക്കാനേ സാപ്പറിന് കഴിഞ്ഞുള്ളൂ. പക്ഷേ, അത്ഭുതകരമായ ഒരു കാര്യം അതിനകം സംഭവിച്ചുകഴിഞ്ഞിരുന്നു. അതുവരെ വളരെ പതുക്കെ നടന്നിരുന്ന രാസപ്രവര്‍ത്തനം, മെര്‍ക്കുറിയുടെ സാന്നിധ്യത്തില്‍ വളരെ വേഗത്തില്‍ നടന്നു. പൊട്ടിവീണ തെര്‍മോമീറ്ററിനുള്ളിലെ മെര്‍ക്കുറി, സള്‍ഫ്യൂറിക്കാസിഡുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടായ മെര്‍ക്കുറിക് സള്‍ഫേറ്റ് ഒരു രാസത്വരകമായി പ്രവര്‍ത്തിച്ചുകൊണ്ട് രാസപ്രവര്‍ത്തനത്തിന്‍റെ വേഗത വര്‍ദ്ധിപ്പിച്ചതായിരുന്നു  കാരണം. പ്രതീക്ഷിച്ച ഉല്‍പ്പന്നമായിരുന്നില്ല കിട്ടിയതെങ്കിലും അതിന് കാള്‍ ഹ്യൂമാന്‍  ക്യത്രിമഇന്‍ഡിഗോയുടെ അടിസ്ഥാനനിര്‍മ്മാണഘടകമായി കണ്ടെത്തിയ ആന്ത്രാനിലിക് ആസിഡുമായി വളരെയടുത്ത രാസബന്ധമുണ്ടായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍, കാള്‍ ന്യൂമാന്‍റെ നേത്യത്വത്തിലുള്ള ഗവേഷണസംഘം, വ്യാവസായികതലത്തിലുള്ള ഉത്പാദനത്തിന് ഉപയുക്തമാവുന്നതരത്തില്‍ ഇന്‍ഡിഗോയുടെ നിര്‍മ്മാണം രൂപകല്‍പ്പന ചെയ്തു, 1897ല്‍.

ഇന്‍ഡിഗോവിപണിയുടെ തകര്‍ച്ച
 

പ്രക്യതിദത്ത ഇന്‍ഡിഗോയുടെ വിപണിയെ ഇടിച്ചുതാഴ്ത്തിക്കൊണ്ടാണ് അതിന്‍റെ രാസപ്രതിരൂപം ആഗോളവിപണികള്‍ കീഴടക്കിയത്. ആകര്‍ഷകമായ പാക്കറ്റുകളില്‍വന്ന ഫാക്ടറിനിര്‍മ്മിത ഇന്‍ഡിഗോയെ ജനം ആവേശത്തോടെ സ്വീകരിച്ചു. വിലക്കുറവ് ആകര്‍ഷകത്വത്തിനുള്ള മറ്റൊരു ഘടകമായി.  പ്രക്യതിദത്ത ഇന്‍ഡിഗോയുടെ ഉത്പാദനത്തേയും വിതരണത്തേയും ഇത് പിന്നീടൊരു തിരിച്ചുപോക്ക് അസാധ്യമാവുന്ന തരത്തിലാണ് തകര്‍ത്തത്. ബംഗാളിലും ഗുജറാത്തും ബീഹാറുമുള്‍പ്പെടുന്ന പ്രോവിന്‍സുകളിലുമായിട്ടായിരുന്നു അന്ന് ഇന്ത്യയിലെ ഇന്‍ഡിഗോക്യഷി. ഭൂമി പാട്ടത്തിനെടുത്ത് ക്യഷിചെയ്യുന്നവരായിരുന്നു അന്ന് ഇവിടങ്ങളിലെ ഇന്‍ഡിഗോകര്‍ഷകര്‍. څതീന്‍കാതിയچ എന്ന പാട്ടസമ്പ്രദായമനുസരിച്ച് ക്യഷിഭൂമിയുടെ ഒരുഭാഗം എപ്പോഴും ഇന്‍ഡിഗോക്യഷിക്കായി നീക്കിവെയ്ക്കണമായിരുന്നു. പന്ത്രണ്ട് ശതമാനം വാര്‍ഷികപലിശയോടകൂടിയതായിരുന്നു പാട്ടത്തുക. രാജ്യാന്തരവിപണിയില്‍ ഇന്‍ഡിഗോയ്ക്ക് നേരിട്ട തകര്‍ച്ചമൂലം പാട്ടത്തുക തിരിച്ചടയ്ക്കാന്‍ തക്കവണ്ണമുള്ള വരുമാനമുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. പാട്ടത്തുക തിരിച്ചുനല്‍കാത്ത കര്‍ഷകരെ ബ്രിട്ടീഷുകാരായ ഭൂവുടമകള്‍ ക്രൂരമായി പീഠിപ്പിക്കാന്‍ തുടങ്ങി. പോരാത്തതിന് പുതിയൊരു നികുതികൂടി പാട്ടക്കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ഇന്‍ഡിഗോ കയറ്റുമതിയെ ആശ്രയിച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്ക് അവര്‍ക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കാനായിരുന്നു ഈ കരിനിയമം. ഇതിനെതിരെ കര്‍ഷകര്‍ പ്രതിക്ഷേധിച്ചു. ചമ്പാരനിലായിരുന്നു പ്രശ്നങ്ങള്‍ ഏറ്റവും രൂക്ഷം.

ഗാന്ധിജി ചമ്പാരനില്‍
 

ചമ്പാരനിലെ പിപ്ര എന്ന സ്ഥലത്ത്, 1914ലാണ് ഇന്‍ഡിഗോ കര്‍ഷകര്‍ ആദ്യമായി ഭൂവുടമകള്‍ക്കെതിരെ പ്രക്ഷോഭം തുടങ്ങിയത്. ബ്രിട്ടീഷ് പട്ടാളത്തിന്‍റെ സഹായത്തോടെ ഭൂവുടമകള്‍ അത് അതിക്രൂരമായി അടിച്ചമര്‍ത്തി. എന്നാല്‍ സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. പ്രശ്നങ്ങള്‍ നേരിട്ടുകണ്ട് മനസിലാക്കുന്നതിനായി ഗാന്ധിജി അവിടേക്കെത്തി. അവിടെ കണ്ട കാഴ്ചകള്‍ തന്‍റെ ആത്മകഥയില്‍ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നുണ്ട്:  "ഇത്രയും കണ്ണീരില്‍നിന്നാണ് ഈ നീലച്ചായത്തിന്‍റെ പിറവിയെന്ന് ഞാനറിഞ്ഞിരുന്നില്ല, പായ്ക്കറ്റ് രൂപത്തില്‍ അത് ഞാന്‍ മുമ്പ് കണ്ടിട്ടുണ്ടായിരുന്നുവെങ്കിലും.."

വലിയൊരു കുഴപ്പത്തിന്‍റെ തുടക്കമായാണ് പ്രാദേശിക ഭരണാധികാരികള്‍ ഗാനധിജിയുടെ ചമ്പാരന്‍സന്ദര്‍ശനത്തെ കണ്ടത്. പോലീസ് സൂപ്രണ്ട് മുഖാന്തിരം, എത്രയും പെട്ടെന്ന് ചമ്പാരന്‍ വിട്ടുപൊയ്ക്കൊള്ളാന്‍ അവര്‍ ഗാന്ധിജിക്ക് അന്ത്യശാസനമയച്ചു. അതു നിക്ഷേധിച്ച ഗാന്ധിജി, കര്‍ഷകരോടൊപ്പം ചേര്‍ന്നുകൊണ്ട് സത്യാഗ്രഹം എന്ന സമരമുറ പ്രയോഗിച്ചു. മാത്രമല്ല, ബ്രിട്ടീഷ് നിയമങ്ങളെയൊന്നിനേയും അനുസരിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുതിയൊരു സമരപരിപാടിക്ക് തുടക്കമിടുകയുംചെയ്തു: സിവില്‍ ഡിസ്ഒബീഡിയന്‍സ് മൂവ്മെന്‍റ്(Civil Disobedience Movement). ആ പ്രകമ്പനത്തിന്‍റെ മാറ്റൊലിയാണ് ബ്രിട്ടീഷ്രാജ്ഞിയുടെ സിംഹാസനത്തെപ്പോലും വിറപ്പിച്ചുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരഗാഥയുടെ ആദ്യരണഭേരിയായി മാറിയത്. ചമ്പാരനുപുറമേ, ഗുജറാത്തിലെ ഖേദ ജില്ലയിലും ഇന്‍ഡിഗോ കര്‍ഷകര്‍ക്കായി ഗാന്ധിജി ശബ്ദമുയര്‍ത്തിയിരുന്നു (1918 1919). ഇവിടങ്ങളിലായിരുന്നു തുടക്കമെങ്കിലും ശക്തിയാര്‍ജ്ജിച്ചത് 1930ല്‍ സൈമണ്‍ കമ്മിഷനെതിരെ നടന്ന പ്രതിക്ഷേധത്തിലൂടെയായിരുന്നു. ഇന്‍ഡിഗോക്യഷി വ്യാപകമായിരുന്ന ബംഗാളിലായിരുന്നു 1928 ഫെബ്രുവരി 28ന് സൈമണ്‍ എത്തിയത്. എന്തായാലും സ്വതന്ത്രഇന്ത്യയില്‍ എന്നും നമുക്ക് കടപ്പാടുള്ളത് ചമ്പാരനിലെ ഇന്‍ഡിഗോ കര്‍ഷകരോടുതന്നെയാണ്.