1978 ജൂലൈ 25. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഒരു ഒഴിഞ്ഞ
പരീക്ഷണശാലയില്‍ രാത്രി വൈകിയും ഒരു ശാസ്ത്രജ്ഞന്
പ്രവര്‍ത്തനനിരതനാണ്. തനിക്കു മുന്നിലെ സൂക്ഷ്മദര്‍ശിനിയിലൂടെ
ശ്രദ്ധയോടെ എന്തോ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. സമയം
അര്‍ദ്ധരാത്രിയോടടുക്കുന്നു: 11.47. പെട്ടെന്ന്, ഏറെ നാളുകളായി
പ്രതീക്ഷിച്ചിരുന്ന എന്തിനെയോ കണ്ടിട്ടെന്നവണ്ണം, അദ്ദേഹത്തിന്റെ
കണ്ണുകള്‍ വിടര്‍ന്നു. ഒരു ചെറുപുഞ്ചിരി ആ ചുണ്ടുകളിലേക്കെത്തി.
സൂക്ഷ്മദര്‍ശിനിയുടെ ദൃശ്യപാളിയിലൂടെ ആ കാഴ്ച അദ്ദേഹം ഒന്നുകൂടി
നോക്കി. സ്പന്ദിക്കുന്ന ഒരു മനുഷ്യഭ്രൂണമാണ് തനിക്കുമുന്നില്‍.
ലോകത്താദ്യമായി പരീക്ഷമശാലയില്‍ ഒരു കൃത്രിമ മനുഷ്യഭ്രൂണം
പിറവിയെടുത്തിരിക്കുന്നു.. കണെക്കണെ അത് വളരുകയാണ്. വിഭജനങ്ങളിലൂടെ.
ലൂയി ബ്രൗണിന്റെ ഭ്രൂണമായിരുന്നു അത്. ലോകത്തിലെ ആദ്യത്തെ `ടെസ്റ്റ്
ട്യൂബ്' ശിശുവിന്റെ ജീവന് പരീക്ഷണശാലയിലേക്കിറങ്ങിവന്ന ആ നിമിഷങ്ങളുടെ
ഓര്‍മ്മയ്ക്കുമുന്നിലാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്രനോബേല്‍ സമ്മാനം
സമര്‍പ്പിതമായിരിക്കുന്നത്.
![]() |
Professor Robert Edwards, Lesley Brown, Louise Brown, the world's first test tube baby with her son Cameron. |
റോബര്‍ട്ട് ജി. എഡ്വാര്‍ഡിനാണ് ആ പുരസ്കാരം. ആരുമായും
പങ്കുവെയ്ക്കാതെയാണ് അദ്ദേഹം ആ അംഗീകാരം സ്വന്തമാക്കിയിരിക്കുന്നത്.
ഇപ്പോഴും കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ തുടരുന്ന റോബര്‍ട്ട്
എഡ്വാര്‍ഡിന് അക്കാര്യത്തില്‍ അഭിമാനിക്കാം. എന്നാല്‍ ഈ നേട്ടത്തിനു
പിന്നില്‍ അറിയപ്പെടാത്ത മറ്റൊരാള്‍ കൂടിയുണ്ട്. ഡോ.പാട്രിക്സി
സ്റ്റെപ്ടോ എന്ന ഡോക്ടറായിരുന്നു അത്. പ്രശസ്തനായ ശസ്ത്രക്രിയാ
വിദഗ്ദനായിരുന്ന അദ്ദേഹമായിരുന്നു ഇംഗ്ലണ്ടിലേക്ക് ആദ്യമായി സൂക്ഷ്മ
ശസ്ത്രക്രിയാ സങ്കേതമായ `ലാപ്രോസ്കോപ്പി' (Laproscopy) യെ
പ്രയോഗത്തിലെത്തിച്ചത്. ശരീരത്തിനുള്ളിലേക്ക് കടത്തുന്ന ഒരു കുഴലിലൂടെ
ആന്തരാവയവങ്ങളുടെ ഘടന നിരീക്ഷിക്കാനുള്ള സംവിധാനമായിരുന്നു അത്.
സ്ത്രീകളില്‍ നിന്നു ശേഖരിക്കുന്ന `അണ്ഡകോശ'(Egg Cell) ത്തെ
ഉപയോഗിച്ചുള്ളതായിരുന്നു റോബര്‍ട്ട് എഡ്വാര്‍ഡിന്റെ പരീക്ഷണം. അതിനെ
പുംബീജ (Sperm Cell)കോശവുമായി സംയോജിപ്പിക്കുന്നതിലൂടെ, കൃത്രിമ
മനുഷ്യഭ്രൂണത്തെ സൂക്ഷിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
എന്നാല്‍, ശരിയായ വളര്‍ച്ചാഘട്ടത്തിലെത്താത്ത `അണ്ഡകോശത്തെ
കണ്ടെത്താനാവാത്തതുകാരണം അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍
പരാജയപ്പെടുകയായിരുന്നു. ഡോ.പാട്രിക്സ്റ്റെപ്ടോയുടെ ലാപ്രോസ്കോപ്പി
സങ്കേതമാണ് ഇതിന് പരിഹാരം കാണാന്‍ സഹായകമായത്. പിന്നീട് ഇരുവരും
ചേര്‍ന്ന് കേംബ്രിഡ്ജിനടുത്തായി `ബോണ്‍ ഹാള്‍ക്ലിനിക്' (Bourn Hall
Clinic) എന്ന ലോകത്തിലെ ആദ്യത്തെ `ക്രിത്രിമബീജ ധാന ക്ലിനിക്ക് (in
vitro Fertilization) സ്ഥാപിക്കുകയും ചെയ്തു. ലൂയി ബ്രൗണിനു ശേഷം ഏകദേശം
നാലുദശലക്ഷത്തോളം `ടെസ്റ്റ് ട്യൂബ്' ശിശുക്കള്‍ ഇതുള്‍പ്പെടെയുള്ള
ലോകത്തിലെ വിവിധ `കൃത്രിമ ബീജധാന ക്ലിനിക്കുകളില്‍ ജനിച്ചതായാണ്
കണക്ക്.
('ശരീരത്തിനു പുറത്തുവെച്ചു നടത്തുന്ന ബീജസംയോജനം' എന്നതാണ്
ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ
പ്രവര്‍ത്തനം സാധാരണയായി പരീക്ഷണശാലയില്‍ നടത്തുന്നതിലാണ് ഇവയില്‍
നിന്നും പിറക്കുന്ന ശിശുക്കള്‍ `ടെസ്റ്റ്ട്യൂബ്' ശിശുക്കള്‍'
എന്നറിയപ്പെടുന്നത്. അതല്ലാതെ ഈ പ്രവര്‍ത്തനത്തിന് ടെസ്റ്റ്ട്യൂബുമായി
ബന്ധമൊന്നുമില്ല).
ഭൗതിക ശാസ്ത്രം
പേപ്പറില്‍ പെന്‍സില്‍ കൊണ്ട് ഒരു വരവരയ്ക്കുക; അതിന്റെ മുകളില്‍ ഒരു
കഷണം `സെല്ലോടേപ്പ്' ഒട്ടിക്കുക; പതിയെ ഇളക്കി എടുക്കുക;
പറ്റിപ്പിടിച്ചിരിക്കുന്ന പെന്‍സില്‍മുനയുടെ അംശങ്ങള്‍ ചുരണ്ടിയെടുക്കുക;
പോയി ഒരു നോബേല്‍ സമ്മാനം വാങ്ങുക. ചുരുക്കത്തില്‍ ഇതായിരുന്നു ഈ
വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനു നോബേല്‍ സമ്മാനത്തിന്റെ പിന്നിലെ ചരിത്രം.
വെറുതെ പറയുന്നതല്ല. മാഞ്ചെസ്റ്റര്‍ സര്‍വ്വകലാശാലയിലെ
ഭൗതികശാസ്ത്രവിഭാഗത്തില്‍ ഗവേഷകരായ ആന്ത്രേഗെയിമും കോണ്സ്റ്റാന്റിന്
നോവോ സെലേവൊയും യഥാര്‍ത്ഥത്തില്‍ അതുതന്നെയാണ് ചെയ്തത്. പെന്‍സില്‍
മുനയിലെ കാര്‍ബണ്‍രൂപമായ `ഗ്രാഫെറ്റില്‍' നിന്നും `ഗ്രാഫീന്' (Graphene)
എന്ന സവിശേഷ കാര്‍ബണ്‍ പ്രതിരൂപത്തെ വേര്‍തിരിച്ചതിനാലാണ്
ആന്ത്രേയ്ക്കും കോണ്‍സ്റ്റാന്റിനും നോബേല്‍ പുരസ്കാരം.
പെന്‍സിലും പേപ്പറുമുപയേച്ചുള്ള മാര്‍ഗ്ഗം തന്നെയാണ് അവര്‍ ഇതിനായ്
പരീക്ഷിച്ചത്. എന്നാല്‍, ഒറ്റയടിക്കുള്ള ഒരു പകര്‍ത്തലായിരുന്നില്ല
അത്. പെന്‍സില്‍വരയിലെ കാര്‍ബണ്‍ അംശങ്ങളെ ആവര്‍ത്തിച്ചാവര്‍ത്തിച്
സെല്ലോടേപ്പിലേക്ക് പകര്‍ത്തുന്നതിലൂടെ അവര്‍ അതിന്റെ കട്ടി ഒരു
ആറ്റത്തിനോളം കുറച്ചിരുന്നു. ഇങ്ങനെ ഒരാറ്റത്തിന്റെ കനമുള്ളതായപ്പോള്‍
അത് കാര്‍ബണ്‍ ആറ്റങ്ങള്‍ കണ്ണിചേരുന്ന ഒരു വലപോലെയാണ് കാണപ്പെട്ടത്.
ഓരോ കാര്‍ബണും ആറ്റവും മറ്റ് മൂന്നെണ്ണവുമായി ഇഴചേരുന്നു.
രസതന്ത്രത്തിന്റെ ഭാഷയില്‍ ഈ ഇഴചേരല്‍ മറ്റ് കോവാലെന്റ് ബോണ്ടിങ്
(Covalent Bonding) എന്നാണറിയപ്പെടുന്നത്. ഇതിലൂടെ സൃഷ്ടിക്കപ്പെടുന്ന
വലരൂപമാണ് ഗ്രാഫീന് (Graphene). 2004 ഒക്ടോബറില്‍ `സയന്‍സ്' എന്ന
ഗവേഷണജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലൂടെയാണ് `ഗ്രാഫീന്' എന്ന
തങ്ങളുടെ കണ്ടെത്തലിനെക്കുറിച്ച് ആന്ത്രേയും കോണ്‍സ്റ്റാന്റിനും ലോകത്തെ
അറിയിച്ചത്. എന്നാല്‍, അതിനുമുമ്പേ ഇവ്വിധം അറ്റോമികതലത്തില്‍
പദാര്‍ത്ഥങ്ങള്‍ സവിഷേശസ്വഭാവമങ്ങളുള്ളയായി മാറുന്നത് ശാസ്ത്രലോകം
തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. തങ്ങളുടെ അടിസ്ഥാന ഭൗതിക സ്വഭാവങ്ങളില്‍
നിന്നും പാടേ വ്യതിചലിച്ചുകൊണ്ടായിരുന്നു. അറ്റോമികതലത്തിലേക്കുള്ള
പദാര്‍ത്ഥങ്ങളുടെ ഈ അവസ്ഥാഭേദം. ഇവയെക്കുറിച്ചുള്ള പഠനമാണ് പിന്നീട്.
`നാനോടെക്നോളജി' എന്ന പേരിലറിയപ്പെട്ടത്. എന്തൊക്കെയാവാം ഈ പുതിയ
ശാസ്ത്രശാഖയുടെ വാഗ്ദാനങ്ങളെന്ന് മുന്‍കൂറായി പറയാന്‍
ശാസ്ത്രജ്ഞര്‍ക്കുപോലും ഇപ്പോഴും കഴിയുന്നില്ല. കാരണം നമ്മുടെ
സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമായ നിര്‍മ്മിതകളാണ് അവ സാധ്യമാക്കുന്നത്.
ഉദാഹരണമായി ഈ ഗ്രാഫീന് തന്നെ ചുരുണ്ട് കുഴല്‍രൂപത്തിലായാല്‍ അത്
`നാനോട്യൂബാ'വാം ഉരുണ്ട് ഉണ്ടപോലെയായാല്‍ `ഫുള്ളറീനാ (Fullerene)വും.
ഔഷധ നിര്‍മ്മാണം മുതല്‍ സ്പേസ്ഷട്ടില്‍ നിര്‍മ്മാണം വരെയാണ്
ഇവയുടെയൊക്കെ പ്രയുക്തമേഖലകള്‍! അതും പുത്തനായവ!
(ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച്
ഏറ്റവും കനംകുറഞ്ഞതും ബലവത്തായതുമാണ്
കാര്‍ബണ്‍ ആറ്റങ്ങള്‍ മാത്രമടങ്ങുന്ന ഗ്രാഫീന്
ഒരു ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള
ഇതിന്റെ ഭാരം ഒരു മില്ലീമീറ്ററില്‍ താഴെ
മാത്രമേ വരികയുള്ളൂ. ഇതേകനത്തിലുള്ള
ഉരുക്കിനേക്കാള്‍ 100 മടങ്ങ് കരുത്തുറ്റതുമായിരിക്കും അത്.
പ്രകാശത്തെ കടന്നുപോവാനനുവദിക്കുന്ന ഇത്
പക്ഷെ, ഏറ്റവും ചെറിയ ആറ്റത്തെപ്പോലും
തടഞ്ഞുനിറുത്തുന്നതാണ്. താപം, വൈദ്യുതി എന്നിവയെ
ചെമ്പിനെ വെല്ലുന്ന രീതിയില്‍ കടത്തിവിടുകയും ചെയ്യും.
ലാപ്ടോപ്, ഉപഗ്രഹങ്ങള്‍ ഇവയുടെ നിര്‍മ്മാണത്തില്‍
ഇതിന് ഇക്കാരണങ്ങളാല്‍ പ്രധാന പങ്ക് വഹിക്കാനാകും).
രസതന്ത്രം:
ഇതരനോബേല്‍ സമ്മാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷത്തെ
രസതന്ത്രനോബേല്‍ സമ്മാനം മൂന്നുപേരാണ് പങ്കിട്ടത്. അമേരിക്കയില്‍
നിന്നുള്ള റിച്ചാര്‍ഡ് എഫ്.ഹെക്ക്, യെയ്-യിഞ്ചി നെഗ്ക്ഷി എന്നിവരും
ജപ്പാനിലെ ഹക്കായ്ഡോ സര്‍വ്വകലാശാലയില്‍ നിന്നുള്ള അകിരാ സുസൂക്കിയും.
രസതന്ത്രഗവേഷകര്‍ക്ക് പൊതുവില്‍ പ്രയോജന പ്രദമാവുന്ന തരത്തില്‍
``പലേഡിയം - മാറ്റലൈസ്ഡ് ക്ലോസ് കപ്പിളിങ് (Palladium Catalysed
Cross Coupling)എന്ന നിര്‍മ്മാണ സാങ്കേതികവിദ്യ രൂപപ്പെടുത്തിയതിനാണ്
പുരസ്കാരം. പലേഡിയം ആറ്റത്തിന്റെ സാന്നിധ്യം ഉപയോഗിച്ചുകൊണ്ട്,
കാര്‍ബണ്‍ ആറ്റങ്ങളെ എങ്ങനെ രാസപ്രവര്‍ത്തന സന്നദ്ധമാക്കാം എന്നതാണ് ഈ
സേങ്കതത്തിന്റെ അടിസ്ഥാനം. കാര്‍ബണുള്‍പ്പെടെയുള്ള ഏതൊരാറ്റത്തിന്റെയും
രാസപ്രവര്‍ത്തനസ്വഭാവം `എട്ട്' എന്ന `മാന്ത്രികസംഖ്യ'
നേടിയെടുക്കുന്നതിനുള്ള ശ്രമവുമായി ബന്ധപ്പെട്ടുള്ളതാണ് നടുവില്‍
ന്യൂക്ലിയസ്, അതിനു ചുറ്റിലുമായി വലയപഥങ്ങളിലായി സഞ്ചരിക്കുന്ന
ഇലക്ട്രോണുകള്‍. ഇതാണ് ആറ്റങ്ങളുടെ അടിസ്ഥാന ഘടന. ഇതില്‍ ഏറ്റവും
പുറമെയുള്ള വലയപഥത്തിലെ ഇലക്ട്രോണുകളാണ് രാസപ്രവര്‍ത്തനത്തിന്
കാരണമാവുന്നത്. അവ എപ്പോഴും തങ്ങളുടെ സംഘത്തില്‍ എട്ടു പേരുണ്ടാവാന്‍
ശ്രമിച്ചുകൊണ്ടേയിരിക്കും. എല്ലായ്പ്പോഴും, എല്ലാ ആറ്റത്തിലും എട്ട്
ഇലക്ട്രോണുകള്‍ ഇങ്ങനെ കാണണമെന്നില്ല. അങ്ങനെയുള്ളവ, മറ്റേതെങ്കിലും
ആറ്റത്തില്‍ നിന്ന് ഇലക്ട്രോണുകളെ ഒപ്പം കൂട്ടും. അങ്ങനെ എണ്ണം
തികയ്ക്കും. അതിലൂടെയാണ് അവ `സ്ഥിരത' കൈവരിക്കുന്നത്. ഒട്ടന്റ്
റൂള്‍(Octant Rule) എന്നാണ് ഇതറിയപ്പെടുന്നത്. പക്ഷേ, ഇത്തരത്തില്‍
സ്ഥിരത നേടി സ്വസ്ഥരാവാന്‍ ആഗ്രഹം മാത്രംപോര. അതിനുവേണ്ട ഊര്‍ജ്ജനിലയു
ആവശ്യമുണ്ട്. എല്ലാ ആറ്റങ്ങള്‍ക്കും ഒരു നിശ്ചിത ഊര്‍ജ്ജനില
സ്വായത്തമാക്കാനായാലേ അവയ്ക്ക് രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനാവൂ.
കടമ്പകള്‍ ചാടിയുള്ള ഒരു ഓട്ടം പോലെയാണിത്. കടമ്പകളില്‍
കാല്‍തട്ടുന്നവര്‍ മറിഞ്ഞുവീഴും. ഇവിടെയാണ് നോബേല്‍ ഗവേഷകര്‍ സംവിധാനം
ചെയ്തതുപോലെയുള്ള ഒരു സങ്കേതം പ്രസക്തമാകുന്നത്. കാറ്റലിസ്റ്റ്
എന്ന ആളിനെയാണ് അവര്‍ രംഗത്തിറക്കുന്നത്. ഈ കാറ്റലിസ്റ്റ്, മിക്കവാറും
എല്ലാ ആറ്റങ്ങള്‍ക്കും ചാടിപ്പോവാന്‍ കഴിയുന്നതരത്തില്‍ ഊര്‍ജ്ജനിലയുടെ ഈ
കടമ്പ താഴ്ത്തി വയ്ക്കുന്നു. അങ്ങനെ രാസപ്രവര്‍ത്തനം സാധ്യമാവുന്നു.
അല്ലെങ്കില്‍ ത്വരിതമായി നടക്കുന്നു. അതേസമയം കാറ്റലിസ്റ്റ് എന്ന ഈ
കഥാപാത്രം അതില്‍ നേരിട്ട് പങ്കെടുക്കുന്നുമില്ല. ഇത്തരമൊരു
കാറ്റലിസ്റ്റായിരുന്നു പലേഡിയം. ഇതുപയോഗിച്ച്, സങ്കീര്‍ണ്ണഘടനയുള്ള
അനവധി കാര്‍ബണ്‍ സംയുക്തങ്ങളെ നിര്‍മ്മിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക്
കഴിഞ്ഞു. ക്യാന്‍സര്‍ മരുന്നുകള്‍, OLED (ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ്
ഡയോഡുകള്‍) എന്നിവയുടെ നിര്‍മ്മാണത്തില്‍ ഈ സങ്കേതം ഇന്ന് വ്യാപകമായി
പ്രയോജനപ്പെടുന്നുണ്ട്.
Link: http://nobelprize.org/