
പയറുവര്‍ഗ്ഗസസ്യകുടുംബത്തില്‍പ്പെടുന്ന വനവൃക്ഷമായ കണിക്കൊന്ന (Cassia fistula) വര്‍ഷത്തില്‍ രണ്ടുതവണ പൂക്കാറുണ്ട്. മാര്‍ച്ച്-ഏപ്രിലിലാണ് ഒന്നാമത്തെ പൂക്കാലം. രണ്ടാമത്തേത് ഒക്‌ടോബറിലും. ചില സ്ഥലങ്ങളില്‍ വര്‍ഷം മുഴുവനും പൂവിടുന്നതായി പറയാറുണ്ടെങ്കിലും കണിക്കൊന്നയുടെ ഏറ്റവും സമൃദ്ധമായ പൂക്കാലം വിഷുക്കാലത്താണ്. ഇലകളെ നാമമാത്രമായി ശേഷിപ്പിച്ചുകൊണ്ട് പൂങ്കുലകള്‍ തിങ്ങിനിറയുന്ന പൂരമായി കണിക്കൊന്ന മാറുന്നതും മീനച്ചൂടിന്റെ കാലത്തുതന്നെ. പുഷ്‌പിക്കലിനെ സംബന്ധിക്കുന്ന കാലനിബദ്ധസിദ്ധാന്തങ്ങള്‍ക്കു വിരുദ്ധമായ കണിക്കൊന്നയുടെ ഈ സവിശേഷത, വേനലിനെതിരെയുള്ള അതിജീവനതന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. സൂര്യതാപം, ജലലഭ്യത, ലവണാംശം എന്നിവയാണ് സസ്യവളര്‍ച്ചയെ സ്വാധീനിക്കുന്ന പ്രധാന പാരിസ്ഥിതിക ഘടകങ്ങള്‍ ദൈനംദിന ജീവപ്രവര്‍ത്തനങ്ങളില്‍പ്പോലും ഒരു ചെടിയെ സമഗ്രമായി സ്വാധീനിക്കുന്ന ഘടകങ്ങളാണിവ.
ഇലയില്‍നിന്ന് പൂവിലേക്കുള്ള ഈ മാറ്റം പ്രത്യക്ഷമായി ലളിതമെന്നു തോന്നാമെങ്കിലും ഇതിനനുബന്ധമായി ഉടലെടുക്കുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. പ്രകാശസംശ്ലേഷണം നടത്തുന്നതുവഴി ചെടികളെ ജീവപരമായി നിലനിറുത്തുന്ന ആഹാരോല്‍പാദനകേന്ദ്രങ്ങളാണ് ഇലകള്‍. ഇവയിലുള്ള ഹരിതകമാണ് സൗരോര്‍ജ്ജത്തെ അണുബന്ധഊര്‍ജ്ജമായി സംഭരിച്ച് അന്നജത്തില്‍ നിറച്ചുവെക്കുന്നത്. പൂക്കളിലെ ദളങ്ങളും ഇതരഭാഗങ്ങളും ഇലകളില്‍നിന്ന് രൂപമാര്‍ജിക്കുന്നവയാണെങ്കിലും അവയില്‍ ഹരിതകത്തിന്റെ അളവ് തീരെ കുറവാണ്. അധികമായുള്ള കരോട്ടിനോയ്‌ഡ് വര്‍ണവസ്‌തുക്കള്‍ക്ക് സൗരോര്‍ജ്ജത്തെ സ്വീകരിക്കാനാവുമെങ്കിലും ഉപയോഗിക്കാന്‍ കഴിയില്ല. മണ്ണിലെ ജലാംശവും കുറവായിരിക്കുന്ന വേനല്‍ക്കാലത്ത് തുച്ഛമായ ഇലകളും അല്‍പമായ സംഭൃതാഹാരവുമായി മുന്നോട്ടുപോവുക അസാധ്യമാണ്. പക്ഷേ ഇവിടെയാണ് രസപരമായ ചില കരുനീക്കങ്ങളിലൂടെ കണിക്കൊന്ന സ്വയരക്ഷ ഉറപ്പുവരുത്തുന്നത്.
സമൃദ്ധമായി വിടരുന്ന കണിപ്പൂവുകള്‍ക്ക് നിറം പകരാന്‍ കരോട്ടീനോയ്‌ഡുകല്‍ ഏറെയുണ്ടാവണം. ജൈവരസതന്ത്രപരമായി `ടെര്‍പിനോയ്‌ഡുകള്‍' (Terpenoids) എന്ന വിഭാഗത്തില്‍പ്പെടുന്ന കരോട്ടീനോയ്‌ഡുകള്‍ക്ക് സങ്കീര്‍ണമായ രാസഘടനയാണുള്ളത്. ജെറാനൈല്‍ ജെറാനൈല്‍ പൈറോഫോസ്‌ഫേറ്റ് എന്ന് പേര്‍വിളിക്കുന്ന രണ്ട് തന്മാത്രകള്‍ പരസ്‌പരം ചേരുന്നതില്‍നിന്നാണ് ഇവ ജന്മമെടുക്കുന്നത്. പൂവുകള്‍ക്കും കായ്‌കള്‍ക്കും വിവിധനിറങ്ങള്‍ പകരാന്‍ കഴിയുന്ന ഏതാണ്ട് അറുന്നൂറോളം വര്‍ണവസ്‌തുക്കള്‍ കരോട്ടീനോയ്‌ഡുകളായുണ്ട്. ഇവയില്‍ കാര്‍ബണും ഹൈഡ്രജനും മാത്രമടങ്ങുന്നവ കരോട്ടിനുകളെന്നും ഓക്‌സിജന്‍ ഗ്രൂപ്പുകള്‍ പ്രത്യേകമായുള്ളവയെ സന്തോഫില്ലു കളെന്നുമാണ് സാധാരണയായി അറിയപ്പെടുന്നത്.
കണിക്കൊന്നയുടെ പൂക്കളില്‍ കാണുന്ന മറ്റൊരു വര്‍ണവസ്‌തുവാണ് ആന്തോസയാനിന്‍. ഇതിന്റെ സാന്നിധ്യമാണ് കണിപ്പൂകളുടെ മഞ്ഞനിറത്തിന് സ്വര്‍ണതുല്യമായ ചാരുത നല്‍കുന്നത്. ജലത്തില്‍ ലയിക്കാനാവുന്ന ഇവയെ കോശങ്ങള്‍ക്കുള്ളിലെ ഫേനങ്ങള്‍ (Vacuoles) എന്ന അറകള്‍ക്കുള്ളിലാണ് നിറച്ചുവെച്ചിരിക്കുന്നത്. ഘടനാപരമായി ഫ്‌ളാവനോയ്‌ഡുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ആന്തോസയാനിന് കരോട്ടീനുമായി ചേര്‍ന്നുകൊണ്ട് ഉജ്വലമായ ചായക്കൂട്ടുകള്‍ തീര്‍ക്കാനാവും. അതിസങ്കീര്‍ണമായ രാസമാറ്റങ്ങളുള്‍ക്കൊള്ളുന്ന ഷിക്‌മിക് ആസിഡ് പ്രക്രിയയിലൂടെയാണ് ആന്തോസയാനിനുകള്‍ സൃഷ്‌ടിക്കപ്പെടുന്നത്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് വികിരണങ്ങളാണ് ആന്തോസയാനിനുകളുടെ നിര്‍മിതിക്ക് കാരണമാവുന്നത്. ഈ വികിരണങ്ങളുടെ ദോഷവശങ്ങളില്‍ നിന്ന് സസ്യത്തെ മൊത്തമായി സംരക്ഷിക്കുന്ന ഇവ മറ്റൊരു പ്രധാനധര്‍മവും നിര്‍വഹിക്കുന്നുണ്ട്. പ്രകാശസംശ്ലേഷണത്തിലൂടെ ഇലകളിലുണ്ടാവുന്ന ഗ്ലൂക്കോസ് തുടങ്ങിയ ലേയപഞ്ചസാരകളെ സംയോജിതതന്മാത്രകളാക്കി ഫേനങ്ങളിലൊളിപ്പിക്കുന്നതാണത്. ഗ്ലൂക്കോസിന്റെയും മറ്റും തനതുരൂപത്തിലുള്ള സാന്നിധ്യം ഇലകളിലെ സുഷിരങ്ങള്‍ തുറന്നുവെയ്‌ക്കാനും അതുവഴി ജലം നഷ്‌ടപ്പെടാനും ഇടയാക്കും എന്നതിനാലാണിത്.
ചുരുക്കത്തില്‍ എണ്ണമറ്റ രാസസംയുക്തങ്ങള്‍ സമഞ്‌ജസമായിത്തീര്‍ക്കുന്ന വര്‍ണോല്‍സവമാണ് ഓരോ കണിക്കാഴ്‌ചയും. പ്രകൃതിയുടെ പ്രചണ്‌ഡതയ്‌ക്കുമുമ്പില്‍ ഒരു ചെടി സ്വയം തീര്‍ത്തുവെക്കുന്ന പ്രതിരോധത്തിന്റെ പടയണിയുമാണ് ഓരോ കണിപ്പൂവും. സ്വര്‍ണം ചാര്‍ത്തിയ ഒരു പുസ്‌തകവും ഒരു പിടി കൊന്നപ്പൂവും കണിയായൊരുക്കിയ നമ്മുടെ പൂര്‍വികര്‍ പറയാതെ പറയുന്നതും അതുതന്നെയാവണം. നല്ലൊരു നാളെയിലേക്ക്, പുതിയ പ്രഭാതത്തിലേക്ക്, കരുത്തോടെ.