Thursday, May 5, 2011

ഹൈന്ദവ ഗ്രന്ഥങ്ങളിലെ ശാസ്ത്രം

Image Courtesy: www.dougal.union.ic.ac.uk
ഭാരതീയര്‍ ആര്‍ജ്ജിച്ചിരുന്ന ശാസ്ത്രവിജ്ഞാനം ഗ്രന്ഥരൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടത് വളരെക്കാലങ്ങള്‍ക്ക് ശേഷമാണ്. അങ്ങനെ രേഖപ്പെടുത്തപ്പെട്ട എഴുത്തുകളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടമായിരിക്കുന്നു. ശാസ്ത്രസംബന്ധമായ എന്തിനും പാശ്ചാത്യലോകത്തെ ആശ്രയിക്കുന്ന നമ്മുടെ ശീലം നമ്മുടേതായ പലതും ഇത്തരത്തില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടാന്‍ കാരണമായിട്ടുണ്ടെന്നത് ദുഃഖകരമായ സത്യമാണ്. അതേസമയം, പാശ്ചാത്യരും വിദൂരപൌരസ്ത്യദേശക്കാരുമായ അനേകം സഞ്ചാരികളും പണ്ഡിതന്‍മാരും പുതിയ ശാസ്ത്രതത്വങ്ങളെ ലോകത്തിനു പരിചയപ്പെടുത്താനായി ഉപയോഗിച്ചത് പുരാതന ഭാരതത്തിലെ വിജ്ഞാനശേഖരത്തെയാണ്.
  
അതുപോലെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വസ്തുത, ഈ വിജ്ഞാന സമ്പത്ത് ദേശാന്തരീയമായി കടന്നുവന്ന, പരസ്പരമുള്ള 'കൊടുക്കല്‍ വാങ്ങലു'കളിലൂടെയാണ് സമ്പന്നമായത് എന്നതാണ്. ഈ സമ്പന്നത തുടര്‍ന്നുകൊണ്ടുപോവുന്നതിന് ആധുനികലോകം പരിശ്രമിക്കേണ്ടതുണ്ട്. സാഗരതുല്യമായ അറിവുശേഖരമാണ് ഭാരതീയമായ വേദഗ്രന്ഥങ്ങളിലുള്ളത്. അതിന്റെ തീരത്തുനിന്ന്, അല്പനേരത്തേക്കുള്ള ഒരു വിഹഗവീക്ഷണം നടത്തിയതില്‍നിന്നും ശേഖരിക്കാനായ ചിലമൊഴിമുത്തുകളും കൌതുകങ്ങളും മാത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്.
അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, വ്യാസമഹര്‍ഷിയാണ് 'വേദങ്ങള്‍' എന്നറിയപ്പെടുന്ന വിജ്ഞാനസൂക്തങ്ങളെ ക്രോഡീകരിക്കുകയും വിഭജിക്കുകയും ചെയ്തതെന്ന് കരുതപ്പെടുന്നു. നാല് വേദങ്ങളിലായിട്ടായിരുന്നു വിഭജനം. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം. ഋഗ്വേദത്തിന് 21 ശാഖകളാണ് ഉണ്ടായിരുന്നത്. പക്ഷേ, ഇതില്‍ രണ്ടെണ്ണം മാത്രമേ (ശകല, സംഖ്യയാന) ഇന്ന് ലഭ്യമായുള്ളൂ. യജുര്‍വേദത്തിന് 100 ശാഖകളുണ്ടായിരുന്നു. അതില്‍ 4 എണ്ണം മാത്രമേ(തൈത്തരീയ, മൈത്രയാനിയ, കന്‍വ, മദ്ധ്യാന്തിന) ഇന്നുള്ളൂ. സാമവേദത്തിന് 1000 ശാഖകളായിരുന്നു. ഇപ്പോഴുള്ളത് വെറും മൂന്നെണ്ണവും: രാനയാനിയ, ജൈമിനിയ, ഗൌതമ! അഥര്‍വവേദത്തിലെ 11 ശാഖകളില്‍ ശൌനക, പിപ്പലാദ എന്നിങ്ങനെ രണ്ടെണ്ണവും! അതായത് ആകെ 1131 ശാഖകള്‍ (recessions) ഉണ്ടായിരുന്നതില്‍, 1120 എണ്ണം നഷ്ടപ്പെട്ടിരിക്കുന്നു! കാലത്തിന്റെ അനിവാര്യതയാവാം ഇത്.

ശാസ്ത്രജ്ഞരായ മഹര്‍ഷിമാര്‍
വിക്രമാദിത്യചക്രവര്‍ത്തിയുടെ രാജസദസ്സിലെ പണ്ഡിതനായിരുന്ന വരാഹമിഹിരനായിരുന്നു മറ്റൊരു വാനനിരീക്ഷകന്‍. 'ബൃഹദ്സംഹിത' എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റെതാണ്. ഉജ്ജയിനിയായിരുന്നു ഇരുവരുടെയും പ്രവര്‍ത്തന മണ്ഡലം. അവിടെയായി ഒരു വാനനിരീക്ഷണശാലയും ഉണ്ടായിരുന്നു. രസതന്ത്രത്തിലെ വിദഗ്ദനായിരുന്നു രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നാഗാര്‍ജ്ജുനന്‍. പ്രധാനമായും തത്ത്വശാസ്ത്ര സംബന്ധമായ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ രോഗചികിത്സയും വിഷയങ്ങളായിരുന്നു.
'ആര്യഭടീയം' എഴുതിയ ആര്യഭടനാണ് ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്ന സിദ്ധാന്തം ഉന്നയിച്ചത്. അന്നത്തെ വിശ്വാസ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍.ശസ്ത്രക്രിയ നടത്താനുള്ള ഉപകരണങ്ങള്‍ സ്വയം നിര്‍മ്മിച്ചുകൊണ്ട് അത് നടപ്പിലാക്കിയ ആചാര്യനായിരുന്നു ശുശ്രുതന്‍. പദാര്‍ഥങ്ങളുടെ അടിസ്ഥാന നിര്‍മ്മാണഘടകം 'ആറ്റം' എന്ന് ഇന്ന് വിളിക്കപ്പെടുന്ന 'കണം' ആണെന്ന് പറഞ്ഞത് കണാദനാണ്. അനേകം പേര്‍ ഇങ്ങനെയുണ്ടെങ്കിലും സ്ഥലപരിതമിതിമൂലം അവരുടെയെല്ലാം സംഭാവനകള്‍ അനുസ്മരിക്കുക അസാധ്യമാവുന്നു.
'മഹര്‍ഷിമാര്‍' എന്നറിയപ്പെട്ടിരുന്ന ചിന്തകന്‍മാരായിരുന്നു ഭാരതീയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാസ്കരാചാര്യരാണ് ഒരുദാഹരണം. പേരുകേട്ട ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു ഇദ്ദേഹം. 'സിദ്ധാന്തശിരോമണി', കര്‍ണകുരൂഹലം' എന്നീ ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹമാണ് വാനനിരീക്ഷണത്തിന് ഗണിതശാസ്ത്രപരമായ അടിത്തറ രൂപപ്പെടുത്തിയത്. ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ നിയമം കണ്ടുപിടിക്കുന്നതിനും 500 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാസ്കരാചാര്യര്‍ അത് വിഭാവനം ചെയ്തിരുന്നു. ആധുനിക ശാസ്ത്രം ഇന്ന് കണ്ടെത്തിയിരിക്കുന്ന പലകാര്യങ്ങളും പുരാതന ഭാരതത്തിന്റെ പലഗ്രന്ഥങ്ങളിലും സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നുവെന്നത് അതിശയകരമാണ്.


Courtesy: Pictures in this blog are from Science in Sanskrit published by Samskritabharati, New Delhi.
Link: http://www.samskritabharati.org

This article by me, in original form was published in Nava-Sasthravicharam, April 2011, Special Issue. 
Link:
http://nava-sasthravicharam.com/