Monday, May 3, 2010

ക്ഷയരോഗാണുവിന്റെ സമ്പൂര്‍ണ ജനിതകം

ക്ഷയരോഗത്തിനു കാരണമാവുന്ന ബാക്ടീരിയയുടെ സമ്പൂര്‍ണ ജനിതകം വെളിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ വിജയിച്ചു. സര്‍വകലാശാല വിദ്യാര്‍ഥികളും ശാസ്‌ത്രജ്ഞരും ഒത്തുചേര്‍ന്ന പ്രവര്‍ത്തനത്തിലൂടെയാണ്‌ ജനിതകഘടന അനാവരണം ചെയ്യപ്പെട്ടത്‌. ലോകമെങ്ങുമുള്ള ഗവേഷകര്‍ക്ക്‌ പ്രയോജനപ്പെടുന്ന തരത്തില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയെന്നതും ഈ രംഗത്തെ മാതൃകാപരമായ ചുവടുവയ്‌പാണ്‌. വിപണനമൂല്യമുള്ള വിവരങ്ങള്‍, പണം നല്‍കാതെ ആര്‍ക്കും ഉപയോഗിക്കാവുന്നതരത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുന്ന ആദ്യ രാജ്യമായി മാറുകയാണ്‌ ഇതിലൂടെ ഇന്ത്യ.


വിവിധ ഇന്ത്യന്‍ സര്‍വകലാശാലകളിലെ നാനൂറോളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള `കണക്ട്‌ ടു ഡീകോഡ്‌' പദ്ധതിക്ക്‌ പശ്‌ചാത്തലമൊരുക്കിയത്‌ ഡല്‍ഹി ആസ്ഥാനമായുള്ള `ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ജീനോമിക്‌സ്‌ ആന്‍ഡ്‌ ഇന്റഗ്രേറ്റീവ്‌ ബയോളജി' (IGIB) യാണ്‌. ക്ഷയരോഗത്തിനു കാരണമാവുന്ന ``മൈക്കോബാക്ടീരിയം ടുബെര്‍കുലോസിസ്‌' (Mycobacterium tuberculosis) എന്ന ബാക്ടീരിയയുടെ ജനിതകം 1998ല്‍ വെളിപ്പെട്ടിരുന്നു. നാലു ദശലക്ഷം അക്ഷരങ്ങളുള്ള ഒരു പുസ്‌തകമായാണ്‌ അതു വിവക്ഷിക്കപ്പെട്ടത്‌. ഇവയ്‌ക്കിടയില്‍ അവിടവിടങ്ങളിലായി ഒളിച്ചിരിക്കുന്നതരത്തിലായിരുന്നു നാലായിരത്തോളം ജീനുകള്‍. അഞ്ചു സംഘങ്ങളായിത്തിരിഞ്ഞ്‌ ഇവയിലോരോന്നിന്റെയും പ്രവര്‍ത്തനധര്‍മം കണ്ടെത്തുകയായിരുന്നു വിദ്യാര്‍ഥികള്‍ ചെയ്‌തത്‌.

ലോകത്തില്‍ ഓരോ വര്‍ഷവും 17 കോടി പേര്‍ ക്ഷയരോഗബാധയാല്‍ മരിക്കുന്നുവെന്നാണ്‌ ലോകാരോഗ്യസംഘടനയുടെ കണക്ക്‌. ഓരോ മൂന്നുമിനിറ്റിലും രണ്ടുപേരെന്ന നിരക്കില്‍ അത്‌ ഇന്ത്യയിലുമെത്തുന്നു. അടുത്തകാലത്തായി വാക്‌സിനുകളെ അതിജീവിച്ച്‌ ക്ഷയരോഗം കൂടുതല്‍ ശക്തവുമായിരുന്നു. ഔഷധങ്ങളെ എതിര്‍ത്തുതോല്‍പ്പിക്കാനാവുന്നതരത്തില്‍ ക്ഷയരോഗാണുക്കള്‍ പ്രതിരോധശേഷി നേടിയതായിരുന്നു കാരണം. പരിണാമത്തിലൂടെ മാറിമറഞ്ഞ രോഗാണുജനിതകം അജ്ഞാതമായത്‌ ഈ രംഗത്തെ ഗവേഷണപ്രവൃത്തികള്‍ക്ക്‌ തടസ്സംസൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവസരോചിതമായ കൈത്താങ്ങാണ്‌ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരുടെ കണ്ടെത്തല്‍. ഇതിലേക്കുള്ള കര്‍മോത്സുകതയെ മുന്‍നിര്‍ത്തി, ഹേമന്ത്‌വര്‍മ, ഗീതികമേത്ത എന്നീ രണ്ടു വിദ്യാര്‍ഥികളെ സിഎസ്‌ഐആര്‍ ആദരിക്കുകയും ചെയ്‌തിട്ടുണ്ട്‌.


മൈക്കോബാക്ടീരിയം ടുബെര്‍കുലോസിസ്‌



1882-ല്‍ റോബര്‍ട്ട്‌കോച്ച്‌ എന്ന ശാസ്‌ത്രജ്ഞനായിരുന്നു ക്ഷയരോഗത്തിനു കാരണമാകുന്ന ബാക്ടീരിയയായ `ട്യൂബെര്‍ക്കിള്‍ ബാസിലസ്‌' (Tubercle bacillus) കണ്ടെത്തിയത്‌. ഓക്‌സിജന്റെ യഥേഷ്ടമായ സാന്നിധ്യത്തില്‍ മാത്രം ജീവിക്കാനാവുന്ന ഇത്‌ മനുഷ്യനിലെ ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട അവയവങ്ങളാണ്‌ ആവാസത്തിനായി തെരഞ്ഞെടുക്കുന്നത്‌. സവിശേഷമായ ഒരുതരം കൊഴുപ്പുകൊണ്ടു നിര്‍മിച്ച കട്ടിയായ ആവരണം ഉള്ളതിനാല്‍, ശരീരത്തിന്റെ സ്വാഭാവികമായ രോഗാണുനശീകരണ സംവിധാനത്തിന്‌ ഇവയെ നശിപ്പിക്കാന്‍ കഴിയില്ല. കൃത്രിമമായ രോഗാണുനാശകങ്ങളെയും വരണ്ട കാലാവസ്ഥയെയും അതിജീവിക്കാനും ഇവയ്‌ക്കു കഴിയും. ഇതാണ്‌ ക്ഷയരോഗത്തെ ഏറെ മാരകമാക്കുന്നത്‌. 1998-ലാണ്‌ ക്ഷയരോഗാണുവിന്റെ ജനിതകം ആദ്യമായി വിശകലനം ചെയ്യപ്പെട്ടത്‌. H37Rv എന്ന ഇനത്തിന്റെ ജനിതകശ്രേണിയായിരുന്നു വെളിപ്പെടുത്തപ്പെട്ടത്‌.


വിവരസാങ്കേതിക വിദ്യയുടെ വീഥിയിലൂടെ എല്ലാവര്‍ക്കും


വിവരസാങ്കേതികവിദ്യയുമായി കൈകോര്‍ക്കുന്നതിലൂടെ ഗവേഷണ നേട്ടങ്ങളെ എങ്ങനെ സ്വതന്ത്രവും സംവേദനക്ഷമവുമാക്കാമെന്നതിന്റെ പ്രായോഗിക വിജയംകൂടിയാണ്‌ ഇന്ത്യയുടെ ഈ നേട്ടം. ക്ഷയരോഗത്തിനെതിരെയുള്ള ഔഷധ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരാള്‍ക്കും ഒരു പാഠപുസ്‌തകംപോലെ പ്രയോജനപ്പെടുന്നതരത്തിലാണ്‌ ഇതു സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ വിന്യസിച്ചിരിക്കുന്നത്‌.(http://www.osdd.net/) ലഭ്യമാകുന്ന മുറയ്‌ക്ക്‌ കൂട്ടിച്ചേര്‍ക്കാനും പരിഷ്‌കരിക്കാനും അവസരമൊരുക്കുന്നതരത്തിലാണ്‌ വെബ്‌സൈറ്റിന്റെ രൂപകല്‍പ്പന. ഏറ്റവും പുതിയ `വെബ്‌ 3.0' സങ്കേതമാണ്‌ ഇതിന്‌ ഉപയോഗിച്ചിരിക്കുന്നത്‌.

ഔഷധഗവേഷണരംഗത്തെ വിവരവിനിമയം സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ ശ്രമം `ഓപ്പണ്‍ സോഴ്‌സ്‌ ഡ്രഗ്‌ ഡിസ്‌കവറി' (Open Source Drug Discovery) എന്ന പദ്ധതിയിലൂടെയാണ്‌ അവതരിപ്പിക്കുന്നത്‌. ഇന്ത്യയിലെ ശാസ്‌ത്ര ഗവേഷണങ്ങളുടെ ഏകോപനസമിതിയായ `കൗണ്‍സില്‍ ഓഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചാ(CSIR) ണ്‌ ഇതിനു ചുക്കാന്‍പിടിക്കുന്നത്‌. ക്ഷയരോഗം അടക്കമുള്ള മാരകരോഗങ്ങള്‍ക്കു കാരണമാവുന്ന സൂക്ഷ്‌മ ജീവികളുടെ ജനിതകം വെളിപ്പെടുത്താനുള്ള ഒരു അനുബന്ധപദ്ധതിയിലൂടെയാണ്‌ ഇതിനാവശ്യമായ വിവരങ്ങള്‍ സ്വരൂപിക്കപ്പെടുന്നത്‌. `കണക്ട്‌ ടു ഡീകോഡ്‌' (Connect-to-Decode) എന്നാണ്‌ ഇതിന്റെ പേര്‌.