
`ജില്‍' എന്ന പേര് ഒരുപക്ഷേ നമുക്ക് പരിചയമുണ്ടാവില്ല. ഇംപീരിയല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് അനിമല്‍ ഹസ്‌ബന്‍ഡറി എന്ന സ്ഥാപനത്തെയും. ഇന്ത്യയുടെ ആദ്യത്തെ സങ്കരയിനം പശുക്കിടാവിനെ സൃഷ്ടിച്ച ഗവേഷണസ്ഥാപനമായിരുന്നു അത്. തങ്ങളുടെ സൃഷ്ടിക്ക് അവര്‍ നല്‍കിയ ഓമനപ്പേരായിരുന്നു `ജില്‍'. ഇപ്പോഴൊന്നുമല്ല 1909ല്‍. നൂറ്റാണ്ടിനുശേഷം `ജില്ലി'ന്റെ ഈ ജന്മഗേഹം വീണ്ടും വാര്‍ത്തകളിലേക്കെത്തിയിരുന്നു; 2009 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ആദ്യത്തെ ക്ലോകിടാവ് പിറന്നപ്പോള്‍. പക്ഷേ അതിനിടെ സ്ഥാപനത്തിന്റെ പേരും മാറിയിരുന്നു; അതിന്റെ ആസ്ഥാനവും. അന്ന് ബംഗളൂര്‍ ആയിരുന്ന ഇംപീരിയല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഇന്ന് ഹരിയാനയിലെ കര്‍ണാലിലാണ്. 1955ലായിരുന്നു സ്ഥാനമാറ്റം. പേരിലും മാറ്റമുണ്ടായി- നാഷണല്‍ ഡെയ്‌റി റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റിയൂട്ട്. ക്ലോണിങ്ങിലെ ഏറ്റവും നൂതനസങ്കേതമായ `ഹസ്‌തനിയന്ത്രിത ക്ലോണിങ് രീതി' (Hand-directedCloning Technique) യുടെ ആവിഷ്‌കാരത്തിലൂടെ പ്രശസ്‌തിയുടെ തിരനോട്ട എന്നും ഇവിടേയ്‌ക്കുണ്ട്. ഇപ്പോഴിതാ ലോകമാധ്യമങ്ങളാകെ കമിഴിച്ച മറ്റൊരു നേട്ട ഇവിടെനിന്ന് അരങ്ങേറ്റത്തിനെത്തുന്നു: 2010 ആഗസ്‌ത് 22ന് കാണ്ഡകോശങ്ങളില്‍നിന്നു സൃഷ്ടിച്ചെടുത്ത ക്ലോണിങ് വിസ്‌മയം! കൃതഹസ്‌തമാവുന്ന ഇന്ത്യന്‍ ക്ലോസങ്കേതത്തിന്റെ ഏറ്റവും പുതിയ സാക്ഷിപത്രം! `ഗരിമ-2' എന്നാണ് പുതിയ ക്ലോണിങ്‌സന്തതിയുടെ പേര്. ഊഹിക്കാവുന്നതുപോലെ ഒരു തുടര്‍ച്ചയുടെ സൂചകമാണിത്.

2009 ജൂണ ആറിന് ഹരിയാനയിലെ ഇതേ സ്ഥാപനത്തില്‍ പിറന്ന എരുമക്കിടാവാണ് ഗരിമ. അതോടൊപ്പം ഇപ്പോള്‍ പിറന്ന ക്ലോകിടാവിന് `ഗരിമ രണ്ടാമന്‍' എന്ന് പേരിട്ടുവിളിക്കാന്‍ മറ്റൊരു കാരണവുമുണ്ട്. മറ്റൊന്നുമല്ല, ഇതൊരു ആണസന്തതിയാണ് എന്നതുതന്നെ. ഇക്കാര്യത്തിലുമുണ്ട് ഇന്ത്യക്ക് റെക്കോഡ്. ലോകത്തിലാദ്യമായി ക്ലോണിങ്ങിലൂടെ പിറവിയെടുക്കുന്ന പോത്തിന്‍കിടാവാണിത്. എന്നാല്‍ കലപ്പയും പേറി വയലിലേക്കിറങ്ങുകയല്ല ഇതിന്റെ ഭാഗധേയം; ഇന്ത്യയുടെ ക്ഷീരോല്‍പ്പാദനത്തിന് ആക്കം നല്‍കുകയാണ്. 2008ല്‍ 104.9 ദശലക്ഷം ടണ്ണായിരുന്നു ഇന്ത്യയിലെ പാലുല്‍പ്പാദനം. ഇതില്‍ 55 ശതമാനം എരുമകളില്‍നിന്നുമാണ്. 2015ല്‍ ഇത് 120 ദശലക്ഷം ടണ്ണാകുമെന്നാണ്. 2020ല്‍ 140 ദശലക്ഷവും. വര്‍ധിച്ചുവരുന്ന ഇന്ത്യന്‍ ജനസംഖ്യയാണ് ഇതാവശ്യപ്പെടുന്നത്. അതേസമയം കന്നുകാലികള്‍ക്കുള്ള ഭക്ഷ്യസ്രോതസ്സുകളും പുല്‍പ്പാടങ്ങളും അതേ കാരണത്താല്‍ കുറഞ്ഞുവരികയും ചെയ്യുന്നു. നിലവിലുള്ളവയുടെ പാലുല്‍പ്പാദനശേഷി വര്‍ധിപ്പിക്കുകയാണ് ഇതിനു പരിഹാരമായി നമുക്കു മുന്നിലുള്ള ഏക മാര്‍ഗം. ഗുണമേന്മയുള്ള കന്നുകാലികളുടെ വികാസത്തിലൂടെ ഈ വിടവുനികത്തുകയാണ് ഇപ്പോഴുള്ള ക്ലോണിങ്ങിന്റെ ലക്ഷ്യം. മുന്തിയ ഇനങ്ങളെ അവയുടെ വംശമേന്മ നഷ്ടമാവാതെ ക്ഷീരകര്‍ഷകരിലേക്ക് എത്തിക്കാനാവുന്നു എന്നതാണ് ഇതിന്റെ പ്രയുക്തനേട്ട.

മേല്‍പ്പറഞ്ഞ ലക്ഷ്യം നേടുന്നതിനുള്ള തയ്യാറെടുപ്പാണ് ക്ലോണിങ്ങിലെ ഈ ഇന്ത്യന്‍ പരീക്ഷണത്തെ പരമ്പരാഗത മാര്‍ഗങ്ങളില്‍നിന്നു വ്യത്യസ്‌തമാക്കുന്നത്. പൊതുവെയുള്ള ധാരണയില്‍നിന്നു വ്യത്യസ്‌തമായി ക്ലോണിങ് സങ്കേതത്തിന് ഒരു ന്യൂനതയുണ്ട്. ഒരു ജീവിയുടെ തനിപ്പകര്‍പ്പായിരിക്കില്ല അതില്‍നിന്നു സൃഷ്ടിക്കുന്ന ക്ലോപതിപ്പുകള്‍ എന്നതാണത്. ഡോളി എന്നു ചെമ്മരിയാടിലൂടെ ഇയാന്‍ വില്‍മു്ട്ട് 1996ല്‍ പരീക്ഷിച്ച ക്ലോണിങ്‌രീതിക്കും ഈ പരിമിതി ഉണ്ടായിരുന്നു. ജീവികളിലെ പാരമ്പര്യസ്വഭാവങ്ങള്‍ പൂര്‍ണമായും അവയിലെ ഡിഎന്‍എ (nuclear DNA) യെ ആശ്രയിച്ചുള്ളതല്ല എന്നതുമൂലമുള്ള കുഴപ്പമാണിത്. മര്‍മത്തിനു പുറത്തായി, കോശദ്രവ്യത്തിലും ജീനുകളുണ്ട്. മൈറ്റോകോട്രിയപോലെയുള്ള കോശാംഗങ്ങള്‍ക്കുള്ളിലാണ് ഇവയുടെ കുടിയിരിപ്പ്. മര്‍മത്തെ മാത്രം മാറ്റിവയ്‌ക്കുന്ന തരം ക്ലോണിങ്ങാണ് ഡോളിയുടെ സ്രഷ്ടാക്കളും അവരുടെ പിന്‍മുറക്കാരും തുടര്‍ന്നുവന്നത്. ഇതിലൂടെ പാരമ്പര്യസ്വഭാവങ്ങളുടെ പൂര്‍ണമായ പ്രേക്ഷണം സാധ്യമായിരുന്നില്ല. ഇതിനുള്ള പരിഹാരമാണ് കാണ്ഡകോശങ്ങളെ മുഴുവനായും ഉപയോഗിച്ചുള്ള ഇന്ത്യന്‍ രീതി. ഭ്രൂണത്തില്‍നിന്നു വേര്‍തിരിക്കുന്നവയാണ് കാണ്ഡകോശങ്ങള്‍ ഇതിലൂടെ പാരമ്പര്യസ്വഭാവങ്ങള്‍ നഷ്ടമാവുന്നതു തടയാമെന്നാണ് പ്രതീക്ഷ. പക്ഷേ, എപ്പിജനറ്റിക് റിപ്രോഗ്രാമിങ് അടിസ്ഥാനമാക്കിയുള്ള ഇതിന്റെ വിജയസാധ്യത തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്.

പുതിയ ക്ലോണിങ് ഇങ്ങനെ
1. പൂര്‍ണവളര്‍ച്ച എത്താത്ത അണ്ഡകോശങ്ങളെ (Oocytes)െ വേര്‍തിരിച്ചെടുക്കുന്നു.
2. അവയിലെ പുറംപാളിയായ `സോണാപെലൂസിഡ' (Zona pellucida) നീക്കംചെയ്യുന്നു.
3. അവയിലെ മര്‍മത്തെ നീക്കംചെയ്യുന്നു. (ഇതിനാണ് `ഹസ്‌തനിയന്ത്രിതസങ്കേതം' ഉപയോഗിച്ചത്).
4. ഏഴുദിവസം പ്രായമായ ഭ്രൂണപൂര്‍വദശ (Blastocyst) യില്‍നിന്നു വേര്‍പെടുത്തിയ പ്രാഥമിക കാണ്ഡകോശങ്ങളെ കൃത്രിമമായി വളര്‍ത്തി (117 ദിവസത്തോളം) കാണ്ഡകോശങ്ങളാക്കുന്നു.
5. കാണ്ഡകോശത്തെ മര്‍മം നീക്കംചെയ്‌ത അണ്ഡകോശവുമായി സംയോജിപ്പിക്കുന്നു. വൈദ്യുതസ്‌പന്ദനം (Electrofusion) ഉപയോഗിച്ചാണിത്.
6. സംയോജിക്കപ്പെട്ട കോശങ്ങളെ ഏഴു ദിവസത്തോളം പരീക്ഷണശാലയില്‍ വളര്‍ത്തി ഭ്രൂണാവസ്ഥ (Embryo) യിലേക്കെത്തിക്കുന്നു.
7. ഭ്രൂണത്തെ ഗര്‍ഭപാത്രത്തിലേക്കു മാറ്റുന്നു (SurrogateUterus).
8. ഗര്‍ഭാവസ്ഥയ്‌ക്കുശേഷം ക്ലോണിങ്‌കിടാവ് പിറക്കുന്നു.
ക്ലോണിങ്: ഇന്ത്യന്‍ നാള്‍വഴി
2009 ഫെബ്രുവരി 6: ``സംരൂപ''- ക്ലോണിങ്ങിലൂടെ പിറവിയെടുത്ത ആദ്യത്തെ എരുമക്കിടാവ്.
2009 ജൂണ 6: ``ഗരിമ''- രണ്ടാമത്തെ ക്ലോ എരുമക്കിടാവ്.
2010 ആഗസ്‌ത് 22: ``ഗരിമ 2''- കാണ്ഡകോശം ഉപയോഗിച്ചുള്ള ക്ലോണിങ് സന്തതി.
അടുത്ത ക്ലോണിങ് പശ്‌മിനാ ആടുകളില്‍
ഇന്ത്യന്‍ ശാസ്‌ത്രജ്ഞരുടെ ക്ലോണിങ് പരീക്ഷണങ്ങള്‍ക്കായി അടുത്ത ഊഴം കാത്തിരിക്കുന്നത് പശ്‌മിനാ ആടുകള്‍ (Pashmina Goat). അന്തര്‍ദേശീയ വിപണിയില്‍ ഏറ്റവും വിലപിടിപ്പുള്ള രോമകമ്പളം (ഏകദേശം രണ്ടുലക്ഷം രൂപവരെ) ഇവയില്‍നിന്നുള്ളതാണ്. കശ്‌മീരിലെ തണുപ്പേറിയ കാലാവസ്ഥയില്‍ മാത്രം വളരുന്ന ഇവയെ ക്ലോ ചെയ്യുന്നതിലൂടെ ഗുണമേന്മ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഇവയെ വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധ്യമാവുമെന്നാണ് കരുതുന്നത്. കര്‍ണാലിലെ നാഷണല്‍ ഡെയ്‌റി റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റിയൂട്ടും ജമ്മു കശ്‌മീരിലെ ഷേര്‍-ഇ-കശ്‌മീര്‍ കാര്‍ഷിക സാങ്കേതിക സര്‍വകലാശാലയും സംയുക്തമായുള്ള പദ്ധതിയാണിത്.