Monday, April 25, 2011

വസൂരി കൊല്ലപ്പെടുമോ?

വസൂരികാരണം ആള്‍ക്കാര്‍ കൊല്ലപ്പെടുമോ എന്നതല്ല ലോകത്തിനു മുന്നിലെ ഇപ്പോഴത്തെ ചോദ്യം. 'വസൂരി'തന്നെ കൊല്ലപ്പെടുമോ എന്നതാണ്. ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെട്ടു എന്നു കരുതുന്ന ഭീകര പകര്‍ച്ചവ്യാധികളിലൊന്നാണ് വസൂരി (Small Pox). 1977ല്‍, സൊമാലിയയില്‍ അവസാനമായി കണ്ടെത്തിയതൊഴിച്ചാല്‍, ലോകത്തൊരിടത്തും ഇതേവരെ വസൂരി പ്രത്യക്ഷപ്പെട്ടിട്ടില്ല. 1980ല്‍, ലോകത്തുനിന്ന് വസൂരിരോഗം പൂര്‍ണമായും നിര്‍മാര്‍ജനംചെയ്യപ്പെട്ടതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതുമാണ്. പക്ഷേ, അപ്പോഴും വസൂരിരോഗാണുവിന്റെ രണ്ട് സാമ്പിള്‍ രണ്ടു രാജ്യങ്ങളുടെ പരീക്ഷണശാലകളില്‍ അതീവ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇവയെക്കൂടി നശിപ്പിക്കണമെന്നാണ് ചില മനുഷ്യാവകാശസംഘടനകളുടെ ആവശ്യം. അതു പറ്റില്ലെന്ന് പ്രസ്തുത രാജ്യങ്ങളും. വിവാദം പൊട്ടിപ്പുറപ്പെട്ടത് അങ്ങനെയാണ്. ഇതില്‍ അന്തിമതീരുമാനമെടുക്കാന്‍ ഒത്തുചേരുകയാണ് ലോകാരോഗ്യസംഘടന. മെയ് 16 മുതല്‍ 24 വരെ നടക്കുന്ന ഈ സമ്മേളനമാണ് ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
അമേരിക്കയുടെയും റഷ്യയുടെയും കൈവശമാണ് ഇപ്പോള്‍ വസൂരിരോഗാണുക്കളുള്ളത്. അറ്റ്ലാന്റയിലെ 'സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനി'ലാണ് അമേരിക്കയില്‍ അതിന്റെ സൂക്ഷിപ്പ്. റഷ്യയില്‍, മോസ്കോയ്ക്കടുത്തുള്ള 'സ്റ്റേറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈറല്‍ പ്രിപ്പറേഷന്‍സി'ലും. ഇവിടെനിന്ന് ഇത് സൈബീരിയയിലെ ഒരു രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയതായും പറയുന്നു. 1980 മുതല്‍ക്കേ ഇവ നശിപ്പിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുകയാണ് ലോകാരോഗ്യസംഘടന. എന്നാല്‍ ഇതിനു തടസ്സമായി കൈവശരാജ്യങ്ങര്‍ പറഞ്ഞത് മറ്റു ചില രാജ്യങ്ങള്‍ ജൈവായുധ (Bioweapons)  നിര്‍മാണത്തിനായി ഇവ രഹസ്യമായി സൂക്ഷിക്കുന്നു എന്നതാണ്. വടക്കന്‍ കൊറിയ, ഇറാന്‍ എന്നിവയ്ക്കെതിരെയാണ് സംശയത്തിന്റെ വിരല്‍മുന നീണ്ടത്. തീവ്രവാദസംഘടനകള്‍ ജൈവായുധങ്ങളായി ഇവ കൈവശപ്പെടുത്താനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാട്ടി. 1993ല്‍, വസൂരിരോഗാണുവിന്റെ ജനിതകശ്രേണീപഠനം പൂര്‍ത്തിയാവുന്നതുവരെ അത് കൈവശംവയ്ക്കാന്‍ അനുവദിക്കണമെന്ന് ലോകാരോഗ്യസംഘടനയോട് അഭ്യര്‍ഥിച്ചിരുന്നു. 1999ല്‍, പ്രതിരോധ വാക്സിന്‍ പരിഷ്കരിക്കാനുള്ള ഗവേഷണങ്ങള്‍ക്കായി ലോകാരോഗ്യസംഘടന കൈവശ കാലാവധി അല്‍പ്പംകൂടി നീട്ടിക്കൊടുത്തു. ഇതെല്ലാം കഴിഞ്ഞാണ് ഇപ്പോള്‍ വീണ്ടും സമ്പൂര്‍ണ നശീകരണം എന്ന ആവശ്യം ഉയരുന്നത്.
അതേസമയം, നശീകരണത്തിന് അനുകൂലമായും പ്രതികൂലമായുമുള്ള അഭിപ്രായങ്ങളുമായി ശാസ്ത്രസമൂഹത്തില്‍ പ്രകടമായ ധ്രുവീകരണം ദൃശ്യമായിട്ടുണ്ട്. നശിപ്പിക്കപ്പെട്ടാല്‍, ഇതേ രോഗാണുവിന്റെതന്നെ പരിവര്‍ത്തിത (Mutant) രൂപങ്ങളെ ചെറുക്കാനാവശ്യമായ ഗവേഷണശ്രമങ്ങള്‍ക്ക് അടിസ്ഥാനമില്ലാതാവും എന്നാണ് ഈ വിഭാഗത്തിന്റെ വാദം. ജനിതകപരമായി ലളിതഘടനയുള്ളവയാണ് വസൂരിരോഗാണുവിനെപ്പോലുള്ളവ ഉള്‍പ്പെടുന്ന വൈറസുകള്‍. ഇന്നത്തെ സാങ്കേതികസംവിധാനങ്ങളുടെ സഹായത്താല്‍, അതിനാല്‍ അവയെ എളുപ്പത്തില്‍ പുനര്‍നിര്‍മിക്കാനാവും. ഇക്കാരണത്താല്‍, നശീകരണം അത്ര ഗൌരവമുള്ളതായി കാണേണ്ടതില്ലെന്നാണ് മറുവിഭാഗത്തിന്റെ വിശദീകരണം. 2002ല്‍ ജനിതകശാസ്ത്രജ്ഞര്‍ ഇതേ മാതൃകയില്‍ ലോകത്തിലെ ആദ്യത്തെ കൃത്രിമവൈറസിനെ സൃഷ്ടിച്ചിരുന്നു. ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്ന ഒരു വൈറസ് ജനിതകശ്രേണിയെ ആധാരമാക്കിയാണ് അവരതു ചെയ്തത്. ഇത് വസൂരിവൈറസിന്റെ കാര്യത്തിലും ചെയ്യാവുന്നതേയുള്ളു എന്നാണ് നശീകരണത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. തങ്ങളുടെ ജൈവായുധശേഖരത്തിലെ മുഖ്യ ഇനമായ ഒന്നിനെ നശിപ്പിക്കാന്‍ ലോകത്തിലെ വന്‍ശക്തികള്‍ക്ക് മനസ്സില്ല എന്നതില്‍നിന്ന് ഉളവാകുന്ന ന്യായീകരണങ്ങളാണ് നശീകരണത്തിനെ എതിര്‍ക്കുന്നവരുടെതെന്നും അവര്‍ ആരോപിക്കുന്നു. എന്തായാലും തീരുമാനത്തിനായി അടുത്തമാസം 16 വരെ കാക്കണം.

വസൂരിയുടെ ചരിത്രം
മനുഷ്യരാശി ഏറ്റവും ഭയപ്പെട്ട രോഗങ്ങളിലൊന്നാണ് വസൂരി. അതോടൊപ്പം ഏറ്റവും പഴക്കമുള്ളതും. 3000 വര്‍ഷംമുമ്പ് ഇന്ത്യയിലോ ഈജിപ്തിലോ ആണ് വസൂരി ആവിര്‍ഭവിച്ചതെന്നു കരുതുന്നു. പൌരാണിക സംസ്കൃതികളിലെല്ലാം വസൂരിയെക്കുറിച്ച് പരാമര്‍ശമുണ്ട്. വൈരൂപ്യത്തോടൊപ്പം അന്ധതയും പകര്‍ന്നുനല്‍കുന്നതിനാലാണ് വസൂരിയെ ഭയപ്പെട്ടത്. 1798ല്‍ എഡ്വാര്‍ഡ് ജെന്നര്‍ എന്ന ശാസ്ത്രജ്ഞന്‍ വസൂരിയെ 'വാക്സിനേഷന്‍' (ഢമരരശിമശീിേ) മൂലം തടയാമെന്നു കണ്ടെത്തിയെങ്കിലും അത് പ്രചാരത്തിലെത്താന്‍ പിന്നെയും നൂറ്റാണ്ടുകള്‍ വേണ്ടിവന്നു. 1967 ജനുവരി ഒന്നിന് ലോകാരോഗ്യസംഘടന നടപ്പാക്കിയ 'സമ്പൂര്‍ണ വസൂരിനിര്‍മാര്‍ജന പരിപാടി'യാണ് വസൂരിബാധയെ ഏറെക്കുറെ നിയന്ത്രണവിധേയമാക്കിയത്.

വിധി കാക്കുന്ന രോഗാണു
'വേരിയോള' (Variola) എന്ന വൈറസാണ് വസൂരിക്കു കാരണക്കാരനായ രോഗാണു. 'ഓര്‍ത്തോപോക്സ് വൈറസ്' കുടുംബത്തില്‍പ്പെടുന്ന ഈ വൈറസിന് രണ്ടു വകഭേദങ്ങളുണ്ട്്. 'വേരിയോള മേജറും' (Variola major) വേരിയോള മൈനറും (Variola minor). ഇതില്‍ ആദ്യം പറഞ്ഞതില്‍നിന്നുള്ള വസൂരിബാധയാണ് മരണനിരക്കില്‍ ഭീകരന്‍. 'വേരിയോള മൈനര്‍' ഒരുശതമാനത്തോളം ജീവനാശസാധ്യതയേ സൃഷ്ടിക്കുന്നുള്ളു.