Friday, June 24, 2011

വംശനാശത്തിന്റെ ചിറകടികള്‍ ഇന്ത്യയിലും

ഇന്ത്യക്ക് ദേശീയപക്ഷി ഇല്ലാതിരുന്നകാലത്തെ കഥയാണ്. അങ്ങനെയൊരെണ്ണത്തെക്കുറിച്ച് സര്‍ക്കാരും ശാസ്ത്രസമൂഹവും ആലോചിക്കുന്ന സമയം. അഭിപ്രായം ആരാഞ്ഞുള്ള കത്ത് മറ്റു പലര്‍ക്കും കിട്ടിയ കൂട്ടത്തില്‍ പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഡോ. സാലിം അലിക്കും കിട്ടി. അന്ന് അതിനയച്ച മറുപടിയില്‍ അദ്ദേഹം നിര്‍ദേശിച്ചത് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്' എന്ന പക്ഷിയെയായിരുന്നു.

ലോകത്ത് ഇന്നുള്ള പറക്കാന്‍കഴിയുന്ന പക്ഷികളില്‍ ഭാരംകൂടിയ പക്ഷിയാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്'. വംശനാശഭീഷണിയാല്‍ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയും അന്നേ ഉണ്ടായിരുന്നു. പോരാത്തതിന് ഇന്ത്യയിലും പാകിസ്ഥാനിലുമായി പുല്‍മേടുകളെന്ന ഒരേതരം ജീവപരിസരത്തെ ആവാസമാക്കുന്ന ഒരേയൊരു പക്ഷി എന്ന സവിശേഷതയും. അത്തരത്തില്‍ അയല്‍സൌഹൃദത്തിന്റെ പ്രതീകമാവാനും അതിനു കഴിയുമായിരുന്നു. ഇതൊക്കെയും കണക്കിലെടുത്താണ് സാലിം അലി കത്തെഴുതിയത്.

പക്ഷേ, സാമാന്യജനത്തിന് പരിചയമില്ലാത്ത പേര് എന്ന നിലയ്ക്കാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'ന് ആ സ്ഥാനം പോയത്. 'പേരുകേട്ട' മയില്‍ ആ സ്ഥാനം കൈയടക്കുകയും ചെയ്തു. അന്ന് നേരിട്ട ദുര്യോഗം 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'നുള്ള വംശനാശഭീഷണി രൂക്ഷമായി തുടരാനും ഇടയാക്കി. ഇപ്പോഴിതാ, പേരിലെ അപ്രശസ്തിക്കു നല്‍കാവുന്ന ഏറ്റവും വലിയ വിലയും- വംശനാശം നേരിടുന്ന ജീവികളുടേതായി 2011ല്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഒന്നാമതായി ഈ പേര് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്'!

മുഗള്‍ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെപോലും പ്രത്യേക പരാമര്‍ശത്തിനു പാത്രമായ പക്ഷിയാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്'. ഡെക്കാന്‍ സമതലങ്ങളില്‍ ഒരുകാലത്ത് സുലഭമായിരുന്ന ഇതിനെ മറാത്തക്കാര്‍ 'ഹൂം' എന്നാണ് വിളിച്ചിരുന്നത്. ഇടിനാദംപോലെ പേടിപ്പെടുത്ത ശബ്ദമായിരുന്നു കാരണം. വേട്ടക്കാരെ ആക്രമിക്കുന്ന സ്വഭാവത്താലും ഇവ കുപ്രസിദ്ധിയാര്‍ജിച്ചിരുന്നു.
പെണ്‍പക്ഷികളെ മാത്രമായിരുന്നു സാധാരണ  വേട്ടക്കാര്‍ക്കു കിട്ടിയിരുന്ത്. കാട്ടില്‍ തീപടര്‍ത്തുമ്പോള്‍, പെണ്‍പക്ഷികള്‍ അവയുടെ കൂട്ടിലേക്ക് ഓടിയെത്തി
മുട്ടയെയും കുഞ്ഞുങ്ങളെയും ചിറകുകള്‍ കൊണ്ടു പൊതിഞ്ഞ് അനങ്ങാതിരിക്കുന്ന സ്വഭാവത്താലാണിത്. മധ്യപ്രദേശിലെ ഗാട്ടിഗാവോണ്‍, കാരിയ എന്നീ വന്യജീവിസങ്കേതങ്ങളിലാണ് ഇപ്പോള്‍ ഇവയെ കാണാവുന്നത്. കൃത്രിമ പുനരുല്‍പ്പാദന (Captive Breeding) ശ്രമങ്ങള്‍ക്ക് ഇതുവരെയും പരാജയമാണ് ഫലം.
                                                                                
അന്തര്‍ദേശീയ പ്രകൃതിസംരക്ഷണ സംഘടനയായ ഐയുസിഎന്‍ (ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്വറല്‍ റിസോഴ്സസ്) വംശനാശഭീഷണി നേരിടുന്ന ജീവികള്‍സംബന്ധമായി വര്‍ഷംതോറും പുതുക്കിനിശ്ചയിക്കുന്ന പട്ടികയിലാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്' ഉള്‍പ്പെട്ടിട്ടുള്ളത്. 'റെഡ് ഡാറ്റാ ബുക്' അഥവാ 'ചുവന്ന വിവരങ്ങളുടെ പട്ടിക' എന്നറിയപ്പെടുന്ന ഇതിലെ പക്ഷികളുടെ വിഭാഗമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
'വംശനാശഭീഷണിയുള്ളത്' (Endangered) എന്ന നിലയിലായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷമായി 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'ന്റെ നില. 2008-ലെ കണക്കെടുപ്പില്‍ ഇന്ത്യയിലും പാകിസ്ഥാനിലുമായി ഇവയുടെ എണ്ണം ആയിരത്തില്‍താഴെയാണ്. അടുത്തിടെ നടന്ന നിരീക്ഷണത്തില്‍ അത് 250നു താഴേക്കു പോയതായി കണ്ടെത്തി. ഇതുകാരണമാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്' ഇതാദ്യമായി 'തീവ്രമായ വംശനാശഭീഷണി നേരിടുന്നത്' (Critically Endangered) എന്ന വിഭാഗത്തിലേക്കു മാറിയത്.

ഇന്ത്യയിലെ പക്ഷിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നിഷ്ക്രിയമായി ഏട്ടിലുറങ്ങുന്നു എന്ന സൂചനയാണ് ഇതു നല്‍കുന്നതെന്നാണ് പക്ഷിസ്നേഹികളും പക്ഷിസംരക്ഷണപ്രവര്‍ത്തകരും പറയുന്നത്. അതേസമയം യൂറോപ്പ്, അമേരിക്ക, മധ്യപൂര്‍വമേഖലയിലെരാജ്യങ്ങള്‍എന്നിവിടങ്ങളില്‍വംശനാശപ്പട്ടികയിലായിരുന്ന പല പക്ഷികളും വംശനാശഭീഷണിയില്ലാത്തവയുടെ കൂട്ടത്തിലേക്കു വന്നുചേര്‍ന്നിട്ടുമുണ്ട്. പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ ഇന്ത്യയുടെ കെടുകാര്യസ്ഥതയാണ് ഇതു വിളിച്ചോതുന്നത്.
ട്രോപ്പിക്കല്‍ കാലാവസ്ഥാ മേഖലയില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ സവിശേഷമായ ആവാസപശ്ചാത്തലങ്ങളാല്‍ ശ്രദ്ധേയമായവയാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡു'പോലെയുള്ള പക്ഷികളുടെ ജീവപരിസരങ്ങളായ പുല്‍മേടുകള്‍. വാര്‍ഷികവര്‍ഷപാതം കുറവും നീര്‍വാഴ്ച കൂടുതലുള്ളതുമായ മേഖലകളിലാണ് ഈ പുല്‍മേടുകളുടെ സ്ഥാനം. കുറ്റിക്കാടുകള്‍ അവിടവിടെയായും അവയ്ക്കിടയില്‍ ഉയരത്തില്‍ വളരുന്ന പുല്ലുകളും നന്നേ അപൂര്‍വമായി മരങ്ങളും എന്നതാണ് ഇവിടത്തെ പ്രകൃതിയുടെ നില.

ഇതില്‍ ആദ്യം നശിപ്പിക്കപ്പെട്ടത് കാടുകളാണ്. അവ കൃഷിയിടങ്ങളായി. ബാക്കിഭാഗം തരിശായി കിടക്കുകയോ ജനവാസകേന്ദ്രങ്ങളായി മാറ്റപ്പെടുകയോ ചെയ്തു. ഇതൊക്കെയും ഇവിടുത്തെ ജീവികളുടെ നിലനില്‍പ്പിനു ഭീഷണിയായി. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടകം എന്നിവിടങ്ങളില്‍ ഇതാണ് സംഭവിച്ചത്. ജലസേചനത്തിനായി, നടപ്പാക്കിയ വമ്പിച്ച കനാല്‍പദ്ധതികളും പരിസ്ഥിതിയെ ആഴത്തില്‍ മുറിച്ചുകൊണ്ടാണ്കടന്നെത്തിയത്.
രാജസ്ഥാനിലും മറ്റും മറ്റൊരുതരത്തിലാണ് വംശനാശാക്രമണം നടത്തിയത്. 'സാമൂഹ്യ വനവല്‍ക്കരണപദ്ധതിയുടെ ഭാഗമായി വച്ചുപിടിപ്പിച്ച യൂക്കാലിപോലുള്ള മരങ്ങള്‍ മണ്ണിലെ ജലാംശത്തെ പാടെ വലിച്ചൂറ്റി വരണ്ടതാക്കി. ഇത് പുല്‍മേടുകള്‍ നശിക്കുന്നതിനു കാരണമായി. സ്വഭാവിക ആവാസം നഷ്ടപ്പെട്ട പക്ഷികളുള്‍പ്പെടെയുള്ള ജീവികള്‍ പാകിസ്ഥാന്‍പോലെ സമാന ഭൂപ്രകൃതിയുള്ള ഇടങ്ങളിലേക്കു ചേക്കേറാന്‍ നിര്‍ബന്ധിതമായി. അതിനാല്‍ 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'ന്റെ വംശനാശം പാഠമായാണ് പ്രകൃതിസംരക്ഷകര്‍ വിലയിരുത്തുന്നത്. ദീര്‍ഘവീക്ഷണമില്ലാതെ, പ്രകൃതിസംരക്ഷണം, വനവല്‍ക്കരണം എന്നീ പേരുകളില്‍ നടത്തുന്ന പദ്ധതികള്‍ എത്രത്തോളം ദോഷകരമാവാം എന്നതാണത്.