Friday, January 6, 2012

2012ലെ വര്‍ഷാചരണങ്ങള്‍

ദേശീയ ഗണിതശാസ്ത്രവര്‍ഷം
ലോകപ്രശസ്ത ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ 125-ാം ജ•വാര്‍ഷികമാണ് 2012ലേത്. ഒരുവര്‍ഷത്തെ ആഘോഷപരിപാടികളാണ്  ഇതിന് സംഘടിപ്പിച്ചിട്ടുള്ളത്. രാമാനുജന്റെ ജ•ദിനമായ ഡിസംബര്‍ 22 'ദേശീയ ഗണിതശാസ്ത്ര ദിന'മായി ആചരിച്ചതോടൊപ്പം 2012നെ ദേശീയ ഗണിതശാസ്ത്ര വര്‍ഷമായും പ്രഖ്യാപിച്ചത് ഈ ആഘോഷപരിപാടികളുടെ ഭാഗമായാണ്. അതേസമയം, ഗണിതശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്കുള്ള രാമാനുജന്റെ യഥാര്‍ഥ മഹത്വം ഇന്നും അറിയപ്പെടാത്തത് വേദനിപ്പിക്കുന്ന സത്യവുമാണ്.
അദ്ദേഹത്തിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളും ഇന്നും തിരുത്തപ്പെടാതെ തുടരുന്നു. ജി എച്ച് ഹാര്‍ഡി എന്ന ബ്രിട്ടീഷ് ഗണിതജ്ഞനാല്‍ 'കണ്ടെത്തപ്പെട്ട' പ്രതിഭയായിരുന്നു രാമാനുജന്‍ എന്ന വാദമാണ് ഒന്ന്. രാമാനുജനും ഹാര്‍ഡിയും ചേര്‍ന്ന് ഗണിതശാസ്ത്രമേഖലയില്‍ ഗവേഷണം നടത്തിയിട്ടുണ്ടെങ്കിലും, നേട്ടങ്ങളിലും കണ്ടെത്തലുകളിലും പലതും രാമാനുജന്റേതു മാത്രമായിരുന്നു എന്നത് തമസ്ക്കരിക്കപ്പെട്ട സത്യമായിരുന്നു. ഏകദേശം മൂവായിരത്തിലധികം ഗണിതസിദ്ധാന്തങ്ങള്‍ രാമാനുജന്റേതായുണ്ട്. എന്നാല്‍, അക്കാലത്തെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അത് ഹാര്‍ഡിയുടെ മാത്രം കഴിവായാണ് വ്യാഖ്യാനിച്ചത്. ഇത്തരത്തില്‍ അര്‍ധസത്യങ്ങളാല്‍ മായ്ക്കപ്പെട്ട രാമാനുജന്‍ എന്ന പ്രതിഭയുടെ യഥാര്‍ഥ മഹത്വം വെളിപ്പെടുത്തുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം.  പുതുതലമുറയുടെ ഗണിതശാസ്ത്ര താല്‍പര്യങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ലക്ഷ്യമാണ്.

അന്താരാഷ്ട്ര ഊര്‍ജസുരക്ഷാവര്‍ഷം
ഐക്യരാഷ്ട്രസംഘടന, 2012നെ അന്താരാഷ്ട്ര ഊര്‍ജസുരക്ഷാവര്‍ഷമായാണ് ആചരിക്കുന്നത്. ദാരിദ്യ്രം ഏറെ അനുഭവിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന മേഖലകളിലേക്ക് ഊര്‍ജം കടന്നുചെല്ലുന്നത് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന കരുതുന്നു.ജനങ്ങളുടെ ആരോഗ്യസ്ഥിതി, ജീവസുരക്ഷ, വിദ്യാഭ്യാസ നിലവാരം എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഊര്‍ജത്തിന്റെ കടന്നെത്തലിനു കഴിയും. ഊര്‍ജത്തിന്റെ പാഴ്ച്ചെലവ് കുറയ്ക്കാനും വര്‍ഷാചരണം ആഹ്വാനം ചെയ്യുന്നുണ്ട്. അതോടൊപ്പം പരമ്പരാഗത ഊര്‍ജസ്രോതസ്സുകളിലേക്ക് കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കാനും.വെബ്സൈറ്റ്: http://www.sustainableenergyforall.org

അലന്‍ ടൂറിങ് വര്‍ഷം
'കൃത്രിമബുദ്ധി' മുതല്‍ 'കൃത്രിമജീവന്‍'  വരെ, ആധുനികശാസ്ത്രം ഇന്നെത്തിനില്‍ക്കുന്ന സാങ്കേതികമായ എല്ലാ കണ്ടെത്തലുകള്‍ക്കും പരിഷ്കരണങ്ങള്‍ക്കും അടിസ്ഥാനമാവുന്ന ആശയങ്ങള്‍ ആദ്യം വികസിപ്പിച്ച അലന്‍ ടൂറിങ് എന്ന കംപ്യൂട്ടര്‍ശാസ്ത്രജ്ഞന്റെ 100-ാം ജ•വാര്‍ഷികമാണ് 2012. വെറും 22 വയസ്സുള്ളപ്പോള്‍ അദ്ദേഹം വികസിപ്പിച്ച 'ടൂറിങ് മെഷീനാ' (Turing Machine) ണ് ആധുനിക ഡിജിറ്റല്‍ കംപ്യൂട്ടറുകള്‍ക്ക് അടിസ്ഥാനമായത്. 1912  ജൂണ്‍ 23ന് ലണ്ടനിലായിരുന്നു അലന്‍ ടൂറിങ്ങിന്റെ ജനനം. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മന്‍കാരുടെ 'എനിഗ്മ' (ENIGMA) കോഡ്സന്ദേശങ്ങള്‍ അനാവരണം ചെയ്തതും ടൂറിങ് ആയിരുന്നു.  വെബ്സൈറ്റ്: http://www.mathcomp.leeds.ac.uk

സഹകരണത്തിന്റെ വര്‍ഷം
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് 2012 സഹകരണ സ്ഥാപനങ്ങളുടെ വര്‍ഷ (Year of Co-operatives)മായി ആചരിക്കാന്‍ ആഹ്വാനംചെയ്യുന്നത്. ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതില്‍ സഹകരണസ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാവുമെന്ന് വര്‍ഷാചരണ സന്ദേശത്തില്‍ പറയുന്നു. ഈ വിലയിരുത്തല്‍ ദാരിദ്യ്രനിര്‍മാര്‍ജനം, തൊഴില്‍ലഭ്യത, തൊഴിലവസരങ്ങളുടെ വര്‍ധന, സമൂഹത്തിന്റെ ഐക്യവും കെട്ടുറപ്പും എന്നിവയില്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് അടിവരയിടുന്നു. ഇനിയും നേടാന്‍കഴിഞ്ഞിട്ടില്ലാത്ത സഹസ്രാബ്ദ വികസനലക്ഷ്യങ്ങള്‍ (Millennium Development Goals) സാക്ഷാല്‍കരിക്കാന്‍ സഹകരണമേഖല ശക്തിപ്പെടണമെന്നും ഐക്യരാഷ്ട്രസംഘടന വിശ്വസിക്കുന്നു. വെബ്സൈറ്റ്: http://social.un.org

കര്‍മോത്സുകവാര്‍ധക്യത്തിന്റെ വര്‍ഷം
യൂറോപ്യന്‍ കമീഷന്റെ ആഹ്വാനപ്രകാരമാണ് 2012 'കര്‍മോത്സുകമായ വാര്‍ധക്യത്തിന്റെ വര്‍ഷ' (Year of Active Ageing)മായി ആചരിക്കുന്നത്. യൂറോപ്പില്‍ ജോലിചെയ്യാന്‍ കഴിവുള്ളവരുടെ എണ്ണം കുറഞ്ഞുവരികയും 60 വയസ്സിനുമേലുള്ളവരുടെ എണ്ണംകൂടിവരികയുമാണ്. രണ്ടിനും വ്യത്യസ്തമായ കാരണങ്ങളാണുള്ളതെങ്കിലും, ഇവ രണ്ടും തമ്മിലുള്ള പൊരുത്തക്കേട് യൂറോപ്യന്‍ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. വാര്‍ധക്യത്തിലേക്കു കടക്കുന്നവര്‍ക്കായി കൂടുതല്‍ ആരോഗ്യസുരക്ഷാപദ്ധതികള്‍ ഏര്‍പ്പെടുത്തുകയും അവരെ കൂടുതല്‍ വര്‍ഷം ജോലിയിലിരിക്കാന്‍ പ്രേരിപ്പിക്കാനും വര്‍ഷാചരണം ആഹ്വാനംചെയ്യുന്നു. '2015-35' കാലയളവില്‍ ഉണ്ടാവുമെന്നു കരുതപ്പെടുന്ന കൂട്ടവിരമിക്കല്‍ പ്രശ്നം പരിഹരിക്കാനുംകൂടിയാണിത്. വെബ്സൈറ്റ്: http://ec.europa.eu