Friday, March 28, 2014

കാണാത്തതു കാണും കേള്‍ക്കും: ലിഗൊ

നക്ഷത്രങ്ങള്‍ക്കും മരണമുണ്ടെന്നാണ് പറയുന്നത്. അവ പൊട്ടിത്തെറിച്ചാണ് മരിക്കുകയത്രെ! ഇങ്ങനെയൊരു നക്ഷത്രം മരിച്ചുപോയാലും, ഒരുപക്ഷേ നമ്മള്‍ ആകാശത്ത് ആ നക്ഷത്രത്തെ അതുപോലെ കണ്ടെന്നുവരും. നക്ഷത്രം "ജീവിച്ചിരുന്നപ്പോള്‍" അതു പൊഴിച്ചിരുന്ന പ്രകാശം അപ്പോഴാകും ഭൂമിയിലെത്തുന്നത്. അതുകൊണ്ട്, നമ്മള്‍ നോക്കുമ്പോള്‍ നക്ഷത്രം അങ്ങനെത്തന്നെ കാണും! ഇതൊരു ചെറിയ കാര്യമല്ല. നമ്മള്‍ വരച്ചുണ്ടാക്കുന്ന നക്ഷത്രമാപ്പെല്ലാം ഇതുകാരണം തെറ്റിപ്പോവാം. നക്ഷത്രം അതാ നില്‍ക്കുന്നു എന്നു പറയുന്ന ഇടങ്ങളില്‍ അത് യഥാര്‍ഥത്തില്‍ ഇല്ലായിരിക്കാം. എന്താണ് ഇതിനു പരിഹാരം? വഴി ഒന്നേയുള്ളു. നക്ഷത്രം പൊട്ടിത്തെറിക്കുന്നത് കേള്‍ക്കുക! കേള്‍ക്കുകയോ? അതെ! അതിനും സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതിനായി ഒരു നിരീക്ഷണപദ്ധതിക്കും അവര്‍ തുടക്കമിട്ടിരിക്കുകയാണ്, 'ലിഗൊ' (LIGO) എന്ന പേരില്‍. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇന്ത്യ ഈ പദ്ധതിയില്‍ അംഗമാവാനൊരുങ്ങുന്നു എന്നതാണ്.
എന്താണ് 'ലിഗൊ' പദ്ധതി എന്ന് അറിയുന്നതിനുമുമ്പ്, ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിലൊന്നാണ് 'ഗ്രാവിറ്റേഷണല്‍ വേവ്സ്' (Gravitational Waves) എന്നത്. 'ഗുരുത്വതരംഗങ്ങള്‍' എന്ന് ഇതിന് വിവര്‍ത്തനം പറയാം. ഗുരുത്വാകര്‍ഷണസിദ്ധാന്തം ആവിഷ്കരിച്ചത് ഐസക് ന്യൂട്ടണ്‍ ആയിരുന്നുവെങ്കിലും അദ്ദേഹം 'ഗുരുത്വതരംഗ'ങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഐന്‍സ്റ്റീനാണ് ആദ്യമായി അവയെക്കുറിച്ചു പറഞ്ഞത്- 1916ല്‍. തന്റെ പ്രശസ്തമായ 'പൊതു ആപേക്ഷികതാസിദ്ധാന്ത' (General Theory of Relativity) ത്തിന്റെ ഭാഗമായാണ് അദ്ദേഹം അതേക്കുറിച്ചു പറഞ്ഞത്.
വളരെ വലിയ വസ്തുക്കള്‍, നമുക്കു സങ്കല്‍പ്പിക്കാനാവുന്നതിനെക്കാള്‍ വലുപ്പമാര്‍ന്ന വസ്തുക്കള്‍, ഉദാഹരണമായി നക്ഷത്ര ങ്ങളെപ്പോലുള്ളവ, പെട്ടെന്ന് ചലിക്കാനിടയായാല്‍ അത് ചില തരംഗങ്ങളെ ഉണര്‍ത്തിവിടുമെന്നാണ് ഐന്‍സ്റ്റീന്‍ പറഞ്ഞത്. 'ഗ്രാവിറ്റേഷണല്‍ വേവസ്' എന്നാണ് അദ്ദേഹം അവയ്ക്ക് പേര്‍വിളിച്ചത്. എന്നാല്‍, ഇങ്ങനെയുള്ള തരംഗങ്ങളുണ്ടാവാം എന്നു പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതു കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതിനായുള്ള അന്വേഷണത്തിന്റെ തുടക്കമാണ് 'ലിഗോ'പദ്ധതി. എന്തിന് നമ്മള്‍ ഈ തരംഗത്തിനു പിറകെ പോകണമെന്നതാകും ഇപ്പോള്‍ മനസ്സിലുയരുന്ന ചോദ്യം. അതിന് ഉത്തരം ഐന്‍സ്റ്റീന്‍തന്നെ പറഞ്ഞിട്ടുണ്ട്. നമ്മള്‍ ദൂരദര്‍ശിനി ഉപയോഗിച്ച് നമുക്കു ചുറ്റുമുള്ള പ്രപഞ്ചത്തെ നോക്കുന്നു അല്ലെങ്കില്‍ വെറും കണ്ണുകൊണ്ട് നോക്കുന്നു. കാണുന്നതെന്താണോ അതാണ് യാഥാര്‍ഥ്യം എന്ന്നമ്മള്‍ വിചാരിക്കുന്നു. എന്നാല്‍, ഈ കാഴ്ച ആപേക്ഷികമാണെന്നാണ് ഐന്‍സ്റ്റീന്‍ പറഞ്ഞത്.
സ്ഥലവും കാലവും ചേര്‍ന്നൊരുക്കുന്ന ഒരു മായക്കാഴ്ചയാണ് നമ്മള്‍ കാണുന്നത്. അത് യഥാര്‍ഥം ആവണമെന്നില്ല. 'സ്ഥല'(Space)വും 'കാല'(Time)വും ഊടുംപാവുമാവുന്ന ഒരു വലയോടാണ് അദ്ദേഹം കാര്യങ്ങളെ ഉപമിച്ചത്. ഈ വല ഇങ്ങനെ വലിഞ്ഞുനില്‍ക്കുകയാണ്- മെയ്യഭ്യാസികള്‍ താഴെവീണു പരിക്കുപറ്റാതിരിക്കാന്‍, ഒരു സര്‍ക്കസ്കൂടാരത്തിനുള്ളില്‍ വലിച്ചുകെട്ടിയിരിക്കുന്ന വലപോലെ. സ്ഥലവും കാലവും നിയതമായി വലയംപ്രാപിച്ചു നില്‍ക്കുകയാണ്. അപ്പോഴാണ്, ഒരഭ്യാസി വലയിലേക്കു ചാടുന്നത്, അല്ലെങ്കില്‍ കാല്‍വഴുതി വീഴുന്നത്. വല ചലിക്കും. ചലിക്കുമെന്നു മാത്രമല്ല, അത് വലിഞ്ഞു താഴും. അതിന്റെ ആകൃതിക്ക് മാറ്റമുണ്ടാവും.
സ്ഥലവും കാലവുമാണല്ലോ ഈ വലയിലെ ഇഴകള്‍. അത് മാറിമറിയും. 'സ്ഥല-കാല-വക്രതകള്‍' (Ripples in Space-Time)എന്നാണ് ഐന്‍സ്റ്റീന്‍ ഇതിനെ വിളിച്ചത്. ഈ മാറ്റത്തിന്റെ, 'വിപ്ലവ'ത്തിന്റെ സന്ദേശവാഹകരാണ് 'ഗുരുത്വതരംഗ'ങ്ങള്‍. ഊര്‍ജവാഹികളാണ് ഗുരുത്വതരംഗങ്ങള്‍. അവ ആ ഊര്‍ജത്തെയുംകൊണ്ട് സങ്കല്‍പ്പാതീതമായ ദൂരങ്ങള്‍ സഞ്ചരിക്കും. എന്നാല്‍, നമ്മളിതുവരെയും ഈ ഊര്‍ജത്തെ അറിഞ്ഞിട്ടില്ല. ഈ ഊര്‍ജരൂപം പ്രകാശമായിരുന്നെങ്കില്‍ നമ്മള്‍ അതിനെ അറിഞ്ഞേനെ. കാരണം, നമ്മുടെ കൈവശം പ്രകാശം പിടിച്ചെടുക്കാന്‍ കഴിയുന്ന ദൂരദര്‍ശിനിയുണ്ട്. ആ ഊര്‍ജരൂപം റേഡിയോ തരംഗങ്ങളായിരുന്നെങ്കിലും നമ്മള്‍ അവയെ അറിഞ്ഞേനെ. കാരണം നമ്മുടെ കൈവശം 'റേഡിയോ ടെലസ്കോപ്പു'കളുണ്ട്. അത് എക്സ്റേ ആയിരുന്നെങ്കില്‍പ്പോലും നമ്മള്‍ കണ്ടെത്തിയേനെ. നമുക്ക് 'എക്സ്റേ ടെലസ്കോപ്പു'കളുണ്ട്. ഇന്‍ഫ്രാറെഡ് വികിരണങ്ങളായിരുന്നെങ്കില്‍പ്പോലും 'ഇന്‍ഫ്രാറെഡ് ടെലസ്കോപ്പ്' ഉപയോഗിച്ച് നാം അതിനെ മനസ്സിലാക്കിയേനെ. നിലവില്‍, ഇതൊക്കെയും ഉപയോഗിച്ചാണ് നമ്മള്‍ 'ദൃശ്യപ്രപഞ്ച'ത്തിന്റെ ചിത്രം വരച്ചിരിക്കുന്നത്. ഇത് ഇപ്പോഴും അപൂര്‍ണമാണെന്നു പറയേണ്ടതില്ലല്ലോ. ഈ ചിത്രം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് 'ലിഗോ'പദ്ധതി. പ്രപഞ്ചത്തെ നാം ഇന്ന് അറിയുന്നതില്‍ കൂടുതല്‍ കണ്ടറിയാനും കേട്ടറിയാനും ഈ പദ്ധതി ശാസ്ത്രലോകത്തെ സഹായിക്കുമെന്നാണ് പ്രതീക്ഷ.

എന്താണ് ലിഗൊ?
ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്സര്‍വേറ്ററി  എന്ന വാക്കിന്റെ ചുരുക്കരൂപമാണ് ലിഗൊ. കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് 1992ല്‍ തുടക്കമിട്ട ഗവേഷണപദ്ധതിയാണിത്. ഇംഗീഷ് അക്ഷരമാലയിലെ ഘ ആകൃതിയിലുള്ള ഒരു കുഴലിനുള്ളില്‍ക്കൂടി തലങ്ങും വിലങ്ങും നിരന്തരം പ്രസരിച്ചുകൊണ്ടിരിക്കുന്ന ലേസര്‍ രശ്മികളാണ് 'ലിഗൊ' നിരീക്ഷണകേന്ദ്രത്തിന്റെ മുഖ്യഭാഗം. പല കാരണങ്ങള്‍കൊണ്ടും ലേസര്‍ രശ്മികളുടെ ഈ പ്രസരണം, പ്രാദേശികമായ സ്വാധീനങ്ങള്‍ക്കു വിധേയമാവാം. ഇത് നിരീക്ഷണങ്ങളിലെ കൃത്യതയെ ബാധിക്കുന്നതാവും. അതുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലിഗൊ പദ്ധതിയുടെ ഭാഗമായി നിരീക്ഷണോപകരണങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ചെന്നൈ, കാണ്‍പുര്‍ ഐഐടികളും തിരുവനന്തപുരം 'ഐസറും' ലിഗൊ പദ്ധതിയില്‍ പങ്കാളികളാകും.

Website: http://www.ligo.caltech.edu

Print Edition of this was published in Kilivathil, the Science Supplement of Deshabhimani Daily.  Link:  http://www.deshabhimani.com
 

Sunday, March 23, 2014

ഹിസ് ഹൈനസ് ഡി എന്‍ എ

ഒരിടത്തൊരു രാജാവുണ്ടായിരുന്നു...എല്ലാ മുത്തശ്ശിക്കഥകളും ഇങ്ങനെയാണല്ലോ തുടങ്ങുക. ഇംഗ്ലണ്ടിലെ ജനങ്ങള്‍ ഇപ്പോള്‍ അത്തരമൊരു കഥ ഓര്‍മിക്കുകയാണ്. അവരുടെ പഴയ രാജാവിന്റെ കഥയാണ്. ഷേക്സ്പിയര്‍ ആ കഥ പറഞ്ഞിട്ടുണ്ട്, റിച്ചാര്‍ഡ് 3 എന്ന പ്രശസ്തമായ തന്റെ നാടകത്തിലൂടെ. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ആ പേരില്‍ത്തന്നെ ഒരു രാജാവുണ്ടായിരുന്നു- റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവ്. 

വളരെ കുറച്ചു നാളുകളേ അദ്ദേഹം ഭരിച്ചുള്ളു- രണ്ടുവര്‍ഷത്തോളം. 1483 മുതല്‍ 1485 വരെ. അധികാരമേറ്റ നാള്മുതല്അടക്കിപ്പിടിച്ച അമര്ഷം പോലെ ഒരു ആഭ്യന്തരവിപ്ളവം അദ്ദേഹത്തിന്റെ ചലനങ്ങളോട് കാതോര്ത്തുകൊണ്ടിരുന്നു. അതിന്റെ പരിണതിയായിരുന്നു ബോസ്വര്ത്ത്ഫീല്ഡ് യുദ്ധം. യുദ്ധത്തില്റിച്ചാര്ഡ് മൂന്നാമന്കൊല്ലപ്പെട്ടു-1485 ഓഗസ്റ്റ് 22ന്.

2012 ആഗസ്തില്‍ റിച്ചാര്‍ഡ് മൂന്നാമന്റേതെന്നു സംശയിക്കുന്ന അസ്ഥികൂടം കണ്ടെടുത്തു. റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്  തുടങ്ങിയ സങ്കേതങ്ങള്‍, അസ്ഥികൂടത്തിന്റെ പ്രായം 15-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലേതെന്ന സൂചന നല്‍കി. പക്ഷേ, അസ്ഥികൂടം റിച്ചാര്‍ഡ് മൂന്നാമന്റെതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ അധിഷ്ഠിത ജനിതക പരിശോധന ആവശ്യമായിവന്നു. 

ലെയ്സെസ്റ്റര്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ റിച്ചാര്‍ഡ് മൂന്നാമന്റെ ഭൗതികാവശിഷ്ടം കണ്ടെത്തുന്നതിന് ആരംഭിച്ച 'ലുക്കിങ് ഫോര്‍ റിച്ചാര്‍ഡ്'  എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ജനിതക അനാവരണം. റിച്ചാര്‍ഡ് മൂന്നാമന്റെ താവഴിയില്‍പ്പെട്ടവരായി ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ ഡിഎന്‍എയുമായുള്ള താരതമ്യമാണ് ഇതിനായി ഉപയോഗിച്ചത്. 
ജീവകോശങ്ങളില്‍ ജനിതകവസ്തുവായ ഡിഎന്‍എ, രണ്ടിടങ്ങളിലായാണ് കാണപ്പെടുന്നത്. മര്‍മ ത്തിനുള്ളിലും "മൈറ്റോകോണ്‍ട്രിയ"  എന്നറിയപ്പെടുന്ന കോശാംഗത്തിനുള്ളിലും. ഇതില്‍, വംശപാരമ്പര്യം തെളിയിക്കുന്നതിനുള്ള പരിശോധനകളില്‍ ഉപയോഗിക്കുന്നത് 'മൈറ്റോകോണ്‍ട്രിയ'ക്കുള്ളില്‍ കാണുന്ന ഡിഎന്‍എയെയാണ്. 'മൈറ്റോകോണ്‍ട്രിയല്‍ ഡിഎന്‍എ' (mitochondrial DNA) എന്നാണ് ഇതറിയപ്പെടുന്നത്.

റിച്ചാര്‍ഡ് മൂന്നാമന്റെ ജനിതകപരിശോധനയ്ക്കായി, അദ്ദേഹത്തിന്റെ താവഴിയില്‍പ്പെടുന്നവരുടെ 17-ാം തലമുറവരെ ഗവേഷകര്‍ പഠനവിധേയമാക്കിയിരുന്നു. റിച്ചാര്‍ഡ് മൂന്നാമന്റെ മാതാവായിരുന്ന സെസിലി നെവില്ലെയുടെ തലമുറയില്‍പ്പെട്ട ഒരു സ്ത്രീയെ കണ്ടുപിടിച്ചതായിരുന്നു ഇതില്‍ സുപ്രധാന വഴിത്തിരിവായത്. 
ജോയ് ഇബ്സെന്‍  എന്നു പേരുള്ള ഇവര്‍, രണ്ടാം ലോകയുദ്ധകാലത്ത് കനഡയിലേക്ക് കുടിയേറി. പക്ഷേ, ഇവര്‍ 2008ല്‍ മരണപ്പെട്ടിരുന്നു. എങ്കിലും ഇവരുടെ മകനായ മിഖായേല്‍ ഇബ്സെന്‍ അന്വേഷണസംഘത്തിനായി അദ്ദേഹത്തിന്റെ 'മൈറ്റോകോണ്‍ട്രിയല്‍-ഡിഎന്‍എ' നല്‍കാന്‍ തയ്യാറായി. 

ഇതില്‍നിന്ന് റിച്ചാര്‍ഡ് മൂന്നാമന്റെ കുടുംബക്കാരില്‍ 'ജെ-വണ്‍-സി-ടു-സി' (J-1-c-2-c)എന്ന സവിശേഷ ജീന്‍ക്രമം ഉള്ളതായി ഗവേഷകര്‍ കണ്ടെത്തി. ഇതും റിച്ചാര്‍ഡ് മൂന്നാമന്റെ അസ്ഥികള്‍ക്കുള്ളില്‍നിന്നു ശേഖരിച്ച ഡിഎന്‍എയും തമ്മിലുള്ള താരതമ്യമാണ്, കുടുംബബന്ധം അനാവൃതമാക്കിയത്.


News Source: http://www.le.ac.uk                                                                                            Print edition of this was published in Kilivathil, Science Supplement, Deshabhmani Daily dt. 20th March 2014.