
പന്നിപ്പനി എന്നറിയപ്പെടുന്ന എച്ച്1 എന്‍1 രോഗത്തിനെതിരെ ഇന്ത്യക്ക് ഇനി സ്വന്തമായ പ്രതിരോധമരുന്ന്. ഇതുവരെ ഇറക്കുമതിചെയ്‌ത വാക്‌സിന് പകരമായാണ് തദ്ദേശീയ വാക്‌സിന്റെ രംഗപ്രവേശം. വിപണിവിലയില്‍ വലിയ മാറ്റം സൃഷ്ടിച്ചാണ് പുതിയ വാക്‌സിന്റെ കടന്നുവരവ്. ഇറക്കുമതിചെയ്യുന്ന വാക്‌സിനുകള്‍ക്ക് 900 മുതല്‍ 1000 രൂപവരെ വിലവരുമ്പോള്‍, ഇന്ത്യയുടെ സ്വന്തം വാക്‌സിന് 350 രൂപമാത്രമാണ് വില. `വാക്‌സിഫ്‌ളൂ-എസ്' (Vaxiflu-S) എന്നാണ് ഇതിന്റെ പേര്. ഇന്‍ഫ്‌ളുവന്‍സാ ഇനത്തില്‍പ്പെടുന്ന രോഗങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വാക്‌സിനാണിത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള `കാഡിലാ ഹെല്‍ത്ത് കെയറാ' (Cadila Healthcare) ണ് നിര്‍മാതാക്കള്‍.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് പകുതിയോടെയാണ് ലോകമെമ്പാടുമായി പന്നിപ്പനി പടര്‍ന്നുപിടിച്ചത്. എച്ച്1 എന്‍1 ഇനത്തില്‍പ്പെടുന്ന ഇന്‍ഫ്‌ളൂവന്‍സ വൈറസായിരുന്നു ഇതിനു കാരണം. ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടകം എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയില്‍ ആക്രമണം ഏറെ രൂക്ഷം. ജൂലൈ-ഡിസംബര്‍ ഇടയില്‍ 7,000 പേരെ രോഗലക്ഷണമുള്ളവരായും കണ്ടെത്തി. ഇറക്കുമതിചെയ്‌ത 15 ലക്ഷം വാക്‌സിനുകള്‍കൊണ്ടാണ് ബാക്കിയുള്ളവരില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എന്നാല്‍, മുഴുവന്‍ ജനങ്ങളെയും രോഗബാധയില്‍നിന്നു രക്ഷിക്കാന്‍ ഇതു മതിയാവില്ലെന്നു കണ്ടതിനെത്തുടര്‍ന്നാണ് ലോകാരോഗ്യസംഘടന ഇന്ത്യന്‍ മരുന്നുകമ്പനികളെ വാക്‌സിന്‍ ഗവേഷണത്തില്‍ പങ്കാളികളാക്കിയത്.
`കാഡിലാ ഹെല്‍ത്ത് കെയറി'നെ കൂടാതെ, ഹൈദരാബാദ് ആസ്ഥാനമായുള്ള `ഭാരത് ബയോടെക്', ഡല്‍ഹിയിലെ `പനീഷ്യ ബയോടെക്', പുണെയിലെ `സെറം ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ' എന്നിവയായിരുന്നു അവരവരുടെ പാതയില്‍ വാക്‌സിനായി ഗവേഷണം തുടര്‍ന്നത്. ഇതില്‍ `സ്‌പ്രേ' രൂപത്തിലുള്ള മരുന്നുമായി ആദ്യം എത്തിയത് `സെറം ഇന്‍സ്‌റ്റിറ്റിയൂട്ടാ'യിരുന്നുവെങ്കിലും അത് അത്ര ഫലപ്രദമായില്ല. തുടര്‍ന്നാണ് `കാഡിലാ'യുടെ കുത്തിവയ്‌പു വാക്‌സിന്റെ കണ്ടുപിടിത്തം. ജനുവരിമുതല്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങിയ ഇതിന്റെ നാലരലക്ഷം സാമ്പിളാണ് ഇപ്പോള്‍ വില്‍പ്പനയ്‌ക്ക് തയ്യാറായിരിക്കുന്നത്. 20 ലക്ഷം വാക്‌സിനുകള്‍കൂടി ആവശ്യാനുസരണം ലഭ്യമാക്കാനാവുമെന്ന് `കാഡിലാ' പറയുന്നു.
പനി, ശരീരവേദന തുടങ്ങി താല്‍ക്കാലികമായ ചില അസ്വാസ്ഥ്യങ്ങള്‍ `വാക്‌സിഫ്‌ളൂ-എസി'ന്റെ പാര്‍ശ്വഫലങ്ങളാണ്. ജൂണ്‍ നാലുമുതല്‍ `വാക്‌സിഫ്‌ളൂ-എസ്' വിപണിയില്‍ ലഭ്യമാണെങ്കിലും ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകടയില്‍നിന്ന് ഇത് വാങ്ങുക സാധ്യമല്ല.