ഏപ്രില്‍ 15 വീണ്ടുമെത്തുകയാണ്. ലോകം എന്നുമോര്‍ക്കുന്ന ടൈറ്റാനിക് ദുരന്തത്തിന്റെ ഓര്‍മയുമായി. മഞ്ഞുകട്ടയുടെ രൂപമാര്‍ജിച്ചു നിന്ന മരണത്തിനു കീഴടങ്ങി ആയിരത്തഞ്ഞൂറിലേറെ ജീവിതങ്ങളുമായി ആഴിയുടെ അഗാധതയിലേക്ക് ടൈറ്റാനിക് വിടവാങ്ങിയത് 1912 ലെ ഈ ദിവസമായിരുന്നു. ഒരു നൂറ്റാണ്ടിന്റെ പഴമയ്‌ക്ക് ഇനിയും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന ഒരു ചരിത്രസ്‌മാരകമായി അറ്റ്‌ലാന്റിക്കിനു താഴെ ഇന്നും നിലനിന്നുകൊണ്ട് ടൈറ്റാനിക് ആ കഥ തുടരുകയാണ്. ഏപ്രില്‍ 15 ന് യൂറോപ്പിലെവിടെയും ടൈറ്റാനിക്കിന്റെ ദുഃഖസ്‌മൃതികളുമായി ആയിരങ്ങള്‍ ഒത്തുചേരും.
`ഒരിക്കലും മുങ്ങാത്ത കപ്പല്‍' എന്ന് നിര്‍മാതാക്കള്‍ നല്‍കിയ വിശേഷണവുമായി യാത്ര തിരിച്ചെന്നും അതിനു വിപരീതമായി യാത്ര തിരിച്ചെന്നും അതിനു വിപരീതമായി കന്നിയാത്രയില്‍തന്നെ സ്വയമൊടുങ്ങിയെന്നതുമാണ് ടൈറ്റാനിക്കിനെ സംബന്ധിക്കുന്ന ഏറ്റവും പ്രശസ്‌തമായ കേട്ടുകേള്‍വി. ടൈറ്റാനിക്കിന്റെ നിര്‍മ്മാതാക്കളായ `വൈറ്റ് സ്റ്റാര്‍' കമ്പനിയെപ്പോലും ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും പിന്‍തുടരുന്ന മറ്റൊരു അപഖ്യാതിയില്ല. ബെല്‍ഫാസ്റ്റിലെ ഹാര്‍ലന്‍ഡ് ആന്‍ഡ് വോള്‍ഫ് ഷിപ്യാര്‍ഡില്‍ നിര്‍മ്മിക്കപ്പെട്ട ആര്‍ എം എസ് ടൈറ്റാനിക് അക്കാലത്തെ ഏറ്റവും വലിയ കപ്പലായിരുന്നുവെങ്കിലും സാങ്കേതികമായി അതൊരു കാലഹരണപ്പെട്ട മാതൃകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മുന്നില്‍ക്കണ്ട മഞ്ഞുകട്ടയിലിടിക്കാതിരിക്കാന്‍ തക്കവണ്ണം പെട്ടെന്ന് ഗതിമാറ്റാന്‍ ടൈറ്റാനിക്കിന് കഴിയാതിരുന്നത് സമകാലീനമായിരുന്ന ചെറിയ യന്ത്രസംവിധാനം (Counter and Rudder System) ആയിരുന്നുവെന്ന കാര്യം പിന്നീടാണ് വെളിപ്പെടുത്തപ്പെട്ടത്.

അമിതവേഗമായിരുന്നു ടൈറ്റാനിക്കിനെ ദുരന്തത്തിലേക്കു നയിച്ചത് എന്നതായിരുന്നു ടൈറ്റാനിക്കിനെ സംബന്ധിച്ച് ഏറെക്കാലം നിലനിന്ന മറ്റൊരു കെട്ടുകഥ. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് അറ്റ്‌ലാന്റിക് മുറിച്ചുകടക്കുന്ന ഏറ്റവും വലിയ കപ്പല്‍ എന്ന റെക്കോഡ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ടൈറ്റാനിക് അപകടത്തില്‍പ്പെട്ടത് എന്നതായിരുന്നു വിലയിരുത്തല്‍. ന്യൂഫൗണ്ട് ലാന്‍ഡ് എന്ന ദ്വീപിനു തെക്കുകിഴക്കായി നിലയുറപ്പിച്ചിരുന്ന കൂറ്റന്‍ മഞ്ഞുകട്ടയിലിടിക്കുന്ന നിമിഷംവരെയും ടൈറ്റാനിക്കിലെ എല്ലാ ആവി എന്‍ജിനുകളും ഒരുമിച്ച് പ്രവര്‍ത്തിക്കപ്പെട്ടിരുന്നില്ല. ഒരു റെക്കോഡ് ലക്ഷ്യവുമായി അവ ഒന്നിച്ച് പ്രവര്‍ത്തിക്കപ്പെട്ടിരുന്നെങ്കില്‍പോലും 21 നോട്ടിക്കല്‍ മൈലിനുമപ്പുറമുള്ള വേഗമാര്‍ജിക്കാന്‍ ടൈറ്റാനിക്കിന് കഴിയുമായിരുന്നുമില്ല.
വേഗം ഒരു മല്‍സരലക്ഷ്യവുമായി ടൈറ്റാനിക് നിര്‍മാതാക്കാളായ വൈറ്റ് സ്റ്റാര്‍കമ്പനിക്കു മുന്നിലുണ്ടാകാതിരിക്കാന്‍ മറ്റൊരു കാരണവുമുണ്ടായിരുന്നു. 1899 ല്‍ ഇക്കാര്യത്തില്‍ അക്കാലത്തുള്ള മറ്റൊരു പ്രധാന കപ്പല്‍നിര്‍മാണകമ്പനി The Cunarders) യുമായി മല്‍സരിച്ചുകൊണ്ട് വൈറ്റ് സ്റ്റാര്‍ പുറത്തിറക്കിയ `ഒളിമ്പിക്' ഭാരിച്ച സാമ്പത്തികബാധ്യത എന്നതൊഴികെ ഒരു പരാജയമായിരുന്നു. അതുകൊണ്ടു തന്നെ താരതമ്യേന ചെലവ് കുറഞ്ഞതും ശക്തി കുറഞ്ഞതുമായ ആവിയന്ത്രങ്ങളാണ് ടൈറ്റാനിക്കിനായി നിശ്ചയിക്കപ്പെട്ടത്.

ചെറിയ സാങ്കേതികപ്പിഴവുകള്‍ വലിയ ദുരന്തങ്ങള്‍ക്കു കാരണമാവുന്നതിനുള്ള ആദ്യ ഉദാഹരണമായിരുന്നു ടൈറ്റാനിക്. ഡോ. റോബര്‍ട്ട് ബെല്ലാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം 1985 ല്‍ അറ്റ്‌ലാന്റിക്കിനിടയില്‍ അത് കണ്ടെത്താനിടയാക്കിയ ശ്രമങ്ങള്‍ക്കും ഒരടിസ്ഥാനം കപ്പല്‍ സാങ്കേതികതയില്‍ വന്നു പോയേക്കാവുന്ന അത്തരം പിഴവുകളെക്കുറിച്ചുള്ള ശ്രദ്ധയും പഠനവുമായിരുന്നു. 1987 ല്‍ തുടങ്ങി ആറു പര്യവേക്ഷണദൗത്യങ്ങള്‍ നാളിതുവരെയായി ടൈറ്റാനിക് ലക്ഷ്യമായി നടത്തപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ ഗവേഷണസ്ഥാപനമായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റമോസ്‌ഫെറിക് അഡ്‌മിനിസ്‌ട്രേഷന്‍ 2004 മെയ് 27 മുതല്‍ ജൂണ്‍ 12 വരെ നടത്തിയ ഗവേഷണങ്ങളായിരുന്നു ഇവയില്‍ ഒടുവിലത്തേത്.