ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്ന രീതിക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. പുതിയ തീരങ്ങള്‍ തേടി യൂറോപ്പുകാര്‍ കപ്പല്‍യാത്രകള്‍ നടത്തിയിരുന്ന കാലംമുതല്ക്കേ അതിനും തുടക്കമായി. ആദ്യകാലങ്ങളില്‍ ചുഴലിക്കാറ്റുകള്‍ പുണ്യാളന്മാരുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഇതിനു മാറ്റമുണ്ടായത്. കാലാവസ്ഥാ ശാസ്ത്രജ്ഞനായ ക്ലെമെന്റ് ലിന്‍ഡ്ലി വ്രാഗ് (Clement Lindley Wragg) ആണ് വ്യക്തികളുടെ പേര് കാറ്റുകള്‍ക്ക് നല്കിത്തുടങ്ങിയത്.

രണ്ടാം ലോകമഹായുദ്ധകാലത്താണ്, ചുഴലിക്കാറ്റുകളുടെ പേരുകള്‍ വ്യക്തമായി വിനിമയംചെയ്യുന്നതിലെ പ്രാധാന്യം മനസ്സിലാക്കപ്പെട്ടത്. വാര്‍ത്താവിനിമയബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതിലൂടെ ചുഴലിക്കാറ്റുകളുടെ വരവും സംഹാരപാതയും പ്രവചിക്കാമെന്നായതും പേരിടലിന്റെ പ്രസക്തി വര്‍ധിപ്പിച്ചു. കപ്പലുകളെ സാധാരണയായി ഇംഗ്ലീഷുകാര്‍ `സ്ത്രീലിംഗ'മായാണ് പ്രയോഗിച്ചിരുന്നത്. അതിനാല്‍ ചുഴലിക്കാറ്റുകളും പെണ്‍പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1979ല്‍ ലോക കാലാവസ്ഥാ സംഘടന(World Meteorological Organisation) യാണ് ഈ കീഴ്വഴക്കത്തിനു മാറ്റംവരുത്തി, ആണ്‍പേരുകളും പെണ്‍പേരുകളും ഇടകലര്‍ത്തി ഉപയോഗിച്ചുതുടങ്ങിയത്.

ചുഴലിക്കാറ്റുകളുടെ പേരിടല്‍ സംബന്ധിച്ച ഏറ്റവും ശ്രദ്ധേയമായ വസ്തുത ഉറവിടത്തെ അടിസ്ഥാനമാക്കിയല്ല, ഏതു ഭൂമേഖലയെയാണോ അതു ബാധിക്കുന്നത്, അവിടുത്തെ ഔദ്യോഗിക സംവിധാനമാണ് അതിനു പേരു നല്‍കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍, ലോക കാലാവസ്ഥാ സംഘടനയ്ക്കു കീഴില്‍ മേഖലാധിഷ്ഠിത പേരിടല്‍ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടൈഫൂണ്‍ കമ്മിറ്റി, പാനല്‍ ഓണ്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍സ്, ട്രോപ്പിക്കല്‍ സൈക്ലോണ്‍ കമ്മിറ്റി, ഹരികേയ്ന്‍ കമ്മിറ്റി, എന്നിവയാണവ. ഇതിന് ഉപസമിതികളുമുണ്ട്.

ഇതില്‍ പാനല്‍ ഓണ്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍സിന്റെ 27-ാം സമ്മേളന ( ഒമാന്‍ 2000)ത്തിലെ തീരുമാനപ്രകാരമാണ് ബംഗാള്‍ ഉള്‍ക്കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റുകളുടെ പേരിടല്‍ സംബന്ധിച്ച് ഔദ്യോഗിക തീരുമാനമായത്. ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാന്മര്, ഒമാന്‍, പാകിസ്ഥാന്, ശ്രീലങ്ക, തായ്ലന്ഡ് എന്നിവയായിരുന്നു പാനലിലെ അംഗരാജ്യങ്ങള്‍. 2004 സെപ്തംബര്‍മുതലാണ് ഈ പട്ടിക അടിസ്ഥാനമാക്കി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരിട്ടു തുടങ്ങിയത്. പട്ടികയിലെ പേരുകള്‍ തീര്‍ന്നുപോയാല്‍, പുതിയവ കൂട്ടിച്ചേര്‍ക്കുകയോ തുടക്കംമുതല്‍ പഴയ പേരുകള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുകയോ ചെയ്യും. എന്നാല്‍ വന്‍കിട നാശനഷ്ടങ്ങള്‍ വരുത്തുന്ന ചുഴലിക്കാറ്റുകളെ `വിരമിച്ച'തായി കണക്കാക്കുകയാണ് പതിവ്. ഇവയുടെ പേരുകള്‍ പിന്നീട് ആവര്‍ത്തിക്കില്ല.

അടുത്തിടെ നാശംവിതച്ച ചുഴലിക്കാറ്റായ `ലൈല'യ്ക്ക് `കറുത്ത തലമുടിയുള്ള സുന്ദരി' എന്നാണര്‍ഥം. അന്താരാഷ്ട്ര കീഴ്വഴക്കമനുസരിച്ച്, ചുഴലിക്കാറ്റിനാല്‍ ബാധിതമാവുന്ന രാഷ്ട്രത്തിലെ ഔദ്യോഗിക സംവിധാനത്തിനാണ് അതിനു പേരുനല്‍കേണ്ട ചുമതല. അതിനാലാണ് പേരിടല്‍ കര്‍മം ഇന്ത്യയില്‍ നിക്ഷിപ്തമായത്. എങ്കിലും ഈ പേരു നിര്‍ദേശിച്ചത് പാകിസ്ഥാനാണ്.
ഇതു കൂടാതെ വരുംകാലങ്ങളിലേക്ക് മാലദ്വീപ്, മ്യാന്മര്, ഒമാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്ലന്ഡ് എന്നിവയും പേരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത ചുഴലിക്കാറ്റിന്റെ പേരായ `ബന്ധു' നിര്‍ദേശിച്ചിരിക്കുന്നത് ശ്രീലങ്കയാണ്. അതിനടുത്തത് `െഫറ്റ്' എന്ന വിളിപ്പേരിലാണ് അറിയപ്പെടുക. തായ്ലന്ഡാണ് ഇതു നിര്‍ദേശിച്ചിരിക്കുന്നത്. 2015വരെയുള്ള ചുഴലിക്കാറ്റുകള്‍ക്കുള്ള പേരുകള്‍ ഇങ്ങനെ പട്ടികയായി സൂക്ഷിച്ചിട്ടുണ്ട്.