![]() |
Comparison of Indian and American Currency based on their germ content Original image coutesy: www.creditnet.com |
മംഗളൂരു നഗരത്തിലെ ഭിക്ഷാടകര്‍, സ്കൂള്‍കുട്ടികള്‍, റോഡരികിലെ ഭക്ഷ്യവില്‍പ്പനക്കാര്‍ എന്നിവരില്‍നിന്നു ശേഖരിച്ച കറന്‍സിനോട്ടുകളും നാണയങ്ങളുമാണ് പഠനവിധേയമാക്കിയത്. ആകെ 50 സാമ്പിളാണ് ശേഖരിച്ചത്. 25 നോട്ടും 25 നാണയവും. ഇതില്‍ 24 നോട്ടുകള്‍ രോഗാണുക്കളെ വഹിക്കുന്നവയായാണ് കണ്ടെത്തിയത്. നാണയങ്ങളില്‍ 21 എണ്ണവും. ഒന്നിലധികം ഇനത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ ഒരേ നോട്ടില്‍ വസിക്കുന്നതായും കണ്ടെത്തി. സ്റ്റഫൈലോകോക്കസ്, ക്ളെബിസിയെല്ല, ബാസിലസ്, ഇ.കോളൈ എന്നിവയായിരുന്നു ഇവയില്‍ പ്രധാനം. ഫംഗസുകളില്‍, ആസ്പര്‍ജില്ലസ്നൈഗര്‍ എന്ന ഇനത്തെയും.
വിവിധതരം രോഗങ്ങള്‍ക്കു കാരണമാവുന്നവയാണ് ഇവയെല്ലാം. മാത്രവുമല്ല, സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ഔഷധങ്ങളെ അതിജീവിക്കാനാവുംവിധം ഇവയെല്ലാം പ്രതിരോധശേഷ നേടിയതായും കണ്ടെത്തി. വിനിമയംചെയ്യുന്ന ഭൂരിഭാഗം കറന്‍സിനോട്ടിലും നാണയങ്ങളിലും, ഏതാണ്ട് 98 ശതമാനത്തോളം ഇത്തരത്തില്‍ 'രോഗവാഹരാ'വുന്നു എന്നാണ് പഠനം നല്കുന്ന സൂചന.
വൃത്തിഹീനമായ ചുറ്റുപാടില്‍ കറന്സിനോട്ടുകള് സൂക്ഷിക്കുന്നതും വിവിധതരത്തില്‍ മലിനീകരിക്കപ്പെട്ട കൈകള്‍ ഉപയോഗിച്ച് നോട്ടുകള്‍ കൈകാര്യംചെയ്യുന്നതുമാണ് രോഗാണുക്കള്‍ക്ക് അവയില്‍ താവളമൊരുക്കുന്നത്.
നോട്ടുകളില്‍നിന്ന് ഇവ മറ്റുമാര്‍ഗങ്ങളിലൂടെ രോഗത്തിന്റെ പകര്‍ച്ചയിലേക്കു നയിക്കുകയും ചെയ്യുന്നു. ഭക്ഷ്യശാലകളില്‍ ഭക്ഷണം പൊതിഞ്ഞുകൊടുക്കുന്നവര്‍, ഭക്ഷണം തയ്യാറാക്കുന്നവര്‍ തുടങ്ങിയവര്‍ അതേ കൈകള്‍കൊണ്ട് നോട്ടുകള്‍ സ്വീകരിക്കുന്നതും തിരിച്ചുകൊടുക്കുന്നതും അപകടത്തിനിടയാക്കുന്നു. വൃത്തിഹീനമായ വ്യക്തിജീവിതം നയിക്കുന്നവരും നോട്ടുകളിലേക്കും നാണയങ്ങളിലേക്കും രോഗാണുക്കളെ പടര്‍ത്തുന്നു. ശരീരദ്രവങ്ങളായ വിയര്‍പ്പ്, ഉമിനീര് മുതലായവയില്‍ കുതിരുന്ന നോട്ടുകള്‍ അതിലൂടെ രോഗാണുക്കളെയും സ്വന്തമാക്കുന്നു. നോട്ടിലും നാണയത്തിലും സ്പര്‍ശിച്ച കൈകള്‍ വൃത്തിയാക്കാതെ ഭക്ഷണംകഴിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു.
അത്യധികം അപകടകരമായ ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് കറന്‍സിനോട്ടുകളെ എത്തിക്കുന്നതില്‍ അവ നിര്‍മിക്കപ്പെട്ട അടിസ്ഥാനവസ്തുവിനും പ്രധാന പങ്കുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. നിലവില്‍ കടലാസ് അധിഷ്ഠിതമായാണ് ഇന്ത്യയില്‍ നോട്ടുകള്‍ നിര്‍മിക്കുന്നത്. ഇത് ഒരു ജൈവപദാര്‍ഥമായതിനാല്‍, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ക്ക് ഇതില്‍ വളരാനാവുന്നു. കാലപ്പഴക്കത്താല്‍ അടിഞ്ഞുകൂടുന്ന മറ്റ് 'അഴുക്കു'കള്‍, ഈര്‍പ്പം, ലവണാംശം എന്നിവ ചേര്‍ന്ന് നല്ലൊരു വളര്‍ച്ചാമാധ്യമവും ഇവയ്ക്കായി നോട്ടുകളില്‍ സൃഷ്ടിക്കപ്പെടുന്നു.
അതേസമയം, പ്ളാസ്റ്റിക്, മറ്റുതരം ബയോ പോളിമെറുകള്‍ എന്നിവയാല്‍ നിര്‍മിക്കപ്പെട്ട നോട്ടുകള്‍ ഇങ്ങനെ രോഗാണുവളര്‍ച്ച മാധ്യമങ്ങളായി മാറുന്നില്ലത്രെ. ഓസ്ട്രേലിയ, ബ്രിട്ടണ്, നെതര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, നൈജീരിയ, മെക്സിക്കോ, അമേരിക്ക, ബര്‍ക്കിനോ ഫാസോ, ചൈന എന്നീ രാജ്യങ്ങളിലെ കറന്‍സിനോട്ടുകളെ അധികരിച്ചു നടന്ന സമാന പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, പ്രതിരോധശേഷി തീരെ കുറവായവരില്‍ മാത്രമേ കറന്‍സിയിലൂടെയുള്ള രോഗാണുബാധ അപകടകരമാവൂ എന്നതാണ് ഗവേഷകര്‍ നല്കുന്ന സമാശ്വാസം.
കറന്‍സിനോട്ടിലെ രോഗാണുക്കള്‍
1. ആസ്പെര്‍ജില്ലസ് നൈഗര്‍ (Aspergillus niger)
2. സ്റ്റഫൈലോകോക്കസ് ഓറിയസ് (Staphylococcus aureus)
3. സ്റ്റഫൈലോകോക്കസ് എപ്പിഡെര്‍മിഡിസ് (S. epidermidus)
4. എന്ററോബാക്ടര്‍ അഗ്ളോമെറന്‍സ് (Enterobacter aglomerans)
5. എസ്ചെറൈസ്ചിയ കോളൈ (Escherschia coli )
6. ക്ളൈബ്സിയെല്ല (Klebsiella spp.)
7. ക്യൂറോബാക്ടര്‍ (Curobactor spp.)
8. സ്യൂഡോമോണാസ് (Pseudomonas spp.)
9. അസിനെറ്റോബാക്ടര്‍ (Acinetobactor spp.)
10. മൈക്രോകോക്കസ് (Micrococcus spp.)
11. സ്ട്രെപ്റ്റോകോക്കസ് (Streptococcus spp.)
12. ബാസിലസ് (Bacillus spp.)
പൊതുജനങ്ങള്‍ക്കുള്ള
സുരക്ഷാ നിര്‍ദേശങ്ങള്‍
1. നോട്ടുകള്‍ തുപ്പല്‍പുരട്ടി എണ്ണുന്ന ശീലം ഒഴിവാക്കുക.
2. ഭക്ഷ്യശാലകളില്‍ പണം കൈകാര്യംചെയ്യാനും പാചകത്തിനും വെവ്വേറെ ആള്‍ക്കാരെ നിയമിക്കുക.
3. ഒരാള്‍തന്നെ രണ്ടു കാര്യവും ചെയ്യുന്നപക്ഷം, ഭക്ഷ്യവസ്തുക്കളില്‍ തൊടുന്ന കൈവിരലുകള്‍, നോട്ടി•ല്‍ പതിയാതിരിക്കാന്‍ ശ്രദ്ധിക്കുക.
4. മുഷിഞ്ഞ നോട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ബാങ്കില്‍ സമര്‍പ്പിച്ച് മാറ്റിയെടുക്കുക.
5. വൃത്തിഹീനമായ ഇടങ്ങളില്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിക്കാതിരിക്കുക.
6. നോട്ടുകള്‍ ചുരുട്ടിമടക്കാതിരിക്കാനും അവയില്‍ അഴുക്കുപുരളാതിരിക്കാനും ശ്രദ്ധിക്കുക.
Source: www.ias.ac.in/currsci/25mar2011/822.pdf