Saturday, January 2, 2021

ശലഭമായി മാറഡോണ

 

ഫുട്ബോൾ ഇതിഹാസമായിരുന്ന മാറഡോണയുടെ പേര് ഇനി ശാസ്ത്രലോകത്തിനും അവിസ്മരണീയമാകും. വടക്കുപടിഞ്ഞാറൻ അർജന്റീനയിൽ ജീവിച്ചിരുന്ന ഒരു ശലഭത്തുമ്പിയുടെ ഫോസിൽ മാറഡോണയുടെ പേരിലാകും ഇനി അറിയപ്പെടുക. ലിബ്രെലൂല മറഡോണിയാന (Librelula maradoniana) എന്നാണ് മാറഡോണയുടെ ഓർമ നിലനിർത്താനായി ഈ ശലഭത്തിന്‌ പേരിട്ടിരിക്കുന്നത്. 
ഏകദേശം 60 ദശലക്ഷം വർഷങ്ങൾക്കുമുമ്പാണ്‌ ഈ ശലഭത്തുമ്പികൾ പാറിപ്പറന്നിരുന്നത്. പാലിയോസീൻ എന്നാണ്  ഭൗമചരിത്രത്തിലെ ഏറ്റവും നിർണായകമായ ഈ കാലഘട്ടത്തിന് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇന്നേയ്ക്കും 56 മുതൽ 66 ദശലക്ഷം വർഷങ്ങൾക്ക്‌ മുമ്പുള്ള കാലം. ഈ കാലഘട്ടത്തിന്റെ അവസാനമാകുമ്പോഴേക്കും ഭൂമി വലിയ തോതിലുള്ള ഒരു താപനത്തിന് വിധേയമാവുകയുണ്ടായി. അഗ്നിപർവതസ്ഫോടനങ്ങളിൽനിന്നും മറ്റുമായി കാർബൺഡൈഓക്സൈഡ് വൻതോതിൽ ഭൗമാന്തരീക്ഷത്തിലേക്ക് എത്തപ്പെട്ടതായിരുന്നു കാരണം. ഇതിലൂടെ ചൂടുപിടിച്ച ഭൂമിയിലാണ് സസ്തനികൾ ഭൂമിയിലെ അധീശജീവിവർഗമായി മാറിയത് എന്നതിനാലാണ് ഈ കാലം പ്രാധാന്യമർഹിക്കുന്നത്.  മനുഷ്യൻ അപ്പോഴും ഉരുത്തിരിഞ്ഞിട്ടില്ല എന്നതും ശ്രദ്ധയമാണ്. 

ചൂടുപിടിച്ചിരുന്ന ഒരു കാലത്തിൽ പറന്നുനടന്നിരുന്ന ഒരു ശലഭത്തുമ്പിയോടാണ് മാറഡോണയെ ശാസ്ത്രജ്ഞർ സാദ്യശ്യപ്പെടുത്തിയിരിക്കുന്നത്. ഫുട്ബോൾ കളിക്കളങ്ങളിൽ ഒരു തുമ്പിയെപ്പോലെ പാറിപ്പറന്ന് പന്തുതട്ടിയിരുന്ന മാറഡോണ ഓർമയാകുമ്പോൾ ആ ഓർമയെ  സൂക്ഷിച്ചുവയ്ക്കാൻ ഇനിയും ഈ പേരും ഉണ്ടാകും. 

ലിബ്രെലൂല മറഡോണിയാന
പഴയ സ്പാനിഷ് ഭാഷയിൽനിന്നും എടുത്തിട്ടുള്ള രണ്ട് പദങ്ങൾ ചേർത്താണ് ഈ ശലഭത്തുമ്പിയുടെ പേരുണ്ടാക്കിയിരിക്കുന്നത്. ലിബ്രെ (libre) എന്നാൽ സ്വതന്ത്രമായത് എന്നാണർഥം. ലിബ്രെലൂല എന്നാകുമ്പോൾ സ്വതന്ത്രരായ തുമ്പിവംശംഎന്നും അർഥമാകുന്നു. ശലഭത്തുമ്പികൾ ഇംഗ്ളീഷിൽ ഡാംസെൽഫ്ളൈകൾ (Damselflys) എന്നാണറിയപ്പെടുന്നത്. സൈഗോപ്റ്റെറ (Zygoptera)  എന്നതാണ് ഇവയെല്ലാം ഉൾപ്പെടുന്ന പൊതുവായ താവഴിയുടെ പേര്.

ഇവയ്ക്കിടയിലെ ആർജിയോലെസ്റ്റിഡെ (Argiolsetidae),  നന്നേ ചെറിയവ മുതൽ വലിപ്പമാർന്നവ വരെയുള്ള ശലഭത്തുമ്പികളുടെ ഒരു വലിയ കുടുംബമാണ്. ആസ്‌ട്രലേഷ്യ, ആഫ്രിക്ക, മഡഗാസ്കർ, ഏഷ്യ എന്നിവിടങ്ങളിലെല്ലാം ഒരുപോലെ വിതരണം ചെയ്യപ്പെട്ടിരുന്ന ഇവയുടെ ആദ്യപ്രതിനിധിയായി അർജന്റീനയിൽനിന്നും കണ്ടെടുക്കപ്പെട്ടതായിരുന്നു ലിബ്രെലൂല മറഡോണിയാന.

അർജന്റീനയിലെ  ബ്രൂണോസ് അരീസിലുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ശാസ്ത്രജ്ഞനായ ജൂലിയൻ എഫ് പെട്രുലെവീഷ്യസ്   ആയിരുന്നു ഈ ഫോസിലിനെ കണ്ടെത്തിയത്.

ലെനിനിയ സ്റ്റെല്ലൻസ്
മഹാനായ ലെനിന്റെ പേരിൽ അറിയപ്പെടുന്ന  ജീവി സ്‌പീഷീസ്‌ ഉണ്ട്‌.  ലെനിനിയ സ്റ്റെല്ലൻസ് (Leninia stellans)‌. മൺമറഞ്ഞുപോയ ഒരു ജീവീസ്പീഷീസാണിത്‌. .നക്ഷത്രശോഭയുള്ളത്’ (Brilliant as a Star) എന്നാണ് സ്റ്റെല്ലൻസ് എന്ന വാക്കിന്റെ അർഥം. ലാറ്റിനിൽനിന്നുമാണ് ഈ വാക്കിന്റെ വരവ്. ലെനിനിയ സ്റ്റെല്ലൻസ് എന്നാൽ നക്ഷത്ര ശോഭയുള്ള ലെനിൻ എന്നാകും. എക്കാലവും  പ്രകാശം പൊഴിക്കുന്നത്', 'മാർഗദർശിയാകുന്നത്', എന്നൊക്കെയും ഇതിന് അർഥമുണ്ട്. ലെനിനിയ എന്നത് ജനുസ്സിന്റെ (Genus) പേരാണ്. സ്റ്റെല്ലൻസ് എന്നതു കൂടി ചേരുമ്പോഴാണ് അത് നിശ്ചിത സ്പീഷീസിന്റെ സൂചകമായി മാറുന്നത്. റഷ്യയിലെ ഉല്ല്യാനോവ്സ്കിലുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ  സ്‌പീഷീസിന്റെ  ഫോസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌‌. 

ഇരുന്നൂറ് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ജീവിസ്പീഷിസുകളിൽ ഒന്നാണിത്. ചീങ്കണ്ണികളെപ്പോലെ നീണ്ട ശരീരമുള്ള, എന്നാൽ തിമിംഗലത്തിന്റെ വാലും ഡോൾഫിന്റെത് മാതിരി പല്ലുകളുമുള്ള ഇവ ജീവപരിണാമത്തിലെ ഇടക്കണ്ണികളിലൊന്നായാണ് പരിഗണിക്കുന്നത്‌. പൂർണമായും കടലിൽ കഴിഞ്ഞിരുന്ന ഇവ ദിനോസറുകളുടെ കാലമായി അറിയപ്പെടുന്ന ജുറാസിക് യുഗത്തിലാണ് ജീവിച്ചിരുന്നത്.

ഉരഗജീവികൾക്കും മത്സ്യങ്ങൾക്കുമിടയിലുള്ള പരിണാമപരമായ ഇടക്കണ്ണിയാണിത്‌. ഇത് നേർരേഖയിലുള്ള പരിണാമത്തിന്റെ ദിശാസൂചകമായി കാണാനുമാകില്ല.  മത്സ്യങ്ങൾ, മത്സ്യങ്ങളിൽനിന്നും ഉഭയജീവികൾ, അവയിൽനിന്നും ഉരഗങ്ങൾ, പിന്നെ പക്ഷികളും സസ്തനികളും ഇതാണ്‌ ജീവിവർഗങ്ങളുടെ പരിണാമദിശ.  ലെനിനിയ സ്റ്റെല്ലൻസ് പ്രതിനിധീകരിക്കുന്നവ, കരയിൽനിന്നും വീണ്ടും കടലിലേക്കിറങ്ങിയ ഉരഗങ്ങളാണ്.  അവയ്ക്ക് ഉരഗങ്ങളുടെ ശരീരഘടനയും മത്സ്യങ്ങളുടെ ആകൃതിയുമുണ്ടായത്‌ ഇതുമൂലമാണെന്നാണ്‌ ‌ ‌ ശാസ്‌ത്രജ്‌ഞരുടെ നിഗമനം.

മറ്റ് പ്രമുഖരുടെ പേരിലും
ഫുട്ബോൾ മാന്ത്രികനായ പെലെയുടെ പേരിലുള്ള പെലെ റാംസെയ് (Pele ramseyi) എന്ന ഒരിനം ഞണ്ട്, ബോബ് മാർളിയുടെ പേരിലുള്ള ഗ്നാത്തിയ മാർലേയി (Gnathia marleyi) എന്ന പരാദ ജീവി, ഡേവിഡ് ആറ്റെൻബെറോയുടെ പേര് വഹിക്കുന്ന നെപെന്തെസ് ആറ്റെൻബെറോഗി (Nepenthes attenboroughii)എന്ന ഒരിനം ഇരപിടിയൻ സസ്യം, അർനോൾഡ് ഷ്വാർസ്നെഗറിന്റെ പേര് നൽകപ്പെട്ട ആഗ്ര ഷ്വാർസെനെഗ്ഗേരി (Agra  Schwarzeneggeri)എന്ന ഒരിനം വണ്ട്, ഒബാമയുടെ പേരിലുള്ള ഒബാമഡോൺ ഗ്രാസിലിസ് (Obamadon gracilisഎന്ന ഒരിനം പല്ലി, ആസ്ട്രലോപിക്കസ് നെൽസൺ മണ്ടേലെയ് (Australopicus nelsonmandelai)  എന്ന ഒരിനം മരംകൊത്തി, അങ്ങനെ പോകുന്നു ആ പട്ടിക.

കേരളത്തിലെ ശലഭത്തുമ്പികളെക്കുറിച്ചറിയാം
കേരളത്തിൽ കാണുന്ന ശലഭത്തുമ്പികളെക്കുറിച്ചറിയാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അതിനുള്ള സൗകര്യം ലഭ്യമാണ്. സൊസൈറ്റി ഫോർ ഒഡൊണേറ്റ് സ്‌റ്റഡീസ് എന്ന ഗവേഷണസംഘടന പുറത്തിറക്കിയിരിക്കുന്ന ഈബുക്ക് അവരുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് വായിക്കാം:(https://archive.org/details/introduction-to-odonata-2)  . കേരളത്തിലെ തുമ്പികളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്. എല്ലാ തുമ്പികൾക്കും ശലഭത്തുമ്പികൾക്കും മലയാളംപേരുകൾ നൽകിയിരിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. തുമ്പിനിരീക്ഷണത്തിൽ തൽപ്പരരാകുന്ന തുടക്കക്കാർക്ക് തുമ്പികളെ തിരിച്ചറിയാനുള്ള ഒരു കൈപ്പുസ്തകം എന്ന നിലയിലും ഇത് സഹായകരമാകും. വെബ്സൈറ്റ് വിലാസം: https://odonatesociety.org


Courtesy: A print edition of this was published in Kilivathil, the Science Supplement of Deshabhimani Daily. Link: https://www.deshabhimani.com


ഫുട്ബോൾ ഇതിഹാസമായിരുന്ന മാറഡോണയുടെ പേര് ഇനി ശാസ്ത്രലോകത്തിനും അവിസ്മരണീയമാകും. വടക്കുപടിഞ്ഞാറൻ അർജന്റീനയിൽ ജീവിച്ചിരുന്ന ഒരു ശലഭത്തുമ്പിയുടെ ഫോസിൽ മാറഡോണയുടെ പേരിലാകും ഇനി അറിയപ്പെടുക. ലിബ്രെലൂല മറഡോണിയാന (Librelula maradoniana) എന്നാണ് മാറഡോണയുടെ ഓർമ നിലനിർത്താനായി ഈ ശലഭത്തിന്‌ പേരിട്ടിരിക്കുന്നത്. 
Read more: https://www.deshabhimani.com/special/libellule-maradona-fossil/912670

ഫുട്ബോൾ ഇതിഹാസമായിരുന്ന മാറഡോണയുടെ പേര് ഇനി ശാസ്ത്രലോകത്തിനും അവിസ്മരണീയമാകും. വടക്കുപടിഞ്ഞാറൻ അർജന്റീനയിൽ ജീവിച്ചിരുന്ന ഒരു ശലഭത്തുമ്പിയുടെ ഫോസിൽ മാറഡോണയുടെ പേരിലാകും ഇനി അറിയപ്പെടുക. ലിബ്രെലൂല മറഡോണിയാന (Librelula maradoniana) എന്നാണ് മാറഡോണയുടെ ഓർമ നിലനിർത്താനായി ഈ ശലഭത്തിന്‌ പേരിട്ടിരിക്കുന്നത്. 
Read more: https://www.deshabhimani.com/special/libellule-maradona-fossil/912670