Friday, September 16, 2011

സെപ്തംബര്‍ 16 ലോക ഓസോണ്‍ദിനം

                                                                                   
1930-കളില്‍, ശീതീകരണികളില്‍ ഉപയോഗിച്ചിരുന്ന അമോണിയപോലുള്ള വിഷവാതകങ്ങള്‍ക്കുപകരമയാണ്  'ക്ളോറോ-ഫ്ളൂറോ കാര്‍ബണുകള്‍'  അരങ്ങിലെത്തിയത്. ആരോഗ്യത്തിന് ഹാനികരമല്ല എന്ന വെളിപ്പെടുത്തല്‍ അവയ്ക്ക് കൂടുതല്‍ ഉപയോഗങ്ങള്‍ നല്‍കി. അങ്ങനെയാണ് അവര്‍ എയര്‍കണ്ടീഷനറുകളിലേക്കും സ്പ്രേകളിലേക്കും ഒരു ചേരുവയായി കടന്നത്. അപ്രതീക്ഷിതമായാണ് അപകടരഹിതമെന്നു കരുതപ്പെട്ട 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കള്‍ ഭൂമിയിലെ ജീവന് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്ന ഒന്നായി തിരിച്ചറിയപ്പെട്ടത്.

                                                                               
ഷെറി റോലന്‍ഡ്, മാറിയോ മോലിന എന്നീ രണ്ടു ഗവേഷകരാണ്, 1974ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണപ്രബന്ധത്തിലൂടെ, ഓസോണ്‍പാളിയെ കാര്‍ന്നുതിന്നുന്നവയാണ് 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കളെന്ന സത്യം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഈ വെളിപ്പെടുത്തലിന്റെ 35-ാം വാര്‍ഷികത്തില്‍ കടന്നുവരുന്ന ഓസോണ്‍ദിനമെന്ന സവിശേഷതയും 2011-ലേതിനുണ്ട്. അതേസമയം, മൂന്നുദശാബ്ദത്തിലേറെ പിന്നിട്ടിട്ടും 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കളുടെ ഉല്‍പ്പാദനവും ഉപഭോഗവും തെല്ലും കുറവുചെയ്യാന്‍ വികസിതരാജ്യങ്ങള്‍ തയ്യാറായിരുന്നില്ല എന്നതാണ് ഏറെ വിചിത്രം.

അതിനുപകരമായി അവര്‍ ചെയ്തത് ക്ളോറോ-ഫ്ളൂറോ കാര്‍ബണുകള്‍ക്കു ബദലായി മറ്റൊരുതരം രാസപദാര്‍ഥത്തെ കണ്ടെത്തുകയായിരുന്നു. അവയാണ് HCFC എന്ന ചുരുക്കപ്പേരിലറിയുന്ന "ഹൈഡ്രോ ക്ളോറോ-ഫ്ളൂറോ-കാര്‍ബണുകള്‍' (Hydro-Fluro Carbons-HCFC). എന്നാല്‍ നേരത്തെയുള്ളവയെക്കാള്‍ ഒരപകടം കൂടുതലായി ക്ഷണിച്ചുവരുത്തുന്നതായിരുന്നു ഇവ. അതായത് ആഗോളതാപനത്തിന് ആക്കംകൂട്ടല്‍. ഓസോണ്‍പാളിയെ നശിപ്പിക്കുക മാത്രമല്ല, 'ഹരിതഗൃഹവാതക' (Greenhouse Gases) ങ്ങളായി പ്രവര്‍ത്തിക്കുന്നതിലൂടെ ഭൌമാന്തരീക്ഷത്തിന്റെ ചൂടേറ്റുവാനും ലോക കാലാവസ്ഥയുടെ താളംതെറ്റിക്കാനും ഇവയ്ക്കു കഴിയുമെന്നു ചുരുക്കം. ഈ അപകടത്തിന്റെ പരസ്യപ്പെടുത്തല്‍കൂടിയാണ് നാളത്തെ ഓസോണ്‍ദിനം.
                                                                                      
"ഹൈഡ്രോ-ഫ്ളൂറോ-കാര്‍ബണുകള്‍' അവയുടെ മുന്‍ഗാമികളായ 'ക്ളോറോ-ഫ്ളൂറോ-കാര്‍ബണുക'ളെക്കാള്‍ കൂടുതല്‍ അപകടകാരികളാണെന്ന തിരിച്ചറിവ്, ഏറെ വൈകിയാണെങ്കിലും എത്തിച്ചേര്‍ന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയുടെ ഓര്‍മപുതുക്കലാണ് ഈ ദിനം. 'മോണ്ട്റിയല്‍ പ്രോട്ടോകോള്‍' എന്നറിയപ്പെടുന്ന ഈ ഉടമ്പടി 1987 സെപ്തംബര്‍ 16നാണ് ഒപ്പുവച്ചത്. 43 രാജ്യങ്ങള്‍ ഒപ്പുവച്ച ധാരണപത്രം, രണ്ട് കാലാവധികളാണ് നിശ്ചയിച്ചിരുന്നത്. 'ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ക്കായി 2000വും 'ഹൈഡ്രോ-ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ക്കായി 2040ഉം. രണ്ടിന്റെയും ഉല്‍പ്പാദനവും ഉപഭോഗവും സമയബന്ധിതമായി നിര്‍ത്തണമെന്നായിരുന്നു നിര്‍ദേശം.
                                                                                   
ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ 'യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാ' (UNEP) മിനു കീഴിലായിരുന്നു ഇതിനായുള്ള രാജ്യാന്തര നടപടികള്‍ക്കും മേല്‍നോട്ടത്തിനും രൂപരേഖയായത്. അതില്‍ ആദ്യത്തേതിന്റെ കാലാവധി 2000ത്തില്‍ അവസാനിച്ചപ്പോഴും നിര്‍ദേശങ്ങളില്‍ പലതും കടലാസില്‍ ഉറങ്ങുകയായിരുന്നു. എന്നാല്‍ ചില രാജ്യങ്ങള്‍ കരാര്‍ അനുസരിച്ച് പെരുമാറിയതിന്റെ ഗുണഫലങ്ങള്‍ 2010ല്‍ അല്‍പ്പം പ്രകടമാവുകയുണ്ടായി; ഓസോണ്‍പാളിയിലെ വിള്ളലിന്റെ വിസ്തൃതി പ്രകടമായതരത്തില്‍ ചുരുങ്ങിയതായ കണ്ടെത്തലിലൂടെ. ഈ നല്ല തുടക്കത്തെ ഒരു തുടര്‍ച്ചയായി കാണുകയും അതിനായി പ്രവര്‍ത്തിക്കുകയുമാണ്  ഈ വര്‍ഷത്തെ ഓസോണ്‍ദിനം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യത്തിലും പ്രതിഫലിക്കുന്നത്. "HCFC phase-out: a unique opportunity".
ഓസോണ്‍പാളിയുടെ നാശംമൂലം ഭൌമാന്തരീക്ഷത്തിലേക്കെത്തുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ അമിതസാന്നിധ്യം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ (വിവിധതരം ത്വക്ക്-കാന്‍സറുകള്‍), 'ഹൈഡ്രോ-ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ കാരണം ഉണ്ടാകുന്ന ആഗോളതാപനത്തിന്റെ കെടുതികള്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം എങ്ങനെ ഏറ്റവും എളുപ്പത്തില്‍ നടത്താമെന്ന് ഏതൊരാള്‍ക്കും നിര്‍ദേശിക്കാം. തെരഞ്ഞെടുക്കുന്ന നിര്‍ദേശങ്ങളും പ്രചാരണോപാധികളും UNEP-യുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. അതിനായി സന്ദര്‍ശിക്കേണ്ടത്: http://ozone.unep.org