Wednesday, November 24, 2010

എന്‍ഡോസള്‍ഫാന്‍: മറയ്‌ക്കപ്പെടുന്നതെന്ത്‌?


അന്തര്‍ദേശീയ തലത്തില്‍ `ഇന്ത്യ' ലജ്ജിച്ചു തലതാഴ്‌ത്തിയ ദിവസങ്ങളായിരുന്നു പോയമാസം അവസാനത്തിലേത്‌. മനുഷ്യനും പ്രകൃതിക്കും മാരകമാവുന്ന വിഷപദാര്‍ത്ഥങ്ങളെ അന്താരാഷ്‌ട്ര തലത്തില്‍ നിരോധിക്കുന്നത്‌ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ജനീവയില്‍ ഒത്തുകൂടിയ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെ പിന്താങ്ങുന്നതിലൂടെയായിരുന്നു അത്‌. എന്‍ഡോസള്‍ഫാന്‍ വിഷത്തിന്റെ ദുരിതവും പേറി ജീവഛവമായി ജീവിക്കുന്ന അനേകം പൗരന്‍മാരെ അവരുടെ തലമുറകളെയും വഞ്ചിച്ചുകൊണ്ടാണ്‌ ഇന്ത്യ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ നിലപാട്‌ കൈകൊണ്ടത്‌. എന്‍ഡോസള്‍ഫാനും ആരോഗ്യ പ്രശ്‌നങ്ങളും തമ്മില്‍ ബന്ധമേതുമില്ലെന്ന്‌ ഒരു അന്തര്‍ദേശീയ വേദിയില്‍ പ്രഖ്യാപിക്കുന്നതിലൂടെ കാസര്‍ഗോഡിലെയും ദക്ഷിണ കര്‍ണ്ണാടകത്തിലെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ജീവനോടെ കുഴിച്ചുമൂടുകയാണ്‌ ഇന്ത്യാഗവണ്‍മെന്റ്‌ ചെയ്‌തത്‌. എഴുപതിലേറെ രാജ്യങ്ങള്‍ അപകടം കണ്ടറിഞ്ഞ്‌ നിരോധിച്ച ഒരു കീടനാശിനിയെ സര്‍വ്വത്മനാ പിന്താങ്ങിയ പൈശാചികമായ ഈ നടപടി ഇന്ത്യയുടെ പ്രതിഛായക്ക്‌ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്‌ തീരാകളങ്കമാണ്‌. ലാഭേച്ഛ മാത്രമാണ്‌ ഇന്ത്യയുടെ ഈ നെറികേടിന്‌ പ്രേരിപ്പിച്ചതെന്ന്‌ വ്യക്തമാക്കുന്നത്‌ എന്‍ഡോസള്‍ഫാന്റെ തന്നെ ഇന്ത്യയിലെ വ്യവഹാരക്കണക്കുകളാണ്‌. ലോകത്തില്‍ ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുകയും ഉത്‌പാദിപ്പിക്കുകയും ചെയ്യുന്ന രാജ്യമാണ്‌ ഇന്ത്യ. കേന്ദ്രഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ ഇന്‍സെക്‌റ്റി സൈഡ്‌സ്‌ ലിമിറ്റഡാണ്‌ ഇന്ത്യയില്‍ അത്‌ നിര്‍മ്മിക്കുന്നത്‌. `എന്‍ഡോസള്‍ഫാന്‍' എന്ന പേരില്ലെന്ന്‌ മാത്രം. തയോണെക്‌സ്‌(THIONEX), എന്‍ഡോസില്‍(ENDOCIL), ഫേസര്‍ (PHASER), ബെന്‍സോയ്‌പിന്‍(BENZOEPIN) എന്നീ വ്യവഹാരങ്ങളിലാണ്‌ അത്‌ വിപണിയിലെത്തുന്നത്‌. `എന്‍ഡോസള്‍ഫാന്‍' എന്ന പേര്‌ ബഹുരാഷ്‌ട്ര കുത്തകയായ `ബേയര്‍ ക്രോപ്‌ സയന്‍സാണ്‌' സാധാരണയായി ഉപയോഗിച്ചുവരുന്നത്‌. നാഡീ വ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ മുതല്‍ ജനിതക വൈകല്യങ്ങള്‍ക്കുവരെ കാരണമാകുന്ന എന്‍ഡോസള്‍ഫാന്‍ ലോകത്തിലെ ഏറ്റവുമധികം പടര്‍ന്നിട്ടുള്ള വിഷങ്ങളിലൊന്നുമാണ്‌. ആര്‍ട്ടിക്‌, അന്റാര്‍ട്ടിക്‌ ധ്രുവമേഖലകളിലും ഹിമാലയത്തിലും ആല്‍പ്‌സ്‌ പര്‍വ്വതത്തില്‍ പോലും കാറ്റിലൂടെ അത്‌ ചെന്നെത്തിയിട്ടുണ്ട്‌. ഇതുകാരണം 2010 അവസാനത്തോടെ ബേയര്‍ ക്രോപ്‌സയന്‍സ്‌ എന്‍ഡോസള്‍ഫാന്‍ ഉത്‌പാദനവും വില്‍പ്പനയും നിറുത്തുകയാണ്‌. ഇതൊ ന്നും കണക്കിലെടുക്കാതെയാണ്‌ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ പിന്താങ്ങുന്നത്‌.

                                                           
എന്‍ഡോസള്‍ഫാന്‌ പകരമായി പുതിയൊരു കീടനാശിനി കണ്ടെത്തുക അസാധ്യമാണെന്നും അഥവാ കണ്ടെത്തിയാല്‍ തന്നെ അതിന്റെ പ്രയോഗരീതികളെക്കുറിച്ച്‌ കര്‍ഷകരെ ബോധവത്‌കരിക്കുക അപ്രായോഗികമാണെന്നുമാണ്‌ ഇന്ത്യ ഇതിനായുള്ള ന്യായവാദമായി അവതരിപ്പിച്ചത്‌. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കപ്പെട്ട ഇന്ത്യന്‍ പ്രദേശങ്ങളിലൊന്നും അതിന്റെ `സുരക്ഷിത' ഉപയോഗത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ പാലിക്കപ്പെടുന്നില്ല എന്നത്‌ ഈ ന്യായത്തിന്റെ പൊള്ളത്തരം എടുത്തുകാട്ടുന്നതാണ്‌. എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കപ്പെടുന്ന സമയത്തിന്‌ തൊട്ടുമുമ്പുമുതല്‍ 20 ദിവസം വരെ സമീപവാസികളായ ജനങ്ങള്‍ അവിടെ നിന്നും മാറിതാമസിക്കണമെന്നതാണ്‌ ഒരു നിര്‍ദ്ദേശം. ഇതേക്കുറിച്ച്‌ ജനങ്ങളെ അറിയിക്കുകയും എല്ലാ ശുദ്ധജലസ്രോതസ്സുകളും (കുളങ്ങള്‍, നദികള്‍ എന്നിവയുള്‍പ്പെടെ!!) മൂടിയിടുകയും വേണം. വൃക്ഷവിളകളുടെ തോട്ടത്തില്‍ ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച്‌ `സ്‌പ്രേ' ചെയ്യുകയാണെങ്കില്‍ അത്‌ വൃക്ഷത്തലപ്പുകളില്‍ നിന്ന്‌ 2-3 മീറ്റര്‍ ഉയരെയാവാന്‍ പാടില്ല. പ്രായോഗികതലത്തില്‍ ഇതൊക്കെയും എത്രത്തോളം പാലിക്കപ്പെടുമെന്ന കാര്യം പറയേണ്ടതില്ലല്ലോ. അതേസമയം, ഇത്തരം നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെട്ട രാജ്യങ്ങളില്‍ പോലും എന്‍ഡോസള്‍ഫാന്റെ മാരകഫലങ്ങള്‍ കുറവുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ഒഴിവാക്കാനാവാത്ത കീടനാശിനിയാണെന്നു പറയുന്നതും കളവാണ്‌. 1998 മുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച ശ്രീലങ്കയ്‌ക്ക്‌ ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഉത്‌പാദനനിരക്കില്‍ ഇടിവ്‌ സംഭവിക്കാതെ നിലനിറുത്താനായി ട്ടുണ്ട്‌. അതുപോലെ 2006-ല്‍ യൂറോപ്യന്‍ യൂണിയന്‍ നിരോധനമേര്‍പ്പെടുത്തും മുന്‍പേ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച, ഫ്രാന്‍സ്‌, സ്‌പെയിന്‍, ഗ്രീസ്‌, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കും സ്ഥിരീകരിക്കപ്പെട്ട ശാസ്‌ത്രസത്യങ്ങളുടെ തമസ്‌കരണം കൂടിയാണ്‌ ഇന്ത്യ ജനീവയില്‍ നടത്തിയത്‌.

എന്‍ഡോസള്‍ഫാന്റെ ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച്‌ തെളിവുകളേതുമില്ലെന്നതായിരുന്നു ഇന്ത്യയുടെ വാദം. എന്നാല്‍, ഇന്ത്യയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യുപേഷണല്‍ ഹെല്‍ത്ത്‌(National Institute of Occupational Health) എന്ന സര്‍ക്കാര്‍ സ്ഥാപനം കാസര്‍ ഗോഡ്‌ മേഖലയില്‍ നടത്തിയ പഠനത്തില്‍, അവിടത്തെ ജനങ്ങളിലെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാവുന്നത്‌ എന്‍ഡോസള്‍ഫാനാണെന്ന്‌ കണ്ടെത്തിയിരുന്നു. 1968-ലെ ഇന്‍ഡ്യന്‍ ഇന്‍സെക്‌റ്റിസെഡ്‌ ആക്‌ടി(Indial Insecticide Act) ന്റെ നഗ്നമായ ലംഘനമാണ്‌ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിലൂടെ നടക്കുന്നതെന്ന്‌ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ എന്‍വയോണ്‍ മെന്റ്‌ (CSE) നടത്തിയ പഠനങ്ങളും വെളിപ്പെടുത്തിയിരുന്നു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ദൈന്യചിത്രങ്ങള്‍ ദേശീയതലത്തില്‍ തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതൊക്കെയും പൂഴ്‌ത്തിവെച്ചിട്ടാണ്‌ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ വിഷമാണോ എന്നതിന്‌ തെളിവില്ല എന്ന്‌ വാദിച്ചതെന്നത്‌ ഇതിനുപിന്നിലെ ദുരൂഹലക്ഷ്യങ്ങള്‍ വെളിവാക്കുന്നു. കീടനാശിനി നിര്‍ മ്മാണ കമ്പനികളുടെ സ്വാധീനമാണ്‌ ഗവണ്‍മെന്റിനെ ഇതിനു പ്രേരിപ്പിച്ചതെന്നാണ്‌ പരിസ്ഥിതി സംഘടനകള്‍ പറയുന്നത്‌.

 ഇതാദ്യമായല്ല ഇന്ത്യ എന്‍ ഡോസള്‍ഫാനുവേണ്ടിയുള്ള `അഭിഭാഷക വൃത്തി' ഏറ്റെടുക്കുന്നതെന്നത്‌. ഇക്കാര്യത്തിലെ നയരൂപീകരണങ്ങള്‍ക്കുമേല്‍ കച്ചവട താല്‍പര്യങ്ങള്‍ക്കുള്ള വഴിവിട്ട സ്വാധീനം വെളിപ്പെടുത്തുന്നതാണ്‌. 2007 -ലാണ്‌ രാജ്യാന്തര തലത്തില്‍ എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രതിഷേധം ശക്തമായത്‌. ഉല്‍പ്പാദനമോ വിപണനമോ ഉപഭോഗമോ അനുവദിച്ചുകൂടാത്ത വിഷപദാര്‍ത്ഥങ്ങളുടെ പട്ടിക രൂപപ്പെടുത്തുന്ന `റോട്ടര്‍ഡാം ഉടമ്പടി (Rotterdam Convention)യില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ആദ്യമായി ഉയര്‍ന്നുവന്നത്‌ ആ വര്‍ഷമായിരുന്നു. തുടര്‍ന്നാണ്‌, എന്‍ഡോസള്‍ഫാന്‍ ഉത്‌പാദകരമായ ബേയര്‍ ക്രോപ്‌സയന്‍സ്‌ അമേരിക്കന്‍ വിപണിയില്‍ നിന്ന്‌ അത്‌ പിന്‍വലിക്കാന്‍ സ്വയം നിര്‍ബന്ധിതമായത്‌. എന്നാല്‍ മറ്റ്‌ രാജ്യങ്ങളിലെ വില്‍പ്പന നിര്‍ബാധം തുടകരുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ 2008 ല്‍ എന്‍ഡോസള്‍ഫാന്‍ `റോട്ടര്‍ഡാം ഉടമ്പടിപ്പട്ടിക'യില്‍ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ഒരു അന്താരാഷ്‌ട്ര സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. അതില്‍ എന്‍ഡോസള്‍ഫാനുവേണ്ടി ശക്തമായി വാദിച്ച രാജ്യമായിരുന്നു ഇന്ത്യ. ഇക്കാരണത്താലാണ്‌ ജനീവയില്‍ ഇപ്പോള്‍ നടന്ന സമ്മേളനത്തിന്‌ ഈ പ്രമേയം വീണ്ടും അതരിപ്പിക്കേണ്ടി വന്നത്‌.

ഓര്‍ഗാനിക്‌ കീടനാശിനികളുടെ ഉപയോഗം പുനര്‍നിര്‍ണ്ണയിക്കുന്ന സമിതി(Persistent Organic Pollutant Review Committee) പൂര്‍ണ്ണമായും ഒരു ശാസ്‌ത്രീയ സമിതിയാണ്‌. ഇതിന്റെ ഉപദേശമനുസരിച്ചാണ്‌ `സ്റ്റോക്‌ഹോം ഉടമ്പടി'യിലെ അംഗരാഷ്‌ട്രങ്ങള്‍ തീരുമാനമെടുക്കുന്നത്‌. ഇക്കാരണത്താല്‍, ശാസ്‌ത്രീയ വസ്‌തുതകള്‍ മറച്ചുവെച്ചുകൊണ്ടുള്ള ഇന്ത്യയുടെ പ്രകടനം തെറ്റായ കീഴ്‌വഴക്കമാവുമെന്നും അന്താരാഷ്‌ട്ര നിരീക്ഷകര്‍ കരുതുന്നു.

എന്താണ്‌ എന്‍ഡോസള്‍ഫാന്‍?

ഷഡ്‌പദകീടങ്ങളെ നശിപ്പിക്കുന്നതിനായി ഇലകളില്‍ പ്രയോഗിക്കുന്ന കീടനാശിനിയാണ്‌ (Foliar Insecticide) എന്‍ഡോസള്‍ഫാന്‍. കോളറാഡോ ബീറ്റില്‍(Colorado Beetle) ഇലചുരുട്ടിപ്പുഴുക്കള്‍ (Leaf Hoppers, Caterpillars) എന്നിവയ്‌ക്കെതിരെയാണ്‌ ഇത്‌ പ്രയോഗിക്കപ്പെടുന്നത്‌. തവിട്ട്‌ നിറത്തിലുള്ള പൊടിരൂപത്തിലാണ്‌ എന്‍ഡോസള്‍ഫാന്‍ വിപണിയിലെത്തുന്നത്‌. കീടങ്ങളുടെ ശരീരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിലൂടെയോ ആഹാരത്തിലൂടെ അകത്തെത്തുന്നതിലൂടെയോ ആണ്‌ ഇതിന്റെ പ്രവര്‍ത്തനം. കീടങ്ങളുടെ നാഡീവ്യവസ്ഥ(Central Nervous Sstem) യെ തകര്‍ക്കുന്നതിലൂടെയാണ്‌ എന്‍ഡോസള്‍ഫാന്‍ പ്രവര്‍ത്തനക്ഷമമാവുന്നത്‌.

എന്‍ഡോസള്‍ഫാന്റെ രാസസ്വഭാവം?
`ഓര്‍ഗാനോ ക്ലോറിന്‍ ഇന്‍ സെക്‌റ്റിസൈഡുകള്‍(Organo Chlorine Insecticide) എന്ന വിഭാഗത്തില്‍പ്പെടുന്ന കീടനാശിനിയാണ്‌ എന്‍ഡോസള്‍ഫാന്‍. `ക്ലോറിനേറ്റഡ്‌ സൈക്ലോഡയീന്‍ (Chlorinated Cyclodiene) എന്ന ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റെ വിപണനരൂപം വിവിധ ഐസോമെറ്റുകളുടെ ഒരു മിശ്രിതമാണ്‌. സ്വഭാവപരമായി ഇതൊരു ന്യൂറോ ടാക്‌സിന്‍ (Neuro toxin) അഥവാ നാഡീവിഷമാണ്‌. നാഡീകോശങ്ങള്‍ എന്നറിയപ്പെടുന്ന `ന്യൂറോണു (Neurons) കളുമായി ബന്ധപ്പെട്ടാണ്‌ ഇതിന്റെ പ്രവര്‍ത്തനം.

ഉപയോഗിക്കപ്പെടുന്ന വിളകള്‍?

ഭക്ഷ്യ-ഭക്ഷ്യേതരവിളകളില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കപ്പെടുന്നുണ്ട്‌. വൃക്ഷവിളികള്‍, ധാന്യവിളകള്‍, പച്ചക്കറികള്‍, എണ്ണക്കുരുകള്‍, കാപ്പി എന്നിവയില്‍ ഉപയോഗിക്കുന്നു. ഭക്ഷ്യേതരവിളകളില്‍ പുകയിലയും പരുത്തിയും ഉപയോഗിക്കുന്നു.

എന്‍ഡോസള്‍ഫാന്റെ ആരോഗ്യപ്രത്യാഘാതങ്ങള്‍ ?

1. ആഹാരത്തിലൂടെ ശരീരത്തിലെത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം. മുതിര്‍ന്നവരില്‍ 0.015 മില്ലി ഗ്രാമിന്‌ അപായം വരുത്താം. കുട്ടികളില്‍ 0.0015 മില്ലിഗ്രാം മതിയാവും.(ഒരു കിലോഗ്രാം ശരീരഭാരത്തിന്‌ എന്ന കണക്കില്‍)
2. പ്രാഥമിക ലക്ഷണങ്ങള്‍ തലവേദന, തലചുറ്റല്‍, അനിയന്ത്രിതമായ പേശീചലനങ്ങള്‍ എന്നിവയാണ്‌. തലച്ചോറിനെയും കേന്ദ്രനാഡീവ്യവസ്ഥയേയും ബാധിക്കുന്നതുമൂലം, ബുദ്ധി, മരവിക്കും. (Learning disabilities, Low IQ) ശാരീരിക പ്രവര്‍ത്തനങ്ങള്‍ അസാധ്യമാവും.
3. സ്‌ത്രീ ഹോര്‍മോണായ ഈസ്‌ട്രജന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുന്നതിലൂടെ പുരുഷന്‍മാരിലെ ലൈംഗീകത നശിപ്പിക്കും. ആണ്‍കുട്ടികളിലെ ലൈംഗിക വളര്‍ച്ചയെ തടയും. പെണ്‍കുട്ടികള്‍ നേരത്തെ ഋതുമതിയാവും. ഹോര്‍മോണ്‍ വ്യവസ്ഥ താറുമാറാകും.
4. വൃക്കകള്‍, കരള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ തകര്‍ ക്കും. ചുവന്ന രക്തകോശങ്ങള്‍, വെളുത്ത രക്തകോശങ്ങള്‍ എന്നിവയെ നശിപ്പിക്കും. രക്തകോശങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാക്കും. മുലപ്പാലിലൂടെ കുഞ്ഞുങ്ങളുടെ ശരീരത്തിലേക്കെത്തും.
5. ക്രോമസോമുകളുടെ ഘടനയില്‍ മാറ്റമുണ്ടാക്കുന്നതിലൂടെ ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും അംഗഭംഗങ്ങള്‍ക്കും കാരണമാവും. ഗര്‍ഭാവസ്ഥയ്‌ക്കോ അതിനുമുമ്പോ ഉള്ള എന്‍ഡോസള്‍ഫാന്‍ ബാധ ഇതിന്‌ കാരണമാകും.
6. ജനിതകമാറ്റങ്ങള്‍ (Mutations)ക്ക്‌ കാരണമാകുന്നതിലൂടെ അടുത്ത തലമുറയിലേക്ക്‌ ദുരന്തങ്ങളെ എത്തിക്കും.
7. സ്‌തനാര്‍ബുദം, തലച്ചോറിലെ ക്യാന്‍സര്‍, രക്താര്‍ബുദം എന്നിവക്ക്‌ കാരണമാകുന്നു.
8. ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ (Immunilogycal System)യെ തകരാറിലാക്കുന്നതിലൂടെ മറ്റ്‌ രോഗങ്ങള്‍ വന്നുപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പ്രതിരോധം എന്തിന്‌?

1. ആരോഗ്യപ്രശ്‌നങ്ങള്‍
2. ആഹാരശൃംഖലയില്‍ എത്തപ്പെടുന്നതിലൂടെയുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ (bio accumulation)
3. കാറ്റിലൂടെ ഏറ്റവും വേഗത്തില്‍ പരക്കുന്നത്‌ (Long Range Air Pollution)
4. പ്രകൃതിയില്‍ കേടുകൂടാതെ ഏറെക്കാലം നിലനില്‍ക്കുന്നു എന്നതിനാല്‍(Presistent nature)
5. സുരക്ഷിതമായി ഉപയോഗിക്കുക എന്നത്‌ ഏറെക്കുറെ അസാധ്യമായതിനാല്‍.

ദുരന്തങ്ങള്‍ എവിടെയൊക്കെ?

ഏഷ്യ, ലാറ്റിനമേരിക്ക, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഏറ്റവുമധികം വ്യാപകമായിട്ടുള്ളത്‌. അതിനാല്‍ ദുരന്തങ്ങളും ഇവിടങ്ങളിലാണ്‌ കൂടുതല്‍. അമേരിക്കയില്‍ നിന്നും ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ കയറ്റിയയക്കുന്നത്‌ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കാണ്‌. ഈജിപ്‌ത്‌, മഡഗാസ്‌കര്‍, കസാക്കിസ്ഥാന്‍, ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, സ്‌പെയിന്‍, നിക്കരാഗ്വ, കൊളംബിയ, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക്‌, ഫിന്‍ലാന്‍ഡ്‌ എന്നിവിടങ്ങളിലെ സ്‌ത്രീകളിലെ മുലപ്പാലില്‍ എന്‍ഡോസള്‍ഫാന്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. മരണമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടവയില്‍ ഇന്ത്യ, ഇന്തോനേഷ്യ, കൊളംബിയ, കോസ്റ്റോറിക്ക, ഗോട്ടിമാല, മലേഷ്യ, ഫിലിപ്പീന്‍സ്‌, മാലി, ന്യൂസിലന്റ്‌, ടര്‍ക്കി, സെനിഗര്‍, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവയാണ്‌ മുന്നില്‍.

എന്‍ഡോസള്‍ഫാന്‍ നാള്‍വഴി:

1950 കള്‍ - എന്‍ഡോസള്‍ഫാന്‍ വികസിപ്പിക്കുന്നു.

1954 - അമേരിക്കന്‍ വില്‍പ്പനാനുമതി. `ബേയര്‍ ക്രോപ്‌സയന്‍സി'ന്റെ പഴയ കമ്പനി രൂപത്തിന്‌

2000 - ഗാര്‍ഹിക ഉപയോഗത്തിന്‌ അമേരിക്കയില്‍ നിരോധനം.

2001 ഫെബ്രുവരി 28- കാസര്‍ഗോഡുനിന്നും ആദ്‌ത്തെ എന്‍ഡോസള്‍ഫാന്‍ വിഷബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ അന്വേഷണം നടത്തുന്നു.

2001 ഓഗസ്റ്റ്‌ 25 - സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത്‌ സര്‍ക്കാര്‍ നിരോധിക്കുന്നു.

2002 മാര്‍ച്ച്‌ - കേരളത്തിലെ നിരോധനം നീക്കം ചെയ്യപ്പെടുന്നു. ആകാശമാര്‍ഗ്ഗം സ്‌പ്രേ ചെയ്യുന്നതിലെ നിരോധനം മാത്രം നിലനിര്‍ത്തുന്നു.

2002 ജൂലൈ - അഹമ്മദാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യൂപേഷണല്‍ ഹെല്‍ത്ത്‌ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പഠനവിഷയമാക്കുന്നു.

2002 ഓഗസ്റ്റ്‌ - എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പഠിക്കാന്‍ കേന്ദ്രഗവണ്‍മെന്റ്‌ ഡുബെ (Dubey) കമ്മീഷനെ നിയോഗിക്കുന്നു.

2002 ഓഗസ്റ്റ്‌ 12 - കേരള ഹൈക്കോടതി എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ ഉപയോഗിക്കുന്നത്‌ വിലക്കുന്നു (മറ്റ്‌ വിപണനനാമങ്ങളില്‍ ഉപയോഗിക്കുന്നതും).

2002 മാര്‍ച്ച്‌ - എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമായ കീടനാശിനിയാണെന്ന്‌ ഡുബെ കമ്മീഷന്‍ കേന്ദ്രഗവണ്‍മെന്റിന്‌ റിപ്പോര്‍ട്ട്‌ നല്‍കുന്നു.

2004 സെപ്‌തംബര്‍ - എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പഠിക്കുന്നതിനായി പുതിയൊരു കമ്മീഷനെ കേന്ദ്രഗവണ്‍മെന്റ്‌ നിയമിക്കുന്നു. സിഡി. മായി (CD Mayee) കമ്മീഷന്‍ .

2004 ഡിസംബര്‍ - എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമാണെന്ന്‌ മായീ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നല്‍കുന്നു. (റിപ്പോര്‍ട്ട്‌ ഔദ്യോഗിക രേഖയാണെന്ന പേരില്‍ പുറത്തുവിട്ടില്ല).

2007 - എന്‍ഡോസള്‍ഫാന്‍, റോട്ടര്‍ഡാം ഉടമ്പടി രേഖയില്‍ പെടുത്തി സമ്പൂര്‍ണ്ണമായി നിരോധിക്കണമെന്ന്‌ യൂറോപ്യന്‍ യൂണിയനും അന്താരാഷ്‌ട്ര സമൂഹവും.

2008 ഒക്‌ടോബര്‍ - റോട്ടര്‍ഡാം ഉടമ്പടിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എന്‍ഡോസള്‍ഫാന്‍ പരിഗണിക്കപ്പെടുന്നത്‌ ഇന്ത്യ തടയുന്നു.

2008 - 2010 ഏറ്റവും ഒടുവിലായി ഓസ്‌ട്രേയില ഉള്‍പ്പെടെ 73 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നു.

2010 ഒക്‌ടോബര്‍ - ജനീവസമ്മേളനത്തില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെ പിന്താങ്ങുന്നു.