Wednesday, April 4, 2012

ഗറില്ലയുടെ ജനിതകം

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തെത്തിയ നാവികസംഘം അവിടെ വിചിത്രരൂപികളായ മനുഷ്യരെ കണ്ടു. ദേഹമാസകലം രോമങ്ങളും സാമാന്യത്തിലേറെ നീളമുള്ള കൈകളുമായിരുന്നു അവരുടെ സവിശേഷത. രണ്ടുകാലില്‍ ഏണീറ്റുനിന്ന് കടല്‍ കടന്നുവരുന്നവരെ നോക്കിനിന്നിരുന്ന അവര്‍ ആഗതരെത്തിയതോടെ നാലുകാലില്‍  കാടിനുള്ളിലേക്ക് ഓടിമറഞ്ഞു.

കാര്‍ത്തേജുകാരായിരുന്ന നാവികര്‍ പക്ഷേ തങ്ങള്‍ കണ്ട ഈ അപൂര്‍വ മനുഷ്യരെക്കുറിച്ച് ലോകമാകെ പറഞ്ഞുനടന്നു.കടല്‍യാത്രയുമായി ബന്ധപ്പെട്ട പല കെട്ടുകഥകളുംപോലെ ആരും അത് വിലയ്ക്കെടുത്തില്ല. പിന്നീട് 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെയാണ് ഈ വിശേഷ മനുഷ്യര്‍ക്ക് തിരിച്ചറിയല്‍ ലഭിക്കുന്നത്.1847ല്‍ അമേരിക്കന്‍ പര്യവേക്ഷകനായ തോമസ് സ്റ്റാഗ്ടണ്‍ സാവേജ്, അവ മനുഷ്യരല്ലെന്നും ആള്‍ക്കുരങ്ങുകളാണെന്നും കണ്ടെത്തി. അവയ്ക്ക് അദ്ദേഹം നല്‍കിയ പേരാണ് ഗറില്ല’ (Gorilla).
പരിണാമചരിത്രത്തില്‍ എവിടെയോ മനുഷ്യരുടെ താവഴിയില്‍നിന്നു പിരിഞ്ഞുപോയ ഇവയുടെ സമ്പൂര്‍ണ ജനിതകചിത്രം ഇവിടെ ഇതള്‍വിരിയുകയാണ്. കാര്‍ത്തേജുകാര്‍ കരുതിയതുപോലെ മനുഷ്യര്‍തന്നെയാണ് ഇവരുമെന്നാണ് ജനിതകപഠനവും പറയുന്നത്. എന്നാല്‍ മനുഷ്യരുമായി രണ്ടു ശതമാനം ജീനുകളിലെ വ്യത്യാസം മാത്രമാണ് ഇവര്‍ക്കുള്ളത്. ബാക്കി 98 ശതമാനം ജീനുകളും മനുഷ്യരുടേതിനു തുല്യവും.

ജനിതകപരമായി മനുഷ്യരുമായി ഇത്രയധികം സാമ്യം എങ്ങനെ ഗറില്ലകള്‍ക്കുണ്ടായി എന്ന് അറിയണമെങ്കില്‍ 55 ദശലക്ഷം വര്‍ഷം പിന്നിലേക്കു സഞ്ചരിക്കണം. അപ്പോഴാണ് സസ്തനങ്ങളില്‍നിന്നു ബുദ്ധിപരമായി ഉയര്‍ന്ന ഒരു വിഭാഗം രൂപപ്പെട്ടുവരുന്നത്. മരത്തില്‍ കഴിഞ്ഞ ഇവര്‍ പക്ഷേ പൂര്‍ണമായും കുരങ്ങുകളായിരുന്നില്ല. അതിനാല്‍ കുരങ്ങുകള്‍ക്കു മുമ്പുള്ളത് എന്നര്‍ഥത്തില്‍ പ്രോസിമിയനുകള്‍ (Prosimians) എന്നാണ് ശാസ്ത്രജ്ഞര്‍ ഇവരെ വിളിക്കുന്നത്. പിന്നെയും ദശലക്ഷം വര്‍ഷം കഴിഞ്ഞുപോവുന്നതിനിടയില്‍ സവിശേഷമായി വ്യതിയാനങ്ങളോടെ ഇവയില്‍ ചെറിയൊരു വിഭാഗം വേര്‍പിരിയാന്‍ തുടങ്ങി. ഇവയാണ് പില്‍ക്കാലത്ത് മനുഷ്യരുടെ തായ്വഴിയായി മാറിയ ആന്ത്രോപോയഡ്സ് (Anthropoids).
ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള ചെറുസംഘങ്ങള്‍ ഇവയ്ക്കൊപ്പം ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ഗറില്ലകളും ചിമ്പാന്‍സികളും ഉള്‍പ്പെടുന്ന ആള്‍ക്കുരങ്ങുകള്‍ (Great Apes). പോങ്ങിഡേ (Pongidae) എന്നായിരുന്നു ഇവയുടെ കുടുംബം അറിയപ്പെട്ടിരുന്നത്. നമ്മള്‍ മനുഷ്യരുടെ കുടുംബപ്പേര് ഹോമിനിഡേ (Hominidae)  എന്നും.  കുറേനാള്‍ ഒരുമിച്ചു താമസിച്ചശേഷം ഏകദേശം അഞ്ചു ദശലക്ഷം വര്‍ഷം മുമ്പാണ് മനുഷ്യവംശം ഭാഗംപിരിഞ്ഞു പോയത്. ഈ ഭാഗംവാങ്ങല്‍ അല്ലെങ്കില്‍ ജനിതകപരമായ അടുപ്പമാണ് ജീനുകളിലെ 98 ശതമാനം അടുപ്പത്തിലൂടെ ഗറില്ലകളും മനുഷ്യരും തമ്മില്‍ ഇപ്പോഴും പ്രതിഫലിക്കുന്നത്.

മുന്‍പറഞ്ഞ പരിണാമകഥകളും കഥാപാത്രങ്ങള്‍ തമ്മിലുള്ള സാമ്യവും ഫോസിലുകളുടെ താരതമ്യ പഠനത്തിലൂടെയാണ് അനാവരണം ചെയ്യപ്പെട്ടിരുന്നത്. തലയോട്ടിയുടെയും കൈ-കാല്‍ അസ്ഥി എന്നിവയുടെ ആകൃതി, വലുപ്പം എന്നിവ അടിസ്ഥാനമാക്കി ദീര്‍ഘനാളത്തെ ഗവേഷണത്തിലൂടെയാണ് നരവംശശാസ്ത്രജ്ഞര്‍ ഇത്തരമൊരു കുടുംബ പുരാവൃത്തം വരച്ചുണ്ടാക്കിയത്. ഇതിന് വ്യക്തമായ സാധുത നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജനിതകപരമായ വിശകലന പഠനങ്ങളുടെ സാധ്യത ഇവയില്‍ പരീക്ഷിച്ചത്.
ആള്‍ക്കുരങ്ങുകളുടെ വിഭാഗത്തില്‍ ചിമ്പാന്‍സിയുടെ ജനിതകശ്രേണിയാണ് ആദ്യം വെളിപ്പെടുത്തിയത്- 2005ല്‍. ഒറാങ് ഉട്ടന്റെ ജനിതകം 2011ലും വെളിപ്പെട്ടു. ഈ രംഗത്തെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഗറില്ലകളുടേത്. ഇവയുടെ താരതമ്യപഠനത്തിലൂടെയാണ് മനുഷ്യവംശത്തിന്റെ പരിണാമചിത്രവും ചാര്‍ച്ചപ്പെടലുകളും ഇപ്പോള്‍ അനാവരണം ചെയ്യപ്പെടുന്നത്. മനുഷ്യനുമായി പരിണാമപരമായി ഏറ്റവും അടുത്തുനില്‍ക്കുന്നത് ചിമ്പാന്‍സികളാണ് (99 ശതമാനം സാമ്യം). തൊട്ടടുത്ത് ഗറില്ലകള്‍ (98 ശതമാനം സാമ്യം). അതുകഴിഞ്ഞാല്‍ ഒറാങ് ഉട്ടാനുകള്‍ (97 ശതമാനം സാമ്യം).

ആള്‍ക്കുരങ്ങുകളുടെ വംശത്തിലെ എല്ലാറ്റിന്റെയും ജനിതകശ്രേണീപഠനം കഴിഞ്ഞുവെന്ന് ശാസ്ത്രജ്ഞര്‍ക്ക് പറയാമെങ്കിലും ചിമ്പാന്‍സിയുടെ അടുത്ത ബന്ധുവായ ബോണോബോ (Bonobo- Pan paniscus)യുടെ ജനിതകശ്രേണികൂടിയാണ് അനാവരണം ചെയ്യാനുള്ളത്.