Saturday, May 15, 2010

ഓസോണ്‍ വിള്ളലിന്‌ 25

                                                                                
ഓസോണ്‍ പാളിയിലെ `വിള്ളല്‍' കണ്ടെത്തിയിട്ട്‌ 25 വര്‍ഷം തികയുന്നു. 1985 മേയില്‍ പുറത്തിറക്കിയ നേച്ചര്‍ എന്ന ഗവേഷണ ജേണലിലാണ്‌ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്‌. അന്റാര്‍ട്ടിക്‌ മേഖലയിലാണ്‌ ഓസോണ്‍ കവചത്തിലെ വിള്ളല്‍ ആദ്യം നിരീക്ഷിക്കപ്പെട്ടത്‌. ബ്രിട്ടീഷ്‌ അന്റാര്‍ട്ടിക്‌ സര്‍വേയിലെ ശാസ്‌ത്രജ്ഞരായ ജോയ്‌ ഫാര്‍മാന്‍, ബ്രിയാന്‍ ഗാര്‍ഡിനെര്‍, ജോനാതന്‍ ഷാങ്‌ക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ അതു കണ്ടെത്തിയത്‌.


ഓസോണ്‍പാളിയുടെ നാശത്തിനു കാരണമാവുന്ന പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നുണ്ടെന്ന്‌ നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിലും അത്‌ പ്രതീക്ഷിച്ചതിലേറെ ഭീകരമായ ആക്രമണമാണെന്നു തെളിയിച്ചത്‌ നേച്ചറിലെ പഠനപ്രബന്ധമായിരുന്നു. ശാസ്‌ത്രലോകത്തും പുറത്തും ഇതു സൃഷ്ടിച്ച പ്രതികരണങ്ങളായിരുന്നു 1987ലെ `മോണ്‍ട്രിയല്‍ ഉടമ്പടി'യിലേക്കുനയിച്ചത്‌. ഓസോണ്‍പാളിയെ നശിപ്പിക്കുന്ന വസ്‌തുക്കളുടെ ഉല്‍പ്പാദനവും വിപണനവും നിയന്ത്രിക്കുന്നതിനുള്ള അന്തര്‍ദേശീയ ഉടമ്പടിയായിരുന്നു `മോണ്‍ട്രിയല്‍'.

ഭൂമിയുടെ ബാഹ്യാന്തരീക്ഷത്തിലാണ്‌ ഓസോണ്‍കവചമുള്ളത്‌. സ്‌ട്രാറ്റോസ്‌ഫിയര്‍ എന്നാണ്‌ ഈ മേഖലയുടെ പേര്‌. ഇവിടെയുള്ള ഓക്‌സിജന്‍ തന്മാത്രകള്‍ അള്‍ട്രാവയലറ്റ്‌ വികിരണങ്ങളുടെ പ്രേരണയാല്‍ രണ്ട്‌ ഓക്‌സിജന്‍ ആറ്റങ്ങളായി വേര്‍തിരിയും. ഇവയിലൊന്ന്‌ മറ്റൊരു ഓക്‌സിജന്‍ തന്മാത്രയുമായി ഒത്തുചേരാനിടയായാല്‍, അതിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ്‌ 03 എന്ന `ഓസോണ്‍'. ഇവ ഭൗമാന്തരീക്ഷത്തില്‍ ഒരു ആവരണമായി നിലനില്‍ക്കുന്നുവെന്നത്‌ ആദ്യമായി കണ്ടെത്തിയത്‌ സിഡ്‌നി ചാപ്‌മാന്‍ എന്ന ശാസ്‌ത്രജ്ഞനായിരുന്നു- 1930ല്‍. തുടര്‍ന്നു നടന്ന പഠനങ്ങളില്‍, ഓക്‌സിജനില്‍നിന്ന്‌ ഓസോണ്‍ രൂപമെടുക്കുന്നതിന്‌ തടസ്സംനില്‍ക്കുന്ന ചില രാസഘടകങ്ങളും അവിടെത്തന്നെ ഉള്ളതായി കണ്ടെത്തുകയുണ്ടായി. ഓസോണിനെ തിരിച്ച്‌ ഓക്‌സിജനായി മാറ്റുന്നതിലൂടെ ഓസോണ്‍പാളിയുടെ കട്ടി കൂടാതെ നോക്കുകയാണ്‌ ഇവയുടെ ജോലി. അല്ലെങ്കില്‍, കടന്നെത്തുന്ന സൂര്യപ്രകാശത്തിലെ ഊര്‍ജാംശത്തെ മുഴുവന്‍ വലിച്ചെടുത്ത്‌ ഓസോണ്‍പാളി ഭൂമിയിലെ ജീവനെ കഷ്ടത്തിലാക്കിയേനെ.

മേല്‍പ്പറഞ്ഞ തരത്തില്‍, ഓസോണ്‍-ഓക്‌സിജന്‍ സന്തുലനം നിലനിര്‍ത്തുന്നതിനായി ബാഹ്യാന്തരീക്ഷത്തിലുള്ളത്‌ ഹൈഡ്രോക്‌സില്‍ അയോണു(OH)കളും നൈട്രിക്‌ ഓക്‌സൈഡു(NO)മാണ്‌. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍മൂലം അവിടെ എത്തുന്നവയല്ല ഇവ . എന്നാല്‍, പില്‍ക്കാലത്ത്‌ നൈട്രജന്‍വളങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഇവ സൃഷ്ടിക്കപ്പെടാമെന്ന്‌ കണ്ടെത്തുകയുണ്ടായി. പക്ഷേ, ഇവയല്ല ഓസോണിന്റെ യഥാര്‍ഥ ശത്രുക്കളെന്നു മനസ്സിലാക്കാനായത്‌ 1974ല്‍ മാത്രമാണ്‌. `ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍' ആണ്‌ പുതിയ വില്ലനായത്‌. സ്‌ട്രാറ്റോസ്‌ഫിയര്‍ എന്ന ഓസോണ്‍മേഖലയിലെത്തുമ്പോള്‍ ഇവ അള്‍ട്രാവയലറ്റ്‌ വികിരണങ്ങളുടെ സ്വാധീനത്താല്‍ ക്ലോറിനെ പുറത്തുവിടും. ക്ലോറിന്‍ ഓസോണിനെ നശിപ്പിച്ചുതുടങ്ങുകയും ചെയ്യും. ഇതിലൂടെ കട്ടികുറയുന്ന ഓസോണ്‍പാളിയിലൂടെ അള്‍ട്രാവയലറ്റ്‌ വികിരണങ്ങള്‍ വന്‍തോതില്‍ അകത്തുകടക്കും. തൊലിപ്പുറത്തെ ക്യാന്‍സര്‍, തിമിരം എന്നിവ ഇതിലൂടെ ഉണ്ടാവും. സസ്യങ്ങളുടെ വളര്‍ച്ചയെയും ദോഷകരമായി ബാധിക്കാം.