Saturday, November 13, 2010

പശ്ചിമഘട്ടം ലോകപൈതൃകപ്പട്ടികയിലേക്ക്‌

                                       
പശ്ചിമഘട്ടത്തിലെ മലരണിക്കാടുകള്‍ക്ക്‌ ഇനി അന്താരാഷ്‌ട്ര പ്രശ്‌സ്‌തി. കാലത്തിന്റെ പഴമയെ കടന്നുവരുന്ന പാരമ്പര്യത്തിന്റെ പ്രകൃതിക്കാഴ്‌ചകളെ അടയാളപ്പെടുത്തുന്ന ലോകപൈതൃകപ്പട്ടികയില്‍ ഇടം തേടുന്നതോടെയാണിത്‌. ലോകത്തെവിടെയും കാണാത്ത അപൂര്‍വ്വ ജൈവസമ്പത്തിന്റെ ഈറ്റില്ലമെന്ന നിലയ്‌ക്കാണ്‌ പശ്ചിമഘട്ടം അന്തര്‍ദേശീയ അംഗീകാരത്തിന്റെ ഈ പട്ടികയിലേക്കെത്തുന്നത്‌.


`യുണെസ്‌കോ'യാണ്‌ ലോകത്തിന്റെ മുഴുവന്‍ പൈതൃകസമ്പത്തെന്ന ഉന്നതസ്ഥാനം പശ്ചമിഘട്ടത്തിന്‌ നല്‍കുന്നത്‌. മാനവസംസ്‌കൃതിയുടെ നേര്‍ക്കാഴ്‌ചകളാവുന്നവയ്‌ക്കാണ്‌ സാധാരണയായി ഈ സ്ഥാനം നല്‍കിവരുന്നത്‌. എന്നാല്‍, പശ്ചിമഘട്ടത്തിന്റെ കാര്യത്തില്‍ അത്‌ ജൈവവൈവിധ്യത്തിന്റെ അനന്യതയ്‌ക്കാണ്‌. ഇന്ത്യയില്‍ നിന്നുള്ള അനവധി സാംസ്‌കാരിക ഇടങ്ങള്‍ ലോകപൈതൃകപ്പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ടെങ്കിലും ജീവവൈവിധ്യത്തിലെ അപൂര്‍വ്വതകളിലൂടെ അതില്‍ ഇടം നേടിയവ ചുരുകക്‌േയുള്ളൂ. 2011 ജൂലൈയില്‍ ബഹ്‌റിനില്‍ നടക്കുന്ന ലോകപൈതൃക സമ്മേളന(World Herotage Summit)ത്തിലാണ്‌ ഇത്‌ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

ജീവസ്‌പീഷീസുകളുടെ വൈവിധ്യവും വൈപുല്യവും അടിസ്ഥാനമാവുന്നതിനാല്‍ യുണെസ്‌കോയുടെ നിര്‍ദ്ദേശപ്രകാരം ലോകപ്രകൃതി സംരക്ഷണ സംഘടനയായ ഐ.യു.സിഎന്നാണ്‌ ഇതിനായുള്ള നിര്‍ണ്ണയാധികാരം. ഇതിന്റെ ഭാഗമായി ഐ.യു.സി.എന്‍ പ്രതിനിധിയായി ഒരു വിദഗ്‌ധസംഘം പശ്ചിമഘട്ടമേഖലയില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. മഹാരാഷ്‌ട്ര, ഗോവ, കര്‍ണാകട, തമിഴ്‌നാട്‌ എന്നിവയടക്കം പശ്ചിമഘട്ടം കടന്നുപോവുന്ന മേഖലകളിലാകെ സഞ്ചരിച്ച അവര്‍ അവസാനം ജൈവവൈവിധ്യത്തില്‍ ഏറ്റവും സമ്പുഷ്‌ടമായ പശ്ചിമഘട്ടഭാഗത്തെ ഉള്‍ക്കൊള്ളുന്ന കേരളത്തിലും എത്തിച്ചേരുകയുണ്ടായി. വനംവകുപ്പുമായി സഹകരിച്ചായിരുന്നു കേരളത്തിലെ നിരീക്ഷണം.

                                        
ജന്തുവൈവിധ്യത്തിനുപുറമെ, ദൃശ്യഭംഗിയുള്ള 1500-ഓളം കാട്ടുപൂവകള്‍-ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരം ഇവിടെയുള്ളതായാണ്‌ വിദഗ്‌ദസംഘത്തിന്‌ ബോധ്യമായത്‌. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട്‌ നവംബര്‍ മദ്ധ്യത്തോടെ ഐ.യു.സി.എന്‍ മുമ്പാകെ സമര്‍പ്പിക്കപ്പെടും. അതിനുശേഷം യുണെസ്‌കോയ്‌ക്ക്‌ കീഴിലെ വേള്‍ഡ്‌ ഹെറിറ്റേജ്‌ കമ്മീഷന്‌ മുമ്പാകെയും ഇതനുസരിച്ചായിരിക്കും തീരുമാനം.

ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായി `ഹോട്ട്‌സ്‌പോട്ട്‌(Biodiversity Hotspot) എന്ന ബഹുമതി ലഭിച്ചതാണ്‌ പശ്ചിമഘട്ടം ഉള്‍പ്പെടുന്ന ജൈവമേഖല. ഗുജറാത്തിന്റെ അതിര്‍ത്തി മുതല്‍ ഇന്ത്യയുടെ തെക്കേമുനമ്പ്‌ വരെ നീണ്ടുനില്‍ക്കുന്ന ഇതിന്റെ തുടര്‍ച്ച ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തെ വനമേഖലയിലും കാണാനാവും. ഭൂമിശാസ്‌ത്രപരമായി ഒന്നായി കണക്കാക്കാവുന്ന ഇവയ്‌ക്കിടയില്‍ ഇന്ത്യന്‍ മഹാസമുദ്രം കടന്നുവരുന്നുവെന്നു മാത്രം. എങ്കിലും ജൈവവൈവിധ്യത്തില്‍ ഇന്ത്യന്‍ ഭാഗത്തിനുതന്നെയാണ്‌ മുന്‍തൂക്കം.

                                     
1,60,000 ചതുരശ്രകിലോമീറ്ററാണ്‌ പശ്ചിമഘട്ടത്തിന്റെ ആകെയുള്ള വിസ്‌തൃതി. 1,600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്‌ പടിഞ്ഞാറന്‍ തീരത്തുനിന്ന്‌ 50 കിലോമീറ്ററോളം ഉള്ളിലേക്ക്‌ മാറിയാണുള്ളത്‌. സഹ്യാദ്രി എന്ന പേരിലും അറിയപ്പെടുന്ന ഇത്‌ മണ്‍സൂണ്‍ മേഘങ്ങള്‍ ഡെക്കാണ്‍ ഭൂമിയുടെ മറുഭാഗത്തേക്ക്‌ കടക്കാതെയും തടയുകയും മഴപെയ്യിച്ച്‌ നമ്മുടെ നാടിനെ ഹരിതാഭമാക്കുകയും ചെയ്യുന്നു. ജീവപരിസരത്തിലെ ഈ സവിശേഷതയാണ്‌ സമൃദ്ധവും സവിശേഷവുമായ ജൈവവൈധ്യത്തിന്‌ കാരണമായത്‌.

അനന്യമായ ഈ ജൈവവൈവിധ്യത്തിന്റെ പ്രധാന പ്രത്യേകത അതിലെ ജൈവികമായ തനിരൂപങ്ങളാണ്‌. ലോകത്തില്‍ മറ്റ്‌ ആവാസമേഖലകളിലൊന്നും കാണപ്പെടുന്നില്ല എന്നതിനോടൊപ്പം ഒരിനത്തിന്റെ തന്നെ അനേകം `പ്രതിരൂപങ്ങളെയും ഇവിടെ കാണാം. ഒരു സ്‌പീഷീസിനുള്ളില്‍ അനേകം ഉപസ്‌പീഷീസുകള്‍ നിലനില്‍ക്കുന്ന അവസ്ഥയാണിത്‌. പൊതു പരിസ്ഥിതിയെന്ന വലിയലോകത്തിനുള്ളില്‍, അതിജീവനത്തിനായി, ചെറിയ തുരുത്തുകളിലായി ഒതുങ്ങിക്കഴിയാനുള്ള പ്രവണതയില്‍ നിന്നാണ്‌ ഇവ സൃഷ്‌ടിക്കപ്പെടുന്നത്‌. `എന്‍ഡെമിസം' (Endemism) എന്നാണ്‌ ഈ പ്രതിഭാസം അറിയപ്പെടുന്നത്‌.

                                            
സൂക്ഷ്‌മ പരിസ്ഥിതികളുടെ ബാഹുല്യം കാരണം ഇത്തരം അനേകം ഉപസ്‌പീഷീസുകള്‍ പരിണാമം നേടിയിട്ടുണ്ട്‌. ഇവയില്‍ പലതും പില്‍ക്കാലത്ത്‌ വംശനാശം നേരിടുകയും ഒന്നോ രണ്ടോ ആയി അവശേഷിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ഇവയില്‍ പലതും ഇന്ന്‌ സ്‌പീഷീസുകളായിത്തന്നെ പരിഗണിക്കപ്പെടുന്നുണ്ട്‌. `എന്‍ഡെമിക്‌ സ്‌പീഷീസുകള്‍' എന്നറിയപ്പെടുന്ന ഇവയുടെ നീണ്ടനിരതന്നെ പശ്ചിമഘട്ടത്തിലുണ്ട്‌. ആകെയുള്ള 6,000 സസ്യസ്‌പീഷീസുകളില്‍ പകുതിയിലേറെയും (52%)`എന്‍ഡെമിക്‌' ആണെന്നാണ്‌ കണക്ക്‌. ഇവയില്‍ മിക്കവയും കടുത്ത വംശനാശഭീഷണിയിലുമാണ്‌.

അപൂര്‍വ്വതകള്‍ കൊണ്ട്‌ ശ്രദ്ധേയമായ അനേകം ചെടികള്‍ പശ്ചിമഘട്ടത്തിലുണ്ട്‌. ആയുര്‍വേദത്തില്‍ കണ്‍കണ്ട ഔഷധങ്ങളായി പറയുന്ന ഔഷധസസ്യങ്ങള്‍ക്ക്‌ പുറമേയാണിത്‌. പന്ത്രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന ഔഷധ സസ്യങ്ങള്‍ക്ക്‌ പുറമെയാണിത്‌. ഇതിന്റെ സംരക്ഷണാര്‍ത്ഥം കേരളാ ഗവണ്‍മെന്റ്‌ `കുറിഞ്ഞിമല' എന്ന പ്രത്യേകമായൊരു സംരക്ഷിതമേഖല പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രത്യേകമായ ഏതൊരു ആകര്‍ഷണവും അവകാശപ്പെടാനില്ലാത്ത മറ്റനവധി അപൂര്‍വ്വസസ്യങ്ങള്‍ വംശനാശത്തിന്റെ മുന്നില്‍ ഇപ്പോഴും പകച്ചുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്‌.

                                                                             
ഏകദേശം 250-ഓളം വരുന്ന ഓര്‍ക്കിഡുകള്‍ ഇതിലുള്‍പ്പെടുന്നു. ഇവയില്‍ 130 എണ്ണം `എന്‍ഡെമിക്‌' ഇനത്തില്‍പ്പെട്ടതുമാണ്‌. ജന്തുവര്‍ഗ്ഗത്തില്‍ ഉഭയജീവികളാണ്‌ ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്നത്‌. ഇതില്‍ എണ്‍പതുശതമാനത്തിലേറെ (179 സ്‌പീഷീസുകള്‍) `എന്‍ഡെമിക്കു'കളാണ്‌. 508 പക്ഷിസ്‌പീഷിസുകളുളളതില്‍ 16 എണ്ണം `എന്‍ഡെമിക്‌' ആയുള്ളയാണെന്നാണ്‌ കണ്ടെത്തപ്പെട്ടിട്ടുള്ളത്‌. ചിത്രശലഭങ്ങളില്‍ 334 എണ്ണമേ ഗവേഷകര്‍ക്ക്‌ കണ്ടെത്താനായിട്ടുള്ളതെങ്കിലും വംശനാശം ഈ വര്‍ണ്ണക്കാഴ്‌ചകളെയും മായ്‌ച്ചുകൊണ്ടിരിക്കയാണ്‌. സിംഹവാലന്‍ കുരങ്ങുള്‍പ്പെടെയുള്ള 139 സസ്‌തനജീവികളും ആശ്രയമാക്കുന്നത്‌ പശ്ചിമഘട്ടത്തിലെ മഴക്കാടുകളെയാണ്‌.

ലോകപൈതൃകപ്പട്ടികയില്‍ എത്തപ്പെടുന്നതിലൂടെ വംശനാശത്തിനെതിരെയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അന്താരാഷ്‌ട്ര സഹകരണം ലഭ്യമാകുന്നതിനുള്ള കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകുമെന്നാണ്‌ പ്രതീക്ഷ. പൈതൃകസ്ഥാനങ്ങളുടെ സംരക്ഷണം `യൂണെസ്‌കോ'യുടെ കീഴിലെ `വേള്‍ഡ്‌ ഹെറിറ്റേജ്‌ കമ്മിറ്റി'യുടെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ഒന്നാകുന്നതിനാലാണിത്‌. ഗവണ്‍മെന്റ്‌ ഏജന്‍സികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ഇതിലൂടെ ധനസഹായം ലഭിക്കുന്നതിനുള്ള അവസരമൊരുങ്ങും. ഇക്കാരണത്താല്‍ അംഗീകാരത്തോടൊപ്പം ജീവസുരക്ഷകൂടിയാണ്‌ ലോകപൈതൃകപ്പട്ടികയിലെ പശ്ചിമഘട്ടത്തിന്റെ സ്ഥാനം വാഗ്‌ദാനം ചെയ്യുന്നത്‌.