Tuesday, October 5, 2010

ജനിതക ഉരുളക്കിഴങ്ങ്‌ ഇന്ത്യയില്‍നിന്ന്‌

ജനിതക വ്യതികരണം വരുത്തിയ ഭക്ഷ്യവിളകളുടെ പട്ടികയിലേക്ക്‌ ഇന്ത്യയില്‍നിന്ന്‌ പുതിയൊരെണ്ണംകൂടി. ജനിതക ഉരുളക്കിഴങ്ങ്‌ (GM potato). സാധാരണ ഉരുളക്കിഴങ്ങളിലുള്ളതിനേക്കാള്‍ 60 ശതമാനം കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയതാണ്‌ പുതിയ ജനിതകയിനം. സിംലയിലെ കേന്ദ്ര ഉരുളക്കിഴങ്ങ്‌ ഗവേഷണകേന്ദ്ര(Central Potato Research Institute) മാണ്‌ ഈ നേട്ടത്തിനു പിന്നില്‍. സുബ്രാ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ്‌ ഇത്‌ യാഥാര്‍ഥ്യമാക്കിയത്‌. ഒരു ഹെക്ടറില്‍നിന്നുള്ള വിളവ്‌ 15 മുതല്‍ 25 ശതമാനംവരെ വര്‍ധിപ്പിക്കാനും ജനിതക ഉരുളക്കിഴങ്ങിന്‌ കഴിയും. ഇതിലൂടെ കര്‍ഷകസമൂഹത്തിന്‌ നേരിട്ടുള്ള പ്രയോജനത്തിന്‌ വഴിയൊരുക്കുന്നതാണ്‌ പുതിയ കണ്ടെത്തല്‍.

                                                            
ഉരുളക്കിഴങ്ങിലുള്ള പോഷകാംശം വര്‍ധിപ്പിക്കുന്നതിനായി മാറ്റിവച്ച ജീന്‍, ചീരയുടെ വംശത്തില്‍പ്പെടുന്ന `ഗ്രെയ്‌ന്‍ അമരാന്തസ്‌' (Grain Amaranthus) എന്ന ചെടിയില്‍നിന്നുമാണ്‌. മഹാരാഷ്‌ട്രാ മേഖലയില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഇതിന്‌ മറാഠിഭാഷയില്‍ `രാജ്‌ഗിരി' എന്നാണ്‌ പേര്‌. ഇതിന്റെ വിത്തുകളാണ്‌ ഭക്ഷ്യവസ്‌തുവായി ഉപയോഗിക്കുന്നത്‌. വിത്തുകളിലേക്ക്‌ പ്രോട്ടീനുകളുടെ സന്നിവേശം സാധ്യമാക്കുന്ന ജീനാണ്‌ ഇതില്‍നിന്ന്‌ ഉരുളക്കിഴങ്ങിലേക്ക്‌ മാറ്റിവച്ചത്‌. അതോടൊപ്പം ഉരുളക്കിഴങ്ങില്‍ കാണപ്പെടാത്ത ചില അവശ്യ അമിനോ അമ്ലങ്ങളും ഉരുളക്കിഴങ്ങിലേക്കെത്തിക്കാന്‍ ജീന്‍ മാറ്റത്തിനു കഴിഞ്ഞിട്ടുണ്ട്‌.


എഎംഎ-1(AmA 1) എന്ന ചുരുക്കപ്പേരില്‍ അറിയുന്ന `അമരാന്ത്‌ ആല്‍ബുമിന്‍ 1' എന്ന ജീനാണ്‌ ഉരുളക്കിഴങ്ങിലേക്ക്‌ കടത്തിയിരിക്കുന്നത്‌. രണ്ടുവര്‍ഷം മുമ്പാണ്‌ ഇതു സംബന്ധമായ പ്രാഥമിക പരീക്ഷണങ്ങള്‍ നടത്തപ്പെട്ടത്‌. ഇന്ത്യയില്‍ കൃഷിചെയ്‌തുവരുന്ന ജ്യോതി, സത്‌ലജ്‌, ബാദ്‌ഷാ, ബഹാര്‍, പുക്‌രാജ്‌, ചിപ്‌സോണ 1, 2 എന്നീ ഇനങ്ങളെയാണ്‌ ജനിതകമാറ്റത്തിനായി ഉപയോഗിച്ചത്‌. ഇതിനുശേഷം മോഡിനഗറിലുള്ള കേന്ദ്ര ഉരുളക്കിഴങ്ങ്‌ ഗവേഷണകേന്ദ്രമായി സഹകരിച്ച്‌ അവിടെ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചു. വിളവെടുത്ത ജനിതക-ഉരുളക്കിഴങ്ങുകള്‍ സിംലയിലെ ഗവേഷണകേന്ദ്രത്തിലെത്തിച്ച്‌ ഭക്ഷ്യസുരക്ഷയെ സംബന്ധിക്കുന്ന പരീക്ഷണങ്ങള്‍ക്കു വിധേയമാക്കി. എലികളിലും മുയലുകളിലുമായിരുന്നു പരീക്ഷണങ്ങള്‍. ഇവയിലൂടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഏതുമില്ലെന്ന്‌ ബോധ്യമായതിനെത്തുടര്‍ന്നാണ്‌ ജനിതക ഉരുളക്കിഴങ്ങ്‌ ഇപ്പോള്‍ അരങ്ങേറ്റത്തിനെത്തുന്നത്‌.

                                                             
ഇനി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ആരംഭിക്കാന്‍ `ജനറ്റിക്‌ എന്‍ജിനിയറിങ്‌ അപ്രൂവല്‍ കമ്മിറ്റി'യുടെ അംഗീകാരം ആവശ്യമാണ്‌. `പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സ്‌' എന്ന ജേര്‍ണലിലാണ്‌ ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്‌. (Link: http://www.pnas.org/content/early/2010/09/13/1006265107.abstract)

ഇത്‌ ബിടി വിളയല്ല

ജനിതക ഉരുളക്കിഴങ്ങ്‌ ആദ്യമായി അന്തര്‍ദേശീയ വിപണിയിലെത്തിച്ചത്‌ മോണ്‍സാന്റോ കമ്പനിയായിരുന്നു. `ന്യൂലീഫ്‌' എന്ന പേരിലറിയപ്പെട്ട അതൊരു ബിടി വിളയായിരുന്നു. അതായത്‌ `ബാസിലസ്‌ തുറിഞ്ചിയെന്‍സിസ്‌' (Bacillus thuringiensis) എന്ന ബാക്ടീരിയയില്‍നിന്നുള്ള ജീനിനെ ഉള്‍ക്കൊള്ളുന്നത്‌. കീടനാശക സ്വഭാവമുള്ള ഈ ജീന്‍ അതിന്റെ പ്രവര്‍ത്തനത്തിലൂടെ ആരോഗ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയാവുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ 2001 മാര്‍ച്ചില്‍ മോണ്‍സാന്റോ അതിന്റെ വില്‍പ്പന നിര്‍ത്തുകയായിരുന്നു. ഇത്തരം അപകടങ്ങളില്ലെന്ന്‌ സാക്ഷ്യപ്പെടുത്തപ്പെട്ടതാണ്‌ ഇന്ത്യയുടെ ജനിതക ഉരുളക്കിഴങ്ങെന്ന്‌ ഗവേഷകസംഘം പറയുന്നു. ബിടി ജീന്‍ അടങ്ങിയിട്ടില്ല എന്നതുതന്നെയാണ്‌ മുഖ്യമെന്ന്‌ അവര്‍ പറയുന്നു.